Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുരട്ച്ചി തലൈവിയുടെ വിയോഗത്തിൽ നെഞ്ചുപൊട്ടി തമഴികം; ജയലളിതയുടെ വിയോഗമറിഞ്ഞ് അഞ്ചുപേർ ഹൃദയാഘാതം മൂലം മരിച്ചു; യുവജന വിഭാഗം നേതാവുൾപ്പെടെ മൂന്നുപേർ ജീവനൊടുക്കി; ജയിയിലടയ്ക്കപ്പെട്ടപ്പോൾ ജീവത്യാഗം ചെയ്ത 244 പേർക്കായി അമ്മ വിതരണം ചെയ്തത് 7.32 കോടി

പുരട്ച്ചി തലൈവിയുടെ വിയോഗത്തിൽ നെഞ്ചുപൊട്ടി തമഴികം;  ജയലളിതയുടെ വിയോഗമറിഞ്ഞ് അഞ്ചുപേർ ഹൃദയാഘാതം മൂലം മരിച്ചു; യുവജന വിഭാഗം നേതാവുൾപ്പെടെ മൂന്നുപേർ ജീവനൊടുക്കി; ജയിയിലടയ്ക്കപ്പെട്ടപ്പോൾ ജീവത്യാഗം ചെയ്ത 244 പേർക്കായി അമ്മ വിതരണം ചെയ്തത് 7.32 കോടി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗ വാർത്തയറിഞ്ഞ് തമിഴ്‌നാട്ടിൽ അഞ്ച് എഐഎഡിഎംകെ പ്രവർത്തകർ ഹൃദയാഘാതം മൂലം മരിച്ചതായും മൂന്നുപേർ ജീവത്യാഗം ചെയ്തതായും റിപ്പോർട്ടുകൾ. ജയലളിതയ്ക്ക് രണ്ടുവർഷം മുമ്പ് ബാംഗഌർ കോടതി അനധികൃത സ്വത്തുസമ്പാദനക്കേസിൽ ജയിൽശിക്ഷ വിധിച്ചതിനു പിന്നാലെ തൊട്ടടുത്ത ദിവസങ്ങളിൽ 113 പേർ ഹൃദയാഘാതം മൂലം മരിച്ചതായും 41 പേർ ജീവനൊടുക്കിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

സമാനമായ സാഹചര്യമോ അതിലും ഭീകരമായ അവസ്ഥയോ ജയയുടെ വിയോഗത്തോടെ ഉണ്ടാവുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനകം തന്നെ എട്ടുപേരുടെ മരണം ജയയുടെ വിയോഗത്തിന്റെ ആഘാതംമൂലം ഉണ്ടായതായ റിപ്പോർട്ടുകൾ പുറത്തുവന്നു. സന്യാസിപ്പേട്ട ഗാന്ധിനഗർ കോളനി നീലകണ്ഠൻ, നെയ്‌വാസൽ തങ്കരാസു, ചാമുണ്ടി, പെരിയ സ്വാമി, പണ്ണമാൾ എന്നിവരാണ് മരിച്ചത്. ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറിയാണ് മരിച്ച നീലകണ്ഠൻ. തങ്കരാസു, ചാമുണ്ടി എന്നിവർ നെയ് വാസൽ ഏരിയ കമ്മിറ്റി അംഗങ്ങളാണ്. ദുഃഖം താങ്ങാനാവാതെ വേലൂർ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രൻ എന്നിവർ ആത്മഹത്യ ചെയ്തതായും റിപ്പോർട്ടുകളിൽ പറയുന്നു.

ജയലളിത രോഗബാധിതയായി സെപ്റ്റംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതുമുതൽ അവരുടെ ജീവൻ രക്ഷിക്കാനായി നാടൊട്ടുക്കും പ്രാർത്ഥനകളും പൂജകളുമായി കഴിഞ്ഞുകൂടുകയായിരുന്നു അവരുടെ ആരാധകരും അനുയായികളും. ജയലളിതയുടെ നില മെച്ചപ്പെട്ടുവന്നതോടെ അവരുടെ ജീവന് ആപത്തുണ്ടാകില്ലെന്നും അമ്മ തിരികെയെത്തുമെന്നും പ്രതീക്ഷിച്ചിരുന്നവർക്കിടയിലേക്കാണ് ഞായറാഴ്ച വൈകീട്ട് പൊടുന്നനെ ജയയുടെ ഹൃദയസ്തംഭന വാർത്ത എത്തുന്നത് .

ഇതോടെ നിരവധി പേർ തലൈവി ചികിത്സയിൽ കഴിയുന്ന അപ്പോളോ ആശുപത്രി പരിസരത്തേക്ക് കുതിച്ചു. ഇന്നലെ വൈകീട്ട് അവരുടെ നില കൂടുതൽ വഷളായെന്ന വിവരം പുറത്തുവരികയും ചില ചാനലുകളിൽ ജയ മരിച്ചതായ വാർത്ത വരികയും ചെയ്തതോടെ പലരും അക്രമാസക്തരാകുകയും ചെയ്തിരുന്നു. പാതിരാത്രിയോടെ ജയ മരിച്ചുവെന്ന ഔദ്യോഗിക അറിയിപ്പ്് പുറത്തുവന്നു.

ജയ ജയിലിലായി എന്ന ഷോക്കു പോലും താങ്ങാനാകാത്ത ആരാധകരും അനുയായികളും അവരുടെ എന്നെന്നേയ്ക്കുമായുള്ള വേ്ർപാടിനോട് എത്രത്തോളം വികാരപരമായി പ്രതികരിക്കുമെന്ന ആശങ്കയിലാണ് എഐഎഡിഎംകെ നേതൃത്വം. ഇന്നു വൈകീട്ടാണ് മറീനാ ബീച്ചിൽ ജയയുടെ മൃതദേഹം സംസ്‌കരിക്കുക. എംജിആറിന്റെ ഭൗതികദേഹം സംസ്‌കരിച്ചതിന് സമീപത്തായാണ് ജയക്കും അന്ത്യവിശ്രമം. ഈ വേളയിലെല്ലാം സംയമനം പാലിക്കണമെന്ന് മുതിർന്ന നേതാക്കൾ അണികൾക്ക് ചാനലുകളിലൂടെയും മറ്റും നിർദ്ദേശം നൽകുന്നുണ്ടെങ്കിലും ജയയോടുള്ള ആരാധനയിൽ ജനം എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്.

ജയലളിതയുടെ മരണത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ ദുഃഖാചരണവുമുണ്ടാകും. ഈ ദിവസങ്ങളിലെല്ലാം അനിഷ്ടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രതയിലായിരിക്കും സംസ്ഥാനം. ജയലളിതയെ 2014ൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അവർ കുറ്റവിമുക്തയാക്കപ്പെടുന്നതുവരെ ഉള്ള കാലത്ത് 244 പേർ അവർക്കുവേണ്ടി ജീവനൊടുക്കിയെന്നും ഇവരുടെ കുടുംബങ്ങൾക്ക് ഏഴുകോടി 33 ലക്ഷം രൂപ വിതരണം ചെയ്തതായും കഴിഞ്ഞ വർഷം അണ്ണാ ഡിഎംകെ അറിയിച്ചിരുന്നു.

ആത്മഹത്യാ ശ്രമങ്ങളിൽ പരിക്കേറ്റ നാലുപേർക്ക് ചികിത്സാ സഹായമായി രണ്ടുലക്ഷം രൂപയും നൽകി. തനിക്കുവേണ്ടി ഇത്തരത്തിൽ ജീവനൊടുക്കുന്ന ശ്രമങ്ങളിൽ നിന്ന് ജനങ്ങൾ പിന്മാറണമെന്ന് ജയലളിത അക്കാലത്ത് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. മുൻപ് എംജിആറിന്റെ മരണത്തെ തുടർന്നും അതിന് മുമ്പ് അണ്ണാദുരൈയുടെ നിര്യാണത്തിനു ശേഷവും ഇത്തരത്തിൽ നിരവധി പേർ തങ്ങൾ ജീവനുതുല്യം സ്‌നേഹിക്കുന്ന നേതാക്കളുടെ വിയോഗത്തിൽ മനംനൊന്ത് ജീവത്യാഗം നടത്തിയിരുന്നു. ഈ സ്ഥിതി ജയയുടെ നിര്യാണത്തിനു ശേഷവും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് തമിഴകം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP