Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

25 കാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് തൊലിയുരിച്ച് കൊന്ന് ആന്തരികാവയവങ്ങളുടെ ചിത്രമെടുത്തു; എഴുവയസുകാരിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക്ക് കവറിലാക്കി; പൈശാചികതകൾ വർധിച്ചതോടെ ശക്തമായ സമരവുമായി സ്ത്രീകൾ; മാർച്ച് 9ന് മെക്സിക്കോവിൽ ഒരിടത്തും സ്ത്രീകൾ ഇല്ല; അടുക്കളയും ലൈംഗികബന്ധവും വരെ ബഹിഷ്‌ക്കരിക്കണമെന്ന് ഫെമിനിസ്റ്റ് സംഘടനകൾ; മാഫിയകൾ ജീവിതം ദുരിതമയമാക്കിയ മെക്സിക്കോയിൽ ഈ വനിതാദിനം സാക്ഷിയാവുക അസാധാരണ സമരത്തിന്

25 കാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് തൊലിയുരിച്ച് കൊന്ന് ആന്തരികാവയവങ്ങളുടെ ചിത്രമെടുത്തു; എഴുവയസുകാരിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക്ക് കവറിലാക്കി; പൈശാചികതകൾ വർധിച്ചതോടെ ശക്തമായ സമരവുമായി സ്ത്രീകൾ; മാർച്ച് 9ന് മെക്സിക്കോവിൽ ഒരിടത്തും സ്ത്രീകൾ ഇല്ല; അടുക്കളയും ലൈംഗികബന്ധവും വരെ ബഹിഷ്‌ക്കരിക്കണമെന്ന് ഫെമിനിസ്റ്റ് സംഘടനകൾ; മാഫിയകൾ ജീവിതം ദുരിതമയമാക്കിയ മെക്സിക്കോയിൽ ഈ വനിതാദിനം സാക്ഷിയാവുക അസാധാരണ സമരത്തിന്

എം മാധവദാസ്

മെക്സിക്കോ സിറ്റി: പൂർണ്ണമായും സ്ത്രീകളെ ഒരിടത്തും കാണാത്ത ഒരു ദിവസം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? അന്ന് റോഡിൽ സ്ത്രീകൾ ഇറങ്ങില്ല. അവരെ ട്രെയിനിലോ ടാക്സിയിലോ കാണാൻ കഴിയില്ല. സ്‌കുൾ ടീച്ചർമാർ തൊട്ട് ലൈംഗിക തൊഴിലാളികൾ വരെ അന്ന് പൊതു ഇടങ്ങളിൽ നിന്ന് മാറിനിൽക്കും. സ്ത്രീകൾ അടുക്കള തൊട്ട് ഭർത്താക്കാന്മാരുമായുള്ള ലൈംഗിക ബന്ധംവരെ ബഹിഷ്‌ക്കരിക്കുന്നു. സമ്പൂർണ്ണമായും പൊതുജീവിതത്തിൽ നിന്ന് സ്ത്രീകൾ വിട്ടുനിൽക്കുന്ന ഒരു ദിവസം. ഇങ്ങനെ ഒരു സമരം എന്തായാലും ലോകചരിത്രത്തിൽ കേട്ടുകേൾവിയുണ്ടാവില്ല. സാർവദേശീയ വനിതാ ദിനമായ മാർച്ച് 9ന് മെക്സിക്കോ സാക്ഷിയാവുന്ന 'എ ഡേ വിത്തൗട്ട് അസ്' എന്ന സമരം ലോകത്തിൽ വലിയ ചർച്ചയാവുകയാണ്. വെറുതെയല്ല സ്ത്രീകൾക്കെതിരായ ക്രൂരതകൾ കണ്ടുമടുത്താണ്, ലോകത്തിന്റെ മയക്കുമരുന്ന് മാഫിയയുടെ തലസ്ഥാനം എന്നപേരിൽ അറിയപ്പെടുന്ന മെക്സിക്കോയിലെ വനിതാ സംഘടനകൾ അനിതരസാധാരണമായ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. മാർച്ച് 9 നു നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് ആകെ ഒരു നിർദ്ദേശമേ കൊടുത്തിട്ടുള്ളൂ: വീട്ടിൽ തന്നെ ഇരിക്കുക. രാജ്യാന്തര വനിതാ ദിനത്തിൽ തന്നെയാണ് ഈ വേറിട്ട പ്രതിഷേധവും നടക്കുന്നതെന്ന് ഓർക്കണം.

ഒരു ആഴ്ചയിൽ ഒരു സ്ത്രീ എന്ന നിലയിൽ ഈ രാജ്യത്ത് തട്ടിക്കൊണ്ടുപോവുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുകയാണ്. ഡ്രഗ് മാഫിയയും ആയുധവ്യാപാരികളും രാജ്യത്ത് പിടിമുറുക്കിയതോടെയാണ്, സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും പ്രയാസമുള്ള നാടായി മെക്സിക്കോ മാറിയത്. പീഡന- കൊലപാതക കേസുകളിൽ പിടികൂടപ്പെടുന്നവരിൽ 90 ശതമാനവും ലഹരി മാഫിയയുമായി ബന്ധമുള്ളവരാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഈ സമരം പരോക്ഷമായി ലഹരി മാഫിയ വിരുദ്ധ കാമ്പയിൻ കൂടി ആവുകയാണ്. അതിന്റെ ഭീതിയും പ്രക്ഷോഭത്തിന്റെ മുൻപന്തിയിൽ നിൽക്കുന്നവർക്കുണ്ട്. കാരണം അമേരിക്കൻ പ്രസിഡന്റ ട്രംപിനുപോലും ഒതുക്കാൻ കഴിയാത്ത മയക്കുമരുന്ന് മാഫിയ വിചാരിച്ചാൽ ഞൊടിയിടയിൽ സമരക്കാരെ കാലപുരിക്ക് അയക്കാൻ കഴിയും. ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങൾ ഇത് വാർത്തയാക്കിയതോടെ മെക്സിക്കൻ സർക്കാറും ഇപ്പോൾ സമരം പൊളിക്കാൻ ഇറങ്ങിയിട്ടുണ്ട്. കാര്യങ്ങൾ പെരുപ്പിച്ചുകാട്ടി രാജ്യത്തെ അപമാനിക്കാനാണ് സമരംഗത്തുള്ള സ്ത്രീകൾ ശ്രമിക്കുന്നെന്നാണ് സർക്കാർ ഭാഷ്യം.

24 മണിക്കൂർ നീളുന്ന ദേശവ്യാപക സമരത്തിന് വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് നേതൃത്വം നൽകുന്നത്.എല്ലാ സ്ത്രീകളും ഒരു ദിവസത്തേക്ക് മാറിനിന്നാലെങ്കിലും രാജ്യം സ്ത്രീകളുടെ വിലയറിയൂ എന്നണ് പ്രക്ഷോഭകാരികൾ പറയുന്നത്. 'ഈ ദിവസം ആധുനിക മെക്സിക്കോയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തണം. അങ്ങനെയെങ്കിലും സ്ത്രീകൾക്ക് ജീവിക്കാനാവാത്ത നഗരം എന്ന ദുഷ്പേര് മാറ്റണം. ഇത് മെക്സിക്കോയിലെ സ്ത്രീഹത്യകളുടെ വ്യക്തമായ പ്രതിസന്ധി മാത്രമല്ല, വീട്ടിൽ, സ്‌കൂളിൽ, ജോലിസ്ഥലത്ത് എല്ലാ ദിവസവും സംഭവിക്കുന്നു. ഞങ്ങൾക്ക് സുരക്ഷിതമായ ഒരു സ്ഥലവുമില്ല.'- പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന ബ്രൂജാസ് ഡെൽ മാർ എന്ന സംഘടനയുടെ വക്താവ് ഉൻഡ (32) റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

'വിപ്ലവം സ്ത്രീകളുടേത്. ഭാവി സ്ത്രീത്വത്തിന്റേത്. ഇതാ ആ നിമിഷം വന്നെത്തിയിരിക്കുന്നു'.. തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇപ്പോൾ മെക്സിക്കോയിൽ സ്ത്രീകൾ ഉയർത്തുന്നത്. അവർ പല ദിവസങ്ങളിലായി അനേകം പ്രക്ഷോഭങ്ങളും പ്രകടനങ്ങളും നടത്തുന്നുമുണ്ട്. ഇക്കഴിഞ്ഞ ഒരു വർഷം വലിയ പ്രക്ഷോഭങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്. പീഡനങ്ങളെക്കുറിച്ചും മറ്റും സ്ത്രീകൾ തുറന്നുപറയുന്ന മീ ടൂ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം. ചെറിയ പട്ടണങ്ങളിലെയും മറ്റും പ്രകടനങ്ങൾ ഫലം കാണാതെ വന്നതോടെ ദേശീയ തലസ്ഥാനത്തേക്കും സമരം വ്യാപിച്ചു. തെരുവിലിറങ്ങിയ സ്ത്രീകൾ അവസാനം അക്രമങ്ങൾക്കു പോലും മുതിർന്നു. നാഷനൽ പാലസിന്റെ ഉൾപ്പെടെ ജനൽ ചില്ലുകൾ തകർന്നു. പൊതു സ്വത്തിനു നാശം സംഭവിച്ചു. ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾക്കു പിന്നിൽ മെക്സിക്കോയുടെ യുവതലമുറയാണെന്നാണ് നോവലിസ്റ്റ് സബീന ബെർമാൻ പറയുന്നത്. നേരത്തെയും സ്ത്രീകൾക്കെതിരെ അക്രമവും അനീതിയും ഒക്കെ ഉണ്ടായിരുന്നെങ്കിലും പഴയ തലമുറ എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോയി. പക്ഷേ, അവരുടേതിൽനിന്നു വ്യത്യസ്തമാണ് പുതിയ തലമുറയുടെ സമീപനം. സമാധാനം നിറഞ്ഞ സമരം കൊണ്ടു ഫലമില്ലെന്നു വന്നതോടെയാണ് അക്രമങ്ങളിലേക്കു സ്ത്രീകൾ തിരിഞ്ഞത്. മുഖാവരണം ധരിച്ചെത്തിയ സ്ത്രീകളാണ് കഴിഞ്ഞ ദിവസം ദേശത്തിന്റെ അഭിമാനമായ കൊട്ടാരത്തിനു നേരെ അക്രമം നടത്തിയതും. അധികാരികൾ ഇനിയെങ്കിലും ഉണരട്ടെ എന്നാണ് അവർ ആഗ്രഹിച്ചത്. അങ്ങനെയെങ്കിലും അക്രമങ്ങൾ അവസാനിക്കട്ടെയെന്നും.

പൈശാചികമായ കൊലകൾ

അടുത്തകാലത്തായി മെക്സിക്കോയിൽ ഉണ്ടായ പൈശാചികമായ കൊലകളാണ് വനിതാ പ്രക്ഷോഭത്തിലേക്ക് വഴിതെളിയിച്ചത്. മെക്സിക്കോ നഗരവാസിയായ എൻഗ്രിഡ് എസ് കാമില എന്ന 25 വയസുള്ള യുവതി അടുത്തിടെയാണ് കുത്തേറ്റു മരിച്ചത്. ആ സ്ത്രീയുടെ തൊലുരിച്ച് അവരുടെ ആന്തരകാവയവങ്ങൾ പോലും പുറത്തെടുത്താണ് അക്രമികൾ ആഘോഷിച്ചത്. അവസാനം ആ മൃതദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു ഈ നരാധമന്മാർ.

ഫെബ്രുവരി ഒന്നിന് ഏഴു വയസ്സുള്ള ഫാത്തിമ സെസിലിയ എന്ന പെൺകുട്ടിയെ തട്ടിയെടുത്തത് സ്‌കൂളിൽ നിന്നാണ്. ഒരു നിർമ്മാണ സ്ഥലത്തിനു സമീപം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം പിന്നീട് കാണപ്പെട്ടത്. മെക്സിക്കോ സിറ്റിക്കു സമീപമാണ് മൃതദേഹം കാണപ്പെട്ട സ്ഥലം. ഈ രണ്ടു സംഭവങ്ങളും രാജ്യത്ത് അസാധാരണമായ രീതിയിലുള്ള പ്രതിഷേധമാണ് ഇളക്കിവിട്ടത്. ഇനിയും എന്തു സംഭവിച്ചാലാണ് രാജ്യം മാറുക എന്നാണ് സ്ത്രീകൾ ചോദിക്കുന്നത്. സാധാരണ ഗതിയിൽ പൊതുസ്ഥലത്ത് തടിച്ചുകൂടിയാണ് സ്ത്രീകൾ പ്രതിഷേധിക്കുന്നത്. ഇനിയും അത്തരം പ്രതിഷേധം കൊണ്ട് ഫലമില്ല എന്നുവന്നതോടെയാണ് പൊതുസ്ഥലത്തുനിന്നും നിഷ്‌ക്രമിച്ചുകൊണ്ടുള്ള സമരത്തിന് സ്ത്രീകൾ ഒരുങ്ങുന്നത്.

സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് പിന്തുണ നൽകാൻ വിവിധ സ്ഥാപനങ്ങളോടും സമരക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഒരൊറ്റ ദിവസത്തെ സമരം കൊണ്ടുതന്നെ രാജ്യത്തിന്റെ ഖജനാവിന് വൻ നഷ്ടം വരുമെന്ന് ഉറപ്പ്. ജോലിക്ക് ഹാജരാകാതിരിക്കുന്ന സ്ത്രീകൾക്ക് എതിരെ ശിക്ഷാ നടപടികൾ എടുക്കരുതെന്ന് ലോക്കൽ ഓഫീസുകൾക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ടെന്ന് നഗരത്തിന്റെ വനിതാ മേയർ അറിയിച്ചു. മയക്കുമരുന്ന് കാർട്ടലുകളുടെ പ്രധാന യുദ്ധക്കളങ്ങളിലൊന്നായ വെരാക്രൂസിലാണ് സമരങ്ങളുടെ പ്രഭവ കേന്ദ്രം. 2019ലെ കണക്കുവെച്ച് ഇവിടെ മുന്നൂറ് ശതമാനമാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചത്. ഈ അക്രമങ്ങളിൽ ഏറെയും നടത്തിയതും നടത്തിയത് മയക്കമരുന്ന് മാഫിയകൾ ആയിരുന്നു. അതുകൊണ്ടുതന്നെ ലഹരിമാഫിയയെ തുരത്തുക എന്നതും ഈ സമരത്തിന്റെ അപ്രഖ്യാപിത ആവശ്യമാണ്.

പള്ളിയിൽ വധുവിനെ വിവാഹ ചടങ്ങിനിടെ വെടിവച്ചു കൊന്നു

മെക്സിക്കോയെ അക്ഷരാർഥത്തിൽ ചോരയിൽ മുക്കുകയാണ് രാജ്യാന്തര ലഹരിമരുന്നു മാഫിയ. കഴിഞ്ഞ മാസം സെൻട്രൽ മെക്സിക്കോയിലെ സെലായയിലെ ക്രിസ്ത്യൻ പള്ളിയിൽ വധുവിനെ വിവാഹച്ചടങ്ങിനിടെ വെടിവച്ചു കൊന്നത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. വരനെ മാഫിയ സംഘം തട്ടിക്കൊണ്ടുപോയി. വിവാഹകർമ്മങ്ങൾ അവസാനിച്ചതോടെ പള്ളിയിൽ പ്രവേശിച്ച മാഫിയ സംഘം വിവാഹച്ചടങ്ങിൽ എത്തിയവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. മെക്സിക്കൻ അധോലോക നായകൻ ഹോസെ ആന്റണിയോ എൽ മാരോ യെപെസ് ഒരടിസിന്റെ സഹോദരി കരീം ലിസ്‌ബെത്ത് യെപെസ് ഒരടിസാണ് കൊല്ലപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2017 മുതൽ മെക്സിക്കോയിൽ പ്രവർത്തിക്കുന്ന സാന്ത റോസ് ഡി ലാമ കാർട്ടലിന്റെ തലവനാണ് ആന്റണിയോ. സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല കൊല്ലപ്പെട്ട യുവതിക്കായിരുന്നു. ആക്രമണം തുടങ്ങിയപ്പോൾ ഇവിടെ നിന്ന് ആന്റണിയോ രക്ഷപ്പെട്ടു. ഹലീസ്‌കോയിലെ ന്യൂ ജനറേഷൻ കാർട്ടൽ എന്ന മാഫിയ സംഘമാണ് സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. പള്ളിക്കു പുറത്തു മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പതിനെട്ടുകാരനെയും സംഘം വെടിവച്ചു വീഴ്‌ത്തി.

ലാ ബോകാൻഡയിൽ മെക്സിക്കോ പൊലീസിന്റെ വെടിയേറ്റ് ജലിസ്‌കോ കാർട്ടലിലെ വനിതാ അംഗമായ 21 കാരി ലോപ്പസ് എസ്‌ക്വൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വിവാഹച്ചടങ്ങിൽ വെടിവയ്‌പ്പുണ്ടായത്.

'ലാ കത്രീന' എന്ന വിളിപ്പേരിലാണ് മെക്സിക്കോ ലഹരിമരുന്നു മാഫിയകൾക്കിടയിൽ ലോപ്പസ് എസ്‌ക്വൽ അറിയപ്പെട്ടിരുന്നത്.

നവംബർ 4, 2019 ന് മെക്സിക്കോ-അരിസോണ അതിർത്തിയിൽ ഒൻപതു പേരെ ലഹരിമരുന്നു മാഫിയ വെടിവച്ചുകൊന്നതാണ് ഇതിനു മുൻപ് ലോകത്തെ നടുക്കിയ സംഭവം. സംഭവത്തിനു പിന്നാലെ മെക്സിക്കോയിൽ അരങ്ങുവാഴുന്ന മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസ-്മെക്സിക്കോ ഇരട്ടപൗരത്വമുള്ള മൂന്ന് സ്ത്രീകളും ആറ് കുട്ടികളുമാണ് അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറു കുട്ടികൾ അടുത്തുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. എട്ടുമാസം മാത്രം പ്രായമായ ഇരട്ടക്കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഈ വർഷം ഫെബ്രുവരിയിൽ മെക്‌സിക്കോയിൽ വീണ്ടും മയക്കുമരുന്ന് മാഫിയയുടെ കൂട്ടക്കുരുതി ഉണ്ടായി. വെസ്റ്റ്-സെൻട്രൽ മെക്‌സിക്കോയിലെ വിനോദ കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത നാലു ആൺകുട്ടികൾ ഉൾപ്പെടെ ഒമ്പതുപേരെ മാഫിയ സംഘം വെടിവെച്ചു കൊന്നു. മയക്കുമരുന്ന്-അധോലോക മാഫിയകൾ തമ്മിലുള്ള കുടിപ്പകയും വിരോധവുമാണ് കൂട്ടക്കൊലയ്ക്ക് കാരണം. മയക്കുമരുന്ന് കള്ളക്കടത്തിലൂടെ പേരെടുത്ത ലോസ് വിയാഗ്ര എന്ന സംഘം മയക്കുമരുന്ന് വിൽപ്പന നടത്തിവന്നിരുന്ന വിനോദ കേന്ദ്രത്തിലാണ് വെടിവെപ്പ് നടന്നത്. എതിരാളികളായ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ എന്ന വമ്പൻ അധോലോക സംഘമായിരുന്നു കൂട്ടക്കൊലയ്ക്ക് പിന്നിൽ. കേന്ദ്രത്തിലേക്ക് ഇരച്ചെത്തിയ അക്രമികൾ വിയാഗ്ര സംഘത്തിലെ രണ്ടുപേരെ അന്വേഷിച്ചു. എന്നാൽ ഇതിന് മറുപടി പോലും നൽകുന്നതിന് മുമ്പ് തുരുതുരാ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും ഉണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. 65 ബുള്ളറ്റുകളാണ് സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയത്. വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

സിയേറ സഹോദരന്മാരാണ് ലോസ് വിയാഗ്ര എന്ന മാഫിയ സംഘം സ്ഥാപിച്ചത്. എട്ട് സഹോദരന്മാരിൽ മൂത്തവനായ നിക്കോളാസ് സിയേറയാണ് സംഘത്തലവൻ. ഇതിനിടെ മെക്‌സിക്കോയിലെ ഏറ്റവും വലിയ മാഫിയ സംഘങ്ങളിലൊന്നായ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടലുമായി ഇവർ കൂട്ടുചേർന്നിരുന്നു. എന്നാൽ മയക്കുമരുന്ന് കള്ളക്കടത്തിലെ തർക്കത്തെ തുടർന്ന് ഇരുസംഘങ്ങളും പിന്നീട് തെറ്റിപിരിഞ്ഞു. ഇതോടെയാണ് രണ്ട് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക രൂക്ഷമായത്.

ഐഎസിനേക്കാൾ വലിയ ഭീകരർ

ലോകത്തിലെ കൊടും ഭീകരർ ആരാണെന്ന് ചോദിച്ചാൽ മറുപടി ഇസ്ലാമിക് സ്്റ്റേറ്റ് എന്നായിരിക്കും പൊതുവെയുള്ള മറുപടി. എന്നാൽ മെക്സിക്കൻ ഡ്രഗ് കാർട്ടലുകൾ നടത്തിയ കൊള്ളയും കൊലയും ക്രൂരതയും നോക്കിയാൽ അത് ഐഎസിനും മുകളിൽ പോവും. 2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ 60,000 പേരാണ് ലഹരിമാഫിയകളുടെ കുടിപ്പകയിൽ ജീവിതം ഹോമിക്കപ്പെട്ടത്. ഒരോ അരമണിക്കൂറിലും മെക്സിക്കോയിൽ ഒരാൾ വീതം കൊല്ലപ്പെടുന്നുവെന്നു മെക്സിക്കൻ ഭരണകൂടം തന്നെ സാക്ഷ്യപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ത്രീകളെ പരസ്യമായി ബലാത്സംഗത്തിനിരയാക്കിയും എതിർക്കുന്നവരെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നും കഴുത്തറത്തു തലകീഴായി കെട്ടിത്തൂക്കിയും ആളുകളിൽ ഭീതിപടർത്തുന്ന ഐഎസ് ഭീകരരുടെ മറ്റൊരു പതിപ്പാണ് മെക്സിക്കോയിലെ ലഹരിക്കടത്തു മാഫിയയെന്നും യുഎസ് ആരോപിക്കുന്നു. 2013ൽ മാത്രം മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയ കൊന്നുതള്ളിയത് 16,000ത്തോളം നിരപരാധികളെയാണ് യുഎൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുന്നതിന് തൊട്ടുമുൻപായിരുന്നു കൊടുംകുറ്റവാളി വാക്വീൻ ഗുസ്മാനെ മെക്സിക്കോ യുഎസിനു വിട്ടുകൊടുത്തത്. അന്നത്തെ മെക്സിക്കോ പ്രസിഡന്റ് എന്റീക് പെന നിയെറ്റോ, ഗുസ്മാനെ യുഎസിനു വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലായിരുന്നെങ്കിലും ജയിൽചാട്ടം തുടർക്കഥയായപ്പോൾ തീരുമാനം മാറ്റുകയായിരുന്നു. ഗുസ്മാൻ ജയിലായിട്ടും അനുചരർ സുഖമായി മാഫിയാ പ്രവർത്തനം നടത്തുകയാണ്. പ്രസിഡന്റ് പദവി ഒഴിയുന്ന ബറാക് ഒബാമയ്ക്കുള്ള വിടപറയൽ സമ്മാനമായും മെക്സിക്കോ വിരുദ്ധനായ ട്രംപുമായി സമാധാനത്തിൽ പുലരാനുള്ള പ്രതീകാത്മക നീക്കവുമായിരുന്നു അത്. വാക്വീൻ ഗുസ്മാൻ പിടിയിലായതോടെ മെക്സിക്കൻ യുഎസ് അതിർത്തിയിൽ സമാധാനം പുലരുമെന്നും ട്രമ്പും കണക്കുകൂട്ടി. എന്നാൽ ഗുസ്മാന്റെ അറസ്റ്റോടെ സിനലോവ കാർട്ടലിനു ചരമഗീതം എഴുതാമെന്ന മെക്സിക്കൻ ഭരണകൂടത്തിന്റെയും യുഎസിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നതാണ് പിന്നീട് കണ്ടത്.

പൊതിക്കഞ്ചാവ് വിറ്റ് തുടങ്ങി ശതകോടീശ്വരനായ ഗുസ്മാൻ

ഹോളിവുഡ്ഡ് മസാല സിനിമാക്കഥകളെ അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു, സിനലോവ കാർട്ടൽ സ്ഥാപകൻ വാക്വീൻ ഗുസ്മാന്റെ വളർച്ച. മൂന്നാംക്ലാസ്സിൽ പഠനം നിർത്തി അച്ഛനൊപ്പം പൊതിക്കഞ്ചാവു വിറ്റു നടന്ന ബാലൻ മെക്സിക്കോയിലെ ലഹരിക്കടത്തു സംഘത്തിന്റെ തലവനായത് ചോര ചിന്തി തന്നെയാണ്. വെറും നാലരയടിമാത്രം ഉയരംമാത്രമുള്ളതനാൽ 'കുള്ളൻ' എന്ന് ഇരട്ടപ്പേരുവീണ ഗുസ്മാൻ മനോധൈര്യവും തോക്ക് ഉപയോഗിക്കുന്നതിലെ മിടുക്കമാണ് തുണയായത്. കൗമാര പ്രായത്തിൽ എത്തിയപ്പോഴേക്കും ഇയാൾ പ്രാദേശിക ഗുണ്ടകളുടെ തലവനായി. ഈ സംഘാടനമികവാണ് ഗുസ്മാനെവളർത്തിയതെന്നാണ് ബിബിസി എഴുതുന്നത്. യൗവനത്തുടക്കത്തിൽ തന്നെ രാജ്യത്തിന്റെ നാനാ ഭാഗത്തുമുള്ള കള്ളക്കടത്തുകാരെ ഏകോപിപ്പിച്ച് സിനലോവ കാർട്ടൽ എന്ന ആരും പേടിക്കുന്ന സംഘടനയുണ്ടാക്കാൻ ആയാൾക്ക് കഴിഞ്ഞു.

തനിക്കെതിരെ നീങ്ങുന്നവർ പൊലീസ് ഓഫീസറായാലും പത്രപ്രവർത്തകനായാലും ഗുസ്മാൻ തല അറുക്കുമെന്നുറപ്പാണ്. ഒറ്റുകാരെ പരസ്യമായി കെട്ടിത്തൂക്കി കൊല്ലും. അതായത് ശത്രുക്കളെ കണ്ടെത്തി തല അറുത്ത് റോഡരികിൽ പ്രദർശിപ്പിപ്പിക്കുന്ന നിഷ്ഠൂരനാണിയാൾ. മെകിസിക്കോയിൽ പതിവായ ഒരു കൊലപാതക രീതിയുമാണിത്. കൊലപാതക പരമ്പര ജയിലിലേക്കും വ്യാപിപ്പിച്ചു. നോർത്ത് മെക്‌സിക്കോയിലെ ടോപോ ചികോ ജയിലിലാണ് രണ്ട് വിഭാഗത്തിൽ പെട്ട മയക്കുമരുന്ന് കടത്ത് സംഘത്തിലുള്ള പ്രതികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 52 പേരാണ് കൊല്ലപ്പെട്ടത്.

മയക്കുമരുന്ന് കള്ളക്കടത്തിലൂടെ വരുമാനം കുമിഞ്ഞുകൂടിയപ്പോൾ ആധുനിക ആയുധങ്ങൾ വാങ്ങി തന്റെ സേനയെ ഇയാൾ നവീകരിച്ചു. ഗ്രനേഡുകളും റോക്കറ്റുകളുംപോലും ഈ സംഘത്തിന്റെ കൈയിലുണ്ട്. പൊലീസ് പിടിക്കാതിരിക്കാൻ നഗരങ്ങളിൽ തുരങ്കങ്ങൾ ഉണ്ടാക്കിയായിരുന്നു സഞ്ചാരം! ജയിലിൽ അടച്ചാലും ചാൾസ് ശോഭരാജിനെ വെല്ലുന്ന രീതിയിൽ ഗുസ്മാൻ രക്ഷപ്പെടും. ജയിൽപ്പുള്ളികളുടെ അലക്കുതുണിക്കെട്ടിനുള്ളിൽ പതുങ്ങിയിരുന്നാണ് നാലരയടി മാത്രം ഉയരമുള്ള ഗുസ്മാൻ ഒരിക്കൽ രക്ഷപ്പെട്ടത്.

ഒന്നര കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെയും ഒരിക്കൽ രക്ഷപ്പെട്ടു. തുരങ്കത്തിലെ പാളങ്ങളിലൂടെ ഓടുന്ന പ്രത്യേക മോട്ടർ സൈക്കിളും അനുയായികൾ തയാറാക്കി വച്ചിരുന്നു. 2009ൽ ഫോബ്‌സ് മാസിക തയാറാക്കിയ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ഗുസ്മാൻ യുഎസിലേക്ക് ഏറ്റവും കൂടുതൽ കൊക്കെയിനും മരിജുവാനയും കയറ്റിപ്പോകുന്ന മെക്സിക്കൻ നഗരമായ ലോസ് മോചിസാണു തട്ടകമാക്കിയത്.

തന്റെ ജീവിത കഥ സിനിമയാക്കാനുൾപ്പെടെശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ബറാക് ഒബാമയ്ക്കുള്ള വിടപറയൽ സമ്മാനമായും മെക്സിക്കോ വിരുദ്ധനായ ട്രമ്പുമായി സമാധാനത്തിൽ പുലരാനുള്ള നീക്കമായും മുൻ മെക്സിക്കൻ പ്രസിഡന്റ് എന്റീക് പേനിയ നിയത്തോ യുഎസിനു വച്ചുനീട്ടിയത് ഗുസ്മാനെയായിരുന്നു. എത്ര സുരക്ഷാസന്നാഹമുള്ള ജയിലിൽ പിടിച്ചിട്ടാലും പുല്ലുപോലെ ചാടിപ്പോരുന്ന കുറ്റവാളിയെ തളയ്ക്കാൻ യുഎസിനു മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവും ആ നാടുകടത്തലിനു പിന്നിലുണ്ടെന്നും രാജ്യാന്തരമാധ്യമങ്ങൾ വിധിയെഴുതി. ജീവപര്യന്തംതടവിനു ശിക്ഷിക്കപ്പെട്ട ഗുസ്മാൻ യുഎസിൽ തടവിലാണിപ്പോൾ. ജീവപര്യന്തത്തിനൊപ്പം 30 വർഷവും തടവും യുഎസ് കോടതി ഗുസ്മാനു വിധിച്ചിരുന്നു.പക്ഷേ ഗുസ്മാൻ അകത്തായിട്ടും കാർട്ടൽ ശക്തി പ്രാപിക്കയാണ് ഉണ്ടായത്. ഹോസെ റോഡ്രിഗോ ഏരെചിക, ക്ലോഡിയ ഓച്ചോവ ഫെലിക്സ്, എന്നിവരിലൂടെ സിനലോവ കാർട്ടൽ വളർന്നു. ഏരെചികയെ യുഎസ് പിടികൂടി. ക്ലോഡിയ ഓച്ചോവ ഫെലിക്സ് ദുരൂഹ സാഹചര്യത്തിൽ സെപ്റ്റംബറിൽകൊല്ലപ്പെട്ടു. പക്ഷേ എന്നിട്ടും കാർട്ടൽ തളർന്നില്ല.

ഈ രീതിയിൽ മെക്സിക്കോയുടെ സകല മേഖലകളിലും പിടിമുറുക്കിയ, രാജ്യാന്തരവേരുകളുള്ള മാഫിയകളോട് കൂടിയാണ് ഈ സ്ത്രീകൾ പരോക്ഷമായി ഏറ്റുമുട്ടുന്നത് എന്നതാണ് വനിതാദിന സമരത്തെ വേറിട്ടതാക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP