Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീഫ് വിവാദത്തിൽ നരേന്ദ്ര മോദി രോഷാകുലൻ; വിവാദ പരാമർശങ്ങൾ നടത്തിയ നേതാക്കന്മാരെ അമിത് ഷാ വിളിച്ചുവരുത്തി; മേലിൽ ആവർത്തിക്കരുതെന്ന് കടുത്ത ഭാഷയിൽ ബിജെപി അധ്യക്ഷന്റെ താക്കീത്

ബീഫ് വിവാദത്തിൽ നരേന്ദ്ര മോദി രോഷാകുലൻ; വിവാദ പരാമർശങ്ങൾ നടത്തിയ നേതാക്കന്മാരെ അമിത് ഷാ വിളിച്ചുവരുത്തി; മേലിൽ ആവർത്തിക്കരുതെന്ന് കടുത്ത ഭാഷയിൽ ബിജെപി അധ്യക്ഷന്റെ താക്കീത്

ന്യൂഡൽഹി: കേന്ദ്രസർക്കാറിനെയും ബിജെപിയെയും പൊതുജനങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ബീഫ് വിഷയം മാറിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോടി കടുത്ത അമർഷത്തിൽ. ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ ഭാഗത്തു നിന്നും ബീഫ് വിഷയത്തിൽ അപക്വമായ പ്രസ്താവനകൾ വരുന്നതാണ് മോദിയെ ചൊടിപ്പിച്ചത്. ഇത്തരം പ്രസ്താവനകൾ കേന്ദ്രസർക്കാറിനെതിരെ പ്രവർത്തിക്കുന്നവർ ആയുധമാക്കുന്നു എന്നതാണ് മോദിയുടെ പ്രധാന പ്രശ്‌നം. മോദിയുടെ നിർദേശത്തെ തുടർന്ന് ബീഫിനെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ നേതാക്കന്മാരെ വിളിച്ചുവരുത്തി ബിജെപി അധ്യക്ഷൻ അമിത് ഷാ താക്കീത് നൽകി.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, കേന്ദ്രമന്ത്രി മഹേഷ് ശർമ്മ, സംഗീത് സോം, സാക്ഷി മഹാരാജ് എന്നിവരെയാണ് വിളിച്ചുവരുത്തി ബിജെപി അധ്യക്ഷൻ ശാസിച്ചത്. മാട്ടിറച്ചി വിരുന്നിന്റെ പേരിൽ ജമ്മുകശ്മീരിലെ എംഎൽഎയെ നിയമസഭയിൽ മർദിച്ച ബിജെപി. എംഎൽഎമാരെ പാർട്ടി നേതാവും എം പി യുമായ സാക്ഷി മഹാരാജ് നായീകരിച്ചിരുന്നു. 'നേതാക്കളുടെ മനോഭാവം മാറിയില്ലെങ്കിൽ അവർ പരസ്യമായി അടി കൊള്ളേണ്ടിവരുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവനയിൽ മോദിക്ക് കടുത്ത അമർഷം ഉണ്ടെന്നാണ് അറിവ്്.

മുസ്ലിങ്ങൾ മാട്ടിറച്ചി തിന്നുന്നത് നിർത്തണമെന്ന ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ പ്രസ്താവനയെയും അദ്ദേഹം പിന്തുണച്ചിരുന്നു. 'പശുക്കളെ കൊല്ലുന്നവരെ തൂക്കിക്കൊല്ലാൻ നിയമം വേണം. മതവികാരത്തെ വ്രണപ്പെടുത്താൻ ആർക്കും അധികാരമില്ല. വികാരം മാനിക്കാത്തതുകൊണ്ടാണ് കാശ്മീരിലെ എംഎ‍ൽഎ. തല്ലുകൊണ്ടത്. അത് സ്വാഭാവികമായ പ്രതികരണം മാത്രമാണ്' മഹാരാജ് പറഞ്ഞു.

ഉത്തർപ്രദേശിലെ ഉനാവിൽ നിന്നുള്ള എംപി.യായ മഹാരാജ് മുമ്പും വർഗീയ പ്രസ്താവനകളിലൂടെ വിവാദത്തിലായിരുന്നു. ഹിന്ദുമതം നിലനിൽക്കണമെങ്കിൽ എല്ലാ ഹിന്ദു സ്ത്രീകൾക്കും കുറഞ്ഞത് നാലുകുട്ടികൾ വേണമെന്നായിരുന്നു ഒരു പ്രസ്താവന. പശുമാംസം കഴിക്കുന്ന രാഹുൽ ഗാന്ധി കേദാർനാഥ് സന്ദർശിച്ചതാണ് നേപ്പാളിൽ ആയിരങ്ങളുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന് കാരണമെന്നായിരുന്നു മറ്റൊരു പ്രസ്താവന. ഗോഡ്‌സെ ദേശീയവാദിയാണെന്നും ഗാന്ധിജിയോടൊപ്പം ആദരിക്കേണ്ട വ്യക്തിയാണെന്നും പറഞ്ഞ് പുലിവാലു പിടിച്ചപ്പോൾ ലോക്‌സഭയിൽ മാപ്പു പറഞ്ഞാണ് തടിയൂരിയത്.

ബീഫ് വിഷയം ബിഹാറിൽ പ്രചരണായുധം ആയതിൽ മോദിക്ക് തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ല. കേന്ദ്രസർക്കാറിന്റെ വികസന പദ്ധതികൾ ചർച്ചയാകേണ്ടിടത്ത് നേതാക്കളുടെ പ്രസ്താവനകൾ കൊണ്ട് ബീഫ് ചർച്ചയാകുന്നത്. ഇക്കാര്യത്തിലാണ് മോദിക്ക് കടുത്ത അമർഷം ഉള്ളത്. ബീഫ് വിഷയം പലപ്പോഴും മോദിക്ക് അന്തർദേശീയ തലത്തിലുള്ള ഇമേജിനെയും ബാധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP