Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രളയം ദുരിതം വിതച്ച കർണാടകയിലേയും മഹാരാഷ്ട്രയിലേയും പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി; ദുരിത ബാധിതരെ സഹായിക്കാൻ സർക്കാരുകൾ പ്രതിജ്ഞാബദ്ധമെന്നും അമിത്ഷാ; രാജ്യത്ത് പ്രളയക്കെടുതിയിൽ ഒമ്പതോളം സംസ്ഥാനങ്ങൾ

പ്രളയം ദുരിതം വിതച്ച കർണാടകയിലേയും മഹാരാഷ്ട്രയിലേയും പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി; ദുരിത ബാധിതരെ സഹായിക്കാൻ സർക്കാരുകൾ പ്രതിജ്ഞാബദ്ധമെന്നും അമിത്ഷാ; രാജ്യത്ത് പ്രളയക്കെടുതിയിൽ ഒമ്പതോളം സംസ്ഥാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രളയം ദുരിതം വിതച്ച കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇരു സംസ്ഥാനങ്ങളിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്താണ് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തിയത്. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

കർണാടകത്തിലെ മഴക്കെടുതിയിൽ 30 ഓളം പേർ മരിച്ചു. മഴ കുറഞ്ഞെങ്കിലും വടക്കൻ കർണാടകത്തിലെ ബെലഗാവി, ഹവേരി ജില്ലകളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ആയിരക്കണക്കിന് ഗ്രാമീണർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. വെള്ളപൊക്ക ദുരിതബാധിത പ്രദേശങ്ങളിൽ സംയുക്തസേനയുടെ രക്ഷാപ്രവർത്തനം തുടരുകയാണ്.

ബെൽഗാമിൽ ഗർഭിണികളായ രണ്ട് സ്ത്രീകളും രണ്ട് പിഞ്ചുകുട്ടികളും ഉൾപ്പെടെ കുടുങ്ങി കിടന്ന 85പേരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു. ശക്തമായ മഴയിൽ കർണാടകയിലെ 17 ജില്ലകളാണ് വെള്ളപ്പൊക്കത്തിലായത്. വയനാടിനോടും കണ്ണൂരിനോടും അതിർത്തി പങ്കിടുന്ന കുടക് ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്.

അതേസമയം ശക്തമായ പ്രളയ ദുരിതം നേരിടുന്ന കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് അമിത് ഷാ ഇന്നലെ കേരള ഗവർണർ പി.സദാശിവത്തിന് ഉറപ്പ് നൽകിയിരുന്നു. ഇക്കാര്യം ഗവർണർ തന്നെയാണ് ട്വീറ്ററിലൂടെ അറിയിച്ചത്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചുവെന്നു ഗവർണർ വ്യക്തമാക്കി.

''പ്രളയം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിന് ഉദാരമായ സഹായങ്ങൾ നൽകുമെന്ന് അറിയിച്ചു. പ്രളയത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനത്തുണ്ടായ നഷ്ടങ്ങൾ അദ്ദേഹത്തെ അറിയിച്ചു. രക്ഷാപ്രവർത്തനത്തെ കുറിച്ചും നിലവിലെ സാഹചര്യവും വ്യക്തമാക്കി,'' ഗവർണർ ട്വിറ്ററിൽ കുറിച്ചു.

ഇതിനിടെ കേരളത്തിന് അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 52. 27കോടി രൂപ കേന്ദ്രം അനുവദിച്ചു. സൈന്യമുൾപ്പടെ കേരളം ആവശ്യപ്പെട്ട കാര്യങ്ങൾ കേന്ദ്രം നൽകിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ പക്കൽ ആവശ്യത്തിന് പണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞതവണ പ്രളയസഹായമായി അനുവദിച്ച തുകയിൽ 1400 കോടി രൂപ കേരളം ഉപയോഗിച്ചിട്ടില്ല. 2047 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ ചിലവഴിക്കാത്ത 1400 കോടിയോളം രൂപ സർക്കാരിന്റെ കയ്യിലുണ്ടെന്നും മുരളീധരൻ പറഞ്ഞു.

കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ഒമ്പതോളം സംസ്ഥാനങ്ങളാണ് പ്രളയ ദുരിതം നേരിടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി നൂറുകണക്കിന് പേരാണ് മരിച്ചത്. ലക്ഷക്കണക്കിന് ആളുകൾക്ക് വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP