Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുമ്മാതല്ല ഇരുകൂട്ടരും ബ്ലബ്ല വച്ചത്!വിവാദ വ്യവസായി രാധ കോൺഗ്രസ്സിന് 65 ലക്ഷം നൽകിയപ്പോൾ ബിജെപിക്ക് നൽകിയത് 1.18 കോടി; സ്വിസ് ബാങ്കിലെ പേരു വെളിപ്പെട്ട കള്ളപ്പണക്കാരുടെ കഥ

ചുമ്മാതല്ല ഇരുകൂട്ടരും ബ്ലബ്ല വച്ചത്!വിവാദ വ്യവസായി രാധ കോൺഗ്രസ്സിന് 65 ലക്ഷം നൽകിയപ്പോൾ ബിജെപിക്ക് നൽകിയത് 1.18 കോടി; സ്വിസ് ബാങ്കിലെ പേരു വെളിപ്പെട്ട കള്ളപ്പണക്കാരുടെ കഥ

ന്യൂഡൽഹി: സ്വിറ്റ്‌സർലൻഡുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ ബാങ്കുകളിൽ കള്ളപ്പണം പൂഴ്‌ത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നതിനെച്ചൊല്ലി കോൺഗ്രസ്സും ബിജെപിയുമൊക്കെ ഒളിച്ചുകളിച്ചത് വെറുതെയല്ല. കള്ളപ്പണക്കാരുടെ വിവരങ്ങൾ പുറത്തുവന്നാൽ, നാണംകെടാൻ പോകുന്നത് തങ്ങൾ തന്നെയാണെന്ന് ഇരുകൂട്ടർക്കും വ്യക്തമായിരുന്നു. ഇന്നലെ പുറത്തിവിട്ട കള്ളപ്പണക്കാരിൽ, ഗോവയിൽനിന്നുള്ള ഖനന വ്യവസായി രാധ എസ്. ടിംബ്ലോ തന്നെ ഉദാഹരണം.

തിരഞ്ഞെടുപ്പുവേളയിൽ 65 ലക്ഷം രൂപയാണ് രാധ കോൺഗ്രസ്സിന് സംഭാവനയായി നൽകിയത്. ഇതിന്റെ ഇരട്ടിയോളം, 1.18 കോടി രൂപ ബിജെപിക്ക് അവർ നൽകിയെന്ന് അസോസിയേഷൻ ഡെമോക്രാറ്റിക് റിഫോംസ് വെളിപ്പെടുത്തുന്നു. ഈ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കനുസരിച്ചാണ് രാധയുടെ സംഭാവന വെളിപ്പെട്ടത്.

കേന്ദ്രസർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ സമർപ്പിച്ച എട്ടുപേരുകളിലൊന്ന് ഗോവയിലെ ഖനന ഗ്രൂപ്പിന്റേതാണ്. ടിംബ്ലോ പ്രൈവറ്റ് ലിമിറ്റഡ്. ഇതിന്റെ ഇടമകളാണ് രാധ സതീഷ് ടിംബ്ലോ, ചേതൻ എസ്.ടിംബ്ലോ, രോഹൻ എസ്.ടിംബ്ലോ, അന്ന സി. ടിംബ്ലോ, മല്ലിക എസ്.ടിംബ്ലോ എന്നിവർ. ഡാബർ ഗ്രൂപ്പിന്റെ പ്രദീബ് ബർമന്റെയും രാജ്‌കോട്ടിലെ പങ്കജ് ചിമൻലാൽ ലോധ്യയുടെയും പേരുകളും സർക്കാർ വെളിപ്പെടുത്തിയിരുന്നു.

രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കെല്ലാം കൈയയച്ച് സംഭാവ നൽകിയിരുന്ന ഗ്രൂപ്പാണ് ടിംബ്ലോയെന്ന് എ.ഡി.ആർ.വെളിപ്പെടുത്തുന്നു. 2004-05 മുതൽ 2011-12 കാലയളവിനുള്ളിലാണ് രാധ ടിംബ്ലോ ഇത്രയും തുക കോൺഗ്രസ്സിനും ബിജെപിക്കും നൽകിയത്. ഒമ്പതു തവണയാണ് ബിജെപി ഇവരിൽനിന്ന് സഹായം സ്വീകരിച്ചത്. ഇതിൽ മൂന്നുതവണ 25 ലക്ഷ രൂപ വീതമായിരുന്നു സംഭാവന. ഫെഡറൽ ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സിഐസി.ഐ ബാങ്ക് എന്നിവിടങ്ങളിലൂടെയാണ് കൈമാറിയത്. ടിംബ്ലോയുടെ ഉടമസ്ഥതയിലുള്ള പാണ്ഡുരംഗ ടിംബ്ലോ ഇൻഡസ്ട്രീസിന്റെ പേരിൽ 20 ലക്ഷത്തിന്റെയും പത്തുലക്ഷത്തിന്റെയും സംഭാവനകൾ വേറെയും നൽകിയിട്ടുണ്ട്. ചെറിയ തുകകളായാണ് മറ്റ് സംഭാവനകൾ നടത്തിയത്.

2012-ലാണ് കോൺഗ്രസ്സിന് 30 ലക്ഷം, 25 ലക്ഷം എന്നിങ്ങനെ രണ്ട് സംഭാവനകൾ ടിംബ്ലോ ഗ്രൂപ്പ് നൽകിയത്. 10 ലക്ഷം രൂപ 2009-ലാണ് നൽകിയത്. ഖനന ലൈസൻസുമായി ബന്ധപ്പെട്ട് പലതവണ വിവാദത്തിൽപ്പെട്ടിട്ടുള്ള ടിംബ്ലോ ഗ്രൂപ്പിനെ കോൺഗ്രസ്സും ബിജെപിയും കാലാകാലങ്ങളിൽ രക്ഷിച്ചതിന്റെ ഉപകാരസ്മരണമായാണ് ഈ സംഭാവനകൾ വ്യാഖ്യാനിക്കപ്പെടുന്നത്.

പോർച്ചുഗീസ് ഭരണകാലത്തോളം പഴക്കമുള്ളതാണ് ടിംബ്ലോ ഗ്രൂപ്പിന്റെ ഖനന വ്യവസായം. ജത്ത കമോട്ടിം ടിംബ്ലോയുടെ ഖനന വ്യവസായം മൂന്നുമക്കൾ ഏറ്റെടുക്കുകയായിരുന്നു. 60 ഇടങ്ങളിലായിരുന്നു ഇവർക്ക് ഖനനമുണ്ടായിരുന്നത്. ദത്തയുടെ മൂത്തമകൻ ഗുരുദാസ് ടിംബ്ലോയുടെ മകൻ സതീഷിന്റെ ഭാര്യയാണ് രാധ. 15 വർഷം മുമ്പ് സതീഷ് മരിച്ചു. ഇതേത്തുടർന്ന് പുനർവിവാഹം കഴിച്ചെങ്കിലും, ടിംബ്ലോയെന്ന പേര് അവർ ഒഴിവാക്കിയിട്ടില്ല.

ആയുർവേദ മരുന്നുകളുടെയും ഉത്പന്നങ്ങളുടെയും പേരിൽ പ്രശസ്തരായ ഡാബറിന്റെ ഉടമ പ്രദീപ് ബർമന്റെ പേര് കള്ളപ്പണക്കാരുടെ പട്ടികയിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. കൊൽക്കത്തയിലാണ് ഡാബറിന് തുടക്കമിട്ടെങ്കിലും, അടുത്തകാലത്തായി ഡൽഹിക്കടുത്ത് ഗസ്സിയബാദിലാണ് അതിന്റെ പ്രവർത്തനം. മസാച്ചുസറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് എൻജിനിയറിങ് ബിരുദം നേടിയ പ്രദീപ് 1967-ലാണ് ഡാബറിൽ ചേർന്നത്.

വ്യവസായികൾക്കും രാഷ്ട്രീയക്കാർക്കുമായി വിദേശ ബാങ്കുകളിൽ എത്ര രൂപ കള്ളപ്പണനിക്ഷേപമുണ്ടെന്ന കാര്യത്തിൽ ഇനിയും കൃത്യമായ കണക്കുകളില്ല. വാഷിങ്ടൺ കേന്ദ്രമാക്കിയുള്ള ഗ്ലോബൽ ഫിനാൻഷ്യൽ ഇന്റെഗ്രിറ്റി എന്ന സ്ഥാപനത്തിന്റെ കണക്കുപ്രകാരം അത് 28.6 ലക്ഷം കോടി രൂപയാണ്. സിബിഐ മുൻ ഡയറക്ടർ എപി സിങ്ങിന്റെ കണക്കുപ്രകാരം അത് 31.4 ലക്ഷം കോടി വരും. കള്ളപ്പണക്കാരെ വെളിച്ചത്തുകൊണ്ടുവരും എന്ന് പ്രസംഗിച്ചുനടന്ന കാലത്ത് ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങൾ കണക്കുകൂട്ടിയത് വിദേശത്ത് ഇന്ത്യൻ ധനാഢ്യരുടേതായി 86.8 ലക്ഷം കോടി രൂപ നിക്ഷേപമുണ്ടെന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP