Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഎൻഎക്‌സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി; നാളെ ചോദ്യം ചെയ്ത ശേഷം തീഹാർ ജയിലിൽ വെച്ച് അറസ്റ്റ് ചെയ്യാമെന്ന് സിബിഐ കോടതി

ഐഎൻഎക്‌സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി; നാളെ ചോദ്യം ചെയ്ത ശേഷം തീഹാർ ജയിലിൽ വെച്ച് അറസ്റ്റ് ചെയ്യാമെന്ന് സിബിഐ കോടതി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ ഡൽഹി സിബിഐ കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകി. നാളെ ചോദ്യം ചെയ്തതിന് ശേഷം തിഹാർ ജയിലിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് അനുമതി. മുൻ കേന്ദ്രമന്ത്രി കൂടിയായ ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ എത്തുകയായിരുന്നു.

ഓഗസ്റ്റ് 21ന് അഴിമതിക്കേസിൽ സിബിഐ കസ്റ്റഡിയിലെടുത്ത പി ചിദംബരം സെപ്റ്റംബർ അഞ്ചാം തീയതി മുതൽ തിഹാറിലെ ഏഴാം നമ്പർ ജയിലിലാണ് ഉള്ളത്. ഐഎൻഎക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തെ ഇന്ന് കോടതിയിൽ എത്തിച്ചത്. ഒന്നുകിൽ കോടതിയുടെ പരിസരത്തുവച്ച് ചിദംബരത്തെ ചോദ്യം ചെയ്തതിന് ശേഷം മറ്റ് നടപടികളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കടക്കാം. ഇല്ലെങ്കിൽ തിഹാർ ജയിലിൽ വച്ച് ചിദംബരത്തെ ചോദ്യം ചെയ്യാം, തുടങ്ങിയ രണ്ട് നിർദ്ദേശങ്ങളാണ് കോടതി നൽകിയത്.

എന്നാൽ, കോടതിയിൽ വച്ച് തന്നെ ചോദ്യം ചെയ്യലും അറസ്റ്റും ഒഴിവാക്കുന്നത് ഉചിതമാകുമെന്ന് മുതിർന്ന അഭിഭാഷകനായ കബിൽ സിബൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് നാളെ തിഹാർ ജയിലിൽ വച്ച് ചിദംബരത്തെ ചോദ്യം ചെയ്യാൻ സിബിഐ കോടതി അനുമതി നൽകിയിരിക്കുന്നത്. ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചിദംബരത്തിന്റെ അറസ്റ്റും രേഖപ്പെടുത്താം. ശേഷം കസ്റ്റഡിക്ക് വേണ്ടിയുള്ള അപേക്ഷ നൽകാനുമാണ് കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വാദം കേൾക്കാൻ തുടങ്ങിയതിനിടെയാണ് എൻഫോഴ്‌സ്‌മെന്റും ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്. സിബിഐ കേസിൽ സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയാലും ഇഡി കേസിൽ വീണ്ടും കസ്റ്റഡിയും റിമാന്റും ചിദംബരത്തിന് നേരിടേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP