Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡിനെ അഞ്ചുവർഷത്തേക്കു കൂടി നിരോധിച്ച് കേന്ദ്രസർക്കാർ; തീവ്രവാദികൾക്കെതിരായ നടപടി ശക്തമാക്കി സൈന്യവും

നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡിനെ അഞ്ചുവർഷത്തേക്കു കൂടി നിരോധിച്ച് കേന്ദ്രസർക്കാർ; തീവ്രവാദികൾക്കെതിരായ നടപടി ശക്തമാക്കി സൈന്യവും

ഗുവാഹത്തി: അസമിൽ ബോഡോ സംഘടനയ്ക്കുള്ള നിരോധനം കേന്ദ്രസർക്കാർ അഞ്ചുവർഷത്തേക്കു കൂടി നീട്ടി. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡിനെയാണ് അഞ്ചുവർഷത്തേക്കു കൂടി നിരോധിച്ചത്. ബോഡോ തീവ്രവാദികൾക്കെതിരായ നടപടിയും സൈന്യം ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിൽ എൺപതിലേറെപ്പേർ മരിക്കാനിടയായ സാഹചര്യത്തിലാണ് പ്രദേശത്ത് സൈന്യം ശക്തമായ സാന്നിധ്യമുറപ്പിച്ചത്.

അസമിലെത്തിയ കരസേന മേധാവി ജനറൽ ദൽബീർ സിങ് സുഹാഗ് വിവിധ സുരക്ഷാ ഏജൻസികളിലെ ഉന്നതോദ്യോഗസ്ഥരുമായി ചർച്ച നടത്തി. ബോഡോ തീവ്രവാദികൾക്ക് ശക്തമായ വേരുള്ള കൊക്രജാർ, ചിരാംഗ്, സോണിത് പൂർ മേഖലകളിലാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സൈനിക മേധാവി ജനറൽ ദൽബിർ സിങ് സുഹാഗുമായി ചർച്ച നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ബോഡോ സ്വാധീന സംസ്ഥാനങ്ങളായ മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ സൈനികവിന്യാസം ശക്തിപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു.

സുരക്ഷ ഏജൻസികളുടെയും അസമിലെ തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഏകീകൃത കമാൻഡിന്റെയും ഉന്നതോദ്യഗസ്ഥരുമായി അസമിലെത്തിയ കരസേന മേധാവി കൂടിക്കാഴ്ച നടത്തി. തീവ്രവാദികൾക്കെതിരെ പോരാടാൻ ഭൂട്ടാൻ, മ്യാന്മർ സർക്കാരുകളുടെ സഹായവും വിദേശകാര്യമന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്.

അതിനിടെയാണ് നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് സംഘടനയ്‌ക്കെതിരായ നിരോധനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയത്. ആക്രമണമുണ്ടായ കൊക്രജാർ, സോണിത്പൂർ ജില്ലകൾ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയി സന്ദർശിച്ചു. വീണ്ടും ആക്രമണമുണ്ടായേക്കുമെന്ന ഭയത്താൽ കൊക്രജാർ ജില്ലയിലെ ആദിവാസി-ബോഡോഗ്രാമങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയ ആളുകൾ സർക്കാരിന്റെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിയുന്നത്. പുതിയ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ചില മേഖലകളിൽ കർഫ്യു ഇളവ് ചെയ്തിട്ടുണ്ട്. കൊക്രജാറിലും സോണിത്പൂരിലും ചൊവ്വാഴ്ച വൈകിട്ട് ബോഡോകൾ നടത്തിയ ആക്രമണത്തിൽ 83 ആദിവാസികളാണ് കൊല്ലപ്പെട്ടത്.

സംസ്ഥാന പൊലീസും സിആർപിഎഫും അസം റൈഫിൾസും കരസേനയെ സഹായിക്കാൻ രംഗത്തുണ്ട്. ബോഡോ തീവ്രവാദികളുടമായി മധ്യസ്ഥ ചർച്ചകൾക്കില്ലെന്ന് കേന്ദ്രം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുവരെയുള്ളതിൽനിന്നു വ്യത്യസ്തമായി ഫലപ്രദമായ നടപടികൾ വേണമെന്നാണ് ആഭ്യന്തരമന്ത്രി കരസേനാ മേധാവിക്കു നൽകിയിരിക്കുന്ന നിർദ്ദേശം. അതിർത്തിക്കടുത്തുള്ള സോണിത്പുർ, കൊക്രജാർ ജില്ലകളിൽ വീട്ടിൽ കിടന്നുറങ്ങിയവരെ പുറത്തേക്ക് വലിച്ചിറക്കിയാണ് തീവ്രവാദികൾ വെടിവച്ചു കൊന്നത്. അതിർത്തി ജില്ലകളിൽ സൈനിക നടപടി കർശനമാക്കിയാൽ ബോഡോ തീവ്രവാദികൾ അയൽ രാജ്യങ്ങളിലേക്ക് രക്ഷപെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂട്ടാൻ, മ്യാന്മർ സർക്കാരുകളുടെ സഹായം തേടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇന്തോ-ഭൂട്ടാൻ അതിർത്തി ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP