Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കോവിഡിൽ ലോകം നിശ്ചലമായപ്പോൾ ക്രൂഡ് ഓയിലിന്റെ വില പൂജ്യത്തിലും താഴെ; ഒരു ബാരൽ എടുക്കുന്നവർക്ക് 36 ഡോളർ ഇങ്ങോട്ട് കിട്ടുന്ന അവസ്ഥയിൽ അമ്പരന്ന് സാമ്പത്തിക വിദഗ്ദ്ധർ; അനുദിനം ഉൽപ്പാദിപ്പിക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ സംഭരിക്കാൻ എവിടെയും സ്ഥലവുമില്ല; ഒരിക്കൽ തുടങ്ങിയാൽ എണ്ണക്കിണറുകളുടെ പ്രവർത്തനം നിർത്തിവെക്കാനും കഴിയില്ല; പെട്രോൾ അടിച്ചാൽ ഇങ്ങോട്ട് കാശുകിട്ടുന്ന കാലം വരുമോ? പ്രചാരണങ്ങൾക്ക് പിന്നിലെ വസ്തുത എന്താണ്?

കോവിഡിൽ ലോകം നിശ്ചലമായപ്പോൾ ക്രൂഡ് ഓയിലിന്റെ വില പൂജ്യത്തിലും താഴെ; ഒരു ബാരൽ എടുക്കുന്നവർക്ക് 36 ഡോളർ ഇങ്ങോട്ട് കിട്ടുന്ന അവസ്ഥയിൽ അമ്പരന്ന് സാമ്പത്തിക വിദഗ്ദ്ധർ; അനുദിനം ഉൽപ്പാദിപ്പിക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ സംഭരിക്കാൻ എവിടെയും സ്ഥലവുമില്ല; ഒരിക്കൽ തുടങ്ങിയാൽ എണ്ണക്കിണറുകളുടെ പ്രവർത്തനം നിർത്തിവെക്കാനും കഴിയില്ല; പെട്രോൾ അടിച്ചാൽ ഇങ്ങോട്ട് കാശുകിട്ടുന്ന കാലം വരുമോ? പ്രചാരണങ്ങൾക്ക് പിന്നിലെ വസ്തുത എന്താണ്?

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: 30കളിലെ ഗ്രേറ്റ് ഡിപ്രഷനു സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡ് 19 ലോകത്തിന് ഉണ്ടാക്കു എന്ന ചില സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഒരു കുഞ്ഞൻ വൈറസുമൂലം ലോകം നിശ്ചലമായതോടെ എണ്ണയുടെ ഉപഭോഗവും ലോകത്ത് കുത്തനെ ഇടിഞ്ഞു. അതോടെ ക്രൂഡ് ഓയിലിന്റെ വിലയും. ഇന്ന് ക്രൂഡ് ഓയിൽ വില ഒരു ബാരലിന് നെഗറ്റീവ് 36 ഡോളറായി കുറഞ്ഞിട്ടുണ്ട്. എന്ന് വച്ചാൽ ഓയിൽ വാങ്ങാൻ കമ്പനികൾ ഇങ്ങോട്ട് പണം തരുമെന്ന്! പക്ഷേ ഇതോടൊപ്പം പല തെറ്റിദ്ധാരണകളും പ്രചരിക്കയാണ്. അതിൽ ഒന്നാണ് ഇന്ത്യയിൽ പെട്രോൾ ഡീസൽ വില കുത്തനെ കുറയുമെന്നും, ചിലപ്പോൾ എണ്ണയടിക്കുമ്പോൾ പണം നിങ്ങൾക്ക് ഇങ്ങോട്ട് കിട്ടുമെന്നുമൊക്കെ.

ഇതൊക്കെ പുർണ്ണമായും അബദ്ധങ്ങൾ മാത്രമാണ്. ഒന്നാാത് അമേരിക്കയിലെ പോലെ വെസ്റ്റ് ടാക്സസ് ഇന്റർമീഡിയറ്റ് എന്ന ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ നമ്മൾ ഉപയോഗിക്കുന്നില്ല. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ബ്രെന്റ് ക്രൂഡാണ്. ബ്രെന്റ് ക്രൂഡിന്റെ ഇന്നത്തെ വില ഏകദേശം 25 ഡോളറാണ്. എന്നാൽ ഡബ്ല്യുടിഐ ക്രൂഡിന്റെ വില കുറഞ്ഞത് ബ്രെന്റിന്റേയും വില കുറയ്ക്കുമെന്ന് കരുതാം. അതിന്റെ ഗുണം എത്രത്തോളം ജനങ്ങളിലേക്ക് എത്തുമെത്തിൽ ഉറപ്പില്ല. കാരണം എണ്ണവിലയുടെ ചെറിയൊരു ഭാഗം മാത്രമാണ് ക്രൂഡോയിൽ വിലയുടെ അന്താരാഷ്ട്ര വ്യതിയാനം കൊണ്ട് മാറുക. മറ്റുള്ള പ്രധാന ഭാഗം അതാത് രാജ്യങ്ങളിലെ ഗവൺമെന്റുകൾ ചുമത്തുന്ന നികുതികളാണ്.

അമേരിക്കയിൽ എണ്ണവില അഭൂതപൂർവമാം വിധം കൂപ്പുകുത്തിയിരിക്കുകയാണ് . തിങ്കളാഴ്ച അമേരിക്കൻ ഓയിൽ ഫ്യൂച്ചേഴ്‌സ് വിപണി സാക്ഷ്യം വഹിച്ചത് ഏറ്റവും വലിയ തകർച്ചയ്ക്കാണ്. കൊവിഡ് 19 ലോക്ക്ഡൗൺ കാരണം വിപണിയിൽ ഇന്ധന ഡിമാൻഡ് കുറഞ്ഞിട്ടും ക്രൂഡ് ഓയിലിന്റെ ഉൽപാദനവും എണ്ണ കുമിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ് ഉണ്ടാക്കിയത്. അങ്ങനെയാണ് ഡബ്ല്യുടിഎ എന്നറിയപ്പെടുന്ന അമേരിക്കൻ എണ്ണവിപണിയുടെ ബെഞ്ച് മാർക്ക് ആയ ക്രൂഡ് ഓയിൽ ഇനത്തിന്റെ വിപണിമൂല്യം, മെയ് മാസത്തെ 'ഫ്യൂച്ചേഴ്‌സ് 'വിപണിയിൽ മണിക്കൂറുകൾക്കിടെ 18 ഡോളറിൽ നിന്ന് -38 ഡോളർ ആയി കുറഞ്ഞുപോയത്.

'ആഗോളതലത്തിലുള്ള സപ്ലൈ-ഡിമാൻഡ് അസന്തുലിതാവസ്ഥ ഇതാദ്യമായി ക്രൂഡിന്റെ വിലയിൽ വല്ലാതെ പ്രതിഫലിക്കുന്ന കാഴ്ചയാണ് ഇത്. ഉത്പാദനം വേണ്ട അളവിൽ കുറച്ചില്ലെങ്കിൽ, എണ്ണ ശേഖരണ സംവിധാനങ്ങൾ വേഗത്തിൽ നിറഞ്ഞുകൊണ്ടിരിക്കും. ലോകത്തിന്റെ എണ്ണയുപഭോഗം കുറഞ്ഞിരിക്കുകയാണ്. അത് ഉത്പാദനത്തിലേക്ക് എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് എണ്ണക്കമ്പനികൾ ഇനിയെങ്കിലും തിരിച്ചറിയണം' -റൈസ്റ്റാർഡ് എനർജി എണ്ണ എണ്ണഗവേഷണസ്ഥാപനത്തിന്റെ ഗവേഷണ വിഭാഗം തലവനായ യോർണാർ ടോണാഹോഗൻ പറഞ്ഞു.

പെട്രോൾ അടിച്ചാൽ ഇങ്ങോട്ട് കാശ് കിട്ടില്ല

ഇന്ധനവില വളരെയധികം കുറവുള്ള രാജ്യമാണ് അമേരിക്ക. ഡബ്ല്യുടിഐ ക്രൂഡിന്റെ വില കുറഞ്ഞത് ഇന്ധനവില വീണ്ടും കുറയ്ക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ശുദ്ധീകരിക്കുന്നതിന്റെ ചെലവ്, ഡീലർകമ്മീഷൻ എന്നിവ ചേർക്കുന്നതുകൊണ്ട് കാശുകൊടുക്കാതെ ഇന്ധനം നിറയ്ക്കാനാവില്ല. അതായത് പൂർണ്ണമായും ഫ്രീ പെട്രാൾ അമേരിക്കയിൽപോലും കിട്ടില്ല എന്ന് ചുരുക്കം.

ക്രൂഡ് ഓയിലിന്റെ വില ബാരലിലാണ് കണക്കാക്കുന്നത്. ഒരു ബാരൽ എന്നാൽ 159 ലിറ്റർ. ഒരു ബാരൽ എണ്ണയ്ക്ക് ഇന്നത്തെ വില ഏകദേശം 25 ഡോളർ. അതായത് ഇപ്പോഴത്തെ വിനിമയനിരക്ക് നോക്കിയാൽ 1918.20 രൂപ. അങ്ങനെയായാൽ ഒരു ലിറ്റർ അസംകൃത എണ്ണയ്ക്ക് 1918.20/159=12.06 രൂപ. ഒരു ബാരൽ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചാൽ അതിൽ നിന്നു ലഭിക്കുന്നതിൽ 47 ശതമാനം പെട്രോളും 23 ശതമാനം ഡീസലുമാണ്. ജെറ്റ് ഫ്യുവൽ, ടാർ, എൽപിജി തുടങ്ങിയവയാണ് ബാക്കി ലഭിക്കുന്നത്. ലോകത്തെ ഏറ്റവും കുറഞ്ഞ ശുദ്ധീകരണ ചെലവുള്ള രാജ്യമാണ് ഇന്ത്യ. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതിന്റെ മുറയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൂട്ടിയ നികുതി ഇരട്ടിയിൽ അധികമാണ്.

ഡൽഹിയിലെ പെട്രോൾ വില ഏകദേശം 69.59 രൂപയാണ്. അതിൽ ഒരു ലിറ്ററിന്റെ അടിസ്ഥാന വില 27.96 രൂപ, ട്രാൻസ്പോർട്ടേഷനും മറ്റു ചാർജുകളും 0.32 രൂപ. അതായത് ടാക്സും കമ്മീഷനുമില്ലാത്ത പെട്രോളിന്റെ വില 28.28 രൂപ. ഇതിന്റെ കൂടെ കേന്ദ്ര എക്സൈസ് ഡ്യൂട്ടി 22.98 രൂപയും സംസ്ഥാന സർക്കാർ ചുമത്തുന്ന 14.79 രൂപയും (ഇത് ഡൽഹി സർക്കാർ ചുമത്തുന്ന വാറ്റാണ്, വിവിധ സംസ്ഥാനങ്ങളുടെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും) ഡീലർ കമ്മീഷനായ 3.54 രൂപയും ചേർന്നാണ് 69.59 രൂപ ഈടാക്കുന്നത്.ഡൽഹിയിലെ ഡീസൽ വില ഏകദേശം 62.29 രൂപയാണ്. അതിൽ ഒരു ലിറ്ററിന്റെ അടിസ്ഥാന വില 31.49 രൂപയും ട്രാൻസ്പോർട്ടേഷനും മറ്റു ചാർജുമായി 0.29 രൂപയും ചേർന്നാൽ ഡീസലിന്റെ നികുതി ഇല്ലാത്ത വില 31.78 രൂപ. ഇതിനോടൊപ്പം കേന്ദ്ര എക്സൈസ് ഡ്യൂട്ടി 18.83 രൂപ, സംസ്ഥാന സർക്കാർ വാറ്റ് 9.19 രൂപ (ഇത് ഡൽഹി സർക്കാർ ചുമത്തുന്ന വാറ്റാണ്, വിവിധ സംസ്ഥാനങ്ങളുടെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും) ഡീലർ കമ്മീഷൻ 2.49 രൂപ എന്നിവ ചേർത്താണ് ഒരു ലിറ്റർ ഡീസൽ 62.29 രൂപയ്ക്ക് വിൽക്കുന്നത്. അതായത് ക്രൂഡ് ഓയിലിന്റെ വിലക്കൊപ്പം മറ്റ് പല ഘടകങ്ങളും ചേരുമ്പോഴാണ് അത് പെട്രോൾ ഡീസൽ വിലയാവുന്നത്. കൊക്കോക്കായക്ക് കിലോക്ക് വെറും 10 രൂപയുള്ളപ്പോഴും കാഡ്ബറീസിന് വില കൂടന്നതുപോലെ.

എണ്ണക്കിണറുകളുടെ പ്രവർത്തനം നിർത്താൻ കഴിയില്ല

ഇപ്പോൾ തന്നെ അമേരിക്കൻ എണ്ണപ്പാടങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ വലിയൊരു ഭാഗം അമേരിക്കൻ ഗൾഫിലെ തുറമുഖങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന ഭീമൻ ടാങ്കറുകളിലാണ് സൂക്ഷിക്കുന്നത്. 2009ലെ ആഗോള മാന്ദ്യത്തിന്റെ സമയത്താണ് ഇതുപോലെ കടലിൽ നിർത്തിയിട്ടിട്ടുള്ള ടാങ്കർ കപ്പലുകളിൽ വ്യാപകമായ തോതിൽ എണ്ണ ശേഖരിക്കേണ്ടി വന്നിട്ടുള്ളത്. ഇപ്പോൾ അതും നിറഞ്ഞു കവിയുകയാണ്. പിന്നെ എവിടെ സംഭരിക്കും.

എണ്ണ വ്യവസായത്തിന്റെ ഏറ്റവും വലിയ കെണി ഏണ്ണക്കിണറുകൾ ഒരിക്കൽ തുടങ്ങിയാൽ നിങ്ങൾക്ക് എണ്ണ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെക്കാൻ കഴിയില്ല എന്നാണ്. അങ്ങനെ ചെയ്താൽ അത് അവയുടെ പ്രവർത്തനത്തെ എന്നെന്നേക്കുമായി തകരാറിലാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 'കൂവൈറ്റ് സദ്ദാംഹുസൈൻ പിടിച്ചെടുത്തപ്പോൾ ഏണ്ണക്കിണറകളുടെ പ്രവർത്തനം നിർത്തിവച്ചാലോ എന്ന് കുവൈറ്റിൽ ആലോചനയുണ്ടായിരുന്നു. പക്ഷേ ഇത് ഈ കാരണം കൊണ്ടാണ് തടസ്സപ്പെട്ടത്. ഒരിക്കൽ തകരാറായ എണ്ണക്കിണറുകൾ റിപ്പയർ ചെയ്ത് എടുക്കാനും കോടികൾ മുടക്കേണ്ടി വരും. അതുകൊണ്ട് കുവൈറ്റ് അങ്ങനെ ചെയ്തില്ല. എന്നാൽ കുവൈത്തിനിന്ന് പിന്മാറുന്ന ഘട്ടം വന്നപ്പോൾ എണ്ണക്കിണറുകൾക്ക് തീവച്ചാണ് സദ്ദാമിന്റെ സൈന്യം തടിയെടത്തത്'- ദീർഘകാലം സൗദിയിൽ എണ്ണക്കിണറുകളിൽ എഞ്ചിനീയർ ആയിരുന്നു കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് യൂനുസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

 

'ഇതുെകാണ്ടാണ് പണം അങ്ങോട്ടുകൊടുത്ത് താൽക്കാലികമായി എണ്ണ ഒഴിവാക്കൽ നടത്തുന്നത്. ഒറ്റനോട്ടത്തിൽ ഇവർക്ക് വട്ടാണെന്ന് തോന്നും. പക്ഷേ എണ്ണക്കിണർ റിപ്പയർ ചെയ്യുന്നതിലുള്ള കോടികളുടെ ചെലവ് ഓർത്തുനോക്കിയാൽ ഇത് നിസ്സാരമാണ്. മാത്രമല്ല, കോവിഡ് കാലം കഴിഞ്ഞാൽ എണ്ണ ഉപഭോഗത്തിൽ വലിയ മാറ്റം വരികയും ഈ നഷ്ടം തിരിച്ചു പിടിക്കാൻ കഴിയുമെന്നും അവർക്ക് അറിയാം'- യൂനുസ് കൂട്ടിച്ചേർത്തു.

എന്താണ് ഫ്യൂച്ചേഴ്‌സ് ട്രേഡിങ്ങ്?

ഫ്യൂച്ചേഴ്‌സ് ട്രേഡിങ് എന്നത് അടുത്ത മാസം വിപണിയിൽ ഡെലിവറി ചെയ്യാൻ പോകുന്ന എണ്ണയ്ക്കായി നടക്കുന്ന മുൻകൂർ വ്യാപാരമാണ്. ഭാവിയിലെ ഉപയോഗം മുന്നിൽ കണ്ടു പല കമ്പനികളും ക്രൂഡ് ഓയിൽ ഭാവിയിൽ ബാരലിന് ഒരു പ്രത്യേക വില കൊടുത്ത് വാങ്ങാം എന്ന ഫ്യൂച്ചർസ് കരാറുകൾ വാങ്ങിയിട്ടുണ്ടാവും. പക്ഷെ കൊറോണ കാരണം ഇപ്പോൾ ക്രൂഡ് ഓയിലിന്റെ ആവശ്യം വളരെ കുറഞ്ഞു. അതുകൊണ്ട് തന്നെ കയ്യിലുള്ള കരാർ പ്രകാരം ഓയിൽ വാങ്ങിയാൽ സൂക്ഷിക്കാൻ സ്ഥലമില്ല. ഇതൊഴിവാക്കാനാണ് അങ്ങോട്ട് പണം കൊടുത്തു ഓയിൽ വിൽക്കുന്നത്. മെയ് 2020 ഓയിൽ കോൺട്രാക്ട് സെറ്റിൽ ചെയ്യുന്ന ദിവസം ഏപ്രിൽ 21 ആണ്. എല്ലാവരും കയ്യിലുള്ള ഫ്യൂച്ചേഴ്സ് എങ്ങിനെയെങ്കിലും ഒഴിവാക്കാനുള്ള ഓട്ടത്തിലാണ്.ക്രൂഡ് ഓയിൽ ശേഖരിച്ചു വയ്ക്കാൻ സൗകര്യമുള്ളവർക്ക് ലോട്ടറിയാണ്. ഇപ്പോൾ വാങ്ങി ശേഖരിച്ചു വച്ചിട്ട് , കൊറോണക്ക് ശേഷം ഓയിൽ ആവശ്യം വരുമ്പോൾ ഉയർന്ന വിലയ്ക്ക് വിൽക്കാം. ഇപ്പോൾ ഓയിൽ വാങ്ങുന്നതിന്റെ പൈസ ബോണസായി കിട്ടുകയും ചെയ്യും. അന്താരാഷ്ട്ര അസംസ്‌കൃത എണ്ണയുടെ തത്സമയ വ്യാപാരത്തിന്റെ ബെഞ്ച് മാർക്ക് ആയ ബ്രെന്റ് ക്രൂഡിന്റെ വിലയും ഇന്നലെ എട്ടു ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.

2019 അവസാനം ചൈനയിൽ കൊറോണാ വൈറസ് ബാധയുണ്ടായ അന്നുതൊട്ടേ, ആഗോളവിപണികളിൽ ക്രൂഡോയിലിന്റെ വില ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മാസങ്ങളായി പല രാജ്യങ്ങളിലെയും ഗതാഗതം സ്തംഭനാവസ്ഥയിലാണ്. ലോക യാത്രാ ഭൂപടത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പല റൂട്ടുകളും ഇന്ന് നിശ്ചലമായ അവസ്ഥയിലാണ്. പലയിടത്തും വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവാദമില്ല. വിമാനങ്ങൾ ഗ്രൗണ്ട് ചെയ്യപ്പെട്ടു.എണ്ണ ഉപഭോഗം കഴിഞ്ഞ കുറേ മാസങ്ങളായി കുറഞ്ഞുകുറഞ്ഞു വരികയാണ്. എന്നാൽ ഡിമാന്റിൽ വന്ന ഈ കുറവിനെ കൃത്യമായി അളന്നുകൊണ്ട് അതിനനുസരിച്ച് ഉത്പാദനത്തിൽ ആനുപാതികമായ കുറവുവരുത്താൻ ലോകമെമ്പാടുമുള്ള എണ്ണ ഉത്പാദകർ തയ്യാറായിട്ടുമില്ല. അത് കാരണമായിരിക്കുന്നത് അഭൂതപൂർവമായ ഒരു വിചിത്രാവസ്ഥയ്ക്കാണ്. ആവശ്യത്തിൽ കൂടുതൽ എണ്ണ കുമിഞ്ഞുകൂടിയിരിക്കുന്നു. ഇങ്ങനെ തന്നെ ഉത്പാദനം നടന്നാൽ, നിലവിലെ സ്റ്റോറേജ് സൗകര്യങ്ങൾ തികയാതെ പോകും.

എണ്ണക്കിണറുകളിൽ നിന്ന് പമ്പുചെയ്യുന്ന ക്രൂഡ് ഓയിൽ എവിടെക്കൊണ്ടു ശേഖരിക്കും എന്നറിയാത്ത അവസ്ഥ വരും. ഈ ഒരു ആപത്ഭീതി വിപണിയിലെ വിലയേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ കലാശക്കൊട്ടാണ് ഇന്നലെ വിപണിയിൽ കണ്ട ക്രൂഡോയിൽ വിലയുടെ പൂജ്യത്തിനു താഴേക്കുള്ള ചാഞ്ചാട്ടം.

നെഗറ്റീവ് വില ഉണ്ടാകുന്നത് ഇങ്ങനെയാണ്

ഡിമാൻഡിനേക്കാൾ കൂടിയ സപ്ലൈ വന്നപ്പോൾ എണ്ണ ഉത്പാദകരുടെ സംഭരണികൾ നിറഞ്ഞിരിക്കുന്നു. എന്നിട്ടും എണ്ണക്കിണറുകളിൽ നിന്ന് പമ്പ് ചെയ്തുകൊണ്ടിരിക്കുന്ന എണ്ണ ഒഴിവാക്കാനാണ് വാങ്ങുന്നവർക്ക് ഉത്പാദകർ അങ്ങോട്ട് കാശുനൽകുന്ന അവസ്ഥ. അതാണ് നെഗറ്റീവ് പ്രൈസിങ് എന്ന് പറയുന്നതിന്റെ അർത്ഥം. ഇന്നലെ ഫ്യൂച്ചേഴ്‌സ് വിപണിയിൽ കണ്ടത് അതാണ്.

എണ്ണക്കിണറുകൾ അനുനിമിഷം ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്ന ക്രൂഡോയിൽ ഉത്പാദനശാലയിൽ നിന്ന് കൊണ്ടുപോകേണ്ടത് ഉത്പാദകകമ്പനിയുടെ ആവശ്യമാണ്. അതിനു തയ്യാറായി വരുന്നവർക്ക് അവരുടേതായ ചെലവുകളുണ്ട്. അതിൽ ഉത്പാദനശാലയിൽ നിന്ന് ശുദ്ധീകരണശാലയിലേക്കുള്ള ട്രാൻസ്പോർട്ടേഷൻ ചാർജുകളുണ്ട്. ചിലപ്പോൾ ശുദ്ധീകരണ ശാലയിൽ ഈ എണ്ണ മാസങ്ങളോളം ശേഖരിച്ചു വെക്കേണ്ടി വരും. അതിന്റെ ചെലവുകളുണ്ട്. ഇതൊക്കെ കാര്യമായ ചെലവുകളാണ്. ഇങ്ങനെ നെഗറ്റീവ് വിലയിൽ തങ്ങളുടെ എണ്ണ വിൽക്കാൻ ഒരു ഉത്പാദക കമ്പനിക്കും താത്പര്യമുണ്ടാവില്ല. അതുകൊണ്ടുതന്നെ, എണ്ണയുത്പാദനം നിലക്കുന്ന ഒരു പ്രതിസന്ധി ഘട്ടമാണ് ഇനി വരാനിരിക്കുന്നത്.

എണ്ണയുടെ അമിത ഉത്പാദനം ഏറ്റവും രൂക്ഷമായിട്ടുള്ളത് അമേരിക്കയിലാണ്. പ്രതിദിനം അമേരിക്ക ഉത്പാദിപ്പിക്കുന്നത് ഒരു കോടി ബാരൽ ക്രൂഡ് ഓയിൽ ആണ്. അമേരിക്കയുടെ ശേഖരണ ശാലകൾ എല്ലാം തന്നെ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളും ഗൾഫും ഒക്കെ പിടിച്ചു നിൽക്കുന്നത് അമേരിക്കയെക്കാൾ കുറഞ്ഞ ട്രാൻസ്പോർട്ടേഷൻ നിരക്കുകൾ ഉള്ളതിനാലും, അവിടങ്ങളിലെ തുറമുഖങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാനാകും എന്നതുകൊണ്ടുമാണ്. എന്നാലും, അവിടങ്ങളിലെ ബ്രെന്റ് ക്രൂഡിന്റെ വിലയും ജനുവരിയിലെ വിലയെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. കഷ്ടിച്ച് ഇരുപത് ഡോളറിനു മുകളിലാണ് ഇപ്പോഴത്തെ വിലയുടെ നിൽപ്പ്.

ഇന്ത്യയിൽ വൻ വിലയിടിവ് ഉണ്ടാവുമോ?

തേങ്ങക്ക് വിലയിടിയുമ്പോഴും വെളിച്ചെണ്ണക്ക് വിലകൂടുന്ന പ്രതിഭാസം പോലെയാണ് ക്രൂഡോയിൽ വിലയും പ്രെട്രോൾ ഡീസൽ വിലയും തമ്മിലുള്ള ബന്ധം. എണ്ണയുടെ വിലയിൽ ഈ മാറ്റം ഒരുപാടൊന്നും പ്രതിഫലിച്ചു കാണാൻ വഴിയില്ല. കാരണം എണ്ണവിലയുടെ ചെറിയൊരു ഭാഗം മാത്രമാണ് ക്രൂഡോയിൽ വിലയുടെ അന്താരാഷ്ട്ര വ്യതിയാനം കൊണ്ട് മാറുക. മറ്റുള്ള പ്രധാന ഭാഗം അതാത് രാജ്യങ്ങളിലെ ഗവൺമെന്റുകൾ ചുമത്തുന്ന നികുതികളാണ്.

അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിനുണ്ടാകുന്ന വിലയിടിവ് പെട്രോൾ വിലയിലും പ്രതിഫലിക്കേണ്ടതാണ്. പക്ഷേ വിപണിയിലെ ഉപഭോഗം വല്ലാതെ ഇടിഞ്ഞതുകൊണ്ട് തങ്ങളുടെ നികുതി വിഹിതത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാൻ വേണ്ടി സർക്കാരുകൾ നികുതികൾ വർധിപ്പിച്ച്, വിലയിലും ഉപഭോഗത്തിലുമുണ്ടായ ഈ കുറവിന്റെ ഫലങ്ങൾ ബാലൻസ് ചെയ്യാനും സാധ്യത നിലനിൽക്കുന്നുണ്ട്. ഇന്ത്യയിൽ പെട്രോളിനും ഡീസലിനുമുള്ള ചില്ലറ വിൽപന വിലയിൽ കുറവു വരാൻ വിപണിയിലെ വിലയിടിവ് കാരണമാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ വ്യക്താമാക്കുന്നത്. ഇന്ത്യയിൽ ഇന്ധനവിലയുടെ അമ്പത് ശതമാനവും നികുതിയാണ്. മാത്രമല്ല, ഒരു ലിറ്റർ പെട്രോളിന്റെ വില കണക്കാക്കുന്നത് അടിസ്ഥാനവില, ചരക്കുകൂലി, ഡീലർമാർക്കുള്ള തുക, എക്‌സൈസ് ഡ്യൂട്ടി, ഡീലർ കമ്മീഷൻ, വാറ്റ്, ഡോളറുമായി രൂപയുടെ മൂല്യത്തിലെ വ്യത്യാസം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ചേർത്താണ്. ആഗോള വിപണിയിലെ വിലവ്യത്യാസം അനസരിച്ച് പെട്രോൾ, ഡീസൽ ചില്ലറ വിൽപനവിലയിൽ മാറ്റം വരുത്താൻ സർക്കാർ ഒരിക്കലും തയ്യാറായിട്ടില്ല. 2015ൽ ക്രൂഡ് ഓയിൽ വില ബാരലിന് 28 ഡോളറായി കുറഞ്ഞപ്പോഴും ഇന്ത്യയിൽ ഇന്ധനവിലയിൽ മാറ്റമുണ്ടായില്ല. ഇതിൽ കേന്ദ്ര സർക്കാറിനെ പൂർണ്ണമായും കുറ്റപ്പെടുത്താനും കഴിയില്ല. കാരണം സർക്കാറിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്ന് ഇന്ധന നികുതി തന്നെയാണ്. എന്നാൽ ഈ കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസം എന്ന രീതയിൽ പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി ജനങ്ങൾക്ക് അൽപ്പം ആശ്വാസം നൽകാൻ സർക്കാർ വിചാരിച്ചാൽ കഴിയും.

എന്നാൽ ക്രൂഡ് ഓയിൽ വില ഇടിയുന്നതുകൊണ്ട് മറ്റ് നേട്ടങ്ങൾ ഇന്ത്യക്കുണ്ട്.വലിയ തോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയിൽ വില താഴുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാണ് ഉണ്ടാക്കാറുള്ളത്. എണ്ണ ഇറക്കുമതിക്കുള്ള ചെലവ് കുറയ്ക്കാനും വ്യാപാരത്തിൽ നേട്ടമുണ്ടാക്കാനും ഇന്ത്യയ്ക്ക് സാധിക്കും. രൂപയുടെ മൂല്യം പിടിച്ചുനിർത്താനും പണപ്പെരുപ്പം കുറയ്ക്കാനും സാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. മാത്രമല്ല, എണ്ണവിലയിൽ വലിയ സബ്‌സിഡി നൽകേണ്ട സാഹചര്യം സർക്കാരന് ഇല്ലാതാകും. നികുതി ഇനത്തിൽ കൂടുതൽ വരുമാനം നേടാനും ധനകമ്മി കുറയ്ക്കാനും സർക്കാരിനെ സഹായിക്കും.

എണ്ണവില എന്നാണ് കരകയറാൻ പോകുന്നത്?

ഈ നെഗറ്റീവ് ഇടിവൊക്കെ വളരെ താത്കാലികമായ പ്രതിഭാസങ്ങൾ മാത്രമാണെന്നും വിലയിരുത്തലുകൾ ഉണ്ട്. ഇപ്പോൾ അമേരിക്കയിൽ രേഖപ്പെടുത്തി എന്നുപറയുന്ന ഈ പൂജ്യത്തിലും താഴെയുള്ള ട്രേഡിങ്, അത് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ മാത്രം വിലയിലാണ്. അതും മെയിൽ ഡെലിവറി ചെയ്യാനിരിക്കുന്ന ക്രൂഡ് ഓയിലിന്റെ ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിനിടെ. വിലയിൽ അങ്ങനെ ഒരു ചാഞ്ചാട്ടമുണ്ടാവാനുള്ള മറ്റൊരു കാരണം, തിങ്കളാഴ്ച മെയിലേക്കുള്ള ഫ്യൂച്ചേഴ്‌സ് വ്യാപാരം നടത്തി ആ എണ്ണ സംഭരണികളിൽ നിന്നൊഴിവാക്കാനുള്ള ഉത്പാദകരുടെ അവസാന അവസരമായിരുന്നു.

ചൊവ്വാഴ്ച മുതൽ അവർക്ക് ജൂണിലേക്കുള്ള ഫ്യൂച്ചേഴ്‌സ് വ്യാപാരം തുടങ്ങിയെ പറ്റൂ. ആ അടിയന്തരാവസ്ഥ ഉണ്ടാക്കിയ ഒരു താത്കാലിക പ്രതിസന്ധി മാത്രമായിരുന്നു ഈ നെഗറ്റീവ് വിലയിടിവ് എന്നർത്ഥം. ഇന്നിനി ഫ്യൂച്ചേഴ്‌സ് വിപണി തുറക്കും ജൂണിലേക്കുള്ള മുൻകൂർ വ്യാപാരത്തിന്റെ നിരക്ക് അത്ര മോശമില്ലാത്ത ഒന്നു തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എണ്ണവില വരും ദിവസങ്ങളിൽ ഉറപ്പായും മെച്ചപ്പെടും. എന്നാൽ അത് എത്ര പെട്ടെന്ന് സംഭവിക്കും എന്നത്, ലോകം കൊവിഡ് മഹാമാരിയിൽ നിന്ന് എത്ര പെട്ടെന്ന് മുക്തി പ്രാപിച്ച്, ലോക്ക് ഡൗൺ ഒക്കെ എടുത്തുനീക്കി, വിമാനസർവീസുകളൊക്കെ പുനഃസ്ഥാപിച്ച്, വ്യവസായ ശാലകളൊക്കെ തുറന്നു പ്രവർത്തിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കും. അതുവരെ, അതായത് ചുരുങ്ങിയത് അടുത്ത നാലഞ്ച് മാസങ്ങളെങ്കിലും എണ്ണയുത്പാദകർക്ക് ആശങ്കയുടെ ദിനങ്ങൾ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP