Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

800 രൂപ ശമ്പളത്തിൽ അദ്ധ്യാപകനായി തുടങ്ങിയ ജീവിതം; 18 പേരുമായി ആരംഭിച്ച ആലിബാബ ഇന്ന് 29 ലക്ഷം കോടി മൂല്യമുള്ള ഭീമനായി വളർത്തിയ മിടുക്കൻ; ലോകം മുഴുവൻ പടർന്ന ഇ കൊമേഴ്‌സ് ഭീമന് തിരിച്ചടിയായത് ഷി ജിങ് പിങിനെ വിമർശിച്ചത്; പ്രസിഡന്റുമായി ഉടക്കിയതോടെ ദുരൂഹമായി ജാക്ക്മായുടെ തിരോധനം; ആലിബാബയുടെ അടിത്തറ മാന്തുന്നത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം

800 രൂപ ശമ്പളത്തിൽ അദ്ധ്യാപകനായി തുടങ്ങിയ ജീവിതം; 18 പേരുമായി ആരംഭിച്ച ആലിബാബ ഇന്ന് 29 ലക്ഷം കോടി മൂല്യമുള്ള ഭീമനായി വളർത്തിയ മിടുക്കൻ; ലോകം മുഴുവൻ പടർന്ന ഇ കൊമേഴ്‌സ് ഭീമന് തിരിച്ചടിയായത് ഷി ജിങ് പിങിനെ വിമർശിച്ചത്; പ്രസിഡന്റുമായി ഉടക്കിയതോടെ ദുരൂഹമായി ജാക്ക്മായുടെ തിരോധനം; ആലിബാബയുടെ അടിത്തറ മാന്തുന്നത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിൽ ഏതാണെന്ന് ചോദിച്ചാൽ ചൈനക്കാർ അടക്കിപ്പറയും അത് ചൈന തന്നയാണെന്ന്. ഭരണകൂടത്തെ വിമർശിക്കാൻ ധൈര്യമില്ലാത്ത പൗരന്റെ കിടപ്പറയിൽ കയറി ചാരവൃത്തി നടത്തുന്ന ഭരണകൂടമാണ് ചൈനയിലേത്. ഷി ജിങ് പിങ് എന്ന ഏകാധിപതി ഭരിക്കുന്ന ആ രാജ്യത്ത് അദ്ദേഹത്തിനെതിരെ ചെറു വിമർശനം ഉയർത്തുന്നവരുടെ ജീവൻ പോലും പോകുന്ന കാലമാണ് ഇപ്പോൾ. അടുത്തിടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങളെല്ലാം പൊളിച്ചെഴുതിക്കൊണ്ടാണ് ചൈനയുടെ ആജീവനാന്ത പ്രസിഡന്റ് പദവിയിൽ അദ്ദേഹത്തിന് ഇരിക്കാൻ അവസരം ഒരുക്കിയത്. അത്രയ്ക്ക് ശക്തിനായി മാറിയ പിങിനെ വിമർശിച്ച ശതകോടീശ്വരനായ ആലിബാബ ഉടമ ജാക്ക് മായുടെ തിരോധാനം ലോകത്തെ നടക്കുകയാണ്.

ആലിബാബ സ്ഥാപകനായ ജാക്ക് മാ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ പോലും വ്യക്തത വന്നിട്ടില്ല. ലോകം മുഴിവൻ ജാക്ക്മാ എവിടെ എന്ന ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. എന്നാൽ, ചൈന ഇതേക്കുറിച്ച് പ്രതികരിക്കാൻ പോലും ആരും തയ്യാറാകുന്നില്ല. ചൈന ജാക്ക്മായെ തടവിലാക്കിയിരക്കയാണെന്നാണ് പുറംലോകത്തേക്ക് വരുന്ന വാർത്തകൾ. കഠിനാധ്വാനം കൊണ്ട് ലോകമെങ്ങും വേരുകളുള്ള വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് ജാക്ക് മാ.

ചൈനീസ് പ്രസിഡന്റിനെ പൊതുവേദിയിൽ വിമർശിച്ചു, കഷ്ടക്കാലം തുടങ്ങി

ചൈനീസ് സർക്കാറിനെ വിമർശിച്ചതോടയാണ് ആലിബാബ സ്ഥാപകന്റെ കഷ്ടകാലം തുടങ്ങിയത്. രണ്ടുമാസമായി അദ്ദേഹം പൊതു വേദികളിൽനിന്നു വിട്ടുനിന്നതോടെ വ്യാവസായിക ലോകത്ത് സംശയങ്ങൾ ഉയരാൻ തുടങ്ങി. ഇതോടെ ചൈനീസ് സർക്കാർ അദ്ദേഹത്തെ തടവിലാക്കിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഒക്ടോബറിൽ ഷാങ്ഹായ്യിൽ നടന്ന പരിപാടിയിൽ ജാക്ക് മാ ചൈനീസ് സർക്കാരിനെയും പ്രസിഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ചു പ്രസംഗിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കുമെതിരെയായിരുന്നു ജാക്കിന്റെ പ്രതികരണം.

'ചൈനക്കാർ പറയുന്നതു പോലെ, നിങ്ങൾ 100,000 യുവാൻ ബാങ്കിൽനിന്നു കടമെടുത്താൽ നിങ്ങൾക്ക് ചെറിയ പേടിയുണ്ടാകും. നിങ്ങൾ 10 ലക്ഷം യുവാനാണ് കടമെടുക്കുന്നതെങ്കിൽ നിങ്ങൾക്കും ബാങ്കിനും പേടിയുണ്ടാകും. അതേസമയം നിങ്ങൾ 1 ബില്ല്യൻ ഡോളറാണ് കടമെടുക്കുന്നതെങ്കിൽ നിങ്ങൾക്കു ഭയമേ കാണില്ല, മറിച്ച് ബാങ്കിനു പേടിയുണ്ടാകും'- എന്നു പറഞ്ഞതാണ് ജാക്ക് മായെ കെണിയിലാക്കിയത്.

ചൈനയ്ക്ക് ഒരു സാമ്പത്തിക പരിസ്ഥിതി ഇല്ലാ എന്നു പറഞ്ഞത് അധികാരികൾ ഗൗരവത്തിലെടുക്കുകയായിരുന്നു. ഇത് ചൈനക്കുള്ളിലെ സാമ്പത്തിക പരാധീനതകളിലേക്ക് വിരൽചൂണ്ടുന്നതായെന്നാണ് ഉയരുന്ന വിലയിരുത്തലുകൾ. ചൈനീസ് ബാങ്കുകൾ പണയം വയ്ക്കൽ കടകളാണെന്നും മാ പറഞ്ഞു. ഇതിനാൽ ചിലർ വൻ തുക കടമെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും വലിയ ഐപിഒ (ഇനീഷ്യൽ പബ്ലിക് ഓഫറിങ്) അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനു രണ്ടാഴ്ച മുൻപാണ് രാജ്യത്തെ ബാങ്കിങ് സംവിധാനത്തെക്കുറിച്ച്, ചൈനയെ ചൊടിപ്പിച്ച, ഈ വാചകം മാ തന്റെ ഒരു പ്രസംഗത്തിൽ പറഞ്ഞത്.

ഈ പ്രസംഗത്തിന് ശേഷമാണ് ആലിബാബക്കെതിരെ ഷീയുടെ പകപോക്കൽ ആരംഭിച്ചത്. ആലിബാബയുടെ പ്രവർത്തനങ്ങളിൽ സർക്കാർ കടിഞ്ഞാൺ ഇടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതായിരുന്നു ആദ്യ ഘട്ടത്തിലുണ്ടായ തിരിച്ചടി. നവംബറിൽ ജാക്ക് മായുടെ ഫിനാൻഷ്യൽ ടെക്ക് കമ്പനിയായ ആൻഡ് ഗ്രൂപ്പിനു വാഗ്ദാനം ചെയ്യപ്പെട്ട പൊതുനിക്ഷേപം പ്രസിഡന്റ് ഷി ചിൻപിങ് നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നു. ഷാങ്ഹായ്, ഹോങ്കോങ് സ്റ്റോക് എക്ചേഞ്ചുകളിലായി 35 ബില്ല്യൻ ഡോളർ മൂല്യത്തിലുള്ള, ലോകം ഇന്നേവരെ കണ്ടിരിക്കുന്നതിൽ വച്ച് ഏറ്റവും വലിയ ഐപിഒ മാറ്റിവയ്ക്കപ്പെടുകയായിരുന്നു. നിയമത്തിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട ശേഷം മതി ഐപിഒ എന്നാണ് അധികാരികൾ പറഞ്ഞത്. ഈ വാർത്ത വന്നതോടെ ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്ചേഞ്ചിലും ആലിബാബയുടെ ഓഹരികൾ മൂക്കു കുത്തി.

ധാരാളം ലാഭമുണ്ടാക്കുന്ന ഒന്നായിരുന്നു ആൻഡ് കമ്പനി. ഐപിഒ വഴി 34.5 ബില്ല്യൻ ഡോളർ ഉണ്ടാക്കാനാണ് കമ്പനി ശ്രമിച്ചത്. ഈ തുകയുടെ വലിയൊരു പങ്കും ചെറുകിട ലോണുകളായി നൽകാനാണ് മാ നീക്കം നടത്തിയത്. അതേസമയം, ചൈനീസ് ബാങ്കുകൾക്ക് ലോൺ നൽകാൻ അധികം ആസ്തിയുമില്ല. ചെറുകിട ലോൺ ബിസിനസ് അതിവേഗമാണ് ചൈനയിൽ വളരുന്നത്. ആന്റിന്റെ ഉപയോക്താക്കൾ ധാരാളമായി ചെറുകിട ലോണുകൾ എടുത്തു കൂട്ടുന്നുമുണ്ട്. കൂടുതൽ മൂലധനവുമായി ആൻഡ് ഇറങ്ങിയാൽ തങ്ങൾക്കു തട്ടുകിട്ടുമെന്ന തോന്നൽ തന്നെയായിരിക്കാം ബെയ്ജിങ്ങിനെക്കൊണ്ട് ഇതു ചെയ്യിച്ചതെന്നു കരുതുന്നു.

അലാവുദ്ദീനെ പോലെ അത്ഭുതം നിറച്ച ആലിബാബ സ്ഥാപകന്റെ ജീവിതം

ലോകപ്രശസ്തമായ ആയിരത്തൊന്ന് രാവുകളിലെ ആലിബാബ എന്ന കഥാപാത്രത്തിൽ നിന്നാണ് കമ്പനിയുടെ ആലിബാബ എന്ന പേര് എടുത്തിട്ടുള്ളത്. സാൻഫ്രാൻസിസ്‌കോയിലുള്ള ഒരു കോഫി ഷോപ്പിൽ വച്ചാണ് ആലിബാബ സ്ഥാപകനായ ജാക്ക് മാ ഈ പേരിൽ ആകൃഷ്ടനാകുന്നതും അതിന്റെ ലോകവ്യാപകമായ തിരിച്ചറിയപ്പെടൽ മൂലം തന്റെ കമ്പനിക്ക് ആ പേര് മതി എന്ന് തീരുമാനിക്കുന്നതും. കമ്പനിയുടെ പേരു സൂചിപ്പിക്കുന്നത് പോലം അത്ഭുതങ്ങളിൽ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

ഏതൊരു ബിസിനസ് വിദ്യാർത്ഥികൾക്കും അത്ഭുതം നിറയ്ക്കുന്നതായിരുന്നു ആലിബാബ സ്ഥാപകൻ ജാക്ക് മേയുടെ ജീവിതം. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ സ്റ്റോറുകളിൽ ഒന്നായി ആലിബാബയെ കെട്ടിപ്പെടുത്തതിൽ ഈ മനുഷ്യന്റെ അധ്വാനം ചില്ലറയല്ല. കേവലം 800 രൂപ ശമ്പളമുണ്ടായിരുന്ന അദ്ധ്യാപകനായിരുന്നു അദ്ദേഹം. അവിടെ നിന്നാണ് ലോകം കീഴടക്കിയ സ്ഥാപന ഉടമയായി അദ്ദേഹം മാറിയത്. വെറും 20 വർഷം കൊണ്ട് 29 ലക്ഷം കോടി രൂപ മൂല്യമുള്ള സ്ഥാപനം കെട്ടിപ്പടുത്താണ് ജാക്ക് മായുടെ അത്ഭുതം.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകൾ. വെറും 800 രൂപ പ്രതിമാസ ശമ്പളം വാങ്ങി അദ്ധ്യാപക ജോലി ചെയ്തിരുന്ന മാ യുൻ എന്ന യുവാവ് കെഎഫ്‌സിയിൽ തൊഴിലവസരം ഉണ്ടെന്നറിഞ്ഞ് അപേക്ഷ അയക്കുന്നു. അപേക്ഷിച്ച 24 പേരിൽ 23 പേർക്കും ജോലി ലഭിച്ചു. മാ യുൻ മാത്രം ഒഴിവാക്കപ്പെട്ടു. ജോലിക്കായി മാ യുൻ അയച്ച 30 അപേക്ഷകളും നിരസിക്കപ്പെട്ടു. ആ മായുൻ പിന്നീട് മറ്റാർക്ക് മുന്നിലും തല കുനിച്ചില്ല. സ്വന്തമായി ബിസിനസ് തുടങ്ങി ലക്ഷങ്ങൾക്ക് തൊഴിൽ നൽകുന്ന വ്യക്തിയായി അദ്ദേഹം മാറി.

1999 ൽ തന്റെ 18 സഹൃത്തുക്കളുമായി ചേർന്ന് ആരംഭിച്ച ആലിബാബ എന്ന ഓൺലൈൻ സ്റ്റോർ ലോകം അറിയപ്പെടുന്ന സ്ഥാപനമാക്കി അദ്ദേഹം വളർത്തുകയാിരുന്നു. മാ യുൻ എന്ന ജാക്ക് മാ എന്ന് ലോകം വിളിക്കുന്ന ആലിബാബയുടെ ഉടമയുടെ ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഇന്റർനെറ്റിന്റെ സാധ്യത തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്തിയതാണ് ജാക്ക് മായെ ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാക്കിയത്. ഇന്ന് ഒരു ലക്ഷത്തിലേറെ പേർ ആലിബാബയിൽ ജോലി ചെയ്യുന്നു.ഒരു ദിവസം ആലിബാബയുടെ വെബ്‌സൈറ്റിലെത്തി ഉത്പന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം 10 കോടിയാണ്.

55 വയസാകുമ്പോൾ വിരമിക്കുമെന്ന് നേരത്തെ തന്നെ ജാക്ക് മാ പ്രഖ്യാപിച്ചിരുന്നു. സഹപ്രവർത്തകനായ ഡാനിയൽ സാങിന് ചെയർമാൻ സ്ഥാനം കൈമാറിയാണ് ജാക്ക് മാ പടിയിറങ്ങുകയും ചെയ്തു. എന്നാൽ അദ്ദേഹം ആലിബാബയുടെ ബോർഡിൽ അദ്ദേഹം തുടർന്നു വരികയായിരുന്നു.

ലോകം കീഴടക്കിയ ആലിബാബ

ഇ-വ്യാപാരം, ചില്ലറവ്യാപാരം, ഇന്റെർനെറ്റ്, നിർമ്മിത ബുദ്ധി, സാങ്കേതികവിദ്യ എന്നീ മേഖലകളിലായിരുന്നു ആലിബാബ ലോകം മുഴുവൻ കീഴടക്കി വളർന്നത്. ഉപഭോക്താവിൽ നിന്ന് ഉപഭോക്താവിലേക്കും, ബിസിനസിൽ നിന്ന് ഉപഭോക്താവിലേക്കും, ബിസിനസിൽ നിന്ന് ബിസിനസിലേക്കും വില്പന സേവനങ്ങൾ വെബ് പോർട്ടൽ വഴി ലഭ്യമാക്കി വന്നു. ഇലക്ട്രോണിക് പണകൈമാറ്റം, സെർച്ച് എഞ്ചിൻ, ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനങ്ങൾ എന്നിവയും ആലിബാബയുടെ പ്രധാന സേവനങ്ങളിൽ പെടും. ലോകം കീഴടക്കുന്ന ചൈനീസ് കമ്പനികളിൽ ഒന്നാമനാണ് ആലിബാബ. ഫോർച്യൂൺ മാസിക ആലിബാബ ഗ്രൂപ്പിനെ ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളിൽ ഒന്നായി പ്രഖ്യാപിച്ചിരുന്നു.

ലോകത്തിലെ തന്നെ വലുതും മൂല്യമേറിയതുമായ പത്ത് കമ്പനികളിൽ ഒന്നാണ് ആലിബാബ. ഇരുന്നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആലിബാബ ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വലിയ ചില്ലറവില്പനക്കാരിൽ ഒരാളാണ്. ആമസോൺ ഈ മേഖല കീഴടക്കും മുമ്പ് വൻ കുതിപ്പു നടത്താൻ ആലിബാബയ്ക്ക് സാധിച്ചിരുന്നു. 2015 മുതൽ ആലിബാബയുടെ ഓൺലൈനിലൂടെയുള്ള ആകെ വില്പനയും ലാഭവും അമേരിക്കയിലെ എല്ലാ ചില്ലറവില്പന ശൃംഖലകളുടെതും കൂടി ഉയർന്നതായിരുന്നു. മാധ്യമ വ്യവസായത്തിലേക്കും ചുവടുവെച്ച ആലിബാബ ഈ മേഖലയിലും വലിയ സക്‌സസായിരുനനു.

18 സെപ്റ്റംബർ 2014ൽ ഒരു ഓഹരിക്ക് 68 ഡോളർ നിലവാരത്തിലായിരുന്നു ആലിബാബ ഓഹരി വിപണിയിൽ പ്രവേശിച്ചത്. പ്രാഥമിക വില്പനയിൽ തന്നെ 21.8 ബില്യൺ യു എസ് ഡോളറാണ് ആലിബാബ നിക്ഷേപകരിൽ നിന്ന് സമാഹരിച്ചത്. യു എസ് ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയായിരുന്നു ഇത്. 19 സെപ്റ്റംബർ 2014ൽ രാവിലെ 11:55 ന് ഒരു ഓഹരിക്ക് 92.70 നിലവാരത്തിൽ ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ആലിബാബ ഓഹരികൾ വ്യാപാരം തുടങ്ങുകയായിരുന്നു.

ഇന്റർനെറ്റിനു മേൽ ഈ കമ്പനികൾക്കുള്ള പ്രഭാവമാണ് ഇവയ്ക്കെതിരെ നീങ്ങാൻ ചൈനയെ പ്രേരിപ്പിച്ചത്. അതിനായി കുത്തക വിരുദ്ധ നിയമം കഴിഞ്ഞ മാസം ചൈന കൊണ്ടുവന്നിരുന്നു. ഇത്രയും കാലം കയറൂരിവിട്ടിരുന്ന ബിസിനസുകാരെയൊക്കെ കുറ്റിയിൽ കെട്ടാനുള്ള ശ്രമമാണ്. തകർക്കാനാകാത്ത വിധത്തിൽ വളർന്ന കമ്പനി എന്നായിരുന്നു ഒരിക്കൽ മായുടെ കമ്പനികളെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തരം കമ്പനിയല്ല തങ്ങൾക്കു വേണ്ടത്, മറിച്ച് ചെറിയ, പറഞ്ഞാൽ കേൾക്കുന്ന കമ്പനികൾ മതി എന്നാണ് സർക്കാർ നിലപാട്. ഇതോടെയാണ് കുത്തക കമ്പനികളുടെ അടിത്തറ തകർക്കുന്ന നടപടികളുമായി ചൈനീസ് സർക്കാർ മുന്നോട്ടു പോകുന്നത്.

അടുത്തകാലത്തെ അതിർത്തി സംഘർഷങ്ങളും ആലിബാബയ്ക്ക് വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു. വീടുവിൽക്കുന്നവർ പോലും എല്ലാം ചൈനയിൽ നിന്ന് നേരിട്ട് വാങ്ങുന്ന അവസ്ഥ വന്നതോടെ ആലിബാബ പോലുള്ള ചൈനീസ് വ്യാപാര സൈറ്റുകൾ സജീവമായതോടെ കേന്ദ്രസർക്കാർ നടപടിയുമായി രംഗത്തുവരികയായിരുന്നു.

ജാക് മാ അറസ്റ്റിലോ?

ജാക്മായുടെ തിരോധാനം വിവാദമായി തുടരുമ്പോൾ പുറത്തുവരുന്ന വാർത്ത അദ്ദേഹത്തെ ചൈനീസ് ഭരണകൂടം അറസ്റ്റു ചെയ്തിട്ടുണ്ടാകാം എന്നാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് ഇരുമ്പു മറകൾക്ക് പുറത്തേക്ക് ഇതേക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. രണ്ടുമാസമായി പൊതുഇടങ്ങളിലൊന്നും കാണായ അദ്ദേഹം വീട്ടുതടങ്കലിലാകാം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോകമാകെ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ നിരീക്ഷണത്തിലാണെന്നു മാത്രമാണ് ചൈനിസ് സർക്കാർ വെളിപ്പെടുത്തിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ഇടഞ്ഞശേഷം അദ്ദേഹത്തിനെതിരെ അന്വേഷണ നടപടികളുൾപ്പടെയുള്ളവയുമായി ചൈനീസ് സർക്കാർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ കാണാതായ വാർത്ത പ്രചരിക്കുന്നത്.

മായുടെ സ്വന്തം ടാലന്റ് ഷോയായ 'ആഫ്രിക്കാസ് ബിസിനസ് ഹീറോസ്' ന്റെ അവസാന എപ്പിസോഡിൽ ജഡ്ജായി അദ്ദേഹം എത്തിയിരുന്നില്ല. പകരം ആലിബാബയുടെ മറ്റൊരു പ്രതിനിധിയാണ് പങ്കെടുത്തത്. ആലിബാബയുടെ വെബ്സൈറ്റിൽ നിന്ന് മായുടെ ചിത്രവും നീക്കുകയുംചെയ്തു. ഒക്ടോബറിൽ ഒരു പൊതുപരിപാടിയിൽ മാ ചൈനീസ് സർക്കാരിനെ വിമർശിച്ചതിനു പിന്നാലെയാണ് ആലിബാബയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. ചൈനീസ് റെഗുലേറ്റർമാർ സമയം നഷ്ടപ്പെടുത്തുന്നെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നെന്നുമായിരുന്നു വിമർശനം.

മായുടെ ഉടമസ്ഥതയിലുള്ള ആൻഡ് ഗ്രൂപ്പിന്റെ ഷാങ് ഹായിയിലും ഹോങ് കോങ്ങിലും 3700 കോടി ഡോളറിന്റെ ഓഹരി വിൽക്കാനുള്ള പദ്ധതി (ഇനിഷ്യൽ പബ്ലിക് ഓഫറിങ്) ചൈനീസ് സർക്കാർ നവംബറിൽ തടഞ്ഞിരുന്നു. മായോട് രാജ്യംവിടരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ പേടിഎം, പേടിഎം മാൾ, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, സ്നാപ്ഡീൽ തുടങ്ങിയവയിൽ ആലിബാബയ്ക്ക് നിക്ഷേപമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP