Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

21 മന്ത്രിമാരുമായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന: പരീക്കറും നദ്ദയും ഉൾപ്പെടെ 4 ക്യാബിനറ്റ് മന്ത്രിമാർ; ശിവസേനാ നേതൃത്വത്തെ അവഗണിച്ച് സുരേഷ് പ്രഭുവും അധികാരമേറ്റു; ഉദ്ധവിന്റെ പ്രതിനിധി സത്യപ്രതിജ്ഞ ചെയ്തില്ല

21 മന്ത്രിമാരുമായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന: പരീക്കറും നദ്ദയും ഉൾപ്പെടെ 4 ക്യാബിനറ്റ് മന്ത്രിമാർ; ശിവസേനാ നേതൃത്വത്തെ അവഗണിച്ച് സുരേഷ് പ്രഭുവും അധികാരമേറ്റു; ഉദ്ധവിന്റെ പ്രതിനിധി സത്യപ്രതിജ്ഞ ചെയ്തില്ല

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ കേന്ദ്ര മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത് 21 മന്ത്രിമാർ. ഇതിൽ നാല് പേർ ക്യാബിനറ്റ് മന്ത്രിമാരാണ്. മൂന്ന് സ്വതന്ത്ര ചുമതലയുള്ള സഹന്ത്രിമാരും ചുമതലയേറ്റു. 14 പേർ സഹമന്ത്രിമാരാണ്. ശിവസേനയുടെ സുരേഷ് പ്രഭു സത്യപ്രജ്ഞ ചെയ്തു. എന്നാൽ സേനാ തലവൻ ഉദ്ധവ് താക്കറെ നിർദ്ദേശിച്ച അനിൽ ദേശായി അധികാരമേൽക്കാൻ രാഷ്ട്രപതി ഭവനിൽ എത്തിയില്ല.

ഇതോടെ മഹാരാഷ്ട്രയിൽ ബിജെപി-ശിവസേനാ സഖ്യസാധ്യത മങ്ങി. ഒപ്പം സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ശിവസേനക്കാർ ബിജെപിയെ പിന്തുണയ്ക്കുമെന്നും വ്യക്തമായി. സുരേഷ് പ്രഭുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് ഉദ്ധവ് നിർദ്ദേശിച്ചിരുന്നു. അനിൽ ദേശായിയാണ് പാർട്ടി പ്രതിനിധിയെന്നും വ്യക്തമാക്കി. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ അനിൽ ദേശായി ഡൽഹിയിലുമെത്തി. എന്നാൽ സുരേഷ് പ്രഭുവിന് നൽകുന്ന പ്രാധാന്യം കണക്കിലെടുത്ത് അവസാന നിമിഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാൻ ദേശായിക്ക് ഉദ്ധവ് നിർദ്ദേശം നൽകി.

മോദി സർക്കാരിന്റെ പുനഃസംഘടനയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് മനോഹർ പരീക്കറാണ്. പരീക്കർ പ്രതിരോധമന്ത്രിയാകും. ശിവസേന നേതാവ് സുരേഷ് പ്രഭു രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് പ്രഭുവിനുശേഷം ബിജെപി നേതാവ് ജെ പി നദ്ദ സത്യപ്രതിജ്ഞ ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പു തൊട്ടുമുമ്പ് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ വിജേന്ദ്ര ചൗധരിയാണ് തുടർന്ന് അധികാരമേറ്റത്. ഈ നാല് ക്യാബിനറ്റ് മന്ത്രിമാർക്ക് പിന്നാലെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും അധികാരമേറ്റു. മനോഹർ പരീക്കർ, സുരേഷ് പ്രഭു, ജെ പി നദ്ദ, വിജേന്ദ്ര ചൗധരി എന്നിവരാണ് ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാർ. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി മൂന്നുപേരും അധികാരമേറ്റു.

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി തെലങ്കാനയിൽ നിന്നുള്ള ബംഗാരു ദത്താത്രേയയാണ് പിന്നീട് സത്യപ്രതിജ്ഞ ചെയ്തത്. ബിഹാറിൽ നിന്നുള്ള ലോക്‌സഭാംഗം രാജീവ് പ്രതാപ് റൂഡിയാണ് തുടർന്ന് അധികാരമേറ്റത്. കേന്ദ്രമന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകും അദ്ദേഹം. ഉത്തർപ്രദേശിൽ നിന്നുള്ള ഡോ. മഹേഷ് ശർമ, ബിഹാറിലെ പാടലീപുത്രയിൽ നിന്നുള്ള ലോക്‌സഭാംഗം രാം കൃപാൽ യാദവ് എന്നിവരും തുടർന്ന് അധികാരമേറ്റു. ലാലു പ്രസാദ് യാദവിന്റെ പാർട്ടിയിൽ നിന്നാണ് രാം കൃപാൽ യാദവ് ബിജെപിയിലെത്തിയത്. ബിഹാറിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യാദവിനെയും ബിജെപി മന്ത്രിസഭയിലാക്കിയത്.

ആന്ധ്രാപ്രദേശിൽ നിന്നുള്ള വൈ എസ് ചൗധരി തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു. ഹരി ഭായ് ചൗധരി, രാജസ്ഥാനിൽ നിന്നുള്ള നേതാവ് സന്വർ ലാൽ ജാട്ടാണ് തുടർന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്നുള്ള മോഹൻ കുന്ദാരിയയും സഹമന്ത്രിയായി. ബിഹാറിൽ നിന്നുള്ള ഗിരിരാജ് സിങ് തുടർന്ന് അധികാരമേറ്റു. പിന്നാലെ മഹാരാഷ്ട്രയിൽ നിന്ന് ബിജെപി നേതാവ് ഹൻസ് രാജ് ആഹിർ സത്യപ്രതിജ്ഞ ചെയ്തു. ചന്ദ്രപുർ മണ്ഡലത്തിൽ നിന്നാണ് ആഹിർ ലോക്‌സഭയിലെത്തിയത്. ആഗ്ര എംപിയായ രാം ശങ്കർ ഖണ്ഡേരിയയാണ് തുടർന്ന് സത്യപ്രതിജ്ഞ ചെയ്തത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ടിഡിപി എംപിയും വ്യവസായിയുമായ വൈ എസ് ചൗധരിയും കേന്ദ്രമന്ത്രിസഭയിലെത്തി. തുടർന്ന് യശ്വന്ത് സിൻഹയുടെ മകൻ ജയന്ത് സിൻഹ സത്യപ്രതിജ്ഞ ചെയ്തു. ഹസാരിബാഗ് എംപിയാണ് ജയന്ത് സിൻഹ.

ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് രാജ്യവർധൻ സിങ് റാത്തോഡും കേന്ദ്രമന്ത്രിസഭയിലെത്തി. രാജസ്ഥാനിലെ ജയ്പൂർ റൂറൽ എംപിയാണ് ഷൂട്ടിങ് താരമായിരുന്ന റാത്തോഡ്. ജനറൽ വി കെ സിങ്ങിനുശേഷം മറ്റൊരു സൈനിക ഉദ്യോഗസ്ഥൻ കൂടി റാത്തോഡിന്റെ വരവോടെ മന്ത്രിസഭയിലെത്തി. ആർമിയിൽ കേണലാണ് റാത്തോഡ്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യെയുടെ പിന്തുണയാണ് റാത്തോഡിനെ മന്ത്രിസഭയിലെത്തിയത്. ഗായകൻ ബാബുൽ സുപ്രിയോയാണ് തുടർന്ന് സത്യപ്രതിജ്ഞ ചെയ്തത്. ബംഗാളിലെ അസൻസോളിൽ നിന്നുള്ള ബിജെപി എംപിയാണ് അദ്ദേഹം.

ഉത്തർപ്രദേശിലെ ഫമിർപുരിൽ നിന്നുള്ള സാദ്‌വി നിരഞ്ജൻ ജ്യോതിയും മന്ത്രിസ്ഥാനത്തെത്തി. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷം സാദ്‌വിക്കെതിരെ വധശ്രമം ഉണ്ടായത് വൻ വിവാദമായിരുന്നു. പഞ്ചാബിൽ നിന്നുള്ള വിജയ് സാംപ്ലയാണ് പിന്നീട് അധികാരമേറ്റത്. ഹൊഷിയാപുർ എംപിയാണ് അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP