Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തമിഴന്റെ ഭാഷാ പോരാട്ടത്തിന് ഇക്കുറി തുടക്കത്തിലെ വിജയം; ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലും നിർബന്ധമായി സ്‌കൂളുകളിൽ ഹിന്ദി പഠിപ്പിക്കണമെന്ന് നിഷ്‌കർഷിക്കുന്ന കരട് വിദ്യാഭ്യാസ നയം തിരുത്തി; 'ഹിന്ദി' എന്ന പരാമർശം തന്നെ നയത്തിൽ നിന്ന് ഒഴിവാക്കി ഇഷ്ടമുള്ള മൂന്ന് ഭാഷകൾ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാമെന്ന് കേന്ദ്രസർക്കാർ

തമിഴന്റെ ഭാഷാ പോരാട്ടത്തിന് ഇക്കുറി തുടക്കത്തിലെ വിജയം; ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലും നിർബന്ധമായി സ്‌കൂളുകളിൽ ഹിന്ദി പഠിപ്പിക്കണമെന്ന് നിഷ്‌കർഷിക്കുന്ന കരട് വിദ്യാഭ്യാസ നയം തിരുത്തി; 'ഹിന്ദി' എന്ന പരാമർശം തന്നെ നയത്തിൽ നിന്ന് ഒഴിവാക്കി ഇഷ്ടമുള്ള മൂന്ന് ഭാഷകൾ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാമെന്ന് കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഒടുവിൽ തമിഴന്റെ ഭാഷാ സ്‌നേഹത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കി. മൂന്നാം ഭാഷാ പ്രക്ഷോഭത്തിന് വേദിയൊരുങ്ങിയ തമിഴ്‌നാട് ശാന്തമായി. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലും നിർബന്ധമായി സ്‌കൂളുകളിൽ ഹിന്ദി പഠിപ്പിക്കണമെന്ന് നിഷ്‌കർഷിക്കുന്ന കരട് വിദ്യാഭ്യാസ നയം കേന്ദ്രസർക്കാർ തിരുത്തി. പുതിയ കരട് വിദ്യാഭ്യാസ നയത്തിൽ (Draft National Education Policy NEP 2019) ഇഷ്ടമുള്ള മൂന്ന് ഭാഷകൾ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാമെന്നാണ് വ്യക്തമാക്കുന്നത്. 'ഹിന്ദി' എന്ന പരാമർശം തന്നെ നയത്തിൽ നിന്ന് ഒഴിവാക്കി. തമിഴ്‌നാടുൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി പഠിപ്പിക്കണമെന്ന നയത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്.

വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള ഭാഷകൾ തെരഞ്ഞെടുത്ത് പഠിക്കാനുള്ള സ്വാതന്ത്ര്യം കണക്കിലെടുത്ത്, അവർ പഠിക്കുന്ന ഒന്നോ മൂന്ന് ഭാഷകൾ തന്നെയോ ഇഷ്ടാനുസരണം മാറ്റാൻ അവസരമുണ്ടാകും. ആറാം ക്ലാസ്സിലും ഏഴാം ക്ലാസ്സിലുമാകും ഇതിന് അവസരം ലഭിക്കുക. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഭാഷകളിൽ പ്രാവീണ്യം തെളിയിച്ച ശേഷമാകും ഇതിന് അവസരമുണ്ടാകുക എന്നാണ് പുതിയ വിദ്യാഭ്യാസ കരട് നയത്തിൽ പറയുന്നത്.

പഴയ കരട് നയം അനുസരിച്ച്, വിദ്യാർത്ഥികൾ ആകെ മൂന്ന് ഭാഷകളാണ് പഠിക്കേണ്ടിയിരുന്നത്. ഇംഗ്ലീഷും, ഹിന്ദിയും നിർബന്ധമായും പഠിക്കണം. ഇതോടൊപ്പം ഒരു പ്രാദേശിക ഭാഷയും പഠിക്കണമെന്നായിരുന്നു ചട്ടം. ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളിലും അല്ലാത്തതിലും ഹിന്ദി പഠനം നിർബന്ധമായിരുന്നു.

ഇംഗ്ലീഷും ഹിന്ദിയും എട്ടാം ക്ലാസ്സുവരെ നിർബന്ധമാക്കുന്ന ദേശീയ വിദ്യാഭ്യാസനയം, മുൻ ഐഎസ്ആർഒ തലവനായിരുന്ന കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് തയ്യാറാക്കിയത്. ഭിന്നഭാഷകൾ സംസാരിക്കുന്ന രാജ്യത്ത്, വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകളെങ്കിലും നിർബന്ധമായും എഴുതാനും വായിക്കാനും അറിയണമെന്നും അതിനായി ചെറിയ ക്ലാസ്സുകൾ മുതലേ ഭാഷാ പഠനം ആവശ്യമാണെന്നുമായിരുന്നു സമിതിയുടെ ശുപാർശ.

ഇതിനെതിരെ തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതിനെത്തുടർന്നാണ് കരട് നയത്തിലെ വ്യവസ്ഥകൾ കേന്ദ്രസർക്കാർ തിരുത്തിയത്.

തമിഴ്‌നാട്ടിലെ പ്രതിപക്ഷപാർട്ടിയായ ഡിഎംകെയും അധ്യക്ഷൻ സ്റ്റാലിനും കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രത്യക്ഷസമരപരിപാടികളുമായി തെരുവിലിറങ്ങിയിരുന്നു. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രസ്ഥാനമായി വളർന്ന് വൻ പ്രതിഷേധമായി നാൽപതുകളിലും പിന്നീട് അറുപതുകളിലും ആഞ്ഞടിച്ച തമിഴ്‌നാട്ടിൽ ഏതാണ്ട് സമാനമായ പ്രതിഷേധമായിരുന്നു അലയടിച്ചത്. ഇത് തിരിച്ചറിഞ്ഞ, ബിജെപി സഖ്യകക്ഷി കൂടിയായ, അണ്ണാ ഡിഎംകെ സർക്കാർ ഇത്തരമൊരു നയം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ പുതിയ നയം പ്രഖ്യാപിച്ചാലും തമിഴ്‌നാട് രണ്ട് ഭാഷകളുടെ ഫോർമുല മാത്രമേ സ്‌കൂളുകളിൽ നടപ്പാക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടയൻ വ്യക്തമാക്കിയിരുന്നു.

ഭാഷാ അധിനിവേശത്തെ എന്നും ചെറുത്ത് തോൽപ്പിച്ച് തമിഴ് പോരാട്ടം

തമിഴ്‌നാടിന്റെ ഭാഷാ പോരാട്ടങ്ങൾക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കാൾ പഴക്കമുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിന്തുണയോടെ പോലും ഹിന്ദി അടിച്ചേൽപ്പിക്കാൻ തമിഴ്‌നാട്ടിൽ ആയിരുന്നില്ല. 1937 ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് മദ്രാസ് പ്രസിഡൻസിയിൽ സി രാജഗോപാലാചാരി മുഖ്യമന്ത്രിയായതിനെ തുടർന്നാണ് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ സമരമാണ് തമിഴ്‌നാട്ടിൽ അരങ്ങേറിയത്. ഇ വി രാമസ്വാമി നായ്ക്കരുടെ അന്നത്തെ ജസ്റ്റീസ് പാർട്ടിയും സമരം ഏറ്റെടുത്തതോടെ വലിയ പ്രക്ഷോഭമായി ഇത് മാറി. രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യ പങ്കാളിയായതിൽ പ്രതിഷേധിച്ച് രാജാജി സർക്കാർ രാജിവെച്ചപ്പോഴാണ് ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ബ്രിട്ടൻ പിൻവലിച്ചത്.

1965ൽ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ഭക്തവാചലം ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കാൻ നിയമം പാസാക്കിയെങ്കിലും തമിഴ് പോരാട്ടങ്ങൾ അതിനെ നിഷ്ഫലമാക്കിയിരുന്നു. ഐ എ എസ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് ഹിന്ദി അവിഭാജ്യമാണെന്നും ഭരണതലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇംഗ്ലീഷിന് പകരം ഹിന്ദിയാക്കുമെന്നും പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രിയും കേന്ദ്രമന്ത്രിമാരും പ്രഖ്യാപിച്ചതോടെ പ്രക്ഷോഭം ശക്തമായി.

സർവ മേഖലയും ഹിന്ദിയായിരിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെ എതിർത്തുകൊണ്ട് മധുര രാജാജി പൂങ്കാവിൽ നിന്നാരംഭിച്ച റാലിയിൽ പങ്കെടുത്ത മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റതാണ് സമരാഗ്നി സംസ്ഥാനമൊട്ടുക്കും വ്യാപിക്കാൻ കാരണമായത്. ആക്രമണ വിവരം അറിഞ്ഞതോടെ സംസ്ഥാനം കത്തിയെരിയാൻ തുടങ്ങി. ചെന്നൈ, ചിദംബരം, കോയമ്പത്തൂർ, തിരുനെൽവേലി, സേലം, കന്യാകുമാരി ജില്ലകളിൽ വലിയ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പലയിടത്തും പട്ടാളവും സമരാനുകൂലികളും ഏറ്റുമുട്ടി. അണ്ണാമലൈ സർവകലാശാലയിലെ രാജേന്ദ്രൻ എന്ന വിദ്യാർത്ഥി പട്ടാളക്കാരന്റെ തോക്കിനിരയായത് പ്രശ്‌നം വഷളാക്കി. ഹിന്ദിയെക്കാൾ തങ്ങൾക്ക് തമിഴ് ഭാഷ വലുതാണെന്ന് പറഞ്ഞുകൊണ്ടാണ് തമിഴർ പ്രക്ഷോഭത്തിനിറങ്ങിയത്.

1965 ജനുവരിയിൽ പ്രക്ഷോഭം കൂടുതൽ ശക്തമായി. അണ്ണാ ദുരെയുടെ നിർദ്ദേശമനുസരിച്ച് സാധാരണക്കാരും വിദ്യാർത്ഥികളും രംഗത്തിറങ്ങിയത് ഭരണകൂടത്തെ ഞെട്ടിച്ചു. ചർച്ചകൾക്ക് സന്നദ്ധമാകാതെ സമരത്തെ അടിച്ചമർത്താനാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ തീരുമാനിച്ചത്. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുണ്ടായിരുന്നത് കോൺഗ്രസ് ആയിരുന്നു. ഈ നിലപാടെടുത്തതിന്റെ തിക്തഫലമായാണ് കോൺഗ്രസ് സംസ്ഥാനത്തു നിന്ന് പുറന്തള്ളപ്പെട്ടത്.

രണ്ട് മാസത്തോളംനീണ്ടുനിന്ന സമരത്തിൽ അഞ്ഞൂറോളം പേർ മരിച്ചു. ഔദ്യോഗിക കണക്ക് നൂറ്റമ്പത് പേർ മരിച്ചു എന്നാണ്. അഞ്ച് യുവാക്കൾ സ്വയം തീ കൊളുത്തി മരിച്ചു. ഒരു കോടിയിലേറെ നാശനഷ്ടമാണ് അന്ന് കണക്കാക്കിയത്. പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു. കോളജുകളുൾപ്പടെ വിദ്യാലയങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസിലെ തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാർ രാജി വെച്ച് ഹിന്ദി വിരുദ്ധ സമരത്തിൽ പങ്കെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP