Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറിയൻ യുദ്ധം തൊട്ട് സൂയസ് കനാൽ തർക്കംവരെ പരിഹരിച്ച കോഴിക്കോട്ടുകാരൻ; ഗാന്ധിക്കും നെഹ്റുവിനും ശേഷം ടൈം മാസിക കവർ ആക്കിയ ഇന്ത്യാക്കാരൻ; കാശ്മീരിന് വേണ്ടി 8 മണിക്കുർ തുടർച്ചയായി യുഎന്നിൽ പ്രസംഗിച്ച് ഗിന്നസ് റെക്കോർഡിട്ട പ്രതിഭ; ഫോർമുല മേനോൻ എന്ന കീർത്തി ഒറ്റ സംഭവം കൊണ്ട് റാസ്പുട്ടിൻ മേനോനും ലൂസിഫർ മേനോനുമായി മാറി; ചൈനയുടെ ചതിയിൽ ഒറ്റയടിക്ക് വട്ടപൂജ്യമായി മാറിയ മലയാളി ലോക നേതാവിന്റെ കഥ

കൊറിയൻ യുദ്ധം തൊട്ട് സൂയസ് കനാൽ തർക്കംവരെ പരിഹരിച്ച കോഴിക്കോട്ടുകാരൻ; ഗാന്ധിക്കും നെഹ്റുവിനും ശേഷം ടൈം മാസിക കവർ ആക്കിയ ഇന്ത്യാക്കാരൻ; കാശ്മീരിന് വേണ്ടി 8 മണിക്കുർ തുടർച്ചയായി യുഎന്നിൽ പ്രസംഗിച്ച് ഗിന്നസ് റെക്കോർഡിട്ട പ്രതിഭ; ഫോർമുല മേനോൻ എന്ന കീർത്തി ഒറ്റ സംഭവം കൊണ്ട് റാസ്പുട്ടിൻ മേനോനും ലൂസിഫർ മേനോനുമായി മാറി; ചൈനയുടെ ചതിയിൽ ഒറ്റയടിക്ക് വട്ടപൂജ്യമായി മാറിയ മലയാളി ലോക നേതാവിന്റെ കഥ

എം മാധവദാസ്

കൊറിയൻ യുദ്ധവും സൂയസ് കനാൻ തർക്കവുമൊക്കെ ഒരു ഫോർമുലവെച്ച് പരിഹരിച്ചത് ഈ കോഴിക്കോട്ടുകാരനായിരുന്നുവെന്ന് അറിഞ്ഞാൽ പുതുതലമുറ അമ്പരക്കും. ഗാന്ധിക്കും നെഹ്റുവിനുംശേഷം ടൈം മാഗസിൻ കവർ ചിത്രമാക്കിയ ഇന്ത്യാക്കാരനും ഇദ്ദേഹമാണ്. മലയാളികളുടെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും കരുത്തനായ ലോക നേതാവ് ആരായിരുന്നുവെന്ന് ചോദിച്ചാൽ അതിന് വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി കെ കൃഷ്ണമേനോൻ എന്ന ഒറ്റ മറുപടിയെ ഉണ്ടായിരുന്നുള്ളൂ. ലോകത്തിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ വന്ന കമ്യുണിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രി എന്ന അന്താരാഷ്ട്ര കീർത്തിയല്ലാതെ, ലോക രാഷ്ട്രീയത്തിൽ ഇടപെടാൻ ഇഎംഎസിനുപോലും കഴിഞ്ഞിട്ടില്ല. എന്നാൽ 50കളിൽ 'ഫോർമുല മേനോൻ' എന്ന് അറിയപ്പെട്ടിരുന്ന, 52 മുതൽ 62 വരെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ തലവനും, പിന്നീട് ഇന്ത്യൻ പ്രതിരോധമന്ത്രിയുമായിരുന്ന, കോഴിക്കോട് പന്നിയങ്കര വെങ്ങാലിൽ തറവാട്ടിലെ കൃഷ്ണമേനോൻ ഇടപെട്ടിരുന്ന കാര്യങ്ങൾ ഇന്ന് ഒരു മലയാളിക്കും സങ്കൽപ്പിക്കാൻ കഴിയാത്തതാണ്. 1953ലെ കൊറിയൻ യുദ്ധം അവസാനിപ്പിച്ചത് മേനോന്റെ ഫോർമുലയെ തുടർന്നായിരുന്നു. സൂയസ് കനാൽ തർക്കം, സൈപ്രസ് ആൾജീരിയ തർക്കം തുടങ്ങിയയിലും പരിഹാരം, ആ കൃശഗാത്രനായ മനുഷ്യനിൽനിന്നു തന്നെ.

50കളിൽ ഇന്ത്യയിൽ മാത്രമല്ല ലോകത്തിലും കൃഷ്ണമേനോൻ തരംഗമായിരുന്നു. നെഹ്റു കഴിഞ്ഞാൽ കാബിനറ്റിലെ രണ്ടാമൻ. അക്കാലത്ത് ഇന്ത്യയിൽ നെഹ്റു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെതും, കാർട്ടൂൺ വരക്കപ്പെട്ടതുമായ മുഖവും കൃഷ്ണമേനോന്റെത് തന്നെയായിരുന്നു. ഐക്യരാഷ്ട്ര സഭയിൽ കശ്മീരിനവേണ്ടി തുടർച്ചയായ രണ്ടുദിവസം പ്രംസഗിച്ച് ഒടുവിൽ തളർന്നുവീണ മനീഷി. 8 മണിക്കുർ നീണ്ട ആ മാരത്തോൺ പ്രസംഗം ഇന്നും ഗിന്നസ് റെക്കോർഡാണ്. അടുത്ത സുഹൃത്തായ നെഹ്റു ചാർത്തിക്കൊടുന്ന ഫോർമുല മേനോൻ എന്ന വാക്ക് രാജ്യാന്തരമാധ്യമങ്ങൾ പോലും ഏറ്റെടുത്ത കാലമായിരുന്നു അത്. എവിടെ പ്രശ്നമുണ്ടോ അവിടെ സഫാരി സ്യൂട്ട് ധരിച്ച് ഒരു വാക്കിങ്ങ്സ്റ്റിക്കുമായി തനി ബ്രിട്ടീഷ് സ്റ്റൈലിൽ നടന്നുവരുന്ന ഈ മനുഷ്യന്റെ സാന്നിധ്യം ഉണ്ടാകും. കൈയിൽ പരിഹാരത്തിനുള്ള ഒരു ഫോർമുലയും.

പക്ഷേ അദ്ദേഹത്തിന്റെ എല്ലാ നേട്ടങ്ങളും ഒറ്റയിടിക്ക് നശിപ്പിച്ച് മേനോനെ വട്ടപ്പൂജ്യമാക്കിയത് ചൈനയുടെ ചതിയാണ്. 1962ലെ ചൈനീസ് ആക്രമണവും തുടർന്നുണ്ടായ ഇന്ത്യയുടെ തോൽവിയും, അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന കൃഷ്ണമേനോനെ വില്ലനാക്കി. നെഹ്റുവിനെപ്പോലെ കോൺഗ്രസിലെ ഇടതുമുഖമായിരുന്ന കൃഷ്ണമേനോൻ എന്ന സോഷ്യലിസ്റ്റ്, ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും എല്ലാ പ്രശ്നവും പരിഹരിക്കാൻ കഴിയും എന്ന വിശ്വാസക്കാരനായിരുന്നു. ഐക്യരാഷ്ട്ര സഭയിൽ അടക്കം ചൈനക്ക് അനുകൂലമായി നിലപാടുകൾ എടുക്കുന്നുവെന്നതിന്റെ പേരിൽ വിമർശിക്കപ്പെട്ട മേനോൻ സ്വപ്നത്തിൽപോലും കരുതിയതല്ല, ചൈന ഇന്ത്യയെ ആക്രമിക്കുമെന്ന്. ആ നാണംകെട്ട തോൽവിയുടെ പശ്്ചാത്തലത്തിൽ കൃഷ്ണമേനോന് നഷ്ടമായത് പ്രതിരോധ മന്ത്രി സ്ഥാനം മാത്രമായിരുന്നില്ല, ഇന്ത്യക്കാരുടെ ഹൃദയം കൂടിയായിരുന്നു. ഫോർമുല മേനോൻ പീന്നീട് അറിയപ്പെട്ടിരുന്നത് റാസ്പുട്ടിൻ മേനോൻ , ലൂസിഫർ മോനോൻ തുടങ്ങി ചരിത്രത്തിലെയും സാഹിത്യത്തിലെയും ദുഷ്ടകഥാപാത്രങ്ങളുടെ പേരിലായിരുന്നു. നെഹ്റുവിന്റെ മരണത്തോടെ കോൺഗ്രസ് പാർട്ടിയിൽനിന്ന് തന്നെ പുറത്തുവന്ന കൃഷ്ണമേനോൻ പിന്നീട് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് പാർലിമെന്റിൽ എത്തിയത്.

74ൽ അന്തരിച്ച മേനോന്റെ സംഭവനകളെ ഇന്ന് കോൺഗ്രസ് പാർട്ടിപോലും അനുസ്മരിക്കുന്നില്ല. ഇടതുപക്ഷവും അദ്ദേഹത്തെ കൈയോഴിഞ്ഞ മട്ടാണ്. ലോകരാജ്യങ്ങളുടെ ഭാഗധേയം നിർണ്ണയിച്ചിരുന്ന ഒരു മലയാളി അങ്ങനെ കേരളത്തിൽപോലും എടുക്കാചരക്കായി. ലഡാക്കിൽ 20 സൈനികരുടെ വീരമൃത്യ നമ്മെ പഴയ ചൈനീസ് ചതികളുടെ ചിത്രം ഓർമ്മിപ്പിക്കയാണ്. നെഹ്റുവിനും മേനോനും പറ്റിയ അബദ്ധം മോദിക്കു രാജ്നാഥ്സിങിനും ഉണ്ടാകാതിരിക്കട്ടെ.

കോഴിക്കോട്ട്നിന്ന് ലോകത്തിന്റെ വിശാലതയിലേക്ക്

പ്രമുഖ അഭിഭാഷകനായിരുന്ന കോമത്ത് കൃഷ്ണക്കുറുപ്പിന്റെ മകനായി 1896 മെയ്‌ മൂന്നിന് കോഴിക്കോട് പന്നിയങ്കരയിലെ വെങ്ങാലിൽ വീട്ടിൽ ജനിച്ച കൃഷ്ണമേനോൻ കോഴിക്കോട്ടുനിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം ഉന്നതപഠനത്തിന് 1915-ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ ചേരുകയായിരുന്നു. തിയോസഫിക്കൽ സൊസൈറ്റി പ്രസിഡന്റായിരുന്ന ഡോ. ആനിബസന്റുമായി പരിചയപ്പെടുകയും അതിൽ പ്രവർത്തിക്കാൻ തുടങ്ങിയതും മേനോന്റെ ജീവിതം മാറ്റിമറിച്ചു. ലോകത്തെക്കുറിച്ച് അവബോധം ഉണ്ടാവുന്നതിനും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു ആനി ബസന്റ് മേനോനെ 1924-ൽ ലണ്ടനിലേക്കയച്ചത്. പക്ഷേ മേനോൻ അവിടെ ബ്രിട്ടീഷുകാർക്കിടയിൽ പോലും വലിയ സ്വാധീനമുള്ള ബാരിസ്റ്ററായി വളർന്നു.

ബ്രിട്ടണിലെത്തിയ മേനോൻ ലണ്ടൻ സ്‌കൂൾ ഓഫ് എക്കൊണോമിക്സിലും ലണ്ടൻ യൂണിവേഴ്സിറ്റി കോളെജിലും ഉപരിപഠനം നടത്തി. തങ്ങൾക്കു കിട്ടിയ ഏറ്റവും മികച്ച വിദ്യാർത്ഥി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രൊഫസറായിരുന്ന ഹാരോൾഡ് ലാസ്‌കി കൃഷ്ണമേനോനെക്കുറിച്ച് പറഞ്ഞത്.1930 ൽ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഉയർന്ന മാർക്കോടെ മനഃശാസ്ത്രത്തിൽ ബി.എ ബിരുദം കൃഷ്ണമേനോൻ കരസ്ഥമാക്കി. 1934 ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ എം.എസ്സിയും നേടുകയുണ്ടായി. ഇതിനുശേഷം, പ്രശസ്തമായ മിഡിൽ ടെംപിളിൽ നിന്നും നിയമപഠനത്തിനായി ചേരുകയുണ്ടായി.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നൽകുവാനുള്ള പ്രധാന വക്താവുമായി ബ്രിട്ടനിൽ അദ്ദേഹം. പത്രപ്രവർത്തകനായും ഇന്ത്യാ ലീഗിന്റെ സെക്രട്ടറിയായും (19291947) പ്രവർത്തിച്ചു. 1934-ൽ മേനോൻ ലണ്ടൻ ബാറിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ലേബർ പാർട്ടിയിൽ ചേർന്നു സെന്റ് പാൻക്രിയാസിലെ ബറോ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1939 ൽ ഡുണ്ടി പാർലമെണ്ട് മണ്ഡലത്തിലേക്ക് കൃഷ്ണമേനോനെ മത്സരിപ്പിക്കാൻ ലേബർ പാർട്ടി തയ്യാറെടുത്തുവെങ്കിലും, ആ ശ്രമം വിജയകരമായില്ല. മേനോന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം കൊണ്ടായിരുന്നു ഈ ശ്രമം നടക്കാതെ പോയത്. തുടർന്ന് അദ്ദേഹം ലേബർ പാർട്ടിയിൽ നിന്നും രാജിവെക്കുകയും, 1944 വീണ്ടും തിരിച്ചെത്തുകയും ചെയ്തു.

1929 മുതൽ 1947 വരെ ഇന്ത്യാലീഗിൽ സെക്രട്ടറിയായും പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഈ കാലഘട്ടത്തിലാണു രാഷ്ട്രീയപ്രവർത്തകനും, ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവുമായി പരിചയപ്പെടുന്നത്. ആനിബസന്റിനെ പരിചയപ്പെട്ടതുപോലെ തന്നെ അത് മേനോന്റെ ജീവിതത്തിൽ വഴിത്തിരിവായി. വളരെ പെട്ടന്നുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. 1930കളിൽ നെഹ്റുവുമൊത്ത് ജനറൽ ഫ്രാങ്കോയുടെ യുദ്ധം കാണുവാനായി സ്പെയിനിലേക്കു പോയി. അപകടകരമായ ഈ യാത്ര ഇരുവരെയും തമ്മിൽ അടുപ്പിച്ചു. നെഹ്രുവിന്റെ മരണംവരെ ഇരുവരും അന്യോന്യം തികഞ്ഞ വിശ്വസ്തതയും സൗഹൃദവും പുലർത്തി.

ഇന്ത്യാ ലീഗിൽ പ്രവർത്തിക്കുന്ന സമയത്ത് തന്നെ, വിശ്വപ്രസിദ്ധരായ ബെർട്രാൻഡ് റസ്സൽ, ഇ.എം. ഫോസ്റ്റർ തുടങ്ങിയവരുമായി കൃഷ്ണമേനോന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇ.എം.ഫോസ്റ്ററുടെ അവസാന നോവലായ എ പാസേജ് ടു ഇന്ത്യ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഫോസ്റ്ററെ കൃഷ്ണമേനോൻ വളരെധികം സഹായിച്ചിരുന്നു.ഇന്ത്യാ ലീഗ് കെട്ടിപ്പടുക്കുകയും, ബ്രിട്ടനിലെ ജനവികാരത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു അനുകൂലമാക്കുകയും ചെയ്തതിൽ കൃഷ്ണമേനോൻ വഹിച്ച പങ്ക് വളരെ വലിയതാണ്.1930കളിൽ അല്ലെൻ ലേനുമായി ചേർന്ന് അദ്ദേഹം 'പെൻഗ്വിൻ', 'പെലിക്കൺ' എന്നീ പ്രശസ്തമായ പുസ്തക പ്രസാധക കമ്പനികൾ സ്ഥാപിച്ചു. 'ബോൾഡ്ലി ഹെഡ്', 'പെൻഗ്വിൻ ബുക്സ്', 'പെലിക്കൺ ബുക്സ്', 'റ്റ്‌വെൽത് സെഞ്ചുറി ലൈബ്രറി' എന്നിവയിൽ ലേഖകനായി പ്രവർത്തിച്ചു.

പേരെടുത്തത് ഐക്യരാഷ്ട്ര സഭയിലൂടെ

അന്തർദേശീയ രാഷ്ട്രീയവും അവിടെയുള്ള സൂക്ഷ്മചലനങ്ങളും ക്രാന്തദർശിയെപ്പോലെ വിലയിരുത്തിയ മേനോനെ 1952ൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ തലവനായി നിയോഗിക്കാനിടയായി. മേനോൻ ഇടപെടാത്ത വിഷയങ്ങളുണ്ടായിരുന്നില്ല, അതുപോലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ആഗോള തലത്തിൽ ഓരോ വിഷയത്തിലുമുള്ള നയരൂപീകരണത്തിൽ അത്യധികം സ്വാധീനിക്കപ്പെട്ടു. കൊറിയൻ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയുടെ ഭാഗത്ത് നിന്ന് അദ്ദേഹം മുന്നോട്ടുവച്ച പദ്ധതി അമേരിക്കയും ചൈനയും ഒരു പോലെ അംഗീകരിച്ചു. അത് നയിച്ചതാകട്ടെ, ന്യൂട്രൽ നേഷൻസ് റിപാർട്രീഷ്യൻ കമ്മീഷന്റെ തലത്തേക്കാണ്. കൊറിയൻ യുദ്ധം അവസാനിച്ചു കഴിഞ്ഞപ്പോൾ തടവുകാരെ പരസ്പരം കൈമാറുന്ന പദ്ധതിക്ക് നേതൃത്വം വഹിച്ചത് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഈ കമ്മീഷനാണ്. 1956-ൽ സൂയൂസ് കനാൽ പ്രതിസന്ധി പരിഹരിക്കുന്നതിലും ഇന്ത്യ-ചൈന മേഖലയിലും ലാവോസിലുമുള്ള സംഘർഷം ലഘൂകരിക്കുന്നതിലും നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ആയുധ നിരായുധീകരണത്തിനും ആണവ നിർവ്യാപനത്തിനും വേണ്ടി അദ്ദേഹം ശക്തിയുക്തം വാദിച്ചു.കൊറിയൻ പ്രശ്നത്തിൽ ഇടപെട്ടുകൊണ്ടാണ് മേനോൻ യു.എന്നിൽ ശ്രദ്ധനേടിയത്. 1955-ൽ കശ്മീർ വിഷയത്തിൽ മേനോൻ യു.എന്നിൽ നടത്തിയ എട്ടുമണിക്കൂർ പ്രസംഗം ഗിന്നസ് ബുക്കിൽ ഇടംനേടി. രണ്ടുദിവസമായി നടന്ന പ്രസംഗത്തിനൊടുവിൽ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരിന്നു. ഇതോടെ രാജ്യത്ത് ഒരു ഹീറോയുടെ പരിവേഷമാണ് അദ്ദേഹത്തിന് കിട്ടിയത്.

''ഐക്യരാഷ്ട്രസഭയിൽ ഒരു ഭൂകമ്പമാപിനിയുടെ സൂക്ഷ്മതയോടെയായിരുന്നു വി.കെ. കൃഷ്ണമേനോൻ പ്രവർത്തിച്ചിരുന്നത്. ലോകകാര്യങ്ങളുടെ സൂക്ഷ്മസ്പന്ദനങ്ങൾ പോലും അദ്ദേഹത്തിന്റെ ബുദ്ധിയുടെ റിക്ടർസ്‌കെയിലിൽ രേഖപ്പെടുത്തപ്പെട്ടു''- കൃഷ്ണമേനോനോടൊപ്പം ദീർഘകാലം ഐക്യരാഷ്ടസഭയിൽ ഇന്ത്യൻസംഘത്തിൽ പ്രവർത്തിച്ച, മുൻരാഷ്ട്രപതി ആർ. വെങ്കട്ടരാമൻ പറഞ്ഞ വാക്കുകളാണിവ.

ചൈനയെപ്പോലെ റഷ്യയും മേനോനെ തിരിഞ്ഞുകുത്തി

നെഹ്റു ആദ്യമായി ഇംഗ്ലണ്ടിൽ എത്തിയ 1932-ൽ തുടക്കമിട്ടതാണ് മേനോനുമായുള്ള സൗഹൃദം. വിഖ്യതമായ ഐക്യരാഷ്ട്ര സഭാ പ്രസംഗം കൂടിയായതോടെ, 1956-ൽ നെഹ്രു കേന്ദ്രമന്ത്രിസഭയിലെടുത്തു. ലോകരാജ്യങ്ങളോട് ഇന്ത്യയുടെ നിലപാട് രൂപപ്പെടുത്തുന്നതിലും ചേരിചേരാനയത്തിന് നേതൃത്വം നൽകുന്നതിലും കോമൺവെൽത്തിൽ ഇന്ത്യയെ അംഗമാക്കുന്നതിനും നെഹ്റുവിന് കരുത്തുപകർന്നത് മേനോനുമായുള്ള ഈ കൂട്ടുകെട്ടാണ്. കമ്യൂണിസ്റ്റ് അനുഭാവിയാണെന്ന് ആരോപിച്ച് കോൺഗ്രസിലെ ഒരുവിഭാഗം എന്നും കൃഷ്ണമേനോനെ എതിർത്തിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി ബോംബെ നോർത്തിൽ മത്സരിപ്പിക്കുന്നതിനെ ഇവർ പരസ്യമായി പാർട്ടിക്കുള്ളിൽ എതിർത്തു. എങ്കിലും നെഹ്രുവിന്റെ താത്പര്യത്തിൽ 1957-ലും 1962-ലും മേനോന് ഇവിടന്ന് വൻഭൂരിപക്ഷത്തിന് ജയിക്കാൻ കഴിഞ്ഞു. 1957 മുതൽ പ്രതിരോധമന്ത്രിയുമായി.

ആചാര്യ കൃപലാനിക്കെതിരേയുള്ള 1962-ലെ ബോംബെയിലെ തിരഞ്ഞെടുപ്പ് ലോകശ്രദ്ധയാകർഷിച്ചു. അന്നാണ് ടൈം മാഗസിൽ ഗാന്ധിജിക്കും നെഹ്റുവിനും ശേഷം മൂന്നാമതൊരു ഇന്ത്യക്കാരനെ കുറിച്ച് (കൃഷ്ണമേനോൻ) കവർ‌സ്റ്റോറി ചെയ്യുന്നത്. മേനോനുവേണ്ടി ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ മാത്രമേ നെഹ്റു പ്രസംഗിച്ചിരുന്നുള്ളൂവെങ്കിലും വിമർശകർക്കുനേരെയുള്ള കർശനമുന്നറിയിപ്പായിരുന്നു 'രാജ്യത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും തലയെടുപ്പുള്ള വ്യക്തിയാണ് കൃഷ്ണമേനോൻ. അദ്ദേഹത്തെ ജയിപ്പിക്കേണ്ടത് എന്റെ രാഷ്ട്രീയചുമതലയാണ്. ഞാൻ അത് നിർവഹിക്കുകയും ചെയ്യു'മെന്ന് നെഹ്റു സംശയങ്ങൾക്കിടയില്ലാതെ പൊതുയോഗത്തിൽ അന്ന് തുറന്നടിച്ചു.

പക്ഷേ മേനോന്റെ പ്രതീക്ഷകൾ എല്ലാം തകർത്തത് ചൈനയായിരുന്നു. ദലൈലാമയ്ക്ക് രാഷ്ട്രീയഅഭയം നൽകിയതുമുതൽ ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിത്തുടങ്ങി. ചൈനയെ യുഎന്നിൽ കൊണ്ടുവരാൻവേണ്ടി ശക്തമായി വാദിച്ച കൃഷ്ണമേനോൻ ഒരിക്കലും ചൈന ആക്രമണത്തിന് മുതിരുമെന്ന് കരുതിയില്ല. ലഡാക്കിൽ ചൈന ചെറിയതോതിൽ ആക്രമണം തുടങ്ങിയപ്പോഴും പ്രശ്നം രമ്യമായി ചർച്ച ചെയ്തുപരിഹരിക്കാമെന്ന വിശ്വാസക്കാരനായിരുന്നു മേനോൻ.

പ്രതിരോധമന്ത്രിയെന്ന നിലയിൽ ഇന്ത്യയെ പ്രതിരോധകാര്യങ്ങളിൽ സ്വയംപര്യാപ്തമാക്കാൻ നടത്തിയ ശ്രമങ്ങൾ പലതും ഫലംകണ്ടില്ല. മേനോന്റെ പാർട്ടിക്കുള്ളിലെ എതിരാളികളും ധനമന്ത്രാലയവും അത്യാധുനിക ആയുധം ഇന്ത്യ വാങ്ങിക്കുന്നതിന് എതിരുനിന്നു. ഡി.ആർ.ഡി.ഒ., ഓർഡനൻസ് ഫാക്ടറികൾ എന്നിവ സ്ഥാപിക്കാനും ജബൽപുരിൽ ആർമി വെഹിക്കിൾ ഡിപ്പോ തുടങ്ങുന്നതിനും ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവ വിപുലീകരിക്കുന്നതിനും നേതൃത്വം നൽകാൻ കഴിഞ്ഞ മേനോന് സ്വന്തമായി അത്യാധുനിക ആയുധം നിർമ്മിക്കുന്ന രാഷ്ട്രമായി ഇന്ത്യയെ വളർത്തുകയെന്ന സ്വപ്നം ധനമന്ത്രാലയത്തിന്റെ എതിർപ്പുകാരണം സാധിച്ചില്ല. 1962 ഒക്ടോബർ ഇരുപതിന് ചൈന ആക്രമണം തുടങ്ങി. റഷ്യ പരസ്യമായി ചൈനയെ ന്യായീകരിച്ചത്, യു.എന്നിൽ എന്നും റഷ്യപക്ഷക്കാരനെന്ന ആക്ഷേപം കേൾക്കേണ്ടിവന്നിട്ടുള്ള മേനോനെ ഞെട്ടിച്ചു. ( ഇന്നും ഒരു ചൈനീസ് ആക്രമണം ഉണ്ടായാൽ റഷ്യ എന്ത് നിലപാട് എടുക്കുമെന്ന് കണ്ടറിയണം) പ്രതിരോധവകുപ്പ് പ്രധാനമന്ത്രി നേരിട്ട് ഏറ്റെടുക്കണമെന്ന് സി. രാജഗോപാലാചാരിയെപ്പോലുള്ള മേനോൻ വിരോധികൾ ആവശ്യപ്പെട്ടു. ഒടുവിൽ കൃഷ്ണമേനോന് രാജിവെക്കേണ്ടിവന്നു.

ജനറൽ തിമ്മയ്യയുമായുള്ള ഭിന്നത വിനയായി

വലിയ മുനുഷ്യക്ക് വലിയ തെറ്റുകൾ ആണ് പറ്റുക എന്ന് പറയന്നതുപോലൊണ് കൃഷ്ണമേനോന്റെയും കാര്യം. ചൈന വിഷയത്തിൽ നിരന്തരമായ അബദ്ധങ്ങളാണ് കൃഷ്ണമേനോനും പറ്റിയത് എന്നാണ് 'എ ചെക്കേർഡ് ബ്രില്യൻസ് : ദി മെനി ലൈവ്സ് ഓഫ് വി.കെ കൃഷ്ണ മേനോൻ'' എന്ന പുസ്‌കത്തിൽ കോൺഗ്രസ് നേതാവും എഴുത്തുകാരനുമായ ജയറാം രമേഷ് ചൂണ്ടിക്കാട്ടുന്നത്. ഒന്നാമത് പ്രതിരോധ വകുപ്പ് എന്നതിനേക്കാൾ മാനവശേഷ വികസന വകുപ്പോ, വിദേശകാര്യമോ ആയിരുന്നു അദ്ദേഹത്തിന് ചേരുക. കാൽപ്പനികനും ഉയർന്നചിന്തയുമുള്ള പ്രയോഗിക വാദിയുമല്ലാത്ത ഒരു നേതാവിന് പറ്റിയ വകുപ്പായിരുന്നില്ല പ്രതിരോധമെന്ന് ജയറാം രമേഷ് നിരീക്ഷിക്കുന്നു. മൂന്ന് സേനാവിഭാഗങ്ങളെയും ഒന്നിച്ച് കൊണ്ടുപോകാൻ അദ്ദേഹത്തിന്് പറ്റിയില്ല. സൈന്യത്തിന്റെ ഹയറാർക്കി പാലിക്കുന്നതിലൊക്കെ അദ്ദേഹം വൻ പരാജയം ആയിരുന്നു.- ജയറാം രമേഷ് എഴുതി.

രണ്ടാം ലോകമഹായുദ്ധത്തിലെ ഹീറോ പരിവേഷമുള്ള ആർമി തലവൻ ജനറൽ കെ.എസ് തിമ്മയ്യയും പ്രതിരോധ മന്ത്രി കൃഷ്ണമേനോനും തമ്മിൽ കോർത്തത് ചൈനായുദ്ധകാലത്ത് ഇന്ത്യക്ക് വൻ തിരിച്ചടിയായി. 303 റൈഫിൾ പോലെ കാലഹരണപ്പെട്ട ആയുധങ്ങളല്ല ഇന്ത്യക്ക് ആവശ്യമെന്നും ബൽജിയൻ എഫ്എൻ4 ഓട്ടോമാറ്റിക് റൈഫിളുകൾ ഇന്ത്യ നിർമ്മിക്കണമെന്നുമുള്ള പദ്ധതിയാണ് മേനോൻ നിരസിച്ച പ്രധാന ആശയങ്ങളിലൊന്ന്. ഈ പദ്ധതി വേണ്ടെന്നു വച്ചതിനേക്കാൾ, ഇതിനു പറഞ്ഞ മറുപടിയിലാണ് മേനോന്റെ രാഷ്ട്രീയ ആദർശങ്ങൾ പ്രകടമാകുന്നത്. 'അമേരിക്കൻ നേതൃത്വത്തിലുള്ള നാറ്റോയെ ഉൾക്കൊള്ളാൻ ഞാൻ ഉദ്ദേശിക്കുന്നില്ല' എന്നായിരുന്നു അത്. അതായത് നിരായുധീകരണത്തിലും ലോക സമാധാനത്തിലും വിശ്വസിച്ചിരുന്ന ഒരു മനുഷ്യസ്നേഹിക്ക് ഈ ആയുധ സംസ്‌ക്കാരം അത്ര പഥ്യമായിരുന്നില്ല.

നെഹ്‌റുവിന്റെ അടുപ്പക്കാരൻ കൂടിയായിരുന്ന ബി.എം കൗളിനെ 12 മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്ന് ലഫ്. ജനറലായി നിയമിക്കാൻ മേനോൻ തീരുമാനിച്ചതും ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് മൂർച്ച കൂട്ടി. ഈ ഭിന്നത അതിന്റെ മൂർധന്യത്തിലെത്തിയതോടെ ജനറൽ തിമ്മയ്യ രാജി വയ്ക്കുകയും രാജിക്കത്ത് ദി സ്റ്റേറ്റ്‌സ്മാൻ ദിനപത്രത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

പത്രത്തിന്റെ ഒന്നാം പേജിൽ ജനറലിന്റെ വലിയ ചിത്രത്തിനൊപ്പം വലിയ ബാനർ സൈസിലായിരുന്നു രാജിക്കത്ത് പ്രസിദ്ധീകരിച്ചത്. 'മേനോനുമായുള്ള ഗുരുതരമായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ജനറൽ തിമ്മയ്യ രാജി വയ്ക്കാൻ തീരുമാനിച്ചു. മറ്റ് സേനാ തലവന്മാരും രാജി വച്ചേക്കും. (GEN. THIMAYYA DECIDES TO RESIGN OTHER SERVICE CHIEFS MAY FOLLOW SUIT SERIOUS DIFFERENCES WITH MENON) ) എന്നായിരുന്നു തലക്കെട്ട്. ഈ വിധത്തിലായിരുന്നു മാധ്യമങ്ങൾ വാർത്തയെ കൈകാര്യം ചെയ്തത്.

അതേ ദിവസം തന്നെയാണ് നെഹ്‌റു പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന അയുബ് ഖാനെ കാണാനായി വിമാനത്താവളത്തിലേക്ക് പോയതും. ധാക്കയിൽ നിന്ന് കറാച്ചിയിലേക്ക് പോകുന്ന വഴി ഇടയ്ക്ക് ന്യൂഡൽഹിയിൽ ഇറങ്ങിയതായിരുന്നു പാക് പ്രസിഡന്റ്. കൃഷ്ണമേനോൻ-തിമ്മയ്യ വിഷയത്തിൽ പ്രതിപക്ഷം രൂക്ഷമായ വിധത്തിൽ പ്രതികരിക്കുകയും പ്രധാനമന്ത്രി അടിയന്തരമായി പ്രസ്താവന നടത്തണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പാക് പ്രസിഡന്റിന്റെ പൊടുന്നനെയുള്ള വരവ് ചൂണ്ടിക്കാട്ടി നെഹ്‌റു പ്രസ്താവന നടത്തുന്നത് ഒരു ദിവസം നീട്ടിയെടുത്തു.

ഒടുവിൽ നെഹ്‌റുവുമായുള്ള നീണ്ട ചർച്ചകൾക്കൊടുവിൽ ജനറൽ തിമ്മയ്യ രാജി പിൻവലിച്ചു. എന്നാൽ കോട്ടം സംഭവിക്കാനുള്ളതൊക്കെ അപ്പോഴേക്കും സംഭവിച്ചു കഴിഞ്ഞിരുന്നു. അതുപോലെ തന്നെ വി.കെ കൃഷ്ണമേനോൻ അന്നു മുതൽ ഒരു നോട്ടപ്പുള്ളിയായി മാറുകയും ചെയ്തു. ഇതേ സമയത്തു തന്നെയാണ് കോൺഗ്രസിനുള്ളിൽ മേനോനും കെ.ഡി മാളവ്യയും ജി.എൽ നന്ദയും ഉൾപ്പെടുന്ന ഇടത് / സോഷ്യലിസ്റ്റ് ബ്ലോക്കിനേക്കാൾ വലതുപക്ഷ നേതാക്കളായ മൊറാർജി ദേശായി, എസ്.കെ പാട്ടീൽ, ജി.ബി പന്ത് എന്നിവർക്ക് പ്രാധാന്യം കൈവരുന്നതും. പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ ചൈനീസ് തലവൻ ഇന്ത്യയിൽ എത്തിയപ്പോഴാകട്ടെ, മേനോൻ ആ സംഘത്തിൽ ഉൾപ്പെട്ടുമില്ല.

ജനറൽ തിമ്മയ്യയുടെ രാജിനാടകം ഉയർത്തിയ കോലാഹലങ്ങളോടെ മേനോന് കമ്യൂണിസ്റ്റുകളുടെ പിന്തുണ ലഭിച്ചു. അമേരിക്കയുടെ കൈയിലെ ഒരു കളിപ്പാവയെന്നാണ് ജനറലിനെ ഇ.എം.എസ് നമ്പൂതിരിപ്പാട് വിശേഷിപ്പിച്ചത്. ജയറാം രമേശിന്റെ അടുത്തിടെ പുറത്തിറങ്ങിയ വി.കെ കൃഷ്ണമേനോനെക്കുറിച്ചുള്ള ജീവചരിത്രത്തിൽ അദ്ദേഹം അക്കാലത്തെ രേഖകൾ തപ്പിയെടുത്ത് ഇതുവരെ പുറത്തു വരാത്ത ചില കാര്യങ്ങൾ പറയുന്നുണ്ട്. തന്റെ വകുപ്പ് മന്ത്രിയായ വി.കെ കൃഷ്ണമേനോനെ കുറിച്ച് വളരെ മോശമായി ജനറൽ തിമ്മയ്യ ബ്രിട്ടീഷ് ഹൈക്കമ്മീഷണറോട് സംസാരിക്കുന്ന കാര്യങ്ങളാണ് അത്.

പക്ഷേ, പ്രതിരോധ മന്ത്രിയെന്ന നിലയിൽ മേനോനെതിരെയുള്ള വിമർശനം കോൺഗ്രസിനുള്ളിലും ഒപ്പം പാർലമെന്റിലും രൂക്ഷമായി വളർന്നു വന്നു. അതിലൊന്ന് 1961 ഏപ്രിൽ 11-ന് ജെ.ബി കൃപലാനി പാർലമെന്റിൽ നടത്തിയ പ്രസ്താവനയാണ്. 'ഒരു ചെറുവിരൽ പോലും അനക്കാതിരുന്നതിനാൽ 12,000 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് മേനോന്റെ കീഴിൽ നമുക്ക് നഷ്ടപ്പെട്ടത്' എന്നായിരുന്നു അത്. 1961 ആയപ്പോഴേക്കും ഇന്ത്യ-ചൈന തർക്കം പാർലമെന്റിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ നിരന്തര ഏറ്റുമുട്ടലിനുള്ള വിഷയങ്ങളിലൊന്നായി മാറിയിരുന്നു. തന്റെ വിദേശകാര്യ നയത്തിന്റെ പ്രധാന കാഴ്ചപ്പാടുകളിലൊന്നായ 'സൗഹൃദം' ചൈനയുമായി ഉണ്ടാക്കിയ നെഹ്‌റുവിനു നേരെ രൂക്ഷ വിമർശനമുയർന്നു. തന്റെ സംഭവബഹുലമായ പൊതുജീവിതത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരുന്നു നെഹ്‌റു അപ്പോഴേക്കും. മോഹനിരാസവും ചൈനയുടെ ഭാഗത്തു നിന്നുള്ള ചതിയും അദ്ദേഹത്തെ പരവശനാക്കി.

യുദ്ധസമയത്ത് നോർത്ത് ഈസ്റ്റ്‌റ ഫ്രോണ്ടിയർ ഏജൻസിയെ നയിച്ച ബി.എം കൗളിന്റെ പങ്കാളിത്തവും വിമർശനങ്ങൾക്ക് ഇടയാക്കി. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ, സൈന്യത്തിന് മേൽ സിവിലിയൻ സർക്കാരിന്റെ നിയന്ത്രണം വേണം എന്നുള്ള കാര്യത്തിൽ മേനോൻ ശ്രദ്ധാലുവും അത്യുത്സാഹിയുമായിരുന്നു എന്ന് ഒരുപക്ഷേ, നമുക്ക് പറയാൻ കഴിഞ്ഞേക്കും. മേനോൻ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാനിലെ ആദ്യ പട്ടാള അട്ടിമറി, 1958 ഒക്ടോബർ ഏഴിന്, നടക്കുന്നത് എന്നതും ഓർമിക്കേണ്ടതാണ്.

ഇന്ത്യക്ക് മേൽ ചൈന ഇത്ര വലിയ ഒരു സൈനികാക്രമണം അഴിച്ചു വിടുമെന്ന് തന്റെ തലവനായ നെഹ്റുവിനെ പോലെ മേനോനും ഒരു പക്ഷേ കരുതിയിട്ടുണ്ടാവില്ല. എന്നാൽ 1959-നു ശേഷം ചൈനയുടെ ഭാഗത്ത് നിന്ന് തുടരെ തുടരെയുള്ള കടന്നാക്രമണം നടന്നിരുന്നു എന്നതിനാൽ അതിർത്തി ശക്തിപ്പെടുത്താതിരുന്നതിന്റെ ഉത്തരവാദിത്തം നേതൃത്വത്തിനു തന്നെയാണ്. ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് മേനോൻ കരുതിയത്. എന്നാൽ 1959 ആയപ്പോഴേക്കും ഈ ദിശയിൽ കൃത്യമായി ചലിക്കുന്നതിനുള്ള രാഷ്ട്രീയ മൂലധനം നെഹ്‌റുവിന് കൈമോശം വന്നിരുന്നു. യുദ്ധത്തിനിടയിൽ പടിഞ്ഞാറൻ ശക്തികളിൽ നിന്ന് സൈനിക സഹായം തേടുന്നതിനും മേനോന് എതിർപ്പായിരുന്നു. മേനോൻ പ്രതിരോധ മന്ത്രി പദം രാജിവച്ചതിനു ശേഷമാണ് അമേരിക്ക, യു.കെ, ക്യാനഡ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള സഹായത്തിന് അഭ്യർത്ഥന പോയത്. ഇതെല്ലാം മേനോനെ പിന്നീട് ഇന്ത്യയിൽ തീർത്തും അസ്വീകര്യനാക്കി. ഒടുവിൽ നാണം കെട്ടെന്നപോലെ അദ്ദേഹം പ്രതിരോധ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിയും വന്നു.

ഒരു അഗ്നി പർവതം കെട്ടടുങ്ങുന്നു

നെഹ്റുവിന്റെ മരണത്തോടെ മേനോന് കോൺഗ്രസിലുണ്ടായിരുന്ന പിടിവള്ളി നഷ്ടപ്പെട്ടു. 1967-ലെ തിരഞ്ഞെടുപ്പിലും മേനോൻ ബോംബെ നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽനിന്ന് മത്സരിക്കാനുള്ള താത്പര്യം ഇന്ദിരാഗാന്ധിയെ അറിയിച്ചു. ഇന്ദിര സീറ്റ് നൽകാൻ ആഗ്രഹിച്ചിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ എതിർപ്പുകാരണം കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചു. അപ്പോഴേക്കും കോൺഗ്രസിൽ അദ്ദേഹത്തിന് വില്ലൻ പരിവേഷമായിരുന്നു. ചൈനായുദ്ധത്തിന്റെ എല്ലാ നാണക്കേടിലും അവർ ബലിയാടക്കിയത് മേനോനെ ആയിരുന്നു.

കൃഷ്ണമേനോൻ സ്വതന്ത്രനായി ബോംബെ നോർത്ത് ഈസ്റ്റിൽ മത്സരിച്ചു.കോൺഗ്രസിലെ ബാർവെയോട് പരാജയപ്പെട്ടു. താമസിയാതെ ബാർവെ മരിച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പാർലമെന്റ് അംഗം അല്ലാതായെങ്കിലും വിവിധ രാജ്യങ്ങളിലും സർവകലാശാലകളിലും പ്രഭാഷണങ്ങളും സെമിനാറുകളുമായി മുഴുകിയ മേനോൻ സുപ്രീംകോടതിയിൽ വക്കീലായി പ്രാക്ടീസും തുടങ്ങി. ഈ സമയത്താണ് കൃഷണമോനാൻ ഇടതുപക്ഷവുമായി അടുത്തു. മേനോൻ സ്വീകരിക്കുന്ന അമേരിക്കൻ വിരുദ്ധ നിലപാട് സിപിഎമ്മിനും ഇഷ്ടപ്പെട്ടു.

ഇതിനിടെ ഇ.എം.എസ്.നമ്പൂതിരിപ്പാടിനുവേണ്ടി കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതിയിൽ ഹാജരായി. സവർണ്ണ ജാതി സമ്പ്രദായം ഇന്ത്യൻ കോടതികളിൽനിന്ന് ഇനിയും വിട്ടുപോയിട്ടില്ല എന്ന നമ്പൂതിരിപ്പാടിന്റെ പ്രസ്താവനയാണ് കോടയലലക്ഷ്യമായത്. കൃഷ്ണമേനോൻ വാദിച്ചിട്ടും കേസിൽ ഇഎംഎസ് തോറ്റുവെന്നത് വേറെ കാര്യം. 1969-ൽ മിഡ്‌നാപുരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപിന്തുണയോടെ മത്സരിച്ച് മേനോൻ ലോക്‌സഭയിൽ എത്തി. 1971-ൽ തിരുവനന്തപുരത്തുനിന്ന് ഇടതുപക്ഷത്തിന്റെ പിന്തുണയിൽ മത്സരിച്ച് വീണ്ടും ലോക്‌സഭയിലെത്തി. പക്ഷേ, നെഹ്റു ഇല്ലാത്ത കോൺഗ്രസിലും പാർലമെന്റിലും കൃഷ്ണമേനോന് വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ടായിരുന്നില്ല.

ഇന്ത്യയുടെ യശസ്സ് ലോകരാജ്യങ്ങളിൽ എത്തിച്ച കേരളത്തിന്റെ വീരപുത്രൻ 1974 ഒക്ടോബർ ആറിന് ഡൽഹിയിൽവെച്ച് മരിച്ചു. ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രിയായിരുന്ന
ഇന്ദിര രണ്ടു തവണ കൃഷ്ണമേനോന്റെ വസതിയിലെത്തി. ഒരു അഗ്നിപർവതം കെട്ടടങ്ങിയെന്നായിരുന്നു അനുശോചനക്കുറിപ്പിൽ ഇന്ദിരയുടെ വാക്കുകൾ.

കേരള സംസ്ഥാന രൂപീകരണത്തെ എതിർത്തു

വി കെ കൃഷണമോനോനെ കുറിച്ച് നിരവധി പുസ്‌കങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അറിയാത്ത മുഖങ്ങൾ ചിത്രീകരിച്ചത് 'എ ചെക്കേർഡ് ബ്രില്യൻസ് : ദി മെനി ലൈവ്സ് ഓഫ് വി.കെ കൃഷ്ണ മേനോൻ'' എന്ന പുസ്തകത്തിലൂടെ കോൺഗ്രസ് നേതാവ് ജയറാം രമേഷ് ആയിരുന്നു.കേരള ചരിത്രവുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന കണ്ടെത്തലുകൾ ജയറാം രമേശ് നടത്തുന്നുണ്ട്. ഒന്ന്, കേരള സംസ്ഥാന രൂപീകരണത്തിന് എതിരായിരുന്നു വി.കെ കൃഷ്ണ മേനോൻ. രണ്ട്, ഇഎംഎസ് സർക്കാരിനെ പിരിച്ചുവിടുന്നതിന് അനുകൂല നിലപാടായിരുന്നു വി.കെ കൃഷ്ണ മേനോന്. കേരളം കമൂണിസ്റ്റ് കോട്ടയാകുമെന്നും തമിഴ്‌നാട് വിഘടവാദികളുടെ നാടാകുമെന്നും വാദിച്ചാണ് കൃഷ്ണമേനോൻ കേരള സംസ്ഥാന രൂപീകരണത്തെ എതിർത്തത്. കേരളം, കർണ്ണാടകം, തമിഴ്‌നാട്, ആന്ധ്ര എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന ദക്ഷിണ പ്രദേശം എന്ന സംസ്ഥാനം രൂപീകരിക്കാനായിരുന്നു കൃഷ്ണമേനേന്റെ പിന്തുണ. പക്ഷേ നെഹ്റു അത് അംഗീകരിച്ചില്ല.

കൃഷ്ണമേനോൻ എക്കാലവും കമ്യൂണിസ്റ്റ് വിരുദ്ധൻ ആയിരുന്നെങ്കിലും കമ്യൂണിസ്റ്റുകാർക്ക് അദ്ദേഹത്തെ വലിയ കാര്യമായിരുന്നതും ഒരു വൈചിത്രമായിരുന്നെന്ന് ജയറാം രമേഷ് എഴുതുന്നു. സമാഗ്രാതിപത്യപരമായ ആശയങ്ങളെ ഇഷ്ടപ്പെടാതെ സ്വതന്ത്ര്യത്തിന്റെ വിശാലലോകമാണ് അദ്ദേഹം കൊതിച്ചത്. ഇഎംഎസ് ഗവൺമെന്റിനെ പിരിച്ചുവിടുന്ന കാര്യത്തിലും അദ്ദേഹത്തിന് മൗനം സമ്മതം എന്ന നിലപാട് ആയിരുന്നു. കേരളത്തിലെ മുഴവൻ കോൺഗ്രസ് നേതാക്കളുടെയും സമ്മർദം കൃഷ്ണമേനോന്റെ മേൽ ആയിരുന്നു. അദ്ദേഹം അത് നെഹ്റുവിനെ അറിയിക്കുകയും ചെയ്തിരുന്നു. കൃഷണമേനോന്റെ കുടുംബം കേരളത്തിലെ വലിയ ഭൂ ഉടമകൾ ആയിരുന്നെന്നും ഭൂ പരിഷ്‌ക്കരണ നിയമത്തോടെ തങ്ങളുടെ സ്വത്തുക്കൾ ഇല്ലാതാവുമെന്ന് അവർ ഭയപ്പെട്ടിരുന്നു. കൃഷ്ണമോനോന്റെ സഹോദരി ഇക്കാര്യം ചൂണ്ടിക്കാട്ടി നെഹ്റുവിന് കത്തയിച്ചിരുന്നു. എന്നാൽ ഭയക്കാനൊന്നുമില്ലെന്നും നിങ്ങൾക്ക് നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരം കിട്ടുമെന്നുമായിരുന്നു നെഹ്റു ത്രികരിച്ചത്. പുസ്തകത്തിൽ ജയറാം രമേഷ് വ്യക്തമാക്കുന്നു.

നെഹ്റുവുമായി അങ്ങേയറ്റത്തെ ആത്മബന്ധമായിരുന്നു മേനോന് ഉണ്ടായിരുന്നത്. നെഹ്റുവിന്റെ വീടിന്റെ തൊട്ടടുത്തുതന്നെയായിരുന്നു കൃഷണമേനോന്റെ വീടും. പ്രധാനമന്ത്രിയുടെ വീട്ടിലെ ഒരു അംഗംപോലെ തന്നെയായിരുന്നു പ്രതിരോധ മന്ത്രിയും. മാത്രമല്ല അവർ രണ്ടുപേരും ഒരു അച്ചിൽ വാർത്തവർ ആയിരുന്നു. രണ്ടുപേരും ബ്രിട്ടനിൽപോയി വിഭ്യാഭ്യാസം കിട്ടിയവർ. രണ്ടുപേരും സോഷ്യൽ ഡെമോക്രസിയിൽ വിശ്വസിക്കുന്ന ഇടതു ചായ്വുള്ളവർ. പാർട്ടിക്കകത്തെ വലതുപക്ഷ നേതാക്കളുമായി നെഹ്റുവിന് അക്കാലത്തൊന്നും കൃത്യമായ കമ്യൂണിക്കേഷൻ ഉണ്ടായിരുന്നില്ല. അതിനുള്ള ഉയർന്ന ചിന്തയോ വിദ്യാഭ്യാസമോ അവരിൽ പലർക്കും ഉണ്ടായിരുന്നില്ല. അപ്പോൾ നെഹ്റുവിന് ഒരു ആശ്വാസം തന്നെയായിരുന്നു കൃഷ്ണമേനോൻ. ഇന്ദിരാഗാന്ധിയെ ഇന്ദുവെന്നായിരുന്നു മേനോൻ വിളിച്ചിരുന്നത്. ഇന്ദിരാഗാന്ധിയാവട്ടെ അദ്ദേഹത്തെ സ്നേഹത്തോടെ 'കൃഷ്ണാ'യെന്ന് നീട്ടി വിളിക്കും.

മിത്രങ്ങളെ സമ്പാദിക്കുന്നതുപോലെ ശത്രുക്കളെ സമ്പാദിക്കാനും മേനോന് എളുപ്പം കഴിയുമായിരുന്നു. കോൺഗ്രസിലെ വലതുപക്ഷം എന്നും അദ്ദേഹത്തിന് എതിരായിരുന്നു. മാത്രമല്ല പരമ്പരാഗത നേതാക്കൾക്ക് അദ്ദേഹത്തിന്റെ വളർച്ചയിൽ അസൂയയും ഉണ്ടായിരുന്നു. ഒരു വേള നെഹുറുവിന്റെ പിൻഗാമിയായി കൃഷണമേനോൻ വരാനുള്ള സാധ്യതയും അവർ തിരിച്ചറിഞ്ഞിരുന്നു. ഞങ്ങൾ ഇവിടെ ബ്രിട്ടീഷുകാരുടെ അടികൊണ്ട് സ്വതന്ത്ര്യ സമരം നടത്തുമ്പോൾ, കൃഷ്ണമേനോൻ ബ്രിട്ടീഷുകാരുടെ സൗജന്യം പറ്റുകയായിരുന്നെന്നായിരുന്നു അവരുടെ ആരോപണം. പക്ഷേ അങ്ങനെ ആയിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് അനുകൂലമായ നിലപാട് എടുക്കാൻ ലേബർ പാർട്ടിയെയൊക്കെ പ്രേരിപ്പിച്ചതിന് പിന്നിൽ നിർണ്ണായക പങ്ക് കൃഷ്ണമേനോന് ഉണ്ടായിരുന്നു.

ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു

മരണംവരെ അവിവാഹിതനായിരുന്നു വി.കെ കൃഷ്ണ മേനോൻ. എന്നാൽ പല കാലങ്ങളിൽ പല പ്രണയ ബന്ധങ്ങളുണ്ടായിരുന്നു. 1935ൽ വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു. ന്യയോർക്കിലും ലണ്ടനിലും അദ്ദേഹത്തിന് ബന്ധങ്ങൾ ഉണ്ടായിരുന്നതായും ''എ ചെക്കേർഡ് ബ്രില്യൻസ് : ദി മെനി ലൈവ്സ് ഓഫ് വി.കെ കൃഷ്ണ മേനോൻ''എന്ന പുസ്തകം പറയുന്നു.

കടുത്ത അരക്ഷിതാവസ്ഥ അനുഭവിച്ച നേതാവുകൂടിയാണ് മേനോനെന്ന് പുസ്തകം വിലയിരുത്തുന്നു. പല ഘട്ടങ്ങളിലും അദ്ദേഹം നിരവധി പേജുകളിലായി നെഹ്റുവിന് രാജിക്കത്ത് എഴുതുമായിരുന്നു. പക്ഷേ നെഹ്റു അദ്ദേഹത്തെ ശാന്തനാക്കും. ചൈനീസ് ആക്രമണം നെഹ്റുവിന്റെ ആരോഗ്യം തകർത്തതുപോലെ കൃഷ്ണമേനോന്റെ സമനിലയും തെറ്റിച്ചിരുന്നു. ആത്മഹത്യചെയ്യാൻ പോലും തോനുന്നുവെന്നാണ് അന്ന് അദ്ദേഹം എഴുതിയത്. സത്യത്തിൽ നെഹ്റുവിന് വേണ്ടി ബലിയാടുവുകയായിരുന്നു കൃഷ്ണമേനോൻ എന്ന വിമർശനവും ഉണ്ടായിരുന്നു. അത് നെഹ്റുവിനും നന്നായി അറിയുമായിരുന്നു. കോൺഗ്രസിലെ വലതുപക്ഷവും അവസരം മുതലെടുത്ത് കൃഷ്ണമേനോനെ ബലിയാടക്കി. അല്ലെങ്കിലും എങ്ങനെയാണ് ഒരു യുദ്ധത്തിലെ തോൽവിയിൽ ഒരു വ്യക്തിമാത്രം പ്രതിയാവുന്നത്.

'വി.കെ. കൃഷ്ണമേനോൻ എ പേഴ്‌സണൽ മെമോയിർ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവുകൂടിയായ കൃഷ്ണമേനോന്റെ മരുമകൾ ജാനകി റാം അക്കാര്യം എഴുതിയിട്ടുണ്ട്. 'ചൈനയുദ്ധത്തെ തുടർന്നുണ്ടായ സംഭവങ്ങൾ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. അവസാനനാളിൽ മുംബൈയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ഇതേക്കുറിച്ച് സംസാരിച്ചിരുന്നതായി കേട്ടിട്ടുണ്ട്. സത്യം ഒരുനാൾ പുറത്തുവരുമെന്ന് അന്ന് പറഞ്ഞിരുന്നു. എല്ലാവരും കൂടി തന്നെ ഒറ്റപ്പെടുത്തിയെന്ന തോന്നൽ ഉണ്ടായി. ചൈനയുമായുള്ള തർക്കത്തിൽ നയതന്ത്രതലപരിഹാരമാണ് വേണ്ടതെന്ന് 1955 മുതൽ കൃഷ്ണമേനോൻ വാദിച്ചിരുന്നു. എങ്കിലും ചൈന യുദ്ധത്തിന് പുറപ്പെടുമെന്ന് ഒരിക്കലും ധരിച്ചിരുന്നില്ല.'- ജാനകി റാം തന്റെ പുസ്‌കത്തിൽ ഇങ്ങനെയാണ് എഴുതിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP