Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ചൊവ്വ കീഴടക്കിയ ഇന്ത്യ ഇനി ലക്ഷ്യമിടുന്നത് അന്റാർട്ടിക്കയെ; മംഗൾയാന് നൽകിയതിന്റെ ഇരട്ടിയിലേറെ പണം മുടക്കി ധ്രുവഗവേഷണത്തിന് കപ്പൽ വാങ്ങുന്നു: കുറ്റം പറയാൻ പേടിച്ച് വിദേശ മാദ്ധ്യമങ്ങൾ

ചൊവ്വ കീഴടക്കിയ ഇന്ത്യ ഇനി ലക്ഷ്യമിടുന്നത് അന്റാർട്ടിക്കയെ; മംഗൾയാന് നൽകിയതിന്റെ ഇരട്ടിയിലേറെ പണം മുടക്കി ധ്രുവഗവേഷണത്തിന് കപ്പൽ വാങ്ങുന്നു: കുറ്റം പറയാൻ പേടിച്ച് വിദേശ മാദ്ധ്യമങ്ങൾ

ന്യൂഡൽഹി: ചൊവ്വയിലേക്ക് ഇന്ത്യ മംഗൾയാനെ അയച്ചപ്പോൾ പാശ്ചാത്യ മാദ്ധ്യമങ്ങൾ ഊറിച്ചിരിക്കുകയായിരുന്നു. പട്ടിണിമാറാത്ത ഇന്ത്യ 450 കോടി വെറുതെ കളയുന്നതിനെതിരെയായിരുന്നു അവരുടെ വിമർശനം. കാളവണ്ടി യുഗത്തിൽ കഴിയുന്ന ഇന്ത്യയ്ക്ക് സ്വപ്നം കാണാൻ കഴിയുന്ന പദ്ധതിയായി പാശ്ചാത്യ ലോകം മംഗൾയാനെ കരുതിയില്ല. എന്നാൽ എല്ലാവരുടേയും സങ്കല്പങ്ങൾ തകിടം മറിച്ച് ഇന്ത്യ ചൊവ്വയിൽ കടന്ന് കയറി ഗവേഷണം തുടങ്ങി. അമേരിക്കയ്ക്കും റഷ്യക്കും ഫ്രാൻസിനും ഒപ്പം എലൈറ്റ് ക്ലബ്ബിൽ കാളവണ്ടിക്കാർക്ക് ഇടം നൽകേണ്ടി വന്നു. അതുകൊണ്ട് എന്ത് നേട്ടം എന്നു ചോദിക്കുന്നവർക്ക് ആദ്യ ഉത്തരം ലഭിച്ചു. മംഗൾയാന് വേണ്ടി മുടക്കിയതിന്റെ ഇരട്ടിയിലേറെ പണം മുടക്കി അന്റാർട്ടിക്ക ഗവേഷണത്തിന് ഇന്ത്യ ഇറങ്ങി പുറപ്പെട്ടിട്ടും ഒരൊറ്റ വിദേശ രാജ്യമോ വിദേശ മാദ്ധ്യമമോ കളിയാക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് ഇത്. ഇന്ത്യ വിചാരിച്ചാൽ ഇതല്ല ഇതിന്റെ അപ്പുറം നടക്കുമെന്ന തോന്നലാണ് ഈ മൗനത്തിന് കാരണം.

കടലിൽ രൂപം കൊള്ളുന്ന ഐസ് മല മുറിക്കുക, ധ്രുവ പ്രദേശത്തെ ഗവേഷണ കേന്ദ്രത്തിൽ ആവശ്യമായ വസ്തുക്കൾ എത്തിച്ചു നല്കുക എന്ന ദൗത്യവും ഗവേഷണത്തിന് ഒപ്പം ഏറ്റെടുക്കുന്ന ധ്രുവ ഗവേഷണ കപ്പലിനായി 1051 കോടി രൂപയാണ് ഇന്ത്യ മുടക്കുക. മൂന്നു കൊല്ലത്തിനകം കപ്പൽ സ്വന്തമാക്കാൻ ഉള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രി സഭ അനുമതി നല്കിയതോടെ ഇത്തരം കപ്പൽ സ്വന്തമാക്കുന്ന എലൈറ്റ് ക്ലബിലേക്ക് ഇന്ത്യയുടെ പേരും ചേർക്കപ്പെടുകയാണ്. അതേസമയം 450 കോടി രൂപ മാത്രം മുടക്കി ചൊവ്വ പര്യവേഷണത്തിന് മംഗൾ യാൻ വിക്ഷേപിച്ചപ്പോൾ പാശ്ചാത്യ മാദ്ധ്യമങ്ങൾ നടത്തിയ വിമർശനം ഇക്കുറി ഉണ്ടായില്ല എന്നതും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം നാസ വിക്ഷേപിച്ച റോക്കറ്റ് പൊട്ടിത്തെറിക്കുക കൂടി ചെയ്തതോടെ അനാവശ്യ ഇന്ത്യ വിരുദ്ധത പ്രചരിപ്പിക്കുന്നതിലെ അനൗചിത്യം കൂടി തിരിച്ചറിഞ്ഞതിനാലാകാം കപ്പൽ വാർത്തയോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതിൽ നിന്നും വിദേശ മാദ്ധ്യമങ്ങൾ പിന്തിരിയാൻ കാരണം എന്നും വിലയിരുത്തപ്പെടുന്നു.

കപ്പൽ വാങ്ങൽ വാർത്ത പുറത്തു വന്നിട്ടും സോഷ്യൽ മീഡിയ അടക്കം സർക്കാരിനെ വിമർശിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ മംഗൾയാൻ വിക്ഷേപണം പരാജയമാകും എന്ന മുൻവിധിയിൽ നിന്നായിരിക്കാം സോഷ്യൽ മീഡിയ ഉൾപ്പെടെ വിമർശന വഴി സ്വീകരിച്ചതെന്നു ന്യായമായും സംശയിക്കാം. അതിനിടെ ഐസ് ബ്രേക്കർ കപ്പലുകൾ പലപ്പോഴും വൻ വാടക നല്കി രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനാൽ ഇന്ത്യ സ്വന്തമാക്കുന്ന കപ്പലും ഇങ്ങനെ നല്കി വരുമാനം കണ്ടെത്താം എന്ന ആശയവും പദ്ധതിയുടെ പിന്നിലുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ ബ്രിട്ടീഷ് ഗവേഷകർ ഉൾപ്പെടെ അന്റാർട്ടിക്കയിൽ കുടുങ്ങിയ കപ്പലിനെ രക്ഷിക്കാൻ നിരവധി ഐസ് ബ്രേക്കർ കപ്പലുകളുടെ സഹായം ആവശ്യമായി വന്നിരുന്നു.

Stories you may Like

ഇന്ത്യയെ സംബന്ധിച്ച് പ്രധാനമായും ഗവേഷണം ആണ് ഈ കപ്പൽ വഴി ലഭിക്കുന്ന നേട്ടം. എന്നാൽ തണുപ്പ് കാലത്ത് റഷ്യ, ഫിൻലാന്റ്, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങൾക്ക് ഇത്തരം കപ്പലുകളുടെ സേവനം പലപ്പോഴും ജീവൻ രക്ഷാ ദൗത്യത്തിന് കൂടി ആവശ്യമാണ്. അന്താരാഷ്ട്ര തലത്തിൽ ഇത്തരം കപ്പലുകളുടെ വാടക നിരക്ക് ക്രമാതീതം ആയി വർദ്ധിച്ചതും വൻ മുതൽ മുടക്ക് നല്കി കപ്പൽ സ്വന്തമാക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ച ഘടകമാണ്. കഴിഞ്ഞ 33 വർഷമായി ധ്രുവ ഗവേഷണം നടത്തുന്ന ഇന്ത്യക്ക് രണ്ടു സ്ഥിരം ഗവേഷണ കേന്ദ്രങ്ങളും നിരവധി ഗവേഷകരും അന്റാർട്ടികയിൽ ഉണ്ട്. മൈത്രി, ഭാരതി എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ഥിരം ഗവേഷണ കേന്ദ്രങ്ങൾക്ക് ആവശ്യമായ സഹായം നല്കുകയാകും പുതിയ കപ്പലിന്റെ പ്രധാന ചുമതല.

ഏഷ്യൻ രാജ്യങ്ങളിൽ ചൈനക്കൊപ്പം ധ്രുവ ഗവേഷണത്തിൽ മുൻതൂക്കം നേടാൻ കപ്പൽ സ്വന്തമാക്കുന്നതിലൂടെ ഇന്ത്യക്ക് കഴിയും എന്നാണ് അനുമാനം. ചൈന, സിംഗപ്പൂർ, സൗത്തുകൊറിയ, ജപ്പാൻ എന്നിവയാണ് ഇപ്പോൾ അന്റാർട്ടിക് ഗവേഷണത്തിൽ ശ്രദ്ധ നല്കുന്ന ഏഷ്യൻ രാജ്യങ്ങൾ. മാത്രമല്ല സമുദ്ര ഗവേഷണ പദ്ധതികളിൽ രാജ്യത്തിന് മുൻതൂക്കം നല്കാനും ഈ കപ്പലിന് സാധിക്കും.

ലോകത്ത് അന്റാർട്ടിക്കയിൽ മാത്രം നടത്താൻ കഴിയുന്ന ശാസ്ത്ര പരീക്ഷണങ്ങൾക്കായി ഇന്ത്യയടക്കം 27 രാഷ്ട്രങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ഇവിടെയെത്താറുണ്ട്. ആയിരം മുതൽ നാലായിരം വരെ ഗവേഷകരാണ് വർഷത്തിൽ വിവിധ കാലയളവുകളിൽ ഇവിടെ ഗവേഷണാർത്ഥം ഉണ്ടാവുക. ജീവശാസ്ത്രം, ഭൂമിശാസ്ത്രം, സമുദ്രശാസ്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ഗ്ലേഷിയോളജി, മെറ്റീരിയലോളജി എന്നീ മേഖലകളിലാണ് പ്രധാനമായും പഠനങ്ങൾ നടക്കുന്നത്.

1970 മുതൽ അന്തരീക്ഷത്തിലെ ഓസോൺ കുടയെ കാര്യമായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. 1985-ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ അന്റാർട്ടിക് പ്രദേശത്ത് ഓസോൺ കുടയ്ക്ക് ദ്വാരമുണ്ടായതായി കണ്ടെത്തി. 1998-ൽ നാസയുടെ ഉപഗ്രഹ ചിത്രങ്ങൾ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ ദ്വാരം ചിത്രീകരിച്ചു. മാനുഷിക പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ക്ലോറോഫ്ലൂറോകാർബൺ അന്തരീക്ഷത്തിലെ ഓസോണുമായി പ്രതിപ്രവർത്തിച്ചാണ് ഈ ദ്വാരമുണ്ടാകുന്നതെന്നു കരുതപ്പെടുന്നു.

1979 മുതൽ ഇന്ത്യയും അന്റാർട്ടിക് പര്യവേക്ഷണത്തിൽ ഭാഗഭാക്കാണ്. ഇതിനായി ദക്ഷിണ ഗംഗോത്രി, മൈത്രി എന്നീ രണ്ട് കേന്ദ്രങ്ങൾ അന്റാർട്ടിക്കയിൽ സ്ഥാപിച്ചിട്ടുണ്ട്. മൂന്നാമതൊരു കേന്ദ്രത്തിനുകൂടി ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അന്റാർട്ടിക്കയിലുള്ള ഭാരതത്തിന്റെ ആദ്യ ശാസ്ത്ര പര്യവേക്ഷണ സ്ഥാപനമാണ് ദക്ഷിൺ ഗംഗോത്രി. ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായ ഗംഗോത്രി എന്ന ഹിമാനിയുടെ സ്മരണാർത്ഥമാണ് ഈ പേരുനൽകിയത്. 1983-84 വർഷത്തിൽ നടത്തിയ മൂന്നാം അന്റാർട്ടിക്ക പര്യാടനത്തിലാണ്‌ ഇത് സ്ഥാപിക്കപെട്ടത്. ശീതകാലത്ത് അന്റാർട്ടിക്കയിൽ തങ്ങി ശാസ്ത്രപഠനങ്ങൾ നടത്താൻ തുടങ്ങിയത് ഈ സമയത്തായിരുന്നു. പന്ത്രണ്ട് അംഗങ്ങളുള്ള സംഘമായിരുന്നു മൂന്നാം പര്യടന വിഭാഗം. ഈ സംഘം ഒരു വർഷം (1984 മാർച്ച്-1985 മാർച്ച്) ഇവിടെ ചെലവഴിച്ചു. പിന്നീട് മറ്റൊരു സ്ഥിരം പര്യവേക്ഷണ കേന്ദ്രമായ മൈത്രി 1989 ൽ ഇവിടെ ഇന്ത്യ സ്ഥാപിച്ചു. 1990 ൽ ദക്ഷിൺ ഗംഗോത്രി കേന്ദ്രം ഉപേക്ഷിക്കുകയും അതിനെ ഒരു എണ്ണ വിതരണ കേന്ദ്രമായി (supply base) പരിവർത്തിപ്പിക്കുകയും ചെയ്തു.

അന്റാർട്ടിക്കയിലുള്ള ഭാരതത്തിന്റെ രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ് 1989-ൽ നിർമ്മാണം പൂർത്തിയായ മൈത്രി. ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞു മൂടി ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തിലാണ്‌ ഇത് നിർമ്മിച്ചത്. ജീവശാസ്ത്രം, ഭൂമിശാസ്ത്രങ്ങൾ, ഗ്ലേഷിയോളജി, അറ്റ്മോസ്ഫെറിക് സയൻസ്, മെറ്റിയറോളജി, കോൾഡ് റീജിയൺ എൻ‌ജിനീയറിങ്, സം‌വേദനം, മനുഷ്യ ഫിസിയോളജി, വൈദ്യശാസ്ത്രം മുതലായവയിൽ ഗവേഷണം നടത്താനുള്ള അത്യാധുനിക സൗകര്യങ്ങൾ ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. മഞ്ഞുകാലത്ത് 25 ആളുകളെ വരെ ഉൾക്കൊള്ളാൻ ഈ കേന്ദ്രത്തിനു കഴിയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP