Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭീകരവാദം തുടരുന്ന പാക്കിസ്ഥാനുമായി ചർച്ചയില്ല; പ്രത്യേക പദവി നീക്കം ചെയ്തതോടെ ജമ്മു കശ്മീരിൽ വലിയ മാറ്റം; നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെന്ന് അമിത് ഷാ

ഭീകരവാദം തുടരുന്ന പാക്കിസ്ഥാനുമായി ചർച്ചയില്ല; പ്രത്യേക പദവി നീക്കം ചെയ്തതോടെ ജമ്മു കശ്മീരിൽ വലിയ മാറ്റം; നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെന്ന് അമിത് ഷാ

ന്യൂസ് ഡെസ്‌ക്‌

ശ്രീനഗർ: ഭീകരവാദം തുടരുന്ന പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദം കാരണം ജമ്മു കശ്മീരിൽ 42,000 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടെന്നും അമിത് ഷാ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഹർത്താൽ ആഹ്വാനം ചെയ്യാനോ സുരക്ഷ സേനക്ക് നേരെ കല്ലെറിയാനോ ആരും ധൈര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നും അമിത് ഷാ പറഞ്ഞു. കശ്മീരിൽ കാര്യങ്ങൾ മാറുകയാണ്. പുതിയ നിക്ഷേപങ്ങൾ എത്തുന്നു. ടൂറിസത്തിൽ കുതിച്ചുചാട്ടമുണ്ടായെന്നും അമിത് ഷാ പറഞ്ഞു. ജമ്മുവിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ.

'42,000 ആളുകൾക്ക് ജമ്മു കശ്മീരിൽ തീവ്രവാദം കാരണം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. സർക്കാറിൽ ഇരുന്നുകൊണ്ട് തീവ്രവാദത്തെ പിന്തുണച്ചവരെ തിരിച്ചറിയുകയും അവർക്ക് എതിരെ നടപടികൾ എടുക്കുകയും ചെയ്തിട്ടുണ്ട്.' -അമിത് ഷാ പറഞ്ഞു. തീവ്രവാദവും അഴിമതിയും ഇല്ലാതാക്കി എല്ലാമേഖലകളിലും വികസനം കൊണ്ടുവരാനും രാജ്യത്ത് ജമ്മു കശ്മീരിനെ ഒന്നാമതെത്തിക്കാനുമാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും താഴ്‌വരിയിലെ സുരക്ഷയും വിലയിരുത്തി. അമിത് ഷായുടെ സന്ദർശനത്തിനിടെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹുബൂബ മുഫ്തി ആരോപിച്ചു. എന്നാൽ മുഫ്തി വീട്ട് തടങ്കലിലല്ലെന്നും യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ ് പറഞ്ഞു.

അതേസമയം ജമ്മുകശ്മീരിൽ ഗുജ്ജർ, ബകർവാൾ, പഹാഡി വിഭാഗങ്ങളെ പട്ടികജാതിയിലുൾപ്പെടുത്തി സംവരണം നൽകുമെന്ന് അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. ജമ്മുകശ്മീർ ലഫ് ഗവർണർ നിയോഗിച്ച സമിതിയാണ് മൂന്ന് വിഭാഗക്കാർക്കും സംവരണം നൽകണമെന്ന ശുപാർശ നൽകിയത്. ശുപാർശ പരിശോധിക്കാനായി സമിതിയെ ചുമതലപ്പെടുത്തി, സമിതി നൽകുന്ന നിർദേശങ്ങൾ നടപ്പിലാക്കുമെന്നും അമിത് ഷാ രജൗരിയിൽ പറഞ്ഞു.

പഹാഡി വിഭാഗക്കാർക്ക് സംവരണം നൽകുകയാണെങ്കിൽ രാജ്യത്ത് ഭാഷാ അടിസ്ഥാനത്തിൽ സംവരണം നൽകുന്ന ആദ്യ നടപടിയായിരിക്കും. ആറ് ലക്ഷത്തോളമാണ് പഹാഡീ വിഭാഗക്കാരുടെ ജനസംഖ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP