Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാലാൽസംഗം ചെയ്ത സ്ത്രീകളെ സ്തനങ്ങൾ വെട്ടിമാറ്റി ചോരവാർപ്പിച്ച് കൊല്ലുന്ന ജാപ്പ് ക്രൂരത; തടവുകാരെ ഉറങ്ങാൻ അനുവദിക്കാതെ ഭ്രാന്തന്മാരാക്കുന്ന സ്റ്റാലിന്റെ സാഡിസ്റ്റ് പരീക്ഷണങ്ങൾ; ഇരട്ടക്കുട്ടികളിൽ ഒരാളുടെ കണ്ണുകുത്തിപ്പൊട്ടിച്ചാൽ മറ്റൊയാൾക്കും വേദനിക്കുമോ എന്ന് പരീക്ഷിക്കുന്ന ഹിറ്റ്ലറുടെ ഡോക്ടർമാർ; രണ്ടാം ലോക മഹായുദ്ധത്തിന്റെ 75-ാം വാർഷികത്തിലും ക്രൂരതകൾ തുറന്നുകാട്ടി യുദ്ധവിരുദ്ധ പ്രവർത്തകർ; മൂന്നാം ലോക മഹായുദ്ധത്തിനായി കോപ്പുകൂട്ടുന്നവർ ഈ കെടുതികളും അറിയണം

ബാലാൽസംഗം ചെയ്ത സ്ത്രീകളെ സ്തനങ്ങൾ വെട്ടിമാറ്റി ചോരവാർപ്പിച്ച് കൊല്ലുന്ന ജാപ്പ് ക്രൂരത; തടവുകാരെ ഉറങ്ങാൻ അനുവദിക്കാതെ ഭ്രാന്തന്മാരാക്കുന്ന സ്റ്റാലിന്റെ സാഡിസ്റ്റ് പരീക്ഷണങ്ങൾ; ഇരട്ടക്കുട്ടികളിൽ ഒരാളുടെ കണ്ണുകുത്തിപ്പൊട്ടിച്ചാൽ മറ്റൊയാൾക്കും വേദനിക്കുമോ എന്ന് പരീക്ഷിക്കുന്ന ഹിറ്റ്ലറുടെ ഡോക്ടർമാർ; രണ്ടാം ലോക മഹായുദ്ധത്തിന്റെ 75-ാം വാർഷികത്തിലും ക്രൂരതകൾ തുറന്നുകാട്ടി യുദ്ധവിരുദ്ധ പ്രവർത്തകർ; മൂന്നാം ലോക മഹായുദ്ധത്തിനായി കോപ്പുകൂട്ടുന്നവർ ഈ കെടുതികളും അറിയണം

എം മാധവദാസ്

തിർത്തിയിൽ 20 ജവാന്മാരുടെ വീരമൃത്യു സൃഷ്ടിച്ച നടുക്കത്തിനും രോഷത്തിനും ഇടയിലും ഇന്ത്യ - ചൈന സൈനികർ യുദ്ധമുഖത്തല്ലാതെ നേർക്കുനേർ വരികയാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ഈ ബുധനാഴ്ച് മോസ്‌കോയിൽ നടക്കുന്ന പരേഡിലാണ് ഇന്ത്യാ-ചൈന സൈന്യങ്ങൾ നേർക്കുനേർ വരുന്നത്. നമ്മുടെ പ്രതിരോധമന്ത്രി രാജ്നാഥ്സിങ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി മോസ്‌ക്കോയിൽ എത്തിയിരിക്കയാണ്. റഷ്യയും ഇന്ത്യയും ചൈനയും ഉൾപ്പെട്ട റിക് (RIC) എന്ന ത്രിരാഷ്ട്ര സഖ്യത്തിന്റെ ഭാവിയെകുറിച്ചുള്ള ചർച്ചകളും അവിടെ നടക്കും. നാം അൽപ്പം വൈകിയെങ്കിലും, യൂറോപ്പ് പതിവുപോലെ കൃത്യമായ ദിവസവം ആചരിച്ചിരുന്നു. കോവിഡ് ഭീതിയിലും യൂറോപ്പ് 1945 മെയ്‌ 8 മറന്നില്ല. ജർമൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ നാസി പട കീഴടങ്ങിയ സുദിനമായിരുന്നു മെയ്‌ 8. യൂറോപ്പിലെ വിവിധ രാജ്യങ്ങൾ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 75ാം വാർഷികം  കോവിഡിന് ഇടയിലും
 ആചരിച്ചിരുന്നു.

രണ്ടാംലോക മഹായുദ്ധത്തിന് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടത്  ആചരിക്കുമ്പോൾ, ലോകം ഒരു മൂന്നാംലോക യുദ്ധത്തിന്റെ ആശങ്കയിലാണ്. അമേരിക്കയും ചൈനയും ഇരുഭാഗത്തായുള്ള ഒരു ലോകമഹായുദ്ധത്തിനുള്ള സാധ്യത പൾപ്പ് ഫിക്ഷൻ എഴുത്തുകാർ മാത്രല്ല, സോഷ്യോ-പൊളിറ്റിക്കൽ അനലിസ്റ്റുകളും കാണുന്നുണ്ട്. അമേരിക്ക, ജപ്പാൻ, ഇന്ത്യ, എന്നിവ ഒരുഭാഗത്തും ചൈന, വടക്കൻ കൊറിയ, പാക്കിസ്ഥാൻ എന്നിവ മറുഭാഗത്തുമായുള്ള ഈ യുദ്ധത്തിലേക്ക് റഷ്യകൂടി കക്ഷിചേരുന്നതോടെ ഒരു ലോക മഹായുദ്ധമാകുമെന്നാണ് പ്രവചനം. രണ്ടാംലോകമഹായുദ്ധം പോലെയല്ല, ഈ മൂന്നാംലോകയുദ്ധത്തിൽ ഇന്ത്യയും നേരിട്ട് കക്ഷികളാവും. ഈ ടെൻഷൻ ഒരു ഭാഗത്ത് വളരവെ തന്നെ മറുഭാഗത്ത് യുദ്ധവിരുദ്ധ കാമ്പയിനുകളും സജീവമാണ്. എന്താണ് രണ്ടാംലോക മഹായുദ്ധം ഉണ്ടാക്കിയ കെടുതികൾ എന്ന് ഓർമ്മപ്പെടുത്തുയാണ് 'റിപ്പോർട്ടേഴ്സ ബിയോണ്ട് ബോർഡേഴ്സ്'പോലുള്ള സംഘടനകൾ.

യുദ്ധകാലത്തെ ക്രൂരതകൾ എന്തായിരുന്നെന്ന് പഠിച്ചാൽ പിന്നെ നിങ്ങൾ ജീവിതത്തിൽ ഒരിക്കലും യുദ്ധത്തിനുവേണ്ടി വാദിക്കില്ലെന്ന് പീറ്റർ മോർഗനെപ്പോലുള്ള യുദ്ധവിരുദ്ധ പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു. ഹിറ്റ്ലറുടെയും ജർമ്മനിയുടെയും ക്രൂരതകൾ മാത്രമാണ് ലോകത്ത് പ്രശസ്തമായിട്ടുള്ളത്. എന്നാൽ ജപ്പാനും റഷ്യയുടെ നടത്തിയ ക്രൂരതകളും സമാനമായിരുന്നു. യുദ്ധം അങ്ങനെയാണ്. അത് നിങ്ങളെ ഭ്രാന്തനാക്കും. നാസി തടങ്കൽ പാളയത്തിന്റെ ക്യാമ്പ് ഫോട്ടോഗ്രാഫർ വിൽഹെം ബ്രെയ്സിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചും, ജപ്പാൻ അടക്കം നടത്തിയ ക്രൂരതയുടെ ചിത്രങ്ങൾ അനാവണം ചെയ്തും സോഷ്യൽ മീഡിയിൽ അടക്കം ഈ കോവിഡ്കാലത്തും അവർ ആന്റിവാർ സാഹിത്യം പ്രചരിപ്പിക്കയാണ്.

ജപ്പാൻ കാണിച്ചത് കണ്ണില്ലാത്ത ക്രൂരത

രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലറിന്റെ നാസികളെക്കാളും കൊടിയ ക്രൂരത കാഴ്ചവച്ചത് ഉദയസൂര്യന്റെ നാട്ടുകാരായ ജപ്പാനായിരുന്നു. അതുപോലെ തന്നെ ഏറ്റവും വലിയ ദുരന്തം നേരിട്ട രാജ്യവും ജപ്പാൻ തന്നെ ആയിരുന്നു. ചക്രവർത്തി ഭരണത്തിൻ കീഴിലായിരുന്ന ജപ്പാൻ ഒന്നാം ലോക മഹായുദ്ധത്തിൽ സഖ്യകക്ഷികൾക്കൊപ്പമാണ് പോരാടിയത്. എന്നാൽ യുദ്ധാനന്തരം ജപ്പാൻ ഒരു തീവ്ര ദേശീയവാദ രാഷ്ട്രം ആയി മാറുകയായിരുന്നു. ക്രമാതീതമായുയർന്ന ജനസംഖ്യ മൂലം സമീപ ഭാവിയിൽ തന്നെ രാജ്യത്ത് വലിയ വിഭവ കമ്മിയും തൊഴിലില്ലായ്മയും വരും എന്ന് മനസ്സിലാക്കിയ ഭരണനേതൃത്വം അതിനൊരു പോംവഴിയെന്നോണം കണ്ടത് ചൈനയെ ആക്രമിച്ചുകീഴടക്കുക എന്നതായിരുന്നു. അവിടത്തെ മനുഷ്യശേഷിയെ ഉപയോഗപ്പെടുത്താമെന്നും സമ്പത്ത് സ്വന്തം രാജ്യനിർമ്മാണത്തിനായുപയോഗിക്കാമെന്നും ജപ്പാൻ കണക്കുകൂട്ടി.

ജപ്പാൻ ചക്രവർത്തി ഭരണത്തിൻ കീഴിലായിരുന്നുണ്ടായിരുന്നത്. ചക്രവർത്തി ദൈവത്തിന്റെ പ്രതി പുരുഷനാണെന്ന് ജപ്പാൻകാർ ഉറച്ചു വിശ്വസിച്ചു. ചക്രവർത്തിക്ക് വേണ്ടി കൊല്ലാനും ചാകാനും ഒരാൾക്കും മടി ഇല്ലാത്ത അവസ്ഥയിലേക്ക് ജപ്പാനിലെ ജനങ്ങളെ അന്നത്തെ നേതാക്കൾ വളർത്തിയെടുത്തിരുന്നു. ഷിന്റോ മതമായിരുന്നു ജപ്പാനിൽ അധികവും. മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് അവർ ചക്രവർത്തിയെ ദൈവത്തിന്റെ പ്രതി പുരുഷനായിക്കണ്ടത്. ഭരണം നടത്തിയിരുന്നത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും ആയിരുന്നു. ജപ്പാന് അവകാശപെട്ട പ്രദേശമാണ് 'ചൈന' എന്ന ചിന്ത ഓരോ ജപ്പാൻകാരനും ഉള്ളിലുണ്ടായിരുന്നു. അഥവാ അങ്ങിനെ ഉണ്ടാക്കിയെടുക്കുവാൻ അന്നത്തെ ഭരണ കൂടത്തിനു കഴിഞ്ഞു. ഇതിനായി പാഠ്യ പദ്ധതി പോലും അവര് തിരുത്തി. ഈ ലക്ഷ്യത്തോടെ ജപ്പാനിൽ അവർ ഉയർത്തി പിടിച്ച പ്രതീകമായിരുന്നു തങ്ങളുടെ പുരാതനമായ രാജവംശവും അതിലെ ഇപ്പോളത്തെ ചക്രവർത്തിയും.

ജപ്പാന്റെ മിക്ക നീക്കങ്ങളും പാശ്ചാത്യ ലോകം സംശയദൃഷ്ടിയോടെയാണ് നോക്കിയത്. ജപ്പാനെ വിലക്കാൻ ശ്രമിച്ച ലീഗ് ഓഫ് നേഷന എന്ന സംഘടനയിൽനിന്ന് ജപ്പാൻ രാജി വച്ച് പുറത്തു പോയി. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വീണ്ടുമൊരു യുദ്ധമാവർത്തിക്കരുതെന്ന് കരുതി സൃഷ്ടിക്കപ്പെട്ട ലീഗ് ഓഫ് നേഷൻസ് എന്ന കൂട്ടായ്മയ്ക്ക് സത്യത്തിൽ ജപ്പാനെയോ ജർമ്മനിയേയോ എന്തിന് വേറെ ഏതെങ്കിലുമൊരു രാജ്യത്തേയോ നിലക്കുനിർത്താനുള്ള കഴിവില്ലാതിരുന്നു എന്നതാണ് വാസ്തവം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ജപ്പാൻ ഏഷ്യ പിടിച്ചടക്കാന് 1937ൽ ഇറങ്ങി. ആദ്യം ചൈന, തുടർന്ന് അവിടുത്തെ വിഭവങ്ങൾ ഉപയോഗിച്ച് ഇന്ത്യയും കീഴടക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

ബലാൽസംഗം ചെയ്തശേഷം സ്തനങ്ങൾ വെട്ടിക്കൊന്നു

ചൈനയുടേ മുൻ തലസ്ഥാനമായിരുന്ന നാൻജിങ് ആക്രമിച്ച ജപ്പാൻ സമാനതകളില്ലാത്ത കൊടും ക്രൂരതകളാണ് അവിടെ നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂരതകൾ- ബലാത്സംഗങ്ങൾ നടന്ന പ്രദേശമാണിത്. സ്ത്രീകൾക്ക് നേരെ നടന്ന അക്രമങ്ങളിൽ ലോകത്ത് തന്നെ മറ്റെവിടെയെങ്കിലും പിന്നീട് നാൻജിങ് പോലെയൊന്നാവർത്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.

ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട ആയിരക്കണക്കിനു സ്ത്രീകൾ ദാരുണമായും പൈശാചികമായും ഇവിടെ കൊല്ലപ്പെട്ടു. ആവശ്യം കഴിഞ്ഞശേഷം പല സ്ത്രീകളുടേയും സ്തനങ്ങൾ വെട്ടിമാറ്റിയാണവരെ ചോര വാർത്തുകൊലപ്പെടുത്തിയത്. അതുപോലെ തന്നെ യുദ്ധത്തിൽ പിടിക്കപ്പെട്ട തടവുകാരുടെ തല വെട്ടുക എന്നതും ജപ്പാൻകാർ ഒരു ഹരം പോലെയാണു നടത്തിയത്. ഇതിനെല്ലാം ജപ്പാനിലെ മാധ്യമങ്ങൾ വലിയ വീര പരിവേഷമാണ് അക്കാലത്ത് നല്കിയത്. ലോകത്തിനു ജപ്പാൻ എന്താണെന്നും അവരെ തടയേണ്ടതിന്റെ ആവശ്യം എന്താണെന്നും നാൻജിങ് ലോകത്തിനു കാണിച്ചു കൊടുക്കുകയായിരുന്നു. തുടർന്നാണ് ബ്രിട്ടനും സഖ്യകക്ഷികളും ജപ്പാനെതിരെ ഉപരോധം ഏർപ്പെടുത്താന് തീരുമാനിക്കുന്നത്.

പഴയ ജപ്പാന്റെ ക്രൂരതകൾ അറിഞ്ഞാൽ അവരുടെ സ്വന്തം ആളുകൾ പോലും സ്വയം വെറുത്തു പോകും. ജപ്പാനിൽ നടന്ന ആറ്റം ബോംബ് ആക്രമണത്തെ ഒരുകൂട്ടം ആളുകൾ ഇപ്പോഴും ന്യായീകരിക്കുന്നതിന്റെ പ്രധാനകാരണം ഇതാണ്. രണ്ടാം ലോകമഹായുദ്ധത്തില് നാസികൾക്ക് തുല്യം നില്ക്കുന്ന അതി പൈശാചിക നടപടികൾ ആണ് ജപ്പാന് കീഴടക്കിയ ഇടങ്ങളിൽ നടത്തിയത്. പക്ഷെ അവിടെ ആറ്റംബോംബ് വീണതിന്റെ ആനുകൂല്യത്തില് അവർക്ക് കിട്ടിയ സഹതാപം അവരുടെ ക്രൂരതകൾക്കൊരു പുകമറയായി വർത്തിച്ചു. എല്ലാം ഹിറ്റ്ലറുടെ തലയിൽ മാത്രം വച്ചുകെട്ടപ്പെട്ടു.

ഉറക്കംപോയപ്പോൾ സ്വയം നരഭോജികൾ ആയവർ

യുദ്ധം എപ്പോഴും ക്രൂരതകളുടെതാണ്. രണ്ടാംലോക മഹായുദ്ധത്തിൽ ഹീറോ ആയി കണക്കാക്കുന്ന ജോസഫ് സ്റ്റാലിനും  കേട്ടറിവില്ലാത്ത  ക്രൂരതയാണ് നടത്തിയത്. റഷ്യൻ സൈന്യം യുദ്ധത്തടവുകാർ ആയിപിടിച്ചവരെ പീഡിപ്പിച്ചായിരുന്നു കൊന്നിരുന്നത്. ഹിറ്റ്ലർ വീണശേഷമുള്ള ചെമ്പടയുടെ ആഹ്ലാദത്തിൽ ബലാൽസംഗത്തിന് ഇരയായത് ആയിരക്കണക്കിന് ജർമ്മൻ സ്ത്രീകൾ ആയിരുന്നു.

സ്വന്തം മകന്റെ ജീവനുപോലും യുദ്ധത്തിൽ സ്റ്റാലിൻ വില കൽപ്പിച്ചിരുന്നില്ല. സ്റ്റാലിന്റെ മകൻ യാക്കോവ് രണ്ടാം ലോക മഹായുദ്ധത്തിനിടെ നാസിപ്പടയുടെ പിടിയിൽ പെട്ടു. സ്റ്റാലിന്റെ മകന് പകരം ജർമൻ ഫീൽഡ് മാര്ഷലിന്റെ മോചനം ആവശ്യപ്പെട്ട നാസികളോട് 'ഒരു ക്യാപ്റ്റന് പകരം ഒരു ഫീൽഡ് മാര്ഷലിനെ ചോദിക്കാൻ നിങ്ങള്ക്ക് ഭ്രാന്തുണ്ടോ ??' എന്നായിരുന്നു സ്റ്റാലിന്റെ ചോദ്യം. ഒന്നുകിൽ ജർമൻ തടവിൽ കിടക്കുന്ന തന്റെ ലക്ഷക്കണക്കിന് പുത്രന്മാരെ എല്ലാം മോചിപ്പിക്കുക അല്ലെങ്കിൽ സ്വന്തം പുത്രനെ അതേ വിധി അനുഭവിക്കാൻ വിടുക എന്നതായിരുന്നു സ്റ്റാലിന്റെ മറുപടി. ജർമൻ തടങ്കൽ പാളയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ  യാക്കോവ് ഒരു വൈദ്യുത വേലിയിൽ തട്ടി ദാരുണമായി കൊല്ലപ്പെട്ടു.

യുദ്ധത്തടവുകാരിൽ നാസി ജർമ്മനിക്ക് സമാനമായ ക്രൂരമായ പരീക്ഷണങ്ങൾ സ്റ്റാലിന്റെ നേതൃത്വത്തിലും നടത്തി. കുപ്രസിദ്ധമായ ഉറക്കപരീക്ഷണം അതിൽ ഒന്നായിരുന്നു. ഒരു രാത്രി ഉറങ്ങിയില്ലെങ്കിൽ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അപ്പോൾ ആഴ്ചകളോളം ഉറങ്ങാതിരുന്നാലോ? എന്തായിരിക്കും സംഭവിക്കുക. സോവിയറ്റ് യൂണിയനും അതിന്റെ ഉത്തരം കണ്ടെത്താൻ ഒരു ശ്രമം നടത്തി. ഒരു രഹസ്യ സ്ഥലത്ത് സോവിയറ്റ് യൂണിയനിൽ നിന്നുള്ള ഗവേഷകർ അഞ്ച് രാഷ്ട്രീയ തടവുകാരെ ഈ പരീക്ഷണത്തിനായി ഉപയോഗിക്കാൻ തീരുമാനിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ശത്രുക്കളായിരുന്നതിന്റെ പേരിൽ തടഞ്ഞുവച്ചിരുന്നവരാണിവർ.

പരീക്ഷണത്തിനായി ഈ അഞ്ചുപേരെയും ഒരു മുറിയിൽ പൂട്ടിയിട്ടു. ഉണർന്നിരിക്കാൻ ഒരു ഉത്തേജക വാതകം മുറിയിൽ കടത്തിവിട്ടു കൊണ്ടിരുന്നു. മുപ്പത് ദിവസം അവർ ഉണർന്നിരിക്കണം എന്നതാണ് കരാർ. നീണ്ടകാലം ഉറങ്ങാതിരുന്നാൽ എന്താണ് സംഭവിക്കുക എന്നറിയാൻ ഗവേഷകർ ആഗ്രഹിച്ചു. പരീക്ഷണത്തിൽ പങ്കെടുക്കുന്നതിന്റെ പ്രതിഫലമായി തടവുകാർക്ക് സ്വാതന്ത്ര്യം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവരെ ഇതിന് പ്രേരിപ്പിച്ചത്. മുറിയിൽ അവർക്ക് വിശക്കുമ്പോൾ കഴിക്കാനായി ആഹാരപദാർത്ഥങ്ങളും, വെള്ളവും, ടോയ്‌ലറ്റ് സൗകര്യവും, നേരം കളയാൻ ആവശ്യമായ പുസ്തകങ്ങളും ഒരുക്കിയിരുന്നു. ടു-വേ മിറർ വഴി അവരെ ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരുന്നു.

കാര്യമായ പെരുമാറ്റ വ്യതിയാനങ്ങളൊന്നുമില്ലാതെ ആദ്യത്തെ നാല് ദിവസം സാധാരണ പോലെ കടന്നുപോയി. എന്നാൽ, അഞ്ചാം ദിവസം മുതൽ ചില വിചിത്രമായ സംഭവങ്ങൾക്ക് ഗവേഷകർ സാക്ഷ്യം വഹിച്ചു. അത് വിഭ്രാന്തിയുടെ തുടക്കമായിരുന്നു. ആറാം ദിവസം, പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി അവർ. ചിലപ്പോൾ പരസ്പരം സംസാരിക്കുന്നതിന് പകരം തനിയെ ഇരുന്ന് എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ സാഹചര്യം കൂടുതൽ സങ്കീർണമായി. ഒൻപതാം ദിവസം, തടവുകാരിലൊരാൾ മൂന്ന് മണിക്കൂർ തുടർച്ചയായി അലറാൻ തുടങ്ങി.

മൂന്ന് മണിക്കൂർ കഴിഞ്ഞ്, അദ്ദേഹം നിലവിളിക്കാൻ ശ്രമിച്ചുവെങ്കിലും ഒരു നേർത്ത ശബ്ദം മാത്രമേ പുറത്തുവന്നുള്ളൂ. അയാളുടെ വോക്കൽ കോഡ് തകരാറിലായി എന്ന് ഗവേഷകർക്ക് മനസ്സിലായി. അതേസമയം, ഇതൊന്നും ശ്രദ്ധിക്കാതെ മറ്റുള്ളവർ മൈക്രോഫോണുകളിൽ മന്ത്രിക്കുന്നത് തുടർന്നുകൊണ്ടിരുന്നു. സഹ തടവുകാരന്റെ അലർച്ച കേട്ടതായി പോലും അവർ ഭാവിച്ചില്ല. ഇതിനെത്തുടർന്ന് മറ്റൊരാൾ നിലവിളിക്കാൻ തുടങ്ങി. അപ്പോൾ ബാക്കിയുണ്ടായിരുന്ന രണ്ടുപേർ അവർക്ക് നൽകിയ പുസ്തകങ്ങളിൽ സ്വന്തം വിസർജ്യം പുരട്ടിക്കൊണ്ടിരിക്കുന്ന ഭീകരമായ കാഴ്ചയാണ് ഗവേഷകർ കണ്ടത്. സ്വബോധം നഷ്ടപ്പെട്ടവരെ പോലെ അവർ എന്തൊക്കെയോ കാണിച്ചുകൊണ്ടിരുന്നു.

പന്ത്രണ്ടാം ദിവസമായപ്പോൾ മുറിയിൽ നിന്നും ഒച്ചയൊന്നും കേൾക്കാതായി. എന്നാൽ, മുറിയിലുള്ള ഓക്സിജന്റെ അളവ് നോക്കിയപ്പോൾ അവർ മരിച്ചിട്ടില്ലെന്ന് ഗവേഷകർക്ക് ഉറപ്പായി. അവരുടെ ദാരുണമായ നില കണ്ട് സംഘം ഒടുവിൽ പരീക്ഷണം മതിയാക്കി തടവുകാരെ പുറത്തുകൊണ്ടുവരാൻ തീരുമാനിച്ചു. മുറിയിൽ പ്രവേശിക്കുന്നതിന് മുൻപ് അവർ മൈക്രോഫോണിലൂടെ വിളിച്ചുപറഞ്ഞു, 'ഞങ്ങൾ ചേംബർ തുറക്കുകയാണ്; വാതിലിൽ നിന്ന് മാറി നിലത്ത് കമിഴ്ന്നു കിടക്കുക അല്ലെങ്കിൽ നിങ്ങൾക്ക് വെടിയേൽക്കും. പറഞ്ഞതനുസരിച്ചാൽ നിങ്ങളെ മോചിപ്പിക്കാം.'' എന്നാൽ, ഇതുകേട്ട അവർ മറുപടിയായി പറഞ്ഞത് ഞങ്ങൾക്ക് മോചിതരാകാൻ ആഗ്രഹമില്ല എന്നാണ്. ഒടുവിൽ പതിനഞ്ചാം ദിവസം അർദ്ധരാത്രിയിൽ, മുറി തുറക്കാൻ തന്നെ ഗവേഷകർ തീരുമാനിച്ചു. എന്നാൽ, അവിടെ കണ്ടത് ഭീകരമായ ഒരു കാഴ്ചയാണ്.

വാതിലുകൾ തുറന്നപ്പോൾ മുറിയിൽ ശുദ്ധവായു നിറഞ്ഞു. തടവുകാരെ മോചിപ്പിക്കാൻ സൈനികരെ അതിനകത്തേയ്ക്ക് അയച്ചു. എന്നാൽ, അതിനകത്ത് നാലുപേർ സ്വന്തം വയർ കീറി മാംസവും പേശികളും വലിച്ചു പുറത്തിട്ടിരിക്കുന്നതാണ് കണ്ടത്. വയറിലെ ഒന്നിലധികം ആന്തരിക അവയവങ്ങൾ നീക്കം ചെയ്ത അവർ സ്വയം നരഭോജികളാകാൻ പരിശീലിക്കുകയായിരുന്നു. 10 സെന്റിമീറ്റർ രക്തവും വെള്ളവും തറയിൽ തളംകെട്ടി കിടന്നു. പലരും മുറിയിൽ നിന്ന് പുറത്തുപോകാൻ തയ്യാറാകാതെ അക്രമാസക്തരായി. ഉത്തേജകവാതകം ഇനിയും വേണമെന്ന് ശാസ്ത്രജ്ഞരോട് അഭ്യർത്ഥിക്കുകയും ഒരു സൈനികനെ കൊലപ്പെടുത്തുകയും അവരെ നീക്കംചെയ്യാൻ ശ്രമിച്ച മറ്റൊരാളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഒടുവിൽ മുറിയിൽ നിന്ന് വല്ലവിധേനയും അവരെ നീക്കം ചെയ്തു. എന്നാൽ, അതിനുശേഷം അവരെ പരിശോധിച്ചപ്പോൾ അവരിൽ അസാമാന്യശക്തിയും, മയക്കുമരുന്നിനും മറ്റ് മരുന്നുകൾക്കും എതിരായ അഭൂതപൂർവമായ പ്രതിരോധം, മാരകമായ പരിക്കുകൾക്കിടയിലും ജീവനോടെ തുടരാനുള്ള അതിമാനുഷിക കഴിവും, ഉണർന്നിരിക്കാനുള്ള തീവ്രമായ ആഗ്രഹവും കണ്ടു. എന്നാൽ, അവർ ഉറങ്ങിയാൽ തൽക്ഷണം മരിക്കുമെന്നും ഗവേഷകർ കണ്ടെത്തി. ഉറക്കം നഷ്ടമായാൽ ഒരു മനുഷ്യനിൽ ഇത്രയധികം മാറ്റങ്ങൾ ഉണ്ടാകുമോ എന്നോർത്ത് അവർ അത്ഭുതപ്പെട്ടു. ഇതുപോലുള്ള നിരവധി പരീക്ഷണങ്ങളാണ് സോവിയറ്റ് യൂണിയനിലും അക്കാലത്ത് നടന്നത്.

ഹോളോ കോസ്ററ് പെരുപ്പിച്ചതോ?

രണ്ടാംലോക മഹായുദ്ധത്തെ ഏറ്റവും കരളലയിയിപ്പിക്കുന്നതായിരുന്നു യഹൂദകൂട്ടക്കൊലകൾ. ഈ ഹോളോ കോസ്റ്റ്പോലും ഇന്ന് പെരുപ്പിച്ചതാണെന്ന് ചില കേന്ദ്രങ്ങൾ ആരോപിക്കുന്നുണ്ട്. പ്രത്യേകിച്ചും യഹൂദവിരോധം ഇപ്പോഴും നിലനിൽക്കുന്ന ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പുകളാണ് ഈ പ്രചാരണത്തിന് പിന്നിലുള്ളത്. പക്ഷേ ഹോളോകോസ്റ്റ് ഒരു യാഥാർഥ്യം തന്നെയാണ്. അതിന് എത്രയോ തെളിവുകൾ ഉണ്ട്.

ഈ നരഹത്യയ്ക്ക് ഇരയായത് അറുപത് ലക്ഷത്തിലധികം യഹൂദന്മാരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു പ്രത്യേക വംശത്തിൽ ജനിച്ചു പോയി എന്ന ഒറ്റ കാരണം കൊണ്ടാണ് അവരെ ഒന്നാകെ കൊന്നൊടുക്കിയത്. മാത്രമല്ല ജർമ്മൻ ആര്യവംശശുദ്ധിക്ക് കടുത്ത ഭീഷണിയായാണ് നാസികൾ യഹൂദന്മാരെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ നാസികൾ സമൂത്തിന്റെ മുഖ്യധാരയിൽ നിന്ന് അധികാരം കിട്ടിയ അടുത്ത ദിവസം മുതൽ തന്നെ യഹൂദരെ അകറ്റി നിർത്തി തുടങ്ങിയിരുന്നു. ജർമ്മനിയിൽ നിന്ന്, യൂറോപ്പിൽ നിന്ന് എന്തിന് ഈ ഭൂമുഖത്ത് നിന്ന് തന്നെ യഹൂദ വംശത്തെ ഒന്നാകെ ഇല്ലാതാക്കുക എന്ന നാസി പാർട്ടിയുടെ തീരുമാനമായിരുന്നു.

തൊണ്ണൂറ് ലക്ഷത്തോടടുത്തായിരുന്നു 1933ൽ യൂറോപ്പിലെ യഹൂദരുടെ ജനസംഖ്യ. ലോക മഹായുദ്ധകാലത്ത് ജർമനി ആക്രമിച്ചു കീഴടക്കാനിരുന്ന രാജ്യങ്ങളിലായിരുന്നു ഈ ജനസംഖ്യയുടെ ഭൂരിഭാഗവും കഴിഞ്ഞിരുന്നത്. 1945ൽ യുദ്ധം അവസാനിക്കുമ്പോഴേക്കും 90 ശതമാനം യഹൂദന്മാരിൽ 67 ശതമാനത്തോളം യഹൂദന്മാരെയും നാസികൾ കൊന്നു തള്ളിയിരുന്നു എന്നതായിരുന്നു വാസ്തവം. രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ജർമൻ നാസി പാർട്ടി അവർ മനസ്സിൽ താലോലിച്ച് കൊണ്ടിരുന്ന ആ പദ്ധതി നടപ്പിലാക്കി തുടങ്ങി. അത് എന്തായിരുന്നു എന്ന് വച്ചാൽ യഹൂദന്മാരെ കണ്ടിടത്തുകൊന്ന് തള്ളുക എന്നതായിരുന്നു. 1933ൽ അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലർ ആയി അവരോധിക്കപ്പെട്ടതോടെ നാസികൾ പൂർണ്ണമായും സർവാധികാരത്തിലെത്തി. ഏറ്റവും വംശ ശുദ്ധിയുള്ളവെന്ന് സ്വയം കരുതിയിരുന്ന നാസികൾ തങ്ങളുടെ താഴെത്തട്ടിൽ നിൽക്കുന്ന ഓരോ വിഭാഗത്തെയും കൊന്നു തള്ളാൻ തുടങ്ങി.

യഹൂദരിൽ തുടങ്ങി ഒടുവിൽ  മദ്യാസക്തരിൽവരെ

ആദ്യമാദ്യം യഹൂദന്മാരെ മാത്രമായിരുന്നു നാസികൾ കൊന്നൊടുക്കിയിരുന്നത് എങ്കിൽ പിന്നീട് പതിയെ അതിൽ മാറ്റമുണ്ടായി. തങ്ങളേക്കാൾ താഴെത്തട്ടിൽ നിൽക്കുന്ന ഓരോരുത്തരെയുമായി അവർ ഇല്ലാതാക്കിക്കൊണ്ടിരുന്നു. അക്കൂട്ടത്തിൽ ജിപ്സികൾ, അംഗ വൈകല്യം ബാധിച്ചവർ, മാനസിക വൈകല്യമുള്ളവർ, സ്ലാവിക് ജനത, റഷ്യൻ യുദ്ധത്തടവുകാർ, ആഫ്രിക്കൻ അമേരിക്കക്കാർ, കമ്യൂണിസ്റ്റുകാർ, സോഷ്യലിസ്റ്റുകൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, യഹോവ സാക്ഷികൾ, സ്വവർഗാനുരാഗികൾ, യാചകർ, വേശ്യാവൃത്തിയിലേർപ്പെട്ട സ്ത്രീകൾ, മദ്യാസക്തർ അങ്ങനെ നീണ്ടു പോകുന്ന നിര തന്നെ ഉണ്ടായിരുന്നു അവരുടെ ലിസ്റ്റിൽ. തങ്ങൾക്ക് താഴെയുള്ള വംശമാണെന്ന് തോന്നുന്നവരെയൊക്കെ നാസികൾ കൊന്നൊടുക്കി എന്ന് വേണം പറയാൻ.

നാസികൾ കൊന്നൊടുക്കിയ മനുഷ്യരുടെ കണക്കെടുത്ത് നോക്കിയാൽ ഒരു പക്ഷെ തലയ്ക്ക് കൈ വെച്ചിരുന്ന് പോകും. 1939നും 1945നും ഇടയിൽ നാസികൾ കൊന്നൊടുക്കിയ 'ദയാവധ പദ്ധതി'യുടെ ഭാഗമായി മാനസികമായോ ശാരീരികമായോ പരിമിധിയുള്ള രണ്ടര ലക്ഷത്തോളം പേരെ കൊന്നൊടുക്കി, ഇതിന് പുറമെ ഇരുപത് ലക്ഷത്തിനും മുപ്പത് ലക്ഷത്തിനുമിടയിൽ റഷ്യൻ യുദ്ധത്തടവുകാരെയും നാസികൾ കൊന്നൊടുക്കുകയുണ്ടായി. ഇതിൽ പലരെയും കൊന്നൊടുക്കിയത് വെടിവെച്ചിട്ടായിരുന്നും എന്നാതാണ് വാസ്തവം. ഇതിന് പുറമെ യഹൂദന്മാരെ മാത്രമായി പതിനഞ്ചു ലക്ഷത്തോളം പേരെ ഈ കാലയളവിൽ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ.

1941ഓട് കൂടി യഹൂദന്മാരെ കൊല്ലാൻ നാസികൾ പുതിയൊരു വഴി കണ്ടെത്തി, ഗ്യാസ് ചേംബർ. താരതമ്യേന ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യയായിരുന്നു ഇത്. ഒരു മുറിയിൽ ആളുകളെ കൂട്ടത്തോടെ തള്ളിക്കയറ്റി വാതിലടക്കും. ശേഷം അതിലേക്ക് വിഷ വാതകം തുറന്നു വിടുകയാണ് ചെയ്യുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ആളുകൾ ശ്വാസം മുട്ടിയും വിഷവാതകം ശ്വസിച്ചും മരണപ്പെടും. മുപ്പത് ലക്ഷത്തോളം പേരാണ് ഇത്തരത്തിൽ ഗ്യാസ് ചേംബറുകളിൽ മാത്രമായി കൊല്ലപ്പെട്ടത്. മറ്റുള്ളവർ ഡിറ്റൻഷൻ സെന്ററുകളിലെ കൊടി പീഡനങ്ങൾ കൊണ്ടും പോഷകാഹാരക്കുറവ് കൊണ്ടും മരണപ്പെടുകയാണ് ഉണ്ടായത്. ഇത് 1945 മെയ് 7ന് ഹിറ്റ്ലർ ജർമ്മനിക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങും വരെ തുടർന്നു എന്ന് ചരിത്രങ്ങൾ പറയുന്നു.

ക്രൂരതയുടെ കൊടിയ പരീക്ഷണങ്ങൾ

ഇത്തരത്തിൽ നാസികൾ നിർമ്മിച്ച ഡിറ്റൻഷൻ സെന്ററുകളിൽ കൊല മാത്രമായിരുന്നില്ല, പല തരത്തിലുള്ള കൊടിയ പീഡനങ്ങളും അതിലുപരിയായി അതി ക്രൂരമായ പരീക്ഷണങ്ങൾക്കും ഓരോരുത്തരും വിധേയമാക്കപ്പെട്ടു കൊണ്ടിരുന്നു. മെഡിക്കൽ രംഗത്തെ പല പരീക്ഷണങ്ങൾക്കും തെരഞ്ഞെടുത്തിരുന്നത് ഈ ഡിറ്റൻഷൻ സെന്ററുകളിലെ കുട്ടികളെ ആയിരുന്നു എന്നത് ഇതിന്റെ ക്രൂരത എത്രത്തോളം ഉണ്ട് എന്ന് വ്യക്തമാക്കുന്നു.നാസികളുടെ ഡിറ്റൻഷൻ സെന്റുകളിലെ ആളുകളെ ഓരോ പുതിയ പുതിയ പരീക്ഷണങ്ങൾക്കും വിധേയമാക്കിക്കൊണ്ടിരുന്നത് മരണത്തിന്റെ മാലാഖ എന്ന് അറിയപ്പെട്ടിരുന്ന ഡോക്ടർ ജോസഫ് മെൻഗൽ ആയിരുന്നു. വൈദ്യുത ഷോക്ക് പോലുള്ള പല കൊടിയ പീഡനങ്ങളും ക്രൂര പരീക്ഷണങ്ങളും കൊണ്ട് ഈ തടവുകാർ നിരന്തരമായി പിഡീപ്പിക്കപ്പെട്ട് കൊണ്ടിരുന്നു.
യഹൂദരെ കൂട്ടകൊല ചെയ്യാൻ ഹിറ്റ്ലർ തിരുമാനിച്ചപ്പോൾ മേൻഗേലിനായിരുന്നു.

ഓസ്വിച്ച് ക്യാമ്പിന്റെ ചുമതല. ഗർഭണികളെയും കുട്ടികളെയും ഗ്യാസ് ചേംബറിലിട്ട് കൊല്ലുന്നതിൽ ഹിറ്റ്ലറിനേക്കാൾ കൂടുതൽ രസം കണ്ടെത്തിയിരുന്നത് ഈ മരണത്തിന്റെ മാലാഖയായിരുന്നു.കുട്ടികളെയും വികലാംഗരെയും കൊല്ലുന്നത് വേദനയോടെ മറ്റു ഡോക്ടർമാർ നോക്കി നിന്നപ്പോൾ അയാൾ മാത്രം വളരെ ആസ്വദിച്ച് അത് ചെയ്തു.ക്യാമ്പിൽ രോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ മരിച്ചവരുടെ ശരീരത്തിലെ ശ്രവങ്ങൾ എടുത്ത് കുട്ടികളിൽ കുത്തിവച്ച് അയാൾ തന്റെ മരുന്ന് കണ്ടു പിടിക്കുവാൻ ഉള്ള ഗവേഷണങ്ങൾ നടത്തി.ഇരട്ട കുട്ടികൾ ആയിരുന്നു അയാളുടെ പ്രധാന ഇരകൾ. ഇരട്ടക്കുട്ടികളിൽ ഒരാളുടെ കണ്ണുകളിൽ പരീക്ഷണ മരുന്നുകൾ കുത്തിവയ്ക്കുക, അംഗഭംഗം വരുത്തുക. അപ്പോൾ മറ്റെ കുട്ടിക്ക് വേദനിക്കുമോ എന്ന ക്രൂരതകൾ നിറഞ്ഞ ഗവേഷണങ്ങൾ അയാൾ ചെയ്തു. ഒരു വേദനസംഹാരികളും കുത്തിവച്ചായിരുന്നില്ല ഈ പരീക്ഷണങ്ങൾ.സയാമീസ് ഇരട്ടകളെ ഉണ്ടാക്കുവാൻ ജനിച്ചു വീണ രണ്ട് ഇരട്ട കുട്ടികളെ ഓപ്പറേഷൻ നടത്തി ഹൃദയം തയ്ച്ചുപിടിപ്പിച്ചു.

ഒടുവിൽ ശരീരം ആ കുട്ടികൾ മരണത്തിന് കീഴടങ്ങി.മരവിപ്പിക്കാനുള്ള ഒരു മരുന്നും കുത്തിവെക്കാതെ കൊച്ചു കുട്ടികളിൽ അയാൾ ഓപറേഷൻ നടത്തി. എല്ലാ കുട്ടികളും ഒടുവിൽ മരണത്തിന് കീഴ്പ്പെട്ടു.ഇതൊന്നും രഹസ്യമായ മുറികളിൽ വച്ചല്ല സാഡിസ്റ്റായ ഈ ഡോക്ടർ ചെയതിരുന്നത്. അയാളെ ശരിക്കും മരണത്തിന്റെ മാലാഖ എന്നല്ല മരണത്തിന്റെ ചെകുത്താൻ എന്നാണ് വിളിക്കേണ്ടത്.ചില ചരിത്രങ്ങൾ ഇന്നും വേദനയോട് കൂടി മാത്രമെ ഓർക്കുവാനും വായിക്കുവാനും സാധിക്കുകയുള്ളൂ.

മനുഷ്യന്റെ തൊലിയുരിഞ്ഞ് മേശവിരപ്പാക്കുന്നു

നാസി കോൻസൻട്രേഷൻ ക്യാമ്പിൽനിന്ന് പോളണ്ടുകാരനായ വിൽഹം ബ്രെയ്സിയുടെ പകർത്തിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ കുറിപ്പുകളുമാണ് നാസി ക്രൂരതക്ക് ഉദാഹരണമായി ലോകമെമ്പാടുമുള്ള യുദ്ധവിരുദ്ധ പ്രവർത്തകർ ഇപ്പോളും പ്രചരിപ്പിക്കുന്നത്.

'നാസികളുടെ കോൺസട്രേഷൻ ക്യാമ്പിലെ നാസി ഡോക്ടർ ജോസഫ് മീഗീലിയുടെ മുമ്പിൽ തണുത്തു വിറച്ച് നഗ്നരായി നിൽക്കുന്ന യഹൂദ പെൺകുട്ടികളുടെ ഭയന്നു വിറച്ച കണ്ണുകൾ എന്നെ തുറിച്ചു നോക്കി. കൊടും തണുപ്പിൽ വിശന്ന് തളർന്നു നിന്ന അവരുടെ നഗ്ന ശരീരത്തെ നോക്കി വൃത്തികെട്ട തമാശ പറയുന്ന നാസി ഡോക്ടർമാർ ആവശ്യപ്പെട്ടപോലെ ഫോട്ടോ എടുത്ത് ഞാൻ മടങ്ങി. എന്റെ പിന്നിൽ ഡോക്ടർ മീഗീലി ക്ലിനിക്കിന്റെ വാതിൽ അടച്ചു. വിറയ്ക്കുന്ന കാലുകളോടെ ഞാൻ വേഗം നടന്നു. പിന്നിൽ ഞരമ്പുകളെ തളർത്തുന്ന നിലവിളി. ഡോ. മിഗീലിയും സംഘവും ജീവനുള്ള അവരുടെ കിളുന്തു ശരീരത്തിൽ വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയാണ്. പിന്നീട് ഗ്യാസ് ചേമ്പറിന്റെ തണുത്ത തറയിലും ഞാൻ ആ മുഖങ്ങളെ തിരിച്ചറിഞ്ഞു. ഏതാനും മണിക്കൂർ മുമ്പ് എന്റെ ക്യാമറയ്ക്ക് മുന്നിൽ ഭയന്ന കണ്ണുകളോടെ എന്നെ തുറിച്ചു നോക്കിയ അതേ മിഴികൾ. പാതി വിടർന്ന ചുണ്ടുകൾ എന്തോ പറയാൻ ബാക്കി വെച്ചതുപോലെ. ഉറക്കം വരാത്ത രാത്രികളിൽ ഞാൻ കരഞ്ഞു. ജീവിക്കാൻ ഫോട്ടോഗ്രാഫി തെരഞ്ഞെടുത്തതിൽ ഞാൻ എന്നെത്തന്നെ ശപിച്ചു. എന്റെ പ്രിയപ്പെട്ട ക്യാമറ എനിക്ക് പേടിയാണ് സമ്മാനിച്ചത്.'

നാസി തടങ്കൽ പാളയത്തിന്റെ ക്യാമ്പ് ഫോട്ടോഗ്രാഫർ വിൽഹെം ബ്രെയ്സി തന്റെ ഓർമ്മക്കുറിപ്പിൽ പറഞ്ഞതാണ് മേലുദ്ധരിച്ച വരികൾ. ഇത്രമാത്രം മനുഷ്യക്കുരുതിക്ക് സാക്ഷ്യം വഹിച്ച വെറൊരാൾ ലോകത്തില്ല. 2012-സെപ്റ്റംബർ 23 -ന് തന്റെ ചിത്രങ്ങൾ എന്നേയ്ക്കുമായി ഉപേക്ഷിച്ച് ബ്രെയ്സി ഈ ലോകത്തോട് വിടപറഞ്ഞു.ബ്രെയ്സിയുടെ വാക്കുകൾ: 'നാസികൾ കൊല്ലാൻ കൊണ്ടുവന്ന ശിശുക്കളുടെയും കൊച്ചു പെൺകുട്ടികളുടെയും പ്രായമായ മനുഷ്യരുടെയും കണ്ണുകൾ എന്നെ പിന്തുടർന്നു. എന്റെ കുഴിമാടത്തോളം അവയെന്റെ പിന്നാലെയുണ്ടാകുമെന്ന് എനിക്കറിയാം.'

തന്നെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവം അദ്ദേഹം ഓർക്കുന്നു. ഒരിക്കൽ ഒരു നാസി ഡോക്ടർ എന്നെ അയാളുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിപ്പിച്ചു. ഒരു തടവുകാരന്റെ പുറത്ത് വേറൊരു തടവുകാരൻ ആദത്തിന്റെയും ഹവ്വയുടെയും ചിത്രം പച്ചകുത്തിയതിന്റെ ഫോട്ടോ എടുക്കണം. ഞാൻ ഫോട്ടോ എടുത്ത് എന്റെ മുറിയിലേക്ക് മടങ്ങി. ഒരു മണിക്കൂറിനുള്ളിൽ എന്നെത്തേടി വീണ്ടും ആളെത്തി. ഞാൻ ക്യാമ്പിലെ ഡോക്ടറുടെ ക്യാബിനിലെത്തി. എന്നെ അയാൾ തന്റെ പരീക്ഷണ മുറിയിലേക്ക് കൊണ്ടുപോയി. ദൈവമേ... എന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു. ഞാൻ എടുത്ത ആദത്തിന്റെയും ഹവ്വയുടെയും ചിത്രം ആ മനുഷ്യന്റെ തോലോടെ ഉരിഞ്ഞെടുത്ത് മേശപ്പുറത്ത് വിരിച്ചിരിക്കുന്നു. കൊന്നശേഷം തോലുരിഞ്ഞ ശവം മേശക്കടിയിൽ കിടക്കുന്നു... 'നിന്റെ ഫോട്ടോ എനിക്ക് ഇഷ്ടമായി ഈ പടം എനിക്ക് ചില്ലിട്ട് സൂക്ഷിക്കണം.' കൂസലില്ലാതെ നാസി ഡോക്ടർ പറഞ്ഞു. എനിക്ക് മുന്നിൽ ലോകം മറയുന്നപോലെ, ഞാൻ മരവിച്ച് നിന്നു.

കൊല്ലാൻ കൊണ്ടുവന്ന മനുഷ്യരുടെ ചിത്രം മാത്രമല്ല, നാസി ഡോക്ടർമാർ യഹൂദ സ്ത്രീകളുടെയും കൊച്ചുകുട്ടികളുടെയും ശരീരത്തിൽ നടത്തിയ കാടൻ പരീക്ഷണങ്ങളുടെയും ഫോട്ടോയെടുക്കാൻ ബ്രെയ്സി നിർബന്ധിതനായി. മരവിപ്പിക്കാതെ ശരീരത്തിലെ അവയവങ്ങൾ പിഴുതെടുക്കുക, നെഞ്ചു പിളർന്ന് ഹൃദയം പറിച്ചെടുക്കുക, ശരീര അവയവങ്ങൾ മറ്റു മനുഷ്യരിലേക്ക് പറിച്ച് നടുക. നഗ്നരായി മനുഷ്യരെ മഞ്ഞിൽ നിർത്തി മരണപ്പെടുന്ന രീതി നോക്കി കാണുക എന്നിവ അവയിൽ ചിലത് മാത്രം. മനുഷ്യരോട് പറയാൻ പറ്റാത്ത പല പരീക്ഷണങ്ങളും നാസി ഡോക്ടർമാർ യഹൂദ സ്ത്രീകളിൽ നടത്തി. പല അവസരങ്ങളിലും ഇരകളായ പെൺകുട്ടികൾ ബ്രെയ്സിയെ പ്രതീക്ഷയോടെ ഉറ്റുനോക്കി. ക്യാമറയും കൈയിലേന്തി അയാൾ നിസ്സഹായനായി നിന്നു. പിന്നെ ആരും കാണാതെ തന്റെ മുറിയിൽ പോയി കരഞ്ഞു.'

 

ലോകത്തിന്റെ ഉറക്കം കെടുത്തിയ ചിത്രങ്ങൾ

പോളണ്ടുകാരനായ വിൽഹം ബ്രെയ്സി ഇരുപതാമത്തെ വയസിലാണ് നാസികളുടെ കയ്യിൽ പെടുന്നത്. പോളണ്ടിൽ നിന്നും ഹങ്കറിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ അതിർത്തിയിൽ വെച്ച് നാസി പൊലീസിന്റെ പിടിയിലായി. അവർ അവനെ നിർബന്ധിത തൊഴിലിനായി ഓഷ്വിറ്റ്സിലെ ക്യാമ്പിലേക്ക് കൊണ്ടുവന്നു. ഫോട്ടോഗ്രാഫിയിലെ തന്റെ പ്രാവീണ്യം മനസിലാക്കിയ ക്യാമ്പിന്റെ തലവൻ റുഡോൾഫ് ഹോസ് പറഞ്ഞു ക്യാമ്പിലെത്തുന്ന തടവുകാരുടെ തിരിച്ചറിയൽ കാർഡിനുള്ള ഫോട്ടോ നീ എടുക്കണം, സാധ്യമല്ലെങ്കിൽ ഇപ്പോൾ പറയണം. നാസി കമാണ്ടറുടെ സന്ദേശം ബ്രെയ്സിക്ക് മനസിലായി, ഫോട്ടോയെടുക്കാൻ തയ്യാറല്ലെങ്കിൽ ശിക്ഷ മരണമായിരിക്കും.

നാസികൾ ബ്രെയ്സിയുടെ കൈയിൽ ചാപ്പകുത്തി. പോളണ്ട്കാരൻ തടവുകാരൻ 3444. ഫോട്ടോഗ്രാഫിയിലെ പ്രാവീണ്യമാണ് നാസികളിൽ നിന്നും അയാളുടെ ജീവൻ രക്ഷിച്ചത്. എന്നാൽ താൻ ഏറ്റവും താൽപര്യത്തോടെ തെരഞ്ഞെടുത്ത തൊഴിൽ പിന്നീട് അയാളുടെയും ലോകം മുഴുവന്റേയും നൊമ്പരമായി. ബ്രെയ്സി പകർത്തിയ നാസി തടവുകാരുടെ ചിത്രങ്ങൾ ലോകത്തിന്റെ ഉറക്കം കെടുത്തി. ഒപ്പം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകുരുതിക്ക് സ്വയം സംസാരിക്കുന്ന നാവുകളായി അവ. കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ചതായിരുന്നു ആ പടങ്ങൾ. നാസികളുടെ ക്രൂരതയുടെ തെളിവ് മാത്രമല്ല നാസികളിൽ പ്രമുഖരെക്കുറിച്ചും ആ ചിത്രങ്ങൾ തെളിവുകളായി.

1945 ജനുവരിയിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യപാദത്തിൽ റഷ്യയുടെ ചെമ്പട തങ്ങളെ വളയുന്നു എന്നറിഞ്ഞ നാസികൾ ഫോട്ടോകളും അവയുടെ നെഗറ്റീവ് ഫിലിമുകളും കത്തിച്ചുകളയാൻ ഉത്തരവിട്ടു. നാളെ ചരിത്രത്തിന്റെ നാവുകളാകും ഈ ചിത്രങ്ങൾ എന്ന് തിരിച്ചറിഞ്ഞ ബ്രെയ്സി പ്രധാനപ്പെട്ട ഫോട്ടോകളും അവയുടെ നെഗറ്റീവ് ഫിലിമും പ്ലാസ്റ്റിക്ക് ബാഗിലാക്കി മണ്ണിൽ കുഴിച്ചിട്ടു. നെഗറ്റീവുകളും ഫോട്ടോകളും കുറെയെല്ലാം കത്തിച്ചു. യുദ്ധത്തിനുശേഷം തങ്ങളെ രക്ഷിച്ച റഷ്യയുടെയും അമേരിക്കയുടെയും സൈനികരുടെ സഹായത്തോടെ അവയെല്ലാം വീണ്ടെടുത്തു. റഷ്യയുടെയും അമേരിക്കയുടെയും സൈനിക ഫോട്ടോ ലാബിൽ ആ നെഗറ്റീവ് ഫിലിമുകൾ ബ്രോമൈഡ് പേപ്പറിൽ ജീവൻപൂണ്ടു, അങ്ങനെ 60 ദശലക്ഷം മനുഷ്യരുടെ മായാത്ത ചോരക്കറ ചരിത്രമായി. അവ ലോകത്തെ ഭയപ്പെടുത്തി, പിന്നെ കരയിച്ചു. മനുഷ്യന് മനുഷ്യനോട് ഇത്ര ക്രൂരത കാട്ടാൻ പറ്റുമോ. ജീവിച്ചിരിക്കുന്ന നാസികളെ വേട്ടയാടാൻ ഇസ്രയേലിന്റെ ചാരസംഘടന മൊസാദിന് സഹായകമായി പല ചിത്രങ്ങളും. പോളണ്ടിലെ ബ്രിക്ക്നോവിലെ മുഖ്യ തടങ്കൽ പാളയം നയിച്ച നാസി പട്ടാള മേധാവി റുഡോൾഫ് ഐച്ച്മാനെയും, ഗ്യസ്ചേമ്പർ സ്ഥാപിക്കാൻ മുൻ കൈയെടുത്ത ഹെന്റിച്ച് ഹിംമ്ലറേയും തിരിച്ചറിയാനും അവരെ ജീവനോടെ പിടിക്കാനും ഈ ചിത്രങ്ങൾ സഹായിച്ചു. യഹൂദർ നാസി ഹണ്ടേഴ്സ് (നാസി വേട്ടക്കാർ ) എന്ന പേരിൽ രഹസ്യ സംഘടന രൂപീകരിക്കാനും റഷ്യൻ സൈന്യത്തിന്റെ കൈയിൽ പെടാത്ത നാസികളെ പിടികൂടാനും ഈ ചിത്രങ്ങൾ ഉപകരിച്ചു. ഹിറ്റ്ലറും കൂട്ടാളികളും കൊന്നൊടുക്കിയ സാധുക്കളോട് അത്രയെങ്കിലും നീതി ചെയ്യാൻ ബ്രെയ്സിക്ക് സാധിച്ചു.

ഹിറ്റ്ലറുടെ വലംകൈയായ ഐച്ച്മാനെ ഓസ്ട്രിയയുടെ പ്രാന്തപ്രദേശമായ ബവേറിയയിൽ നിന്നും മൊസാദിന്റെ ഏജന്റുമാർ തട്ടിക്കൊണ്ടുപോയി ഇസ്രയേലിൽ കൊണ്ടുവന്നു തങ്ങളുടെ നിയമം അനുസരിച്ച് തൂക്കിക്കൊന്നു. അനേകരെ ഗ്യാസ് ചേമ്പറിൽ കൊന്നൊടുക്കിയ ഹെന്റിച്ച് ഹിംമ്ലർ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു. ജീവനുള്ള മനുഷ്യ ശരീരത്തിൽ ഹീനമായ പരീക്ഷണങ്ങൾ നടത്തിയ ഡോ.ജോസഫ് മിഗീലി തെക്കെ അമേരിക്കയിലേക്ക് ഒളിച്ചോടി. മരണം വരെ ബ്രസീലിൽ വേഷം മാറി ഇസ്രയേലികളുടെ കണ്ണിൽപ്പെടാതെ ജീവിച്ചു.

നാസികളുടെ തടവിൽ നിന്നും മോചിതനായശേഷം തന്റെ പ്രിയപ്പെട്ട തൊഴിൽ വിൽഹെം ബ്രെയ്സി ഉപേക്ഷിച്ചു. പീന്നീട് ജീവിതത്തിൽ ഒരിക്കലും ബ്രെയ്സി ക്യാമറ കൈയിലെടുത്തില്ല. ഉപജീവനത്തിനായി സോസേജ് നിർമ്മിക്കുന്ന ചെറിയ യൂണിറ്റ് സ്ഥാപിച്ചാണ് അദ്ദേഹം കുടുംബം പുലർത്തിയത്. ക്യാമറ കാണുമ്പോൾ താൻ പകർത്തിയ ചിത്രങ്ങളും അവയിലെ മുഖങ്ങളും ഓർമ്മയിലേക്ക് വരും, അവ അദ്ദേഹത്തെ ഭീതിപ്പെടുത്തും.

ഓഷ് വിറ്റ്സിലെ ജീവിതം ശപിക്കപ്പെട്ടതായി കരുതിയെങ്കിലും നാസി പീഡനങ്ങളുടെ കരളലിയിക്കുന്ന കഥ ലോകത്തെ അറിയിച്ച ബ്രെയ്സിക്ക് ഹീറോയുടെ പരിവേഷം ലഭിച്ചു. ബ്രെയ്സിയുടെ ക്യാമറ നാസി ചരിത്രത്തിന്റെ ഏറ്റവും വലിയ തെളിവായി.രണ്ട് വർഷത്തിനുള്ളിൽ അരലക്ഷം പേരുടെ ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയത്. അവരിലാരും പിന്നീട് ലോകം കണ്ടില്ല എന്ന വേദന അദ്ദേഹത്തെ പിന്തുടർന്നു.
94-ാം വയസിൽ മരിക്കുന്നതിന് മുമ്പ് പോളണ്ട് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, 'ഇനിയൊരിക്കലും മനുഷ്യൻ മനുഷ്യനെ കൊല്ലാതിരുന്നെങ്കിൽ, അതിന് ഈ ചിത്രങ്ങൾ പ്രചോദനമായെങ്കിൽ എന്റെ ജീവിതം അർത്ഥവത്താകും'.മനുഷ്യൻ ഉള്ളിടത്തോളം കാലം ഈ ചിത്രങ്ങൾ ലോകത്തോട് പറയും, അരുതുകൊല്ലരുത്. ഈ വീഡിയോകളും ഫോട്ടോകളുമാണ് യുദ്ധവരുദ്ധ പ്രവർത്തകർ വ്യാപകമായി ഉപയോഗിക്കുന്നത്.

ഈ ക്രൂരതകൾ ഒക്കെ കാണിച്ചുകൊണ്ടും യുദ്ധാന്തരം ഉണ്ടായ വലിയ സാമ്പത്തിക കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് ലോകമെമ്പാടുമുള്ള യുദ്ധവിരുദ്ധ പ്രവർത്തകർ മൂന്നാംലോക മഹായുദ്ധത്തിന് കോപ്പുകൂട്ടന്ന പ്രതികാരദാഹികളെ പ്രതിരോധിക്കുന്നത്. ഈ നിമിഷവും പക്ഷേ ഒരു മൂന്നാലോക യുദ്ധത്തിനുള്ള സാധ്യത വിരളം തന്നെയാണ്. കാരണം ഇതിൽ കക്ഷികളായ പ്രമുഖ രാഷ്ട്രങ്ങൾ ഒക്കെ ആണവശക്തകൾ ആണെന്നതാണ് കാരണം. ഒന്നും രണ്ടും തവണയല്ല 48തവണ ലോകത്തെ ചുടാനുള്ള ആണവായുധങ്ങളാണ് ഇന്ന് ലോകരാഷ്ട്രങ്ങളുടെ കൈയിലുള്ളത്. അതുകൊണ്ടുതന്നെ അവർ പരസ്പരം ഭയക്കുന്നു. ലോകത്ത് സമാധാനമുണ്ടാക്കിയത് അണ്വായുധങ്ങൾ ആണെന്ന തിയറി ഇവിടെയും നമ്മെ രക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP