Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈകൾ കൂപ്പി ആക്രമിക്കല്ലേ എന്ന് പറഞ്ഞത് ഗുജറാത്ത് കലാപത്തിൽ; എതിർ ഭാഗത്തുകൊല്ലാൻ നിന്നത് കൈയിൽ ശൂലം പിടിച്ച് കൊണ്ട്; ഇരയും വേട്ടക്കാരനും വർഷങ്ങൾക്കിപ്പുറം ഐക്യത്തോടെ നിൽക്കുമ്പോൾ അഹമ്മദാബാദ് സാക്ഷ്യം വഹിച്ചത് അപൂർവ്വ നിമിഷത്തിന്; അശോക് മോച്ചിയുടെ ചെരുപ്പ് കട ഉദ്ഘാടനം ചെയ്യാൻ എത്തിയത് കലാപത്തിൽ ജീവന് വേണ്ടി യാചിച്ച കുത്തുബുദ്ദീൻ അൻസാരി

കൈകൾ കൂപ്പി ആക്രമിക്കല്ലേ എന്ന് പറഞ്ഞത് ഗുജറാത്ത് കലാപത്തിൽ; എതിർ ഭാഗത്തുകൊല്ലാൻ നിന്നത് കൈയിൽ ശൂലം പിടിച്ച് കൊണ്ട്; ഇരയും വേട്ടക്കാരനും വർഷങ്ങൾക്കിപ്പുറം ഐക്യത്തോടെ നിൽക്കുമ്പോൾ അഹമ്മദാബാദ് സാക്ഷ്യം വഹിച്ചത് അപൂർവ്വ നിമിഷത്തിന്; അശോക് മോച്ചിയുടെ ചെരുപ്പ് കട ഉദ്ഘാടനം ചെയ്യാൻ എത്തിയത് കലാപത്തിൽ ജീവന് വേണ്ടി യാചിച്ച കുത്തുബുദ്ദീൻ അൻസാരി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിൽ സംഘപരിവാർ കലാപകാരനായ അശോക് മോച്ചി തുടങ്ങിയ ചെരുപ്പ്് കടയുടെ ഉദ്ഘാടനത്തിനെത്തിയത് കലാപത്തിൽ ജീവന് വേണ്ടി യാചിച്ച കുത്തബുദീൻ അൻസാരി. രാജ്യത്തെ നടുക്കിയ രണ്ടു പേർ ഐക്യത്തിന്റെ പ്രതീകമായ ഒരു ചടങ്ങിൽ പങ്കെടുത്തത് വേറിട്ട കാഴ്ചയായി. ആക്രമിക്കരുത് എന്ന് അപേക്ഷിക്കുന്ന ആംഗ്യവുമായി കൈ കൂപ്പി, ഭയന്ന് നിൽക്കുന്ന കുത്തുബുദ്ദീൻ അൻസാരിയുടെ ചിത്രം മുസ്ലീങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ള 2002ലെ ഗുജറാത്ത് കൂട്ടക്കൊലകളുടെ ക്രൂരത വെളിപ്പെടുത്തുന്ന ഫോട്ടോ ആയി മാറിയിരുന്നു. ശൂലം പിടിച്ച്, തലയിൽ കാവി ബാൻഡുമായി, ആക്രമണോത്സുകതയോടെ നിൽക്കുന്ന അശോക് മോച്ചിയുടെ ചിത്രവും വലിയ തോതിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കലാപത്തിന് വർഷങ്ങൾക്ക് ശേഷം വംശീയഹത്യകളെ തള്ളിപ്പറഞ്ഞ് അശോക് മോച്ചി മതസൗഹാർദത്തിനായി രംഗത്തുവന്നിരുന്നു. ഇരുവരും കേരളത്തിൽ സിപിഎം ഒരുക്കിയ വേദിയിൽ ഒരുമിച്ചെത്തിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇരുവരെയും പുതിയ പാതയിലേക്കു കൊണ്ടുവരാൻ മുൻകൈയെടുത്തത് നഗരത്തിലെ സാമൂഹികപ്രവർത്തകനായ കലീം സിദ്ധീഖി. മോച്ചിക്കു ചെരിപ്പുകട തുടങ്ങാൻ സഹായം ചെയ്തതും സിപിഎമ്മാണെന്നു സിദ്ധീഖി വ്യക്തമാക്കി. പോയ കാലം തങ്ങൾ വിഷമകരമായ ജീവിതം കണ്ടവരാണെന്നും മോച്ചിയുടെ പുതിയ ജീവിതം സന്തോഷകരമാക്കട്ടെ എന്നും ഉദ്ഘാടനവേളയിൽ അൻസാരി പറഞ്ഞു. ഇതു തന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷമാണെന്നും ഒരു വീടു പോലുമില്ലാത്ത തനിക്ക് ഈ കട അതു സാധ്യമാക്കുമെന്നു പ്രതീക്ഷിക്കുന്നെന്നും അശോക് മോച്ചി പറഞ്ഞു.

കഴിഞ്ഞ 25 വർഷമായി അഹമ്മദാബാദിലെ ഡൽഹി ദർവാസയ്ക്ക് സമീപം ചെരിപ്പ് തുന്നിയാണ് അശോക് മോച്ചി കഴിയുന്നത്. 'ഏകതാ ചപ്പൽ ഘർ' എന്ന പേരിലാണ് നഗരത്തിൽ മോച്ചി പുതിയ കട തുടങ്ങിയിരിക്കുന്നത്. മെട്രോ വന്നത് തന്റെ കച്ചവടത്തെ ബാധിച്ചെന്ന് പറയുന്നു അശോക് മോച്ചി. ദിവസം 300 രൂപ വരുമാനമുണ്ടാക്കിയിരുന്നത് 150ലും കുറഞ്ഞു. തയ്യൽക്കാരനായ അൻസാരി നരോദ പാട്യയിൽ ദ്രുതകർമ്മസേനയോട് ജീവൻ രക്ഷിക്കാൻ ദയനീയമായി അപേക്ഷിക്കുന്ന ഫോട്ടോ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അൻസാരി കരയുകയായിരുന്നു. ഷർട്ടിൽ രക്തക്കറയുണ്ടായിരുന്നു. പിന്നീട് പശ്ചിമ ബംഗാളിലെ മുൻ ഇടത് സർക്കാരിന്റെ ക്ഷണ പ്രകാരം അൻസാരി കൊൽക്കത്തയിലേയ്ക്ക് പോയെങ്കിലും വീണ്ടും നാട്ടിൽ തന്നെ തിരിച്ചെത്തുകയായിരുന്നു. ഇപ്പോഴും തുന്നൽക്കാരനായി ജോലി ചെയ്യുകയാണ് അൻസാരി.

മോച്ചിയെ ഇടയ്ക്കിടെ കാണാറുണ്ട് എന്ന് പറയുന്നു അൻസാരി. സംഘപരിവാർ പ്രവർത്തകനായിരുന്ന അശോക് മോച്ചി കലാപത്തിന് വർഷങ്ങൾക്ക് ശേഷം മാനസാന്തരമുണ്ടായി ഹിന്ദുത്വ രാഷ്ട്രീയത്തിൽ നിന്ന് അകന്നു. 2017ൽ ദലിത് ആസാദി കൂച്ച് എന്ന സംഘടനയിൽ ചേർന്നു. ഉനയിൽ ദലിതരെ മർദ്ദിച്ചതടക്കമുള്ള സംഭവങ്ങൾ ശക്തമായ പ്രതിഷേധം സംഘടന നടത്തിയിരുന്നു. ഹിന്ദു ജാതി വ്യവസ്ഥയാണ് തന്നെ ചെരിപ്പുകുത്തിയായി നിലനിർത്തിയത് എന്ന് മോച്ചി പറഞ്ഞിരുന്നു. മനുഷ്യരെന്ന നിലയിൽ നമ്മളെല്ലാം ഒന്നാണെന്നും ഇതര മതങ്ങളെ ബഹുമാനിക്കുന്നവരാണെന്നും ലോകത്തെ അറിയിക്കണമെന്നുണ്ട് ഞങ്ങൾക്ക് മോച്ചി പറഞ്ഞു. കലാപങ്ങളുടെ നാടായിരുന്ന അഹമ്മദാബാദ് ഇനി ഹിന്ദു മുസ്ലിം ഐക്യത്തിന്റെ നാടാകണം. ഞങ്ങൾക്കിനി ഹിംസ വേണ്ട എന്ന് മോച്ചി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP