Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202127Saturday

വികസനം വരുത്തിവച്ച വിനകൾ; ഭൂമിയിൽ ജീവന്റെ സ്വാഭാവിക തുടിപ്പിന് തടസ്സമാകുന്ന മനുഷ്യന്റെ അത്യാർത്തി; ക്ഷണിക്കപ്പെടാത്ത അതിഥികളായി വിനാശകാാരികളായ രോഗങ്ങൾ; തിരിച്ചടികൾ മനുഷ്യന്റെ വികസന സങ്ക്ല്പത്തിൽ മാറ്റങ്ങൾ വരുത്തുന്നു; 2 ട്രില്ല്യൺ ഡോളറിലും അധികമായി ഉയർന്ന ഹരിതബോണ്ടുകളുടെ മൂല്യം സൂചിപ്പിക്കുന്നത് ഹരിത സമ്പദ്വ്യവസ്ഥയ്ക്ക് പ്രിയമേറുന്നു എന്ന്

വികസനം വരുത്തിവച്ച വിനകൾ; ഭൂമിയിൽ ജീവന്റെ സ്വാഭാവിക തുടിപ്പിന് തടസ്സമാകുന്ന മനുഷ്യന്റെ അത്യാർത്തി; ക്ഷണിക്കപ്പെടാത്ത അതിഥികളായി വിനാശകാാരികളായ രോഗങ്ങൾ; തിരിച്ചടികൾ മനുഷ്യന്റെ വികസന സങ്ക്ല്പത്തിൽ മാറ്റങ്ങൾ വരുത്തുന്നു; 2 ട്രില്ല്യൺ ഡോളറിലും അധികമായി ഉയർന്ന ഹരിതബോണ്ടുകളുടെ മൂല്യം സൂചിപ്പിക്കുന്നത് ഹരിത സമ്പദ്വ്യവസ്ഥയ്ക്ക് പ്രിയമേറുന്നു എന്ന്

മറുനാടൻ ഡെസ്‌ക്‌

രുകാലത്ത് അന്ധവിശ്വാസത്തിന്റെ മുദ്ര ചാർത്തി കാവുകളും കുളങ്ങളും നശിപ്പിച്ചവരാണ് നമ്മൾ. വിശാലമായ പാടശേഖരങ്ങളെല്ലാം പത്തുസെന്റ് നിലങ്ങളായി മാറിയപ്പോൾ മണ്ണിന്റെ ഉദ്പാദനശേഷിയേക്കാളേറെ ഭൂമിയുടെ വിലയ്ക്ക് പ്രാധാന്യം നൽകാനാണ് നമ്മൾ ശ്രമിച്ചത്. മണ്ണിനുമേൽ അവകാശം ലഭിച്ചവർ അവിടങ്ങളിൽ നട്ടുനനച്ച് വളർത്തിയത് കോൺക്രീറ്റ് സൗധങ്ങളായിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലം വെള്ളപ്പൊക്കമായും വരൾച്ചയായും മണ്ണിടിച്ചിലായുമെല്ലാം നാം അനുഭവിക്കുന്നു.

കേരളത്തിന്റെ ഇത്തിരിവട്ടത്തിൽ നിന്നാലോചിക്കാതെ, ആഗോളതലത്തിൽ പിന്തുടർന്നിരുന്ന വികസനം എന്ന സങ്കല്പത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ആലോചിച്ചാൽ മനസ്സിലാകും അതിന്റെ പ്രത്യാഘാതം എത്രമാത്രം ഗുരുതരമാണെന്ന്. കാലാവസ്ഥാ വ്യതിയാനം മുതൽ ഓസോൺ പാളിയിലെ വിള്ളൽ വരെ, ഉരുകിയൊലിക്കുന്ന ഉത്തരധ്രുവംമുതൽ വെന്തുവെണ്ണീറാകുന്ന ആമസോൺ കാടുകൾ വരെ പറയുന്നത് ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ അവസാനിക്കാറായി എന്നാണ്. ഇത് മനസ്സിലാക്കിയെങ്കിലും മനസ്സിലാക്കാത്തതുപോലെ മുന്നോട്ട് കുതിച്ച മനുഷ്യനെ ഇരുത്തിച്ചിന്തിപ്പിക്കാൻ ഒരു ഇത്തിരിക്കുഞ്ഞനെത്തി, കൊറോണ.

ന്യുയോർക്കിലെ അംബരചുംബികൾ മുതൽ ഇങ്ങ് ബംഗ്ലാദേശിലെ കണ്ടല്ക്കാടുകൾ വരെ നാശം വിതച്ച കൊറോണാക്കാലത്താണ് വനനശീകരണത്തിന്റെയും മറ്റും പ്രത്യാഘാതങ്ങളെ കുറിച്ച് ഏറെച്ചിന്തിക്കാൻ മനുഷ്യന് സാവകാശം ലഭിച്ചത്. ഏതാണ്ട് ലോകമാമെ രണ്ടുമൂന്നു മാസക്കാലം അടഞ്ഞുകിടന്നപ്പോൾ പല അരുവികളും ജലാശയങ്ങളും തെളിഞ്ഞ് അടിത്തട്ടുകാണാനായത് അവൻ അറിഞ്ഞു. അന്തരീക്ഷം കൂടുതൽ സുതാര്യമായത് അവൻ അറിഞ്ഞു. ഇതിന്റെയൊക്കെ ഫലമാണ് ഇന്ന് ലോകത്ത് അതീവ വേഗത്തിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹരിത സമ്പദ്ഘടന എന്ന ആശയം.

എന്താണ് ഹരിത സമ്പദ്ഘടന ?

പരിസ്ഥിതിയുടെ താളം തെറ്റാതെയുള്ള ഒരു സേവനത്തിനോ, ഉദ്പാദന നിർമ്മാണത്തിനോ ഉദ്ദേശിച്ചുള്ള ഒരു പദ്ധതിയെ സഹായിക്കാനുള്ള സാമ്പത്തിക നടപടിക്രമങ്ങളാണ് ഹരിതസമ്പദ്ഘടന എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇത്തരത്തിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള പ്രൊജക്ടുകൾക്ക് വായ്പകൾ ലഭ്യമാക്കുക, അത്തരത്തിലുള്ള ഉദ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക, സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങൾ ലഭ്യമാക്കുക എന്നതൊക്കെ ഇതിൽ ഉൾപ്പെടുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന പല പദ്ധതികളും ഇതിൻ കീഴിൽ വരും.

പുനരുപയോഗം ചെയ്യാവുന്നഊർജ്ജ സ്രോതസ്സുകളുടെ പരമാവധി ഉപയോഗം, ഊർജ്ജക്ഷമത വർദ്ധിപ്പിക്കുക, പരിസരമലിനീകരണം നിയന്ത്രിക്കുകയും തടയുകയും ചെയ്യുക, ജൈവ വൈവിധ സംരക്ഷണം, ചാക്രിക സാമ്പത്തിക സംരംഭങ്ങൾ (ഒരു വസ്തു ഉപയോഗശൂന്യമായാൽ അതിന് രൂപഭേദം വരുത്തി വീണ്ടും ഉപയോഗിക്കാവുന്ന മറ്റൊരു ഉദ്പന്നം നിർമ്മിക്കുന്ന പ്രവർത്തി), ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും സുസ്ഥിര ഉപയോഗം എന്നിവയൊക്കെ ഇതിനു കീഴിൽ വരുന്ന പ്രൊജക്ടുകളാണ്.

ഹരിതസമ്പദ്ഘടനയുടെ ആവിർഭാവവും പരിണാമവും

വളരെ വിശാലമായ അർത്ഥത്തിൽ, ഒരു സമ്പദ്ഘടന, അത് നിലനിൽക്കുന്ന പരിസ്ഥിതിയുടെ ഭാഗമായി കണക്കാക്കുന്നതിനെയാണ് ഹരിത സമ്പദ്ഘടന എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ കാലാകാലങ്ങളിലായി പല രാഷ്ട്രീയ ആശയങ്ങളും തങ്ങളുടെ നയങ്ങളെ ന്യായീകരിക്കുന്നതിനായി ഇതിന് വ്യത്യസ്ത നിർവ്വചനങ്ങൾ നൽകിയിട്ടുണ്ട്. ഫെമിനിസം, പരിസ്ഥിതി പ്രവർത്തനം, സമാധാന പ്രസ്ഥാനങ്ങൾ, ഹരിത രാഷ്ട്രീയം, ഹരിത അരാജകത്വം, ആഗോള വത്ക്കരണ വിരുദ്ധത തുടങ്ങിയ ആശയങ്ങളോട് അടുത്തു നിൽക്കുന്നവരും തങ്ങൾക്ക് അനുയോജ്യമായ നിർവ്വചനങ്ങൾ ഇതിന് നൽകിയിട്ടുണ്ട്.

ചില സാമ്പത്തികശാസ്ത്രജ്ഞർ ഇതിനെ ക്ലാസിക്കൽ എക്കണോമിക്സുമായി ബന്ധിപ്പിക്കുന്നു. ഇവിടെ ഭൂമിയെ ഒരു സ്വാഭാവിക മൂലധനമായി കണക്കാക്കുന്നു. എന്നാൽ മാർക്സിസ്റ്റ് സാമ്പത്തികശാസ്ത്രത്തിൽ നിർവ്വചിക്കപ്പെടുന്ന ഹരിതസമ്പദ്ഘടനയിൽ ഭൂമിക്കുള്ളത് ഒരു ഉദ്പാദനോപാധിയുടെ സ്ഥാനമാണ്. ഇത്തരത്തിൽ പരസ്പര വിരുദ്ധവും, ചിലപ്പോഴൊക്കെ പരസ്പര പൂരകവും ആയിരുന്ന നിർവ്വചനങ്ങളെയെല്ലാം മാറ്റിമറിച്ചുകൊണ്ട് ഹരിതസമ്പദ്ഘടനക്ക് ഏറേക്കുറെ വ്യക്തമായ ഒരു ചിത്രം കൈവരുന്നത് 2010-ൽ ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും ജൈവവൈധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ആ രംഗത്തുള്ള ഫണ്ടിങ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതോടെയാണ്.

പിന്നീട് 2011-ൽ യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാമിന്റെ ഹരിത സമ്പദ്ഘടനയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇതിന് പ്രചാരം ലഭിക്കാൻ തുടങ്ങിയത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, ഊർജ്ജക്ഷമത കൈവരിക്കുക, ഹരിതഗൃഹ വാതകങ്ങളുടെയും കാർണണിന്റെയും പ്രസരണം കുറയ്ക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക തുടങ്ങിയ നടപടികൾക്ക് പ്രാധാന്യം കൊടുക്കുന്നതായിരുന്നു ഈ റിപ്പോർട്ട്. നിലവിലെ കണക്ക് പ്രകാരം, ഹരിത സമ്പദ്ഘടനയിൽ ആവശ്യമായ പ്രതിവർഷ നിക്ഷേപം 1.05 മുതൽ 2.59 ട്രില്ല്യൺ അമേരിക്കൻ ഡോളറാണ്. ലോകത്തിലെ മൊത്തം സമ്പദ്വ്യവസ്ഥയുടെ പത്ത് ശതമാനം വരും ഇത്.

കോവിഡ് പ്രതിസന്ധിയും ഹരിതസമ്പദ്ഘടനയുടെ വളർച്ചയും

പ്രകൃതിയിലെ മറ്റു ജീവനുകൾക്ക് ഒരു ഭീഷണിയായി വളർന്ന മനുഷ്യനെ പ്രകൃതി കൂട്ടിൽത്തളച്ച ഒരു കാലഘട്ടമാണ് ഇപ്പോൾ കടന്നുപോകുന്നത്. കോവിഡെന്ന കുഞ്ഞൻ വൈറസിനെ കുറിച്ചുള്ള പഠനത്തിനിടയിൽ മനുഷ്യന് ലഭിച്ചത് ചില പ്രകൃതി നിയമങ്ങളെക്കുറിച്ചുള്ള പാഠങ്ങൾ കൂടിയാണ്. കൃഷിക്കായും പുതിയ ആവാസകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനായും വനം നശിപ്പിച്ച മനുഷ്യൻ അതോടൊപ്പം വന്യജീവികളുമായി അടുത്ത സമ്പർക്കത്തിലായി. എച്ച് ഐ വി മുതൽ, നിപ്പാ വൈറസും, സാർസ് വൈറസും ഇപ്പോൾ കൊറോണയുമെല്ലാം വന്യജീവികളുടെ ഉള്ളിൽ ഉറങ്ങിക്കിടന്നവയാണെന്നും അവയെ ഉണർത്തി മനുഷ്യരില്ലെത്തിച്ചത് മനുഷ്യന്റെ പ്രവർത്തികളാണെന്നും അവൻ തിരിച്ചറിഞ്ഞു. മാത്രമല്ല, വെട്ടിപ്പിടിച്ചതെല്ലാം ഒരുനിമിഷം കൊണ്ട് ഇല്ലാതെയാക്കാൻ ഇത്തരം അദൃശ്യജീവികൾക്ക് കഴിയുമെന്ന ഭയവും അവനെ പ്രകൃതിയോട് കൂടുതൽ അടുപ്പിച്ചു. ഇതോടെ ഹരിത സമ്പദ്ഘടന എന്ന ആശയത്തിന് കൂടുതൽ പ്രാമുഖ്യം ലഭിക്കാൻ തുടങ്ങി.

വിവിധ ഹരിത പ്രൊജക്ടുകൾ

വലിയൊരളവിൽ കാർബൺ പ്രസരണം നടത്തുന്ന ഒന്നാണ് പെട്രോൾ-ഡീസൽ വാഹനങ്ങൾ. ഇത് പരമാവധി ഒഴിവാക്കുവാനായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ഇത്തരത്തിൽ ഉള്ള പ്രൊജക്ടുകളിൽ പ്രധാനപ്പെട്ട ഒന്നാണ്. 2050 ആകുമ്പോഴേക്കും ഡീസൽ-പെട്രോൾ വാഹന രഹിത രാജ്യം സ്വപ്നം കാണുന്ന ബ്രിട്ടൻ 2030 ഓടെ പുതിയ പെട്രോൾ -ഡീസൽ വാഹനങ്ങളുടെ വിൽപൻ പൂർണ്ണമായും നിരോധിക്കുകയാണ്. മാത്രമല്ല, പാർക്കിങ് സൗകര്യം പോലെ പല പ്രോത്സാഹനങ്ങളും നൽകി ഇലക്ട്രിക് വാഹനങ്ങളുടെ വില്പന പരമാവധി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

അതുപോലെ പ്രാധാന്യമർഹിക്കുന്ന മറ്റൊന്നാണ് വളർത്തുമൃഗങ്ങളുടെ ഫാമുകളിലും അറവുശാലകളിലും വരുത്തിയ കാതലായ മാറ്റങ്ങൾ. ഹരിതവാതകങ്ങൾ വലിയൊരളവിൽ അന്തരീക്ഷത്തിലെ വിസർജ്ജിക്കുന്ന ഇടങ്ങളാണിത്. കാര്യക്ഷമമായ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കൊണ്ട് ഇത് കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പല പാശ്ചാത്യ രാജ്യങ്ങളും. ഹരിത പ്രൊജക്ടുകൾക്ക് അതീവ സാധ്യതയുള്ള മറ്റൊരു മേഖലയാണ് കാർഷിക മേഖല. സുസ്ഥിരമായ കാർഷികവൃത്തിയാണ് ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. കണികാ ജലസേചനം പോലുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ച് ജലം പാഴാക്കുന്നത് കഴിയുന്നത്ര ഒഴിവാക്കുന്നതാണ് ഈ മേഖലയിലെ പ്രധാന ഹരിത പ്രൊജക്ടുകൾ. അതുപോലെ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന രാസവളങ്ങൾക്ക് ബദൽ നിർദ്ദേശങ്ങൾ, ഭൂമിഘടനയുടെ സ്വാഭാവികത നിലനിർത്തിയുള്ള്ഖ കാർഷിക വൃത്തി, വനനശീകരണം പാടെ ഒഴിവാക്കൽ തുടങ്ങിയ നടപടികളും ഈ മേഖലയിൽ നടക്കുന്നുണ്ട്.

ഗതാഗതവും അടിസ്ഥാന സൗകര്യ വികസനവും ഈ രംഗത്ത് പ്രാധാന്യമർഹിക്കുന്ന മേഖലകളാണ്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്, മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനമൊരുക്കുക, മലിനീകരണമുണ്ടാക്കുന്ന ഫോസിൽ ഇന്ധനങ്ങൾക്ക് പകരം വൈദ്യൂതി പോലുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുക. വാഹനങ്ങളുടെ ഇന്ധന കാര്യക്ഷമത വർദ്ധിപ്പിച്ച് ഇന്ധന ഉപയോഗം കുറയ്ക്കുക തുടങ്ങിയ പദ്ധതികൾ ഈ മേഖലയിൽ നടക്കുന്നുണ്ട്. അതുപോലെയാണ് സുഗമമായ യാത്രയ്ക്കായി നല്ല റോഡുകളുമ്മറ്റും നിർമ്മിക്കുക എന്നതും.

ഇതു മാത്രമല്ല, പ്ലാസ്റ്റിക് പോലുള്ള പദാർത്ഥങ്ങൾ ഉദ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ ഇല്ലാതെയാക്കാൻ റീസൈക്ലിങ് ചെയ്ത് ഇവയെ പുനരുപയോഗത്തിന് പ്രാപ്തമാക്കുക, ഇ-വെസ്റ്റ് സംസ്‌കരണം തുടങ്ങിയ പദ്ധതികളും ഹരിതസമ്പദ്ഘടനയിൽ ഉൾക്കൊള്ളുന്നു. ഇത്തരത്തിലുള്ള നിരവധി പ്രൊജക്ടുകൾ വിവിധ രാജ്യങ്ങൾ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി നടന്നു വരുന്നുമുണ്ട്. ഇതിനൊക്കെ പണം കണ്ടെത്താനാണ് ഹരിതസമ്പദ്ഘടനയിൽ വിവിധ മാർഗ്ഗങ്ങൾ ആവിഷ്‌കരിച്ചിരിക്കുന്നത്. അതിൽ ഏറ്റവും പ്രാധാന്യമേറിയവയാണ് ഹരിതബോണ്ടുകൾ.

ഹരിത ബോണ്ടുകൾ

അർഹതയുള്ള ഒരു ഹരിത പ്രൊജക്ടിനെ സാമ്പത്തികമായി സഹായിക്കുവാൻ ഉദ്ദേശിച്ചുള്ള ഏതൊരു വിധത്തിലുള്ള സാമ്പത്തിക ഇടപെടലുകളേയും പൊതുവേ ഹരിത ബോണ്ടുകൾ എന്നു വിളിക്കാം. എന്നാൽ ഇതിന് കർശനമായ നിബന്ധനകളുണ്ട്. പരിസ്ഥിതി സൗഹർദ്ദമായ പ്രൊജക്ടുകൾക്കായി മാത്രമേ ഇത് ഉപയോഗിക്കാവൂ മാത്രമല്ല, എല്ലാത്തരത്തിലുള്ള പ്രവർത്തനങ്ങളും തീർത്തും സുതാര്യമായിരിക്കണം. ഊർജ്ജക്ഷമത, പ്രകൃതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രാപ്തവുമായിരിക്കണം ഹരിതബോണ്ടിന് അർഹതയുള്ള പ്രൊജക്ടുകൾ.

നിലവിൽ അമേരിക്ക, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഏറ്റവുമധികം ഹരിതബോണ്ട് നൽകിയിട്ടുള്ള രാജ്യങ്ങൾ. യൂറോപ്പിലെ ഹരിതവായ്പയുടെ 20 ശതമാനത്തോളം നൽകിയിട്ടുള്ളത് യൂറോപ്യൻ സെൻട്രൽ ബാങ്കണ്. 2016-ൽ മാത്രമാണ് ബാങ്ക് ഇത് ആരംഭിച്ചതെങ്കിലും ഈ മേഖലയിൽ അതിവേഗം മുന്നേറാൻ അതിനായി. ലോകത്തിലെ മറ്റു രാജ്യങ്ങളിലേക്കും ഹരിതസമ്പദ്ഘടനയും ഹരിതബോണ്ടുകളും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ആഗോളാടിസ്ഥാനത്തിലുള്ള കണക്കെടുത്താൽ, മൊത്തം ഹരിതബോണ്ടുകളുടെ മൂല്യം 34 ട്രില്ല്യൻ അമേരിക്കൻ ഡോളർ വരും. 2016- കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 34 ശതമാനത്തിന്റെ വളർച്ചയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്കും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങ്ൾക്കും അനിവാര്യമായ ഒന്നായി മാറുകയാണ് ഹരിത ബോണ്ടുകൾ.

പ്രകൃതിയിലേക്കുള്ള മടക്കം ആധുനിക സാങ്കേതിക വിദ്യയോടൊപ്പം

ഹരിതസമ്പദ്ഘടനയിൽ പ്രകൃതിയിലേക്കുള്ള മടക്കം എന്നത് ഒരിക്കലും മനുഷ്യന്റെ ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്കല്ല. ഇതുവരെ മനുഷ്യൻ ആർജ്ജിച്ച ശാസ്ത്രീയ വിജ്ഞാനവും സാങ്കേതിക മികവുമെല്ലാം പരമാവധി ഉപയോഗിച്ചുകൊണ്ട് തന്നെ പ്രകൃതിയുമായി ഇണങ്ങിജീവിക്കുക എന്നതാണ്. ഭൂമിയിലെ ജീവന്റെ താളം തിരിച്ചുപിടിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുകയല്ല, മറിച്ച് അനുഭവിക്കുകയാണ് വേണ്ടതെന്ന പുതിയ ചിന്താഗതി ഭൂമിയിൽ ജീവിതത്തിന് പുതിയൊരു നിർവ്വചനം അധികം വൈകാതെ നൽകുമെന്ന് പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP