Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളോട് 'നിങ്ങൾ പാക്കിസ്ഥാനിൽ പോയി കളിക്കൂവെന്ന്' ഭീഷണി; ബൈക്കിൽ വന്ന ആളുടെ ഭീഷണിയെ ചോദ്യം ചെയ്തതിന് പിന്നാലെ മുസ്ലിം കുടുംബത്തിന് നേരെ ഒരു സംഘം ആളുകളുടെ ക്രൂര ആക്രമണം; സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വന്നതിന് പിന്നാലെ നടപടി; ആക്രമികളിൽ ആറ് പേർ അറസ്റ്റിലായെന്നും പൊലീസ്

ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളോട് 'നിങ്ങൾ പാക്കിസ്ഥാനിൽ പോയി കളിക്കൂവെന്ന്' ഭീഷണി; ബൈക്കിൽ വന്ന ആളുടെ ഭീഷണിയെ ചോദ്യം ചെയ്തതിന് പിന്നാലെ മുസ്ലിം കുടുംബത്തിന് നേരെ ഒരു സംഘം ആളുകളുടെ ക്രൂര ആക്രമണം; സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വന്നതിന് പിന്നാലെ നടപടി; ആക്രമികളിൽ ആറ് പേർ അറസ്റ്റിലായെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഗൂർഗോൺ: തിരഞ്ഞെടുപ്പ് കാലത്തും രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ആൾക്കൂട്ട ആക്രമണങ്ങളുടെ വാർത്തയും വർധിക്കുകയാണ്. ഹരിയാനയിലെ ഗൂർഗോണിൽ ഹോളി ദിനത്തിൽ സംഭവിച്ച ആക്രമണമാണ് ഇപ്പോൾ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. 25 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തി മുസ്ലിം കുടുംബത്തെ ആക്രമിച്ചുവെന്നാണ് കേസ്. സംഭവത്തിൽ ആറു പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. കുടുംബത്തെ അക്രമികൾ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെ ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്.

യുപിയിൽ നിന്നും മൂന്ന് വർഷം മുമ്പ് ഗുരുഗ്രാമിലേക്ക് താമസം മാറിയ മുഹമ്മദ് സാജിദ് എന്ന വ്യക്തിയുടെ കുടുംബത്തിന് നേരെയായിരുന്നു അക്രമം. ഇവരുടെ വീട്ടിലെത്തിയ അതിഥികൾക്കൊപ്പം കുട്ടികൾ സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഇവരുടെയടുത്തേക്ക് ബൈക്കിലെത്തിയ രണ്ട് പേർ 'നിങ്ങളെന്താണ് ചെയ്യുന്നത്? പാക്കിസ്ഥാനിൽ പോയി ക്രിക്കറ്റ് കളിക്കൂ' എന്ന് പറഞ്ഞു. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട സാജിദ് ഇത് ചോദ്യം ചെയ്തു.

Stories you may Like

എന്നാൽ അപ്പോൾ അവർ തിരിച്ചു പോയെങ്കിലും ഏതാനും നിമിഷങ്ങൾക്കകം ആയുധങ്ങളുമായി 25 ആളുകൾ എത്തി. ഇത് കണ്ട് കുട്ടികൾ പേടിച്ചരണ്ട് വീട്ടിൽ ഓടിക്കയറി. വീടിന്റെ വാതിൽ ഉള്ളിൽ നിന്നും പൂട്ടിയതോടെ പുരുഷന്മാരെ ഇറക്കിവിട്ടില്ലെങ്കിൽ എല്ലാവരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വൈകാതെ താഴത്തെ നിലയിലെ വാതിൽ പൊളിച്ച് വീടിനകത്തുകയറിയ ഇവർ പുരുഷന്മാരെ ക്രൂരമായി മർദിക്കുകയായിരുന്നു.

ടെറസിൽ ഒളിച്ച കുടുംബത്തിലെ ചിലർ മൊബൈലിൽ വീഡിയോ എടുക്കുകയും ഇത് സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തതോടെയാണ് ക്രൂര മർദനം പുറത്തറിയുന്നത്. കുടുംബാംഗങ്ങളെ മർദിച്ച അക്രമിസംഘം സ്വർണ്ണവും 25,000 രൂപ പണവും അടക്കം വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളും കവർന്നു. നിർത്തിയിട്ടിരുന്ന കാറുകളും വീടിന്റെ ജനലുകളും അക്രമിസംഘം തല്ലിതകർത്തു. എത്രയും പെട്ടെന്ന് വീട് ഒഴിഞ്ഞ് പോകണമെന്ന ഭീഷണിയും മുഴക്കിയാണ് സംഘം സ്ഥലം വിട്ടതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ കുടുംബം വ്യക്തമാക്കുന്നു.

കുടുംബത്തിന്റെ പരാതിയെ തുടർന്ന് അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐ.പി.സി 148(കൊള്ള), 149(നിയമവിരുദ്ധമായി സംഘം ചേരൽ), 307(കൊലപാതകശ്രമം), 323(ബോധപൂർവ്വം മുറിവേൽപ്പിക്കൽ), 452(വീട്ടിൽ അതിക്രമിച്ചു കയറൽ), 506(ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമികളിൽ പലരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആറ് പേരെ അറസ്റ്റു ചെയ്തെന്നും ബോണ്ട്സി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേന്ദർ കുമാർ പറഞ്ഞു.

ഗ്യാസ് സിലിണ്ടറുകളുടെ അറ്റകുറ്റപ്പണിയും പഴയ ഫർണിച്ചറുകളുടെ വ്യാപാരവും കെട്ടിട നിർമ്മാണ പ്രവർത്തികളുമൊക്കെയാണ് മുഹമ്മദ് സാജിദ് ചെയ്തിരുന്നത്. മൂന്നുവർഷമായി ഗുരുഗ്രാമിൽ താമസിക്കുന്ന തങ്ങൾക്ക് ഇത്തരം ദുരനുഭവം ആദ്യമായാണെന്നും സാജിദ് പറഞ്ഞു. മുഹമ്മദ് സാജിദും ഭാര്യയും ആറ് കുട്ടികളുമാണ് വീട്ടിൽ താമസിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP