Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202219Friday

അനാസ്ഥമൂലം പുഴുവരിക്കുന്ന രോഗികൾ; രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെക്കുന്ന ഡോക്ടർമാർ; വെന്റിലേറ്റർ ഓൺ ചെയ്യാൻ മറന്നതിനെ തുടർന്ന് മരിക്കുന്നവർ; ഓക്‌സിജൻ മാസ്‌ക്ക് സ്ഥാനംതെറ്റിയും ദുരന്തം; ഇത് റിപ്പോർട്ട് ചെയ്യുന്നവർക്കെതിരെ നടപടിയും; യോഗി ആദിത്യനാഥും പിണറായി വിജയനും തമ്മിൽ പിന്നെന്താണ് വ്യത്യാസം; ആരോഗ്യ രംഗത്തെ കേരളാ മോഡലിന് എന്താണ് സംഭവിക്കുന്നത്?

അനാസ്ഥമൂലം പുഴുവരിക്കുന്ന രോഗികൾ; രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെക്കുന്ന ഡോക്ടർമാർ; വെന്റിലേറ്റർ ഓൺ ചെയ്യാൻ മറന്നതിനെ തുടർന്ന് മരിക്കുന്നവർ; ഓക്‌സിജൻ മാസ്‌ക്ക് സ്ഥാനംതെറ്റിയും ദുരന്തം; ഇത് റിപ്പോർട്ട് ചെയ്യുന്നവർക്കെതിരെ നടപടിയും; യോഗി ആദിത്യനാഥും പിണറായി വിജയനും തമ്മിൽ പിന്നെന്താണ് വ്യത്യാസം; ആരോഗ്യ രംഗത്തെ കേരളാ മോഡലിന് എന്താണ് സംഭവിക്കുന്നത്?

എം മാധവദാസ്

'പല രോഗികളുടെ ഓക്‌സിജൻ മാസ്‌ക്കുകൾ വേറെ എവിയോ ആണ് കിടക്കുന്നത്. ഓക്‌സിജൻ നൽകുന്ന പേഷ്യൻസിന്റെ മാസ്‌ക്കുകൾ ഒക്കെ പ്രോപ്പറയാണോ ഇരിക്കുന്നതെന്ന് ഒന്ന് ശ്രദ്ധിക്കണം. ഇന്ന് പല രോഗികളുടെയും മാസ്‌ക്കുകൾ... സൂപ്പർവിഷന് കയറിയിട്ട് ഡോക്ടേഴ്‌സ് അത് കണ്ടിട്ട് റിപ്പോർട്ട് ചെയ്യുകയാണെന്നാണ് പറയുന്നത്. പല രോഗികളുടെയും ഓക്‌സിജൻ മാസ്‌ക്കുകൾ വേറെ എവിടെയോ കിടക്കുകയായിരിക്കും. ശരിക്കും മൂക്കിന്റെ അടുത്തൊന്നുമല്ല ഇരിക്കുന്നത്. ചുമ്മാ മാറിക്കിടക്കുന്ന അവസ്ഥയാണ്. വെന്റിലേറ്ററിന്റെ ട്യൂബിങ്ങ്‌സ് ഒക്കെ ശരിയാണോ എന്ന് നിങ്ങൾ ഇടക്കൊന്ന് ചെക്ക് ചെയ്യണം. ഐസിയുവിൽ ഒക്കെയുള്ളവർ കൃത്യമായി ചെക്ക് ചെയ്യണം. അങ്ങനെ ഒരു വീഴ്ച കൊണ്ട് പല പേഷ്യൻസും ഡെത്തായി പോയിട്ടുണ്ട്. ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും നമ്മുടെ വീഴ്ചയായി അവർ കാണുകയോ, ശിക്ഷണ നടപടികൾ ഒന്നും എടുക്കുകയോ ചെയ്തിട്ടില്ല. എന്തുകൊണ്ടാണ്, നമ്മൾ കഷ്ടപ്പെടുന്നുണ്ട്. പക്ഷേ നമ്മുടെ ഭാഗത്തുനിന്ന് ഇതുപോലെയുണ്ടാകുന്ന ചെറിയ വീഴ്ചകൾ മൂലം ജീവൻ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അത് അവർ കൃത്യമായി നമ്മോളോട് പറഞ്ഞിട്ടുമുണ്ട്. ഇന്നയിന്ന പ്രശ്‌നങ്ങൾ ഉണ്ട്. അതുകൊണ്ട് നിങ്ങൾ സ്റ്റാഫ് ഒന്നു കൂടെ ശ്രദ്ധിക്കണം. അങ്ങനെ ഒരു വീഴ്ച, നിങ്ങളുടെ ഭാഗത്തുനിന്ന് വരാതെ നോക്കണം. എന്തെങ്കിലും കഷ്ടകാലത്തിന് വന്ന് പിടിച്ചുപോയാൽ ആകെ പ്രശ്‌നമാവും. ഹാരീസ് എന്നു പറയുന്ന പേഷ്യന്റ് ശരിക്കും വെന്റിലേറ്റർ ട്യൂബിങ്ങ്‌സ് മാറിക്കിടന്നതാണ്.., വാർഡിലേക്ക് മാറ്റനായ പേഷ്യന്റാണ്. ആ പേഷന്റ് ഡെത്തായിപ്പോയെന്ന് അവരുടെ ആളുകൾ പരാതി പറയുന്നുണ്ട്. ഡോക്ടർമാർ നമ്മളെ പ്രൊട്ടക്റ്റ് ചെയ്യാൻ വേണ്ടി വേറെ കാര്യങ്ങൾ ഒന്നും പുറത്ത് വിടാത്തതുകൊണ്ടാണ്, നമ്മൾ രക്ഷപ്പെട്ടത്. അല്ലെങ്കിൽ അത് വലിയ വിഷയം ആയി മാറിയേനെ. അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ നമ്മൾ ഒന്നുകൂടി ശ്രദ്ധിക്കണം. വെന്റിലേറ്ററിൽ കിടക്കുന്ന പേഷ്യന്റിന്റെ സാച്ചുറേഷൻ ഒക്കെ ഒന്നുകൂടി ശ്രദ്ധിക്കണം. '....

കേരളത്തെ ഞെട്ടിച്ച ഒരു ഓഡിയോ ക്ലിപ്പാണിത്. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫീസർ ജലജ ദേവിയുടെ വാട്‌സാപ്പ് സന്ദേശത്തിന്റെ ഒരു ഭാഗമാണ് പുറത്ത് വന്നത്. തീർത്തും ഔദ്യോഗിക ഗ്രൂപ്പിലിട്ട ഈ ഓഡിയോ എങ്ങനെയോ പുറത്തായി. അപ്പോഴാണ് കേരളം അക്ഷരാർഥത്തിൽ ഞെട്ടിയതും. അതിന്റെ പ്രകമ്പനങ്ങൾ ഇപ്പോഴും തുടരുകയാണ്. നഴ്‌സിങ്് ഓഫീസർക്കെതിരെ നടപടിയെടുത്തയോടെ അവർ പറഞ്ഞത് ശരിയാണെന്ന് വ്യക്തമാക്കി ജൂനിയർ ഡോക്ടർ നജ്മയും എത്തി. ഇതോടെ ഇത് വലിയ വിവാദമായി. അനാസ്ഥകൊണ്ട് പ്രാണവായു കിട്ടാതെ രോഗികൾ മരിക്കുന്ന ഒരു കേരളം നമുക്ക് സങ്കൽപ്പിക്കാൻപോലും കഴിയുന്നില്ല.

പിണറായിയും യോഗിയും ഫലത്തിൽ എന്താണ് വ്യത്യാസം

ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരഖ്പൂരിൽ ഓക്‌സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവം ഇന്ത്യ ഏറെ ചർച്ചചെയ്താണ്. അന്ന് കുട്ടികളെ രക്ഷിക്കാനായി ശ്രമിച്ച ഡോ കഫീൽഖാന്റെ പേരിൽ കള്ളക്കേസ് എടുക്കുകയും ജയിലിൽ അടക്കുകയും ചെയ്തത് കേരളത്തിലടക്കം വലിയ പ്രതിഷേധ വേലിയേറ്റം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രബുദ്ധമെന്ന് നാം പറയുന്ന കേരളത്തിലും എന്താണ് സംഭവിക്കുന്നത്്. ഈ ഓഡിയോയുടെ പേരിൽ നഴ്സിങ് ഓഫീസർ ജലജ ദേവി സസ്‌പെൻഷനിലായി. അവിടെ അനാസ്ഥ ഉണ്ടായെന്നും ഓക്‌സിജൻ മാസ്‌ക്കുകൾ മാറിക്കിടക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞ ഡോ നജ്മയും ഇപ്പോൾ സർക്കാറിന്റെ കണ്ണിലെ കരടാണ്. നജ്മയെയും പ്രതിചേർത്ത് കേസിൽ കുടക്കുമെന്നാണ് അറിയുന്നത്. സത്യം പറയുന്നവരെ വിസിൽ ബ്ലോവർമാരായി പ്രോൽസാഹിപ്പിക്കാതെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ പിണറായി വിജയനും, യോഗി ആദിത്യനാഥും തമ്മിൽ എന്താണ് വ്യത്യാസം.

ഉത്തർപ്രദേശല്ല കേരളം. നമ്മുടെ ആരോഗ്യനിലവാരം പണ്ടു തൊട്ടേ ലോക നിലവാരത്തിലാണ്. കോവിഡ് പ്രതിരോധത്തിലടക്കമുള്ള പല കാര്യങ്ങളിലും നമുക്ക് അന്താരാഷ്ട്ര മാധ്യമങ്ങുടെ പ്രശംസ പിടിച്ചു പറ്റാൻ കഴിഞ്ഞിട്ടുണ്ട്. നഴ്‌സുമാരും ഡോക്ടമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർ, ലീവും ഓഫുമില്ലാതെ എത്രയോ മണിക്കൂർ അനുസ്യൂതം പണിയെടുക്കുന്നുണ്ട് എന്നതും യാഥാർഥ്യമാണ്. അവരുടെ ആരെയും സേവനങ്ങൾ മാനിക്കാതെയല്ല ഇത് എഴുതുന്നത്. നമ്മുടെ പോരായ്മകൾ പരിഹരിക്കാനും, സിസ്റ്റം കുറച്ചുകൂടി മെച്ചപ്പെുടുവാനുമാണ്. യുപിയിൽ ഭരണകൂട നിർമ്മിതിയായ ദുരന്തമായിരുന്നു നടന്നതെങ്കിൽ ഇവിടെ അനാസ്ഥയാണ് വില്ലനായതായി പറയുന്നത്. ഖൊരഖ്പൂരിൽ പണം അടക്കാത്തതുകൊണ്ട് ഓക്‌സിജൻ സപ്പെ ഇല്ലാതായി നിരവധി കുട്ടികൾ മരിച്ചുവീണു. എന്നാൽ കളമശ്ശേരിയിൽ ഓക്‌സിജൻ മാസ്‌ക്കും, മറ്റും രോഗിക്ക് മതിയായി രീതിയിൽ വെച്ചു കൊടുക്കാത്തിന്റെ ഫലമായാണ് പ്രാണവായു നിഷേധിക്കപ്പെട്ടത്. പക്ഷേ രണ്ടിലും സർക്കാറുകൾ പെരുമാറിയ രീതി നോക്കുക. തെറ്റ് കണ്ടെത്തിയവരെ, അത് പുറം ലോകത്തെ അറിയിക്കാൻ ശ്രമിച്ചവരെ, കുറ്റക്കാരനാക്കാൻ നോക്കുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ ഒരു രീതിയാണ്. ഫാസിസ്റ്റ് പ്രവണത തന്നെയാണ്.

ഇനി ഈ കോവിഡ് കാലത്ത് ഇത് ആദ്യമായാണോ പരാതികൾ ഉയരുന്നത്. നേരത്തെ ഒരു വൃദ്ധനെ പുഴുവരിച്ച വാർത്ത കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി സോഷ്യൽ മീഡിയ നോക്കിയാൽ ദിവസം ഒന്നെങ്കിലും ഉണ്ടാകും ആശുപത്രികളിലെ അനാസ്ഥകളെക്കുറിച്ച് ഉയരുന്ന പരാതികൾ. സർക്കാർ ആശുപത്രികളുടെ കാര്യം അവിടെ നിൽക്കട്ടെ. നാം ലക്ഷങ്ങൾ കൊടുത്ത് ചികിൽസ തേടുന്ന സ്വകാര്യ ആശുപത്രികളിലെ ചികിൽസാ പിഴവിനെ കുറിച്ചൊക്കെ എത്രയോ വാർത്തകളാണ് സോഷ്യൽ മീഡിയിൽ നിറയുന്നത്. ഇതിൽ മിക്ക പഞ്ചനക്ഷത്ര ആശുപത്രികളും കേരളത്തിലെ പത്രമാധ്യമങ്ങളുടെ പരസ്യ ദാതാക്കൾ ആയതിനാൽ അവർ വാർത്ത കൊടുക്കാറുമില്ല. ഇനി സമ്മർദത്തെത്തുടർന്ന് കൊടുത്താൽ തന്നെ അത് അപ്രധാനമായി ഒതുങ്ങുന്നു. മെഡിക്കൽ നെഗ്ലിജൻസ് എന്ന വിഷയത്തെക്കുറിച്ച് കേരളം ഇനിയും ഗൗരവമായി ചർച്ച ചെയ്തിട്ടില്ല. ഒരു പ്രശനം ഉണ്ടായാൽ ആശുപത്രി തല്ലിത്തകർക്കുകയല്ല പോംവഴി.
സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അനിവാര്യമായ ദുരന്തമാണ് നാം ഇന്ന് അനുഭവിക്കുന്നത് എന്നും പലയിടത്തും വിമർശനം ഉയരുന്നുണ്ട്. പല ഡോക്ടർമാർക്കും നഴ്‌സുമാർക്കും കൃത്യമായ പരിശീലനം കിട്ടിയിട്ടില്ല. അതോടൊപ്പം അനാസ്ഥ കൂടിയാവുന്നതോടെ എല്ലാം തികയുന്നു.

'ജമീലയുടെ വെന്റിലേറ്റർ പ്രവർത്തിച്ചില്ല'

കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിങ് ഓഫീസർ ജലജ ദേവിയുടെ പേരിലുള്ള സന്ദേശത്തിന്റെ ഭാഗമാണ് ഈ വിവരം പുറത്തറിച്ചത്. ഈ സന്ദേശത്തിൽ പറയുന്ന ഹാരിസിന്റെ മരണത്തിൽ ബന്ധുക്കൾ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. മരിച്ച ദിവസം ഹാരിസ് വീട്ടുകാരുമായി വീഡിയോ കോൾ ചെയ്തിരുന്നു. ആരോഗ്യ സ്ഥിതി മോശമായിരുന്നില്ലെന്നും നഴ്‌സിങ് ഓഫീസറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹാരിസിന്റെ ബന്ധുക്കൾ പറയുന്നു.

കോവിഡ് ചികിത്സ രംഗത്ത് ഏറെ പ്രശംസ പിടിച്ചു പറ്റിയ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ഇത്തരത്തിലൊരു സന്ദേശം വന്നത് ഏറെ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സന്ദേശത്തിന്റെ നിജസ്ഥിതിയെക്കുറിച്ചും അതിൽ പറയുന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. അതിനിടെ ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. സംഭവം അധികൃതർ നിഷേധിക്കയാണ്. പക്ഷേ നഴ്‌സിങ് ഓഫിസറുടെ ശബ്ദസന്ദേശത്തിൽ പറയുന്നതു ശരിവച്ചു ജൂനിയർ ഡോക്ടർ നജ്മ സലിം രംഗത്തെത്തിയതോടെ ആശുപത്രി വെട്ടിലായി.

ഹാരിസിന്റെ മരണസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെങ്കിലും മറ്റു രണ്ട് രോഗികൾ സമാന രീതിയിൽ ഓക്‌സിജൻ ലഭിക്കാതെ പ്രയാസപ്പെട്ടതിനു താൻ സാക്ഷിയാണെന്നു നജ്മ പറഞ്ഞു. ഇവരിലൊരാളായ ജമീല ശ്വാസമെടുക്കാൻ ആയാസപ്പെടുന്നതു കണ്ടു ചെല്ലുമ്പോൾ വെന്റിലേറ്റർ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യം ഡ്യൂട്ടി നഴ്‌സുമാരെ അറിയിച്ചെങ്കിലും ഉടൻ പരിഹാരം കാണുന്നതിൽ വീഴ്ചയുണ്ടായി. ഇത്തരം അനാസ്ഥ മുതിർന്ന ഡോക്ടർമാരെയും ആശുപത്രി അധികൃതരെയും അറിയിച്ചെങ്കിലും 'പ്രശ്‌നമാക്കേണ്ട' എന്നായിരുന്നു നിർദ്ദേശം. നഴ്‌സിങ് ഓഫിസറുടെ ശബ്ദസന്ദേശത്തിലുള്ള കാര്യങ്ങൾ അസത്യമല്ല. തനിക്കെതിരെ നടപടി പ്രതീക്ഷിച്ചു തന്നെയാണു വെളിപ്പെടുത്തൽ നടത്തിയതെന്നും നജ്മ പറഞ്ഞു.

കോവിഡ് ആശുപത്രിയെന്ന നിലയിലുള്ള മെഡിക്കൽ കോളജിന്റെ നേട്ടങ്ങളെ തകർക്കണമെന്ന ലക്ഷ്യത്തോടെയുള്ള വ്യാജപ്രചാരണമാണു നടക്കുന്നതെന്നതെന്നാണ് അധികൃതരുടെ നിലപാട്. ഹാരിസ് മരിച്ചതു ഹൃദയസ്തംഭനം മൂലമാണെന്ന് നോഡൽ ഓഫിസർ ഡോ. ഫത്താഹുദീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.പീറ്റർ വാഴയിൽ എന്നിവർ പറഞ്ഞു. അശാസ്ത്രീയവും സത്യവിരുദ്ധവും നിരുത്തരവാദപരവുമായാണു ഡോ.നജ്മയുടെ വെളിപ്പെടുത്തൽ. അവർ ഐസിയുവിൽ ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ആരും ഇങ്ങനെ ഉണ്ടായതായി അറിയിച്ചിട്ടില്ലെന്നാണ് വിശദീകരണം.

എന്നാൽ ശബ്ദസന്ദേശത്തിൽ പരാമർശിക്കുന്ന സൂം മീറ്റിങ്ങിൽ നഴ്‌സിങ് ഓഫിസർ ജലജാദേവി പങ്കെടുത്തിരുന്നതായി ആർഎംഒ ഡോ. ഗണേശ് മോഹൻ പറഞ്ഞു. പൊതുവായ നിർദ്ദേശങ്ങളാണു നൽകിയത്. ഓക്‌സിജൻ വിതരണ സംവിധാനം ശ്രദ്ധിക്കണമെന്നു പറഞ്ഞിരുന്നു. സൂം മീറ്റിങ് റെക്കോർഡ് ചെയ്തിട്ടുണ്ടെങ്കിലും മാധ്യമ പ്രവർത്തകർക്കു മുന്നിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന് ആർഎംഒ അറിയിച്ചു. ജലജാദേവി ഭാവനയിൽ കണ്ട കാര്യങ്ങളാണു പറഞ്ഞതെന്നു വിശദീകരണം നൽകിയിട്ടുണ്ട്. ലീവിലായിരിക്കെയാണ് അവർ മീറ്റിങ്ങിൽ പങ്കെടുത്തത്. സൂം മീറ്റിങ് രേഖകൾ അന്വേഷണ സംഘത്തിനു കൈമാറും. ഐസിയുകൾ സിസിടിവി നിരീക്ഷണത്തിലാണെങ്കിലും ഹാരിസ് കിടന്ന ഐസിയുവിൽ സിസിടിവി ഉണ്ടായിരുന്നില്ല.

തന്റെ നിലപാടുകളിൽ നജ്മയും ഉറച്ചു നിൽക്കുകയാണ്. മുൻപ് ഇത്തരം വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നില്ലെന്ന വാദവും തെറ്റാണ്. ഐസിയുവിലെ ചില വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിനൊപ്പം സിസിടിവി ക്യാമറ ഘടിപ്പിക്കാൻ ആവശ്യപ്പെടുകയും ഇതു നടപ്പാക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ആർഎംഒയോടു വാട്സാപ്പിലൂടെ അറിയിച്ചതിന്റെ തെളിവുകൾ കയ്യിലുണ്ടെന്ന് നജ്മ പറയുന്നു. എന്നാൽ അധികൃതർ ഇക്കാര്യം ആവർത്തിച്ച് നിഷേധിക്കയാണ്. നജ്മ ആശുപത്രി അധികൃതരെ ഈ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. പുറത്തു വന്ന ശബ്ദരേഖ നൽകിയ നഴ്സ് ഐ.സി.യു വിഭാഗത്തിൽ പ്രവർത്തിക്കുന്നവരല്ല. ഇവർ കോവിഡ് ചികിത്സാ സംഘത്തിന്റെ ഭാഗവുമല്ല. ഇവർ ആശുപത്രിയിൽ എത്തിയത് ഈ അടുത്ത് മാത്രമാണ്. നജ്മയും നഴ്സിങ്ങ് ഓഫീസറും ഉന്നയിക്കുന്ന കാര്യങ്ങൾ ഇവിടെ നടന്നിട്ടില്ല. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ഹാരിസിന്റെ മരണ കാരണം. ആരോപണം ഉന്നയിച്ച ഡോക്ടറുടേത് താൽക്കാലിക സേവനം മാത്രമെന്നും കളമശേരി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.അനാവശ്യ പ്രചാരണം സ്ഥാപനത്തെ തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ്. മനുഷ്യ സാധ്യമായ എല്ലാ ചികിത്സയും മരിച്ച ഹാരിസിന് നൽകിയിരുന്നു. ഹാരിസ് ആശുപത്രിയിൽ എത്തിയത് ഗുരുതരാവസ്ഥയിലാണ്. കോവിഡ് ന്യൂമോണിയ ഉണ്ടായിരുന്നു. വെന്റിലേറ്റർ ട്യൂബ് മാറികിടന്നതല്ല മരണകാരണം. സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നും അധികൃതർ വ്യക്തമാക്കുന്നു.

ചികിത്സക്ക് നാൽപ്പതിനായിരം രൂപ കൈക്കൂലി

അതിനിടെ കോവിഡ് ചികിത്സക്കിടെ മെച്ചപ്പെട്ട പരിചരണം ലഭിക്കാൻ ഇവിടെ വൻ തുക കൈക്കൂലി ആവശ്യപ്പെട്ട വാർത്തകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. മൂന്ന് മാസങ്ങൾക്ക് കളമശ്ശേരി മെഡിക്കൽ കോളജിൽ മകോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച എടത്തല സ്വദേശിയായ ബൈഹക്കിയുടെ (59) ബന്ധുക്കളാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 40,000 രൂപ നൽകിയാൽ ഡോക്ടർമാരും നഴ്‌സുമാരും നന്നായി നോക്കുമെന്ന് ചികിത്സയിലിരിക്കെ രോഗിയായ ബൈഹക്കി ശബ്ദ സന്ദേശം അയച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരനായ നാസർ മാതൃഭൂമി ഓൺലൈനിനോട് വെളിപ്പെടുത്തി.

ഇത്രയും പണം നൽകാൻ അന്ന് സാധിച്ചിരുന്നില്ല. കളമശ്ശേരി മെഡിക്കൽ കേളേജ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ അവിടെയുള്ള ഡോക്ടർ തന്നെ ഇപ്പോൾ തുറന്നുപറഞ്ഞ സാഹചര്യത്തിൽ അന്ന് പണം നൽകാതിരുന്നതുകൊണ്ടാണോ മതിയായ ചികിത്സ ലഭിക്കാതെ തന്റെ സഹോദരൻ മരണപ്പെട്ടതെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ കൈവശമുള്ള തെളിവുകളുമായി ആശുപത്രിക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധു പറഞ്ഞു.

ആശുപത്രിക്ക് അകത്ത് ഒരു ലൈനുണ്ടെന്നും അവിടെ പണം നൽകിയാൽ മാത്രമേ തനിക്ക് മികച്ച ചികിത്സ ലഭിക്കുകയുള്ളു. ഇതിനായി 40,000 രൂപ ഒന്നിച്ചോ അല്ലെങ്കിൽ 20,000 രൂപ വീതം രണ്ട് തവണയായോ എത്തിച്ച് നൽകണമെന്നാണ് ബൈഹക്കി ആവശ്യപ്പെട്ടിരുന്നത്. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പണം വേണമോ എന്ന സംശയം അന്നേ ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ തനിക്ക് ആശുപത്രിയിൽ ശ്രദ്ധ ലഭിക്കാൻ പണം അടയ്ക്കണമെന്ന് സഹോദരൻ നിരന്തരം ശബ്ദ സന്ദേശത്തിലൂടെ അപേക്ഷിച്ചപ്പോൾ ഒരു ചെക്ക് നൽകാമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലായ് ഏഴിന് വൈകീട്ടാണ് ബൈഹക്കിക്ക് കോവിഡ് സ്ഥിരീകരിച്ചത്. എട്ടാം തിയതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് മുതൽ ഫോണിലൂടെ മാത്രമാണ് സഹോദരനുമായി ബന്ധപ്പെടാൻ സാധിച്ചത്. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ഭക്ഷണവും പാനിയവും ആശുപത്രി വാതിക്കൽ എത്തിച്ചു നൽകിയിരുന്നു. ഇവയെല്ലാം സഹോദരന് ലഭിച്ചിട്ടുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ സഹോദരന്റെ കൈവശം മൂവായിരം രൂപയുണ്ടായിരുന്നു. എന്നാൽ ഈ പണം അദ്ദേഹത്തിന്റെ മരണശേഷം ആശുപത്രിയിൽ നിന്ന് തിരികെ ലഭിച്ചിരുന്നില്ലെന്നും ബന്ധു ആരോപിച്ചു. എത്ര ഗുരതരമാണ് ഈ ആരോപണം എന്ന് നോക്കുക.

കോവിഡ് രോഗി പുഴുവരിച്ച കേരളം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിചരണം ലഭിക്കാത്തതിനെ തുടർന്ന് കോവിഡ് രോഗിക്ക് പുഴുവരിച്ചത് ഏറെ വിവാദമായിരുന്നു. പടിക്കെട്ടിൽനിന്ന് വീണ് തോളെല്ലിനും കഴുത്തിനും പരിക്കേറ്റ രോഗിയുടെ കഴുത്തിൽ കോളർ ഇട്ടിരുന്നു. അസ്ഥിരോഗവിഭാഗത്തിലെ ഡോക്ടർമാർ ഇത് അഴിച്ചുമാറ്റാത്തതിനാൽ കോവിഡ് വാർഡിൽ ചികിത്സയിലിരുന്നപ്പോൾ കഴുത്തിലെ മുറിവുകൾ കാണാനായില്ലെന്നാണ് പറയുന്നത്. എന്നാൽ രോഗിയുടെ ബന്ധുക്കൾ പറയുന്നത് തങ്ങൾ ഓരോ ദിവസവും വിളിക്കുമ്പോൾ മുറിവ് പരിശോധിക്കുന്നുണ്ട് എന്നാണ് അറിയിച്ചത് എന്നാണ്. ഈ സംഭവം വിവാദമായതോടെ ഡോക്ടർമാർ അടക്കം ആരോഗ്യവകുപ്പ് ജീവനക്കാർക്കെതിരെ നടപടി എടുത്തിരുന്നു. എന്നാൽ സംഘടിതമായി സമരം നടത്തി നടപടി പിൻവലിപ്പിക്കയാണ് കെജിഎംഒഎ അടക്കമുള്ള സംഘടനകൾ ചെയ്യിച്ചത്്. കോവിഡ് കാലത്ത ആരോഗ്യപ്രവർത്തകർക്ക് പിടിപ്പത് പണിയുണ്ടെന്നത് വ്യക്തമാണ്. അവരുടെ കഷ്ടപ്പാടുകളും സേവനവും എല്ലാവരും അംഗീകരിക്കുന്നതുമാണ്. പക്ഷേ അതുകൊണ്ട് അനാസ്ഥക്കെതിരെ നടപടി എടുക്കേണ്ടെ എന്നതാണ് ചോദ്യം.

പക്ഷേ ഈ സംഭവം പുറം ലോകം അറിഞ്ഞതുകൊണ്ട് ഒരു ഗുണമുണ്ടായി. രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത് ഇതോടെയാണ്. രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാർ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. കൊറോണ ബോർഡ് ഇക്കാര്യം വിലയിരുത്തിയാണ് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്നയാൾ ആരോഗ്യവാനായ വ്യക്തിയായിരിക്കണം. നേരത്തെ കൊറോണ പോസിറ്റീവായ വ്യക്തിയാണെങ്കിൽ നെഗറ്റീവായി ഒരു മാസം കഴിഞ്ഞവർക്കുമാകാം. ഇവർ രേഖാമൂലമുള്ള സമ്മതം നൽകേണ്ടതാണ്. കൂട്ടിരിക്കുന്ന ആളിന് പിപിഇ കിറ്റ് അനുവദിക്കുന്നതായിരിക്കും. കൂട്ടിരിക്കുന്നയാൾ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ഇതുസംബന്ധിച്ച ഉത്തരവിൽ പറയുന്നു.

രോഗിയുടെ വയറ്റിൽ ഓപ്പറേഷൻ കത്രിക!

മെഡിക്കൽ അനാസ്ഥകളുടെ തലസ്ഥാനമാവുകയാണ് കേരളമെന്ന് അനുദിനമുള്ള വാർത്തകൾ തെളിയിക്കുന്നു. 80കളിലെ കോമഡി കാസറ്റുകളിലെ ഒരു വിഭവമായിരുന്നു ശസ്ത്രക്രിയക്കുശേഷം കത്തിവെച്ച് മറന്നുപോകുന്ന ഡോക്ടർ ഒക്കെ. പക്ഷേ പത്തുമുപ്പതുവർഷം കഴിഞ്ഞിട്ടും കേരളത്തിലും അത് ആവർത്തിക്കയാണ്. ഹൈദരാബാദിൽ ഒരു യുവതിയുടെ വയറ്റിൽ നിന്നും ഡോക്ടർ മറന്നുവച്ച കത്രിക മൂന്നു മാസങ്ങൾക്ക് ശേഷം കണ്ടെടുത്തത് 2018ൽ വാർത്തയായിരുന്നു. കലശലായ വയറ്റുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കൈപ്പിഴ സംഭവിച്ചത് അറിയുന്നത്. കഴിഞ്ഞ വർഷം തൃശൂർ മെഡിക്കൽ കോളേജിലും സമാനമായ സംഭവം നടന്നു.

പാൻക്രിയാസിലെ സർജറിക്കായാണ് 2019 ഏപ്രിൽ 25ന്, കൂർക്കഞ്ചേരി സ്വദേശിയായ 55 കാരൻ ജോസഫിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മെയ് അഞ്ചിന് ഓപ്പറേഷൻ നടത്തി. മെയ് 11ന് വാർഡിലേക്ക് മാറ്റിയ ജോസഫിന് അണുബാധ കണ്ടതിനെ തുടർന്ന് 12ന് പന്ത്രണ്ടിന് വീണ്ടും ഓപ്പറേഷൻ നടത്തുകയും 30ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം രണ്ടുവട്ടം റിവ്യൂവിനെത്തി. രണ്ടാംവട്ട റിവ്യൂവിന്റെ ഭാഗമായി ജൂലായ് ആറിന് നടത്തിയ സ്‌കാൻ പരിശോധനയിലാണ് വയറ്റിനുള്ളിൽ കത്രികയുണ്ടെന്ന് വ്യക്തമായത്. ജോസഫിന്റെ വയറ്റിൽ അണുബാധയുണ്ടെന്നും ഒരുപാട പോലെ രൂപപ്പെട്ടിട്ടുണ്ടെന്നും ഉടൻ മറ്റൊരു ശസ്ത്രക്രിയ കൂടിവേണമെന്നും ജൂനിയർ ഡോക്ടർ പറഞ്ഞു. അടിയന്തരമായി അഡ്‌മിറ്റാവണമെന്ന് പറഞ്ഞപ്പോൾ വീട്ടിൽ പോയി തയ്യാറായി വന്നു. എന്നാൽ, ആശുപത്രി ജീവനക്കാരുടെ പെരുമാറ്റത്തിലൊക്കെ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. മറ്റുരോഗികളെയെല്ലാം മാറ്റി നിർത്തി ജോസഫിനോട് വലിയ സ്നേഹം. അഡ്‌മിറ്റാക്കാൻ വലിയ ധൃതി കാട്ടിയതോടെ ജോസഫിന് സംശയമായി. ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോയെന്നും കരുതി. ആശൂപത്രിക്കാരുടെ സൂത്രം തന്നെ ജോസഫും പ്രയോഗിച്ചു. വീട്ടിൽ ഒരത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞ് മുങ്ങി

മറ്റൊരു പ്രൈവറ്റ് ആശുപത്രിയിൽ പോയി സ്‌കാൻ ചെയ്തു. ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ആന്തരികാവയങ്ങൾക്ക് ഭാഗ്യത്തിന് തകരാറൊന്നും സംഭവിച്ചില്ല. എല്ലാം കഴിഞ്ഞ് ആദ്യം സർജറി നടത്തിയ ഡോക്ടർ പോളി.ടി.ജോസഫിനെ വിവരമറിയിച്ചു. ശരീരത്തിൽ വെടിയുണ്ടയുമായി എത്രയോ പേർ ജീവിക്കുന്നു എന്ന് കളിയാക്കുകയായിരുന്നു ഡോക്ടറെന്ന് ജോസഫിന്റെ ബന്ധുക്കൾ പറയുന്നു. ഇപ്പോൾ കേസ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഓട്ടോ ഡ്രൈവറാണ് ജോസഫ് പോൾ. ഡോക്ടർക്കെതിരെ മെഡിക്കൽ കോളേജ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.

സമാനമായ സംഭവം കോഴിക്കോട് മെഡിക്കൽ കോളജിലും ഉണ്ടായിട്ടുണ്ട്. പക്ഷേ അതിൽ ശിക്ഷകിട്ടിയെന്നത് ആശ്വാസകരമാണ്. 2005 ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചീക്കിലോട് സ്വദേശി അച്യുതൻ നായരുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ മുഴ നീക്കംചെയ്തപ്പോഴാണ് കത്രിക വയറ്റിൽ വെച്ചുമറന്നത്.
കേസിൽ ഒന്നാം പ്രതി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലെ ശസ്ത്രക്രിയാവിഭാഗം തലവൻ ഡോക്ടർ കെകെ രാജൻ, അഞ്ചാം പ്രതി സ്റ്റാഫ് നഴ്‌സ് സിസി ആന്റണി എന്നിവരെയാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ രാജേഷ് മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ വർഷമാണാണ് വിധി വന്നത്. പിന്നീട് ഒരു വർഷത്തിന് ശേഷം വയറുവേദനയും ഛർദിയും മൂലം അച്യുതൻ നായരെ ആശുപത്രയിൽ കൊണ്ടു വന്നപ്പോൾ എടുത്ത എക്‌സറേയിലാണ് കത്രിക കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. അച്യുതൻനായർ മെഡിക്കൽ കോളേജ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. മിക്കകേസുളിലും ഈ രീതിയിലുള്ള നിയമ നടപടി ഉണ്ടാവുന്നില്ല. ഡോക്ടർമാരുടെ സംഘടിത ശക്തിക്ക് മുന്നിൽ വഴങ്ങിയും, കാശുകൊടുത്തും മിക്ക കേസുകളും ഒതുക്കി തീർക്കയാണ്.

സ്വകാര്യ ആശുപത്രികളെക്കുറിച്ചും ഗുരുതര പരാതികൾ

സർക്കാർ ആശുപത്രികളുടെ കാര്യം പോട്ടെ. നിങ്ങൾ ലക്ഷങ്ങൾ ബില്ലടക്കുന്ന ഹൈട്ടക്ക് ആശുപത്രികളെക്കുറിച്ചും പരാതികളുടെ പെരുമഴയാണ് അടുത്തകാലത്ത് ഉണ്ടായത്. കിഡ്നി സ്റ്റോൺ റിമൂവ് ചെയ്യാനുള്ള ലേസർ ചികിത്സയ്ക്കിടെ രോഗികൾക്ക് ജീവൻ നഷ്ടമാകുമോ? കേട്ടുകേൾവി പോലുമില്ലാത്ത ഈ രീതിയിലുള്ള ഒരു ദുരന്തം തന്റെ ജീവിതത്തിൽ നടമാടിയതിന്റെ ആഘാതത്തിലാണ് കാരേറ്റ് കല്ലറ സ്വദേശി ഷീബ. കിഡ്നി സ്റ്റോൺ റിമൂവ് ചെയ്യാനുള്ള ലേസർ ചികിത്സയ്ക്കിടെയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഷീബയുടെ ഭർത്താവ് സമീറിന് ജീവൻ നഷ്ടമാകുന്നത്. ഈ മരണം ഇപ്പോഴും വൻ വിവാദവും കേസുമായി നിലനിൽക്കയാണ്.

പനി ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ എറണാകുളത്തെ ലിസി ആശുപത്രിക്കെതിരെ കഴിഞ്ഞ വർഷം ഉയർന്നത് ഗുരുതര ആരോപണമാണ്.. എറണാകുളം പിഴലയിൽ വടക്കേടത്ത് വീട്ടിൽ സേവ്യറാ(58)ണ് മരിച്ചത്. ഈ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതരമായ ചികിത്സാ പിഴവ് ഉണ്ടായതായി ചൂണ്ടിക്കാട്ടി എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി. ആശുപത്രിയിലെ ഡോക്ടർ ബോൺ സെബാസ്റ്റ്യൻ, രണ്ട് ഡ്യൂട്ടി നഴ്സുമാർ, ആശുപത്രി ഡയറക്ടർ ഫാ. ജോർജ്ജ്. അന്നേദിവസം ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ലേഡി ഡോക്ടർ എന്നിവർ എതിർകക്ഷികളാക്കിയാണ് പരാതി നൽകിയിരിക്കുന്നത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പിതാവിന് വേണ്ട ശ്രദ്ധ നൽകിയില്ലെന്നും ചികിത്സയിലുള്ള പിഴവാണ് മരണത്തിന് കാരണമെന്നുമാണ് മകൻ ഷവിൻ മറുനാടൻ മലയാളിയോടും പറഞ്ഞിരുന്നു.

മലബാറിലെ രണ്ടു പ്രമുഖ ആശുപത്രികൾക്കെതിരെ ഗുരുതര ആരോപണവുമായി വയനാട് സ്വദേശിനിയായ അർബുദ രോഗി രംഗത്തെത്തിയിരുന്ു. വയനാട് സുൽത്താൻ ബത്തേരി നൂൽപുഴ പഞ്ചായത്തിലെ പൂവത്തിക്കുന്നേൽ സിനി ജോഷിയെന്ന വീട്ടമ്മയാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിക്കെതിരെയും തലശ്ശേരി മലബാർ കാൻസർ സെന്ററിനെതിരെയും ഗുരുതര ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. രണ്ടിടങ്ങളിൽ നിന്നും പല തവണയായി വിവിധ സർജറികൾ ചെയ്ത് ആരോഗ്യം ക്ഷയിച്ച അവസ്ഥയിലാണ് സിനി ജോഷി ആശുപത്രിയിൽ നടന്ന ചികിത്സ പിഴവുകൾക്കെതിരെ തുറന്നുപറയാൻ രംഗത്തുവന്നിരിക്കുന്നത്. ഇപ്പോഴും ചികിത്സ തുടരുന്ന ഇവർക്ക് വലിയ സാമ്പത്തിക ബാധ്യതയുമാണ് ആശുപത്രികളിലെ പിഴവുകൾ വരുത്തിവെച്ചത്. തന്റെ ആരോഗ്യവും സമ്പത്തും നശിപ്പിച്ച ആശുപത്രികളിൽ നിന്നും നീതിവേണമെന്ന ആവശ്യപ്പെട്ട് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഈ വീട്ടമ്മ. ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനുമെല്ലാം പരാതി നിൽകിയിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നിന്ന് ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടയിൽ ശസ്ത്രക്രിയ ഉപകരണം അബദ്ധത്തിൽ തട്ടി മൂത്രസഞ്ചിയിലേക്കുള്ള ട്യൂബ് മുറിയുകയായിരുന്നു. ഇപ്പോൾ ഒരോ അഞ്ചുമിനിട്ടിലും മൂത്രം ഒഴിക്കേണ്ട അവസ്ഥയിലാണ് ഇവർ.

കോഴിക്കോട ഉള്ള്യേരിക്കടുത്ത് മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ ബന്ധുക്കളും നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്ത് എത്തിയതും ഈയിടെയാണ്. ആശുപത്രിയുടെ അനാസ്ഥ കാരണം രണ്ടുപേർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ആരോപണം. അത്തോളി പഞ്ചായത്തിലെ ആറാം വാർഡിലെ ശ്രീജ എന്ന വീട്ടമ്മയുടെ ബന്ധുക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പൊലീസിലുമെല്ലാം പരാതി നൽകിയിട്ടുണ്ട്.

ആശുപത്രി തകർക്കയല്ല പോംവഴി

അതായത് കേരളം ഇനിയും ശക്തമായി അഡ്രസ് ചെയ്യേണ്ട ഒരു വിഷയം തന്നെയാണിത്. ഏതെങ്കിലും ഒരു വ്യക്തിയുടേയോ ആശുപത്രിയുടെയോ മാത്രം പ്രശ്‌നമായി ചുരുക്കിക്കളയുന്നതിൽ അർഥമില്ല. നമ്മുടെ സ്വകാര്യ ആശുപത്രികൾ അടക്കം ഇനിയും ഒരുപാട് സുത്യര്യമാകേണ്ടതുണ്ട്. ഒരു രോഗിയെ അകത്തേക്ക് കൊണ്ടുപോയാൽ കൃത്യമായി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ മിക്ക ആശുപത്രികൾക്കും മടിയാണ്. ഇതാണ് അവസാനം വലിയ സങ്കീർണ്ണതകളിലേക്ക് എത്തുന്നത്. എന്താണ് തന്റെ രോഗമെന്ന് എന്ന് ചികിൽസയാണ് നൽകുന്നതെന്നും അറിയേണ്ടത് രോഗിയുടെ അവകാശമാണ്.

2018 സെപ്റ്റംബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം രോഗികളുടെ അവകാശങ്ങളടങ്ങിയ ചാർട്ടർ ഓഫ് പേഷ്യന്റ്സ് റൈറ്റ്സ് ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അവകാശമായി പ്രഖ്യാപിച്ചു കൊണ്ട് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, മാധ്യമങ്ങളോ, ഉപഭോക്തൃ സംഘടനകളോ ആരോഗ്യ പ്രവർത്തകരോ രോഗികളുടെ ഈ അവകാശത്തെക്കുറിച്ച് അധികമൊന്നും മിണ്ടാറില്ല. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച രോഗികളുടെ 18 പ്രധാന അവകാശങ്ങൾ നടപ്പാക്കുന്നതിൽ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും എത്രമേൽ ജാഗരൂകരാണ്. ഇങ്ങനെയൊക്കെ അവകാശങ്ങൾ രോഗികൾക്ക് ഉള്ളതായുള്ള പ്രചരണങ്ങളോ ആശയ പ്രചരണങ്ങളോ നടത്തുന്നതിൽ കുറ്റകരമായ മൗനം ഐഎംഎയുടെ ഭാഗത്തുണ്ട്. ഇത്തരം കാര്യങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങൾ അവരുടെ കടമ നിർവഹിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് പറയാതെ വയ്യ. വിദേശരാജ്യങ്ങളൊക്കെ കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കിയാണ് ഈ പ്രശനം പരിഹരിക്കുന്നത്. രോഗിക്ക് ഐസിയുവിൽ എന്താണ് സംഭവിക്കുന്നത് എന്ന് കൂട്ടിരിപ്പുകാരന് മൊബൈലിൽ കാണത്തക്ക രീതിയിൽ അവിടെ സംവിധാനം വികസിച്ചു കഴിഞ്ഞു. പക്ഷേ നാം ഇപ്പോഴും ആശുപത്രിയിൽ സിസിടിവി പോലും വെച്ച് തുടങ്ങുന്നതേയുള്ളൂ.

എത് തൊഴിലിലും എന്നപോലെ ഹ്യുമൻ എററുകൾ ഉള്ള മേഖലയാണ് മെഡിക്കൽ മേഖലയും. എന്നാൽ പരാതി വരുമ്പോൾ അത് ഒതുക്കാൻ അല്ലാതെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ കഴിയണം. തെറ്റുപറ്റിയവരെ തിരുത്തിക്കാനും ഇരക്ക് മതിയായ നഷ്ടപരിഹാരം നൽകാനും സംവിധാനം വേണം. പക്ഷേ നമ്മുടെ നാട്ടിൽ ഇതൊന്നുമല്ല കണ്ടുവരുന്നത്. പ്രശ്‌നം ഉണ്ടായാൽ ഉടനെ ആശുപത്രി തല്ലിത്തകർക്കുന്ന രീതി ആശാവഹമല്ല. അതുപോലെ അവിചാരിതമായി ഉണ്ടാകുന്ന റിസ്‌ക്കുകൾക്ക് ഡോക്ടറെ വിചാരണ ചെയ്യാതെ ശാസ്ത്രീയമായ പരിഹാരമാണ് വേണ്ടത്. ചിലപ്പോൾ ഡോക്ടറുടെ തകരാറുമൂലമാവില്ല ആ പ്രശനങ്ങൾ ഉണ്ടാവുന്നത്. കൊല്ലത്ത് ഈയിടെയുണ്ടായ ഒരു ഡോക്ടറുടെ ആത്മഹത്യ നോക്കുക. അദ്ദേഹത്തിന്റെ സർജറിയെ തുടർന്ന് ഒരു കുട്ടി മരിച്ചതിനെ തുടർന്നുണ്ടായ വിചാരണയാണ് ഈ മരണത്തിലേക്ക് നയിച്ചത്. ഇത്തരം ആൾക്കൂട്ട വിചാരണകൾ അല്ല, ശാസ്ത്രീയമായ പരിഹാരങ്ങളാണ് നമുക്ക് വേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP