Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പ്രായപൂർത്തിയാവാത്ത അന്യ മതസ്ഥരായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുക; ലൈംഗികമായി പീഡിപ്പിച്ചശേഷം മത പരിവർത്തനം നടത്തി വിവാഹം കഴിക്കുക; ഇസ്ലാമിക മതമൗലിക വാദികൾ കാലങ്ങളായി തുടർന്നുവരുന്ന ക്രൂരതയ്ക്ക് തടയിടാൻ പാക് ഭരണകൂടം; സിന്ധ് പ്രവിശ്യയിലെ ഗോഡ്കി സംഭവത്തിൽ എഴ് പ്രതികളെയും വിവാഹത്തിന് നേതൃത്വം നൽകിയവരെയും പിടികൂടി; മത പരിവർത്തനവും മതനിന്ദാകുറ്റവും അടക്കമുള്ളവ വഴി ചകിതരായ പാക് ന്യൂനപക്ഷങ്ങൾക്ക് ഇമ്രാൻ ഖാൻ രക്ഷകനാവുമോ?

പ്രായപൂർത്തിയാവാത്ത അന്യ മതസ്ഥരായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുക; ലൈംഗികമായി പീഡിപ്പിച്ചശേഷം മത പരിവർത്തനം നടത്തി വിവാഹം കഴിക്കുക; ഇസ്ലാമിക മതമൗലിക വാദികൾ കാലങ്ങളായി തുടർന്നുവരുന്ന ക്രൂരതയ്ക്ക് തടയിടാൻ പാക് ഭരണകൂടം; സിന്ധ് പ്രവിശ്യയിലെ ഗോഡ്കി സംഭവത്തിൽ എഴ് പ്രതികളെയും വിവാഹത്തിന് നേതൃത്വം നൽകിയവരെയും പിടികൂടി; മത പരിവർത്തനവും മതനിന്ദാകുറ്റവും അടക്കമുള്ളവ വഴി ചകിതരായ പാക് ന്യൂനപക്ഷങ്ങൾക്ക് ഇമ്രാൻ ഖാൻ രക്ഷകനാവുമോ?

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: പാക്കിസ്ഥാനിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി വിവാഹം കഴിച്ച സംഭവത്തിൽ കർശന നടപടികളുമായി പാക് സർക്കാർ മുന്നോട്ട്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ ഏഴുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ രണ്ടുപേരും പൊലീസ് പിടിയിലായിട്ടുണ്ട്. പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഉറച്ച നിലപാടാണാണ് പാക്കിസ്ഥാനിലെ അവശേഷിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് തുണയാകുന്നത്.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഗോഡ്കി ജില്ലയിലുള്ള 13 വയസ്സുകാരി രവീണ, 15 വയസ്സുകാരി റീന എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയത്. പിന്നാലെ ഇവരുടെ വിവാഹം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുകയും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. തുടർന്നാണ് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികൾ സംരക്ഷണം ആവശ്യപ്പെട്ട് ബഹവൽപൂർ കോടതിയെ സമീപിച്ചതായും റിപ്പോർട്ടുണ്ട്.

പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിതിനുപിന്നാലെ, മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇരുവരും അവകാശപ്പെടുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ ഇത് ഭീഷണിപ്പെടുത്തി പറയപ്പിച്ചതാണെന്ന് വ്യക്തമാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി ഉണ്ടാവണമെന്ന നിർദ്ദേശവും ഇമ്രാൻ ഖാൻ നൽകിയതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അടിക്കടിയുണ്ടാവുന്ന ഹിന്ദു പെൺകുട്ടികളുടെ തട്ടിക്കൊണ്ടുപോകലുകൾക്കെതിരെ പല തവണ ഇന്ത്യ രംഗത്ത് എത്തിയിരുന്നു. പുതിയ സംഭവത്തിൽ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇതു സംബന്ധിച്ച റിപ്പോർട്ട് തേടിയിരുന്നു. ട്വീറ്റിലൂടെയാണ് സുഷമ സ്വരാജ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

പാക്കിസ്ഥാനിലെ ന്യൂനപക്ഷത്തിന്റെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും യാതൊരു സുരക്ഷയുമില്ലെന്ന റിപ്പോർട്ടുകൾക്ക് കൂടുതൽ വിശ്വാസ്യത നൽകുന്നതാണ് ഈ സംഭവം. പാക്കിസ്ഥാനിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾ അക്രമത്തിനിരയാകുന്നുണ്ടെന്നും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തുന്നുണ്ടെന്നുമുള്ള വാർത്തകൾ വിദേശ മാധ്യമങ്ങൾ ഇതിനു മുമ്പും റിപ്പോർട്ട് ചെയ്തിരുന്നു. ഏഷ്യവാച്ച് അടക്കമുള്ള വിവിധ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ആയിരത്തിലധികം പേരെ ഇങ്ങനെ മതം മാറ്റിയിട്ടുണ്ട്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽതന്നെ വികാരം ശക്തമായതോടെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇത്തരം പ്രവർത്തികൾക്കെതിരെ കർശനമായ നടപടികൾ പ്രഖ്യാപിച്ചിരുന്നു. മതത്തെ നിർബന്ധപൂർവ്വം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ ആർക്കും അധികാരമില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞ വർഷം പ്രഖ്യപിച്ചിരുന്നു.

നിർബന്ധിത മതപരിവർത്തനം, മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുക തുടങ്ങിയവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഷെരീഫ്, ഹോളി ആഘോഷത്തെ തുടർന്ന് പാക്കിസ്ഥാനിലെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു. പുതിയ പ്രധാന മന്ത്രി ഇംറാൻ ഖാനും മറ്റ് മതസ്ഥരെ ഉപദ്രവിച്ചാൽ കർശന നടപടി പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഒരു മതാധിഷ്ഠിതമായ രാജ്യത്ത് ഇത് എത്ര കണ്ട് പ്രാവർത്തികമാവുമെന്ന് അറിയണം. പക്ഷേ മതവെറിയില്ലാത്ത ഒരു ആധുനിക പാക്കിസ്ഥാൻ തന്നെയാണ് ഇമ്രാൻ ലക്ഷ്യമിടുന്നതെന്ന് ഈ സംഭവത്തിലൂടെയും വ്യക്തമാവുകയാണ്.

വിവാദമായി മറിയ കേസ്

2017ൽ ഇസ്ലാമിലേക്ക് മതം മാറി മറിയായ ഒരു ഹിന്ദു യുവതിയുടെ റിപ്പോർട്ട് പുറത്തുവന്നപ്പോഴും പാക്കിസ്ഥാനിലെ മത പരിവർത്തനങ്ങൾ വിവാദമായിരുന്നു. ആരോഷി എന്ന ഹിന്ദു യുവതിയാണ് മറിയ എന്ന പേരിൽ ഇസ്ലാം മതം സ്വീകരിച്ചത്. ഈ യുവതിക്ക് മുസ്ലീമായ തന്റെ ഭർത്താവിന്റെ കുടെ ജീവിക്കാൻ പാക്കിസ്ഥാൻ കോടതി അനുമതി നൽകി. പുതിയ വിശ്വാസത്തിലാണ് താൽപര്യമെന്നും മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും യുവതി കോടതിയിൽ പറഞ്ഞു. തന്റെ മതപരിവർത്തനം തികച്ചും വ്യക്തിപരവും, ദൃഢവുമാണെന്ന് തെളിയിക്കാൻ മറിയ കോടതിയിൽ ഇസ്ലാം പാർത്ഥനകൾ ചൊല്ലി കേൾപ്പിച്ചു. തന്റെ ഭർത്താവ് ബിലാവൽ അലി ഭൂട്ടോയുമൊത്ത് താമസിക്കുവാനും, സ്വാതന്ത്രമായി ജീവിക്കാനും സംരക്ഷണം തരണമെന്ന് യുവതി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

കേസ് വാദം കേട്ടതിനുശേഷം ഇരുവർക്കും സുരക്ഷ നൽകണമെന്ന് ഹൈക്കോടതി ജസ്റ്റിസ് ഷൗക്കത്ത് അസീസ് സിദ്ദീഖി പൊലീസിനെ അറിയിച്ചു. മുസ്ലിമിലേക്ക് മതം മാറുന്നതിന് മുൻപ് യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മാതാപിതാക്കളുമായി സംസാരിക്കാൻ കോടതി പറഞ്ഞപ്പോൾ യുവതി ആദ്യം നിരസിച്ചു എന്നാൽ കോടതിയുടെ നിർബന്ധ പ്രകാരം ജഡ്ജിയുടെ പേഴ്‌സണൽ സെക്രട്ടറിയുടെ ഓഫീസിൽ 40 മിനിറ്റ് സംസാരിക്കാൻ മറിയ തയ്യാറായി. തന്റെ മകളെ തനിക്ക് തിരിച്ച് തരണമെന്നും, ചിലപ്പോൾ കുറച്ചു കാലത്തിന് ശേഷം ബിലാവൽ അലി ഭൂട്ടോ മകളെ ഉപേക്ഷിക്കാൻ തയ്യാറാകുമെന്നും മറിയയുടെ അമ്മ കോടതിയിൽ പറഞ്ഞു. ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു എന്ന കാരണത്താൽ മറിയയെ മാതാപിതാക്കൾക്ക് കൈമാറാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിർബന്ധിച്ച് മറിയയെ കൊണ്ടുപോയാൽ അത് യുവതിയുടെ സുരക്ഷയെ ബാധിക്കുമെന്നും കോടതി അറിയിച്ചു. ഇരുവർക്കും ഇസ്ലാമാബാദിൽ ജീവിക്കാമെന്നും , അവിടുത്തെ ലോക്കൽ പൊലീസ് ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

പക്ഷേ ആരോഷിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയാണ് ഉണ്ടായതെന്നും ഗത്യന്തരമില്ലാതെയാണ് ഇവർ മുസ്ലിം വരനെ സ്വീകരിച്ചതെന്നുമായിരുന്നു അവിടുത്തെ ഹിന്ദു സമുഹത്തിന്റെ ആരോപണം. ബിബിസി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളും ഇതേ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടിയത്. പക്ഷേ ഇതൊന്നും കോടതിയിൽ വിലപ്പോയില്ല. ഇവർ പ്രേമത്തിൽ ആയിരുന്നെന്നാണ് പാക്ക് മാധ്യമങ്ങൾ പറഞ്ഞരുന്നത്.

സിഖുകാരെയും ക്രിസ്ത്യാനികളെയും മതം മാറ്റുന്നു

പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളും സിഖുകാരും സമാനമായ അവസ്ഥ നേരിടുകയാണ്. അമേരിക്കയുടെ അടക്കമുള്ള ഇടപെടലുകൾ കൊണ്ട് ക്രിസ്ത്യൻ സമൂഹത്തിനുനേർക്കുള്ള പീഡനം ഇപ്പോൾ അൽപ്പം കുറഞ്ഞിട്ടുണ്ട് എന്നു മാത്രം. മതം മാറിയില്ലെങ്കിൽ സാമൂഹികമായി ഒറ്റപ്പെടുത്തുക തൊട്ട്, കായികമായി ആക്രമിക്കുകവരെ പലയിടത്തും പതിവാണ്. സിഖ് സമൂദായത്തിനും ഇതേ പരാതിയുണ്ട്.

പാക്കിസ്ഥാനിൽ സിഖ് മതസ്ഥരെ ഇസ്ലാമിലേക്ക് മാറ്റാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്രം ഇടപെണമെന്ന് കഴിഞ്ഞ വർഷം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആവശ്യപ്പെട്ടിരുന്നു. നിർബന്ധിത മതം മാറ്റത്തിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിങ് ട്വീറ്റ് ചെയ്തു. സിഖ് വിഭാഗക്കാർ മതംമാറ്റത്തിന് ഇരകളാകുന്നത് അംഗീകരിക്കാനാകില്ല. സിഖുകാരെ സംരക്ഷിക്കേണ്ടതുണ്ട്. വിദേശകാര്യമന്ത്രാലയം ഇത് പാക്കിസ്ഥാന്റെ ശ്രദ്ധയിൽ കൊണ്ടുവരണം; അമരീന്ദർ സിങ് ട്വിറ്ററിൽ കുറിച്ചു. ഇവിടെയും തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചശേഷമാണ് മതം മാറ്റുന്നത്.

ന്യൂനപക്ഷങ്ങൾക്ക് ഭീഷണിയായി മതനിന്ദാകുറ്റവും

ജനസംഖ്യയിൽ 97 ശതമാനവും മുസ്ലിം മതവിഭാഗത്തിൽ പെട്ടവർ ഉള്ള പാക്കിസ്ഥാനിൽ വധശിക്ഷ വരെ അർഹിക്കുന്ന കുറ്റമാണ് മതനിന്ദ. ഹിന്ദുക്കളും ക്രിസ്ത്യനികളും അടക്കമുള്ളവർ ന്യൂനപക്ഷങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയാണ് ഈ നിയമം. ഇസ്ലമിനെയോ പ്രവാചകന്മാരേയോ മതസംഘടനയോ നിന്ദിക്കുന്നതും അപകീർത്തികരമായി സംസാരിക്കുന്നതും മതനിന്ദയിൽ പെടും. 1967 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ 1300 പേരെ മതനിന്ദാ കുറ്റം ചാർത്തി ജയിലിൽ അടച്ചിട്ടുണ്ട്. മതനിന്ദാ കുറ്റം ചുമത്തി പിടിക്കപ്പെട്ടിട്ടുള്ളവരിൽ 60ലധികം പേർ തങ്ങളുടെ കേസ് വിചാരണയ്ക്കു മുമ്പ് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, മതനിന്ദാ നിയമത്തിന് എതിരു നിന്നിട്ടുള്ള പലരേയും തീവ്രമത സംഘടനകൾ കൊലപ്പെടുത്തിയിട്ടുമുണ്ട്. 1990-നു ശേഷം 62 പേരോളം മതനിന്ദാ നടത്തിയതിനെ തുടർന്ന് വധിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏറ്റവും ഒടുവിലായി ആസിയാബീവിക്കേസും പാക്കിസ്ഥാനെ പിടിച്ചുകുലുക്കി. മതനിന്ദാ നിയമം അനുസരിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ യുവതിയുടെ വധശിക്ഷ സുപ്രീം കോടതി മതിയായ തെളിവുകളുടെ അഭാവത്തിൽ ഒക്ടോബർ 31ന് റദ്ദാക്കുകയായിരുന്നു. ആസിയയെ കുറ്റവിമുക്തയായി പ്രഖ്യാപിച്ചുവെങ്കിലും ജയിൽ വിമോചിതയാവാൻ വീണ്ടും ഒരാഴ്ച കൂടി വേണ്ടി വന്നു. മുൾട്ടാനിലെ ജയലിൽ നിന്നും മോചിതയായ ആസിയയെ വൻ സുരക്ഷാ അകമ്പടിയോടെയാണ് വിമാനത്തിൽ ഇസ്ലാമാബാദിലെത്തിച്ചത്. എന്നാൽ ആസിയയെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്നു പോലും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കോടതി വിധി അംഗീകരിക്കില്ലെന്നും ആസിയയെ കൊലക്ക് കൊടുക്കണമെന്നും ആവശ്യപ്പെട്ട് പതിനായിരങ്ങളാണ് തെരുവിൽ ഇറങ്ങിയത്.

2009 ൽ അയൽവാസികൾ തമ്മിലുണ്ടായ വഴക്കിനിടെയാണു 47കാരിയായ ആസിയയ്ക്കെതിരെ പ്രവാചക നിന്ദ ആരോപിക്കപ്പെട്ടത്. പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ കോടതി ആസിയയെ ജയിലിലടച്ചത്. താൻ നിരപരാധിയാണെന്ന് ആസിയ വാദിച്ചെങ്കിലും 2010 ൽ കീഴ്കോടതി വധശിക്ഷയ്ക്കു വിധിച്ചു. മതനിന്ദാ കേസ് സംബന്ധിച്ച് അന്താരാഷ്ട്രതലത്തിൽ ഏറ്റവും ശ്രദ്ധപിടിച്ചു പറ്റിയ കേസാണ് ആസിയായുടേത്. ആസിയയുടെ കാര്യത്തിൽ പാക്കിസ്ഥാൻ കോടതി അനുഭാവപൂർവ സമീപനം സ്വീകരിക്കണമെന്നും വിവിധ മനുഷ്യാവകാശ സംഘടനകളും വിദേശ സർക്കാരുകളും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ മതനിന്ദാ നിയമത്തിന് എതിരു നിൽക്കുന്നവർക്ക് ജീവൻ തന്നെ ത്യജിക്കേണ്ടി വരുമെന്നതിന്റെ ഉത്തമഉദാഹരണമാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗവർണർ സൽമാൻ തസീറിന്റെ മരണം. ആസിയബീബി കുറ്റക്കാരിയെന്നു കോടതി വിധിച്ച ശേഷം ഇവരുമായി ചർച്ച നടത്തിയ സൽമാൻ തസീർ മതനിന്ദാ നിയമത്തെ വിമർശിച്ചിരുന്നു. 2011 ജനുവരി നാലിന് സ്വന്തം അംഗരക്ഷകാൽ തസീർ വധിക്കപ്പെടുകയായിരുന്നു. തസീറിന്റെ അംഗരക്ഷകനായിരുന്ന മാലിക മുംതാസ് ക്വധേരി യന്ത്രത്തോക്ക് ഉപയോഗിച്ച് ഇദ്ദേഹത്തെ വകവരുത്തി.മതനിന്ദയുടെ പേരിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ജീവൻ നൽകേണ്ടി വുന്ന ഒട്ടേറെ ക്രൈസ്തവരും ഹിന്ദുക്കളും ഉണ്ട്. ഖുറാൻ അശുദ്ധമാക്കിയെന്ന് ആരോപിച്ച് 2014-ൽ ഒരു ക്രൈസ്തവ ദമ്പതികളെ മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ഇവരുടെ ശരീരം പിന്നീട് ഇഷ്ടികച്ചൂളയിലിട്ട് കത്തിക്കുകയായിരുന്നു. വാട്സ് ആപ്പിലൂടെ മതനിന്ദാ പരമായ സന്ദേശങ്ങൾ ഷെയർ ചെയ്തതിന് കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ക്രിസ്ത്യൻ യുവാവിനെ തൂക്കിക്കൊന്നു.

പാക്കിസ്ഥാനിൽ നിലനിൽക്കുന്ന മതനിന്ദാ നിയമം ഒട്ടേറെ വിമർശനങ്ങളാണ് നേരിടുന്നത്. 1980-കളിൽ ജനറൽ സിയാ ഉൾ ഹക്കിന്റെ ഭരണകാലത്താണ് മതനിന്ദാ നിയമം കടുപ്പമുള്ളതാക്കിയത്. രാജ്യത്തുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളേയും മറ്റും ക്രൂശിക്കാനും ചെറിയ തർക്കങ്ങൾക്കും വ്യക്തിവൈരാഗ്യങ്ങൾക്കും ഇതു ദുരുപയോഗപ്പെടുത്തുന്നുണ്ട് എന്ന് പരക്കെ ആക്ഷേപുണ്ട്. നിയമത്തിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തണമെന്ന ആവശ്യവും ഏറെ നാളായി നിലനിൽക്കുന്നുണ്ടെങ്കിലും നിയമഭേദഗതിക്ക് ഇസ്ലാമിക പാർട്ടികളിൽ നിന്നും ശക്തമായ എതിർപ്പാണ് നേരിടേണ്ടി വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP