Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാദമായ ആൻട്രിക്‌സ്-ദേവാസ് ഇടപാടു കേസിൽ ജി മാധവൻ നായർ പ്രതി; കരാർ ഒപ്പിട്ടപ്പോൾ ഗവേണിങ് കൗൺസിൽ അംഗമായിരുന്ന ഐഎസ്ആർഒ മുൻ ചെയർമാനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

വിവാദമായ ആൻട്രിക്‌സ്-ദേവാസ് ഇടപാടു കേസിൽ ജി മാധവൻ നായർ പ്രതി; കരാർ ഒപ്പിട്ടപ്പോൾ ഗവേണിങ് കൗൺസിൽ അംഗമായിരുന്ന ഐഎസ്ആർഒ മുൻ ചെയർമാനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: വിവാദമായ ആൻട്രിക്‌സ്-ദേവാസ് കരാറുമായി ബന്ധപ്പെട്ട കേസിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി.മാധവൻ നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഐ.എസ്.ആർ.ഒ.യുടെ വാണിജ്യ വിഭാഗമായ 'ആൻട്രിക്‌സ് കോർപ്പറേഷൻ' ബാംഗ്ലൂർ ആസ്ഥാനമായുള്ള ദേവാസ് മൾട്ടിമീഡിയയുമായി 2005-ൽ ഒപ്പിട്ട കരാറാണ് വിവാദമായത്. കരാർ ഒപ്പിടുമ്പോൾ ആൻട്രിക്‌സ് ഗവേണിങ് കൗൺസിൽ അംഗമായിരുന്നു ജി മാധവൻ നായർ.

ഐ.എസ്.ആർ.ഒയുടെ രണ്ടു ഉപഗ്രഹങ്ങളിലെ 90 ശതമാനം ട്രാൻസ്‌പോൻഡറുകളും നൽകാനായിരുന്നു ഇരുസ്ഥാപനങ്ങളും തമ്മിലുള്ള കരാർ. ഐ.എസ്.ആർ.ഒ.യുടെ ഉടമസ്ഥതയിലുള്ള 150 മെഗാ ഹെർട്‌സ് എസ്. ബാൻഡ് സ്‌പെക്ട്രത്തിൽ 70 മെഗാഹെർട്‌സും ദേവാസിന് നൽകാനുള്ള കരാർ മന്ത്രിസഭയെ അറിയിക്കാതെയായിരുന്നു ആൻട്രിക്‌സ് ഒപ്പിട്ടത്. 350 കോടി രൂപ മുടക്കിയാണ് സർക്കാർ രണ്ടു ജി. സാറ്റ് ഉപഗ്രഹങ്ങൾ നിർമ്മിച്ചത്.

2005 ജനുവരി 28നാണ് ആൻട്രിക്‌സും ദേവാസ് കമ്പനിയും കരാറിൽ ഒപ്പിടുന്നത്. എന്നാൽ, ജി സാറ്റ് - 6ന്റെ വിക്ഷേപണത്തിന് അനുമതി തേടി കേന്ദ്രമന്ത്രിസഭയ്ക്കും ബഹിരാകാശ കമ്മീഷനും 2005 നവംബർ 27ന് ഐ.എസ്.ആർ.ഒ. നൽകിയ കുറിപ്പിൽ കരാർ സംബന്ധിച്ച വിവരങ്ങൾ മറച്ചു വച്ചു. ദേവാസുമായി കരാറിൽ ഏർപ്പെട്ടതിനു ശേഷം ഇവരുടെ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജി. സാറ്റ് വിക്ഷേപണത്തിന് സജ്ജമാക്കിയതെന്നും മറച്ചുവച്ചു.

കരാറിനു മുമ്പ് ദേവാസ് ഉടമസ്ഥരായ ഫോർഗ് അഡൈ്വസേഴ്‌സിന്റെ ഓഹരി മൂലധനം ഒരു ലക്ഷം രൂപ മാത്രമായിരുന്നു. ഐ.എസ്.ആർ.ഒ.യിൽ മുൻ ശാസ്ത്രജ്ഞനായ ഡി. വേണുഗോപാലും എം. ഉമേഷ് എന്ന ആളുമായിരുന്നു ഓഹരി ഉടമകൾ. പത്തു രൂപ മുഖവിലയുള്ള 9,000 ഓഹരികൾ വേണുഗോപാലിന്റെയും ആയിരം ഓഹരികൾ ഉമേഷിന്റെയും പേരിലായിരുന്നു. എന്നാൽ, ആൻട്രിക്‌സുമായി കരാർ ഒപ്പിട്ടതിനു ശേഷം 2005 ഡിസംബറിൽ കമ്പനിയുടെ ഓഹരി മൂലധനം അഞ്ചു ലക്ഷവും ഓഹരി ഉടമകളുടെ എണ്ണം 12 ആയും വർധിച്ചു. ഇതിൽ 60 ശതമാനം മൗറീഷ്യസ് ആസ്ഥാനമായ കമ്പനികളുടെ പേരിലായിരുന്നു. 19 ശതമാനം ഓഹരികൾ ഐ. എസ്. ആർ. ഒ.യിലെ മറ്റൊരു മുൻ ശാസ്ത്രജ്ഞൻ ഡോ. എം. ജി ചന്ദ്രശേഖറിനായിരുന്നു. 2010 മാർച്ചിൽ ഓഹരി മൂലധനം 18 ലക്ഷമായി.

അഴിമതി ആരോപണത്തെത്തുടർന്ന് മാധവൻനായരെയും മറ്റ് മൂന്ന് ശാസ്ത്രജ്ഞരേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ എല്ലാ സർക്കാർ നിയമനങ്ങളിൽ നിന്നും വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു. ഐ.എസ്.ആർ.ഒ.യിലെ മുൻ സെക്രട്ടറി എ. ഭാസ്‌കരനാരായണ, ഐ.എസ്.ആർ.ഒ.യുടെ വാണിജ്യ വിഭാഗമായ ആൻട്രിക്‌സിന്റെ മാനേജിങ് ഡയറക്ടർ കെ.ആർ. സിദ്ധമൂർത്തി, ഐ.എസ്.ആർ.ഒ. സാറ്റലൈറ്റ് സെന്റർ മുൻ ഡയറക്ടർ കെ.എൻ. ശങ്കര എന്നിവരെയായിരുന്നു വിലക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP