Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദ എംഎ‍ൽഎ രാജാ സിങ് ബിജെപിയിൽ നിന്ന് രാജിവെച്ചു; ഇനി മുഴുവൻ സമയ പശുസംരക്ഷകൻ; തെലുങ്കാന സർക്കാർ 'ഗോക്കളെ' നോക്കുന്നില്ലെന്നും പരാതി

വിവാദ എംഎ‍ൽഎ രാജാ സിങ് ബിജെപിയിൽ നിന്ന് രാജിവെച്ചു; ഇനി മുഴുവൻ സമയ പശുസംരക്ഷകൻ; തെലുങ്കാന സർക്കാർ 'ഗോക്കളെ' നോക്കുന്നില്ലെന്നും പരാതി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: വിദ്വേഷ പ്രസ്താവനകളിലൂടെ നിരന്തരം വാർത്തകളിൽ നിറഞ്ഞ വിവാദ എംഎ‍ൽഎ രാജ സിങ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. തെലങ്കാനയിലെ ഘോഷമഹൽ എംഎ‍ൽഎയാണ് രാജ സിങ്. ഇനി മുഴുവൻ സമയ ഗോസംരക്ഷണ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് വേണ്ടിയാണ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതെന്ന് രാജ സിങ് പറഞ്ഞു. തെലങ്കാന സർക്കാർ പശു സംരക്ഷണത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും രാജ സിങ് ആരോപിച്ചു. പാർട്ടി അധ്യക്ഷൻ ലക്ഷ്മണയ്ക്ക് രാജിക്കത്ത് കൈമാറിയതായി രാജ സിങ് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി.

തെലങ്കാന ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ എം.എൽ.സിമാർ പശുക്കടത്ത് നടത്തുന്നുണ്ടെന്ന് രാജ സിങ് ആരോപിച്ചു. ബക്രീദിന് വേണ്ടിയാണ് അവർ പശുക്കടത്ത് നടത്തുന്നത്. പശു സംരക്ഷണത്തിന് വേണ്ടി താൻ ഏതറ്റം വരേയും പോകുമെന്നും പശു തന്റെ മാതാവാണെന്നും രാജ സിങ് പറഞ്ഞു. താൻ പശു സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങൾ ബിജെപി എംഎ‍ൽഎ എന്ന പേരിലാണ് വാർത്ത വരുന്നത്. അത് തന്റെ പാർട്ടിക്കും പ്രധാനമന്ത്രിക്കും എതിരായ കുറ്റപ്പെടുത്തലായി മാറുന്നു. തന്റെ പേരിൽ അവർ പഴി കേൾക്കാതിരിക്കുന്നതിന് വേണ്ടിയാണ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതെന്നും രാജ സിങ് കൂട്ടിച്ചേർത്തു.

ഹൈദരാബാദിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പശുക്കടത്ത് വ്യാപകമാണെന്ന് രാജ സിങ് ആരോപിച്ചു. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 78ഓളം ചെക്ക് പോയിന്റുകൾ ഉണ്ടായിരുന്നു. അവിടങ്ങളിൽ ശക്തമായ പരിശോധനയും നടന്നിരുന്നു. എന്നാൽ ഇപ്പോൾ പരിശോധന നടക്കുന്നില്ല. കഴിഞ്ഞ വർഷവും രാജ സിങ് ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നു.

പിന്നീട് രാജി പിൻവലിച്ചു. ഇത് മൂന്നാം തവണയാണ് രാജ സിംഗിന്റെ രാജി പ്രഖ്യാപനം. നേരത്തെ പശുവിനെ രാഷ്ട്ര മാതാവാക്കുന്നത് വരെ ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുമെന്ന് രാജ സിങ് പ്രഖ്യാപിച്ചിരുന്നു.അതേസമയം രാജ സിംഗിന്റെ രാജിക്കത്ത് പാർട്ടി സ്വീകരിച്ചിട്ടില്ലെന്നും എംഎ‍ൽഎ ഇപ്പോഴും പാർട്ടി അംഗമാണെന്നും തെലങ്കാന ബിജെപി വക്താവ് കൃഷ്ണ റാവു റെഡ്ഡി പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP