Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

ലോകത്തിലെ ഏറ്റവും വിലകൂടിയ സമുദ്രഭാഗം; അന്താരാഷ്ട്ര വാണിജ്യത്തിൽ പത്തിലൊന്ന് നടക്കുന്നത് ഇതിലൂടെ; രാജ്യങ്ങൾക്കിടയിലെ ശക്തിപരീക്ഷണത്തിനും യുദ്ധത്തിനും വരെ കാരണമായ കപ്പൽ ചാനൽ; ഈജിപ്തിലെ ഫറവോന്റെയും നെപ്പോളിയൻ ബോണപ്പാർട്ടിന്റെയും സാക്ഷാത്ക്കരിക്കാതെ പോയ സ്വപ്നം; എവർഗ്രീൻ വഴിമുടക്കിയ സൂയസ് കനാലിന്റെ ചരിത്രം

ലോകത്തിലെ ഏറ്റവും വിലകൂടിയ സമുദ്രഭാഗം; അന്താരാഷ്ട്ര വാണിജ്യത്തിൽ പത്തിലൊന്ന് നടക്കുന്നത് ഇതിലൂടെ; രാജ്യങ്ങൾക്കിടയിലെ ശക്തിപരീക്ഷണത്തിനും യുദ്ധത്തിനും വരെ കാരണമായ കപ്പൽ ചാനൽ; ഈജിപ്തിലെ ഫറവോന്റെയും നെപ്പോളിയൻ ബോണപ്പാർട്ടിന്റെയും സാക്ഷാത്ക്കരിക്കാതെ പോയ സ്വപ്നം; എവർഗ്രീൻ വഴിമുടക്കിയ സൂയസ് കനാലിന്റെ ചരിത്രം

രവികുമാർ അമ്പാടി

തീവ പ്രാധാന്യമുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളും, തീവ്രവാദി ആക്രമങ്ങളും ഒക്കെ നടക്കുന്ന സമയത്തും ഒരു കപ്പൽ ഇന്ന് മാധ്യമങ്ങളുടെ തലക്കെട്ടിൽ സ്ഥാനം പിടിക്കുകയാണ്. എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ ഉയരത്തിന്റെ അത്ര നീളമുള്ള, 2.24 ലക്ഷം ടൺ ഉൾക്കൊള്ളുന്ന എവർ ഗ്രീൻ എന്ന കപ്പൽ വാർത്തകളിൽ ഇടം പിടിക്കുന്നത് അതിന്റെ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടല്ല, മറിച്ച് അത് ലോക സമ്പദ്ഘടനയ്ക്ക് ഉയർത്തിയ വെല്ലുവിളികൾ കാരണമാണ്. കൊടുങ്കാറ്റും പൊടിക്കാറ്റും ഒന്നിച്ച് ആഞ്ഞടിച്ചപ്പോൾ വഴിതെറ്റി സൂയസ് കനാലിനു കുറുകെ മണ്ണിലുറച്ചുപോയ കപ്പൽ വാർത്തകളിൽ നിറയുവാൻ കാരണം അത് ഉറച്ചുപോയതും അതുവഴി ഗതാഗത തടസ്സം ഉണ്ടായതും സൂയസ് കനാലിലാണ് എന്നതിനാലാണ്.

1869-ൽ പണിപൂർത്തിയായതിനു ശേഷം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലഗതാഗത പാതയായി സൂയസ് കനാൽ മാറി. ഭൂമിയുടെ പശ്ചിമ-പൂർവ്വാർദ്ധ ഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ കനാൽ പലകാലത്തും പല രാജ്യങ്ങളുടെയും ഉടമസ്ഥതയിൽ ഇരുന്നിട്ടുണ്ട്. യുദ്ധഭീഷണിക്ക് വരെ കാരണമായ ഈ ജലപാത ഇന്ന് അന്താരാഷ്ട്ര വ്യാപാരത്തിന്റെ നട്ടെല്ലാണ്.

സൂയസ് കനാലിന്റെ പ്രാധാന്യം

ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് സൂയസ് കനാലിന്റെ ഏറ്റവും വലിയ പ്രാധാന്യം. അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം തുടങ്ങിയ ഏഷ്യയിലെ പ്രമുഖ സമുദ്രങ്ങളെ യൂറോപ്യൻ സമുദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ ജലപാതയാണ് യൂറോപ്പും ഏഷ്യാ-പസഫിക് രാജ്യങ്ങളുമായുള്ള വ്യാപാരത്തിലെ പ്രധാന കണ്ണി. സൂയസ് കനാൽ ഇല്ലായിരുന്നെങ്കിൽ ഏഷ്യയ്ക്കും യൂറോപ്പിനും മദ്ധ്യേയുള്ള യാത്ര ആഫ്രിക്കൻ ഭൂഖണ്ഡത്തെ വലംചുറ്റിവേണമായിരുന്നു. ഇന്ധന ചെലവ് മാത്രമല്ല, സമയവും പലമടങ്ങ് വർദ്ധിക്കുമായിരുന്നു.

ഉദാഹരണത്തിന് ഇറ്റലിയിലെ ഒരു തുറമുഖത്തിൽ നിന്നും ഇന്ത്യയിലേക്ക് ഒരു കപ്പൽ യാത്രതിരിക്കുന്നു എന്ന് സങ്കൽപിക്കുക. 20 നോട്ട് വേഗതയിൽ സഞ്ചരിക്കുന്ന കപ്പൽ സൂയസ് കനാൽ വഴി യാത്രചെയ്യുമ്പോൾ അത് ഒമ്പതാം ദിവസം ഇന്ത്യയിൽ എത്തിച്ചേരും. ആകെ സഞ്ചരിക്കുന്ന ദൂരം 4,400 നോട്ടിക്കൽ മൈലുകൾ. എന്നാൽ, ഇതേ കപ്പലിന് ഇന്ത്യയിലേക്കുള്ള മറ്റൊരു വഴി ആഫ്രിക്കൻ ഭൂക്ഷണ്ഡത്തെ ചുറ്റി, കേപ്പ് ഓഫ് ഗുഡ്ഹോപ് മുനമ്പ് വഴിയാണ്. ഇതേ വേഗതയിൽ സഞ്ചരിച്ചാൽ, 10.500 നോട്ടിക്കൽ മൈൽ താണ്ടി ഇന്ത്യയിൽ എത്തുവാൻ മൂന്നാഴ്‌ച്ച എടുക്കും. ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ സൂയസ് കനാലിന്റെ പ്രാധാന്യം.

മാത്രമല്ല, ഈ ഒരു പ്രദേശമല്ലാതെ യൂറോപ്പിനും ഏഷ്യാ-പസഫിക് മേഖലയ്ക്കും ഇടയിൽ ഒരു കൃത്രിമ ജലപാത നിർമ്മിക്കാൻ, ഇതിലും വീതികുറഞ്ഞ ഒരു ഭൂപ്രദേശം വേറെ ഇല്ലതാനും. ഷിപ്പിങ് ഇൻഡസ്ട്രി ജേർണലായ ലോയ്ഡ്സിന്റെ കണക്കുപ്രകാരം പ്രതിവർഷം 19,000 കപ്പലുകളാണ് സൂയസ് കനാൽ വഴി കടന്നുപോകുന്നത്. ഇതിലൂടെ നടക്കുന്ന വാണിജ്യം, ലോകത്തിലെ മൊത്തം അന്താരാഷ്ട വാണിജ്യത്തിന്റെ പത്തിലൊന്നു വരും. അതായത്, സൂയസ് കനാൽ അടഞ്ഞുകിടന്നാൽ, ലോകവിപണിയിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നർത്ഥം.

കൃസ്തുവിനു മുൻപേ മനുഷ്യഹൃദയത്തിൽ കുടിയേറിയ സ്വപ്നം

ആധുനിക സൂയസ് കനാൽ യാഥാർത്ഥ്യമായിട്ട് ഒന്നര നൂറ്റാണ്ടിലേറെ മാത്രമേ ആയിട്ടുള്ളു എങ്കിലും, ഈ സ്വപനം മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു. കൃസ്തുവിന് മുൻപ് ബി. സി 1850-ൽ ഈജിപ്ത് ഭരിച്ചിരുന്ന ഫറവോൻ സെനുർസെറ്റ് മൂന്നാമനായിരുന്നു ഇത്തരമൊരു കനാലിനെ കുറിച്ച് ആദ്യം ആലോചിച്ചത്. നിലവിലുള്ളതിൽ നിന്നും അല്പം വ്യത്യസ്തമായി ചെങ്കടലിൽ നിന്നും നൈൽ നദിയിലേക്കായിരുന്നു ഫറവോൻ ഉദ്ദേശിച്ച കനാൽ.

അദ്ദേഹത്തിന്റെ പിൻഗാമിയായ ഫറവോൻ നെക്കോ രണ്ടാമനും പിന്നീട് പേഴ്സ്യൻ ചക്രവർത്തി ഡാരിയസും ഇതിന്റെ പണിയുമായി മുന്നോട്ട് പോയെങ്കിലും പൂർത്തിയാക്കാൻ ആയില്ല. ആ കണക്കുകൂട്ടലുകൾ യാഥാർത്ഥ്യമാകുകയായിരുന്നെങ്കിൽ ബി സി മൂന്നാം നൂറ്റാണ്ടിൽ ഈ കനാലിന്റെ പണി പൂർത്തിയാകുമായിരുന്നു. ക്ലിയോപാട്ര ഉൾപ്പടെ പല പ്രമുഖ വ്യക്തികളും ഇതിലൂടെ സഞ്ചരിക്കുമായിരുന്നു. മനുഷ്യരാശിയുടെ, നടക്കാതെപോയ ഒരുപാട് സ്വപ്നങ്ങളുടെ കൂട്ടത്തിൽ ഒന്നായി, ക്രമേണ ഈ പദ്ധതി വിസ്മൃതിയിലാണ്ടു.

നെപ്പോളിയൻ ബോണപ്പാർട്ടിന്റെ രംഗപ്രവേശം

ലോകം കീഴടക്കാൻ ഇറങ്ങിത്തിരിച്ച ഫ്രഞ്ച് പടനായകൻ നെപ്പോളിയൻ ബോണപ്പാർട്ട് 1798-ലാണ് ഈജിപ്ത് കീഴടക്കുന്നത്. ഈജിപ്തിന്റെ അധികാരം കൈയടക്കിയ നെപ്പോളിയന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു കൃത്രിമ ജലപാത. തന്റെ ആഗ്രഹ സഫലീകരണത്തിന് അദ്ദേഹം ആത്മാർത്ഥമായി ശ്രമിച്ചു. സൂയസ് മുനമ്പ് തകർത്ത് കനാൽ പണിയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആദ്യപടിയായി ഇതിന്റെ സാധ്യതകളറിയുവാൻ സർവേ നടത്തുകയായിരുന്നു അദ്ദേഹം ആദ്യം ചെയ്തത്. അതിനായി അദ്ദേഹം വിദഗ്ദരായ സർവ്വേയർമാരെ അയയ്ക്കുകയും ചെയ്തു.

ഈ ഭാഗങ്ങളിലെല്ലാം വിശദാമായ സർവ്വേ നടത്തിയ സർവ്വേയർമാർ പക്ഷെ നെപ്പോളിയന് സമർപ്പിച്ച റിപ്പോർട്ട് സൂയസ് കനാൽ പ്രായോഗികമല്ല എന്നതായിരുന്നു. അതിന് അവർ കാരണമായി പറഞ്ഞത് ചെങ്കടൽ, മെഡിറ്ററേനിയൻ സമുദ്രത്തേക്കൾ 30 അടിയോളം ഉയരത്തിലാണെന്നതായിരുന്നു. ഇത്തരത്തിൽ ഇരു സമുദ്രങ്ങളേയും ബന്ധിപ്പിച്ച് ഒരു കൃത്രിമ ജലപാത നിർമ്മിച്ചാൽ, ചെങ്കടലിൽ നിന്നും ഇരച്ചുകയറുന്ന ജലം നൈൽ നദീതടങ്ങളെ വെള്ളത്തിൽ മുക്കും എന്നതായിരുന്നു കനാൽ നിർമ്മിക്കാതിരിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതോടെ നെപ്പോളിയൻ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. വളരെ കാലത്തിനുശേഷം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഇരു കടലുകളും തമ്മിൽ ഉയരത്തിൽ വലിയ വ്യത്യാസമില്ലെന്ന് കണ്ടെത്തിയിരുന്നു.

കനാൽ നിർമ്മാണത്തിനിറങ്ങി ഫ്രാൻസും എതിർത്ത് ബ്രിട്ടനും

ഏറെക്കാലം പൊടിമൂടിക്കിടന്ന സൂയസ് കനാൽ എന്ന സ്വപ്നം പിന്നീട് ഉയർന്നു വരുന്നത് 1854-ലാണ്. ഫ്രഞ്ച് നയതന്ത്രജ്ഞനായ ഫെർഡിനാന്റ് ഡി ലെസ്പെസ് ഇക്കര്യം ഈജിപ്ഷ്യൻ വൈസ്രോയിയുമായി സംസാരിച്ച് സൂയസ് കനാൽ കമ്പനി എന്നൊരു കമ്പനിക്ക് രൂപം നൽകി. ലെസ്പെസിന്റെ ഈ നിർദ്ദേശത്തിന് അന്നത്തെ ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ മൂന്നാമന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. അതുകോണ്ടുതന്നെ ഈ പദ്ധതിയെ ബ്രിട്ടീഷുകാർ ആശങ്കയോടെയാണ് കണ്ടിരുന്നത്.

ആഗോളതലത്തിലെ നാവികമേഖലയിൽ ബ്രിട്ടനുള്ള അപ്രമാദിത്യം ചൊദ്യം ചെയ്യപ്പെട്ടേക്കുമെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ ഭയന്നു. ഇത്തരത്തിൽ ഒരു കനാൽ നിർമ്മിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ഈജിപ്തിലെ അന്നത്തെ ബ്രിട്ടീഷ് അമ്പാസിഡർ മുന്നറിയിപ്പ് നൽകുക പോലും ചെയ്തു. മാത്രമല്ല, പിന്നീട് കനാൽ കമ്പനി അതിന്റെ ഓഹരികൾ വിറ്റഴിക്കാനായി പരസ്യം നൽകിയപ്പോൾ ബ്രിട്ടീഷ് പത്രങ്ങൾ അതിനെ വിശേഷിപ്പിച്ചത് പണം തട്ടാനുള്ള ഒരു ഏർപ്പാട് എന്നായിരുന്നു.

കനാലുമായി ബന്ധപ്പെട്ട വിഷയത്തിൽ ലെസ്പെസും അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി പാമെർസ്റ്റൺ പ്രഭുവും തമ്മിൽ നിരവധി തവണ വാഗ്വാദങ്ങൾ ഉണ്ടായി. പാർലമെന്റിൽ ഈ പദ്ധതിയെ അപലപിച്ച റെയിൽവേ എഞ്ചിനീയർറോബർട്ട് സ്റ്റെഫെൻസണെ ലെസ്പെസ് പരസ്യമായി വെല്ലുവിളിക്കുക വരെ ഉണ്ടായി. സൂയസ് കനാലിന്റെ നിദാന്ത വിമർശകരായ ബ്രിട്ടൻ പക്ഷെ 1875-ൽ സാമ്പത്തിക തകർച്ചയെ തുടർന്ന് ഈജിപ്ത് തങ്ങളുടെ കൈവശമുണ്ടായിരുന്ന സൂയസ് കനാൽ കമ്പനിയുടെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചപ്പോൾ അത് വാങ്ങുകയും ചെയ്തു. അങ്ങനെ സൂയസ് കനാൽ കമ്പനിയിൽ 44 ശതമാനം ഓഹരികൾക്ക് ബ്രിട്ടൻ ഉടമയായി.

അടിമ വേല മുതൽ യന്ത്രങ്ങളുടെ ഉപയോഗം വരെ ദർശിച്ച സൂയസ് കനാൽ നിർമ്മാണം

സൂയസ് കനാൽ നിർമ്മാണത്തിന് ഒട്ടനവധി തൊഴിലാളികളുടെ ആവശ്യമുണ്ടായിരുന്നു. ഈജിപ്തായിരുന്നു ആവശ്യത്തിനുള്ള തൊഴിലാളികളെ നൽകിയിരുന്നത്. പാവപ്പെട്ട ജനങ്ങളെ ഭീഷണിയും അക്രമവും ഉപയോഗിച്ച് കുറഞ്ഞ വേലയ്ക്ക് നിയോഗിച്ചാണ് കനാലിന്റെ പണി ആരംഭിച്ചത്. 1861-ന്റെ അവസാനത്തിൽ ആയിരക്കണക്കിന് കാർഷിക തൊഴിലാളികൾ മൺവെട്ടിയും തൂമ്പയുമൊക്കെ കൊണ്ടാണ് കനാൽ കുഴിച്ചു തുടങ്ങിയത്. അതുകൊണ്ടുതന്നെ പദ്ധതി ഒച്ചിഴയുന്ന വേഗത്തിലായിരുന്നു മുന്നോട്ട് പോയിരുന്നത്.

1863-ൽ അന്നത്തെ ഈജിപ്ഷ്യൻ ഭരണാധികാരിയായ ഇസ്മയിൽ പാഷ നിർബന്ധിത വേല നിരോധിച്ചതോടെ കനാലിന്റെ പണി നിലയ്ക്കുകയും ചെയ്തു. തൊഴിലാളി ദൗർബല്യം നേരിട്ടപ്പോൾ ലെസെപ്സും സൂയസ് കനാൽ കമ്പനിയും അവരുടെ തന്ത്രങ്ങളിൽ മാറ്റങ്ങൾ വരുത്തി. ആവികൊണ്ടും കൽക്കരികൊണ്ടും പ്രവർത്തിക്കുന്ന ഷവലുകൾ, ഡ്രെഡ്ജറുകൾ എന്നിവ ഉപയോഗിച്ച് കനാൽ കുഴിക്കുവാൻ ആരംഭിച്ചു. ഈ പുതിയ സാങ്കേതിക വിദ്യയുടെ പ്രയോഗം പദ്ധതിയുടെ വേഗത കൂട്ടി. 75 മില്ല്യൺ ക്യൂബിക് മീറ്റർ മണ്ണാണ് ഈ കനാൽ നിർമ്മിക്കുന്നതിനായി കുഴിച്ചെടുത്തത്. ഇതിൽ മുക്കാൽ പങ്കും യന്ത്രങ്ങൾ ഉപയോഗിച്ചാണ് ചെയ്തത്.

യുദ്ധങ്ങൾക്ക് കളമൊരുക്കിയ സൂയസ് കനാൽ

ഇരുപതാം നൂറ്റാണ്ട് കണ്ട പല പ്രധാന യുദ്ധങ്ങളിലും സൂയസ് കനാലിനും ഒരു പങ്കുണ്ടായിരുന്നു. ഈ ജലപാതയുടെ പ്രാധാന്യം മനസ്സിലാക്കിയ സൈനിക ശക്തികൾ ഈ കനാലിൽ പരമാധികാരം സ്ഥാപിക്കുവാൻ എന്നും ശ്രമിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് ടർക്കിയുടെ നേതൃത്വത്തിൽ ഈ കനാൽ പിടിച്ചെടുക്കുവാൻ ഇതിന്റെ കിഴക്ക് ഭാഗത്തുനിന്നും ഒരു സൈനിക മുന്നേറ്റം നടത്തുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ കനാലിന്റെ പടിഞ്ഞാറുഭാഗത്തു നിന്നാണ് ആക്രമണം നടത്തിയത്. എന്നാൽ, അതിനോടകം ബ്രിട്ടന്റെ പൂർണ്ണ അധീനതയിലായി കഴിഞ്ഞ കനാൽ, ബ്രിട്ടന്റെ കൈയിൽ തന്നെ തുടർന്നു.

പിന്നീട് 1956-ലാണ് സൂയസ് കനാൽ വീണ്ടും ഒരു യുദ്ധകേന്ദ്രമാകുന്നത്. 1922-ൽ ഈജിപ്ത് സ്വതന്ത്രമായിട്ടും സൂയസ് കനാൽ ബ്രിട്ടന്റെ അധീനതയിൽ തുടർന്നു. ഈജിപ്തിൽ ഇതിനെതിരെ കടുത്ത എതിർപ്പ് ഉയരുന്നുണ്ടായിരുന്നു. മെല്ലെമെല്ലെ നീറിപ്പുകഞ്ഞ എതിർപ്പ് ഒരു വൻ പ്രതിഷേധമായി മാറിയതോടെ അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡണ്ട് ഗമാൽ അബ്ദുൽ നാസ്സർ സൂയസ് കനാലിനെ ദേശസാത്ക്കരിച്ചു. 1956 ലായിരുന്നു ഇത് നടന്നത്.

ഇതോടെ ബ്രിട്ടൻ, ഫ്രാൻസ്, ഇസ്രയേൽ എന്നീ രാജ്യങ്ങൾ സംഘടിച്ച് ഈജിപ്തിനെതിരെ യുദ്ധത്തിനിറങ്ങി. സൂയസ് കനാൽ വഴി പോകുന്ന കപ്പലുകളിൽ നിന്നും ചുങ്കം പിരിച്ച് നൈൽ നദിക്കു കുറുകെ ഒരു അണക്കെട്ട് പണിയുക എന്നതായിരുന്നു നാസ്സറിന്റെ ഉദ്ദേശം. ചെറിയൊരു കാലം മാത്രം നീണ്ടുനിന്ന യുദ്ധത്തിൽ യൂറോപ്യൻ ശക്തികൾ കനാൽ പിടിച്ചെടുക്കുന്നതിന്റെ അടുത്തുവരെ എത്തിയതാണ്. പക്ഷെ അന്നത്തെ ലോക ശക്തികളായ അമേരിക്കയും സോവിയറ്റ് യൂണിയനും ഒരുമിച്ച് ഇതിനെ എതിർത്തതിനെ തുടർന്ന് അവർ പിന്മാറുകയായിരുന്നു. തുടർന്ന് അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ആന്റണി ഈഡന് രാജിവച്ച് ഒഴിയേണ്ടതായും വന്നു. അന്നു മുതല്ക്ക് സൂയസ് കനാൽ ഈജിപ്തിന്റെ അധികാര പരിധിയിലായി.

എട്ടുവർഷത്തോളം ലക്ഷ്യമില്ലാതെ സൂയസ് കനാലിൽ ഒഴുകി നടന്നത് 15 കപ്പലുകൾ

1967-ലെ ഇസ്രയേൽ - ഈജിപ്ത് യുദ്ധത്തിനിടയിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. മൈനുകളും, തകർന്ന കപ്പലുകളുമൊക്കെ ഉപയോഗിച്ച് ഈജിപ്ഷ്യൻ സർക്കാർ കനാൽ രണ്ടു ഭാഗത്തുനിന്നും അടച്ചുപൂട്ടുകയായിരുന്നു.ആ സമയത്ത് 15 അന്താരാഷ്ട്ര കപ്പലുകൾ സൂയസ് കനാലിലൂടെ ഒഴുകുകയായിരുന്നു. കനാലിന്റെ കേന്ദ്രഭാഗമായ ഗ്രെയ്റ്റ് ബിറ്റർ താടകത്തിലായിരുന്നു അപ്പോൾ അവയിൽ മിക്ക കപ്പലുകളും. പിന്നീട് 1975-ൽ കനാൽ തുറന്നുകൊടുക്കുന്നതുവരെ എട്ടു വർഷമാണ് അവ കനാലിൽ ലക്ഷ്യമില്ലാതെ ഒഴുകിനടന്നത്.

കപ്പലുകളെ പൊതിഞ്ഞ മരുഭൂമിയിലെ മണലിന്റെ നിറവുമായി ബന്ധപ്പെട്ട് മഞ്ഞ കപ്പൽക്കൂട്ടം അഥവാ യെല്ലോ ഫ്ളീറ്റ് എന്ന ഓമനപ്പെരും ഈ പതിനഞ്ച് കപ്പലുകളുടെ കൂട്ടത്തിനു ലഭിച്ചു. ഇതിൽ ചില കപ്പലിലെ ജീവനക്കാർ, ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നെങ്കിലും മിക്ക കപ്പലുകളിലേയും ജീവനക്കാർ അതാത് കപ്പലുകളിൽ തന്നെ തുടരുകയായിരുന്നു. അവർ തങ്ങളുടേതായ സാമൂഹ്യ സാംസ്‌കാരിക കലാ കായിക വിനോദ പരിപാടികൾ സംഘടിപ്പിച്ച്, ഒഴുകിനടക്കുന്ന ഒരു സമൂഹം തന്നെ സൃഷ്ടിച്ചു.

അതുമാത്രമല്ല, അവർ തങ്ങളുടെതായ തപാൽ സ്റ്റാമ്പിറക്കുകയും ഒരു അഭ്യന്തര വ്യാപാര വാണിജ്യ സമ്പ്രദായത്തിന് രൂപം നൽകുകയും ചെയ്തു. പിന്നീട് 1975-ൽ കനാൽ തുറന്ന് ഇവരെ പോകാൻ അനുവദിച്ചപ്പോൾ 15 കപ്പലുകളിൽ പൂർണ്ണമായും ഉപയോഗയോഗ്യമായി രണ്ടു കപ്പലുകൾ മാത്രമാണ് അവശേഷിച്ചിരുന്നത്.

സ്റ്റാച്യു ഓഫ് ലിബർട്ടി യഥാർത്ഥത്തിൽ നിർമ്മിച്ചത് സൂയസ് കനാലിന്റെ കരയിൽ സ്ഥാപിക്കാൻ

1869-ൽ സൂയസ് കനാലിന്റെ പണി പൂർത്തിയാകാറായപ്പോൾ ഫ്രഞ്ച് ശില്പിയായ ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡി അതിന്റെ കരയിൽ ഒരു ശില്പം സ്ഥാപിക്കുന്നതിനെ കുറിച്ച് ലെസെപ്സുമായും ഈജിപ്ഷ്യൻ അധികൃതരുമായും സംസാരിച്ചു. കനാലിന്റെ മെഡിറ്ററേനിയൻ സമുദ്രത്തിന്റെ പ്രവേശന ഭാഗത്ത്, ഏഷ്യയിലേക്ക് പ്രകാശമെത്തിക്കുന്ന ഈജിപ്ത് എന്ന പേരിലൊരു ശില്പം പണിയുവാൻ അദ്ദേഹത്തിന് അനുമതിയും ലഭിച്ചു. ഈജിപ്ഷ്യൻ കർഷകസ്ത്രീയുടെ വേഷഭൂഷാദികൾ അണിഞ്ഞ ഒരു സ്ത്രീയുടെ 90 അടി ഉയരത്തിലുള്ള പ്രതിമയായിരുന്നു ബാർത്തോൾഡി ഉദ്ദേശിച്ചിരുന്നത്.

ആ സ്ത്രീരൂപത്തിന്റെ കൈയിൽ ഒരു ദീപശിഖയും ഉണ്ടായിരുന്നു. ഇത് കനാലിലെത്തുന്ന കപ്പലിലെ നാവികർക്ക് ദിശകാണിക്കാൻ ഉപകരിക്കുന്ന ലൈറ്റ് ഹൗസ് ആക്കി മാറ്റാനും ബർത്തോൾഡി ഉദ്ദേശിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടോ ഈ പദ്ധതി യാഥാർത്ഥ്യമായില്ല. എന്നാൽ തന്റെ സ്വപ്നവുമായി മുന്നോട്ടുപോയ ബാർത്തോൾഡി 1886-ൽ ഇത് ന്യുയോർക്ക് ഹാർബറിൽ ഇത് യാഥാർത്ഥ്യമാക്കി. വിമോചനം ലോകത്തിന് ബോധോദയം ഉണ്ടാക്കുന്നു എന്ന് നാമകരണം ചെയ്ത ഈ പ്രതിമ പിന്നീട് സ്റ്റാച്യു ഓഫ് ലിബർട്ടി എന്ന പേരിൽ പ്രശസ്തമായി.

സൂയസിലെ വിജയം പനാമയിൽ ആവർത്തിക്കാൻ കഴിയാതെ പോയ ലെസെപ്സ്

എല്ലാ വിമർശകരുടെയും ദോഷൈക ദൃക്കുകളുടെയും വായടപ്പിച്ചുകൊണ്ടാണ് ഫെർഡിനാന്റ് ഡി ലെസെപ്സ് സൂയസ് കനാലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത് മദ്ധ്യ അമേരിക്കയിലെ പനാമ മുനമ്പിനെ കീറിമുറിച്ചുകൊണ്ടൊരു ജലപാത നിർമ്മിക്കുന്നതിലായിരുന്നു. 1881-ൽ ഇതിന്റെ പണി ആരംഭിക്കുകയും ചെയ്തു. എന്നാൽ, സൂയസ് കനാലിനേക്കാൾ എളുപ്പത്തിൽ നിർമ്മിക്കുവാനും, പൂർത്തീകരിക്കുവാനും, പരിപാലിക്കുവാനും കഴിയുമെന്ന ലെസെപ്സിന്റെ പ്രവചനത്തിനു വിരുദ്ധമായി ഇത് മഹാദുരന്തത്തിലാണ് കലാശിച്ചത്.

രോഗബാധിതരായും അപകടങ്ങളിൽ പെട്ടും ആയിരക്കണക്കിന് ആളുകളാണ് ഈ പദ്ധതിയുടെ പുരോഗതിക്കിടയിൽ മരണമടഞ്ഞത്. 260 മില്ല്യൺ ഡോളർ ചെലവാക്കിയതിനു ശേഷവും പദ്ധതി എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വന്നു. 1889 ആയപ്പോഴേക്കും കനാൽ കമ്പനിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലായി. നിരവധി അഴിമതി-ഗൂഢാലോചനാ ആരോപണങ്ങൾ കമ്പനിക്ക് നേരെ ഉയർന്നുവന്നു. ലെസെപ്സും, കനാലിന്റെ രൂപരേഖ തയ്യാറാക്കുവാനായി കമ്പനിയിൽ ചേർന്ന ഈഫൽ ടവറിന്റെ ശില്പി ഗുസ്താവ് ഈഫലും ഉൾപ്പടെ കമ്പനിയിലെ പല പ്രമുഖരേയും അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷിച്ചു.

നവീകരണവും പുതിയ കൈവഴിയുടെ നിർമ്മാണവും

കാലം കടന്നുപോയതോടെ കനാൽ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവന്നു. വീതി കുറഞ്ഞ കനാലിൽ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സാധ്യമാകാത്ത സാഹചര്യം ഉണ്ടായി. കനാലിന്റെ അരികുകളിൽ മണ്ണുറഞ്ഞുകൂടി ആഴം കുറഞ്ഞതും ഒരു പ്രശ്നമായി. തുടർന്നാണ് 2014- ൽ കനാലിനു സമാന്തരമായി 22 മൈൽ നീളത്തിൽ പുതിയൊരു കൈവഴി നിർമ്മിക്കുന്ന കാര്യം സൂയസ് കനാൽ അഥോറിറ്റി പ്രഖ്യാപിക്കുന്നത്. 2015 അവസാനമായപ്പോഴേക്കും 22 മൈൽ നീളത്തിൽ പ്രധാന പാതയ്ക്ക് സമാന്തരമായി മറ്റൊരു ജലപാത കൂടി തുറന്നു.

എത്രയൊക്കെ നവീകരിച്ചിട്ടും, പുതിയ സൗകര്യങ്ങൾ ഉണ്ടാക്കിയിട്ടും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നു പറഞ്ഞതുപോലെ ഒരു കൂറ്റൻ കപ്പൽ വഴിതെറ്റി കനാലിലെ ഗതാഗതം തടസ്സപ്പെടുത്തി. കോവിഡ് എന്ന മഹാമാരിയിൽ നിന്നും മുക്തി നേടിവരുന്ന സമയത്ത്, ഉയർന്നെഴുന്നേൽക്കുന്ന ആഗോള സമ്പദ്ഘടനക്ക് ഓർക്കാപ്പുറത്തേറ്റ തിരിച്ചടിയായാണ് സാമ്പത്തിക വിദഗ്ദർ ഈ ഗതാഗത തടസ്സത്തെ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP