Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഇസ്ലാമിൽ സ്ത്രീ എന്നാൽ അര പുരുഷൻ! ഈ ജനാധിപത്യ രാജ്യത്തിലും മുസ്ലിം സ്ത്രീക്ക് കിട്ടുന്ന കുടുംബ സ്വത്ത് പുരുഷന്റെ പകുതി മാത്രം; ഒരു പിതാവിന് പെൺകുട്ടി മാത്രമാണ് ഉള്ളതെങ്കിൽ കിട്ടുക 1/2 ഓഹരി മാത്രം; ബാക്കി പോകുന്നത് അകന്ന ബന്ധുക്കൾക്ക്; പൂർവികരുടെ സ്വത്തിൽ പുരുഷന്റെ തുല്യമായ അവകാശം ഹിന്ദുസ്ത്രീയ്ക്കും ഉണ്ടെന്ന സുപ്രീകോടതി വിധിയുടെ അലയൊലികൾ മറ്റ് മതങ്ങളിലേക്കും; മുസ്ലിം സ്ത്രീക്ക് പൂർണ്ണ സ്വത്തവകാശം കിട്ടാൻ ഏക സിവിൽകോഡ് വേണ്ടി വരുമോ?

ഇസ്ലാമിൽ സ്ത്രീ എന്നാൽ അര പുരുഷൻ! ഈ ജനാധിപത്യ രാജ്യത്തിലും മുസ്ലിം സ്ത്രീക്ക് കിട്ടുന്ന കുടുംബ സ്വത്ത് പുരുഷന്റെ പകുതി മാത്രം; ഒരു പിതാവിന് പെൺകുട്ടി മാത്രമാണ് ഉള്ളതെങ്കിൽ കിട്ടുക 1/2 ഓഹരി മാത്രം; ബാക്കി പോകുന്നത് അകന്ന ബന്ധുക്കൾക്ക്; പൂർവികരുടെ സ്വത്തിൽ പുരുഷന്റെ തുല്യമായ അവകാശം ഹിന്ദുസ്ത്രീയ്ക്കും ഉണ്ടെന്ന സുപ്രീകോടതി വിധിയുടെ അലയൊലികൾ മറ്റ് മതങ്ങളിലേക്കും; മുസ്ലിം സ്ത്രീക്ക് പൂർണ്ണ സ്വത്തവകാശം കിട്ടാൻ ഏക സിവിൽകോഡ് വേണ്ടി വരുമോ?

എം റിജു

'ചങ്ങലയിൽ കിടുന്നുകൊണ്ട് സ്വാതന്ത്ര്യത്തെപ്പറ്റി പ്രസംഗിക്കുന്ന അടിമകളെപ്പോലെയാണ് ഇന്ത്യയിൽ അടക്കമുള്ള വിദ്യാഭ്യാസമുള്ള മുസ്ലിം സ്ത്രീകൾ. സ്ത്രീയുടെ ഖബർ ആണ് ഇസ്ലാം. അവിടെ യാതൊരു തരത്തിലുള്ള തുല്യതയുമില്ല. ആ അടിച്ചമർത്തിനെ നമ്മൾ നേരിടുന്നത് ജനാധിപത്യം സമ്മാനിച്ച തുല്യതയുടെയും ലിംഗ നീതിയുടെയും മൂല്യങ്ങൾ ഉയർത്തിയാണ്. പക്ഷേ അങ്ങനെ ഒരു പരിഷ്‌ക്കണം ഉയരുമ്പോൾ ആദ്യം എതിർക്കുന്നത് മുസ്ലിം സ്ത്രീകളാണ്. അതും വിദ്യാസമ്പന്നർ. മുത്തലാഖ് ബില്ലിനെതിരെ നൂറുകണക്കിന് സ്ത്രീകൾ പ്രകടനം നടത്തിയത് ഓർക്കുക. പർദ തങ്ങൾക്ക് പൂർണ്ണ സ്വാതന്ത്രം തരുന്നുവെന്ന് പറയുന്നതും മുസ്ലിം വിദ്യാസമ്പന്നരായ സ്ത്രീകൾ തന്നെയാണ്. ഭൂരിപക്ഷം വരുന്ന പാവങ്ങൾക്ക് നാക്കുമില്ല. ഏക സിവിൽ കോഡ് വരുന്നതിനെ ഞാൻ അനുകൂലിക്കുന്നത് ഈ തുല്യത എന്ന ആശയം മൂൻ നിർത്തിയാണ്.'- പ്രശസ്ത എഴുത്തുകാരിയും ആക്റ്റീവിസ്റ്റുമായ തസ്ലീമ നസ്റീൻ നടത്തിയ ഒരു പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ ആണിത്. ഇസ്ലാമിൽ സ്ത്രീപുരുഷ തുല്യതയില്ലെന്നും, അത് നിയമ നിർമ്മാണം നടത്തി ഭരണകൂടം കൊണ്ടുവരേണ്ടതാണെന്നുമാണ് തസ്ലീമ വാദിക്കുന്നത്.

ഈ വാദങ്ങളുടെ സാംഗത്യം അറിയണമെങ്കിൽ നാലുദിവസം മുമ്പ് ഇന്ത്യ സുപ്രീം കോടതിയുടെ വിധിനോക്കണം. ഹിന്ദു സ്ത്രീകൾക്ക് അവരുടെ പൂർവികരുടെ സ്വത്തിൽ പുരുഷന്മാരുടേതിന് തുല്യമായ അവകാശം ഉണ്ടെന്ന 2005 ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിന് മുൻകാല പ്രാബല്യം ഉണ്ടെന്നായിരുന്നു വിധിയുടെ കാതൽ. പ്രായോഗികമായി ഈ വിധി കേരളമുൾപ്പടെ ചില സംസ്ഥാനങ്ങളിൽ മുമ്പ് തന്നെ നടപ്പാക്കപ്പെട്ടതുകൊണ്ടാണ്. അതിന്റെ മുൻകാല പ്രാബല്യം ഓർമ്മിപ്പിക്കയാണ് കോടതി ചെയ്തത്. പക്ഷേ എന്നിട്ടും അത് വലിയ വാർത്തയായി. മലയാളിയായ മേരി റോയിയുടെ ചരിത്ര പ്രസിദ്ധമായ കേസിന്റെ ഭാഗമായി കൃസ്ത്യൻ സ്ത്രീകൾക്കും ഇന്ന് പൂർവിക സ്വത്തിന് അർഹതയുണ്ട്. അങ്ങനെ മിക്ക സമുദായങ്ങളിലെയും സ്ത്രീകൾ നിയമ നിർമ്മാണങ്ങളിലൂടെയും കോടതി വിധികളിലൂടെയും പിന്തുടർച്ചാവകാശത്തിൽ തുല്യത നേടിയെടുത്തെങ്കിലും ഇതുവരെ അത് നേടാൻ കഴിയാത്ത 10 കോടിയോളം മനുഷ്യരുണ്ട് ഇന്ത്യയിൽ മുസ്ലിം സ്ത്രീകൾ. 'വൺ ഇന്ത്യ വൺ പെൻഷൻ' എന്ന ചർച്ച നടക്കുമ്പോൾ സ്വത്തിൽ പോലും ഇവർക്ക് പകുതി അവകാശം മാത്രമുള്ള കോടിക്കണക്കിന് സ്ത്രീകൾ ഇന്ത്യയിൽ ഉണ്ടെന്ന് നാം മറന്നുപോകരുത്.

മുസ്ലിം സ്ത്രീകളും പ്രക്ഷോഭത്തിലേക്ക്

'ബട്ടർഫ്ളൈ ഇഫക്റ്റ്' എന്ന് സോഷ്യോളജിസ്റ്റുകൾ നിരീക്ഷിക്കുന്ന ഒരു വസ്തുതയുണ്ട്. ഒരു രാജ്യത്തോ സമൂഹത്തിലോ എന്തെങ്കിലും പുരോഗമനപരമായ ഒരു കാര്യം വന്നിട്ടുണ്ടെങ്കിൽ അത് വളരെ പതുക്കെയാണെങ്കിലും മറ്റിടങ്ങളിലേക്ക് വ്യാപിക്കും. അമേരിക്കയിൽ അടിമത്തം നിരോധിച്ചത് ലോക വ്യാപകമായി ഉണ്ടാക്കിയ മാറ്റം നോക്കുക. ഇപ്പോൾ ഹിന്ദു സ്ത്രീകളുടെ തുല്യതക്കുള്ള അവകാശം കോടതി അരക്കിട്ട് ഉറപ്പിച്ചതോടെ മുസ്ലിം സ്ത്രീകളുടെ പല സംഘടനകളും സമാനമായ ആവശ്യം ഉന്നയിക്കുന്നത്. വർക്കിങ്ങ് വുമൺസ് മുസ്ലിം ഫോറം എന്ന ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടന ഇക്കാര്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. മുംബൈയിലെ സോഷ്യൽ വുമൺ കളറ്റീവ് തൊട്ട് കേരളത്തിലെ നിസ പോലുള്ള സംഘടനകളും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. ' തോന്നിയപോലെ മൊഴി ചൊല്ലാം എന്ന വിപത്തിൽ നിന്ന് ഇന്ത്യയിലെ മുസ്ലീങ്ങൾ രക്ഷപ്പെട്ടത് മുത്തലാഖ് ബിൽ അടക്കമുള്ളവ വന്നശേഷമാണ്. പുരുഷന് നാലുകെട്ടാമെന്ന പേരിൽ നടന്നത് സ്ത്രീയെ വിൽപ്പന ചരക്കാക്കുന്ന പരിപാടികൾ ആണ്. സ്വത്തവകാശത്തിലും സ്ത്രീക്ക് പാതിമാത്രം. ഇത് മാറണം. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം നടക്കമുള്ള കാര്യത്തിൽ ഞങ്ങൾ സുപ്രീം കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. അതുപോലെ ഈ സ്വത്തവകാശ വിഷയത്തിലും ഞങ്ങൾ കാമ്പയിൽ നടത്തുന്നുണ്ട്.'- നിസ പ്രസിഡന്റ് വി പി സുഹ്റ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

സ്ത്രീയുടെ നിലനില്പിനു തന്നെ അവിഭാജ്യ ഘടകമായ സ്വത്ത് കൈകാര്യം ചെയ്യുന്നതിനും അർഹമായ ധനം നൽകുന്നതിനും ആധുനിക ഇസ്ലാം വക്താക്കൾപോലും എതിർ നിൽക്കുന്നതായി കാണാമെന്ന് വനിതാ ആക്റ്റീവിസ്റ്റുകൾ പറയുന്നു. ഒരു വ്യക്തി മരണപ്പെട്ടാൽ കുടുബ സ്വത്തിൽ അവരുടെ മക്കൾക്ക് ലഭിക്കുന്ന ഓഹരിയിൽ പുരുഷന് രണ്ട് കിട്ടുമ്പോൾ സ്ത്രീക്ക് ഒരു ഓഹരിയാണ് കിട്ടുന്നത്. ഒരു പെൺകുട്ടി മാത്രമാണ് ഉള്ളതെങ്കിൽ 1/2 ഉം, ഒന്നിൽ കൂടുതൽ പെൺകുട്ടികളാണെങ്കിൽ 2/3 ഉം ആണ് ലഭിക്കുന്നത്. ബാക്കി വരുന്ന ഓഹരി പെൺകുട്ടികളേക്കാൾ അകന്ന ബന്ധുവിന് ലഭിക്കും. ഇന്നുവരെ കാണാത്ത ബന്ധുവായിരിക്കും പലപ്പോഴും. ഇനി ഒരു വ്യക്തി ജീവിച്ചിരിക്കെ അവരുടെ മകനോ മകളോ മരണപ്പെട്ടു പോയാൽ മരണപ്പെട്ട ആളുടെ മക്കൾക്ക് ലഭിക്കേണ്ടുന്ന സ്വത്ത് അവർക്ക് (പേരക്കുട്ടികൾക്ക് ) ലഭിക്കില്ല. മാതാവോ പിതാവോ മരണപ്പെട്ടു പോകുന്നത് കുട്ടികളുടെ കുറ്റം കൊണ്ടാണോ? ഇനി ജീവിച്ചിരിക്കെ മക്കളുടെ പേരിൽ വിൽപ്പത്രം എഴുതിവച്ചാൽ വ്യക്തിയുടെ മരണശേഷം 1/3 ആണ് ലഭിക്കുന്നത്. ദത്ത് കുട്ടികൾക്ക് സ്വത്തവകാശം ലഭിക്കുകയില്ല. ഖുർആൻ തങ്ങൾക്ക് ഇസ്ലാം അനുവദിച്ച നീതിപോലും പുരോഹിതർ തരുന്നില്ലെന്നാണ് വിപി സുഹ്റ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ജാമിദ ടീച്ചറേപ്പോലുള്ള, ഇ എ ജബ്ബാറിനേയും പോലുള്ള ഇസ്ലാം ഉപക്ഷേിച്ച് യുക്തിവാദത്തിലേക്ക് കടന്ന ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത് ഇത് പൗരോഹിത്യത്തിന്റെ കുഴപ്പമല്ല ഇസ്ലാമിന്റെതാണ് എന്നുതന്നെയാണ്. ജാമിദ ടീച്ചർ ഇങ്ങനെ പ്രതികരിക്കുന്നു. 'ഇസ്ലാമിലെ സ്ത്രീയെന്നാൽ അര പുരഷനാണ്. കോടതി സാക്ഷ്യത്തിനുപോലും കാര്യങ്ങൾ അങ്ങനെയാണ്. ഒരു പുരുഷന്റെ സാക്ഷ്യം രണ്ട് സ്ത്രീകളുടെ സാക്ഷ്യത്തിന് തുല്യമാണ്. ഖുർആനിലും ഹദീസിലുമായി നിരവധി സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉണ്ട്. അതിന്റെ ഭാഗമായി ദൈവികമെന്ന രീതിയിലാണ് ഈ അനീതി നിലനിൽക്കുന്നത്. ഒരേ ക്ലാസിൽ പഠിക്കുന്ന ഒരു ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം പെൺകുട്ടിയുടെ അനുഭവം എടുക്കുക. മറ്റ് രണ്ടുപേർക്കും അവരുടെ പിതാവ് മരിച്ചാൽ സ്വത്ത് തുല്യമായി കിട്ടും. എന്നാൽ മുസ്ലിം പെൺകുട്ടിക്ക് മാത്രം പകുതിയാണ് കിട്ടുക. ഇനി ഒരു വ്യക്തി ജീവിച്ചിരിക്കെ അവരുടെ മകനോ മകളോ മരണപ്പെട്ടു പോയാൽ മരണപ്പെട്ട ആളുടെ മക്കൾക്ക് ലഭിക്കേണ്ടുന്ന സ്വത്ത് അവർക്ക് (പേരക്കുട്ടികൾക്ക് ) ലഭിക്കില്ല. എന്തൊരു പ്രാകൃതമാണ് ഇത്. ദൈവിക നിയമങ്ങൾ എന്ന പേരിൽ കാടൻ നിയമങ്ങൾ ഒരു ജനാധിപത്യ രാജ്യത്ത് പിന്തുടരണോ. അതുകൊണ്ടാണ് ഞാൻ ഏക സിവിൽ കോഡിനെ അനുകൂലിക്കുന്നത്. അതുവന്നാൽ മാത്രമേ മുസ്ലിം സ്ത്രീയുടെ അന്തസ് ഉയർത്താൻ കഴിയൂ.'- ജാമിദ ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു.

സ്വത്തു വിഭജിക്കൽ എന്ന സങ്കീർണ്ണ പ്രക്രിയ

'ഇസ്ലാമിക നിയപ്രകാരം മക്കളില്ലാതെ മരിക്കുന്നവരുടെ സ്വത്ത് വിഭജനമൊക്കെ ഒരു സങ്കീർണ്ണ പ്രക്രിയായണ്. ആറിലൊന്ന് എട്ടിലൊന്ന് എന്ന വിവിധ കണക്കുകൾ കൂട്ടി വിഭജിക്കുമ്പോൾ പലപ്പോഴും ഗണിത നിയമങ്ങൾ പോലും തെറ്റും. അതിനാൽ ഇപ്പോൾ പലരും ദൈവത്തെ പറ്റിക്കയെന്ന മാർഗമാണ് സ്വീകരിക്കുന്നത്. അതായത് ഒരു മകനും മകളും ആണെന്ന് വെക്കെട്ടെ. ഗൃഹനാഥൻ മരിച്ചാൽ മകൾക്ക് പാതി സ്വത്ത് കിട്ടില്ല. ഇതിനാൽ പലരും തങ്ങളുടെ സ്വത്ത് വകകൾ മരിക്കുന്നതിന് മുമ്പ് മരുമകന്റെ പേരിലും മറ്റും ഇഷ്ടദാനം എഴുതിക്കൊടുത്ത് തുല്യത വരുത്തും. ഇതാണ് കേരളത്തിൽ അടക്കം ഇപ്പോൾ നടക്കുന്നത്്. പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവുപോലും പടച്ചവനെ പറ്റിക്കുന്ന രീതയിൽ സ്വത്ത് മരുമകന് എഴുതിവച്ചാണ് തുല്യത വരുത്തിയത്'- എഴുത്തുകാരനും ആക്റ്റീവിസ്റ്റുമായ അഡ്വ മുഹമ്മദ് ഫാരീസ് ചൂണ്ടിക്കാട്ടുന്നു.

മുസ്ലും പിന്തുർച്ചകവകാശ പ്രകാരം അവകാശ നിരക്കുകൾ ഇങ്ങനെയാണ്. ഭാര്യ: മരണപ്പെട്ടയാളുടെ ഭാര്യയ്ക്ക് 8-ൽ ഒരവാകാശം ഉണ്ടായിരിക്കും. കൂടുതൽ ഭാര്യമാർ ഉണ്ടാവുകയാണെങ്കിൽ 8-ൽ ഒരു ഓഹരി അവർ തുല്യമായി വീതിച്ചെടുക്കും. എന്നാൽ മരണപ്പെട്ടയാൾക്ക് പിന്മുറക്കാരോ മകന്റെ കുട്ടിയോ ഇല്ലെങ്കിൽ ഭാര്യയ്ക്ക് 4-ൽ 1 അവകാശം ഉണ്ടായിരിക്കുന്നതാണ്.

ഭർത്താവ്: മരണപ്പെട്ട സ്ത്രീയുടെ ഭർത്താവിന് 4-ൽ 1 അവകാശം ഉണ്ടായിരിക്കും. എന്നാൽ മരണപ്പെട്ടയാൾക്ക് പിന്മുറക്കാരോ മകന്റെ കുട്ടിയോ ഇല്ലെങ്കിൽ ഭർത്താവിന് 2-ൽ 1 അവകാശം ഉണ്ടായിരിക്കും.

മകൾ: മരണപ്പെട്ടയാൾക്ക് മകന് ഇല്ലാതിരിക്കുകയും ഒരു മകൾ ആണ് ഉള്ളതെങ്കിൽ മകൾക്ക് പകുതി അവകാശം ഉണ്ടായിരിക്കും. മരണപ്പെട്ടയാൾക്ക് മകന് ഇല്ലാതിരിക്കുകയും ഒന്നിൽ കൂടുതൽ പെണ്മക്കൾ ഉണ്ടെങ്കിൽ പെണ്മക്കൾക്കെല്ലാവർക്കും കൂടി 3-ൽ 2 അവകാശം ഉണ്ടായിരിക്കും. എന്നാൽ മരണപ്പെട്ട വ്യക്തിക്ക് മകൻ ഉണ്ടായിരിക്കുമ്പോൾ പെണ്മക്കൾക്ക് ശിഷ്ടാവകാശം എന്ന് നിലയിൽ മകന്റെ അവകാശത്തിന്റെ പകുതി മാത്രമേ അരഹതയുണ്ടാവുകയുള്ളൂ.

മകന്റെ മകൾ: മരണപ്പെട്ട വ്യക്തിക്ക് മകളോ മകനോ മുതിർന്ന മകന്റെ മകനോ അല്ലെങ്കിൽ മകളോ ഇല്ലാത്ത സാഹചര്യത്തിൽ മകന്റെ മകൾക്ക് സ്വത്തിൽ 2-ൽ 1 അവകാശം ഉണ്ടായിരിക്കുന്നതാണ്. ഇത്തരം സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ മകന്റെ പെണ്മക്കൾ ഉണ്ടെങ്കിൽ അവർക്ക് എല്ലാവർക്കും കൂടി 3-ൽ 2 അവകാശം ഉണ്ടായിരിക്കുന്നതാണ്. എന്നാൽ മരണപ്പെട്ട വ്യക്തിക്ക് ഒരു മകളും സഹോദരിയും മകന്റെ മകളും ഉണ്ടെങ്കിൽ മകന്റെ മകൾക്ക് 6-ൽ 1 അവകാശം ഉണ്ടായിരിക്കും.

പൂർണ്ണ സഹോദരി: മരണപ്പെട്ട വ്യക്തിയുടെ പൂർണ്ണ സഹോദരിക്ക് ചില സാഹചര്യത്തിൽ 2-ൽ 1 അവകാശവും ത്തരത്തിൽ ഉള്ള ഒന്നിലധികം സഹോദരിമാർക്ക് 3-ൽ 2 അവകാശവും തുല്യമായുണ്ടാവുന്ന സാഹചര്യമുണ്ട്. അത് മരണപ്പെട്ട വ്യക്തിക്ക് കുട്ടികളോ മകന്റെ കുട്ടികളോ പിതാവോ പിതാമഹനോ സഹോദരനോ ഇല്ലെങ്കിൽ മാത്രമാണ്. ഇവരുടെ സാന്നിദ്ധ്യത്തിൽ പൂർണ്ന സഹോദരിക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല.

രക്ത ബന്ധമുള്ള സഹോദരി: മരണപ്പെട്ട വ്യക്തിയുടെ രക്ത ബന്ധമുള്ള സഹോദരിക്ക് ചില സാഹചര്യത്തിൽ 2-ൽ 1 അവകാശവും ഇത്തരത്തിൽ ഉള്ള ഒന്നിലധികം സഹോദരിമാർക്ക് 3-ൽ 2 അവകാശവും തുല്യമായുണ്ടാവുന്ന സാഹചര്യമുണ്ട്. അത് മരണപ്പെട്ട വ്യക്തിക്ക് കുട്ടികളോ മകന്റെ കുട്ടികളോ പിതാവോ പിതാമഹനോ സഹോദരനോ സഹോദരിയോ ഇല്ലെങ്കിൽ മാത്രമാണ് ഇവരുടെ സാന്നിദ്ധ്യത്തിൽ രക്തബന്ധമുള്ള സഹോദരിക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല.എന്നാൽ ഇത്തരത്തിലുള്ള ബന്ധുക്കൾ ഇല്ലാതിരിക്കുകയും രക്തബന്ധത്തിലൂള്ള സഹോദരൻ ഉണ്ടാവുകയും ചെയ്താൽ രക്തബന്ധമുള്ള സഹോദരിക്ക് രക്തബന്ധമുള്ള സഹോദരന്റെ പകുതി അവകാശം ശിഷ്ടാവകാശി എന്ന നിലയിൽ ലഭിക്കുന്നതാണ്.

ഒരേ അമ്മവഴിയുള്ള സഹോദരൻ: ഒരേ അമ്മവഴിയുള്ള സഹോദരന്റെ അവകാശം 6-ൽ 1 ആയിരിക്കും. എന്നാൽ ചില അവസരങ്ങളിൽ ഈ സഹോദരന് അവകാശം നഷപ്പെടുന്നതാണ്. അത് മരണപ്പെട്ട വ്യക്തിയുടെ കുട്ടിയോ മകന്റെ കുട്ടിയോ പിതാവോ അല്ലെങ്കിൽ പിതാമഹനോ എന്നിവരിൽ ആരുടെയെങ്കിലും സാന്നിധ്യമാണ്.

ഒരേ അമ്മവഴിയുള്ള സഹോദരി: ഒരേ അമ്മവഴിയുള്ള സഹോദരിയുടെ അവകാശം 6-ൽ 1 ആയിരിക്കും. എന്നാൽ ചില അവസരങ്ങളിൽ അവകാശം നഷപ്പെടുന്നതാണ്. അത് മരണപ്പെട്ട വ്യക്തിയുടെ കുട്ടിയോ, മകന്റെ കുട്ടിയോ, പിതാവോ, അല്ലെങ്കിൽ പിതാമഹനോ എന്നിവരിൽ ആരുടെയെങ്കിലും സാന്നിധ്യമാണ്.[8]

മാതാവ്:മരണപ്പെട്ട വ്യക്തിയുടെ മാതാവിന് 6 -ൽ 1 അവകാശം ഉണ്ടായിരിക്കും. ഈ അവകാശം ആരുടെ സാന്നിദ്ധ്യമുണ്ടെങ്കിലും നഷടപ്പെടുന്നില്ല. എന്നാൽ മരണപ്പെട്ട വ്യക്തിക്ക് കുട്ടികളോ മകന്റെ കുട്ടികളോ അവരുടെ പിന്മുറക്കാരോ ഇല്ലെങ്കിൽ അമ്മയുടെ അവകാശം 3-ൽ 1 ആയി വർദ്ധിക്കുന്നതാണ്. കൂടാതെ മരണപ്പെട്ട വ്യക്തിക്ക് ഒരു സഹോദരിയോ സഹോദരനോ ആണെങ്കിൽ മാതാവിന്റെ അവകാശം 3-ൽ 1 ആയി വർധിക്കുന്നതാണ്.

മാതാമഹി: മാതാമഹിയുടെ അവകാശം 6-ൽ 1 ആയിരിക്കും. എന്നാൽ മരണപ്പെട്ട വ്യക്തിയുടെ മാതാവ്, അല്ലെങ്കിൽ ഏറ്റവും അടുത്ത മാതാമഹി എന്നിവരുടെ സാന്നിധ്യം ഈ അവകാശം ഇല്ലാതാക്കും. മാതാമഹിക്ക് അവകാശം ഉണ്ടെന്ന് വിശുദ്ധ ഗ്രന്ദ്ഥത്തിൽ പറയുന്നില്ല. എന്നാൽ ഖലീഫ അബൂബക്കർ (റ) കാലത്ത് പേരക്കുട്ടിയുടെ അനന്തരാവകാശം ആവശ്യപ്പെട്ട് ഒരു മാതാമഹി ഖലീഫയുടെ അടുത്ത് വരികയും അള്ളാഹുവിന്റെ ഗ്രന്ഥത്തിൽ മാതാമഹിക്ക് അവകാശം രേഖപ്പെടുത്തിയ്ട്ടില്ല എന്നു പറയുകയും ഖലീഫ പൊതു ജനങ്ങളോട് അതേ പറ്റി എന്തെങ്കിലും അറിവുണ്ടോ എന്നു ചോദിച്ചപ്പോൾ 6-ഇൽ ഒരു അവകാശം ഉള്ളതായി പ്രവാചകൻ പറഞ്ഞതു കേട്ടതായി ഒരാൾ പറയുകയും അപ്രകാരം ആറിൽ ഒരവകാശം അനുവദിച്ചതായും ബുഹാരിയുടെ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പിതാവ്: പിതാവിന്റെ അവകാശം 6-ൽ 1 ആയിരിക്കും.പിതാവിന്റെ അവകാശം ആരുടെ സാന്നിധ്യത്തിലും നഷ്ടപ്പെടുന്നില്ല. കൂടാതെ മരണപ്പെട്ടയാൾക്ക് കുട്ടിയോ മകന്റെ കുട്ടിയോ അവരുടെ കുട്ടിയൊ ഇല്ലെങ്കിൽ പിതാവിന് ശിഷ്ടാവകാശി എന്ന നിലയിൽ അവകാശം ലഭിക്കുന്നതാണ്.

പിതാമഹൻ: പിതാമഹന്റെ( അച്ന്റെ അച്ഛൻ, അച്ഛ്റെഅചന്റെ അച്ഛൻ തുടങ്ങിയവർ) അവകാശം 6-ൽ 1 ആണ്.എന്നാൽ മറണപ്പെട്ട വ്യക്തിയുടെ പിതാവിന്റെയോ അടുത്ത പിതാമഹന്റെയോ സാന്നിധ്യത്തിൽ അവകാശം ഉണ്ടായിരിക്കുന്നതല്ല.

ഇങ്ങനെ സ്വത്തുവീതം വെക്കൽ മുസ്ലിം പിന്തുടർച്ചാവകാശ പ്രകാരം അതി സങ്കീർണ്ണമാണെങ്കിലും ഇസ്ലാമിസ്റ്റുകൾ ഇത് അങ്ങേയറ്റം ലളിതാമാണെന്നാണ് അവകാശപ്പെടുന്നത്. മാത്രമല്ല, ഇസ്ലാം മക്കളെ മാത്രമായി ബന്ധുക്കളായി പരിഗണിക്കുന്നില്ലെന്നും വിശാലമായ സാഹോദര്യമാണ് ഇതിന്റെ അടിസ്ഥാനം എന്നുമൊക്കെയാണ് ഇവരുടെ അഭിപ്രായം.

സമത്വത്തിന്റെ ചരിത്രത്തിലൂടെ

ലോക ചരിത്രം നോക്കുമ്പോൾ, നമുക്ക് മനസ്സിലാവുന്ന ഒരു പ്രധാന കാര്യം മതങ്ങളോട മതാധിഷ്ഠിത ചിന്തകളോ ഒരിക്കലും സമത്വത്തിന് പരിഗണന നൽകിയിരുന്നില്ല എന്നതാണ്. സമത്വം ലിംഗനീതി എന്നതൊക്കെ മനുഷ്യൻ ഉണ്ടാക്കിയ ആശയങ്ങളാണ്. ലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ട മനുഷ്യ ജീവിതത്തിൽ സമത്വം എന്ന സങ്കല്പം വന്നിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ എന്നത് നമ്മെ അത്ഭുതപ്പെടുത്തും.എബ്രഹാം ലിങ്കൺ അടിമത്തം നിരോധിക്കുന്നത് വരെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ അടിമയാക്കി വെക്കുന്നതിൽ യാതൊരു അസ്വാഭാവികതയും മനുഷ്യർക്ക് തോന്നിയിട്ടില്ല, അക്കൂട്ടത്തിൽ ആ കാലഘട്ടങ്ങളിൽ ജീവിച്ച മഹാന്മാരും പെടും. അതിനു ശേഷവും പല രാജ്യങ്ങളിലും അടിമത്തം നിയമവിധേയമായിരുന്നു. 1962 വരെ അടിമത്തം നിയമ വിധേയമായ രാജ്യങ്ങളുണ്ടായിരുന്നു.അടിമത്തം മാത്രമല്ല മനുഷ്യർക്കിടയിൽ നിലനിന്ന അസമത്വങ്ങൾ, തൊട്ടു കൂടായ്മ, ജാതി സമ്പ്രദായം, രോഗികളോടുള്ള വിവേചനം, വർണ വിവേചനം, ആന്റി സെമിറ്റിസം, റേസിസം തുടങ്ങി നിരവധിയുണ്ട്. അതിലേറ്റവും പ്രബലവും സർവവ്യാപിയുമായതുമാണ് സ്ത്രീകൾക്കെതിരെയുള്ള വിവേചനം.

1718 ലാണ് അമേരിക്കയിലെ ഏതെങ്കിലും ഒരു സ്റ്റേറ്റിൽ, പെൻസിൽവാനിയ, സ്ത്രീകൾക്ക് സ്വന്തമായി സ്വത്ത് കൈവശം വക്കാമെന്ന നിയമം വരുന്നത്, അതും കല്യാണം കഴിഞ്ഞവർക്ക് മാത്രം. 1850 ൽ ഒറിഗോൺ സ്റ്റേറ്റിലാണ് കല്യാണം കഴിക്കാത്ത സ്ത്രീക്കും സ്വന്തമായി സ്വത്ത് കൈവശം വക്കാം എന്ന നിയമം വരുന്നത്. 1920ൽ മാത്രമാണ് അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നത്.സ്ത്രീകൾക്കെതിരെയുള്ള വിവേചനത്തിന്റെ കാര്യത്തിൽ എല്ലാ രാജ്യങ്ങളും മത്സരിക്കുകയായിരുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, മതങ്ങൾക്കനുസരിച്ചു സിവിൽ നിയമങ്ങളുള്ള ഇന്ത്യയിൽ പ്രധാന മതങ്ങളിലൊന്നും സ്ത്രീകൾക്ക് തുല്യ പിന്തുടർച്ചാവകാശം ഉണ്ടായിരുന്നില്ല. പിന്നീട് വന്ന വിവിധ ബില്ലുകളിലൂടെയും വിധികളിലൂടെയുമാണ് ക്രമേണ ഈ അവകാശങ്ങൾ വരുന്നത്.

1950 ൽ അംബേദ്കറിന്റെയും നെഹ്റുവിന്റെയും ശ്രമഫലമായി വന്ന ഹിന്ദു കോഡ് ആദ്യമായി ഹിന്ദു സ്ത്രീകൾക്ക് സ്വത്തവകാശം നൽകുന്നത്, കേരളത്തിൽ മരുമക്കത്തായം നിലനിന്നത് ഒഴിച്ച് നിർത്തിയാൽ. വിവാഹമോചനത്തിനുള്ള അവകാശം, വിധവകൾക്കുള്ള സ്വത്തവകാശം തുടങ്ങിയവയും ഹിന്ദു കോഡിന്റെ ഭാഗമായി വന്നു.യാഥാസ്ഥിതികരുടെ ഇടയിൽ നിന്നുള്ള വലിയ പ്രതിഷേധത്തെ അതിജീവിച്ചാണ് ഹിന്ദു കോഡ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. ഹിന്ദു സമൂഹത്തിന്റെ മേൽ വന്നു പതിച്ച ആറ്റം ബോംബാണ് ഹിന്ദു കോഡ് എന്നാണ് ആർഎസ്എസ് അന്ന് ഹിന്ദുകോഡിനെ വിശേഷിപ്പിച്ചത്.

മേരി റോയ് നടത്തിയത് ചരിത്ര പോരാട്ടം

ക്രിസ്ത്യൻ സ്ത്രീകളുടെ ചരിത്രവും വ്യത്യസ്തമായിരുന്നില്ല, കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം ലഭിക്കാൻ വേണ്ടി അരുന്ധതി റോയിയുടെ 'അമ്മ മേരി റോയ് നടത്തിയ പോരാട്ടം സമീപകാല ചരിത്രത്തിന്റെ ഭാഗമാണ്. ( അരുന്ധതി റോയിയുടെ പ്രശസ്തമായ അമ്മു എന്ന കഥാപാത്രം മേരി റോയിയുടെ ജീവിതത്തിന്റെ ആവിഷ്‌കാരമാണെന്ന് അരുന്ധതി റോയ് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് ).വ്യവസ്ഥാപിത സഭകളുടെ എതിർപ്പുകൾ നേരിട്ട് സ്വന്തം സഹോദരനു തുല്യമായ സ്വത്തിന് തനിക്കും അവകാശമുണ്ടെന്ന് സ്ഥാപിക്കാൻ മേരി റോയ് പതിറ്റാണ്ടുകളോളം കോടതികളിൽ പോരാടി. സ്വത്തിനു വേണ്ടിയല്ല, സ്ത്രീ സമത്വത്തിനു വേണ്ടിയാണ് താൻ പോരാടിയതെന്നു തെളിയിക്കാൻ മേരി റോയ് കോടതി വിധിയിലൂടെ തനിക്ക് ലഭിച്ച സ്വത്തുക്കൾ സഹോദരന് തിരിച്ചുകൊടുക്കുകയും ചെയ്തു.

'ഞാൻ സഹോദരനെതിരേയല്ല, നീതി തേടിയാണ് കോടതിയിൽ പോയത്. അന്നത്തെ നിയമവാഴ്ചയ്‌ക്കെതിരേയുള്ള പോരാട്ടം. സ്വത്തിനുവേണ്ടിയുള്ള വാശിയല്ലായിരുന്നു. നമ്മളാരും ഇവിടെനിന്നും ഒന്നും കൊണ്ടുപോകുന്നില്ല. ഒരു കുടുംബത്തിൽ ഒരേ അപ്പനും അമ്മയ്ക്കും ജനിച്ച മക്കൾ. ആണും പെണ്ണുമായിപ്പോയെന്ന ഒറ്റ കാരണത്താൽ രണ്ടു തട്ടിലാവുന്നു. എന്തൊരു അനീതി. അതിനെയാണ് ഞാൻ ചോദ്യംചെയ്തത്.' മേരി റോയ് മാതൃഭൂമിക്ക് കൊടുത്ത ഒരു അഭിമുഖത്തിൽ പറഞ്ഞതാണിത്.

മുസ്ലിം വോട്ട് ബാങ്കിനെ എല്ലാവരും ഭയക്കുന്നു

എന്തുകൊണ്ടാണ് മേരി റോയിയെപ്പോലുള്ള ഒരു പേരാട്ടം ഇസ്ലാമിക വനിതകൾക്കിടയിൽ നടക്കുന്നില്ല എന്ന് ചോദിച്ചാൽ വോട്ട് ബാങ്ക് എന്ന് മാത്രമേ അതിനെ പറയുവാൻ കഴിയൂ. 'ഇസ്ലാമിൽ മുസ്ലിം പുരഷൻ പറയുന്നതാണ് വോട്ട്. കോൺഗ്രസും ഇടതുപക്ഷവും അടക്കമുള്ള പാർട്ടികൾ അത് ഭയക്കുന്നു'- ജാമദി ടീച്ചർ ചൂണ്ടിക്കാട്ടുന്നു. സ്വാതന്ത്രത്തിനു ശേഷം ഒരു പാട് കൊല്ലം കോൺഗ്രസ് ഭരിച്ചുവെങ്കിലും ജനസംഖ്യയിൽ ഏകദേശം പത്തു ശതമാനത്തിനടുത്ത് വരുന്ന മുസ്ലിം സ്ത്രീകൾക്ക് തുല്യത നൽകണമെന്ന് അവർക്ക് തോന്നിയില്ല, നെഹ്‌റുവും അംബേദ്കറും പോലും മുസ്ലിം സ്ത്രീകളെ അവഗണിച്ചു. 1985 ലാണ് ആദ്യമായി മുസ്ലിം സ്ത്രീകളെ പറ്റി ഇന്ത്യയിൽ ഒരു ചർച്ച വരുന്നത് തന്നെ.ഷാ ബാനു കേസിനോട് അനുബന്ധിച്ചു വിവാഹത്തെയും വിവാഹ മോചനത്തെയും കുറിച്ച് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടെങ്കിലും പിന്തുടർച്ചാവകാശം അന്നും ചർച്ചയായില്ല. ഇ.എം.എസ് അക്കാലത്തു ഈ പ്രശ്‌നവും പൊതു ശ്രദ്ധയിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും പാർട്ടി പിന്നീട് അതിൽ നിന്ന് പിൻവലിഞ്ഞു. മുസ്ലിങ്ങളുടെ കാര്യം അവർ തന്നെ നോക്കട്ടെ എന്നായിരുന്നു പിന്നീട് പാർട്ടിയുടെ ലൈൻ.

പാർട്ടികളും സർക്കാരുകളും കോടതികളും മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ എല്ലായ്‌പ്പോഴും അഭിപ്രായം തേടുന്നത് മുസ്ലിം പുരുഷന്മാരുടെ സംഘടനകളിൽ നിന്നായിരിക്കും, പ്രധാനമായും മുസ്ലിം പേർസണൽ ലോ ബോർഡിൽ നിന്ന്. എഴുപത് കഴിഞ്ഞ പുരുഷന്മാർ നിയന്ത്രിക്കുന്ന ഈ സംഘടനയിലേക്ക് എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നറിയുന്ന മുസ്ലിങ്ങൾ അധികമില്ല, എന്തധികാരത്തിലാണ് മുസ്ലിങ്ങളെ ഇവർ പ്രതിനിധീകരിക്കുന്നതെന്നും അറിയില്ല.ഏതായാലും മുസ്ലിം സ്ത്രീകളുടെ അവകാശത്തിനു വേണ്ടി എന്തെങ്കിലും ഒരു പ്രസ്താവന ഇവരുടെ ഭാഗത്തു നിന്ന് ഇന്നുവരെ ഉണ്ടായതായി അറിയില്ല.

മാത്രമല്ല, ഇവർ മുസ്ലിം സ്ത്രീകൾക്കെതിരായി ഒട്ടേറെ പ്രക്ഷോഭങ്ങൾ നടത്തിയിട്ടുമുണ്ട്, ഉദാഹരണത്തിന് വിവാഹമോചിതരായവർക്ക് ജീവനാംശം കൊടുക്കണമെന്ന വിധിക്കെതിരെ, മുതാലാഖ് നിരോധിക്കുന്ന വിധിക്കെതിരെയൊക്കെ. 1985 ൽ നിലനിന്ന സാമൂഹ്യ സാഹചര്യങ്ങളിൽ നിന്ന് മുസ്ലിം സ്ത്രീകൾ ഒരു പാട് മുന്നോട്ട് പോയി എന്ന് മനസ്സിലാക്കാൻ കഴിയുന്നവരും ഇവർക്കിടയിലില്ല.മുസ്ലിം സ്ത്രീകളുടെ പ്രശ്‌നം വരുമ്പോൾ മാത്രം എല്ലാവരും തുല്യതയും സ്ത്രീ സമത്വവും മറക്കും. നമ്മുടെ ഭരണഘടന വ്യക്തിയുടെ അന്തസ്സ്, തുല്യത, അഭിമാനം എന്നതൊക്കെയാണ് രാഷ്ട്രത്തിന്റെ ഐക്യത്തേക്കാളും മുകളിൽ കാണുന്നത്, കാരണം വ്യക്തികൾക്ക് തുല്യതയും അന്തസ്സും അനുഭവപ്പെടുമ്പോൾ രാജ്യം പുരോഗമിക്കും.മുസ്ലിം പുരുഷന്മാരോ അവരുടെ സംഘടനകളോ ഇക്കാര്യത്തിൽ ഇതുവരെ മുൻകൈ എടുത്തിട്ടില്ല, ഇനിയും അതുണ്ടാകാനുള്ള ലക്ഷണവും കാണുന്നില്ല. കയ്യിലുള്ള അധികാരം സ്വമേധയാ വിട്ടു കൊടുക്കുന്നത് മനുഷ്യ പ്രകൃതമല്ല. എൻ.ആർ.സി ഉൾപ്പടെയുള്ള വിഷയങ്ങളിൽ വൻ സമരങ്ങൾ നയിച്ചവരെയും തെരുവിലിറങ്ങിയവരെയും തങ്ങളുടെ മതത്തിൽ പകുതി പേർ അനുഭവിക്കുന്ന ഈ നീതി നിഷേധം ഒട്ടും അലോസരപ്പെടുത്തുന്നില്ല.

നിയമങ്ങൾ പരിഷ്‌ക്കരിച്ച് ഇസ്ലാമിക രാജ്യങ്ങൾ

ലോകത്തുള്ള പല മുസ്ലിം രാഷ്ട്രങ്ങളും വ്യക്തി നിയമം ഖുർആൻ അനുശാസിക്കുന്ന നീതിയുടെ നിഷേധവും സ്ത്രീയെ തരം താഴ്‌ത്തുന്നതുമാണെന്ന് കണ്ടെത്തി സ്ത്രീയുടെ പദവി ഉയരാൻ പാകത്തിൽ പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽപോലും സ്ത്രീകൾക്ക് ഡ്രൈവിങ്ങിനുള്ള അവകാശം തൊട്ട് സിനിമാ തീയേറ്റുകൾവരെ വന്നത് നോക്കുക. സിറിയ, ഇറാൻ, ഇറാക്ക് എന്നീ രാജ്യങ്ങളിൽ മലേഷ്യയിലെ പെർലീസ എന്ന രാജ്യത്തും രണ്ടാം വിവാഹത്തിന് കോടതിയുടെ മുൻകൂട്ടിയുള്ള അനുവാദം വേണം. പാക്കിസ്ഥാനിലെ 1961ലെ കുടുംബ ഓർഡിനൻസ് പ്രകാരം പ്രത്യേകമായി രൂപീകരിച്ച ഒരു മദ്ധ്യസ്ഥ കൗൺസിലിന്റെ സമ്മതം രണ്ടാം വിവാഹത്തിന് ആവശ്യമാണ്. ആ വിവാഹവും ന്യായവുമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ യുക്തമായ വ്യവസ്ഥകളിൽ നിന്നുകൊണ്ട് അനുമതി കൊടുക്കുകയുള്ളൂ. ഈ ഓർഡിനൻസ് ബംഗ്ലാദേശിലും ബാധകമാക്കിയിട്ടുണ്ട്. ശ്രീലങ്കയിലും 1951ലെ മുസ്ലിം വിവാഹം, വിവാഹ മോചന നിയമമനുസരിച്ച് രണ്ടാം വിവാഹ ത്തിന് 30 ദിവസം മുമ്പ് നോട്ടീസ് നൽകണം.

ഇറാനിൽ ഏകപക്ഷീയമായ വിവാഹമോചന നിയമം നിർത്തലാക്കുകയും വിവാഹ മോചനത്തിന് സ്ത്രീക്ക് തുല്യമായ സ്ഥാനം നൽകുകയും ചെയ്തു. തുർക്കിയിൽ 1926ലെ സിവിൽ കോഡ് ബഹുഭാര്യത്വം വ്യക്തമായി നിരോധിച്ചു. 1951 കുടുംബ വിവാഹ നിയമമനുസരിച്ച് കോടതിക്ക് രണ്ടാം വിവാഹം അസാധുവാക്കാം. ഖുർആൻ നിർദ്ദേശിക്കുന്നത് പോലെ നീതി പുലർത്താൻ ആധുനിക സാഹചര്യത്തിൽ സാധ്യമല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് 1957ൽ ടൂണീഷ്യ ബഹുഭാര്യത്വം നിരോധിച്ചു. ഇങ്ങനെ ഇരുപതോളം രാജ്യങ്ങളിൽ നിയമം പുനരാവിഷ്‌ക്കരിച്ചതായി പഠനങ്ങൾ രേഖപ്പെടുത്തുന്നു.

ബ്രീട്ടീഷുകാർ ഇസ്ലാമിക നിയമങ്ങൾ ഒന്നിനുപുറകെ ഒന്നായി നിരോധിച്ചു. 1843ലെ ആക്ട് അടിമത്തം നിരോധിച്ചു. 1860ലെ മറ്റൊരു നിയമം ഇസ്ലാമിക ക്രിമിനൽ നിയമങ്ങൾക്ക് പകരം ക്രമിനൽ പ്രൊസീജർ കോഡ് സ്ഥാപിക്കപ്പെട്ടു. തെളിവുകൾക്കുള്ള ഇസ്ലാമിക നിയമങ്ങൾക്ക് പകരം ഇന്ത്യൻ എവിഡൻസ് നിയമം വന്നു. 1937ൽ ശരീഅത്ത് നിയമം നിലവിൽ വന്നു. 1939ൽ ശരീഅത്ത് നിയമം ഭേദഗതി ചെയ്തു. വിവാഹ മോചന നിയമം ആവശ്യപ്പെടുന്ന ചില അടിസ്ഥാന വ്യവസ്ഥകൾ കൊണ്ടുവരിക മാത്രമാണ് ചെയ്തത്. പിന്നീട് ഈയിടെയാണ് കോടതി വിധിയിലൂടെ മുത്തലാഖ് നിരോധനംപോലും വന്നത്.

'അതായത് മത നിയമങ്ങൾ എന്നത് കാലകാലങ്ങളിലായി ഇസ്ലാമിക രാഷ്ട്രങ്ങൾപോലും പരിഷ്‌ക്കരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സിവിൽ നിയമങ്ങളെ തൊടാൻ കഴിയില്ല എന്ന വാദമൊന്നും ശരിയല്ല. മുസ്ലിം സ്ത്രീകളുടെ അന്തസ്സ് ഉയർത്തുന്നതിനായി അവർക്ക് പൂർവിക സ്വത്തിൽ തുല്യവകാശം നൽകുകാനുള്ള നിയമ ഭേദഗതികളാണ് ഒരു ജനാധിപത്യ ഭരണകൂടം ചെയ്യേണ്ടത്. അതിനായി ഏക സിവിൽ കോഡിനെ അടക്കം പിന്തുണക്കുക എന്നത് തുല്യതതെ സ്വപ്നം കാണുന്ന മനുഷ്യസ്നേഹികളുടെ ആവശ്യം കൂടിയാണ്.'- മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ മുഹമ്മദ് ഹാരീസ് ചൂണ്ടിക്കാട്ടുന്നു.

വിവരങ്ങൾക്ക് കടപ്പാട്:

ജാമിദ ടീച്ചർ, ഇ എ ജബ്ബാർ- വിവിധ പ്രഭാഷണങ്ങൾ

അസ്ഗർ അലി എൻജിനിയർ- ദ ലിവിങ്ങ് ഫെയ്ത്ത്

ഫാറൂഖ് -ലേഖനം- ഡൂൾ ന്യൂസ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP