Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

'ഇന്ത്യാ വിരുദ്ധർ എന്ന ആരോപണം മാറിക്കിട്ടാൻ യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് രക്തം ദാനം ചെയ്യാം... ജയിലിലെ റേഷൻ വിറ്റു കിട്ടുന്ന തുക പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നൽകണം'; അച്യുതാനന്ദന്റെ രണ്ടും നിർദ്ദേശവും തള്ളിക്കളഞ്ഞ് സിപിഎം എടുത്തത് അച്ചടക്ക നടപടി; ചൈനയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന ബൽറാമിനുള്ള പിണറായിയുടെ മറുപടിയിലും ഉള്ളത് 1962ലെ ചൈനീസ് വിധേയത്വം; സ്വന്തം രാജ്യത്തെ സൈനികർക്ക് രക്തം നൽകാൻ ശ്രമിച്ച് പാർട്ടി നടപടി നേരിട്ട ലോകത്തിലെ ഏക നേതാവായി വി എസ് മാറിയ കഥ

'ഇന്ത്യാ വിരുദ്ധർ എന്ന ആരോപണം മാറിക്കിട്ടാൻ യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് രക്തം ദാനം ചെയ്യാം... ജയിലിലെ റേഷൻ വിറ്റു കിട്ടുന്ന തുക പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നൽകണം'; അച്യുതാനന്ദന്റെ രണ്ടും നിർദ്ദേശവും തള്ളിക്കളഞ്ഞ് സിപിഎം എടുത്തത് അച്ചടക്ക നടപടി; ചൈനയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന ബൽറാമിനുള്ള പിണറായിയുടെ മറുപടിയിലും ഉള്ളത് 1962ലെ ചൈനീസ് വിധേയത്വം; സ്വന്തം രാജ്യത്തെ സൈനികർക്ക് രക്തം നൽകാൻ ശ്രമിച്ച് പാർട്ടി നടപടി നേരിട്ട ലോകത്തിലെ ഏക നേതാവായി വി എസ് മാറിയ കഥ

എം മാധവദാസ്

ന്ത്യൻ പട്ടാളക്കാർക്ക് രക്തം ദാനം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ ഇന്ത്യയിലെ ഏതെങ്കിലും ഒരു പാർട്ടി ഒരു പൊതുപ്രവർത്തകനെതിരെ നടപടിയെടുക്കുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ! പക്ഷേ ഈ പ്രബുദ്ധ വിപ്ലവ കേരളത്തിൽ അതും സംഭവിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയും തല മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് തന്റെ ജീവിതത്തിലെ ആദ്യത്തെ പാർട്ടി അച്ചടക്ക നടപടിയുണ്ടായത് ഇതിന്റെ പേരിലാണ്.

1962ലെ ഇന്തോ-ചൈന യുദ്ധകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി വിഎസിനെ മറ്റ് നേതാക്കളെയും തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചിരുന്നു. ചൈനീസ് ചാരന്മാർ എന്നൊക്കെയായിരുന്നു അവർക്കെതിരെ ആരോപണം ഉയർന്നത്. ക്വിറ്റ് ഇന്ത്യാ സമരകാലം തൊട്ടുതന്നെ കമ്യൂണിസ്റ്റ് പാർട്ടി നേരിടുന്ന ഒരു ആരോപണമാണ്, അവർക്ക് രാജ്യത്തോടല്ല, സാർവദേശീയ തലത്തിലാണ് കൂറ് ഉള്ളതെന്നത്. 1959 കേരളത്തിൽ ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടിരുന്നതിന് ഒരു രഹസ്യകാരണമായി പറഞ്ഞതും കമ്യൂണിസ്റ്റുകൾക്ക് ചൈനയോടുള്ള ആഭിമുഖ്യം ആയിരുന്നു. ദേശ വിരുദ്ധതയെന്ന ആരോപണം മാറികിട്ടാൻ 1962ൽ വി എസ് ഒരു ആശയം മുന്നോട്ട് വെച്ചു. സൈനികർക്ക് രക്തം ദാനം ചെയ്യുക. ജയിലിലെ റേഷൻ വിറ്റു കിട്ടുന്ന തുകയിൽ മിച്ചം വെച്ച തുക സർക്കാറിന്റെ പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നൽകുക എന്നിവയായിരുന്നു അത്.

പക്ഷേ ഇത് ജയിലുള്ള മറ്റ് പാർട്ടി നേതാക്കൾക്ക് പടിച്ചില്ല. ഇത് ജയിലിൽ പ്രവർത്തകർ തമ്മിലുള്ള ആശയ സംഘർഷത്തിലേക്ക് നയിച്ചു. ഇന്ത്യക്കുവേണ്ടിയാണ് നാം നിലനിൽക്കേണ്ടതെന്ന് വി എസ് അഭിപ്രായപ്പെട്ടപ്പോൾ, സാർവദേശീയ തൊഴിലാളി ദേശീയതയിൽ ഉറച്ചു നിൽക്കയായിരുന്നു മറ്റുള്ളവർ. ജയിലിൽ കിടക്കുമ്പോൾ പോലും ഗ്രൂപ്പ് ഉണ്ടാക്കിയ നേതാവ് എന്ന് വിഎസിനെ പലരും പിന്നീട പരിഹസിക്കയും ചെയ്തു. 1965 ൽ എല്ലാവരും ജയിൽ മോചിതരായപ്പോൾ വി.എസിനെതിരെ പാർട്ടിക്ക് പരാതി കിട്ടി. തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ ഇദ്ദേഹത്തിന് നടപടി വന്നു.

പക്ഷേ എന്ത് നടപടിയാണ് വിഎസിന് നേരയുണ്ടായത് എന്നതിൽ ഇപ്പോഴും വ്യക്തയില്ല. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റിലേക്ക് അദ്ദേഹത്തെ തരംതാഴ്‌ത്തിയെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യം ശരിയല്ലെന്നും 1964ൽ പാർട്ടി പിളരുന്നതുവരെ അദ്ദേഹം കേന്ദ്രകമ്മറ്റി അംഗമായിരുന്നുവെന്നുാമണ് സിപിഎമ്മിന്റെ മറ്റുനേതാക്കൾ പറയുന്നത്. 1962 ൽ വി എസ് അച്യുതാനന്ദനും ജയിലിൽ പാർട്ടിയുടെ കൺവീനർ ആയി പ്രവർത്തിച്ചിരുന്ന ഒ ജെ ജോസെഫും തമ്മിലുണ്ടായ സംഘടനാ പരമായ തർക്കങ്ങളിൽ, പാർട്ടി രണ്ടാളെയും താക്കീത് ചെയ്തിരുന്നു എന്ന് പക്ഷേ പാർട്ടി ഔദ്യോഗിക രേഖകൾ സ്ഥിരീകരിക്കുന്നത്. വലിപ്പച്ചെറുപ്പങ്ങൾ എന്തായാലും നടപടി ഉണ്ടായി എന്ന് വ്യക്തമാണ്. ഇന്ത്യൻ സൈനികർക്ക് രക്തം നൽകാൻ ശ്രമിച്ചതിന്റെ പേരിൽ പാർട്ടി നടപടി നേരിടുന്ന ഇന്ത്യയിലെ ഒരു ജനാധിപത്യ പാർട്ടിയിലെ ആദ്യ നേതാവായി വി എസ് മാറി!

ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടിയെ എക്കാലവും കുഴക്കിയ സമസ്യ തന്നെയായിരുന്നു ഇത്. ഇപ്പോൾ ഗാൽവലിനെ സംഘർഷത്തിന്റെ പേരിൽ ചൈനയ രാജ്യം ഒറ്റപ്പെടുത്തുമ്പോളും അഴകൊഴമ്പൻ നിലപാടിലാണ് സിപിഎം അടക്കമുള്ള കമ്യൂണസിറ്റ് പാർട്ടികൾ. 1962ൽ മുഖ്യപ്രതിപക്ഷമായിരുന്ന സിപിഐ പിന്നീടങ്ങോട്ട് പിളർന്നതിലും ദേശീയരാഷ്ട്രീയത്തിൽനിന്നടക്കം അപ്രസക്തമായതിനും പിന്നിൽ ചൈനീസ് വിധേയത്വം ഒരുഘടകമായിട്ടുണ്ടെന്ന് രാമചന്ദ്രഗുഹയെപ്പോലുള്ളവർ നടത്തിയ പഠനങ്ങളിൽ എടുത്തു പറയുന്നുണ്ട്. വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞിട്ടും അതേ വിധേയത്വം സിപിഎം അടക്കമുള്ള പാർട്ടികൾക്ക് ഉണ്ടെന്നാണ്, ഇപ്പോഴത്തെ സംഘർഷത്തിന്റെ വാർത്തയോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അടക്കം പ്രതികരണം വ്യക്തമാക്കുന്നത്.

ഇന്ത്യൻ മണ്ണിൽ കടന്നു കയറി ചൈന നടത്തിയ അതിക്രമത്തെ ചെറുക്കുന്നതിനിടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ചൈനയെ അപലപിക്കാൻ തയാറാകാത്തത് എന്തുകൊണ്ടെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിക്കുന്നത്. പഴയ ചൈനീസ് പക്ഷപാതം മുഖ്യമന്ത്രിയും സിപിഎമ്മും തുടരുകയാണോ? മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിൽ ചെന്നിത്തല ചോദിച്ചു. 20 ഇന്ത്യൻ സൈനികരുടെ ജീവത്യാഗത്തെക്കുറിച്ചുള്ള താങ്കളുടെ ട്വീറ്റിൽ ചൈന എന്നൊരു വാക്കില്ലെന്ന് കത്തിൽ പറയുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ട്വീറ്റിലും ചൈനയെക്കുറിച്ചു മിണ്ടുന്നേയില്ല. ബിജെപിയും ഇത് ആയുധമാക്കുന്നുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലടക്കം കേരളത്തിൽ ചൈന ഒരു വിഷയമായി വരുമെന്ന് ഉറപ്പാണ്്. ഈ സമയത്താണ് വിഎസിന്റെ പഴയ അച്ചടക്ക നടപടിയും ചർച്ചയാവുന്നത്.

വിഎസിന്റെ നിലപാട് കാലം ശരിവെക്കുന്നു

ദേശീയമായ തൊഴിലാളി ഐക്യമാണോ സാർവദേശീയമായ തൊഴിലാളി ഐക്യമാണോ വേണ്ടത് എന്ന ചോദ്യത്തിൽ ഇഎംഎസിന്റെ നയത്തിനാണ് അഭിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയലടക്കം മുൻഗണകിട്ടിയത്. പിന്നീട് സിപിഐയായ ഒരു വിഭാഗം നേതാക്കൾ ചൈനയോട് മുട്ടാനായി കോൺഗ്രസിന് പിന്തുണ കൊടുക്കണം എന്ന അഭിപ്രായക്കാർ ആയിരുന്നു. എന്നാൽ ഇഎംഎസ് അടക്കമുള്ളവർ റഷ്യയോടും ചൈനയോടും തുല്യ സമീപനം എന്ന നിലപാട് എടുത്തു. ചൈനായുദ്ധത്തിൽ 'നാം നമ്മുടെതെന്നും അവർ അവരുടേതെന്നും പറയുന്ന ഭൂമിയെന്ന ഇഎംഎസിന്റെ' പ്രസ്താവന വലിയ വിവാദം ആയിരുന്നു. അന്ന് ഇന്ത്യക്കൊപ്പം നിന്നു എന്ന തോന്നൽ ഉണ്ടാക്കിയെടുക്കാൻ അയിരുന്നെങ്കിൽ, അതായത് വി എസ് നടത്തിയതുപോലുള്ള ഒരു നീക്കം നടത്തിയിരുന്നെങ്കിൽ ആർക്കും ദേശ വിരുദ്ധർ ആണെന്ന് കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കാൻ കഴിയില്ലായിരുന്നു.

ഇന്ത്യ-ചൈന യുദ്ധം ഏറ്റവും നഷ്ടം ഉണ്ടാക്കിയത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണെന്ന് പിന്നീട് വിലയിരുത്തലുകൾ ഉണ്ടായി. കോൺഗ്രസ്സ് കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു അന്ന് ഇന്ത്യയിലെ രണ്ടാമത്തെ പാർട്ടി. ഏ.കെ.ജി. ആയിരുന്നു പാർലമെന്റിലെ പ്രതിപക്ഷനേതാവ്. കോൺഗ്രസ്സ് അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ് ഇന്ത്യയിൽ ഭരണാധികാരം ലഭിക്കുക എന്ന് പൊതുവെ കരുതപ്പെട്ടിരുന്ന കാലം. എന്നാൽ ചൈനീസ് ആക്രമണത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചൈനാനുകൂലനിലപാട് കമ്മ്യൂണിസ്റ്റുകൾ ചൈനാചാരന്മാരാണെന്ന ഒരു പ്രതീതി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു.

നെഹ്രു സർക്കാരിന്റെ വർഗസ്വഭാവം സാമ്രാജ്യത്വ മുതലാളിത്തമാണൊരോപിച്ച് കൊണ്ടും നെഹ്രുവിന്റെ കാഴ്ചപ്പാടുകളെ പിന്തുണച്ചിരുന്ന എസ് എ ഡാങ്കേയെപ്പോലുള്ളവർക്കുണ്ടായിരുന്ന സോവിയറ്റ് അനുകൂല നിലപാടിനെ നെഹ്രു അനുകൂല നിലപാടാക്കി വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സോവിയറ്റ് അനുകൂലികളും ചൈന അനുകൂലികളും എന്ന രീതിയിൽ രണ്ട് വിഭാഗങ്ങൾ രൂപപ്പെടുകയും അവരിലെ ആശയഭിന്നത മൂർച്ഛിക്കുകയും ഒടുവിൽ പാർട്ടി പിളരുകയും ചെയ്തു.
അതിന് ശേഷം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ക്ഷയിക്കാനും ഛിന്നഭിന്നമാകാനും തുടങ്ങി. പിന്നീടൊരിക്കലും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകൾക്ക് പഴയപ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ദേശീയരാഷ്ട്രീയത്തിൽ അവർ അപ്രസക്തമാകുന്ന തോതിൽ ദുർബ്ബലമാവുകയും ചെയ്തു. വിഎസിന്റെ നിലപാടാണ് ശരിയെന്ന് ഒരിക്കൽ കൂടി കാലം തെളിയിക്കയാണ്.

1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക ആൾ ആയ വി എസ് മാത്രമാണ്. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻപതു പേരിൽ ഒരാളാണ്. ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി എസ്. മാത്രം. അന്ന് വി എസ് പറഞ്ഞപോലെ നിന്നിരുന്നെങ്കിൽ കമ്യൂണിസ്റ്്റ പാർട്ടി ഇന്ത്യുടെ പ്രതിപക്ഷത്തെങ്കിലും ഉണ്ടായിരുന്നേനെ.

കൂട്ടക്കൊലകളെ ന്യായീകരിക്കുന്നു

സിപിഎം രൂപീകരണത്തിന് ഒരു വർഷത്തിന് ശേഷം 1965ൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദ ഇങ്ങനെ പറഞ്ഞു.' ഏഷ്യയിലെ ചൈനീസ് ആധിപത്യമോഹങ്ങളുടെയും അതിനായുള്ള തന്ത്രങ്ങളുടേയും അവിഭാജ്യഘടകമായി പ്രവർത്തിക്കുക എന്നതാണ് ഇന്ത്യയിലെ സിപിഎമ്മിന്റെ ലക്ഷ്യം'.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങൾ നടത്തുന്ന ചൈനയെ ഒരു ലജ്ജയുമില്ലാതെ ന്യായീകരിക്കാനും പുകഴ്‌ത്താനും കമ്യൂണിസ്റ്റ് കവികൾക്കും മറ്റും യാതൊരു മടിയും ഉണ്ടായിരുന്നില്ല. വോയുടെ കൂട്ടക്കൊലകളെയും ടിയാനമെൻ സ്‌ക്വയറിലെ കൂട്ടക്കൊലകളെയുമൊക്കെ ന്യായീകരിക്കയാണ് അവർ ചെയ്തത്. ഇഎംഎസ് അടക്കമുള്ള നേതാക്കൾ ടിയാനമെൻ സ്‌ക്വയറിൽ നടന്നത് അമേരിക്കയുടെ അട്ടിമറി ശ്രമം ആണെന്ന് പറഞ്ഞ് ലേഖനം ദേശാഭിമാനിയിൽ എഴുതിയിട്ടുണ്ട്. ഈ കൂട്ടക്കൊലയെ വിമർിച്ചെതിന്റെ ഫലാമയി പി ഗോവിന്ദപ്പിള്ളക്കെതിരെ അച്ചടക്ക നടപടി എടുക്കയാണ് സിപിഎം ചെയ്തത്. ചിന്താ ജെറോമിനെപ്പോലുള്ളവർ ചങ്കിലെ ചൈനയെന്ന് പുസ്തകം എഴുതുന്നു. ചൈനാ യുദ്ധകാലത്തും വയലാറിനെപ്പോലുള്ള അപൂർവം കമ്യൂണിസ്റ്റ് കവികൾ മാത്രമാണ് ചൈനയ വിമർശിച്ചത്.

വയലാർ ചൈനയെ വിമർശിച്ചപ്പോൾ നേതാക്കൾ ഇറങ്ങിപ്പോയി

ഒരു കാലത്ത് റഷ്യയെ പറഞ്ഞ് പൊക്കുന്നതുപോലെ ചൈനയെയും പറഞ്ഞ് പൊക്കുക എന്നത് കമ്യൂണിസ്റ്റ് കവികളുടെ ഒരു സ്ഥിരം പരിപാടിയായിരുന്നു. മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമയുടെ എഴുതാത്ത വരികളാണ് 'കുടില കുതന്ത്ര ഭയങ്കര ചൈന'.

1962 ഒക്ടോബർ 27-ന് രക്തസാക്ഷി വാരാചരണത്തിൽ സംസാരിക്കുമ്പോഴാണ് വയലാർ രാമവർമ ചൈനയെ വാക്കുകളിലൂടെ കടന്നാക്രമിച്ചത്. ചൈന ഇന്ത്യയെ ആക്രമിച്ചതിനെത്തുടർന്നായിരുന്നു വയലാറിന്റെ വിലയിരുത്തൽ. കമ്യൂണിസ്റ്റു പാർട്ടിയിൽ സോവിയറ്റ് ചേരിയും ചൈനീസ് ചേരിയും വിരുദ്ധനിലപാടുകൾ സ്വീകരിക്കുന്ന ഘട്ടത്തിലായിരുന്നു ചൈനയുടെ ആക്രമണം.

ഒ.എൻ.വി. കുറുപ്പ് ആദ്യകാലത്ത് എഴുതിയ 'മധുര മനോഹര മനോജ്ഞ ചൈന' എന്നു തുടങ്ങുന്ന വരികൾക്കുള്ള വിമർശനം കൂടിയായിരുന്നു വയലാറിന്റെ വാക്കുകൾ. ഇരുപക്ഷക്കാരും അണിനിരന്ന വേദിയിൽ ചൈനയെ വിവരദോഷികൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തിനുനേരെനടന്ന ആക്രമണത്തെ പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടുകൾ ഭേദിച്ച് അദ്ദേഹം വിമർശിച്ചു. ചൈനയ്ക്കെതിരേ വിവരദോഷികളെന്ന പ്രയോഗം വന്നപ്പോൾ വേദിയിലിരുന്ന ഒരു പ്രധാന നേതാവ് വേദിവിട്ടുപോയതായാണ് ചേലങ്ങാട് ഗോപാലകൃഷ്ണൻ എഴുതിയ 'വയലാർ' എന്ന പുസ്തകത്തിൽ പറയുന്നത്.

ചൈന ഇന്ത്യയെ ആക്രമിച്ച സാഹചര്യത്തിൽ അനുസ്മരണസമ്മേളനത്തിൽ യുദ്ധം ചർച്ചയായെങ്കിലും ചൈനീസ് പക്ഷപാതികളായ നേതാക്കൾ ഇതിനെ ന്യായീകരിക്കാനോ എതിർക്കാനോ തയ്യാറായില്ല. ഈ ഘട്ടത്തിലായിരുന്നു വയലാറിന്റെ പ്രസംഗം. ''നമ്മൾ പാടിനടന്നിരുന്ന മധുരമനോജ്ഞ മധുര ചൈനയില്ലേ... ആ ചൈന നശിച്ചിരിക്കുന്നു. അവിടെ ചതിയന്മാരാണിപ്പോൾ. അവർ നമ്മളെ ഇനിയും ഉപദ്രവിക്കും.

ഇനി ആ കവിതയെ ഹോ... കുടില കുതന്ത്ര ഭയങ്കര ചൈനേ എന്നു ഞാൻ തിരുത്തുന്നു. സമയമുണ്ടെങ്കിൽ ബാക്കി വരികളും തിരുത്തും'' -പ്രസംഗത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. എങ്കിലും അദ്ദേഹം അത് പൂർത്തിയാക്കിയില്ല.

പക്ഷേ കാലങ്ങൾ ഇത്രയും കഴിഞ്ഞിട്ടും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ചൈനയോടുള്ള മൃദു സമീപനം മാറിയിട്ടില്ല. 2018 ജനുവരിയിൽ ആലപ്പുഴയിൽ പാർട്ടി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചതും ഓർമ്മയിൽ വരുന്നു. ഇന്ത്യ, ജപ്പാൻ, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങൾ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്നാണ് അന്ന് കോടിയേരി പ്രസംഗിച്ചത്. മുഖ്യമന്ത്രി പിണറായിക്കും ചൈനയെ പറയുമ്പോൾ ആയിരം നാക്കാണ്.

ചൈനയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പിണറായി

കഴിഞ്ഞവർഷം ജൂണിൽ നിയമസഭയിൽ നടന്ന ഒരു ചർച്ചയിൽ ചൈനയുടെ പേരിൽ പിണറായി വി ടി ബൽറാം എംഎൽഎയുമായി ഉടക്കിയിരുന്നു. പൊലീസ് കമ്മീഷണറേറ്റുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന ചർച്ചയിലാണ് ചൈന കടന്നുവന്നത്. കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സബ് ജുഡീഷ്യൽ അധികാരങ്ങളോടെ കമ്മീഷണറായി നിയമിക്കുന്ന കമ്മീഷണറേറ്റ് സംവിധാനത്തിനെതിരെ വിടി ബൽറാം അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. അവതരണത്തിനിടെ ചൈനയുടെ മനുഷ്യത്വവിരുദ്ധമായ ഭരണസംവിധാനത്തെക്കുറിച്ച് ബലറാം പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

ബലറാം എന്തിനാണ് ചൈനയെ ആക്ഷേപിക്കാൻ ഇറങ്ങി പുറപ്പെട്ടത് എന്ന് മനസ്സിലാവുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ചൈനയുടെ തോന്ന്യാസം എന്ന ബലറാമിന്റെ പരാമർശത്തെ വിമർശിച്ചു. എന്തിനാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതെന്നും അന്ധമായ വിരോധം ഇങ്ങനെ നിലനിർത്തുന്നത് എന്തിനാണെന്നും പിണറായി നിയമസഭയിലെ മറുപടി പ്രസംഗത്തിനിടെ ബൽറാമിനോട് ചോദിച്ചു. കേരളത്തിലെ പല നല്ല കാര്യങ്ങളുടേയും വക്തവായി നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന ബൽറാം ഇങ്ങനെയൊരു ധാരണ മനസ്സിൽ വച്ചു നടക്കേണ്ടതായിട്ടുണ്ടോയെന്നും പിണറായി ചൂണ്ടിക്കാട്ടി.

അടിയന്തര പ്രമേയത്തിനിടെ ബൽറാം പറഞ്ഞത് ഇങ്ങനെയാണ്.'കരുതൽ തടങ്കൽ പോലുള്ള മനുഷ്യത്വവിരുദ്ധമായ നിയമങ്ങൾ പുരോഗതി നേടിയ രാജ്യങ്ങളിൽ ഇല്ല. പക്ഷേ കേരളത്തിലുണ്ട് . യൂറോപ്യൻ രാജ്യങ്ങളിലൊന്നും ഇത്തരം അവകാശങ്ങൾ പൊലീസിന് നൽകിയിട്ടില്ല. അമേരിക്കയില്ലോ ആസ്‌ട്രേലിയയില്ലോ കാന്നഡയില്ലോ ഇല്ല. ആഫ്രിക്കൻ രാജ്യങ്ങളിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലുമൊക്കെയാണ് ഉള്ളത്. പിന്നെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ സ്വഭാവികമായി ഇതുണ്ട്. ചൈനയും ക്യൂബയും ഉത്തരകൊറിയയുമൊക്കെയാണ് ഇവർക്ക് (ഭരണപക്ഷത്തിന്) മാതൃകയായി മാറുന്നത്. പക്ഷേ ലോകം മുഴുവൻ ഇത്തരം സംഭവങ്ങൾക്കെതിരെ പ്രക്ഷോഭം നടക്കുകയാണ്. കഴിഞ്ഞ ആഴ്ച വരെ ഹോംങ്കോങ്ങിൽ സമരം നടക്കുകയായിരുന്നു. ബ്രിട്ടന് കീഴിൽ വലിയ നിയമവാഴ്ച അനുവഭിച്ച ആ രാജ്യത്ത് ചൈനയ്ക്ക് അധികാരം കൈമാറിയതോടെ ചൈനയുടെ തോന്ന്യാസം നടക്കുമെന്ന ആശങ്കയിൽ ആ രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം ഉയർന്നപ്പോൾ അവിടുത്തെ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു.'- ബൽറാം ചൂണ്ടിക്കാട്ടി.

മറുപടി പ്രസംഗത്തിനിടെ പിണറായി പറഞ്ഞത് ഇങ്ങനെയാണ്-''ഇദ്ദേഹം (വിടി ബൽറാം) എന്തിനാണ് ചൈനയെ അടക്കം ആക്ഷേപിക്കാൻ പുറപ്പെട്ടത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. താൻ എവിടെയാണ് നിൽക്കുന്നത് എന്ന് വ്യക്തമാക്കലാണെന്നാണ് തോന്നുന്നത്. ചൈനയുടെ തോന്ന്യാസം എന്നാണ് പറഞ്ഞ വാക്ക്. എവിടെയാണ് നിൽക്കുന്നത് ? എന്താണ് ഇതിന്റെയൊക്കെ ഒരു അർത്ഥം ? എന്തിനാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത്. അന്ധമായൊരു വിരോധം ഇങ്ങനെ നിലനിർത്തി പോരേണ്ടാതായിട്ടുണ്ടോ. ഇതൊക്കെ ആലോചിക്കേണ്ട കാര്യമാണ്. നമ്മുടെ സംസ്ഥാനത്ത് പല നല്ലതിന്റേയും വക്തവായി നിൽക്കുന്നുവെന്നാണല്ലോ ഈ അംഗമൊക്കെ (ബൽറാം) ചിലപ്പോൾ അവകാശപ്പെടുന്നത്. അപ്പോൾ ഇങ്ങനെയൊരു തെറ്റായ ധാരണ മനസ്സിൽ വച്ചു നടക്കേണ്ടതായിട്ടുണ്ടോ.''- പിണറായി വ്യക്തമാക്കി.

അതായത് എപ്പോഴൊക്കെ ചൈനയെ വിമർശിക്കുന്നോ അപ്പോഴൊക്കെ കേരളത്തിലെ കമ്യൂണിസ്റ്റുകൾക്കും പൊള്ളുന്നുവെന്ന് ചുരുക്കും. ഇപ്പോൾ ഈ ചൈനീസ് വിധേയത്വം പ്രതിപക്ഷ പാർട്ടികളും പ്രചാരണ ആയുധമാക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ചൈന ഒരു പ്രധാന വിഷയമാകുമെന്നും ഉറപ്പാണ്.

എല്ലാം നുണയെന്ന് പാർട്ടി നേതാക്കൾ

പക്ഷേ ഇതെല്ലാം നുണകൾ മാത്രമാണെന്നും പാർട്ടിക്ക് ഒരു രാജ്യത്തോടും വിധേയത്വം ഇല്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊക്കെ പറയുന്നത്. ചില സംഘി ഗ്രൂപ്പുകൾ അങ്ങനെ പ്രചരിപ്പിക്കയാണെന്ാണ് അദ്ദേഹം പറയുന്നത്. ചൈന ഭാരതത്തെ ആക്രമിച്ചിപ്പോൾ ചൈനക്കെതിരെ പ്രതികരിക്കരുത് എന്ന് പറഞ്ഞ് ഭാരതത്തിലെ സോവിയറ്റ് അംമ്പാസിഡറെ ഇഎംഎസ് കണ്ടുവെന്നതും ഇതുപോലെ ഒരു വ്യാജ പ്രചാരണം ആയിരുന്നെന്ന് സിപിഎം സൈബർ വിങ്ങും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇ.എം.എസ് അംബാസിഡറെ കണ്ടതിന് ഒര തെളിവുമില്ലെന്നും അവർ പറയുന്നു.

ബംഗാളിലെ സിപിഎം നേതാവ് സൂര്യകാന്ത് മിശ്ര ടെലിഗ്രാഫിൽ എഴുതിയ ലേഖനത്തിൽ പറയുന്നത് ഇങ്ങനെയാണ്. '62 ൽ നടന്ന ഇന്ത്യാ -ചൈനാ യുദ്ധത്തിൽ ഇന്ത്യയിലെ ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകൾ ( പിന്നീട് സിപിഐഎം ആയി മാറിയവർ ) ചൈനീസ് അനുകൂല നിലപാടുകൾ എടുത്തു എന്നത് ഇന്ത്യയിലെ വലതുപക്ഷം കാലാകാലങ്ങളായി ആരോപിക്കുന്ന കാര്യങ്ങളാണ്. ബ്രിട്ടീഷ് സിവിൽ സെർവെന്റ് ആയിരുന്ന സർ ഹെന്റി മക് മോഹൻ, ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരുന്ന കാലത്തും, ചൈനയിൽ വിപ്ലവം നടന്ന് ജനകീയ ചൈനയാവുന്നതിന് മുൻപുള്ള കാലത്തും രേഖപ്പെടുത്തിയ അവ്യക്തമായ ഒരു അതിർത്തിയാണ് ്ഇന്ത്യക്കും ചൈനക്കും ഇടയിൽ ഉള്ളത്. 1914 ലെ സിംല കരാർ ആദ്യം ടിബറ്റ്, ചൈന, ബ്രിട്ടീഷ് ഇന്ത്യ ഇവ അംഗീകരിച്ചിരുന്നെങ്കിലും, പിന്നീട് ചൈന അതിൽ നിന്ന് പിന്മാറിയിരുന്നു. സിംല കരാറിൽ ഇന്ത്യാ - ചൈനാ അതിർത്തിയായി രേഖപ്പെടുത്തിയിരുന്ന മക് മോഹൻ രേഖയ്ക്ക് വ്യക്തമായ ഒരു ലിഖിത - രേഖാചിത്ര രൂപം ഉണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്.ഇത്തരത്തിലുള്ള പശ്ചാത്തലത്തിൽ 1962 ൽ ഇന്ത്യാ - ചൈനാ അതിർത്തി തർക്കത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നു. പാർട്ടിയുടെ നിലപാട് അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും, സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളും, മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബസു വ്യക്തമാക്കിയിരുന്നു... അദ്ദേഹത്തിന്റെ വാക്കുകൾ ' ഞങ്ങളുടെ നിലപാട് വ്യക്തമാണ്, കമ്മ്യൂണിസ്റ്റ് പാർട്ടി വിചാരിക്കുന്നത് ഇന്ത്യൻ അതിർത്തി ശക്തമായി സംരക്ഷിക്കപ്പെടണമെന്നാണ്, ആക്രമിക്കാൻ വരുന്ന രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവം പരിഗണിക്കാതെ, ഇന്ത്യയുടെ സ്വാതന്ത്രത്തിനും പ്രതിരോധത്തിനും വേണ്ടി നിലപാടുകൾ എടുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിമുഖത കാണിക്കില്ല - -ദി സ്റ്റേറ്റ്സ്മാൻ, 31 ഒക്ടോബർ 1962'

' ചൈനക്കാർ അവരുടേതെന്നും, ഇന്ത്യക്കാർ ഇന്ത്യയുടേതെന്നും കരുതുന്ന തർക്ക വിഷയമായ അതിർത്തി പ്രശ്നം ചർച്ചകളിലൂടെ വേണം പരിഹരിക്കാൻ' എന്നതായിരുന്നു ഇംഎംഎസിന്റെ നിലപാട്. മൂന്നാം ലോക രാജ്യങ്ങളായിരുന്ന ഇന്ത്യയും ചൈനയും ഒരു യുദ്ധത്തിലൂടെ അതിർത്തി തർക്കം പരിഹരിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് ദീർഘ ദർശിയായ ഇ.എം.എസ് അന്നേ മനസ്സിലാക്കി. അദ്ദേഹത്തിന്റെ നിലപാടുകൾ തന്നെയായിരുന്നു ശരിയെന്ന് ഇപ്പോഴത്തെ ഭരണകൂടം ഉൾപ്പെടെ പിന്നീട് വന്ന ഭരണകൂടങ്ങൾ മനസ്സിലാക്കിയത് ഈ ഘട്ടത്തിൽ പ്രസ്താവ്യമാണ്.'- സൂര്യകാന്ത് മിശ്ര ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP