Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചാബിലും ഹരിയാണയിലും ബിജെപിയിൽ വൻ കൊഴിഞ്ഞുപോക്ക്; നേതാക്കളുടെ വീടുകൾക്ക് മുന്നിൽ നിരന്തരം ധർണയുമായി കർഷകർ; രാവും പകലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ; 'അവർ ഞങ്ങളെ എല്ലായിടത്തും പിന്തുടരുന്നു' എന്ന് പഞ്ചാബിലെ മുതർന്ന നേതാവിന്റെ തുറന്നുപറച്ചിൽ; കർഷക സമരത്തിൽ ആടിയുലഞ്ഞ് ബിജെപി

പഞ്ചാബിലും ഹരിയാണയിലും ബിജെപിയിൽ വൻ കൊഴിഞ്ഞുപോക്ക്; നേതാക്കളുടെ വീടുകൾക്ക് മുന്നിൽ നിരന്തരം ധർണയുമായി കർഷകർ; രാവും പകലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ; 'അവർ ഞങ്ങളെ എല്ലായിടത്തും പിന്തുടരുന്നു' എന്ന് പഞ്ചാബിലെ മുതർന്ന നേതാവിന്റെ തുറന്നുപറച്ചിൽ; കർഷക സമരത്തിൽ ആടിയുലഞ്ഞ് ബിജെപി

ന്യൂസ് ഡെസ്‌ക്‌

ഛണ്ഡീഗഢ് : കർഷിക നയത്തിനെതിരെ രാജ്യതലസ്ഥാന അതിർത്തികളിൽ രണ്ടു മാസത്തിലേറെയായി നടക്കുന്ന കർഷക പ്രക്ഷോഭം പഞ്ചാബിലും ഹരിയാണയിലും ബിജെപിക്ക് കനത്ത ആഘാതമുണ്ടാക്കുന്നതായി വിലയിരുത്തൽ. 2015 ൽ ബിജെപി-അകാലിദൾ സഖ്യം തൂത്തുവാരിയ പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ കാര്യങ്ങൾ മറിച്ചാണ്. മൂന്നിൽ രണ്ട് സീറ്റുകളിലും ബിജെപിക്ക് സ്ഥാനാർത്ഥികളെ കണ്ടെത്താനായിട്ടില്ല.

സ്ഥാനാർത്ഥികൾ ഉള്ളയിടങ്ങളിൽ പ്രചരണത്തിനിറങ്ങാനും സാധിക്കുന്നില്ല. ബിജെപി നേതാക്കളുടെ വീടുകൾക്ക് മുന്നിൽ നിരന്തരം കർഷക സംഘടനകൾ ധർണകൾ നടത്തുന്നു. രാവും പകലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. 'അവർ ഞങ്ങളെ എല്ലായിടത്തും പിന്തുടരുന്നു' പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവ് രമേശ് ശർമയുടെ വാക്കുകളാണിത്.

പാർട്ടിയുടെ കോർകമ്മിറ്റിയിലെ ഏക സിഖ് മുഖമായ മൽവീന്ദർ സിങ് ഖാങ് അടക്കം നിരവധി ബിജെപി നേതാക്കൾ ജനുവരിയിൽ മാത്രം രാജിവച്ചിട്ടുണ്ട്. വാഹനങ്ങളിൽ ബിജെപി പതാക നീക്കം ചെയ്തു മാത്രമേ പുറത്തിറങ്ങാനാകുന്നുള്ളൂവെന്ന് ഒരു മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.

എട്ട് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും 109 മുനിസിപ്പൽ കൗൺസിൽ-പഞ്ചായത്തുകളിലേക്കുമായി നടക്കുന്ന തിരഞ്ഞെടുപ്പ് പുതിയ കർഷക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 14-നാണ് തിരഞ്ഞെടുപ്പ്. പഞ്ചാബിലെ ബിജെപിയുടെ ദീർഘകാല സഖ്യകക്ഷിയായിരുന്ന അകാലിദൾ കർഷ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സഖ്യം ഉപേക്ഷിച്ചിരുന്നു.

കർഷക സമരം നടക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച കോൺഗ്രസ് സർക്കാരിനോടും ചില കർഷക സംഘടനകൾക്ക് കടുത്ത വിയോജിപ്പുണ്ട്.

അതേസമയം രാഷ്ട്രീയപരമായും ജനാധപത്യപരമായും ബിജെപിക്ക് തിരിച്ചടി നൽകാൻ കർഷകർക്കുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നാണ് കോൺഗ്രസ് പറയുന്നത്. 

ജാട്ട് ഹൃദയഭൂമിയായ ജിന്ദിൽ രണ്ടു ദിവസം മുമ്പ് നടന്ന മഹാപഞ്ചായത്തിൽ കർഷകർക്ക് പിന്തുണയർപ്പിച്ച് ആയിരക്കണക്കിന് ആളുകളാണ് സമ്മേളിച്ചത്.

ഹരിയാണയിലും ബിജെപി സമാനമായ വെല്ലുവിളിയാണ് നേരിടുന്നത്. ജനുവരിയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറിന്റെ ഹെലികോപ്ടർ ഇറങ്ങാൻ പോലും കർഷകർ സമ്മതിച്ചില്ല. 1500 പൊലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടും മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദി പ്രതിഷേധിക്കാർ കൈയേറി.

കർഷകപ്രക്ഷോഭം ശക്തമായ ജില്ലകളിൽ ബിജെപി നേതാക്കൾക്ക് വീടുവിട്ടു പുറത്തിറങ്ങാൻ പൊലീസിന്റെ സഹായം ആവശ്യമാണ്. ബിജെപിയുടെ സഖ്യ കക്ഷിയായ ജെജെപി നേതാക്കളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ബിജെപി-ജെജെപി നേതാക്കളെ പൊതുവേദികളിൽ അനുവദിക്കില്ലെന്നാണ് കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ സഖ്യം ഉപേക്ഷിക്കാൻ ജെജെപിയിൽ സമ്മർദ്ദമേറുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP