Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടതിയിൽ ഹാജരാക്കിയ കന്നയ്യ കുമാറിന് അഭിഭാഷകരുടെ മർദ്ദനത്തിൽ ഗുരുതര പരിക്ക്; ജെഎൻയു യൂണിയൻ പ്രസിഡന്റിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടി; ജാമ്യം നൽകുന്നതിനെ എതിർത്ത് ഡൽഹി പൊലീസ്; പട്യാലഹൗസ് കോടതിയിൽ എന്താണ് നടക്കുന്നതെന്ന് ചോദിച്ച് സുപ്രീം കോടതിയും; അന്വേഷണത്തിന് അഞ്ചംഗ സമിതി

കോടതിയിൽ ഹാജരാക്കിയ കന്നയ്യ കുമാറിന് അഭിഭാഷകരുടെ മർദ്ദനത്തിൽ ഗുരുതര പരിക്ക്; ജെഎൻയു യൂണിയൻ പ്രസിഡന്റിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടി; ജാമ്യം നൽകുന്നതിനെ എതിർത്ത് ഡൽഹി പൊലീസ്;  പട്യാലഹൗസ് കോടതിയിൽ എന്താണ് നടക്കുന്നതെന്ന് ചോദിച്ച് സുപ്രീം കോടതിയും; അന്വേഷണത്തിന് അഞ്ചംഗ സമിതി

ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനം ആരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ജവഹർലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാല യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടി. മാർച്ച് രണ്ടു വരെ വിദ്യാർത്ഥിനേതാവിനെ പൊലീസ് കസ്റ്റഡിയിൽ വിടാനാണു ഡൽഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടത്. കനയ്യ കുമാറിനു ജാമ്യം നൽകുന്നതിനെ ഡൽഹി പൊലീസ് എതിർത്തു. കനയ്യ കുമാർ രാജ്യദ്രോഹക്കുറ്റം ചെയ്തതിനു തെളിവുകൾ ലഭിച്ചുവെന്നു പൊലീസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു. യാതൊരു തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തികൾക്കും ആഹ്വാനം നൽകിയിട്ടില്ലെന്നും പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാമെന്നും കനയ്യയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, വാദം തള്ളിയ കോടതി റിമാൻഡ് മാർച്ച് രണ്ടു വരെ നീട്ടി ഉത്തരവിടുകയായിരുന്നു.

തനിക്ക് കോടതിയിലേക്ക് വരുന്ന വഴി അഭിഭാഷകരുടെ മർദ്ദനം ഏറ്റുവെന്ന് കനയ്യ ജഡ്ജിയോട് പറഞ്ഞെങ്കിലും അതിനെക്കുറിച്ച് വിധിപ്രസ്താവത്തിൽ കോടതി ഒന്നും പറഞ്ഞില്ല. അതിനിടെ കനയ്യ കുമാറിന് മർദനത്തിൽ ഗുരുതര പരിക്കേറ്റതായാണ് റിപ്പോർട്ട് ഡൽഹി പട്യാല ഹൗസ് കോടതിയിൽ അഭിഭാഷകരുടെ ആക്രമണത്തിലാണ് കനയ്യക്ക് പരിക്കേറ്റത്. ആന്തരികമായ പരിക്കുകളാണ് കനയ്യക്ക് ഏറ്റിരിക്കുന്നത്. അഭിഭാഷകർ കനയ്യയെ നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും ചെയ്തിരുന്നു. കോടതി വളപ്പിൽ ഡോക്ടർമാരുടെ അഞ്ചംഗ സംഘമെത്തിയാണ് കനയ്യയെ പരിശോധിച്ചത്.

ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് അറസ്റ്റിലായ കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സംഘർഷം അരങ്ങേറിയത്. രണ്ടു ദിവസം മുൻപ് കോടതി പരിസരത്ത് വിദ്യാർത്ഥികളെയും മാദ്ധ്യമപ്രവർത്തകരെയും മർദ്ദിച്ച 50 ഓളം അഭിഭാഷകർ തന്നെയാണ് ഇന്നും ആക്രമണം നടത്തിയത്. മാദ്ധ്യമപ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ അഭിഭാഷക സംഘം പൊലീസ് സുരക്ഷയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കനയ്യ കുമാറിനെയും മർദ്ദിച്ചു. ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ടർ താരിഖ് അൻവറിനെ അക്രമികൾ വളഞ്ഞുവച്ച് മർദ്ദിച്ചു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തെ തുടർന്ന് 400 ഓളം പൊലീസുകാർ കോടതി പരിസരത്ത് സുരക്ഷയൊരുക്കാൻ എത്തിയിരുന്നു. എന്നാൽ പൊലീസിനെ കാഴ്ചക്കാരാക്കി 50 ഓളം അഭിഭാഷകർ വീണ്ടും അഴിഞ്ഞാട്ടം നടത്തുകയായിരുന്നു.

വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ പട്യാല കോടതിയിൽ വീണ്ടും അഭിഭാഷക ആക്രമണം. ദേശീയ പതാകയും പിടിച്ചു വന്ദേമാതരം വിളിയുമായെത്തിയ സംഘമാണ് ഇന്നു കോടതിവളപ്പിൽ അതിക്രമം നടത്തിയത്. ഇതേ തുടർന്നാണ് കനയ്യയ്ക്ക് മർദ്ദനമേറ്റത്. ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനെ ഹാജരാക്കാനിരിക്കേയാണു പട്യാല കോടതി പരിസരത്ത് രണ്ടാം ദിവസവും അഭിഭാഷകരുടെ ആക്രമണമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരെയും അഭിഭാഷകർ മർദ്ദിച്ചു. തുടർന്ന് കനയ്യ കുമാറിനെ എത്തിച്ചപ്പോഴും അതിക്രമമുണ്ടായി. കനയ്യ കുമാറിനെ അഭിഭാഷകരുടെ കൂട്ടത്തിൽ നിന്നൊരാൾ മർദിച്ചു. നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ഇതു മൂലമാണ് ഗുരുതര പരിക്കുണ്ടായത്. മാദ്ധ്യമപ്രവർത്തകർക്കുനേരെ കല്ലേറുമുണ്ടായി.

അഭിഭാഷകരുടെയും മാദ്ധ്യമപ്രവർത്തകരുടെയും എണ്ണം കോടതി പരിസരത്ത് പരിമിതപ്പെടുത്തി സുപ്രീം കോടതി നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് സംഘർഷം അരങ്ങേറിയത്. തുടർന്ന് പട്യാല കോടതിയിൽ എന്താണു നടക്കുന്നതെന്നു സുപ്രീം കോടതി ചോദിച്ചു. പത്തുമിനിറ്റകം ഇക്കാര്യത്തിൽ റിപ്പോർട്ടു നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ അന്വേഷണസമിതിയെ സുപ്രീം കോടതി നിയമിച്ചു. കപിൽ സിബൽ, രാജീവ് ധവാൻ എന്നിവർ ഉൾപ്പെടുന്നതാണു സമിതി. ദേശീയ പതാകയും പിടിച്ച് വന്ദേമാതരം വിളിയുമായാണ് ഒരു വലിയ വിഭാഗം അഭിഭാഷകർ കോടതിയിൽ എത്തിയത്. ഇവരെ നേരിടാൻ മറ്റൊരു വിഭാഗവും സ്ഥലത്തെത്തി. ഇരുവിഭാഗവും ചേരിതിരിഞ്ഞ് കനയ്യ കുമാറിനെ അനുകൂലിച്ചും എതിർത്തും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കോടതി മുറിക്കുള്ളിൽ വിക്രം ചൗഹാൻ എന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു മുദ്രാവാക്യം വിളി. ഇന്നലെ ആക്രമണം നടത്തിയ സംഘം തന്നെയാണ് ഇന്നും സംഘർഷത്തിനെത്തിയത്.

വിക്രം സിങ് ചൗഹാനെന്ന അഭിഭാഷകന്റെ ബിജെപി ബന്ധത്തെക്കുറിച്ചു കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആദ്യ ദിവസം പട്യാല കോടതിയിൽ കനയ്യ കുമാറിനെ ഹാജരാക്കുന്നതിനിടെ ജെഎൻയു വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മാദ്ധ്യമപ്രവർത്തകരെയും മർദിച്ചത് ഈ അഭിഭാഷകന്റെ നേതൃത്വത്തിലാണ്. എൽ കെ അദ്വാനി, രാജ്‌നാഥ് സിങ് തുടങ്ങിയ നേതാക്കൾക്കൊപ്പം അഭിഭാഷകനായ വിക്രം സിങ് നിൽക്കുന്ന ചിത്രങ്ങളാണു പുറത്തുവന്നത്. വർഗീയ പരാമർശങ്ങളിലുടെ ക്രുപ്രസിദ്ധി നേടിയ കൈലാഷ് വിജയ്, ബിജെപി വക്താവ് സംബി പത്ര ഉൾപ്പടെ മറ്റ് പ്രമുഖ നേതാക്കൾക്കൊപ്പം വിക്രം സിങ് നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.പട്യാലയിൽ രാജ്യദ്രോഹികളെ മർദിച്ചത് താനാണെന്ന് വിക്രം സിങ് ചൗഹാൻ ചാനലുകളോടു പ്രതികരിച്ചിരുന്നു. മാദ്ധ്യമ പ്രവർത്തകരെ അടക്കം ഇയാൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.

 

കഴിഞ്ഞ ദിവസമുണ്ടായ സമാനമായ ആക്രമണത്തെ സുപ്രീം കോടതി അപലപിച്ചിരുന്നു. സുപ്രീം കോടതിയുടെ അ'ിപ്രായത്തെ ഒട്ടും മാനിക്കാത്ത തരത്തിലാണ് അഭിഭാഷകർ പട്യാല ഹൗസ് കോടതി വളപ്പിൽ മാദ്ധ്യമ പ്രവർത്തകർക്കെതിരെ ഇന്നും ഗുണ്ടകളെ പോലെ പെരുമാറിയത്. കഴിഞ്ഞ ദിവസം അക്രമം നടത്തിയ അതേ അഭിഭാഷക സംഘമാണ് കോടതിക്ക് മുന്നിൽ അക്രമം നടത്തുന്നത്. അക്രമം നടത്തുന്ന അഭിഭാഷകരെ കസ്റ്റടിയിലെടുക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് അഭിഭാഷകർ അക്രമം അഴിച്ചുവിട്ടത്. കനയ്യ കുമാറിനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ കന്നത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലും അഭിഭാഷകർക്ക് കോടതി വളപ്പിൽ ആക്രമം അഴിച്ചുവിടാൻ സാധിച്ചുവെന്നത് ഗുരുതര സുരക്ഷാ വീഴ്‌ച്ചയായും കണക്കാക്കപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം കനയ്യ കുമാറിനെ പട്യാല കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുന്നതിന് മുമ്പായാണ് ബിജെപി അഭിഭാഷകർ അക്രമാസക്തരായതും മാദ്ധ്യമപ്രവർത്തകരെയും വിദ്യാർത്ഥികളെയും മർദ്ദിച്ചത്. ഇതിനെതിരെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയിൽ വന്ദേമാതരം വിളിയുണ്ടായത്. വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണിനെതിരെ ബിജെപി പ്രവർത്തകനായ അഭിഭാഷകൻ മുദ്രാവാക്യം വിളിച്ചു. തുടർന്ന് വന്ദേമാതരം വിളിച്ച് ശേഷം ഇയാൾ കോടതിയിൽ നിന്ന് ഇറങ്ങി ഓടി. ഭീകരർക്ക് വേണ്ടി ഹാജരാകുന്നുവെന്ന് ഉറക്കെ വിളിച്ച് പറഞ്ഞാണ് അഭിഭാഷകൻ മുദ്രാവാക്യം വിളിച്ചത്. കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ബിജെപി അഭിഭാഷകരിൽനിന്ന് കോടതി മുറിയിൽ മർദനമേറ്റത് ചൂണ്ടിക്കാട്ടി ജെഎൻയു പൂർവ്വ വിദ്യാർത്ഥിയായ എൻ ഡി ജയപ്രകാശാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP