Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൽനൂറ്റാണ്ടിലേറെയായുള്ള അഭിഭാഷക ജീവിതം; സിനിമയിൽ എത്തിയത് യാദൃശ്ചികമായി; മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിലെ വിവേചനങ്ങൾക്കെതിരെ പോരാടുന്ന ആക്റ്റിവിസ്റ്റ്; ഇപ്പോൾ സ്വന്തം ഭാര്യയെ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹം കഴിക്കുന്നു; 'ന്നാ താൻ കേസ് കൊട്' ഫെയിം ഷുക്കൂർ വക്കീൽ ചരിത്രം കുറിക്കുമ്പോൾ

കാൽനൂറ്റാണ്ടിലേറെയായുള്ള അഭിഭാഷക ജീവിതം; സിനിമയിൽ എത്തിയത് യാദൃശ്ചികമായി; മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിലെ വിവേചനങ്ങൾക്കെതിരെ പോരാടുന്ന ആക്റ്റിവിസ്റ്റ്; ഇപ്പോൾ സ്വന്തം ഭാര്യയെ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹം കഴിക്കുന്നു; 'ന്നാ താൻ കേസ് കൊട്' ഫെയിം ഷുക്കൂർ വക്കീൽ ചരിത്രം കുറിക്കുമ്പോൾ

എം റിജു

കോഴിക്കോട്: പലതരത്തിലുള്ള പുനർവിവാഹങ്ങളെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. വിദേശരാജ്യങ്ങളിലൊക്കെ മക്കൾക്ക് പിതാവിന്റെ മാതാവിന്റെയും വിവാഹത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം കിട്ടാറുണ്ട് എന്ന് പറയാറുണ്ട്. കാരണം ദീർഘകാലം ഒന്നിച്ച് താമസിച്ച് കുട്ടികൾ ഉണ്ടായതിനൊക്കെ ശേഷമാണ് ഇവിടെ പലപ്പോഴും വിവാഹം എന്ന ഔചപചാരിക ചടങ്ങിലേക്ക് പങ്കാളികൾ കടക്കുക. എന്നാൽ നമ്മുടെ നാട്ടിൽ അത്തരം രീതികൾ അപൂർവങ്ങളിൽ അപൂർവമാണ്. പക്ഷേ ഇപ്പോഴിതാ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഒരു പുനർവിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. 'ന്നാ താൻ കേസ് കൊട' എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ അഭിഭാഷകനായി വേഷമിട്ട്, കൈയടി നേടിയ അഡ്വ സി ഷുക്കൂർ എന്ന കാസർകോട്ടുകാരുടെ ഷുക്കുർ വക്കീലാണ് സ്വന്തം ഭാര്യ ഡോ ഷീനയെ വീണ്ടും വിവാഹം കഴിക്കുന്നത്!

ഷുക്കുർ വക്കീലിന്റെ ആദ്യവിവാഹം മതപരമായ ചടങ്ങളുകളോടെയാണ് നടന്നത്. എന്നാൽ രണ്ടാം വിവാഹമാവട്ടെ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരമാണ് നടക്കുക. കാരണം അപ്പോൾ മാത്രമേ മുസ്ലിം വ്യക്തിനിയമം മറികടന്ന് അദ്ദേഹത്തിന് തന്റെ സ്വത്ത് പൂർണ്ണമായും മക്കൾക്ക് കൊടുക്കാൻ കഴിയൂ. അഡ്വ ഷുക്കുറിന് മുന്ന് പെൺകുട്ടികളാണ് ഉള്ളത്. 1937ലെ മുസ്ലിം പേഴ്സൺൽ ലോ ആപ്ലിക്കേഷൻ ആക്റ്റ് അനുസരിച്ച് ഇദ്ദേഹത്തിന്റെ സ്വത്തുക്കളുടെ മൂന്നിൽ രണ്ടുഭാഗം മാത്രമേ, ഈ പെൺകുട്ടികൾക്ക് കിട്ടുകയുള്ളു. ഷുക്കുറിനും ഷീനക്കും ആൺമക്കൾ ഇല്ലാത്തതിനാൽ ബാക്കി സ്വത്തുക്കൾപോവുക ഷുക്കൂറിന്റെ സഹോദരങ്ങൾക്കാണ്. വിൽപ്പത്രം എഴുതിവച്ചാൽപോലും അത് നിയമവിധേയം ആവുകയില്ല. എന്നാൽ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ വിവേചനത്തിൽനിന്ന് രക്ഷപ്പെടാം. അതുകൊണ്ടാണ് ഈ വനിതാദിനത്തിൽ, അതായത് 2023 മാർച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യൽ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം താനും ഭാര്യയും വിവാഹിതരാകുകയാണെന്ന് ഷുക്കുർ വക്കീൽ ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

നിമിഷങ്ങൾകൊണ്ട് ഈ വാർത്ത വൈറൽ ആയി. ഇപ്പോഴിതാ ദേശീയ മാധ്യമങ്ങൾ വരെ കവർ ചെയ്യുന്ന രീതിയിൽ ഈ വാർത്ത വളർന്നു. ഇസ്ലാമിന്റെ മറയിട്ട് നടത്തുന്ന നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങൾ ഇതോടെ വലിയ രീതിയിൽ ചർച്ചയാവുകയാണ്. കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നമാണ് ഷുക്കുർ വക്കീൽ, ജീവിതം ആയുധമാക്കുന്ന ഒരു പോരാട്ടത്തിലൂടെ ലോകത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്. '' ഇത് മതത്തിനെതിരെയോ, ശരീഅത്തിന് എതിരെയേ ഉള്ള ഒരു നീക്കമായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന നീതി എല്ലാവർക്കും കിട്ടുക എന്നതാണ് ലക്ഷ്യം''- വാർത്ത അറിഞ്ഞ് തന്നെ വിളിക്കുന്ന മാധ്യമ പ്രവർത്തകരോട് അഡ്വ ഷുക്കുർ പറയുന്നു.

ആരാണ് ഷുക്കുർ വക്കീൽ?

സോഷ്യൽ മീഡിയയിലെ ആക്്റ്റീവിസ്റ്റ് ലോയർ എന്ന രീതിയിലാണ് അഡ്വ സി ഷുക്കുർ ഒരു വർഷം മുമ്പുവരെ അറിയപ്പെട്ടിരുന്നത്. എന്നാൽ രതീഷ് ബാലകൃഷൻ പൊതുവാളിന്റെ സംവിധാനത്തിൽ ഇറങ്ങിയ 'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റ് ചിത്രം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. ഒരു പുതുമുഖ നടന്റെ യാതൊരു ചാപല്യവും ഇല്ലാതെ, ഇരുത്തം വന്ന നടന്മ്മാരെപ്പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള റിയാക്ഷനുകളാണ് ആ മുഖത്തുനിന്ന് വന്നത്. 'ആ ഫ്ളോ പോയി' എന്ന് പറഞ്ഞുകൊണ്ടുള്ള കോടതി മുറിയിലെ ഇരിപ്പ് ഒക്കെ നവമാധ്യമങ്ങളിൽ വലിയ ചർച്ചയായി. പലപ്പോഴും കോടതി സംബന്ധമായ ട്രോളുകളിലും അദ്ദേഹത്തിന്റെ മുഖം കാണാം.

പക്ഷേ യാതൊരു തരത്തിലുള്ള സിനിമ സ്വപ്നങ്ങൾ ഒന്നുമില്ലാത്ത തിരക്കേറിയ ഒരു അഭിഭാഷകൻ ആയിരുന്നു അഡ്വ ഷുക്കുർ. കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി, പൊതുപ്രവർത്തനവും വക്കീൽ ജീവിതവും തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ മുന്നിൽ ഉണ്ടായിരുന്നത്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ അണിയറ ശിൽപ്പികൾക്ക് ചിത്രം തീർത്തും റിയലിസ്റ്റിക്ക് ആകണെമെന്ന് നിർബന്ധബുദ്ധിയുണ്ടായിരുന്നു. അതിനായി അവർ ഒരു വക്കീലിനെ തന്നെ ചിത്രത്തിലെ കോടതി വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നു. ഒരിക്കൽ ഞാൻ ഒരു കേസിന്റെ കാര്യവുമായി നിൽക്കുമ്പോൾ, ഷുക്കുർ വക്കീലിന് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ എൻ രാജ്‌മോഹന്റെ കോൾ വരികയാണ്. അദ്ദേഹമാണ് സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്നും 'ന്നാ താൻ കേസ് കൊട്' സിനിമയെക്കുറിച്ചും പറയുന്നത്. രാജ്‌മോഹൻ ഈ സിനിമയിൽ ഓഡിഷനുപോയിട്ട് ശരിയായില്ല. അപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർ നിങ്ങളുടെ പരിചയത്തിൽ മറ്റ് ഏതെങ്കിലും വക്കീൽ ഉണ്ടോ എന്ന് ചോദിക്കയായിരുന്നു. രാജ്‌മോഹൻ പറഞ്ഞത് അപ്പോൾ തനിക്ക് ഓർമ്മ വന്നത് ഷുക്കുർ വക്കീലിനെയാണ് എന്നാണ്. അങ്ങനെയാണ് അദ്ദേഹം തീർത്തും യാദൃശ്ചികമായി സിനിമയിൽ എത്തുന്നത്.

''ആദ്യം അവർ ഈ കഥാപാത്രത്തിന് മറ്റൊരു പേരാണ് ഇട്ടിരുന്നത്. പിന്നെ എന്റെ പേരിലേക്ക് കഥപാത്രത്തെ മാറ്റി. അങ്ങനെ സ്വന്തം പേരിൽ അഭിനയിക്കുന്ന എന്ന അപുർവ ഭാഗ്യവും ഉണ്ടായി''- അഡ്വ ഷൂക്കുർ പറയുന്നു. റിലീസിനോട് അനുബന്ധിച്ച് തനിക്ക് നല്ല പേടിയുണ്ടായിരുന്നതായും ഷുക്കുർ വക്കീൽ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്്. ചിത്രീകരിച്ച രംഗങ്ങൾ വെട്ടിക്കളയുമോ എന്നായിരുന്നു ആശങ്ക. '' എന്റെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൾ അവരുടെ കൂട്ടുകാരികളോടൊക്കെ പറഞ്ഞിരുന്നു ഞാൻ സിനിമയിൽ അഭിനയിക്കുന്ന കാര്യം. പക്ഷേ ചിത്രം ഇറങ്ങി ഒറ്റ ദിവസം കൊണ്ട് നല്ല അഭിപ്രായം ഉണ്ടായി. പി ജയരാജനെപ്പോലുള്ള നേതാക്കൾ വിളിച്ച് അഭിനന്ദിച്ചു. ഹൈക്കോടതി ജഡ്മാരും, ജില്ലാ ജഡ്ജിമാരും സഹ പ്രവർത്തകരുമൊക്കെ അഭിനന്ദിച്ചു''- ഷുക്കുർ പറയുന്നു.

വളരെ പെട്ടന്നുതന്നെ ഒരു നടൻ എന്ന നിലയിലേക്ക് തന്റെ സ്റ്റാറ്റസ് മാറിയിട്ടും അദ്ദേഹം തന്റെ പൊതുപ്രവർത്തന രംഗത്തുനിന്ന് മാറിയില്ല. ഇന്ത്യൻ മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിൽ കാലോചിതമായ മാറ്റം വരുത്താൽ ആവശ്യപ്പെടുന്ന, ഫോറം ഫോർ മുസ്ലിം ജെൻഡർ ജസ്റ്റിസിന്റെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. ഇവർ സ്വത്തവകാശത്തിനെതിരെ കോടതിയിൽ സമീപിച്ചപ്പോൾ, നിയമസഹായം അടക്കം നൽകി ഇദ്ദേഹം ഒപ്പം ഉണ്ടായിരുന്നു. ഇപ്പോഴിതാ അധികം ആർക്കും കഴിയാത്ത രീതിയിൽ സ്വന്തം ജീവിതം തന്നെ മുന്നിൽവെച്ചുകൊണ്ട് അദ്ദേഹം ഈ കൊടിയ അനീതിക്കെതിരെ പ്രതികരിക്കുന്നു. സിനിമ നടൻ എന്ന നിലയിൽ കിട്ടിയ സെലിബ്രിറ്റി പദവിയുടെ സേഫ് സോണിൽ ഇരിക്കാൻ അദ്ദേഹം തയ്യാറല്ല.

സമ്പാദ്യങ്ങൾ മക്കൾക്ക് കിട്ടേണ്ടേ?

എത് സാഹചര്യത്തിലാണ് താൻ സ്വന്തം ഭാര്യയെ രണ്ടാമതും വിവാഹം കഴിക്കാൻ നിർബന്ധിതനായത് എന്നത് ഷുക്കുർ വക്കീൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദമായി പറയുന്നുണ്ട്. അത് ഇങ്ങനെയാണ്. ''ഒരു വിവാഹം കൂടി ജീവിതത്തിലുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ചില കാര്യങ്ങൾ അങ്ങിനെയാണ്. നമ്മൾ വിധേയരാകും. പറഞ്ഞുവന്നത്, ഈ വരുന്ന മാർച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്. വിശദമായി പറയാം. 1994 ഒക്ടോബർ ആറിനായിരുന്നു എന്റെ ആദ്യ വിവാഹം.ഇസ്ലാം മത വിശ്വാസികളായ ഞാനും പാലക്കാട് പുതുപ്പരിയാരം പറക്കാട്ടിൽ ആലിക്കുട്ടിയുടെയും കെ.എം. സാറയുടെയും മകൾ പി.എ. ഷീനയും മതാചാര പ്രകാരമാണ് നിക്കാഹ് കഴിച്ചത്. ആദരണീയനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ ചെറുവത്തൂർ കാടങ്കോട് നസീമ മൻസിലിൽ വച്ചായിരുന്നു ഞങ്ങളുടെ നിക്കാഹ്.

ഒക്ടോബർ ഒമ്പതു മുതൽ ഞാനും ഷീനയും ഒന്നിച്ചു ജീവിച്ചു തുടങ്ങി. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്ന് പെൺമക്കളാണ് വരിവരിയായി കടന്നുവന്നത്. മൂന്നു പെൺമക്കളുടെ പിതാവായി സ്വർഗ്ഗം ഉറപ്പിച്ചിരിക്കുന്ന ഭാഗ്യവാനാണ് ഞാൻ!

മരണം കൺമുന്നിലൂടെ മിന്നിമാഞ്ഞുപോയ രണ്ട് അസാധാരണ സന്ദർഭങ്ങളിലാണ് ജീവിതവുമായി ബന്ധപ്പെട്ട ചില വേവലാതികൾ ഉള്ളിൽ ഉടലെടുത്തത്. ഇന്നും ഓർക്കാൻ ഭയപ്പെടുന്ന, 2017 ലെ അതിഭീകരമായ ഒരു അപകടത്തിൽ സഞ്ചരിച്ചിരുന്ന കാറ് തവിടുപൊടിയായെങ്കിലും ഞാൻ ബാക്കിയായി. മൂന്ന് വർഷങ്ങൾക്ക് ശേഷം, 2020 ലും മറ്റൊരപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരണം തൊട്ടുതലോടി പോയ ആ രണ്ട് നേരത്തും ജീവന് കാവലായത് സീറ്റ് ബെൽറ്റായിരുന്നു.
ഞാൻ മരണപ്പെട്ടാൽ, പലർക്കും സങ്കടം വരും! എഫ്ബി യിൽ സുഹൃത്തുക്കളുടെ പോസ്റ്റുകൾ വന്നേക്കാം. ഖബറടക്കവും പ്രാർത്ഥനയും കഴിഞ്ഞ് ബന്ധുക്കൾ പിരിയും, അവസാനം വീട്ടുകാർ മാത്രം ബാക്കിയാവും.

എന്തൊക്കെയാണ് ഉപ്പയുടെ നീക്കിയിരിപ്പ്? കടം വല്ലതും തീർക്കാനുണ്ടോ?
സമ്പാദ്യങ്ങൾ മക്കൾക്കുള്ളതല്ലേ?തുടങ്ങിയ ചോദ്യങ്ങളുടെ നേരമെത്തും.
എന്റെ (ഞങ്ങളുടെ) ജീവിത സമ്പാദ്യങ്ങൾ മൂന്നു മക്കൾക്ക് കിട്ടേണ്ടതല്ലേ?
സംശയമെന്തിരിക്കുന്നു.അവർക്കു തന്നെ കിട്ടണം. എന്നാൽ, അവർക്ക് കിട്ടുമോ?
അതെന്തേ അങ്ങിനെ ഒരു ചോദ്യം!കിട്ടില്ല, അതു തന്നെ.

എന്തിന് സ്പെഷ്യൽ മാരേജ്?

എന്തുകൊണ്ട് തന്റെ മക്കൾക്ക് സ്വത്ത് മുഴുവൻ കിട്ടില്ല എന്ന് വ്യക്തമാക്കി ഷുക്കുർ വക്കീൽ ഇങ്ങനെ തുടരുന്നു. ''1937 ലെ ദ മുസ്ലിം പേഴ്സൺൽ ലോ ആപ്പിക്കേഷൻ ആക്റ്റ് ആണ്് കാരണം. ഈ നിയമ പ്രകാരം ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടർച്ചാ നിയമം, മുസ്ലിം പേഴ്‌സണൽ ലോ അഥവാ ശരീഅ പ്രാകാരം ആണ്. എന്താണ് ശരീഅ എന്നതിനെ കുറിച്ച് 1937ലെ ഈ നിയമത്തിൽ ഒന്നും പറയുന്നില്ല.

എന്നാൽ 1906ൽ സർ എച്ച് ഡി മുള്ള എഴുതിയ പ്രിൻസിപ്പൽസ് ഓഫ് മുഹമ്മദൻ ലോ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികൾ എടുക്കുന്ന സമീപന പ്രകാരം എന്റെ/ ഞങ്ങളുടെ സ്വത്തിന്റെ മൂന്നിൽ രണ്ടു ഓഹരി മാത്രമേ ഞങ്ങളുടെ മക്കൾക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. അഥവാ താഹിസിൽദാർ നൽകുന്ന അനന്തരവകാശ സർട്ടിഫിക്കറ്റിൽ ഞങ്ങളുടെ മക്കൾക്ക് പുറമേ സഹോദരങ്ങൾക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങൾക്ക് ആൺ മക്കളില്ല എന്നതു മാത്രമാണ്. ഒരാൺകുട്ടിയെങ്കിലും ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ മുഴുവൻ സ്വത്തും മക്കൾക്ക് തന്നെ കിട്ടിയേനെ.ഞങ്ങൾക്ക് ജനിച്ചത് പെൺകുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവചനം മക്കൾ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല.

1950 ൽ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണ ഘടനയിലെ 14ാം അനുഛേദം ജാതി മത വർഗ്ഗ ലിംഗ ഭേദമന്യേ എല്ലാവർക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നൽകുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കൾക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ്. തങ്ങളുടെ ജീവിതസമ്പാദ്യം സ്വന്തം മക്കൾക്ക് തന്നെ ലഭിക്കാനെന്ത് ചെയ്യുമെന്ന, എന്നെപ്പോലെ പെൺമക്കൾ മാത്രമുള്ള ആയിരക്കണക്കിന് മുസ്ലിം രക്ഷിതാക്കളുടെ ആശങ്കകൾക്കെന്താണ് പോംവഴി?

അനന്തര സ്വത്ത് പെൺമക്കൾക്ക് തന്നെ ലഭിക്കാൻ എന്താണ് മാർഗ്ഗം? നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കകത്തു നിന്നു കൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങൾക്ക് ഈ പ്രതി സന്ധിയെ മറികടക്കാനുള്ള ഏക വഴി 1954 ൽ നമ്മുടെ പാർലമെന്റ് അംഗീകരിച്ച സ്പെഷ്യൽ മാര്യേജ് ആക്ട് മാത്രമാണ്. അതിൽ ആശ്രയം കണ്ടെത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.

അഥവാ, ഞങ്ങളുടെ രണ്ടാം വിവാഹമാണ്. 1994 ഒക്ടോബർ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഞാനും ഷീനയും, അന്തർദേശീയ വനിതാ ദിനമായ 2023 മാർച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യൽ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രജിസ്റ്ററിൽ ഒപ്പു വെക്കും ഇൻശാ അല്ലാഹ്.

ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല. തുല്യത എന്ന മാനവിക സങ്കൽപത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരിൽ നിലനിൽക്കുമ്പോൾ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയിൽ അഭയം പ്രാപിക്കുക മാത്രമാണ്. സ്‌പെഷ്യൽ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങളുടെ മക്കൾക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു.

നമ്മുടെ പെൺമക്കളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും സർവ്വ ശക്തനായ അല്ലാഹു ഉയർത്തി നൽകട്ടെ. അല്ലാഹുവിന്റെ മുമ്പിലും നമ്മുടെ ഭരണഘടനയുടെ മുന്നിലും എല്ലാവരും സമന്മാരാണ്.സമത്വം സകല മേഖലകളിലും പരക്കട്ടെ.
എല്ലാവർക്കും നന്മയും സ്‌നേഹവും നേരുന്നു. എല്ലാവർക്കും മുൻകൂർ വനിതാ ദിന ആശംസകൾ.''- ഇങ്ങനെയാണ് അഡ്വ ഷുക്കുറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

അടിമുടി സ്ത്രീവിരുദ്ധം

അതേസമയം അടിമുടി സ്ത്രീവിരുദ്ധമായ സമീപനമാണ് ഇസ്ാലാം മതത്തിൽ ഇത്തരം കാര്യങ്ങളിൽ കാണാറുള്ളതെന്നും, സിവിൽ നിയമങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കണം എന്നും ഫോറം ഫോർ മുസ്ലിം ജെൻഡർ ജസ്റ്റിസിന്റെ പ്രവർത്തകരും, ആക്റ്റീവിസ്റ്റുകളും, സ്വതന്ത്രചിന്തകരും ഒരുപോലെ ചൂണ്ടിക്കാട്ടുന്നു.

ഈ ജനാധിപത്യ രാജ്യത്തിലും മുസ്ലിം സ്ത്രീക്ക് കിട്ടുന്ന കുടുംബ സ്വത്ത് പുരുഷന്റെ പകുതി മാത്രമാണ്. ഒരു പിതാവിന് പെൺകുട്ടി മാത്രമാണ് ഉള്ളതെങ്കിൽ കിട്ടുക 1/2 ഓഹരിയും. ബാക്കി പോകുന്നത് അകന്ന ബന്ധുക്കൾക്കാണ്. ഇന്ത്യയിലെ വ്യക്തിനിയമം എല്ലാവർക്കും ഒരു പോലെയല്ല. ഇക്കാര്യത്തിൽ ഹിന്ദുവിന് ഒരു പ്രത്യേക കോഡ് ഉണ്ട്. സെമിറ്റിക് മതങ്ങളൊഴിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉത്ഭവിച്ച മതങ്ങളിൽപ്പെടുന്നവർ എല്ലാം തന്നെ ഹിന്ദു മതം എന്ന രീതിയിലാണ് നിയമം കാണുന്നത്. ആയതിനാൽ ഹിന്ദുകോഡ് ഈ മതക്കാർക്കെല്ലാം ബാധകമാണ്. അതുപോലെ ക്രൈസ്തവർക്കും പാർസികൾക്കും വേറെ നിയമമാണ് ഉള്ളത്. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുടെയെല്ലാം കേസുകൾ കൈകാര്യം ചെയ്യാൻ കോടതികൾക്ക് സാധിക്കുന്നു. എന്നാൽ മുസ്ലീമിന്റെ കാര്യത്തിൽ അങ്ങനെയൊരു നിയമം അഥവാ ആക്റ്റ് ഇല്ല.

മറ്റ് മതക്കാരുടെ വ്യക്തിനിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം അധികവും ക്രോഡീകരിക്കപ്പെട്ടവയല്ല. അതായത് ഇത് നിയമസഭ ഉണ്ടാക്കിയ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. പകരം, നിരവധി വർഷങ്ങൾ പഴക്കമുള്ള പരമ്പരാഗത നിയമത്തിന്റെ മറ്റ് നിരവധി ഉറവിടങ്ങളിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ആയതുകൊണ്ട് തന്നെ ഈ നിയമങ്ങളിൽ വലിയ അപാകങ്ങളും അസമത്വവുമുണ്ടെന്ന് പറയേണ്ടതില്ലല്ലോ. പല നിയമങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്.

ഇസ്ലാമിൽ ഒരാളുടെ മരണത്തോടെ ആ വ്യക്തിയുടെ അനന്തരസ്വത്തിന് അവകാശികളായിവരുന്നത് ഭാര്യ /ഭർത്താവ്, മക്കൾ എന്നിവരോടൊപ്പം മാതാവ്, പിതാവ് കൂടിയാണ്. എന്നാൽ ഇവിടെ ഒരു പ്രശ്‌നം ഉള്ളത്, ഈ മാതാവ് /പിതാവ് മരിക്കുമ്പോൾ ഇവർക്ക് മറ്റ് പുരുഷ സന്താനങ്ങൾ ഉണ്ടായിരുന്നാൽ നേരത്തെ മരിച്ച മകന്റെ /മകളുടെ മക്കൾക്ക് ഈ വല്ലുപ്പയുടെ /വല്ലുമ്മയുടെ സ്വത്തിൽ അവകാശം ഉണ്ടായിരിക്കില്ല എന്നതാണ്. നേരത്തേ മരിച്ച മകന്റെ /മകളുടെ മക്കൾക്ക് കുടുംബസ്വത്തിൽ അവകാശം ഉണ്ടായിരിക്കില്ലെന്നു മാത്രമല്ല, നേരത്തെയുള്ള മരണം നിമിത്തം വല്ലുമ്മമാരിലേക്കും വല്ലുപ്പമാരിലേക്കും വിഹിതമായി വന്നുചേർന്ന അവരുടെ മാതാവിന്റ /പിതാവിന്റെ സമ്പത്ത് ഉൾപ്പെടെയാണ് അനാഥരായ ഈ പേരമക്കളെ ഒഴിവാക്കി വീതം വെക്കുന്നത്. ഇത് കടുത്ത വിവേചനം അല്ല എന്ന് പറയാൻ ആർക്ക് കഴിയും.

അതായത് താഴേക്കു കണ്ണി മുറിഞ്ഞതിനാൽ പേരക്കുട്ടികൾക്ക് അവകാശം ഇല്ല. എന്നാൽ മുകളിലേക്കു കണ്ണി മുറിഞ്ഞാലും അവകാശം ഉണ്ട്. എ യുടെ മകനാണ് ബി. ബി യുടെ മകനാണ് സി. എ ക്ക് മുമ്പേ ബി മരിച്ചാൽ എ എന്ന പിതാമഹന്റെ സ്വത്തിൽ സി ക്ക് അനന്തരാവകാശം ലഭിക്കില്ല. എന്നാൽ ബി ജീവിച്ചിരിപ്പില്ലാത്തതിനാൽ സി എന്ന പേരക്കുട്ടിയുടെ സ്വത്തിൽ എ എന്ന പിതാമഹന് തിരിച്ച് അനന്തരാവകാശത്തിന് അർഹതയുണ്ട് താനും. ഒരു പാലം മുറിഞ്ഞാൽ അക്കരക്കെന്നപോലെ അവിടുന്ന് ഇക്കരേക്കും യാത്ര അസാധ്യമാണെന്നത് ഒരു സാമാന്യ ബോധം ആണ്. ഇവിടെ അതും കാണുന്നില്ല എന്നാണ് ഇതുസംബന്ധിച്ച പഠിച്ചവർ ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ മരിക്കുന്നതും കുറ്റം

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും എഴുത്തുകാരനുമായ ബഷീർ പേങ്ങാട്ടിരി ഒരു ലളിതമായ ഉദാഹരണം പറഞ്ഞ് കൊണ്ട് ഇസ്ലാമിക നിയമത്തിലെ പൊള്ളത്തരങ്ങൾ ഇങ്ങനെ ചൂണ്ടിക്കട്ടുന്നു. ''ഉദാഹരണമായി, ഒരു ഉമ്മയും രണ്ടു മക്കളും കാറിൽ യാത്ര ചെയ്യുന്നു എന്ന് കരുതുക. രണ്ടാമത്തെ മകൻ കാർ ഡ്രൈവ് ചെയ്യുന്നു. ഒരു ആക്‌സിഡന്റ് സംഭവിക്കുന്നു. കാർ ഡ്രൈവ് ചെയ്ത മകൻ അവിടെ വെച്ച് അപ്പോൾ തന്നെ മരിക്കുന്നു. ആശുപത്രിയിൽ എത്തിയതിന് ശേഷം ഉമ്മയും,അടുത്ത ദിവസം മൂത്ത മകനും മരിക്കുന്നു. ശേഷം ഇവരുടെ സ്വത്തുക്കൾ ഇസ്ലാമിക നിയമം അനുസരിച്ച് ജീവിച്ചിരിക്കുന്ന അവകാശികൾക്ക് ഭാഗിക്കുന്നു എന്ന് വെക്കുക. അവകാശികളായി ഉള്ളത്അപകടത്തിൽ മരിച്ച രണ്ടു മക്കളുടേയും ഓരോ ഭാര്യമാരും, ആണും പെണ്ണുമായി ഈരണ്ടു സന്താനങ്ങൾ വീതവുമാണ്. മരിച്ച മൂന്ന് പേരും അവശേഷിപ്പിച്ച ധനം ഓരോരുത്തരുടേയും 100 രൂപ വച്ചാണെന്ന് കരുതുക. അതായത് ഉമ്മയുടെ 100 രൂപ, മൂത്തമകന്റെ 100 രൂപ, രണ്ടാമത്തെ മകന്റെ 100 രൂപ. അങ്ങനെ മൊത്തം 300 രൂപയാണ് ഇവിടെ ഭാഗിക്കുന്നതെന്ന് കണക്കാക്കിയാൽ, അവകാശികൾക്ക് ലഭിക്കുന്നത് താഴെ പറയും പ്രകാരമായിരിക്കും.

അപകട സ്ഥലത്ത് മരിച്ച മകന്റെ- ഭാര്യക്ക് 12.5 രൂപ, പുത്രന് 47.2 രൂപ, പുത്രിക്ക് 23.6 രൂപ. മൂത്ത മകന്റെ- ഭാര്യക് 27.1 രൂപ, പുത്രന് 126.4 രൂപ, പുത്രിക്ക് 63.2 രൂപ!
ഒരു ഉമ്മയുടെ രണ്ടു മക്കളുടെ അവകാശികൾക്ക് ലഭിച്ചതിലെ അന്തരങ്ങൾ നോക്കൂ. ഒരേ തരം ബന്ധം ആയിരുന്നിട്ടുകൂടി ആദ്യം മരിച്ചവന്റെ അവകാശികൾക്ക് അദ്ദേഹത്തിന്റെ സ്വന്തം സംമ്പാദ്യമായ 100 രൂപ പോലും പൂർണ്ണമായി കിട്ടിയില്ല. അതായത് 'മുസ്ലിം കുടുംബത്തിലാണ് ജനിച്ചതെങ്കിൽ അൽപ്പം നേരത്തേ മരിക്കുന്നതും ഒരു കുറ്റമാണ്, ശിക്ഷ അനുഭവിക്കേണ്ടത് അവന്റെ അവകാശികളുമായിരിക്കും!' ആദ്യം മരിച്ചവന്റെ സന്താനങ്ങൾക്ക് അവകാശപ്പെട്ട സ്വത്തിൽനിന്നും രണ്ടാമത് മരിച്ച മകന്റെ അവകാശികൾക്ക് വീതിക്കപ്പെടുന്നു. കൂടാതെ, വല്ലുമ്മയുടെ സ്വത്തിൽ അവർക്ക് ഒരുതരിക്ക് അവകാശം ഇല്ലാതെയുമാവുന്നു.

ഇനി ഈ കുടുംബം ഹിന്ദുവോ ക്രിസ്ത്യനോ മറ്റേതു മതക്കാരോ ആണെന്നിരിക്കട്ടെ നിലവിൽ അവർക്ക് ബാധകമായ നിയമം അനുസരിച്ച് ജീവിച്ചിരിക്കുന്ന അവകാശികൾക്ക് കിട്ടുന്നത് ഇപ്രകാരം ആയിക്കും: അപകട സ്ഥലത്ത് മരിച്ച മകന്റെ ഭാര്യക്ക് 50 രൂപ. പുത്രന് 50 രൂപ. പുത്രിക്ക് 50 രൂപ . മൂത്ത മകന്റെ ഭാര്യക്ക് 50 രൂപ. പുത്രന് 50 രൂപ. പുത്രിക്ക് 50 രൂപ.

ഇസ്ലാമിക നിയമം ഇവരുടെ ഓഹരി എങ്ങനെയാണ് കണക്കാക്കിയതെന്നു നോക്കാം: അപകടസ്ഥലത്ത് മരിച്ച മകന്റെ 100 രൂപ വീതിക്കുമ്പോൾ അവകാശികളായി വരുന്നത്- മാതാവ്, ഭാര്യ, രണ്ടു മക്കൾ എന്നിവർ ആണ്. ഇദ്ദേഹം മരിക്കുമ്പോൾ മാതാവ് ജീവിച്ചിരിപ്പുണ്ട് എന്നതിനാലാണ് മാതാവ് അവകാശി ആവുന്നത്. ഏറ്റവും അടുത്ത അവകാശിയായി ഇദ്ദേഹത്തിന് പുത്രിയോടൊപ്പം ഒരു പുത്രനും ഉണ്ട് എന്നതിനാൽ പിന്നീട് മരിച്ച സഹോദരന് ഇതിൽ അവകാശം വരുന്നില്ല. (ആദ്യം മരിച്ചവന് ഒരു പുത്രിയോ ഒന്നിലധികം പുത്രിമാരോ ആണെങ്കിൽ ഈ സഹോദരൻ കൂടി അവകാശി ആവും) മരിച്ച ആൾക്ക് മക്കളുണ്ടെങ്കിൽ മാതാവിന് ആറിൽ ഒന്നും (1/6) ഭാര്യക്ക് എട്ടിൽ ഒന്നിനുമാണ് (1/8)ഓഹരിക്ക് അവകാശം. ബാക്കി വരുന്നതിനെ മൂന്ന് ഭാഗം ആക്കിയാൽ ഒരു ഭാഗം പുത്രിക്കും രണ്ട് ഭാഗം പുത്രനും ഉള്ളതാണ്. പെണ്ണിന്റെ ഇരട്ടിയാണല്ലോ ആണിനുള്ള അവകാശം.

ഇനി രണ്ടാമതായി മരിച്ച, മാതാവിന്റെ സ്വത്ത് ഭാഗിക്കുമ്പോൾ, അവരുടെ നേരത്തെ ഉണ്ടായിരുന്ന 100 രൂപയുടെ കൂടെ ആദ്യം മരിച്ച മകനിൽ നിന്നും ഓഹരിയായി ലഭിച്ച 1/6 അതായത് 16.6 രൂപയുംകൂടി ചേർന്നതായിരിക്കും അവരുടെ മൊത്തം സ്വത്ത്. അതായത് 116.6 രൂപ. ഈ സ്വത്തിന് ഒരേ ഒരവകാശിയേ ഉള്ളൂ, ഇരുവർക്കും ശേഷം മരിച്ച മൂത്ത മകൻ. നേരത്തെ മരിച്ചവന്റെ അവകാശികൾ ഈ സ്വത്തിന് അർഹരല്ല. കാരണം, ഈ മാതാവ് മരിക്കുമ്പോൾ അവർക്ക് ജീവിച്ചിരിക്കുന്ന ഒരു മകനുണ്ട് എന്നതുതന്നെ. (ഈ മകന് പകരം ആ സ്ഥാനത്ത് ഒരു മകളായിരുന്നെങ്കിലും, ആദ്യം മരിച്ച മകന്റെ സന്താനങ്ങൾക്ക് വല്ല്യമ്മായുടെ സ്വത്തിൽ അവകാശം ലഭിക്കുമായിരുന്നു.) അതായത് ജീവിച്ചിരിക്കുന്ന ആൺമക്കൾ ഉണ്ടെങ്കിൽ മാത്രമാണ് നേരെത്തെ മരിച്ചവന്റെ സന്താനങ്ങൾക്ക് അവകാശം തീർത്തും നഷ്ടപ്പെടുന്നത്.

അടുത്തത് മൂന്നാമത് മരിച്ചവന്റെ സ്വത്ത് ഭാഗിക്കുന്നു.ഇദ്ദേഹത്തിന്റെ മൊത്തം സ്വത്ത് എന്നത് മാതാവിന്റെ 100 രൂപയും, മാതാവിന് ആദ്യം മരിച്ച മകനിൽ നിന്നും ലഭിച്ച 16.6 രൂപയും, പിന്നെ ഇദ്ദേഹത്തിന്റെ സ്വന്തം 100 രൂപയും ചേർന്നതാണ്.അതായത് മൊത്തം 216.6 രൂപ. ഇതിന്റെ എട്ടിലൊന്ന് ഭാര്യക്കും, ബാക്കിയുള്ളത് സന്താനങ്ങൾക്കും ലഭിക്കും. ഇവർ ആണും പെണ്ണും ഉള്ളതിനാൽ രണ്ട് പെണ്ണിന് കിട്ടുന്ന ഓഹരി ഒരു ആണിന് എന്ന അനുപാതത്തിൽ തന്നെ സ്വത്ത് അവർക്കിടയിൽ വീതിക്കുന്നു.''- ബഷീർ ചൂണ്ടിക്കാട്ടുന്നു.

ഭാഗം വെക്കുമ്പോൾ സഹോദരിക്ക് കിട്ടുന്നതിന്റെ ഇരട്ടിയാണ് സഹോദരന്റെ ഓഹരി. ഒരു പിതാവിന് ഒറ്റ മകൾ മാത്രമേ നേർ അവകാശി ആയുള്ളൂ എങ്കിൽ പോലും അദ്ദേഹത്തിന്റെ മൊത്തം സ്വത്തിന്റെ പകുതിക്കേ ആ മകൾക്ക് അവകാശം ലഭിക്കൂ.
ബാക്കി പകുതിക്ക് അവകാശികൾ അദ്ദേഹത്തിന്റെ സഹോദരീ സഹോദരന്മാരോ അവരാരും ജീവിച്ചിരിപ്പില്ലെങ്കിൽ സഹോദരന്മാരുടെ പുത്രന്മാരോ, അവരും ഇല്ലാത്ത പക്ഷം അവരുടെ പുത്രന്മാരോ ആയിരിക്കും അവകാശികൾ.ഇവരാരും ഇല്ലെങ്കിൽ വളരെ അകന്ന ബന്ധത്തിലുള്ള പുരുഷന്മാർക്ക് വരെയുണ്ടാകും ആ പാതിയുടെ അവകാശം. അങ്ങനേയും ആരും ഇല്ലെങ്കിൽ ഇസ്ലാമിക രാജ്യത്താണെങ്കിൽ ഭരണകൂടമായിരിക്കും ആ മുതലിനുടമ.

ഇന്ത്യയിലാണെങ്കിൽ വഖഫ് ബോർഡിനാണ് അവകാശം.ഏതായാലും ഇവിടെ വഖഫ് ആ അവകാശം ചോദിച്ചു വരാറില്ല. അതായത്, ഇസ്ലാമിക അനന്തരാവകാശ നിയമമനുസരിച്ച് ഒരു സ്ത്രീക്ക് മുഴുവൻ സ്വത്തും ലഭിക്കണമെങ്കിൽ നാട്ടിൽ വേറെ മനുഷ്യരാരും ഉണ്ടായിരിക്കരുത് എന്നതാണവസ്ഥ. ഇനി ഇതേ സ്ഥാനത്ത്, അതായത്, മകളുടെ സ്ഥാനത്ത് ഒരു പുത്രനാണ് അവകാശിയായി വരുന്നതെങ്കിൽ മുഴുവൻ സ്വത്തും അവനുള്ളതാണ്.

വിൽപത്രം എഴുതാൻ കഴിയില്ല

ഷുക്കുർ വക്കീലിന്റെ പുനർ വിവാഹ വാർത്ത കേട്ട് സോഷ്യൽ മീഡയയിൽ അടക്കം പലരും ചോദിക്കുന്ന ചോദ്യം, ഇത്രക്ക് ബുദ്ധിമുട്ടണോ നിങ്ങൾക്ക് വിൽപ്പത്രം എഴുതിയാൽ പോരെ എന്നാണ്. പക്ഷേ അതിന് നിയമത്തിന്റെ പിൻബലമില്ലെന്നതാണ് ക്രൂരമായ വസ്തുത. ഇതുസംബന്ധിച്ച് ഏറെ പഠിച്ച ബഷീർ പേങ്ങാട്ടിരി ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. '' ഇസ്ലാമിൽ വിൽപത്രം എഴുതിവെക്കുന്ന ഏർപ്പാട് ഇല്ല. മുസ്ലിം വ്യക്തി നിയമമനുസരിച്ച്, വിൽപത്രം എഴുതിയെന്ന കാരണത്താൽ ഒരാളുടെ സ്വത്ത് വിൽപത്രത്തിൽ പറയുന്ന വ്യക്തികൾക്ക് മാത്രമായി ലഭിക്കുകയില്ല. എഴുതിവെച്ച വ്യക്തിയുടെ മരണത്തോടെ അനന്തര സ്വത്ത് എന്ന നിലയിൽ ആരൊക്കെ അവകാശികളായി വരുമോ അവർക്കെല്ലാം അവകാശമുള്ള സ്വത്തായി അത് മാറും എന്നാണ് നിയമം. ആയതുകൊണ്ട് തന്നെ ഈ അവകാശികളുടെയെല്ലാം സമ്മതമുണ്ടെങ്കിൽ മാത്രമേ ഈ വിൽപത്രത്തിന് നിയമ സാധുത ഉണ്ടാകൂ. അത് അത്ര പ്രായോഗികവുമല്ല.

അനന്തരാവകാശിക്ക് വസീയ്യത്ത് പാടില്ലെന്നതാണ് സുന്നി മുസ്ലിംഗൾക്കിടയിലെ നിയമം. എന്നാൽഒരു ഷിയാമുസ്ലീമിന് ഇത് ബാധകമല്ല. മൊത്തം സ്വത്തിന്റെ മൂന്നിലൊന്നുവരെ അവകാശികൾക്കും ആവാം. അതിന് മറ്റ് അവകാശികളുടെ സമ്മതവും ഷിയകൾക്ക് ആവശ്യമില്ല. അതിൽ കൂടുതലാണെങ്കിൽ മാത്രം മറ്റ് അവകാശികളുടെ സമ്മതം വേണം.

വിൽപത്രവും വസീയ്യത്തും സാങ്കേതികമായ ചില വ്യത്യാസം ഉണ്ട്. ആകെ സ്വത്തിന്റെ മൂന്നിൽ ഒന്ന് (1/3) മാത്രമേ വസീയ്യത്ത് പാടുള്ളൂ. വസീയ്യത്ത് പ്രകാരം ഒന്നിലധികം മക്കളുള്ള ഒരാൾക്ക് ഏതെങ്കിലും ഒരാളുടെ പേരിൽ തന്റെ സ്വത്ത് മുഴുവനായോ കൂടുതലോ കുറച്ചോ എഴുതിവെക്കാനാവില്ല. ജീവിച്ചിരിക്കുമ്പോൾ എങ്ങനെ വേണമെങ്കിലും നല്കാം. എന്നാൽ മരണ ശേഷം അനന്തരാവകാശ കണക്ക് പ്രകാരം മാത്രമേ ഭാഗിക്കാനധികാരമുള്ളൂ. അനന്തരാവകാശിയായി വരുന്ന ആൾക്ക് സ്വത്ത് വിൽക്കാൻ പാടില്ല എന്നതും മുസ്‌ളീമിന് ബാധകമായ നിയമമാണ്.''- ബീഷർ ചൂണ്ടിക്കാട്ടുന്നു. അബദുൽ അലി മാസ്റ്റർ, വി പി സുഹ്റ, ജാമിത ടീച്ചർ തുടങ്ങി ഇസ്ലാമിക സ്വത്തവകാശത്തെക്കുറിച്ച് വിശദമായി പഠിച്ചവരും ഇതേ അഭിപ്രായമാണ് മുന്നോട്ട് വെക്കുന്നത്.

ഇതിന് മറുപടിയായി ഇസ്ലാമിസ്റ്റുകൾ സാധാരണ ഉയർത്തുന്ന വാദം, കേട്ടു തഴമ്പിച്ച സംരക്ഷണവാദമാണ്. അതായത് പുരഷനാണ് സ്ത്രീയെ സംരക്ഷിക്കാനും കുടുംബം നോക്കാനുമുള്ള ചുമതലയെന്നും അതുകൊണ്ടാണ് അവന് കൂടുതൽ സ്വത്തുകൊടുത്തുന്നത് എന്നുമാണ്. ആധുനിക ലിംഗനീതിയിൽ അധിഷ്ഠിതമായ സമൂഹത്തിൽ ഇത് പറയാൻ പോലും പറ്റില്ല. ഈ ഒരു ചുറ്റുപാടിലാണ്് ഷുക്കുർ വക്കീൽ അടക്കമുള്ളവർ നടത്തുന്ന ജീവിതം കൊണ്ടുള്ള പോരാട്ടങ്ങളുടെ പ്രസക്തി. ഇതുസംബന്ധിച്ച കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുമാണ്.

വാൽക്കഷ്ണം: ഏക സിവിൽ കോഡ് എന്ന ആശയം വരുന്നതോടെ ഫാസിസം എന്ന് പറഞ്ഞ് ചന്ദ്രഹാസമിളക്കുന്നവർ ഈ ഇസ്ലാമിക സ്വത്തവകാശത്തിൽ അടക്കമുള്ള നഗ്നമായ വിവേചനങ്ങൾ കാണുന്നില്ലേ. പിന്നെ എങ്ങനെയാണ് ഈ വിവേചനങ്ങൾ പരിഹരിക്കാമെന്ന് അവർ കരുതുന്നത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP