Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയോധ്യ ക്ഷേത്രനിർമ്മാണ ട്രസ്റ്റിന്റെ പ്രസിഡന്റ് മഹന്ത് നൃത്യഗോപാൽ ദാസ്; ക്ഷേത്ര നിർമ്മാണ സമിതിയുടെ തലവനായി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയും ചുമതലയേറ്റു: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഏപ്രിൽ രണ്ടിന് ആരംഭിക്കും

അയോധ്യ ക്ഷേത്രനിർമ്മാണ ട്രസ്റ്റിന്റെ പ്രസിഡന്റ് മഹന്ത് നൃത്യഗോപാൽ ദാസ്; ക്ഷേത്ര നിർമ്മാണ സമിതിയുടെ തലവനായി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയും ചുമതലയേറ്റു: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഏപ്രിൽ രണ്ടിന് ആരംഭിക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അയോധ്യ ക്ഷേത്രനിർമ്മാണത്തിനുള്ള ട്രസ്റ്റിന്റെ (ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര) പ്രസിഡന്റായി മഹന്ത് നൃത്യഗോപാൽ ദാസിനെ തിരഞ്ഞെടുത്തു. രാമജന്മഭൂമി ന്യാസ് അധ്യക്ഷനാണ് അദ്ദേഹം. മുഖ്യട്രസ്റ്റി കെ. പരാശരന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ട്രസ്റ്റ് ഭാരവാഹികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിഎച്ച്പി വൈസ് പ്രസിഡന്റ് ചംപത് റായിയാണ് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ സമിതിയുടെ തലവനായി തിരഞ്ഞെടുത്തു. ക്ഷേത്ര നിർമ്മാണത്തിനായി അയോധ്യയിലെ എസ്‌ബിഐ ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങാനും തീരുമാനമായി. ഒൻപത് പ്രമേയങ്ങൾ യോഗം പാസാക്കി. 15 ദിവസത്തിനുശേഷം അയോധ്യയിൽ വീണ്ടും സമിതി യോഗം ചേരും.

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഏപ്രിൽ രണ്ടിന് ആരംഭിക്കും. ട്രസ്റ്റ് അംഗം പേജാവർ മഠാധിപതി സ്വാമി വിശ്വ പ്രസന്ന തീർത്ഥയാണ് ഏപ്രിൽ 2 എന്ന തീയതി പ്രഖ്യാപിച്ചത്. 15 ദിവസത്തിനു ശേഷം അയോധ്യയിൽ ചേരുന്ന ട്രസ്റ്റിന്റെ അടുത്ത യോഗം അന്തിമ തീരുമാനമെടുക്കും. വിഎച്ച്പി രൂപകൽപന ചെയ്ത അതേ മാതൃകയിലായിരിക്കും ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റെടുത്ത 67.703 ഏക്കർ പൂർണമായി ഉപയോഗിക്കും.

സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് ട്രഷറർ. ക്ഷേത്ര നിർമ്മാണ സമിതിയുടെ ചെയർമാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ നിയമിച്ചു.
ജനങ്ങളുടെ ആഗ്രഹത്തിനനുസൃതമായി എത്രയും വേഗം ക്ഷേത്രം നിർമ്മിക്കുമെന്ന് നൃത്യഗോപാൽ ദാസ് അറിയിച്ചു. കേന്ദ്രസർക്കാർ പ്രതിനിധി മുൻ എറണാകുളം കലക്ടറും ഇപ്പോൾ ആഭ്യന്തരവകുപ്പു ജോയിന്റ് സെക്രട്ടറിയുമായ ഗ്യാനേഷ്‌കുമാർ, യുപി സർക്കാരിന്റെ പ്രതിനിധി അഡീഷനൽ ചീഫ് സെക്രട്ടറി അവിനാഷ് അവസ്തി, അയോധ്യ ജില്ലാ മജിസ്‌ട്രേട്ട് അനുജ് കുമാർ ഝാ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

രാമക്ഷേത്ര നിർമ്മാണം ആരംഭിക്കേണ്ട തീയതി സംബന്ധിച്ച് അടുത്ത മാസം ചേരുന്ന ക്ഷേത്ര നിർമ്മാണ സമിതി യോഗത്തിൽ തീരുമാനിക്കുമെന്ന് ട്രസ്റ്റ് അംഗം സ്വാമി വിശ്വ പ്രസന്ന തീർത്ഥ അറിയിച്ചു. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് 15 അംഗ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി അഞ്ചിനാണ് ലോക്‌സഭയിൽ പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞയുടൻ പ്രധാനമന്ത്രി സഭയിലെത്തി നടപടികൾ ആരംഭിക്കും മുൻപ് പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു. ക്ഷേത്രനിർമ്മാണത്തിനു 3 മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കാനായിരുന്നു നവംബർ 9ന്റെ സുപ്രീം കോടതി വിധിയിലെ നിർദ്ദേശം.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര അംഗങ്ങൾ:

1. കെ.പരാശരൻ മുഖ്യ ട്രസ്റ്റി.

പുരോഹിതന്മാർ

2. ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വ പ്രസന്ന തീർത്ഥ,

3. പ്രയാഗ്‌രാജ് ജ്യോതിഷ് ശങ്കരാചാര്യ പീഠാധ്യക്ഷൻ വാസുദേവാനന്ദ് സരസ്വതി

4. സ്വാമി ഗോവിന്ദ് ദേവ് ഗിരി പുണെ

5. സ്വാമി പരമാനന്ദ് ഹരിദ്വാർ.

പൗരപ്രമുഖർ:

6. വിമലേന്ദു മോഹൻ പ്രതാപ് മിശ്ര അയോധ്യ രാജകുടുംബാംഗം

7. ഡോ. അനിൽ മിശ്ര ഹോമിയോ ഡോക്ടർ, അയോധ്യ.

8. കമലേശ്വർ ചൗപാൽ (ദലിത് അംഗം)

9. മഹന്ത് ധീരേന്ദ്ര ദാസ് (നിർമോഹി അഖാഡ പ്രതിനിധി. അഖാഡ അംഗത്തെ ട്രസ്റ്റിലുൾപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദ്ദേശപ്രകാരം).

നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങൾ (എല്ലാവരും ഹിന്ദുമത വിശ്വാസികൾ ആയിരിക്കണം) :

10, 11. ട്രസ്റ്റ് ഭൂരിപക്ഷാഭിപ്രായ പ്രകാരം തിരഞ്ഞെടുക്കുന്ന 2 അംഗങ്ങൾ

12. കേന്ദ്രസർക്കാർ പ്രതിനിധി (ജോയിന്റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഐഎഎസ് ഉദ്യോഗസ്ഥൻ), എക്‌സ് ഒഫിഷ്യോ അംഗം.

13 യു.പി. സർക്കാർ പ്രതിനിധി (സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ), എക്‌സ് ഒഫിഷ്യോ അംഗം.

14. അയോധ്യ കലക്ടർ (ഹിന്ദുവല്ലെങ്കിൽ അഡീഷനൽ കലക്ടർ), എക്‌സ് ഒഫിഷ്യോ അംഗം.

15. ക്ഷേത്ര വികസന സമിതി ചെയർമാൻ എക്‌സ് ഒഫിഷ്യോ അംഗം 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP