Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുത്തലാഖ് നിരോധന ബിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് കേന്ദ്ര നിയമമന്ത്രി; ബിജെപിയുടെ പ്രകടനപത്രികയിലുള്ള വിഷയമാണ് അതെന്നും രവിശങ്കർ പ്രസാദ്; ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ തീരുമാനം രാഷ്ട്രീയ ഉപദേശങ്ങൾ തേടിയ ശേഷം

മുത്തലാഖ് നിരോധന ബിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് കേന്ദ്ര നിയമമന്ത്രി; ബിജെപിയുടെ പ്രകടനപത്രികയിലുള്ള വിഷയമാണ് അതെന്നും രവിശങ്കർ പ്രസാദ്; ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ തീരുമാനം രാഷ്ട്രീയ ഉപദേശങ്ങൾ തേടിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മുത്തലാഖ് നിരോധന ബിൽ വീണ്ടും കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മുത്തലാഖ് നിരോധന ബിൽ വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് തീർച്ചയായും കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭയിൽ മുത്തലാഖ് നിരോധന ബിൽ പാസായിരുന്നെങ്കിലും രാജ്യസഭയിൽ അവതരിപ്പിക്കാനായിരുന്നില്ല. പതിനാറാം ലോക്സഭ പിരിച്ചുവിട്ടതോടെ കഴിഞ്ഞ ലോക്സഭയിൽ പാസായ മുത്തലാഖ് നിരോധന ബിൽ അസാധുവായി. ഈ സാഹചര്യത്തിലാണ് വീണ്ടും ബിൽ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യസഭയിൽ എൻ.ഡി.എയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാലാണ് ബിൽ അവതരണം ദുഷ്‌കരമായത്. ലോക്സഭയിൽ പാസാവുകയും എന്നാൽ രാജ്യസഭയുടെ പരിഗണനയ്ക്ക് വരാത്തതുമായ ബില്ലുകൾ ലോക്സഭയുടെ കാലാവധി കഴിയുന്നതോടെ അസാധുവാകും. എന്നാൽ രാജ്യസഭയിൽ പാസാവുകയും ലോക്സഭയിൽ അവതരിപ്പിക്കുകയും ചെയ്യാത്ത ബില്ലുകൾ അസാധുവാകില്ല.

മുത്തലാഖ് ബിൽ വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് 'എന്തുകൊണ്ട് ഇല്ല' എന്ന് രവിശങ്കർ പ്രസാദ് മറുചോദ്യം ഉന്നയിച്ചു. മുത്തലാഖ് ബിൽ ബിജെപിയുടെ മാനിഫെസ്റ്റോയിലുള്ള കാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ രാഷ്ട്രീയ ഉപദേശങ്ങൾ തേടിയ ശേഷം തീരുമാനമെടുക്കുമെന്നും കേന്ദ്ര നിയമകാര്യ മന്ത്രി അറിയിച്ചു.

മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ പ്രതിപക്ഷം നേരത്തെ എതിർത്തിരുന്നു. മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നത് മൂന്ന് വർഷം വരെ തടവ് ലഭിക്കുന്ന ഒന്നായാണ് ബില്ലിൽ പറയുന്നത്. ഇതിനെതിരെയാണ് മുസ്ലിം സംഘടനകളും പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നത്. മുത്തലാഖ് ബിൽ 2018 ആഗസ്റ്റിൽ ലോക്സഭയിൽ പാസാക്കിയതാണ്. എന്നാൽ, അംഗബലം കുറവായതിനാൽ ബിജെപി സർക്കാരിന് ബിൽ രാജ്യസഭയിൽ പാസാക്കാൻ സാധിച്ചില്ല. രാജ്യസഭയിൽ ബിൽ പാസാക്കാൻ സാധിക്കാതിരിക്കുകയും പിന്നീട് രാജ്യസഭ പിരിയുകയും ചെയ്തിരുന്നു.

മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. എന്നാൽ ബിജെപി ഇതിന് തയ്യാറല്ല. നിലവിലെ സാഹചര്യത്തിൽ മുസ്ലിം വിവാഹ നിയമങ്ങളിൽ ഭേദഗതി ആവശ്യമില്ലെന്നും മുസ്ലിം പുരുഷന്മാരെ ജയിലിലടയ്ക്കാനുള്ള ബിജെപിയുടെ നീക്കമാണിതെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. അധികാരത്തിലെത്തിയാൽ ബിജെപി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

 പാസാക്കിയ മുത്തലാഖ് ബില്ലിൽ (മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബിൽ) ഉള്ള വ്യവസ്ഥകളാണ്  ഓർഡിനൻസിൽ ഉണ്ടായിരുന്നത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്ന പുരുഷന് മൂന്നു വർഷം ജയിൽ ശിക്ഷ നൽകണമെന്നാണു ഓർഡിനൻസിലെ വ്യവസ്ഥ. വാക്കുകൾ വഴിയോ ടെലിഫോൺ കോൾ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലിൽ പറയുന്നു.

ഓർഡിനൻസ് പ്രകാരം മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഒരു എഫ്‌ഐആർ ഫയൽ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആൾക്കെതിരെ കുറ്റം ചുമത്താനാകും. മുത്തലാഖിന് വിധേയയായ സ്ത്രീയുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ ഇത്തരത്തിൽ കുറ്റം ചുമത്തപ്പെട്ടവർക്ക് ജാമ്യം ലഭിക്കുകയുള്ളൂ. കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്. ഇതേത്തുടർന്ന് വിഷയം പഠിക്കാൻ മോദി സർക്കാർ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നിയമമന്ത്രി രവിശങ്കർ പ്രസാദ് എന്നിവർ അടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP