Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ രണ്ടാമൂഴത്തിൽ അജിത് ഡോവലിന് കാബിനറ്റ് പദവിയും; രാജ്യ സുരക്ഷയുടെ കാര്യത്തിൽ മോദിക്ക് ചാണക്യ തന്ത്രങ്ങൾ പകർന്നു നൽകുന്ന ഡോവലിന് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം; കൂടുതൽ കരുത്തനായി രണ്ടാമൂഴത്തിൽ ഡോവൽ എത്തുന്നതോടെ ഉറക്കം കെടുന്നത് വിഘടനവാദികൾക്കും പാക്കിസ്ഥാനും

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ രണ്ടാമൂഴത്തിൽ അജിത് ഡോവലിന് കാബിനറ്റ് പദവിയും; രാജ്യ സുരക്ഷയുടെ കാര്യത്തിൽ മോദിക്ക് ചാണക്യ തന്ത്രങ്ങൾ പകർന്നു നൽകുന്ന ഡോവലിന് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം; കൂടുതൽ കരുത്തനായി രണ്ടാമൂഴത്തിൽ ഡോവൽ എത്തുന്നതോടെ ഉറക്കം കെടുന്നത് വിഘടനവാദികൾക്കും പാക്കിസ്ഥാനും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ അജിത് ഡോവലിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി നൽകി കേന്ദ്ര സർക്കാർ. കഴിഞ്ഞ അഞ്ച് വർഷത്തെ സേവനം കൂടി കണക്കിലെടുത്ത് കാബിനറ്റ് റാങ്കോടെയാണ് രണ്ടാം മോദി സർക്കാർ വീണ്ടും അജിത് ഡോവലിന് നിയമനം നൽകിയിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കാബിനറ്റ് റാങ്ക് അനുവദിക്കുന്നത്. മുൻ വർഷങ്ങളിൽ സഹമന്ത്രിക്ക് തുല്യമായ സ്ഥാനമായിരുന്നെങ്കിൽ ഇക്കുറി അദ്ദേഹത്തിന്റെ സ്ഥാനം കേന്ദ്രമന്ത്രിമാർക്ക് തുല്യമാണ്. 2014 ൽ ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയ ഉടൻ ഇദ്ദേഹത്തെ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിരുന്നു.

Stories you may Like

ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നതിന് മുൻപ് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയുടെ തലവനായിരുന്നു ഇദ്ദേഹം. ഉറിയിൽ നടത്തിയ മിന്നലാക്രമണവും പുൽവാമയിൽ സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിന് തിരിച്ചടിയെന്നോണം ബാലകോട്ട് നടത്തിയ ആക്രമണവും ഇദ്ദേഹം സുരക്ഷാ ഉപദേഷ്ടാവായിരുന്ന കാലത്താണ്.

1968ൽ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായാണ് ഡോവലിന്റെ പൊലീസ് ജീവിതത്തിന്റെ തുടക്കം. അച്യുതമേനോൻ മന്ത്രിസഭയുടെ പേരിടിച്ചു താഴ്‌ത്താൻ ആസൂത്രണം ചെയ്യപ്പെട്ട 1971ലെ തലശേരി കലാപം അമർച്ച ചെയ്യാൻ അന്നു കെ. കരുണാകരൻ അവിടെ എസ്‌പി ആയി നിയമിച്ചതു ഡോവലിനെ ആയിരുന്നു. പിന്നീട് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡോവൽ ഐബിയിൽ ചേർന്നു. കാഷ്മീരിൽ ഡോവൽ നടത്തിയ മുന്നേറ്റങ്ങൾ പിന്നീട് പൊലീസ് സേനയുടെ പഠ്യപുസ്തകങ്ങളിൽ വരെ ഇടം പിടിച്ചു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ നേടി. തൊട്ടു പിന്നാലെ രാഷ്ട്രപതിയുടെ പൊലീസ് മെഡലും. ഏഴുവർഷക്കാലം (199096) പാക്കിസ്ഥാനിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലും പ്രവർത്തിച്ചു. 33 വർഷവും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവർഷം ഐബിയുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു.

പാക്കിസ്ഥാൻ കൈരേഖപോലെ പരിചിതം

ഏഴു വർഷം പാക്കിസ്ഥാനിൽ കഴിഞ്ഞ അജിത്  ഡോവലിനറിയാവുന്നതു പോലെ പാക്കിസ്ഥാനെ അവിടത്തുകാർ പോലും അറിഞ്ഞിട്ടുണ്ടാകില്ല. പാക്കിസ്ഥാന്റെ ഭൂപടം ഡോവലിന്റെ കൈവെള്ളയിലുമുണ്ടെന്നതു തന്നെയാണ് ഇപ്പോൾ പാക്കിസ്ഥാന്റെ പേടിയും. ഫീൽഡിലിറങ്ങി ചാരപ്രവർത്തനം നടത്തിയിട്ടുള്ള ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ആദ്യമായാണ് രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായത്. പ്രവർത്തനമികവും കൈയടക്കവും അനുഭവ പരിചയവുമാണ് അജിത് ഡോവലിനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ സംഘത്തെ ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ ഇസ്രയേലിന്റെ മൊസാദുമായി കൂട്ടിയിണക്കുന്നത് അജിത് ഡോവലിന്റെ ബുദ്ധിയാണ്.

പാക്കിസ്ഥാന്റെ കണ്ണിലെ കരട്

ഇന്ത്യയിലേക്ക് തോക്ക് തിരിച്ചു വയ്ക്കുമ്പോൾ പാക്കിസ്ഥാൻ ഉന്നം വയ്ക്കുന്നത് അജിത് ഡോവൽ എന്ന ഒളിപ്പോരിനു പേരു കേട്ട ഉദ്യോഗസ്ഥനെ തന്നെയാണ്. അഫ്ഗാൻപാക്കിസ്ഥാൻ അതിർത്തിയിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്നും ഇതിനു പിന്നിൽ ഡോവലാണെന്നുമാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. കാഷ്മീരിൽ വിഘടനവാദികൾക്കും ഭീകരർക്കുമെതിരേയുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതും ഡോവൽ. അഫ്ഗാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചത് ഡോവൽ തന്നെയാണ്. ഇതുകൊണ്ടു തന്നെ പാക് തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റിൽ ഡോവൽ എന്നുമുണ്ടായിരുന്നു.

അമൃത്സറിലെ ആൾമാറാട്ടം

അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലാക്തണ്ടറായിരുന്നു അജിത് ഡോവൽ നിർവഹിച്ച സാഹസിക ഇടപെടലുകളിൽ പ്രധാനപ്പെട്ടത്. പഞ്ചാബിലെ ചുട്ടു പൊള്ളുന്ന വേനലിലായിരുന്നു ഖാലിസ്ഥാൻ തീവ്രവാദികളുമായുള്ള പോരാട്ടം. ഒത്തു തീർപ്പു വ്യവസ്ഥകൾക്കു വഴങ്ങാതെ കെപിഎസ് ഗില്ലിന്റെ നേതൃത്വത്തിലുള്ള ആക്രണമായിരുന്നു ഓപ്പറേഷൻ ബ്ലാക് തണ്ടർ. 16 ദിവസം നീണ്ടു നിന്ന ആക്രമണത്തിൽ സുവർണ ക്ഷേത്രത്തിന് ഒരു പോറൽ പോലുമേൽക്കാതെ 41 തീവ്രവാദികളെ വധിക്കുകയും 200 പേരെ ജീവനോടെ പിടിക്കുകയും ചെയ്തു. ഓപ്പറേഷൻ ബ്ലാക് തണ്ടറിനു മുമ്പു പാക്കിസ്ഥാനിൽ നിന്ന് ഐഎസ്‌ഐ അയച്ച കമാൻഡിങ് ഓഫീസറായാണ് ഡോവൽ ഖാലിസ്ഥാൻ തീവ്രവാദികളുടെ ഇടയിലേക്കു കയറിച്ചെല്ലുന്നത്. സുവർണ ക്ഷേത്രത്തിനു ചുറ്റും ബോംബുകളും ഗ്രനേഡുകളും സ്ഥാപിക്കാൻ ഇയാളും അവരോടൊപ്പം കൂടി. പക്ഷേ ആക്രമണ സമയത്ത് ഇതിലൊന്നു പോലും പൊട്ടിയില്ല. മാത്രമല്ല ഓപ്പറേഷനു ശേഷം ഇയാൾ അപ്രത്യക്ഷനാകുകയും ചെയ്തു.

അന്ന് ഖാലിസ്ഥാനികളെ സഹായിക്കാനെത്തിയ ഐഎസ്‌ഐ ചാരനെ വഴിയിൽ പിടികൂടിയ ശേഷം അയാളുടെ വേഷത്തിൽ സുവർണ ക്ഷേത്രത്തിലെത്തിയത് ഡോവലായിരുന്നു. സൈനികർക്കു നൽകുന്ന ഉയർന്ന ബഹുമതിയായ കീർത്തി ചക്ര നൽകിയാണ് രാഷ്ര്ടപതി, ഡോവൽ എന്ന  ഓഫീസറെ ഈ ധീരകൃത്യത്തിന് ആദരിച്ചത്.  തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ റൊമാനിയൻ നയതന്ത്ര പ്രതിനിധി ലിവ്യു റഡുവിനെ ഒരു പോറൽ പോലുമേൽപ്പിക്കാതെ മോചിപ്പിച്ചതും ഡോവലിന്റെ പ്രവർത്തന മികവായിരുന്നു.

മിസോറാമിലെ ഒളിപ്പോര്

മിസോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി അവരിൽ ഒരാളായി നിന്നാണ് അജിത് ഡോവൽ അവരുടെ തന്നെ പല കമാൻഡർമാരെയും വകവരുത്തിയത്. കലാപത്തിനു നേതൃത്വം നൽകിയ ലാൽ ഡെംഗയുടെ ഏഴു കമാൻഡർമാരെയാണ് ഇത്തരത്തിൽ വകവരുത്തിയത്.

കാണ്ഡഹാറിലെ ഓപ്പറേഷൻ

1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി വിലപേശി ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ട ശ്രമങ്ങൾ അജിത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു. താലിബാനികളുമായി നേരിട്ടു സംസാരിച്ച് 41 തീവ്രവാദികളെ വിട്ടയയ്ക്കണം എന്ന ആവശ്യത്തിൽനിന്നു മൂന്നു പേരുടെ മോചനം എന്ന ആവശ്യത്തിലേക്കാണ് ഡോവലെത്തിച്ചത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

2014 മെയ്‌ 30നാണ് അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെടുന്നത്. ആ വർഷം തന്നെ ജൂണിൽ ഇറാക്കിലെ തിക്രിത്ത് ഐസിസ് ഭീകരർ പിടിച്ചെടുത്തതിനുശേഷം ആശുപത്രിയിൽ കുടുങ്ങിയ 46 ഇന്ത്യൻ നഴ്‌സുമാരെ തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇറാക്കിൽ നേരിട്ടെത്തിയ ഡോവൽ അവിടെ സർക്കാർ തലത്തിൽ ചർച്ചകൾ നടത്തിയാണ് ഇതു സാധ്യമാക്കിയത്.

മണിപ്പൂരിൽ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാന്മറിൽ കയറിയാണ് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. അതിന്റെ പിന്നിലും ഡോവലിന്റെ ബുദ്ധിയായിരുന്നു.

നേപ്പാൾ, ശ്രിലങ്ക

നേപ്പാളിൽ ഭരണഘടന മാറ്റത്തിനുശേഷം മാദേശി പ്രക്ഷോഭം ഇളക്കി വിട്ട് ഹിന്ദു രാഷ്ട്രമെന്ന വികാരമുണർത്തി പ്രധാനമന്ത്രി പ്രചണ്ഡയെ താഴെയിറക്കിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയുണ്ടായിരുന്നു. അതു പോലെ തന്നെ ശ്രീലങ്കയിൽ മഹീന്ദ രാജപക്‌സയെ പരാജയപ്പെടുത്തി സിരിസേന അധികാരത്തിലേറിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയും ചരടുവലികളുമായിരുന്നു.

ഉറിയിലും ബലാക്കോട്ടും ഡോവലിന്റെ തന്ത്രം

2016 ലെ ഉറി ഭീകരാക്രമണത്തിന് ശേഷം നടന്ന മിന്നലാക്രമണത്തിനും 2019 ൽ ബലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിനും ചുക്കാൻ പിടിച്ചത് അജിത് ഡോവലായിരുന്നു. രാജ്യത്ത് വീണ്ടും മോദി സർക്കാർ അധികാരത്തിലേറാൻ ഈ സൈനിക നീക്കങ്ങൾ സഹായിച്ചിട്ടുണ്ടാകാം എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതിനാലാണ് സേവന കാലത്തെ മികവ് കൂടി പരിഗണിച്ച് ഡോവലിന് കാബിനറ്റ് റാങ്ക് നൽകിയിരിക്കുന്നതെന്നാണ് കരുതുന്നത്.

1945-ൽ ഉത്തരാഖണ്ഡിലാണ് അജിത് ഡോവലിന്റെ ജനനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP