Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

മതാധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചത് ഒരു വംശത്തെ ഇല്ലായ്മ ചെയ്തുകൊണ്ട്; യുദ്ധങ്ങളിലെ തോൽവിക്ക് അർമീനിയൻ വംശജരെ പഴിചാരിയത് ഒരു കാരണം കണ്ടെത്താൻ; സിറിയൻ മരുഭൂമിയിലേക്കുള്ള പലായനത്തിൽ ജീവൻ നഷ്ടപ്പെട്ടത് ലക്ഷങ്ങൾക്ക്; നാടുവിടാൻ മടിച്ചവരെ ബലമായി മതം മാറ്റി; ഇതുവരെ അംഗീകരിക്കാൻ മടിച്ചുനിന്ന അർമീനിയൻ വംശഹത്യയെ അമേരിക്ക അംഗീകരിക്കുമ്പോൾ

മതാധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചത് ഒരു വംശത്തെ ഇല്ലായ്മ ചെയ്തുകൊണ്ട്; യുദ്ധങ്ങളിലെ തോൽവിക്ക് അർമീനിയൻ വംശജരെ പഴിചാരിയത് ഒരു കാരണം കണ്ടെത്താൻ; സിറിയൻ മരുഭൂമിയിലേക്കുള്ള പലായനത്തിൽ ജീവൻ നഷ്ടപ്പെട്ടത് ലക്ഷങ്ങൾക്ക്; നാടുവിടാൻ മടിച്ചവരെ ബലമായി മതം മാറ്റി; ഇതുവരെ അംഗീകരിക്കാൻ മടിച്ചുനിന്ന അർമീനിയൻ വംശഹത്യയെ അമേരിക്ക അംഗീകരിക്കുമ്പോൾ

രവികുമാർ അമ്പാടി

ട്ടോമൻ സാമ്രാജ്യം നടത്തിയ സമാനതകളില്ലാത്ത കൂട്ടക്കൊലയുടെ 106-മത് വാർഷികവേളയിൽ അമേരിക്ക പറയുന്നു അന്ന് അർമീനിയയിൽ നടന്നത് വംശഹത്യ തന്നെയാണ്. മതഭ്രാന്തും അസഹിഷ്ണുതയും നയിച്ചത് ഒരു വംശഹത്യയിലേക്ക് തന്നെയാണ്. ഇത്രയും നാൾ പാശ്ചാത്യലോകം ഇതിനെ ഒരു വംശഹത്യയായി അംഗീകരിച്ചിരുന്നില്ല. തുർക്കിയുമായുള്ള നയതന്ത്രബന്ധങ്ങളായിരുന്നു കാരണം. എന്നാൽ, അതെല്ലാം തൃണവൽഗണിച്ച് അമേരിക്ക ഇപ്പോൾ അർമീനിയൻ വംശഹത്യയേ അതേ പേരിൽ വിളിച്ച് മുന്നോട്ട് വന്നിരിക്കുന്നു.

മതമോ വംശമോ അതിൽ ഉൾപ്പെട്ടിട്ടില്ലെന്നും, ഒരു യുദ്ധകാലത്തുണ്ടായ സ്വാഭാവിക അക്രമസംഭവങ്ങളാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് തുർക്കിയുടെ നിലപാട്. മതനിരപേക്ഷ തുർക്കിയിൽ നിന്നും, തീവ്ര ഇസ്ലാമികതയുടെ ഏറ്റവും പുതിയ മുഖമായി തുർക്കി മാറാനൊരുങ്ങുമ്പോൾ, അമേരിക്കൻ പ്രസിഡണ്ട് നടത്തിയ ഈ പ്രഖ്യാപനം അന്താരാഷ്ട്ര ബന്ധങ്ങളിൽ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടാക്കും എന്നതിൽ തർക്കമില്ല.

കിഴക്കൻ അനറ്റോലിയയിലെ അർമീനിയൻ വംശജർ

ഇന്നത്തെ കിഴക്കൻ തുർക്കിയുടെ ഭാഗമായ അനറ്റോലിയ പീഠഭൂമിയിൽ നൂറ്റാണ്ട് കൾക്ക് മുൻപേ ജീവിച്ചിരുന്നവരാണ് അർമീനിയൻ വംശജർ. പ്രാഥമികമായി കൃസ്ത്യൻ മതവിശ്വാസികളായിരുന്ന അർമീനിയൻ വംശജരും മുസ്ലിം മതവിശ്വാസികളായ കുർദ്ദ് വംശജരുമായിരുന്നു ഈ ഭാഗത്തെ ആദിമ താമസക്കാർ. പുരാതനകാലത്തും മദ്ധ്യകാലഘട്ടത്തിലും ഇവിടം ഭരിച്ചിരുന്നത് വിവിധ അർമീനിയൻ രാജാക്കന്മാരായിരുന്നു.

പതിനൊന്നാം നൂറ്റാണ്ടിൽ ആരംഭിച്ച തുർക്കികളുടെ ആക്രമണങ്ങളും വൻതോതിലുള്ള കുടിയേറ്റവും ഈ മേഖലയിൽ അർമീനിയൻ വംശജരുടെ പ്രാമാണിത്വം കുറച്ചുകൊണ്ടുവന്നു. 16-)0 നൂറ്റാണ്ടായപ്പോഴേക്കും ഈ പ്രദേശം പൂർണ്ണമായും ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിലാവുകയും ചെയ്തു. അതിനുശേഷവും അർമീനിയൻ വംശജർ തങ്ങളുടെ സ്വത്വം കാത്തുസൂക്ഷിച്ചിരുന്നു. ന്യുനപക്ഷ വംശങ്ങൾക്ക് ഒന്നിച്ചു താമസിക്കാൻ ഉതകുന്ന മില്ലെറ്റ് സമ്പ്രദായം അവരെ അതിന് ഏറെ സഹായിക്കുകയും ചെയ്തിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഓട്ടോമൻ സാമ്രാജ്യത്തിൽ ഏകദേശം 2.5 മില്ല്യൺ അർമീനിയൻ വംശജരുണ്ടായിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. നല്ലൊരു വിഭാഗം അർമീനിയക്കാർ ഓട്ടോമൻ സാമ്രാജ്യാതിർത്തിയിൽ, റഷ്യക്ക് കീഴിലുണ്ടായിരുന്ന പ്രദേശങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ ഇരു പ്രദേശങ്ങളിലും അർമീനിയക്കാർ ഭൂരിപക്ഷമായിരുന്നില്ല. ഓട്ടോമൻ സാമ്രാജ്യത്തിൽ ജീവിച്ചിരുന്നവർക്ക് അവിടെ ഭൂരിപക്ഷമായിരുന്ന കുർദ്ദ് മുസ്ലീങ്ങളിൽ നിന്നും ഏറെ പീഡനങ്ങൾ സഹിക്കേണ്ടതായും വന്നിട്ടുണ്ട്.

അർമീനിയക്കാരുടെ ഭൂമി കൈയേറ്റം ചെയ്യുക, കന്നുകാലികളെ മോഷ്ടിക്കുക തുടങ്ങിയവയൊക്കെ കുർദ്ദുകളുടെ പരിപാടികളായിരുന്നു. അക്രമസംഭവങ്ങളുമ്കുറവായിരുന്നില്ല. നീതിന്യായ സംവിധാനങ്ങളെല്ലാം മുസ്ലീങ്ങളുടെ നിയന്ത്രണത്തിലായതിനാൽ അർമീനിയൻ കൃസ്ത്യാനികൾക്ക് നീതിയും ലഭിച്ചിരുന്നില്ല. അർമീനിയൻ വംശജരിൽ ഭൂരിഭാഗവും സാധാരണ കർഷകരായിരുന്നെങ്കിലും. ചില പ്രശസ്തരായ ശില്പികളും, സാമ്പത്തിക ഇടപാടുകളിൽ അഗ്രഗണ്യരായവരും വ്യാപാരികളുമൊക്കെ ഉണ്ടായിരുന്നു. ചില അർമീനിയൻ കുടുംബങ്ങൾ ഇന്ത്യയുൾപ്പടെയുള്ള വിദേശരാജ്യങ്ങളുമായി കച്ചവടത്തിൽ ഏർപ്പെട്ടിരുന്നു.

അർമീനിയൻ വംശജരുടെ സാമ്പത്തിക വളർച്ച ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങൾക്കിടയിൽ അസ്വസ്ഥത ജനിപ്പിച്ചു. ഒരു പരിധിയിലധികം അവർ വളർന്നാൽ, ഒരുപക്ഷെ, തങ്ങളുടെതായ ഒരു രാജ്യം രൂപീകരിച്ചേക്കും എന്നവർ ഭയന്നു. വിദേശ രാജ്യങ്ങളുമായി, അവർ നിലനിർത്തിയിരുന്ന നല്ല ബന്ധങ്ങളിലും മുസ്ലീങ്ങൾ അസ്വസ്ഥരായിരുന്നു.

സ്വതന്ത്ര അർമീനിയയ്ക്കായുള്ള പോരാട്ടവും അടിച്ചമർത്തലും

അതേസമയം, റഷ്യൻ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന അർമീനിയൻ വംശജർ , പ്രത്യേകിച്ച് കോകേഷ്യ മേഖലയിലുള്ളവർ ഒരു സ്വതന്ത്ര അർമീനിയൻ രാജ്യത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1887-ലും 1890 ലും ആയി അവർ രണ്ട് വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ( ബെൽ, ഫെഡറേഷൻ) രൂപം നൽകി. എന്നാൽ, ഈ പ്രസ്ഥാനങ്ങൾക്ക് ഓട്ടോമൻ പ്രവിശ്യയായ കിഴക്കൻ അനറ്റോളിയയിലെ അർമീനിയൻ വംശജർക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല. കൃസ്ത്യൂൻ ഭൂരിപക്ഷമുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി ഓട്ടോമൻ സാമ്രാജ്യം തങ്ങൾക്കനുകൂലമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരും എന്നായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ, റഷ്യൻ മേഖലയിലെ അർമീനിയൻ ഉയർത്തെഴുന്നേൽപ് ഓട്ടോമൻ പ്രവിശ്യയിലെ തീവ്ര മുസ്ലിം വാദികളിൽ ആശങ്ക പടർത്തി. അത് അർമീനിയൻ വിരുദ്ധവികാരത്തിലാണ് കലാശിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലും പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും തത്ഫലമായി നിരവധി അക്രമസംഭവങ്ങൾ നടന്നു. ലോകത്തിലെ പല ഭാഗങ്ങളിലും മുസ്ലിം ഭരണാധികാരികൾ മറ്റു മതവിശ്വാസികൾക്ക് അവരുടെ വിശ്വാസങ്ങൾ വച്ചു പുലർത്താൻ പ്രത്യേക നികുതികൾ ചുമത്തിയിരുന്നു. ഓട്ടോമൻ സാമ്രാജ്യവും അതിൽ നിന്നും വിഭിന്നമായിരുന്നില്ല.

1894-ൽ സസൻ പ്രവിശ്യയിലെ അർമീനിയൻ വംശജർ ഈ നികുതി നൽകാൻ വിസമ്മതിച്ചതോടെ ഓട്ടോമൻ സൈന്യം അവിടെയെത്തി. കൂടെയെത്തിയ കുർദ്ദ് വംശജർ കലാപമഴിച്ചുവിടുകയും ആയിരക്കണക്കിന് അർമീനിയൻ വംശജരെ കൊലചെയ്യുകയും ചെയ്തു. പിന്നീട് 1895- ഇസ്താംബൂളിൽ നടന്ന അർമീനിയൻ വംശജരുടെ ഒരു പ്രതിഷേധ റാലിയിൽ പങ്കെടുത്തവരെയും ഓട്ടോമൻ സൈനികർ കൂട്ടക്കൊല ചെയ്തു. 1909-ൽ പോഗോംസ്, അഡാന എന്നീ നഗരങ്ങളിൽ നടന്ന അക്രമങ്ങളിൽ 20,000 ൽ അധികം അർമീനിയക്കാർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

യുവ തുർക്കികളും ഒന്നാം ലോക മഹായുദ്ധവും

1908-ൽ അന്നത്തെ ഓട്ടോമൻ ചക്രവർത്തി സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമനെ സ്ഥാനഭൃഷ്ടനാക്കി യുവതുർക്കികൾ എന്നറിയപ്പെടുന്ന വിപ്ലവകാരികളുടെ ഒരു സംഘം തുർക്കിയിൽ അധികാരത്തിലേറി. ഈ നടപടിയെ തുർക്കിയിൽ മറ്റ് ന്യുനപക്ഷ വംശജരെ പോലെ അർമീനിയരും സ്വാഗതം ചെയ്തിരുന്നു. വംശീയ അസമത്വം തുടച്ചുനീക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവരെല്ലാം പിന്തുണ നൽകിയത്. എന്നാൽ, ചക്രവർത്തിമാരേക്കാൾ മതാന്ധത ബാധിച്ചവരായിരുന്നു ഈ യുവതുർക്കികൾ.

യുവതുർക്കികളിലെ മിതവാദികളെ ക്രമേണ പുറന്തള്ളി മത തീവ്രവാദികൾ അധികാരമേറ്റതോടെ അർമീനിയക്കാർക്ക് വീണ്ടും കഷ്ടകാലം ആരംഭിക്കുകയായി. വിദേശ രാജ്യങ്ങളുമായി ചേർന്ന് തുർക്കി ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണത്തിന്റെ കുന്തമുന അർമീനിയക്കാർക്ക് നേരെ തിരിഞ്ഞു. 1912-13-ൽ നടന്ന ബാൾക്കൻ യുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം പരാജയപ്പെട്ടതോടെ കൃസ്ത്യാനികളോടുള്ള വിരോധത്തിന് ആക്കം കൂട്ടി. അത്ര ദയനീയ പരാജയമായിരുന്നു ഓട്ടോമൻ ഏറ്റുവാങ്ങിയത്.

ഈ പരാജയത്തോടെ ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഉണ്ടായിരുന്ന പ്രദേശങ്ങളെല്ലാം അവർക്ക് നഷ്ടമായി. ബാൾക്കൻ പ്രദേശങ്ങളിലുള്ള കൃസ്ത്യാനികളുടെ ചതിമൂലമാണ് തോൽവി സംഭവിച്ചതെന്ന് യുവതുർക്കികൾ പ്രചരിപ്പിച്ചു. ഇതിനെ തുടർന്ന് അന്റോലിയയിലേക്ക് വൻതോതിൽ മുസ്ലീങ്ങളുടെ കുടിയേറ്റമുണ്ടാവുകയും മുസ്ലിം കുടിയേറ്റക്കാരും അനറ്റോലിയയിൽ ജനതയായ കൃസ്ത്യൻ കർഷകരും തമ്മിൽ സംഘട്ടനങ്ങൾ വർദ്ധിക്കുകയും ചെയ്തു.

യുദ്ധത്തിൽ ജയിച്ച യൂറോപ്യൻ ശക്തികളോട് ഇതിനകം അർമീനിയൻ കൃസ്ത്യാനികൾ, ഓട്ടോമാൻ സാമ്രാജ്യത്തിനു മേൽ പുതിയ പരിഷ്‌കാരങ്ങൾക്കായി സമ്മർദ്ദം വർദ്ധിപ്പിക്കുവാൻ അപേക്ഷിച്ചു. 1914-ൽ യൂറോപ്യൻ ശക്തികൾ അതിനായുൾല ശ്രമവും ആരംഭിച്ചു. ഇത് അർമീനിയൻ വംശജർ യൂറോപ്പുമായി കൈകോർക്കുന്നു എന്നതിന്റെ മറ്റൊരു തെളിവായാണ് യുവ തുർക്കികൾ എടുത്തത്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ പരമാധികാരത്തെ അവർ ചോദ്യം ചെയ്യുകയാണെന്നായിരുന്നു യുവ തുർക്കികളുടെ വാദം.

ഈ സമയത്താണ് ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നത്. ജർമ്മനിയും ആസ്ട്രിയ-ഹംഗറിയും നിലകൊണ്ട് കേന്ദ്രീയ സഖ്യത്തിലായിരുന്നു യുവതുർക്കികൾ നിലകൊണ്ടത്. ബ്രിട്ടൻ, ഫ്രാൻസ് റഷ്യ എന്നിവരായിരുന്നു മറുഭാഗത്ത്. കൃസ്ത്യാനികളായ അർമീനിയക്കാരും അസ്സീറിയക്കാരും ജീവിച്ചിരുന്നത് റഷ്യൻ- ഓട്ടോമൻ അതിർത്തിയിലായിരുന്നതിനാൽ ഇരുവിഭാഗവും ഇവരെ തങ്ങളുടെ സഖ്യത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു.

എന്നാൽ, ഓട്ടോമൻ ഭാഗത്തുള്ള അർമീനിയൻ വംശജർ ഓട്ടോമാന് വേണ്ടിയും റഷ്യൻ ഭാഗത്തുള്ളവർ റഷ്യയ്ക്ക് വേണ്ടിയും പോരാടാൻ തീരുമാനിക്കുകയായിരുന്നു. റഷ്യൻ സൈന്യവും ഓട്ടോമാൻ സൈന്യവും നേരിട്ട് ഏറ്റുമുട്ടിയ യുദ്ധമുഖങ്ങളിലെല്ലാം നിരവധി കൃസ്ത്യാനികളും മുസ്ലീങ്ങളും മരണപ്പെടുകയും ചെയ്തു. ഓട്ടോമൻ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും കീഴടക്കി മുന്നേറുന്ന റഷ്യൻ സൈന്യത്തെ തുരത്താൻ 1915-ൽ അന്നത്തെ ഓട്ടോമൻ ജനറലായിരുന്ന എൻവർ പാഷയുടെ ശ്രമം ഓട്ടോമാൻ സാമ്രാജ്യത്തിന് സമ്മാനിച്ചത് നാണം കെട്ട തോൽവിയായിരുന്നു.

വംശഹത്യ ആരംഭിക്കുന്നു

കഴിവുകെട്ട നേതൃത്വവും പ്രതികൂല സാഹചര്യങ്ങളുമാണ് തുർക്കിക്ക് അതിദയനീയമായ പരാജയം നേടിക്കൊടുത്തതെങ്കിലും യുവതുർക്കികൾ അതിന്റെയും കുറ്റം ചാരിയത് അർമീനിയൻ സൈനികരിലായിരുന്നു. അർമീനിയൻ സൈനികരേയും മറ്റ് ന്യുനപക്ഷ വംശങ്ങളിൽ പെട്ട സൈനികരേയും നിരായുധരാക്കി അവരെ ലേബർ ക്യാമ്പുകളിലേക്ക് മാറ്റി. നിരായുധരായ അർമീനിയൻ സൈനികരെ പിന്നീട് ഓട്ടോമൻ സൈന്യം ഒന്നൊന്നായി വധിക്കാൻ തുടങ്ങി. ഇതായിരുന്നു വംശഹത്യയുടെ ആരംഭം.

അതേസമയം തന്നെ അസംഘടിതരായ ഒട്ടനേകം മുസ്ലിം സംഘങ്ങൾ റഷ്യൻ അതിർത്തിയിലുള്ള അർമീനിയൻ ഗ്രാമങ്ങളിൽ അക്രമങ്ങൾ അഴിച്ചുവിടാൻ ആരംഭിച്ചിരുന്നു. ഇതിനെ ചെറുക്കാൻ അർമീനിയൻ കൃസ്ത്യാനികൾ ശ്രമിച്ചപ്പോൾ, ഭരണകൂടത്തിന് കലാപത്തിൽ ഇടപെടാൻ നല്ലൊരു അവസരം ലഭിച്ചു. 1915 ഏപ്രിലിൽ, വാൻ എന്നൊരു നഗരത്തിൽ അർമീനിയൻ വംശജർ ബാരിക്കേഡുകൾ ഉയർത്തി ഓട്ടോമൻ സൈന്യത്തെ പ്രതിരോധിച്ചു. ഇതിനെ തുടർന്ന് ഇസ്താംബൂളിലുണ്ടായിരുന്ന 250-ഓളം അർമീനിയൻ ബുദ്ധിജീവികളേയും രാഷ്ട്രീയ നേതാക്കളേയും ഭരണകൂടം തടവിലാക്കി. ഓട്ടോമൻ പാർലമെന്റ് അംഗങ്ങൾ പോലും അവരിലുണ്ടായിരുന്നു. പിന്നീടുള്ള മാസങ്ങളിൽ അവർ ഓരോരുത്തരായി വധിക്കപ്പെട്ടു.

വംശഹത്യയുടെ മൂർദ്ധന്യ ഘട്ടം

ഒന്നാം ലോകമഹായുദ്ധത്തിലേറ്റ കനത്ത പരാജയം യുവ തുർക്കികളെ ഭ്രാന്തുപിടിപ്പിച്ചു എന്നു തന്നെ പറയാം. കിഴക്കൻ അനറ്റോലിയയിൽ നിന്നും അർമീനിയൻ വംശജരെ വൻതോതിൽ കുടിയൊഴിപ്പിക്കാൻ ആരംഭിച്ചു. അതിർത്തിയിൽ അവരുടെ സാന്നിദ്ധ്യം ദേശസുരക്ഷക്ക് വിലങ്ങുതടിയാകുന്നു എന്നായിരുന്നു കാരണമായി പറഞ്ഞിരുന്നത്. ഇത് ആരംഭിച്ചതിനു ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ഓട്ടോമാൻ പാർലമെന്റ് ചേർന്ന് ഇത് നിയമവിധേയമാക്കുകയും ചെയ്തു.

1915-ലെ വസന്ത -ശർത്ക്കാലങ്ങളിൽ മുഴുവൻ ഇത്തരത്തിൽ അർമീനിയക്കാരെ അവരുടെ വീടുകളിൽ നിന്നും ഒഴിപ്പിച്ച് കിഴക്കൻ അനറ്റോലിയയിലെ താഴ്‌വാരങ്ങളിലൂടെ നടത്തിച്ച് സിറിയൻ മരുഭൂമിയിലെ ക്യാമ്പിലേക്കായിരുന്നു മാറ്റിയിരുന്നത്. മരുഭൂമിയിലെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് ഇവരെ മാറ്റിയിരുന്നത് സൈന്യത്തിന്റെ മേൽനോട്ടത്തിലായിരുന്നെങ്കിലും വഴിയിൽ നിരവധിതവണ അവർ കുർദ്ദുകളുടെയും സർകേഷ്യൻസിന്റെയും ആക്രമണങ്ങൾക്ക് വിധേയരായിരുന്നു.

ഈ ആക്രമണങ്ങളിൽ തന്നെ ലക്ഷക്കണക്കിന് പേരാണ് മരണമടഞ്ഞത്. അതിൽ നിന്നും രക്ഷപ്പെട്ട് മരുഭൂമിയിൽ എത്തിയവർ അവിടത്തെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ പട്ടിണി മരണത്തിനും കൂട്ടക്കൊലയ്ക്കും ഇരയായി. 1916 വരെ ഇതു തുടർന്നു. തുർക്കിയോട് അനുകൂലിക്കുന്ന ചരിത്രകാരന്മാരുടെ കണക്കുപ്രകാരം തന്നെ 6 ലക്ഷം മുതൽ 10 ലക്ഷം പേർ വരെ ഇത്തരത്തിൽ കൊലചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സ്വതന്ത്ര ചരിത്രകാരന്മാരുടെ കണക്കുകൾ പറയുന്നത് മരിച്ചവരുടെ എണ്ണം ഇതിന്റെയൊക്കെ ഇരട്ടിയാണെന്നാണ്.

തുർക്കി സമ്പൂർണ്ണ മുസ്ലിം രാജ്യമായി മാറുന്നു.

ഇത്തരത്തിൽ ഓട്ടോമൻ പ്രവിശ്യകളിലുണ്ടായിരുന്ന 90 ശതമാനം അർമീനിയൻ വംശജരേയും കൊന്നുകളഞ്ഞു. അവരുടെ ഭൂതകാല സാന്നിദ്ധ്യം പോലും വരും തലമുറയ്ക്ക് മുന്നിൽ വെളിപ്പെടാതിരിക്കാൻ വീടുകളും ആരാധനാലയങ്ങളും തകർത്തെറിഞ്ഞു. കിഴക്കൻ അനറ്റോലിയയിൽ ഉണ്ടായിരുന്ന അർമീനിയൻ കൃസ്ത്യാനികളുടെ വീടുകളെല്ലാം മുസ്ലിം അഭയാർത്ഥികൾക്ക് നൽകി.അവശേഷിച്ചിരുന്ന ഒരു ചെറുവിഭാഗം അർമീനിയക്കാരെ ബലം പ്രയോഗിച്ച് ഇസ്ലാമതത്തിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ഒരു ഏകമത റിപ്പബ്ലിക്കായ തുർക്കി നിലവിൽ വന്നു.

അർമീനിയൻ വംശഹത്യയും ലോകരാഷ്ട്രങ്ങളുടെ നിലപാടും

പിന്നീട് മതേതര റിപ്പബ്ലിക്കായി മാറി പാശ്ചാത്യ രീതിയിലേക്ക് എത്തിയ തുർക്കി പാശ്ചാത്യ രാജ്യങ്ങളുടെ ഉറ്റ തോഴനായി മാറി. അക്കാലത്ത് അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളൊന്നും തന്നെ ഈ കൂട്ടക്കൊലയെ ഒരു വംശഹത്യയായി അംഗീകരിച്ചിരുന്നില്ല. ഒരു യുദ്ധകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അക്രമ പരമ്പരയായി മാത്രമായിരുന്നു തുർക്കി ഇതിനെ വ്യാഖ്യാനിച്ചിരുന്നത്. തുർക്കിയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടാതിരിക്കുവാനായി പാശ്ചാത്യ ശക്തികളും തുർക്കിയുടെ വാദത്തെ തിരുത്താൻ ഇറങ്ങിയില്ല.

ബാരക്ക് ഒബാമയും, ട്രംപ് പോലും അർമീനിയൻ കൂട്ടക്കൊലയെ വംശഹത്യ എന്നു വിളിച്ചിരുന്നില്ല. അവിടെയാണ് ജോ ബൈഡന്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നത്. പ്രമുഖ ഇസ്ലാമിക രാഷ്ട്രങ്ങളെല്ലാം തന്നെ തീവ്ര രാഷ്ട്രീയ ഇസ്ലാമിസത്തിൽ നിന്നും മാറുന്ന സന്ദർഭത്തിൽ ഇസ്ലാമിക തീവ്രവാദത്തിന്റെ ശക്തി കുറയുകയാണ്. ഐസിസിന്റെയും താലിബാന്റെയും തകർച്ച റാഡിക്കൽ ഇസ്ലാമിസസിത്തിനേറ്റ കനത്ത തിരിച്ചടി തന്നെയാണ്. ആധുനിക ലോകത്തിനനുസൃതമായ രീതിയിലേക്ക് രാജ്യത്തെ നയിക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ പോലുള്ള പലരാജ്യങ്ങളും.

വർഷങ്ങളായി ഇസ്രയേലുമായി നിലനിന്നിരുന്ന കുടിപ്പക ഉപേക്ഷിച്ച് സമാധാനത്തിന് പ്രാധാന്യം കൊടുക്കുന്ന നല്ലനാളുകൾ പല ഇസ്ലാമിക രാജ്യങ്ങളും യാഥാർത്ഥ്യമാക്കുവാൻ ശ്രമിക്കുമ്പോൾ അതിതീവ്ര പൊളിറ്റിക്കൽ ഇസ്ലാമിസത്തിന്റെ പുതിയ മുഖമായി ഉയർന്ന് വരികയാണ് തുർക്കിയുംഅതിന്റ് ഭരണാധികാരിയായ തയിപ് എർദോഗനും. അതിപുരാതന കൃസ്ത്യൻ പള്ളിയായ ഹാഗിയ സോഫിയ ഒരു മോസ്‌ക് ആക്കി മാറ്റിയത് ഇതിന്റെ ഒരു പ്രതീകാത്മക നടപടിയായിട്ടാണ് പാശ്ചാത്യ ലോകം വിലയിരുത്തുന്നത്.

ഈ സാഹചര്യത്തിൽ ജോ ബൈഡന്റെ പുതിയ പ്രസ്താവനയ്ക്ക് ഏറെ പസക്തിയുണ്ട്. ട്രംപിനു ശേഷം ജോ ബൈഡൻ അധികാരത്തിലെത്തുമ്പോൾ, ഇറാൻ ഉൾപ്പടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങളോട് മൃദു സമീപനം പുലർത്തും എന്നായിരുന്നു പൊതുവേ വിലയിരുത്തിയിരുന്നത്. ഏതെങ്കിലുമൊരു മതത്തെ ഒറ്റപ്പെടുത്തില്ലെന്ന് പ്രഖ്യാപിക്കുമ്പോഴും അതിനെ രാഷ്ട്രീയവത്ക്കരിച്ചുള്ള ഏതൊരു പ്രവർത്തനത്തേയും അമേരിക്ക തുടർന്നും എതിർക്കും എന്നുതന്നെയാണ് ബൈഡൻ നൽകുന്ന സന്ദേശം. അദ്ദേഹത്തിന്റെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നതുപോലെ മതഭ്രാന്തും അസഹിഷ്ണുതയും ഇല്ലാത്ത ലോകത്ത് ഇനിയുള്ള കുട്ടികൾ വളരേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം അസന്നിഗ്ധമായി പറയുകയണ് അർമീനിയൻ കൂട്ടക്കുരുതിയെ വംശഹതയായി അംഗീകരിക്കുക വഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP