Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിൽ 2500 രൂപ; റെഡ്‌ലൈറ്റ് ചാടിയാൽ 5000! മദ്യപിച്ച് വണ്ടി ഓടിച്ചാൽ 50,000 പിഴയും ജയിലും: ബ്രിട്ടീഷ് മാതൃകയിൽ നിയമം അഴിച്ചുപണിയുമ്പോൾ കുടിയന്മാർ മര്യാദക്കാരാകുമോ?

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിൽ 2500 രൂപ; റെഡ്‌ലൈറ്റ് ചാടിയാൽ 5000! മദ്യപിച്ച് വണ്ടി ഓടിച്ചാൽ 50,000 പിഴയും ജയിലും: ബ്രിട്ടീഷ് മാതൃകയിൽ നിയമം അഴിച്ചുപണിയുമ്പോൾ കുടിയന്മാർ മര്യാദക്കാരാകുമോ?

വണ്ടിയുമായി റോഡിലിറങ്ങുന്നവരുടെ ധാരണ റോഡ് അവരുടെ തറവാട്ട് സ്വത്താണെന്നാണ്. രണ്ടെണ്ണം വീശിയിട്ടുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇങ്ങനെയുള്ളവരെ മര്യാദ പഠിപ്പിക്കാൻ പുതിയ റോഡ് നിയമങ്ങളിലൂടെ മോദി സർക്കാർ ഒരുങ്ങുകയാണ്. രാജ്യവ്യാപകമായി നിത്യേന 380 പേരെങ്കിലും റോഡപകടങ്ങളിൽ മരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ട്രാഫിക് നിയമങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്.

ബ്രിട്ടീഷ് മാതൃകയിൽ ഡ്രൈവിങ് ലൈസൻസിൽ പിഴ പോയിന്റ് സമ്പ്രദായം ഏർപ്പെടുത്തുന്നതാവും ഏറ്റവും പ്രധാന പരിഷ്‌കാരം. ഇതനുസരിച്ച് ഓരോ ഡ്രൈവിങ് നിയമലംഘനവും സംഭവിക്കുമ്പോൾ ഒരു നിശ്ചി പിഴ ലൈസൻസിൽ നൽകും. ഇത്തരത്തിൽ ഒരു ഡ്രൈവറുടെ ലൈസൻസിൽ 12 നെഗറ്റീവ് പോയിന്റുകൾ ഉണ്ടാകുമ്പോൾ അയാളുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യും. ഇത്തരത്തിൽ ഡ്രൈവർ മറ്റൊരു 12 നെഗറ്റീവ് പോയിന്റുകൾ കൂടി നേടിയാൽ ലൈസൻസ് അഞ്ച് വർഷത്തേക്ക് ക്യാൻസൽ ചെയ്യും.

അമിത വേഗത്തിൽ കാറോടിച്ചാൽ വൻപിഴ ആയിരിക്കും ഈ നിയമം നടപ്പിലാക്കുന്നതോടെ നിലവിൽ വരിക. 5000 രൂപ മുതൽ 25000 രൂപ വരെയായിരിക്കും പിഴ ഈടാക്കുക. ഇപ്പോൾ 100 മുതൽ 500 വരെ ഈടാക്കുന്നിടത്താണ് ഈ മാറ്റം. വേഗതയുടെ ഗൗരവം അനുസരിച്ചായിരിക്കും പിഴയും കൂടുക. 5000, 10000, 25000 എന്നിങ്ങനെ മൂന്നു വിധം ക്ലാസ്സുകളാണ് നടപ്പിലാക്കുക. ഇത് നടപ്പിലായാൽ ഒരൊറ്റ യാത്ര പോയി മടങ്ങുമ്പോൾ നാല് പ്രധാന പിഴവുകൾ വരുത്തിയാൽ ഒരു ലക്ഷം രൂപ വരെ പിഴയായി നൽകേണ്ടി വരാം. മത്സര ഓട്ടം നടത്തുകയോ റേസിങ്ങ് നടത്തുകയോ ചെയ്താൽ കുറഞ്ഞ പിഴ 10000 രൂപയായിരിക്കും. രണ്ട് തെറ്റുകൾക്കും പെനാൽറ്റി പോയിന്റും നൽകും.

ഒരു ലൈസൻസ് റദ്ദ് ചെയ്താൽ പുതിയ ലൈസൻസ് എടുക്കാൻ 25000 രൂപ ഫീസ് നൽകണമെന്നും നിയമത്തിൽ പറയുന്നുണ്ട്. അല്ലെങ്കിൽ മൂന്നു മാസം തടവ് അനുഭവിച്ചാൽ മതിയാകും. ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ചാൽ 10000 രൂപ ആയിരിക്കും പിഴ. രജിസ്‌ട്രേഷൻ ഇല്ലാത്ത വണ്ടി ഓടിച്ചാൽ പിഴ ഒരു ലക്ഷം ആയിരിക്കും. മദ്യപിച്ച് കാർ ഓടിക്കുന്നതിന്റെ ശിക്ഷയാണ് കൂടുതൽ, 100 മില്ലി ലിറ്റർ മൂത്രത്തിൽ 30 മുതൽ 100 വരെ മില്ലിഗ്രാം ആൽക്കഹോൾ കണ്ടെത്തിയാൽ 25000 രൂപ പിഴയോ ആറ് മാസം തടവോ രണ്ടും കൂടി ഒരുമിച്ചോ നൽകാം. ഇതിന് മുകളിൽ ആണ് മദ്യത്തിന്റെ അളവെങ്കിൽ 50000 രൂപ പിഴയും ഒരു വർഷം വരെ തടവും ആയിരിക്കും ശിക്ഷ. എന്നുവച്ചാൽ ഒരു ലാർജ് അടിച്ച് വണ്ടി ഓടിച്ചാൽ പോലും 25000 രൂപ പിഴ ലഭിക്കാമെന്നർത്ഥം.

ട്രാഫിക് സിഗ്‌നൽ ലംഘിക്കുക, മോട്ടോർ സൈക്കിളിൽ മൂന്ന് പേരെ ഇരുത്തി ഓടിക്കുക, മദ്യപിച്ച് വാഹനമോടിക്കൽ, രജിസ്‌ട്രേഷനില്ലാതെ വാഹനം ഉപയോഗിക്കൽ തുടങ്ങിയ ഓരോ കേസിലും 3 നെഗറ്റീവ് പോയിന്റായിരിക്കും ചുമത്തുക. യുകെ, അമേരിക്ക, ഓസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങളിലെ ട്രാഫിക് നിയമങ്ങളുടെ മാതൃകയിലായിരിക്കും പുതിയ നിയമമെന്നറിയുന്നു. പുതിയ നിയപ്രകാരം ട്രാഫിക് ലൈറ്റ് ലംഘിച്ചാൽ 5000 രൂപ പിഴ നൽകേണ്ടി വരും. ലോകത്തിലെ ഏറ്റവും നല്ലതും ഫലപ്രദവുമായ ട്രാഫിക് നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കുന്നത്. ഇതു പ്രകാരം ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രമോട്ടോർ വാഹനമോടിച്ചാലോ സീറ്റ് ബെൽറ്റ് ധരിക്കാതെ കാർ ഓടിച്ചാലോ 2500 രൂപ പിഴയും നെഗറ്റീവ് പോയിന്റും ചുമത്തും. റോഡിൽ അപകടങ്ങൾ വർധിക്കുന്നതിന്റെ പ്രധാനകാരണങ്ങളിൽ രണ്ടെണ്ണമാണിത്. ഇതിനു പുറമെ മദ്യപിച്ച് വാഹനമോടിക്കുന്നതും അമിത വേഗതയും രാജ്യത്തെ റോഡുകളെ കുരുതിക്കളമാക്കുന്നു.

വാഹനമോടിക്കുന്നവരാണ് റോഡിലെ അപകടങ്ങളിലെ മുഖ്യ ഉത്തരവാദികളെന്ന് പുതിയ നിയമം പറയുന്നു. ഉത്തരവാദിത്വമില്ലാതെ വണ്ടിയോടിക്കുന്നവരെയും വാഹന ഉടമകളെയും നിയന്ത്രിക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. റോഡിലെ ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഉടമകളിൽ നിന്ന് മണിക്കൂറിന് 1000 രൂപ എന്ന തോതിൽ പിഴ ചുമത്താനും നീക്കമുണ്ട്.

യുകെ, ജപ്പാൻ, ഓസ്‌ട്രേലിയ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ കർക്കശമായ റോഡ്‌നിയമങ്ങളാണുള്ളത്. ഇവിടങ്ങളിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷയും റോഡപകടങ്ങൾ കുറയ്ക്കാൻ കടുത്ത നിയമങ്ങളുമാണുള്ളത്. ട്രാഫിക് നിയമങ്ങൾ കർക്കശമാക്കി നടത്താനുള്ള ഭരണവ്യവസ്ഥയും ട്രാഫിക് ബോധവൽക്കരണവും ഇവിടെ അപകടങ്ങൾ കുറയ്ക്കാൻ കാരണമായി വർത്തിക്കുന്നു. ചൈനയും ഇന്ത്യയും ബ്രസീലും ഈ മാതൃകകൾ പിന്തുടരുകയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങളുണ്ടാകുന്ന രണ്ടാമത്തെ രാജ്യമായ ചൈനയിൽ 2013ൽ കർക്കശമായ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

റോഡ് നിയമങ്ങൾ കർക്കശമാക്കാനുള്ള ഒരു ബിൽ വിന്റർ സെഷനിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമെന്ന് റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറയുന്നു. നിയമത്തിന്റെ കരട് തയ്യാറാക്കിയ ശേഷം കേന്ദ്രഗവൺമെന്റ് ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുമെന്നാണറിയുന്നത്.

ബ്രിട്ടീഷ് മോദിൽ നിയമം നടപ്പാക്കുമ്പോൾ നെഗറ്റീവ് പോയിന്റിലൂടെ ലൈസൻസ് നഷ്ടപ്പെട്ട് ്ൈഡ്രവർക്ക് അത് വീണ്ടും തിരിച്ചു കിട്ടണമെങ്കിൽ കർക്കശമായ കടമ്പകളുള്ള ടെസ്റ്റ് പാസാകേണ്ടി വരും. മദ്യപിച്ച് വണ്ടിയോടിക്കുന്നത് പിടിക്കപ്പെട്ടാൽ ഒറ്റയടിക്ക് ലൈസൻസ് റദ്ദാക്കാനുള്ള പിഴ ലഭിക്കും. മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയാൽ കൊലക്കുറ്റത്തിനാകും കേസ് ചാർജ് ചെയ്യുക.

അഴിമതിയുടെ വിളനിലങ്ങളായ ആർടി ഓഫീസുകൾ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവും ഇതോടനുബന്ധിച്ച് പുറത്ത് വന്നിരുന്നു. പെർമിറ്റും ലൈസൻസും വാഹനസംബന്ധിയായ മറ്റ് സേവനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ ഫലത്തിൽ സാധാരണക്കാരന് ഏറെ ഗുണം ചെയ്യുമെന്നുറപ്പാണ്.

Graphic Courtesy- The Times of India

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP