Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാസഖ്യത്തിന്റെ അഴിമതികൾ തുറന്നു കാട്ടാൻ പ്രചാരണം; അമിത് ഷാ വീണ്ടും ബിഹാറിലേക്ക്

മഹാസഖ്യത്തിന്റെ അഴിമതികൾ തുറന്നു കാട്ടാൻ പ്രചാരണം; അമിത് ഷാ വീണ്ടും ബിഹാറിലേക്ക്

ന്യൂസ് ഡെസ്‌ക്‌

പട്‌ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ബിഹാർ സന്ദർശനത്തിന്. ലോക് നായക് ജയപ്രകാശ് നാരായണന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 11നു അദ്ദേഹത്തിന്റെ ജന്മനാടായ സാരൻ സീതാബ് ദിയാരയിൽ അമിത് ഷാ സന്ദർശനം നടത്തും.

അഴിമതി വിരുദ്ധ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയ ജയപ്രകാശ് നാരായണന്റെ ശിഷ്യരായ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നേതൃത്വം നൽകുന്ന മഹാസഖ്യത്തിന്റെ അഴിമതികൾ തുറന്നു കാട്ടുന്ന പ്രചാരണത്തിന് അമിത് ഷാ തുടക്കമിടും.

കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്ന ലാലുവും നിതീഷും കോൺഗ്രസുമായി കൈകോർക്കുന്നതിന്റെ വൈരുധ്യവും അമിത് ഷാ വിഷയമാക്കുമെന്നു ബിജെപി നേതൃത്വം അറിയിച്ചു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബിഹാറിൽ തനിച്ചു മത്സരിക്കേണ്ട സാഹചര്യത്തിൽ പാർട്ടിയെ പരമാവധി ശക്തിപ്പെടുത്തുകയെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റിൽ 39 എണ്ണവും എൻഡിഎ നേടിയിരുന്നു.

ജനതാദൾ (യു) മഹാസഖ്യത്തിലേക്കു ചേരിമാറിയ സാഹചര്യത്തിൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 35 സീറ്റ് ബിജെപി തനിച്ചു നേടുകയെന്നതാണ് അമിത് ഷായുടെ 'മിഷൻ 35' ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മാസാവസാനം അമിത് ഷാ ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ രണ്ടു ദിവസം സന്ദർശനം നടത്തിയിരുന്നു. ന്യൂനപക്ഷ മേഖലകളിൽ അമിത് ഷാ നടത്തിയ സന്ദർശനം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്ന് ആർജെഡി ജെഡിയു നേതാക്കൾ ആരോപിച്ചു. ബിഹാറിൽ മഹാസഖ്യ സർക്കാർ രൂപമെടുത്ത ശേഷം ബിജെപി അഭിമുഖീകരിക്കുന്ന വെല്ലുവിളി കണക്കിലെടുത്താണ് അമിത് ഷായുടെ തുടർസന്ദർശനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP