Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബംഗാളിൽ മാർക്‌സിസ്റ്റുകാർക്ക് ബിജെപിയുടെ പ്രത്യുപകാരം; തൃണമൂൽ വർഷങ്ങളായി കൈയടക്കി വെച്ച 200ഓളം പാർട്ടി ഓഫീസുകൾ കാവിപ്പടയുടെ സഹായത്തോടെ സിപിഎം തിരിച്ചുപിടിച്ചു; തൃണമൂലിന്റെ തോൽവിയോടെ ഗ്രാമങ്ങളിൽ വീണ്ടും തലപൊക്കി ഇടതന്മാർ; കേരളത്തിൽ പരസ്പരം വെട്ടിക്കൊല്ലുന്ന പാർട്ടി അണികൾ ബംഗാളിൽ സഹകരിച്ച് നീങ്ങുന്നു; പാമ്പും കീരിയും തമ്മിലുള്ള സഖ്യംപോലെ ബംഗാളിൽ 'കാവിച്ചെങ്കൊടി' എന്ന വിചിത്ര രാഷ്ട്രീയസഖ്യം; സഹായിച്ച് സഹായിച്ച് സിപിഎമ്മിനെ ബിജെപി വിഴുങ്ങുമോയെന്നും ആശങ്ക

ബംഗാളിൽ മാർക്‌സിസ്റ്റുകാർക്ക് ബിജെപിയുടെ പ്രത്യുപകാരം; തൃണമൂൽ വർഷങ്ങളായി കൈയടക്കി വെച്ച 200ഓളം പാർട്ടി ഓഫീസുകൾ കാവിപ്പടയുടെ സഹായത്തോടെ സിപിഎം തിരിച്ചുപിടിച്ചു; തൃണമൂലിന്റെ തോൽവിയോടെ ഗ്രാമങ്ങളിൽ വീണ്ടും തലപൊക്കി ഇടതന്മാർ; കേരളത്തിൽ പരസ്പരം വെട്ടിക്കൊല്ലുന്ന പാർട്ടി അണികൾ ബംഗാളിൽ സഹകരിച്ച് നീങ്ങുന്നു; പാമ്പും കീരിയും തമ്മിലുള്ള സഖ്യംപോലെ ബംഗാളിൽ 'കാവിച്ചെങ്കൊടി' എന്ന വിചിത്ര രാഷ്ട്രീയസഖ്യം; സഹായിച്ച് സഹായിച്ച് സിപിഎമ്മിനെ ബിജെപി വിഴുങ്ങുമോയെന്നും ആശങ്ക

മറുനാടൻ ഡെസ്‌ക്‌

കൊൽക്കൊത്ത: കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ പരസ്പരം കടിച്ചുകീറാൻ നടക്കുന്ന പാർട്ടി അണികളാണ് സിപിഎമ്മിനും ബിജെപിക്കുമുള്ളത്.രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇവിടെ പൊലിഞ്ഞ ജീവനുകൾക്ക് കൈയും കണക്കുമില്ല. ആശയപരമായി നോക്കുമ്പോൾ ഒരു രീതിയിലും തൊട്ടുകൂടാത്ത പാർട്ടിയായാണ് സിപിഎം ബിജെപിയെ കാണുന്നത്. എന്നാൽ ഫാസിസ്റ്റുവിരുദ്ധ പ്രസംഗങ്ങളുടെ നീണ്ട വായ്ത്താരിയൊന്നും ബംഗാളിലെ ഗ്രാമങ്ങളിൽ വിലപ്പോവുന്നില്ല. അവിടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ട സിപിഎം-ബിജെപി സഹകരണം ഇപ്പോളും തുടരുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ തവണ വെറും രണ്ട് സീറ്റുമാത്രമുള്ള ബിജെപി ഇവിടെ 18 സീറ്റുകളിലേക്ക് ഉയർന്നത് ഇടതുമുന്നണി പ്രവർത്തകരുടെ നിർലോഭമായ പിന്തുണകൊണ്ടായിരുന്നു.

42ൽ 35 സീറ്റുണ്ടായിരുന്ന തൃണമൂൽ ഇവിടെ 22 സീറ്റിലേക്ക് ചുരുങ്ങുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തങ്ങളെ സഹായിച്ച സിപിഎമ്മിനെ ബിജെപി തിരിച്ചും സഹായിച്ചിരിക്കയാണ്. കാവിപ്പടയുടെ സഹായത്തോടെ 200 ഓളം പാർട്ടി ഓഫീസുകളാണ് ഇവിടെ സിപിഎം തിരിച്ചുപിടിച്ചത്. ഇത് പലതും വർഷങ്ങളായി തൃണമൂൽ കൈയടക്കി വെച്ചിരിക്കയായിരുന്നു. മമതയുടെ കീഴിൽ ബംഗാൾ അമർന്നതിനുശേഷം ആദ്യമായാണ് സിപിഎമ്മിന് ഇതുപോലെ തിരിച്ചടിക്കാൻ കഴിയുന്നത്. അതേസമയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് ബിജെപിയുടെതെന്നും, അവർ ഫലത്തിൽ സിപിഎമ്മിനെ വിഴുങ്ങുമെന്നും പാർട്ടിക്കകത്തുതന്നെ വിമർശനം ഉണ്ടായിട്ടുണ്ട്.

ഒരു നേതാവിന്റെയും പിന്തുണയില്ലാതെ അടിത്തട്ടിൽ സ്വാഭാവികമായി ഉണ്ടായതാണ് ഈ സഖ്യം എന്നതാണ് കൗതുകകരം. മുമ്പ് കോൺഗ്രസും സിപിഎമ്മും തമ്മിൽ സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചത് 'കൈയരിവാൾ സഖ്യം' എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോഴത് പാമ്പും കീരിയും ഒന്നിക്കുന്നതുപോലുള്ള, 'കാവിച്ചെങ്കൊടി സഖ്യ'വുമായി. എന്നാൽ ഇരു പാർട്ടികളുടെയും നേതാക്കൾ ഇത് നിഷേധിക്കയാണ്. ഓഫീസ് തിരിച്ചുപിടിച്ചത് സത്യമാണെങ്കിലും അതിന് ബിജെപി സഹായം കിട്ടിയിട്ടില്ലെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. സിപിഎമ്മിനെ സഹായിക്കാൻ നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ബിജെപി നേതാക്കളും പറയുന്നു.

പുരുലിയ, ബാങ്കുര, കൂച്ച്ബിഹാർ, ബർധ്മാൻ, ഹൂഗ്ലി, നോർത്ത് 24 പർഗാനാസ്, ഹൗറ എന്നിവിടങ്ങളിലെ നിരവധി ഓഫീസുകൾ തിരിച്ചുപിടിച്ചവയിൽ ഉൾപ്പെടുന്നുവെന്ന് ടൈംസ്് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അധികാരംപോയശേഷം മമതയ്ക്കെതിരെ സിപിഎമ്മിന്റെ ചെറുത്തുനിൽപ്പുയരുന്നത് ഇതാദ്യമാണ്. 2011നുശേഷം തൃണമൂൽ അധീനതയിലാക്കിവെച്ചവയാണ് ഈ ഓഫീസുകൾ എന്ന് ദ ടെലഗ്രാഫ് പത്രം പറയുന്നു. കുപ്രസിദ്ധമായ തൃണമൂലിന്റെ ബൈക്ക് ബ്രിഗേഡ്, സിപിഎം പവർത്തകരെ മൂഴുവൻ അടിച്ചോടിച്ചാണ് ഈ ഓഫീസുകൾ പിടിച്ചെടുത്തത്. എന്നിട്ട് ചെങ്കൊടിയും മറ്റും എടുത്ത് കളഞ്ഞ് തൃണമൂലിന്റെ കൊടി നാട്ടുകയായിരുന്നു പതിവ്. ഇത്തരം ഓഫീസുകൾ പലതും പുറമ്പോക്കിലുള്ളവയും അനധികൃതവും ആയതിനാൽ പരാതിപ്പെടാൻ പോലും സിപിഎം പ്രവർത്തകർക്ക് കഴിഞ്ഞില്ല. അങ്ങനെ പരാതിപ്പെട്ടാൽ ക്രൂരമായ മർദനമായിരുന്നു തൃണമൂലിന്റെ ഭാഗത്തുനിന്നുള്ള മറുപടി. മമതാ സർക്കാർ ആകട്ടെ ഇതിലൊന്നും ഒരു നടപടിയും സ്വീകരിക്കുകയുമില്ല. എന്നാൽ ഇപ്പോൾ രാഷ്ട്രീയ സാഹചര്യം പൂർണ്ണമായി മാറുകയും തൃണമൂലിന്റെ ശക്തി ക്ഷയിക്കുയും ചെയ്തതോടെ സിപിഎം പ്രവർത്തകർ കൂട്ടമായി എത്തി തൃണമൂൽ ഓഫീസുകൾ തിരിച്ചു പിടിച്ചു. ഇവർക്ക് സഹായവുമായി ബിജെപി പ്രവർത്തകരും ഉണ്ടായിരുന്നു. തൃണമൂലിന്റെ കൊടി എടുത്തുകളഞ്ഞ പ്രവർത്തകർ ചെങ്കൊടി ഉയർത്തി അരിവാൾ ചുറ്റിക വരച്ചാണ് മടങ്ങിയത്.

24 പർഗനായിലെ രു സിപിഎം പ്രവർത്തകനായ ബാബു മുഖർജി 'ദ വയർ' എന്ന ഇംഗ്ലീഷ് പോർട്ടലിനോട് ഇങ്ങനെ പറയുന്നു. ' തെരഞ്ഞെടുപ്പു ഫലങ്ങൾ വന്നതോടെ തൃണമൂലിന്റെ സ്ഥിതി മോശമായി. ഞങ്ങൾ അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നു. അങ്ങനെയാണ് ഓഫീസ് തിരിച്ചു പിടിച്ചത്. ബിജെപി ഞങ്ങളെ നേരിട്ട്് സഹായിക്കുന്നില്ല. പക്ഷേ പ്രാദേശിക ബിജെപി നേതാക്കൾ ഞങ്ങൾ പിറകിലുണ്ടെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. എന്തെങ്കിലും സംഭവിച്ചാൽ നോക്കിക്കൊള്ളാമെന്ന ഉറപ്പും.' ദ വാൾ എന്ന ബംഗാളി ന്യൂസ് പോർട്ടൽ റിപ്പോർട്ടിൽ പറയുന്നത് പലയിടത്തും വിജയാഹ്ലാദത്തിനിടെ ബിജെപി പ്രവർത്തകർ, തൃണമൂൽ കൈയേറിയ ഓഫീസുകൾ ഒഴിപ്പിച്ച് സിപിഎം പ്രവർത്തകരെ എൽപ്പിച്ചുവെന്നാണ്്.

ബംഗാളിൽ തൃണമൂലിന്റെ അക്രമവും ഗുണ്ടായിസവും താങ്ങാനാവതെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിജെപിക്ക് ബൂത്ത് ഏജന്റുമാർ ഇല്ലാത്തയിടത്തുപോലും സിപിഎം പ്രവർത്തകാരാണ് ഏജന്റുമാരായി പ്രവർത്തിച്ചത്. അതിന്റെ പ്രത്യുപകാരമാണ് ഇപ്പോൾ നടക്കുന്നതെന്നും, അടുത്ത നിയസഭാതെരഞ്ഞെടുപ്പിൽ സിപിഎം സഹായം പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് ബിജെപിയുടെ ഈ നീക്കമെന്നും സിദ്ധാർഥ് വരദരാജനെപ്പോലുള്ള പ്രമുഖ മാധ്യമ പ്രവർത്തകരും വിലയിരുത്തുന്നു. കഴിഞ്ഞ തവണ വെറും 16 ശതമാനം വോട്ട് മാത്രം ഉണ്ടായിരുന്ന ബിജെപി ഇത്തവണ 40 ശതമാനത്തിലേക്ക് ഉയർന്നപ്പോൾ, 30 ശതമാനം വോട്ടുണ്ടായിരുന്ന സിപിഎം വെറും 7 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയാണ് ഉണ്ടായത്. അതായത് സിപിഎം അണികളുടെ വോട്ട്പോയത് ബിജെപിക്കാണെന്ന് വ്യക്തം. ഒരിടത്ത് ഒഴികെ എല്ലായിടത്തും കെട്ടിവെച്ച കാശ് നഷ്ടമായ സിപിഎം മിക്കയിടത്തും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

സിപിഎമ്മിന്റെത് തീക്കളിയെന്നും വിമർശനം

അതേസമയം കാവിച്ചെങ്കൊടി സഖ്യം എന്ന ആരോപണം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ തള്ളുകയാണ്. ബിജെപിയുമായി യാതൊരു നീക്കുപോക്കുകളുമില്ലെന്നും അതെല്ലാം മാധ്യമങ്ങളുടെ പ്രചാരണം ആണെന്നുമാണ് യെച്ചൂരി 'ദ വയറിനോട് ' പ്രതികരിച്ചത്. തൃണമൂലിന്റെ ശക്തി ശോഷിച്ചു എന്നു വ്യക്തമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം നീലോൽപ്പൽ ബസു പറഞ്ഞു.ബിജെപി സിപിഎമ്മിനെ സഹായിക്കുന്നുവെന്നത് ബിജെപി ഐടി സെല്ലിന്റെ പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ചില ഓഫിസുകൾ തിരിച്ചു പിടിച്ചതായി ടിഎംസി നേതാവ് ശിശിർ അധികാരിയും പറഞ്ഞു. 'തെരഞ്ഞെടുപ്പിൽ കുറച്ചു സീറ്റുകൾ കിട്ടിയ ബിജെപിയാണ് സിപിഎമ്മിനെ സഹായിക്കുന്നത്. വിരലിലെണ്ണാവുന്ന ഓഫീസുകളേ അവർക്കു കിട്ടിയിട്ടുള്ളൂ' അധികാരി പറഞ്ഞു. എന്നാൽ സിപിഎമ്മിനെ സഹായിക്കാൻ നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൗറ ബിജെപി പ്രസിഡന്റ് സുരജിത് സാഹയും പറഞ്ഞു.

പക്ഷേ സിപിഎമ്മിന് ഫലത്തിൽ ഇത് ദോഷമാണ് ചെയ്യുകയെന്ന് വ്യാപകമായ വിമർശനം പാർട്ടിക്കകത്ത് ഉണ്ടായിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം കിട്ടയാൽ ബിജെപിയുടെ തനിനിറം അറിയാമെന്നും പലരും വിലയിരുത്തുന്നുണ്ട്. ഇപ്പോൾ തന്നെ സിപിഎം പ്രവർത്തകരിൽ വലിയൊരു വിഭാഗവും ബിജെപിയിൽ ചേർന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇതിന്റെ നേട്ടം ആത്യന്തികമായി ഉണ്ടാവുക ബിജെപിക്ക് തന്നെയാണെന്ന മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. തൃണമൂലിന്റെ വറചട്ടിയിൽ നിന്ന് ബിജെപിയുടെ എരിതീയിലേക്ക് ബംഗാളി ജനത പതിക്കാൻ ഇടയാക്കരുതെന്ന് തീർത്ത് പറയുന്ന ബുദ്ധദേവ്, തൃണമൂലിനെപ്പോലെ സമാനമായ അപകടമാണ് ബിജെപിയെന്നും ചൂണ്ടിക്കാട്ടുന്നു. ' ബിജെപിക്കും തൃണമൂലിനും ബദൽ ഒരുക്കാനാണ് നാം ശ്രമിക്കേണ്ടയത്. പാർട്ടി വിട്ടുപോയെവർക്കൊക്കെ അത്മവിശ്വാസം നൽകി തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കേണ്ടത്. ഒരു തിന്മയെ നിങ്ങൾക്ക് മറ്റൊരു തിന്മാകൊണ്ട് നേരിടാൻ ആവില്ല. മോദിയും മമതയും ഒരുപോലെ വർഗീയ രാഷ്ട്രീയം കളിക്കുകയാണ്-പ്രശസ്ത മാധ്യമ പ്രവർത്തകൻ ഹിമാദ്രി ഘോഷിന് നൽകിയ അഭിമുഖത്തിൽ ബുദ്ധദേവ് പറഞ്ഞ വാക്കുകളാണിത്.

ബിജെപി ബാന്ധവത്തെ ചൊല്ലി സിപിഎമ്മിൽ നേരത്തെ ഉൾപാർട്ടി പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ബിജെപിക്ക് അനുകൂലമായ പ്രസ്താവന നടത്തിയെന്ന് കുറ്റപ്പെടുത്തി സിപിഎം. പൊളിറ്റ്ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെതിരേ ബംഗാൾ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ പരാതി നൽകിയിരുന്നു. ബംഗാളിൽ നിലവിലുള്ളതിനെക്കാൾ കൂടുതൽ സീറ്റ് ബിജെപി. നേടുമെന്ന് ഒരു അഭിമുഖത്തിൽ കാരാട്ട് പറഞ്ഞത് ചൂണ്ടിക്കാട്ടിയയിരുന്നു പരാതി. പക്ഷേ ഇതിൽ പാർട്ടി നടപടിയൊന്നും എടുത്തിട്ടില്ല.

തൃണമൂലിന്റെത് എരിയ ഡോമിനേഷൻ

'സൈനിക ഭാഷയിൽ 'ഏരിയ ഡോമിനേഷൻ' എന്നൊരു പ്രയോഗമുണ്ട്. ബംഗാളിൽ സിപിഎം മുമ്പ് നടപ്പാക്കിയ തന്ത്രം ഇപ്പോൾ അതുപോലെ തൃണമൂലം പുറത്തെുടക്കുകയാണ്'- പ്രശസ്ത മാധ്യമ പ്രവർത്തകനായ തപൻ ഘോഷ് ബംഗാളിലെ സ്ഥിതി വിലയിരുത്തുന്നത് ഇങ്ങനെയാണ്.
പൊതുസ്ഥലത്ത് പൂർണ ആധിപത്യം സ്ഥാപിക്കുകയും മറ്റുള്ളവരെ അവിടെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുക. സിപിഎം ഏറെക്കാലം പ്രയോഗിച്ച ആ പദ്ധതി അതിനു മുമ്പ് കോൺഗ്രസും ഇപ്പോൾ തൃണമൂൽ കോൺഗ്രസും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ബംഗാളിലെ യാഥാർഥ്യം. സിപിഎം ഭരണകാലത്തും രാഷ്ട്രീയ അക്രമങ്ങൾ ബംഗാളിൽ പതിവായിരുന്നു. പൊലീസ് വെടിവയ്പിലും മറ്റ് രാഷ്ട്രീയ ഏറ്റുമുട്ടലുകളിലുമൊക്കെയായി നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് അധിപത്യം സ്ഥാപിച്ചതോടെ ഇക്കാര്യങ്ങൾ വളരെ കൂടിയിട്ടുള്ളതായി കാണാം.

മമതയുടെ ഭരണത്തിൽ തങ്ങളുടെ ആയിരത്തോളം പ്രവർത്തകരുടെ ജീവൻ നഷ്ടമായി എന്നാണ് സിപിഎം പറയുന്നത്. കള്ളകേസിൽ കുടുക്കുക്, പരസ്യമായി മർദിക്കുക, സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുക തുടങ്ങിയവായാണ് സിപിഎം പ്രവർത്തകർക്കുനേരെ ഇപ്പോൾ തൃണമൂലുകാർ ചെയ്യുന്നത്. അടിതാങ്ങാനാവതെ വലിയ വായിൽ കരയുന്ന സിപിഎം പ്രവർത്തകരുടെ വീഡിയോ യ്യൂട്യൂബിൽ വൈറലായിരുന്നു. തല്ലുന്നവനെ തിരച്ചുതല്ലാൻ പാർട്ടിക്ക് ശക്തിയില്ലാതായതോടെ സിപിഎമ്മുകാർ ആശ്രയിക്കുന്നത് ബിജെപിയെയാണ്. ആർഎസ്എസിന്റെയും കേന്ദ്രഭരണത്തിന്റെയും സഹായത്തോടെയുള്ള ഒരു സംരക്ഷണം ബിജെപി നിൽകുമെന്നത് തന്നെയാണ്, ആ പാർട്ടിയിലേക്ക് കൂറുമാറാൻ സിപിഎം പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്.

പരിബർത്തൻ' (മാറ്റം) ആഹ്വാനം ചെയ്തു കൊണ്ടാണ് 2011-ൽ മമതാ ബാനർജി അധികാരത്തിൽ വന്നത്. എന്നാൽ, മമതയുടെ വരവോടെ ഗുണ്ടകളും മാഫിയാ സംഘങ്ങളുമൊക്കെ തൃണമൂലിലേക്ക് കളംമാറ്റിച്ചവിട്ടി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബംഗാളിൽ മൂന്നു ദശകം മുമ്പ് നിലവിൽ വന്ന 'ബൈക്ക് ബ്രിഗേഡ്‌സ്' വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. അന്തരിച്ച മുൻ സിപിഎം നേതാവും മന്ത്രിയുമായിരുന്ന സുഭാഷ് ചക്രവർത്തി 1980-കളിൽ രൂപം കൊടുത്തതാണ് ബൈക്ക് ബ്രിഗേഡ്. തെരഞ്ഞെടുപ്പ് പ്രചരണമാണ് ലക്ഷ്യമെങ്കിലും വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ പ്രധാന ജോലിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.

സിപിഎം തളർന്നതോടെ ബൈക്ക് ബ്രിഗേഡ് തൃണമൂൽ ഏറ്റെടുക്കുകകയായിരുന്നു. 70-100 അംഗങ്ങൾ വീതമുള്ള ബൈക്ക് ബ്രിഗേഡാണ് തൃണമൂലിന് ഓരോ ബ്ലോക്കിലുമുള്ളതെന്നാണ് പൊലീസിന്റെ കണക്ക്. കൊൽക്കത്ത ഹൈക്കോടതി ബൈക്ക് ബ്രിഗേഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും ബംഗാളിലെ ഗ്രാമങ്ങൾ ഇപ്പോഴും ഭരിക്കുന്നത് തൃണമൂലിന്റെ ഇത്തരം സംഘങ്ങളാണ്. നാമനിർദ്ദേശ പത്രിക കൊടുക്കാൻ അനുവദിക്കാതിരിക്കുക, വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കുക തുടങ്ങി സിപിഎം അനുവർത്തിച്ചിരുന്ന കാര്യങ്ങൾ അധികാരത്തിൽ വന്ന് രണ്ടു വർഷത്തിനുള്ളിൽ തന്നെ തൃണമൂൽ അതേ പടി ഏറ്റെടുത്തു എന്നതാണ് ഇപ്പോഴത്തെ ബംഗാളിന്റെ ചിത്രം. സമ്മർദ്ദവും ഭീഷണിയും താങ്ങാനാവതെ 3,500-ഓളം സ്ഥാനാർത്ഥികളാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയത് എന്നാണ് കണക്കുകൾ പറയുന്നത്.

ഈ സ്ഥിതയിൽ്നിന്ന് മാറി സിപിഎം പ്രവർത്തകർ ഇപ്പോൾ ആത്വിശ്വാസം കൈവരിച്ചിരിക്കുന്നുവെന്നതാണ് അനൗദ്യോഗിക ബിജെപി സഖ്യം കൊണ്ടുണ്ടായ ഗുണം. മമതക്ക് 2011നുശേഷം സിപിഎം കൊടുക്കുന്ന ആദ്യ മറുപടിയും. ഇത്രയും ഓഫീസുകൾ തിരിച്ചുപിടിക്കാൻ മറ്റ് ഒരിക്കലും കഴിയില്ലായിരുന്നു. മമതയിൽനിന്ന് വ്യത്യസ്തമായി ബിജെപി തങ്ങൾക്ക് പ്രവർത്തനം സ്വാതന്ത്ര്യം തരുമെന്നും സിപ്ിഎം പ്രവർത്തകർ പറയുന്നു.

സിപിഎമ്മിനെ ബിജെപി വിഴുങ്ങുമോ?

സഹായിച്ച് സഹായിച്ച് സിപിഎമ്മിനെ ബിജെപി വിഴുങ്ങുന്ന അവസ്ഥയുണ്ടാകുമെന്നാണ് പല ഇടതു രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ തന്നെ ചാക്കിടൽ രാഷ്ട്രീയം ബിജെപി ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. ഇന്നലെയും ഒരു സിപിഎം എംഎൽഎയും ബിജെപിയിലെത്തി. ഹേംതബാദിലെ സിപിഎം എംഎൽഎ ദേബേന്ദ്രനാഥ് റോയ് ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വമെടുത്തത്. നേരത്തെ
ബംഗാളിലെ പ്രമുഖ സിപിഎം നേതാവും എംഎൽഎയുമായ ഖഗേൻ മർമു് ബിജെപിയിൽ ചേർന്നത് പാർട്ടിയെ ഞെട്ടിച്ചിരുന്നു.
വടക്കാൻ ബംഗാളിലെ പലയിടത്തും സിപിഎം ലോക്കൽ കമ്മറി ഓഫീസുകൾ അടക്കം ബിജെപി ഓഫീസുകൾ ആയിരുന്നു. എന്നാൽ അപ്പോഴും നേതാക്കളിൽ നിന്ന് വലിയൊരു കൊഴിഞ്ഞുപോക്ക് ഇല്ലായിരുന്നു. ഇപ്പോൾ അതും തുടങ്ങിയിക്കയാണ്. ഈ രീതിയിൽപോയാൽ ബിജെപി സിപിഎമ്മിനെ വിഴുങ്ങുമെന്നാണ് ആശങ്ക.

തൃണമൂൽ വിട്ടും നിരവധിപേർ ബിജെപിയിൽ എത്തുന്നുണ്ട്. മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വൻ തിരിച്ചടി നൽകി പാർട്ടിയുടെ രണ്ട് എംഎൽഎമാർകൂടി കഴിഞ്ഞ ദിവസം ബിജപിയിൽ ചേർന്നു. നേരത്തേ തൃണമൂൽ വിട്ടു ബിജെപിയിലെത്തിയ മുകുൾ റോയിയുടെ മകൻ ശുഭ്രാംശു റോയ് (ബിജ്പുർ), തുഷാർകാന്തി ഭട്ടാചാര്യ (വിഷ്ണുപുർ) എന്നിവരാണ് ബിജെപിയിൽ ചേർഞ്ഞത്. ഇവർക്കൊപ്പം മൂന്ന് നഗസഭകളിലെ 63 തൃണമൂൽ കൗൺസിലർമാരും എംഎൽഎമാർക്കൊപ്പം ഇന്നലെ ബിജെപിയിൽ ചേർന്നു.കച്റപര, ഹാലിസഹർ, നെയ്ഹാട്ട് നഗരസഭകളിലെ ഭൂരിപക്ഷം തൃണമൂൽ അംഗങ്ങളും ബിജെപിയിലേക്കു പോയതോടെ മൂന്നിടത്തും പാർട്ടിക്കു ഭരണം നഷ്ടപ്പെടും

സിപിഎം തേടുന്നത് ബ്രീത്തിങ്ങ് സ്പേസ്

എന്നാൽ മമതക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയത് പ്രവർത്തകരിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയത്. ഇനി സംസ്ഥാന ഭരണവും മാറിയാൽ തങ്ങൾക്ക് പഴയ പ്രതാപം തിരിച്ചുകിട്ടുമെന്നാണ് പല സിപിഎം നേതാക്കളും രഹസ്യമായി സമ്മതിക്കുന്നത്. മമത തങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം പോയിട്ട് ശ്വാസം വിടാനുള്ള സ്ഥലംപോലും തരുന്നില്ലെന്നാണ് അവർ പറയുന്നത്. കേരളത്തിൽ പിഎസ്‌സി കഴിഞ്ഞാൽ ഏറ്റവും വലിയ തൊഴിൽ ദാതാവ് സിപിഎം ആണെന്ന് പരോക്ഷമായി പറയാം. ബാങ്കുകളും സഹകരണസംഘങ്ങളും ചാനലും പത്രവുമായി വലിയൊരു സാമ്പത്തിക ശൃംഖല കേരളത്തിൽ സിപിഎമ്മിന് ഉണ്ടെങ്കിലും, 34 വർഷം ഭരിച്ച ബംഗാളിൽ പാർട്ടിക്ക് ഈ രീതിയിൽ ഒന്നുമില്ല.

സാമ്പത്തിക ബുദ്ധിമുട്ടുകാരണം പശ്ചിമബംഗാളിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് 15,000 രൂപക്ക് വാടകക്ക് നൽകിയത് കഴിഞ്ഞ വർഷം വലിയ വാർത്തയായിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായിരുന്ന പൂർവ്വ ബർദമാൻ ജില്ലയിലെ മൂന്ന് നിലയിലുള്ള ലോക്കൽ കമ്മിറ്റി ഓഫീസാണ് സ്വകാര്യവ്യക്തിക്ക് വാടകക്ക് നൽകിയത്. 1999ൽ ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചായിരുന്നു പാർട്ടി ഓഫീസ് നിർമ്മിച്ചത്. 2011ൽ പാർട്ടിക്ക് അധികാരം നഷ്ടമായതോടെ എല്ലാം മാറിമറിഞ്ഞു. ഇതോടെ ലോക്കൽ-ജില്ലാ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വലിയ പ്രതിസന്ധിയിലായി. ജനങ്ങളിൽ നിന്ന് നേരത്തെ കിട്ടിക്കൊണ്ടിരുന്ന സംഭാവനകൾ നിലച്ചു. വൈദ്യുതി ബില്ലുപോലും അടക്കാൻ സാധിക്കാത്ത ഗതികേടുണ്ടായതോടെയാണ് ലോക്കൽ കമ്മിറ്റി ഓഫീസ് വാടകക്ക് നൽകാൻ തീരുമാനിച്ചത്. 2011വരെ പൂർവ്വ ബർദ്വാൻ ജില്ലയിലെ 15 നിയമസഭാ സീറ്റും സിപിഎമ്മിന്റേതായിരുന്നു.

തൃണമൂൽ പ്രവർത്തകരുടെ മർദനവും കള്ളക്കേസിൽ കുടുക്കലും സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കലുമൊക്കെ ഭയന്നാണ് ജനങ്ങൾ തങ്ങൾക്ക് ഫണ്ടു തരാത്തതെന്നും, മമതായുഗം അവസാനിച്ചാൽ ഈ അവസ്ഥക്കും മാറ്റമുണ്ടാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP