Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിക്കിനിയുമിട്ട് സെക്‌സിയസ്റ്റ് ഫാൻസ് ഒഴുകിയെത്തുന്നു; സ്ലീവ്‌ലെസ് ടോപ്പും ധരിക്കരുത് എന്ന നിയന്ത്രണം കാറ്റിൽ പറന്നു; വായ്നോക്കി കടുങ്ങി ഖത്തറികൾ; തത്സമയ കമൻട്രി സംഘത്തിലുള്ളത് നാല് സത്രീകൾ; റഫറിമാരായും ചരിത്രം കുറിച്ചു; ഇത് പെൺകരുത്തിന്റെ ലോകകപ്പ്; ഖത്തറിന്റെ ഇസ്ലാമിക അജണ്ട പൊളിച്ചടുക്കി ഈ വനിതകൾ

ബിക്കിനിയുമിട്ട് സെക്‌സിയസ്റ്റ് ഫാൻസ് ഒഴുകിയെത്തുന്നു; സ്ലീവ്‌ലെസ് ടോപ്പും ധരിക്കരുത് എന്ന നിയന്ത്രണം കാറ്റിൽ പറന്നു; വായ്നോക്കി കടുങ്ങി ഖത്തറികൾ; തത്സമയ കമൻട്രി സംഘത്തിലുള്ളത് നാല് സത്രീകൾ; റഫറിമാരായും ചരിത്രം കുറിച്ചു; ഇത് പെൺകരുത്തിന്റെ ലോകകപ്പ്; ഖത്തറിന്റെ ഇസ്ലാമിക അജണ്ട പൊളിച്ചടുക്കി ഈ വനിതകൾ

എം റിജു

''ചർമ്മം പുറത്ത് കാട്ടുന്ന വസ്ത്രങ്ങൾ ധരിച്ച് പൊതു ഇടങ്ങളിൽ ഇറങ്ങരുത്. പൊതുസ്ഥലങ്ങളിൽ ചെറിയ പാവാടയും സ്ലീവ്‌ലെസ് ടോപ്പും ധരിക്കരുത്. ഖത്തറിന്റെ സംസ്‌കാരത്തിന് എതിരായതിനാൽ പൊതുസ്ഥലത്ത് സ്‌നേഹം പ്രകടിപ്പിക്കരുത്. അതായത് പങ്കാളിയെ ഒന്ന് ഹഗ്ഗ് ചെയ്യാനോ, ചുംബിക്കാനോ തോന്നിയാൽ അത് അരുത്. വിരലുകൾ പോലും പണി തരാം. പൊതു സ്ഥലങ്ങളിൽ കൈകൾ, വിരലുകൾ എന്നിവ ഉയർത്തി അശ്ലീല ആംഗ്യങ്ങൾ കാണിച്ചാൽ പോലും ഖത്തർ നിയമപ്രകാരം കുറ്റകരമാണ്.അശ്ലീലസാഹിത്യം, ലൈംഗിക കളിപ്പാട്ടങ്ങൾ എന്നിവയും പാടില്ല. ഇത് പോലെ ആഹാരത്തിലും നിയന്ത്രണങ്ങൾ ഉണ്ട്. പന്നിയിറച്ചി ഉൽപന്നങ്ങൾ ഇവിടെ ലഭിക്കില്ലെന്നത് അറിയാമല്ലോ, അതിനാൽ ചോദിക്കാതിരിക്കുന്നതാണ് ഉത്തമം. വിവാഹേതര ലൈംഗിക ബന്ധവും ഖത്തറിൽ പാടില്ല. ഏഴ് വർഷം വരെ തടവാണ് ശിക്ഷയെന്നതിനാൽ അടുത്ത ലോകകപ്പിലും പുറംലോകം കാണാനാവില്ലെന്നത് ഓർമ്മയുണ്ടാവണം''- ഖത്തർ ലോകകപ്പിന് എത്തുന്ന വിദേശികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ടൂറിസം കമ്പനികൾ എഴുതി വാട്സാപ്പിൽ പ്രചരിപ്പിച്ച ചില മുന്നറിയിപ്പ് സൂചികയാണിത്. അതായത് ലോകത്ത് എല്ലായിടത്തുപോലെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുമുള്ള സ്വാതന്ത്ര്യം ഖത്തറിൽ ഇല്ലെന്നും, ലോകകപ്പിനെത്തി ലോക്കപ്പിൽ ആവാതിരിക്കാൻ സൂക്ഷിക്കണമെന്നുമായിരുന്നു ഇത്തരം ലഘുലേഖകളുടെ ഉള്ളടക്കം.

''സാധാരണ ഫുട്‌ബോൾ മത്സരത്തിൽ തുളുമ്പുന്ന വലിയ ബിയർ ഗ്ലാസുമായി കളി കാണുന്ന കാണികളെ കണ്ടിരിക്കും. എന്നാൽ ഇതൊന്നും ഖത്തറിലില്ല. പുകവലിയും ഇവിടെ നിരോധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇ സിഗരറ്റ്, ലൈറ്ററുകൾ, തീപ്പട്ടി എന്നിവയൊന്നും സ്റ്റേഡിയത്തിൽ കൊണ്ട് പോകാൻ ആവില്ല. ഖത്തറിലേക്ക് മദ്യം കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്, കുറ്റത്തിന് ഒരാൾക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കും. മദ്യം കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ലൈസൻസുള്ള ഹോട്ടൽ റെസ്റ്റോറന്റുകളിലും ബാറുകളിലും മദ്യം കഴിക്കാൻ അനുവാദമുണ്ട്.''- വിദേശികൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെപോകുന്നു.

്മദ്യ-പുകവലി നിരോധനങ്ങൾ മാത്രമല്ല, എൻജിബിടിക്യൂ കമ്യൂണിറ്റിയോടും എന്തിന് മഴവിൽ നിറമുള്ള വസ്തുക്കളോടുമുള്ള വെറുപ്പ് ഖത്തർ വെച്ചുപുലർത്തുന്നത് ലോകകപ്പിന് മുമ്പ് വല്ലാതെ വിമർശിക്കപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ഒരു സ്ഥലത്ത് ലോകകപ്പ് കൊടുത്തതിൽ പ്രമുഖ കലാകാരന്മാർ അടക്കം പ്രതിഷേധിച്ചിരുന്നു. ഇങ്ങനെ കടുത്ത നിയന്ത്രണങ്ങൾക്കുള്ളിലാണ് ലോകകപ്പ് തുടങ്ങിയത്. പക്ഷേ ദിവസങ്ങൾ കഴിഞ്ഞതോടെ എല്ലാം അട്ടിമറിഞ്ഞു. ജയിലാവുകയാണെങ്കിൽ അങ്ങനെ തന്നെ എന്ന് പറഞ്ഞുകൊണ്ട് ഇരച്ചുകയറിയ സുന്ദരികൾ ഖത്തറിന്റെ അപ്രഖ്യാപിത ഡ്രസ്‌കോഡ് അട്ടിമറിച്ചു. സ്റ്റേഡിയത്തിൽ ഇരമ്പിയാർക്കുന്ന ആയിരങ്ങളെ എങ്ങനെ അറസ്റ്റ് ചെയ്ത മാറ്റാനാണ്. അവരിൽ മഴവിൽ നിറങ്ങളും വ്യാപകമാണ്. അവർ സ്റ്റേഡിയത്തിലും നിരത്തുകളിലും ചുംബിക്കുന്നു. ബാർ റസ്റ്റോർന്റുകളിൽ മദ്യപിക്കുന്നു. ഖത്തറികൾക്ക് വായ്നോക്കാനല്ലാതെ ഒന്നും കഴിയുന്നില്ല!

പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ചാനൽ ഫോറിന്റെ അഭിപ്രായത്തിൽ ഖത്തറിന് സ്ത്രീകൾ തന്നെ പണികൊടുത്തിരിക്കയാണ്. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്ന ഒരു ഇസ്ലാമിക രാജ്യത്ത് നടന്ന ലോകകപ്പ് ചരിത്രമാവുന്നത് സ്ത്രീ ശക്തിയുടെ പേരിൽ കൂടിയാണ്. സ്ത്രീകൾ നിയന്ത്രിക്കുന്ന ആദ്യത്തെ പുരുഷ ലോകകപ്പ് മത്സരം നടന്ന സ്ഥലം എന്നപേരിലും ഖത്തർ ലോകകപ്പ് ചരിത്രത്തിൽ ഇടം പിടിച്ചത്, പരമ്പരാഗത ഇസ്ലാമിസ്റ്റുകൾക്ക് കനത്ത അടിയായി. കമൻട്രി ബോക്സിലും ഇത്തവണ പെൺശബ്ദം ഉയർന്നു. ഫലത്തിൽ സ്ത്രീ ശാസ്തീകരണത്തിന്റെ ലോകകപ്പായി ഖത്തർ മാറി.

200 ബില്യൺ ഡോളർ ചെലവഴിച്ച് ഫുട്ബോൾ ലോകകപ്പിന് ആതിഥ്യമരുളുമ്പോൾ ഖത്തറിന് തങ്ങളുടെ ഇസ്ലാമിക മുഖം ലോകത്തിന് കാണിച്ചുകൊടുക്കുക എന്ന അജണ്ടകൂടി ഉണ്ടായിരുന്നു. എന്നാൽ ബർണാഡ്ഷാ ഫലിതംപോലെ തിരിച്ചാണ് സംഭവിച്ചത്. വിദേശടീമുകളുടെയും കാണികളുടെയും ഇടപെടൽ മൂലം ഖത്തർ കുറേക്കൂടി പാശ്ചാത്യവത്ക്കരിക്കാനാണ് സാധ്യതയെന്നാണ് പ്രമുഖർ ചൂണ്ടിക്കാട്ടുന്നത്.

ഇറാൻ പേടിയിൽ ഖത്തറും

ഇത്രയേറെ പൊളിറ്റിക്കലായ പ്രതിഷേധങ്ങൾ നടന്ന മറ്റൊരു ലോകകപ്പും ഉണ്ടാവില്ല. അതിൽ തുടക്കം മുതൽക്കുതന്നെ ഖത്തറിനുനേരയും വൻ പ്രതിഷേധങ്ങൾ ഉണ്ടായി. സ്ത്രീകളോടും എൽജിബിടി കമ്യൂണിറ്റിക്കുനേരെയുള്ള വിവേചനം വലിയ തോതിൽ ചർച്ചയായി. എല്ലാവരെയും ഒന്നിപ്പിക്കുന്ന ലോകകപ്പ് പോലുള്ള ഒരു വേദിയിലും മതം എങ്ങനെ ഇടപെടുന്നുവെന്ന് കൃത്യമായി അറിയാനുള്ള ചിന്താപരീക്ഷണം കൂടിയായി ഇത് മാറി.

മത്സരത്തിന്റെ ആവേശത്തിനും ആഹ്ലാദത്തിനുമൊപ്പം രാഷ്ട്രീയവും പ്രതിഷേധങ്ങളും ചർച്ച ചെയ്യുന്ന വേദികളായി ഖത്തർ സ്റ്റേഡിയങ്ങൾ മാറി. വാമൂടിക്കെട്ടി മൈതാനത്തിറങ്ങിയ ജർമൻ ടീമും ദേശീയഗാനം ആലപിക്കാത്ത ഇറാൻ താരങ്ങളും ലോകത്തിനു മുന്നിൽ പുതിയ ചർച്ചകൾക്കു വഴിമരുന്നിട്ടു. മഴവിൽനിറത്തിലുള്ള പതാകയുമേന്തി ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകർ ഖത്തറിന് തന്നെ താക്കീതായി. യുദ്ധം മുറിവേൽപ്പിച്ച യുക്രെയ്നിന്റെയും ഇറാനിൽ പ്രതിഷേധിക്കുന്ന സ്ത്രീകളുടെയും പ്രതീകമായി ഗ്യാലറികളിൽ ബാനറും പ്ലക്കാർഡുകളും ഉയർന്നു. ഖത്തർ ഇരുമ്പുമറയിൽ ഒതുക്കാമെന്ന് പ്രതീക്ഷിച്ച എല്ലാ നിയന്ത്രണങ്ങളും, ആർത്തിരമ്പിയെത്തിയ ജനം തകർത്തു.

ഇറാനിലുണ്ടായ സംഭവങ്ങൾ ഖത്തറിനെയും സത്യത്തിൽ പേടിപ്പിക്കുന്നുണ്ടെന്ന് ഡെയിലിമെയിൽ പോലുള്ള വിദേശ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇറാനിൽ ലോകകപ്പ് തോറ്റിട്ടും ജനം ആഹ്ലാദിക്കയാണ് ഉണ്ടായത്. നൃത്തം ചവിട്ടിയും വാഹനത്തിന്റെ ഹോൺമുഴക്കിയുമാണ് ജനം സർക്കാറിനെതിരെ പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ മെഹ്‌റാൻ സമക്(27) എന്ന യുവാവിനെ സുരക്ഷാ സേന വെടിവെച്ച് കൊന്നതും വലിയ വിവാദമായി. ഇറാനിൽ മതപൊലീസിന്റെ കസ്റ്റഡിയിൽ 22 വയസ്സുകാരി മഹ്സ അമിനി കൊല്ലപ്പെട്ടതിനു പിന്നാലെ മഹ്‌സ അമിനിയുടെ നാടായ കുർദ് പട്ടണം സാക്വസിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് ഇറാനിലെ മറ്റുനഗരങ്ങളിലേക്കും പ്രക്ഷോഭം കത്തിപ്പടർന്നു.

'ഏകാധിപത്യം തുലയട്ടെ,' 'സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം' എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകളാണ് രോഷം പ്രകടമാക്കിയത്. ഹിജാബ് വലിച്ചെറിയുന്നതിന്റെയും കൂട്ടിയിട്ട് കത്തിക്കുന്നതിന്റെയും നിരവധി ദൃശ്യങ്ങളും പുറത്തുവന്നു. ഇറാൻ ദേശീയ ടീമിന്റെ തോൽവിക്കു പിന്നാലെ തെരുവുകൾ ആഘോഷമാക്കുന്ന ഇറാനികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുന്നതിൽനിന്ന് ഇറാൻ ടീം വിട്ടുനിന്നിരുന്നു. ഇതേത്തുടർന്ന് ടീമംഗങ്ങളുടെ കുടുംബത്തെ തടവിലാക്കുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് അവർ അടുത്ത കളിമുതൽ ദേശീയഗാനം ആലപിക്കാൻ തുടങ്ങിയത്.

മുന്നൂറിലേറെപ്പേർ വെടിയേറ്റ് മരിച്ചിട്ടും, അരലക്ഷത്തോളം പേർ ജയിലിയായിട്ടം പ്രക്ഷോഭം അവസാനിക്കാത്തതിനെ തുടർന്ന് ഇപ്പോൾ ഇറാനിൽ മതകാര്യപൊലീസിനെ ഒഴിവാക്കാൻ തീരുമാനിമായിട്ടുണ്ട്. അതുപോലെ കർശനമായ മതകാര്യ പൊലീസ് നിലനിൽക്കുന്ന രാജ്യമാണ് ഖത്തറും. ഈ സംഭവങ്ങളിൽനിന്നുള്ള ഭയം ഉള്ളിൽ ഉള്ളതുകൊണ്ടാണ് ഇപ്പോൾ ലോകകപ്പിലടക്കം ഖത്തർ ഡ്രസ്‌കോഡ് നിർബന്ധമാക്കാത്ത് എന്ന് പാശ്ചാത്യ മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

വായ്നോക്കി കുടുങ്ങിയ ഖത്തറികൾ

ശരിക്കും ഖത്തറിന്റെ ഈ സ്ത്രീ സൗന്ദര്യത്തോടുള്ള ഇരട്ടത്താപ്പ് പൊളിച്ചടുക്കുന്നതിന് നിമിത്തമായത് ക്രൊയേഷ്യ മോഡൽ ഇവാനാ നോൾ ആണ്. കഴിഞ്ഞ ദിവസം ബിക്കിനി അണിഞ്ഞ് ഈ ക്രൊയേഷ്യൻ സുന്ദരി സ്റ്റേഡിയത്തിലൂടെ നടന്നു നീങ്ങിയപ്പോൾ കൗതുകത്തോടെ ഒളിഞ്ഞു നോക്കിയ അറബ് വേഷമണിഞ്ഞ ഖത്തറികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മൊറോക്കോയും ക്രൊയേഷ്യയും തമ്മിൽ നടന്ന മത്സരത്തിലാണ് മുൻ മിസ് ക്രൊയേഷ്യയായിരുന്ന ഇവാനാ നോളിന്റെ വരവ്. അതീവ ഗ്ലാമറസ് ആയി എത്തിയ ഇവാനയുടെ വസ്ത്രം കണ്ട ഖത്തറികൾക്ക് കൗതുകം അടക്കാൻ കഴിഞ്ഞില്ല. ഇവാനയെ തന്നെ ഉറ്റു നോക്കി ഇരിക്കുകയാണ് അവർ. മാത്രമല്ല ഫോൺ എടുത്ത് ഇവാനയുടെ ചിത്രവും പകർത്തി. 30കാരിയായ മോഡലും ഡിസൈനറുമായ ഇവാന ലോകകപ്പിന്റെ സെക്സിയസ്റ്റ് ഫാൻ ആണ്.

ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കാൻ ഇവാന ഇട്ട പോസ്റ്റിൽ ഖത്തറികളുടെ ചിത്രവും ഇടംപിടിച്ചു. ചുവപ്പും വെള്ളയും നിറത്തിലുള്ള ബിക്കിനി ടോപ്പിലും ഇറുകിയ പാന്റിലും നടന്നു നീങ്ങുന്ന ഇവാനയുടെ ചിത്രം പകർത്തുന്ന ഖത്തറികൾ നിരവധിയാണ്. ഈ ചിത്രം ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ആ പോസ്റ്റിന് ഇങ്ങനെയാണ് ഇവാന ക്യാപ്ഷൻ നൽകിയത്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ലവ് യു ആൾ.

ഇവാനയുടെ ഫോട്ടോ കണ്ടവരെല്ലാം ഫോട്ടോയിലെ പുരുഷന്മാരുടെ നോട്ടത്തെ കുറിച്ചാണ് കമന്റ് ചെയ്തത്. ഇതോടെയാണ് ഖത്തറിന് തങ്ങളുടെ സദാചാരബോധം പുറത്തുചാടിയത്. അതോടെ അവർ പ്ലേറ്റ് മാറ്റി വീണ്ടും പരിഹാസ്യരായി. പ്രമുഖ ഖത്തറി സംരംഭകനായ മൊഹമ്മദ്് ഹസൻ അൽ ജെഫെയ്‌രിയുടെ പ്രതികരണം ഇങ്ങനെ: ' ഇവാനയോടുള്ള ഭ്രമം കൊണ്ടല്ല, ഞങ്ങളുടെ സംസ്‌കാരത്തിന് വിരുദ്ധമായ ആ വേഷത്തോടുള്ള എതിർപ്പ് കാണിക്കാനാണ് പുരുഷന്മാർ ഫോട്ടോ പകർത്തുന്നത്'. നാട്ടുകാരനായ ഏതു ഖത്തറിയോടും നിങ്ങൾക്കിത് ചോദിക്കാം''- ഇങ്ങനെയായിരുന്നു, അദ്ദേഹം ട്വീറ്റ്. ഇതും സോഷ്യൽ മീഡിയിൽ വലിയ ട്രോൾ ആയി. വിദേശരാജങ്ങളിൽപോയി കുടിച്ച് കൂത്താടുന്ന ഖത്തർ സമ്പന്നർ സ്വന്തം നാട്ടിൽ വന്ന് മതജീവികൾ ആവുന്നതും വലിയ തോതിൽ ചർച്ചയായി.

ഇവാനയുടെ പാത പിന്തുടർന്നുകൊണ്ട് ഒരുപാട് ഹോട്ട് ഗേൾസ് അറസ്റ്റ് ഭീതിയില്ലാതെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയതോടെ ഖത്തറിന്റെ വസ്ത്ര നിയന്ത്രണം ജലരേഖയായി. അങ്ങനെ താൻപോലും അറിയാതെ സ്ത്രീസ്വാതന്ത്ര്യത്തിന്റെയും വസ്ത്രസ്വാതന്ത്ര്യത്തിന്റെയും പ്രായോഗിക മോഡലായി ഇവാന മാറി!

തരംഗമായി ക്രോയേഷ്യയുടെ ഹോട്ട് ഗേൾ

ക്രോയേഷ്യയുടെ ഹോട്ട് ഗേൾ എന്ന് അറിയപ്പെടുന്ന ഇവാന ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ, 1992 ലാണ് ജനിച്ചത്. ഏഴാം വയസിൽ മാതാപിതാക്കളോടൊപ്പം ക്രൊയേഷ്യയിലേക്ക് താമസം മാറി. 2016 ൽ ലാണ് മിസ് ക്രൊയേഷ്യ വേൾഡ് മത്സരത്തിൽ പങ്കെടുത്തത്. പോൾ ഡാൻസിങ്ങിലും, ബെല്ലി ഡാൻസിങ്ങിലും മിടുക്ക് തെളിയിച്ച നർത്തകിയാണിവർ.

2018ലെ ക്രൊയേഷ്യ- ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ഫൈനനിലും ഇവർ ശ്രദ്ധിക്കപ്പെട്ടു. ആദ്യമായി ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ തന്റെ കുഞ്ഞൻ രാജ്യം എത്തിയ ആവേശത്തിലാണ് ക്രോയേഷ്യൻ ആരാധകർ. ലൂക്കാ മോഡ്രിച്ചിന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യൻ ടീം മുൻ ലോകചാംപ്യന്മാർക്കെതിരെ പൊരിഞ്ഞ പോരാട്ടം നടത്തുമ്പോൾ ഇങ്ങ് ഗാലറിയിലാകെ തീപടർത്തിക്കൊണ്ട് ക്രൊയേഷ്യയ്ക്കു ജയ് വിളിച്ച് ഇവാനയും ഉണ്ടായിരുന്നു. ക്രൊയേഷ്യയുടെ ജഴ്സിയുടെ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് സെക്സി ലുക്കിൽ ഗാലറിയെ പ്രകമ്പനം കൊള്ളിക്കാനാണ് ഇവാന റഷ്യയിലെത്തിയത്. അത് ക്യാമറക്കണ്ണുകൾ പലതവണ പിടിച്ചെടുക്കയും ചെത്തു.

'സെക്സിയസ്റ്റ് ഫാൻ ഓഫ് ദ് കൺട്രി' എന്നാണ് ഇവാന അറിയപ്പെട്ടത്.ലോകകപ്പിൽ റഷ്യയോട് ക്രൊയേഷ്യ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇന്റർനെറ്റിലെ 'ഹോട്ട്സ്റ്റാറാ'യി മാറി ഇവാന. 2014ലെ ലോകകപ്പിലും ഇവാന എത്തിയിരുന്നെങ്കിലും 2018ലാണ് ഹിറ്റായി മാറിയത്. ക്രൊയേഷ്യയുടെ പ്രിയതാരം ലൂക്കയുടെ കടുത്ത ആരാധികയാണ് കക്ഷി.

മുൻ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാന ഇൻസ്റ്റഗ്രാം ടിക്ടോക് എന്നിവയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ക്രൊയേഷ്യൻ ജഴ്സിയുടെ നിറത്തിലുള്ള ഫിഷ്‌കട്ട് സ്‌കർട്ടിൽ മത്സ്യകന്യകയെപ്പോലെ സുന്ദരിയായി അൽ ബെയ്ത്ത് സ്റ്റേഡിയത്തിനു മുന്നിൽനിന്ന് ഇവാന പോസ്റ്റു ചെയ്ത ചിത്രത്തിന് ആരാധകരുടെ വമ്പൻ പ്രതികരണമാണ് ഉണ്ടായത്. 'ക്രൊയേഷ്യ നമുക്ക് തുടങ്ങാം' എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റു ചെയ്തത്.

ഇതിനു പുറമേ ക്രൊയേഷ്യൻ ജഴ്സിയുടെ നിറത്തിലുള്ള നിരവധി ബിക്കിനി, സിംസ്യൂട്ട് ചിത്രങ്ങളും ഇവാന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. നവംബർ 23ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന മൊറോക്കോയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിലും നവംബർ 27ന് കാനഡയ്ക്കെതിരൈ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിലും ഇവാന 'പ്രകോപനപരമായ' വസ്ത്രം ധരിച്ചെത്തി രാജ്യത്തെ നിയമങ്ങൾ ലംഘിച്ചു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതിന്റെ പേരിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ക്രൊയേഷ്യയ്ക്കു പിന്തുണയുമായി അവരുടെ 'ഹോട്ട്' ആരാധിക ഖത്തറിൽത്തന്നെ തുടരുകയാണ്.

വിമർശനങ്ങൾ ഇവാനയും അറിയാതിരിക്കുന്നില്ല. 'ലോക കപ്പ് ഖത്തറിലാണ് നടക്കുന്നതെന്ന് അറിഞ്ഞപ്പോൾ, ആരാധാകർക്ക് നിയന്ത്രണങ്ങൾ ഒന്നും അവർ ഏർപ്പെടുത്തില്ലെന്നാണ് ഞാൻ കരുതിയത്. പിന്നീട് നിയമങ്ങളെ കുറിച്ച് കേട്ടപ്പോൾ ഞെട്ടി പോയി. തോളുകൾ, മുട്ടുകൾ, വയർ അങ്ങനെ ഒന്നും പുറത്തുകാണാൻ പാടില്ല. എന്റെ ദൈവമേ, അതിന് തക്കതായ വേഷമൊന്നും എന്റെ കൈയിൽ ഇല്ലാ, താനും', ഇവാന പറഞ്ഞു.'ഇവിടെ എത്തിയപ്പോൾ, വസ്ത്രധാരണത്തിന്റെ പേരിൽ വിചാരിച്ച പോലെ കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. സർക്കാർ മന്ദിരങ്ങളിൽ ഒഴികെ എന്തുവേണമെങ്കിലും ധരിക്കുന്നതിൽ പ്രശ്‌നമില്ല. അറസ്റ്റ് ചെയ്യപ്പെടുമെന്ന പേടി തനിക്കില്ലെന്നും' ഇവാന പറയുന്നു.

അർജന്റീനയുടെ അതുല്യ സുന്ദരി

അതുപോലെ തന്നെ മിക്കടീമുകൾക്കും ഇപ്പോൾ സെക്സിയസ്്റ്റ് ഫാൻസ് ഉണ്ടായിട്ടുണ്ട്. അവർ പേടിയില്ലാതെ ഖത്തർ സ്റ്റേഡിയങ്ങളിലേക്ക് ഇറങ്ങുന്നുമുണ്ട്. അർജന്റീനയുടെ ആരാധക സുന്ദരിയാണ് മെലിസിയ ആർട്ടിസ്റ്റ. മെസ്സിപ്പടയുടെ കളികളിൽ ഗ്യാലറിയിൽ നിറസാന്നിധ്യമായ മെലിസിയ ഒരു പോപ്പ് ഗായികയാണ്. രണ്ടര ലക്ഷത്തോളം പോരാണ് ഇൻസ്റ്റഗ്രാമിൽ ഇവരെ ഫോളോ ചെയ്യുന്നത്.

സൗദി അറേബ്യയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിനു മുൻപ് ലുസെയ്ൽ സ്റ്റേഡയിത്തിൽനിന്ന് അർജന്റീനയുടെ ജഴ്സിയും പാതകയും പിടിച്ചുനിൽക്കുന്ന ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചുകൊണ്ടാണ് അർജന്റീനയുടെ ഈ ആരാധിക വരവറിയിച്ചത്. എന്നാൽ മെസ്സി ലോകകപ്പ് ഉയർത്തുന്നതു കാണാൻ ഖത്തറിലെത്തിയ മെലിസിയയെ അർജന്റീനയുടെ പരാജയം ആകെ തളർത്തിക്കളഞ്ഞു. പക്ഷേ തൊട്ടടുത്ത മത്സരത്തോടെ വീണ്ടും എല്ലാം ഉഷാർ. ഇപ്പോൾ അർജന്റീന ക്വാർട്ടറിലേക്ക് കടന്നതിന്റെ ആഹ്ലാദം അവൾ പങ്കുവെക്കുന്നു . ഇനിയും അർജന്റീനയ്ക്ക് പൂർണ പിന്തുണയുമായി മെലിസിയ ഖത്തറിൽത്തന്നെ കാണും.

അർജന്റീനൻ ഫുട്ബോൾ ക്ലബ്ബായ റിവർ പ്ലേറ്റിന്റെ കടുത്ത ആരാധികയാണ് മെലിസിയ. 2017ൽ റിവർ പ്ലേറ്റിന്റെ മത്സരവുമായി ബന്ധപ്പെട്ടു വച്ച ഒരു ലേലമാണ് മെലിസിയയെ ശ്രദ്ധേയയാക്കിയത്. ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ ക്ലബുകളുടെ ചാംപ്യൻസ് ലീഗ് എന്ന് അറിയപ്പെടുന്ന കോപ്പ ലിബെർടഡോറസ് ഫുട്ബോൾ മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബോളീവിയൻ ക്ലബ്ബായ ഡിപോർട്ടിവോ ജോർഗെ വിൽസ്റ്റെർമാനോടു 3-0 എന്ന സ്‌കോറിൽ റിവർ പ്ലേറ്റ് തോറ്റിരുന്നു. 2ാം പാദത്തിൽ 4 ഗോൾ വിജയം എങ്കിലും നേടിയാൽ മാത്രമേ റിവർ പ്ലേറ്റിനു സെമിയിലേക്കു മുന്നേറാനാകൂ എന്നിരിക്കെ, ക്ലബിന്റെ കഥ കഴിഞ്ഞതായി ഭൂരിഭാഗം ആരാധകരും വിധിയെഴുതി.

പെട്ടെന്ന് മെലിസിയ തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പോസ്റ്റു ചെയ്തു. റിവർ പ്ലേറ്റിന്റെ വിജയത്തിനായി താൻ തന്റെ ഭാഗ്യ വസ്ത്രത്തെ ആശ്രയിക്കുകയാണെന്നും വിജയിച്ചാൽ തന്റെ ഫോളോവേഴ്സിൽ ഒരാൾക്ക് ഇത് ലേലം ചെയ്യുമെന്നുമായിരുന്നു വിഡിയോ. റിവർ പ്ലേറ്റ് താരങ്ങൾക്കും ഒരു പ്രചോദനമെന്ന നിലയിൽ ഈ വിഡിയോ അയച്ചിരുന്നു. എന്തായാലും രണ്ടാ പാദ മത്സരം റിവർ പ്ലേറ്റ് ജയിച്ചു. അതും 8-0 എന്ന മാർജിനിലെ ഉശിരൻ വിജയം! എന്തായാലും മെലിസിയയുടെ 'വിശ്വാസം' റിവർപ്ലേറ്റിനെ തുണച്ചു. അതോടെ ഇവർ ഭാഗ്യതാരമായും അറിയപ്പെട്ടു. ഇതോടെ പല വാതുവെപ്പ് കമ്പനികളും ഇവരെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സെക്സിയസ്്റ്റ് ഫാൻസിൽ മിക്കവരെയും ക്ലബുകളും സമ്പന്നരുമൊക്കെ സ്പോൺസർ ചെയ്യാറുമുണ്ട്.

മെക്സികോയുടെ 'വെതർ ഗേൾ'

ഖത്തർ ലോകകപ്പിലെ പ്രാഥമിക റൗണ്ടിൽ മെക്സിക്കോ പുറത്തായത് ഖത്തറിലെ വായ്നോക്കികൾ എന്ന സൗന്ദര്യ ആരാധകരെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്.
ബിക്കിനിയും അതിനു മീതെ മെഷും ധരിച്ച് കയ്യിൽ ഫുട്ബോളുമായാണ് മെക്സികൻ വെതർ ഗേൾ എന്നറിയപ്പെടുന്ന യാനെറ്റ് ഗാർഷ്യ ലോകകപ്പിൽ മെക്സിക്കോയ്ക്ക് പിന്തുണയുമായി ഇൻസ്റ്റഗ്രാമിൽ വരവറിയിച്ചത്. 1.48 കോടി ഫോളോവേഴ്സാണ് യാനെറ്റിന് ഇൻസ്റ്റഗ്രാമിലുള്ളത്. അവർക്കായി യാനെറ്റ് നിരന്തരം തന്റെ ഹോട്ട് ബിക്കിനി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മുപ്പത്തിരണ്ടുകാരിയായ യാനെറ്റ് മെക്സിക്കോയിലെ പ്രധാന ടിവി അവതാരകയും നടിയുമാണ്. പ്രഭാത കാലാവസ്ഥാ പരിപാടിയായ 'ഹോയ്'യുടെ അവതാരകയായിരുന്നു. മെക്സികൻ വെതർ ഗേൾ എന്നാണ് യാനെറ്റ് അവരെത്തന്നെ വിശേഷിപ്പിക്കുന്നത്.

2018ലെ ലോകകപ്പിൽ മെക്സികോയുടെ ഒരു വിജയം ആഘോഷിക്കുന്ന വിഡിയോ വൈറലായതോടെയാണ് യാനെറ്റ് ഫുട്ബോൾ ആരാധകരുടെ ലോകത്ത് അറിയപ്പെടാൻ തുടങ്ങിയത്. ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടെയെല്ലാം പതാകകളുടെ ചിത്രമുള്ള വസ്ത്രം ധരിച്ച്, മെക്സിക്കോയുടെ പതാകയും കയ്യിലേന്തി നൃത്തം ചെയ്യുന്ന വിഡിയോയായിരുന്നു അത്. അതേ ലോകകപ്പിനിടയിൽ തന്നെ തന്റെ ചുവന്ന വസ്ത്രത്തിനു മീതെ മെക്സിക്കൻ ഫുട്ബോൾ കളിക്കാരുടെ ജഴ്സി അണിഞ്ഞ് യാനെറ്റ് കാലാവസ്ഥാ വാർത്ത അവതരിപ്പിച്ചതും വൈറലായിരുന്നു.

റഫറിയായും കമന്റി പറഞ്ഞും ചരിത്രത്തിൽ

അതുപോലെ ലോക ചരിത്രത്തിൽ ആദ്യമായി പുരുഷ ഫുട്ബോൾ നിയന്ത്രിക്കാനുള്ള നിയോഗം വനിതകൾക്ക് വന്ന് ചേർന്നതും ഖത്തറിൽ ആണെന്നത് ചരിത്രത്തിന്റെ മറ്റൊരു കാവ്യനീതി. ഫ്രാൻസിൽനിന്നുള്ള സ്റ്റെഫാനി ഫ്രാപ്പർട്ട്, റുവാൻഡക്കാരി സലീമ മുകാൻസാംഗ, ജപ്പാനിലെ യോഷിമി യമഷിദ എന്നിവരാണ് ഫിഫ റഫറി പാനലിലെത്തി ചരിത്രം കുറിച്ചത്്.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിനിയന്ത്രിച്ച ആദ്യ വനിതയാണ് സ്റ്റെഫാനി. ചാമ്പ്യൻസ് ലീഗ്, ഫ്രഞ്ച് ലീഗ് വൺ മത്സരങ്ങളിലും റഫറിയായ ആദ്യവനിതയെന്ന ബഹുമതിയും നേടി. ആഫ്രിക്കൻ നേഷൻസ് കപ്പ് മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറിയാണ് സലീമ. വനിതാ ലോകകപ്പ്, വനിതാ ചാമ്പ്യൻസ് ലീഗടക്കം വമ്പൻ ടൂർണമെന്റുകളിൽ കളിനിയന്ത്രിച്ചിട്ടുണ്ട്. ജപ്പാൻകാരി യോഷിമി 2019 വനിതാ ലോകകപ്പിൽ റഫറിയായിരുന്നു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ജർമനി-കോസ്റ്ററിക്ക മത്സരം ചരിത്രമായത് ഇങ്ങനെയാണ്. സ്ത്രീകൾ നിയന്ത്രിക്കുന്ന ആദ്യത്തെ പുരുഷ ലോകകപ്പ് മത്സരമയിരുന്നു ഇത്. ഫ്രാൻസിന്റെ സ്റ്റെഫനി ഫ്രാപ്പാർട്ടായിരുന്നു മുഖ്യ റഫറി. ബ്രസീലിൽനിന്നുള്ള ന്യൂസ ബാക്കും, മെക്സിക്കോയുടെ കാരെൻ ഡയസും അസിസ്റ്റന്റ് റഫറിമാരായിരുന്നു.

ഗ്രൗണ്ടിൽ മാത്രമല്ല കമൻട്രി ബോക്സിലും ഇത്തവണ പെൺശബ്ദം ഉയണ്ണു. ലോകകപ്പ് മത്സരങ്ങളുടെ തൽസമയ കമൻട്രി സംഘത്തിൽ ജാക്വി ഓറ്റ്ലി, വിക്കി സ്പാർക്സ്, പിയെൻ മെലൻസ്റ്റീൻ എന്നീ വനിതകളാണുള്ളത്. യുഎസിൽ ലോകകപ്പ് ടെലികാസ്റ്റ് ചെയ്യുന്ന, ഫോക്സ് ചാനലിനായുള്ള അഞ്ചംഗ കമന്റേറ്റർ സംഘത്തിലാണ് ജാക്വി ഓറ്റ്ലിയുള്ളത്. യുഎസിന്റെ ലോകകപ്പ് ടെലികാസ്റ്റ് ചരിത്രത്തിൽ മത്സരത്തിന്റെ തത്സമയ കമൻട്രി പറയുന്ന ആദ്യ വനിതയാണ് ഓറ്റ്ലി. ബിബിസി ബ്രോഡ്കാസ്റ്റ് സംഘത്തിലാണ് വിക്കി സ്പാർക്സ്, റോബിൻ കോവൻ എന്നിവർക്കൊപ്പം പിയെൻ മെലൻസ്റ്റീൻ ഉൾപ്പെട്ടത്. ''വനിതകളെയും വനിത കമന്റേറ്റർമാരെയും കുറിച്ച് മോശം അഭിപ്രായങ്ങൾ പറയുന്ന ഒരു കൂട്ടം ആളുകൾ നമുക്കു ചുറ്റുമുണ്ട്. അത് അവരുടെ ചിന്തയുടെ പ്രശ്നമാണ്. അവർ വ്യത്യസ്തമായ ഒന്നും കേൾക്കാനും അംഗീകരിക്കാനും ആഗ്രഹിക്കാത്തവരാണ്''- ഇരുപത്തിയഞ്ചുകാരിയായ മെലൻസ്റ്റീന്റെ വാക്കുകളാണ്. ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ്ബായ ഫുൾഹാമിന്റെ മുൻ മാനേജറും നിലവിൽ ഓസ്ട്രേലിയൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ റിനെ മെലൻസ്റ്റീന്റെ മകളാണ് പിയെൻ. നാൽപത്തിയേഴുകാരിയായ ഓറ്റ്ലി 2018ലെ ലോകകപ്പിൽ ബ്രിട്ടനിലെ ഐടിവിയിലെ അവതാരകയായും റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇവർ വരുന്നതോടെ കാലങ്ങളായുള്ള, ലോകകപ്പ് മത്സരങ്ങളുടെ കമൻട്രി ബോക്സുകളിലെ പുരുഷാധിപത്യത്തിനാണ് അന്ത്യമാകുന്നത്.

ഇസ്ലാമിക അജണ്ട പാടേ പൊളിയുന്നു

സത്യത്തിൽ ഈ വനിതകൾ പാടേ തകർത്തുകളഞ്ഞത് ഇസ്ലാമിന്റെ മേൽക്കോയ്മ നിലനിർത്തിപ്പിക്കു എന്ന ഖത്തറിന്റെ ഹിഡൻ അജണ്ടയാണ്. സ്ത്രീ പുരുഷന്റെ കൂടെയല്ലാതെ പുറത്തിറങ്ങാൻ പാടില്ലാത്ത ഒരു സമൂഹത്തിൽ, ഡ്രൈവിങ്ങിനുള്ള അവകാശംപോലും ഈയിടെ മാത്രം കിട്ടിയ ഒരു സമൂഹത്തിൽ സ്ത്രീകൾ ഈ രീതിയിൽ വിപ്ലവം തീർത്തു.

ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ പിന്നിൽ, കൃത്യമായി മതം പടർത്തുക എന്ന ഇസ്ലാമിക രാഷ്ട്രീയം ഉണ്ട് എന്നത് നേരത്തെ തന്നെ ചർച്ചയായിരുന്നു. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിന് ഖുർആൻ സൂക്തങ്ങൾ വായിച്ചത് അടക്കമുള്ള നിരവധി ഉദാഹരണങ്ങൾ ഖത്തറിന്റെ ഹിഡൻ ഇസ്ലാമൈസേഷന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഉദ്ഘാടനത്തിന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് പങ്കെടുത്തതും വിവാദമായിരുന്നു. എന്നാൽ ഇദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നും, സാക്കിർ നായിക് ദോഹയിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതാണെന്നമാണ് ഖത്തർ നയതന്ത്ര പ്രതിനിധികൾ ഇന്ത്യയെ അറിയിച്ചത്. ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം തകർക്കുക എന്ന ഉദ്ദേശത്തോടെ മറ്റു രാജ്യങ്ങൾ ബോധപൂർവമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അധികൃതർ പറയുന്നുത്.

സാക്കിർ നായിക് നേതൃത്വം നൽകുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ 2016 അവസാനത്തോടെ ഇന്ത്യ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. വിവിധ മതവിഭാഗങ്ങൾക്കും ഗ്രൂപ്പുകൾക്കുമിടയിൽ ശത്രുതയും വിദ്വേഷവും പ്രോൽസാഹിപ്പിക്കുന്ന ഇയാളെയും ഇയാളുടെ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. സാക്കിറിന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുവകൾ ആണ് ഇന്ത്യ കണ്ടുകെട്ടിയത്. ബംഗ്ലാദേശിലെ തീവ്രവാദി ആക്രമണം തൊട്ട് ഐസിസ് ബന്ധംവരെയുള്ള നിരവധി കേസുകളിലും അയാൾ ആരോപിതനാണ്. എവിടെ സാക്കിർ നായിക്ക് ഉണ്ടോ അവിടെ തീവ്രവാദം ഉണ്ട് എന്നാണ് ഒരു ചൊല്ല. എന്നിട്ടും ഈ മനുഷ്യനെ വരെ കൊണ്ടുവരുന്നതിന് ഇടയാക്കിയത് ഖത്തറിന്റെ കൃത്യമായ മത രാഷ്ട്രീയം തന്നെയാണ്.

ഇത്തവണത്തെ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം വേദിയിലെത്തിയ ഒരാളും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഖത്തർ ലോകകപ്പിന്റെ അംബാസിഡറായ ഗാനിം അൽ മുഫ്താഹ് ആയിരുന്നു ആ താരം. നട്ടെല്ല്, കൈകാലുകൾ, മൂത്രസഞ്ചി, കുടൽ, എന്നിവയെല്ലാം ഉൾപ്പെടുന്ന ശരീരത്തിന്റെ താഴത്തെ പകുതിയുടെ വികാസത്തെ ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്താഹ്.

സോഷ്യൽ ഇൻഫ്ളുവൻസർ, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്. ഖുർആനിലെ വാക്യങ്ങൾ ചൊല്ലികൊണ്ടാണ് മുഹ്താബ് വൈവിധ്യത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളേണ്ടതിന്റെയുമൊക്കെ സന്ദേശം പങ്കുവെച്ചത്. അദ്ദേഹത്തെ ശ്രദ്ധയോടെ ശ്രവിക്കുന്ന മോർഹൻ ഫ്രീമാന്റെ ചിത്രങ്ങളും പലരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. ഇതും ഖത്തർ വ്യാപകമായി പ്രചരിപ്പിച്ചു. ഖുർആനിയെും ഇസ്ലാമിനെയും ലോകം മുഴുവൻ അംഗീകരിച്ചുവെന്നാണ് അവർ പടച്ചുവിട്ടത്. ലോകകപ്പോടെ ഇസ്ലാമിനെ കൂടുതൽ പേർക്ക് പരിചയപ്പെടുത്താം എന്ന അജണ്ട വച്ചാണ്, ഖത്തറിന്റെ ആത്മീയ നേതാവ് കുടിയായ പ്രമുഖ ഇസ്ലാമിക പണ്ഡിതർ യൂസുഫുൽ ഖർദാവി ഇതിന അനുമതി നൽകിയത് തന്നെ എന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. പക്ഷേ കളി തുടങ്ങിയപ്പോൾ ലോകം ഇസ്ലാമാവുകയല്ല, ഖത്തർ കൂടുതൽ ആധുനികമാവുകയാണ് ഉണ്ടായത്!

വാൽക്കഷ്ണം: തുട കാണിക്കുന്ന ഫു്ട്ബോൾ അനിസ്ലാമികം ആണെന്നും, പോർച്ചുഗൽ പോലുള്ള അധിനിവേശ ശക്തികളുടെ കൊടി സ്ഥാപിക്കരുത്, എന്നൊക്കെ പറയുന്ന കേരളത്തിലെ മത പണ്ഡിതരെ സത്യത്തിൽ ഖത്തറിൽ കൊണ്ടുപോയി ഫുട്ബോൾ ഗ്യാലറികളിൽ ഒന്ന് ഇരുത്തുകയാണ് വേണ്ടത്. എങ്കിൽ, സുന്ദരിമാരുടെ ഫോട്ടോ രഹസ്യമായി എടുക്കുന്ന നാസർ ഫൈസി കൂടത്തായിയെയും, റഫീക്ക് സലഫിയെയും, നൗഷാദ് ബാഖഫിയെയുമൊക്കെ നമുക്ക് കാണേണ്ടിവരുമെന്ന് ഉറപ്പാണ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP