Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവരാവകാശ വിപ്ലവത്തിന് കൊടി പിടിച്ച് മോദി സർക്കാർ; എല്ലാ ആർടിഐ ഉത്തരങ്ങളും ഓൺലൈനിൽ പോസ്റ്റ് ചെയ്യണം; പത്രമുതലാളിമാർ മിണ്ടാതിരുന്നാലും ഇനി വാർത്തകൾ ലോകം അറിയും

വിവരാവകാശ വിപ്ലവത്തിന് കൊടി പിടിച്ച് മോദി സർക്കാർ; എല്ലാ ആർടിഐ ഉത്തരങ്ങളും ഓൺലൈനിൽ പോസ്റ്റ് ചെയ്യണം; പത്രമുതലാളിമാർ മിണ്ടാതിരുന്നാലും ഇനി വാർത്തകൾ ലോകം അറിയും

മാധ്യമപ്രവർത്തകരോട് അകലം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിവരാവകാശ വിപ്ലവത്തിന് മുന്നിട്ടിറങ്ങുകയാണ്. വിവരാവകാശനിയമപ്രകാരം ഒരു പൗരൻ എന്തിനെക്കുറിച്ചെങ്കിലും അറിയണമെന്നാവശ്യപ്പെട്ടാൽ അത് അയാളെ മാത്രം അറിയിക്കുന്ന രീതിയാണ് ഇന്ന് മിക്കവാറും പിന്തുടർന്ന് വരുന്നത്. അതായത് മറ്റുള്ളവർ അത് അറിയാൻ ഇന്ന് സാധ്യത വളരെ കുറവാണ്. സാമൂഹ്യപ്രസക്തമായ ഇത്തരം വിവരങ്ങളും അതിനോട് ബന്ധപ്പെട്ട വാർത്തകളും മാദ്ധ്യമങ്ങൾ എപ്പോഴും വാർത്തയാക്കണമെന്നുമില്ല. വിവരാവകാശ നിയമത്തിലൂടെ വെളിപ്പെടുന്നതായാലും തങ്ങൾക്കോ സ്വന്തക്കാർക്കോ പാരയാകുന്നതൊന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറില്ല.

സാഹചര്യങ്ങൾ ഇങ്ങനെയായിരിക്കെ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുന്ന വസ്തുതകളിൽ അധികവും ലോകമറിയാതെ പോകുകയാണ് പതിവ്. ഇതിന് അറുതി വരുത്താനാണ് മോദി സർക്കാർ ഇപ്പോൾ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുന്നത്. അതായത് ഇനി മുതൽ എല്ലാ ആർടിഐ(റൈറ്റ് ടു ഇൻഫർമേഷൻ) ഉത്തരങ്ങളും ഓൺലൈനിൽ പോസ്റ്റ് ചെയ്യണമെന്ന നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് മോദി സർക്കാർ. അങ്ങിനെ വരുമ്പോൾ ഇനി പത്രമുതലാളിമാർ മിണ്ടാതിരുന്നാലും ലോകം ഇതു സംബന്ധിച്ച വാർത്തകൾ അറിയുന്ന സാഹചര്യമാണ് വരാൻ പോകുന്നത്. മന്ത്രിമാർക്കും മന്ത്രാലയങ്ങൾക്കും ഉദ്യോഗസ്ഥന്മാർക്കും ഹാനികരമായി വർത്തിക്കുന്ന വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താനായിരുന്നു കഴിഞ്ഞ യുപിഎ സർക്കാരിന്റ കാലത്ത് ശ്രമമുണ്ടായിരുന്നതെങ്കിൽ അതിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് മോദി തുടക്കമിടുന്നത്.

പുതിയ നിയമം അടുത്ത മാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആർടിഐയിലൂടെ ലഭിക്കുന്ന മറുപടികളെല്ലാം ഇനി എല്ലാ മന്ത്രാലയങ്ങളും അവരുടെ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരിക്കണം. വിവരാവകാശ നിയമത്തിലൂടെ മറുപടി തേടുന്നയാൾക്ക് പുറമെ എല്ലാവർക്കും ഇതിനെക്കുറിച്ചറിയാൻ അവസരമൊരുക്കണമെന്നാണ് പുതിയ നിയമം നിഷ്‌കർഷിക്കുന്നത്. നിലവിലുള്ള നടപടികൾ പ്രകാരം ആർടിഐ പ്രകാരം വിവരം അറിയാൻ അപേക്ഷ ഫയൽ ചെയ്യുന്ന ഒരാൾക്ക് തപാലിലൂടെയാണ് ഇത് സംബന്ധിച്ച മറുപടി ലഭിക്കുന്നത്.

ഇതിനുള്ള സംവിധാനം എത്രയും വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഡിപ്പാർട്ട് മെന്റ് ഓഫ് പഴ്‌സണൽ ആൻഡ് ട്രെയിനിങ് ഇന്നലെ എല്ലാ മന്ത്രാലയങ്ങൾക്കും ഡിപ്പാർട്ട്‌മെന്റുകൾക്കും ഒരു ഒഫീഷ്യൽ മെമോറാണ്ടം അയച്ചിട്ടുണ്ട്. ആർടിഐ മറുപടികൾ അതാത് മന്ത്രാലയങ്ങളുടെയും ഡിപ്പാർട്ട്‌മെന്റുകളുടെയും വെബ്‌സൈററിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇതുപ്രകാരം നിർദേശിച്ചിരിക്കുന്നത്. ഒക്ടോബർ 31 മുതലാണീ പരിഷ്‌കാരം നടപ്പിലാക്കേണ്ടത്.

പുതിയപരിഷ്‌കാരം നടപ്പിലാക്കുന്ന മോദിസർക്കാരിനെ സ്തുതിച്ചു കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പുതിയ പരിഷ്‌കാരം ആർടിഐ ആക്ടിനെ പുതിയൊരു തലത്തിലേക്കെത്തിക്കുമെന്നാണ് മുൻ ചീഫ് ഇൻഫർമേഷൻ ഓഫീസറായ സത്യാനന്ദ മിശ്ര പറയുന്നത്. ഇത് നിയമത്തിന്റെ സുതാര്യത വർധിപ്പിക്കും. ഒരേ പ്രശ്‌നത്തിന് മുകളിലുള്ള ആവർത്തിച്ചുള്ള ആർടിഐ അന്വേഷണങ്ങളില്ലാതാക്കി ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരുടെ ജോലിഭാരം കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മന്മോഹൻ സർക്കാരിന് ചെയ്യാൻ സാധിക്കാത്ത കാര്യമാണ് മോദി ചെയ്യാൻ ഒരുങ്ങുന്നതെന്നാണ് ഡിപ്പാർട്ട് മെന്റ് ഓഫ് പഴ്‌സണൽ ആൻഡ് ട്രെയിനിംഗിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നത്. ഇതു പ്രകാരം ഏതൊരാൾക്കും വെബ്‌സൈറ്റിലൂടെ ആർടിഐ മറുപടികൾ ലഭിക്കുമെന്നും ഇതുവഴി ഒരേ പ്രശ്‌നത്തിലുള്ള ആവർത്തിച്ചാവർത്തിച്ചുള്ള അന്വേഷണങ്ങൾ ഒഴിവാക്കാമെന്നും അദ്ദേഹം പറയുന്നു. എന്നാൽ വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ടു മാത്രമെ ഇത്തരം വെളിപ്പെടുത്തലുകൾ നടത്താകൂ എന്ന് ഡിപ്പാർട്ട് മെന്റ് ഓഫ് പഴ്‌സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഡിപ്പാർട്ട് മെന്റ് ഓഫ് പഴ്‌സണൽ ആൻഡ് ട്രെയിനിംഗിന്റെ വെബ്‌സൈറ്റിൽ ഒരു പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കും ആർടിഐ മറുപടികൾ അവരുടെ സൈറ്റിൽ അപ്ലോഡ് ചെയ്യാനുള്ള ഒരു ഓപ്ഷൻ ഈ ഫീച്ചറിലൂടെ ലഭ്യമാകും. 2005ൽ യുപിഎ സർക്കാരാണ് ആർടിഐ നടപ്പിലാക്കിയത്. എന്നാൽ ഇതിന്റെ സുതാര്യത നിലനിർത്താൻ യുപിയക്കായില്ലെന്നതാണ് പ്രധാന പോരായ്മ. ഒരു വേള ഈ നിയമം യുപിഎ സർക്കാരിന് തന്നെ പാരയാകുന്ന അവസ്ഥയുമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP