Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബുലന്ദ്ശഹർ കലാപത്തിനുപിന്നിൽ ബജ്രംഗ്ദൾ അടമുള്ള സംഘടനകൾ; ജില്ലാ കൺവീനർ യോഗേഷ് രാജ് അടക്കം 27 പേർക്കെതിരേ കേസെടുത്തു; നാലുപേർ അറസ്റ്റിൽ; സുബോധ് കുമാറിന്റെ മരണം ആസൂത്രിതമെന്ന ആരോപണം ശക്തമാകുന്നു; പൊലീസിന്റെ വെടിയേറ്റാകാം സുബോധിന്റെ മരണമെന്ന് ബിജെപി എംഎ‍ൽഎ

ബുലന്ദ്ശഹർ കലാപത്തിനുപിന്നിൽ ബജ്രംഗ്ദൾ അടമുള്ള സംഘടനകൾ; ജില്ലാ കൺവീനർ യോഗേഷ് രാജ് അടക്കം 27 പേർക്കെതിരേ കേസെടുത്തു; നാലുപേർ അറസ്റ്റിൽ; സുബോധ് കുമാറിന്റെ മരണം ആസൂത്രിതമെന്ന ആരോപണം ശക്തമാകുന്നു; പൊലീസിന്റെ വെടിയേറ്റാകാം സുബോധിന്റെ മരണമെന്ന് ബിജെപി എംഎ‍ൽഎ

മറുനാടൻ ഡെസ്‌ക്‌

ബുലന്ദ്ശഹർ: ഇൻസ്‌പെക്ടറടക്കം രണ്ടുപേർ കൊല്ലപ്പെട്ട ബുലന്ദ്ശഹർ കലാപത്തിനുപിന്നിൽ ബജ്രംഗ്ദൾ അടക്കമുള്ള സംഘടനകളെന്ന് വിവരം. കൊലപാതകത്തിനും കലാപമുണ്ടാക്കിയതിനും അടക്കം ബജ്രംഗ്ദളിന്റെ ബുലന്ദ്ശഹർ ജില്ലാ കൺവീനർ യോഗേഷ് രാജ് അടക്കം 27 പേർക്കെതിരേ കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത അറുപതോളം പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. നാലുപേർ ഇതിനകം അറസ്റ്റിലായി. യോഗേഷ് രാജിനെ പിടികൂടാനായിട്ടില്ല.

കേസിലെ മറ്റു പ്രതികളെ പിടികൂടാൻ പരിശോധന ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രത്യേക അന്വേഷണസംഘം (എസ്‌ഐ.ടി.) ഉൾപ്പെടെ ആറു പൊലീസ് സംഘങ്ങളാണ് കേസന്വേഷിക്കുന്നത്. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെത്തുടർന്ന് പടിഞ്ഞാറൻ യു.പി.യിലെ ഗൗതംബുദ്ധ് നഗർ ജില്ലയിൽ സുരക്ഷ കർശനമാക്കി. ബുലന്ദ്ശഹറിന്റെ അതിർത്തിപ്രദേശങ്ങളായ ജെവാർ, ഡങ്കോർ എന്നിവിടങ്ങളിലാണ് സുരക്ഷ അതിശക്തമാക്കിയത്. സാമൂഹികമാധ്യമങ്ങളിൽക്കൂടി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

സംഭവം ആസൂത്രിതമാണെന്നും ഇൻസ്‌പെക്ടർ സുബോധ് കുമാർ സിങ്ങിനെ വധിക്കാനും കലാപമുണ്ടാക്കാനും ഗൂഢാലോചന നടന്നെന്നും ആരോപണമുണ്ട്. ഇൻസ്‌പെക്ടറുടെ സഹോദരിയടക്കമുള്ളവർ കൊലപാതകം ആസൂത്രിതമാണെന്ന സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 2015-ൽ യു.പി.യിലെ ദാദ്രിയിൽ ബീഫിന്റെപേരിൽ മുഹമ്മദ് അഖ്ലാഖ് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇൻസ്‌പെക്ടർ സുബോധ് കുമാറെന്നതാണ് ഗൂഢാലോചന സംശയിക്കാൻ പ്രധാന കാരണം.

സിംഗിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച പൊലീസ് ഡ്രൈവറുടെ മൊഴി കേസ് അന്വേഷണത്തിൽ നിർണായകമാകും. അതിർത്തി മതിലിനടുത്ത് സുബോധ് കുമാർ സിങ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു.  അദ്ദേഹത്തെ പൊക്കിയെടുത്ത് ഞാൻ പൊലീസ് ജീപ്പിലേയ്ക്ക് ഇട്ടു. വണ്ടിയെടുക്കാൻ നോക്കുമ്പോൾ ഒരു കൂട്ടം ആൾക്കാർ ജീപ്പിനു നേരേ കല്ലെറിയുകയായിരുന്നുവെന്നും പിന്നീട് തങ്ങൾക്കെതിരെ വെടിവയ്ക്കാൻ ഒരുങ്ങുകയായിരുന്നുവെന്നും പൊലീസ് ഡ്രൈവർ മൊഴി നൽകി.

സ്വന്തം ജീവൻ രക്ഷിക്കാൻ ജീപ്പ് ഇട്ടിട്ട് ഓടുക മാത്രമേ തരമുണ്ടായിരുന്നുള്ളുവെന്ന് പൊലീസ് ഡ്രൈവർ രാം ആശ്രേ മൊഴി നൽകി. കരിമ്പുവയലിൽ മറഞ്ഞിരുന്നാണ് അവർ വെടിവച്ചത്. തലയ്ക്ക് വെടിയേറ്റായിരുന്നു സുബോധ് കുമാറിന്റെ മരണം. അന്നു തന്നെ രണ്ട് തവണയാണ് ആക്രമണം നടന്നത്. കല്ലെറിനു പുറമേ തങ്ങൾക്കു നേരേ മുട്ട വലിച്ചെറിഞ്ഞെന്നും രാം ആശ്രേ പറയുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് സുബോധ് സിംഗിന് ഞങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. ആക്രണത്തിന് തയ്യാറെടുത്തിരുന്ന ഒരു വലിയ സംഘത്തെ തടഞ്ഞു നിർത്താൻ തങ്ങൾക്കു സാധിക്കുമായിരുന്നില്ലെന്നും രാം ആശ്രേ പറഞ്ഞു.

ഇദ്ദേഹത്തെക്കൂടാതെ നാട്ടുകാരനായ സുമിത് കുമാറും (20) കൊല്ലപ്പെട്ടിരുന്നു. ഇയാൾ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് കരുതപ്പെടുന്നത്. വെടിയേറ്റതാണ് ഇരുവരുടെയും മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇൻസ്‌പെക്ടർക്ക് കല്ലേറിലും പരിക്കേറ്റിരുന്നു. പൊലീസാണോ അക്രമികളാണോ വെടിവെച്ചതെന്നതിൽ വ്യക്തതയില്ല. പൊലീസിന്റെ വെടിയേറ്റാകാം സുബോധിന്റെ മരണമെന്നും ബിജെപി. എംഎ‍ൽഎ. സുരേന്ദ്രസിങ് അഭിപ്രായപ്പെട്ടു. കൊലയിൽ ബജ്രംഗ്ദളിനു പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സയ്‌ന മേഖലയിലെ മഹൗ ഗ്രാമത്തിലുള്ള വനപ്രദേശത്ത് 30-32 പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടർന്നാണ് ഒരുകൂട്ടമാളുകൾ തിങ്കളാഴ്ച രാവിലെമുതൽ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. സയ്‌നയിലെ പൊലീസ് പോസ്റ്റ് നശിപ്പിച്ച ഇവർ പൊലീസുകാർക്കെതിരേ കല്ലെറിഞ്ഞു. ചിംഗാർവതി പൊലീസ് ചൗക്കിയിലുണ്ടായിരുന്ന വാഹനങ്ങൾ തീവെച്ചു നശിപ്പിച്ചു. ഗോവധത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്ഥലത്തെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും ജനക്കൂട്ടം വ്യാപകമായ അക്രമത്തിന് മുതിരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP