Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അസമിലേക്കുള്ള യാത്രകൾ ഒഴിവാക്കണം; പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങൾ; അസം ഭരണമുന്നണിയിലും അസ്വാരസ്യം

അസമിലേക്കുള്ള യാത്രകൾ ഒഴിവാക്കണം; പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങൾ; അസം ഭരണമുന്നണിയിലും അസ്വാരസ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് വഴിമാറിയതിന് പിന്നാലെ ഇന്ത്യയിൽ തങ്ങുന്നവരും വരാനിരിക്കുന്നവരുമായ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് അസമിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി.

പൗരത്വ ബില്ല് പാസാക്കിയതിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പൗരന്മാർക്ക് ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുകയാണ്. അസമിലെ എല്ലാ ജില്ലകളിലും ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി.

നാളെ സിനിമാ താരങ്ങളും സാമൂഹ്യ പ്രവർത്തകരും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. തിങ്കളാഴ്ച വീണ്ടും സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും ഓൾ ഇന്ത്യാ സ്റ്റുഡന്റ്‌സ് യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ക്രമസമാധാന പ്രശ്‌നങ്ങൾ നേരിടാൻ അർധ സൈനിക വിഭാഗങ്ങൾക്ക് പുറമെ കരസേനയേയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു അസമിൽ. ഇന്നു വൈകീട്ടോടെ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ പിൻവലിച്ചേക്കുമെന്നാണ് സൂചന. പെട്രോൾ പമ്പുകൾ അടക്കമുള്ള അവശ്യ കേന്ദ്രങ്ങളും ഇന്നുമുതൽ പ്രവർത്തിച്ചേക്കും.

ബില്ലിനെ ചൊല്ലി അസം സർക്കാരിനകത്തും വലിയ ഭിന്നതയാണ് ഉയരുന്നത്. ഭരണകക്ഷിയിലെ പ്രധാന പാർട്ടികളായ ബിജെപിയും അസം ഗണ പരിഷത്തും നിയമത്തെച്ചൊല്ലി ഇടഞ്ഞു. നിയമത്തിനെതിരെയുള്ള ജനരോഷം മനസ്സിലാക്കാൻ സർക്കാറിന് സാധിച്ചില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അതിനിടെ ബിജെപി അസം ഘടകത്തിൽ നിന്ന് നിരവധി നേതാക്കൾ പാർട്ടി വിട്ടു.

മുതിർന്ന ബിജെപി നേതാവും അസം പെട്രോകെമിക്കൽ ലിമിറ്റഡ് ചെയർമാനുമായ ജഗദീഷ് ഭുയൻ പാർട്ടി അംഗത്വവും ബോർഡ് സ്ഥാനവും രാജിവെച്ചതായി അറിയിച്ചു. 'പൗരത്വനിയമം അസം ജനതയ്ക്കെതിരാണ്. അതുകൊണ്ട് ഞാൻ രാജിവെക്കുന്നു. ഞാനും നിയമത്തിനെതിരെ ജനങ്ങൾക്കൊപ്പം രംഗത്തിറങ്ങും.'-രാജിവെച്ച ശേഷം അദ്ദേഹം പറഞ്ഞു.

അസമിലെ പ്രശസ്തന നടനും അസം സിനിമ വികസന കോർപ്പറേഷൻ ചെയർമാനുമായ ജതിൻ ബോറയും രവി ശർമ്മയും ബിജെപി വിട്ടു. 'അസം ജനതയാണ് എന്നെ ഞാനാക്കിയത്. എന്റെ ജനതക്ക് വേണ്ടി ഞാൻ സ്ഥാനങ്ങൾ രാജിവെക്കുകയാണ്'- ജതിൻ ബോറ പറഞ്ഞു. മുൻ സ്പീക്കർ പുലകേഷ് ബറുവയും ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു. ജമുഗുരിഹട്ട്, പത്മ ഹസാരിക മണ്ഡലങ്ങളിലെ ബിജെപി എംഎൽഎമാരും രാജിവെക്കുമെന്ന് അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന സംശയങ്ങളും ആശങ്കകളും പ്രതിഷേധങ്ങളും അടിസ്ഥാനരഹിതമല്ലെന്ന് അസം സ്പീക്കർ ഹിതേന്ദ്ര നാഥ് ഗോസ്വാമിയും വ്യക്തമാക്കിയിരുന്നു. അസം ഗണ പരിഷത്തിൽ നിന്നും പ്രവർത്തകരും നേതാക്കളും രാജിവെച്ചു. അനധികൃത കുടിയേറ്റത്തിനെതിരെ പോരാടിയാണ് അസമിൽ പാർട്ടി വളർന്നത്. അതുകൊണ്ട് ഇപ്പോൾ സർക്കാറിന്റെ ഭാഗമായ പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP