Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മാപ്പു പറയുന്നതിലും ഭേദം പാലരിവട്ടത്ത് തട്ടുകട നടത്തുകയാണെന്ന് പറഞ്ഞ തൻേറടി; ദിലീപിന്റെ ആനപ്പകയിൽ കുടുങ്ങിയ കരിയർ; വിലക്കിനെതിരെ സുപ്രീം കോടതിവരെ പോയി അമ്മയ്ക്കും ഫെഫ്ക്കകും പിഴ വാങ്ങിക്കൊടുത്ത പോരാളി; ഇപ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മധുര പ്രതികാരം; വിനയൻ എന്ന ഒറ്റയാന്റെ കഥ!

മാപ്പു പറയുന്നതിലും ഭേദം പാലരിവട്ടത്ത് തട്ടുകട നടത്തുകയാണെന്ന് പറഞ്ഞ തൻേറടി; ദിലീപിന്റെ ആനപ്പകയിൽ കുടുങ്ങിയ കരിയർ; വിലക്കിനെതിരെ സുപ്രീം കോടതിവരെ പോയി അമ്മയ്ക്കും ഫെഫ്ക്കകും പിഴ വാങ്ങിക്കൊടുത്ത പോരാളി; ഇപ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മധുര പ്രതികാരം; വിനയൻ എന്ന ഒറ്റയാന്റെ കഥ!

എം റിജു

ജോലിയെടുക്കുന്നതിൽനിന്ന് ഒരാളെ ആസൂത്രിതമായി വിലക്കുന്നത് കുറ്റകരം ആണെന്നും, ഇവിടെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഓഫ് ഇന്ത്യ എന്നൊരു സാധനം ഉണ്ടെന്നും, അവിടെപോയാൽ നമുക്ക് നഷ്ടപരിഹാരം കിട്ടുമെന്നുമൊക്കെ നമ്മളിൽ എത്രപേർക്ക് അറിയാമായിരുന്നു. അതാണ് വിനയൻ എന്ന ചലച്ചിത്ര സംവിധായകന്റെ പ്രസക്തിയും. മഹാനായ ഒരു ചലച്ചിത്രകാരൻ എന്ന് വിളിക്കാൻ പറ്റിയ ആളൊന്നുമല്ല അദ്ദേഹം. പക്ഷേ എടുത്ത സിനിമകളുടെ പേരിലല്ല, അതിശക്തമായ ചില മാറ്റങ്ങൾ ഉണ്ടാക്കാൻ തുടക്കിട്ടതിന്റെ പേരിൽ ആയിരിക്കണം, മലയാള ചലച്ചിത്ര ലോകത്ത് വിനയൻ അറിയപ്പെടുക.

ശരിക്കും മലയാള സിനിമയിലെ പുലിയാണ് വിനയൻ. സൂപ്പർ താരങ്ങളെയും താരസംഘടനകളെയും ഒറ്റക്ക് മുട്ടുകുത്തിച്ച പുപ്പുലി. തന്നെ വിലക്കിയ താരസംഘടനയായ അമ്മക്കെതിരെയും, ടെക്നീഷ്യന്മാരുടെ സംഘടനയായ ഫെഫ്ക്കയ്ക്ക് എതിരെയും വർഷങ്ങൾ കേസ് നടത്തി ലക്ഷങ്ങളുടെ നഷ്ടപരിഹാരം നേടിയ ധീരൻ. ചുരുങ്ങിയ ചെലവിൽ സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കുന്ന വിനയൻ, എന്ന സംവിധായകനോട് ഈ താര ശിങ്കിടികൾ ചെയ്ത അനീതി ചെറുതൊന്നുമല്ല. അതിനുള്ള കാരണവും ഈഗോ തന്നെ ആയിരുന്നു. സംവിധായകന്റെ മേധാവിത്വത്തിൽ വിശ്വസിക്കുന്ന വിനയൻ, താരങ്ങൾക്ക് മുന്നിൽ മുട്ടിടിക്കുന്നവൻ അല്ല. ജയസുര്യ, കലാഭവൻ മണി, പൃഥ്വീരാജ് എന്നിവർക്ക് ഒക്കെ വലിയ മാർക്കറ്റില്ലാത്ത കാലത്തും വിനയൻ അവരെവെച്ച് ഹിറ്റുകൾ ഉണ്ടാക്കിയിരുന്നു. എല്ലാവരും വിലക്കിയിട്ടും സ്വന്തം വീട് പണയം വെച്ച് സിനിമയെടുത്തു. ഗ്രാഫിക്്സ് ഒന്നും ഇല്ലാത്ത കാലത്തും, അദ്ദേഹം എടുത്ത ആകാശഗംഗയെും, അത്ഭുദദ്വീപുമൊക്കെ ഒന്ന് കണ്ടുനോക്കണം.

പക്ഷേ അവസാനമായി വിനയൻ എടുത്ത ചിത്രങ്ങൾ ഒന്നും വേണ്ടത്ര നന്നായിട്ടില്ല. ബജറ്റിന്റെ പരിമിതികൾക്കിടയിൽനിന്ന് എടുത്ത ചിത്രങ്ങൾ കൂടിയായിരുന്നു അവയൊക്കെ. പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറി മറിയുകയാണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ സൂപ്പർഹിറ്റായി പ്രദർശനം തുടരുന്നേതോടെ വിനയൻ എന്ന സംവിധായകനും വീണ്ടും ചർച്ചയാവുകയാണ്. ഒരു അർത്ഥത്തിൽ വിനയന്റെത് മധുര പ്രതികാരമാണ്. കാരണം പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങുന്നത് മോഹൻലാലിന്റെ വോയ്സ് ഓവറിലാണ്. അവസാനിക്കുന്നത് മമ്മൂട്ടിയുടേതിലും. ഒരുകാലത്ത് തനിക്കിട്ട് പണിഞ്ഞ താരങ്ങളെ ഇങ്ങനെ ഉപയോഗിക്കാൻ മറ്റാർക്ക് ആവും! ട്വിസ്റ്റുകൾ നിറഞ്ഞ ഒരു ത്രില്ലറിനേക്കാൾ രസകരമാണ് വിനയന്റെ സിനിമാ ജീവിതം.

മദൽലാലിലുടെ ഫാൻസുമായി ഉടക്ക്

1960ൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു കർഷകടുംബത്തിൽ ജനിച്ച വിനയന് യാതൊരു തരത്തിലുള്ള സിനിമാബന്ധങ്ങളും ഉണ്ടായിരുന്നില്ല. സ്വയംഭൂവായ മനുഷ്യൻ എന്നാണ് അദ്ദേഹത്തെക്കുറിച്ച് സിനിമ സർക്കിളിൽ പ്രചരിക്കുന്ന തമാശ. പഠനത്തിൽ മിടുക്കനായിരുന്നു വിനയൻ ആദ്യകാലത്ത് രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു. ഡിവൈഎഫ്ഐയുടെ വില്ലേജ് സെക്രട്ടറിയായി, ജില്ലാ നേതൃത്വത്തിലുമൊക്കെ പ്രവർത്തിച്ച പരിചയം ഉണ്ട്. കുട്ടനാടിൻെ ആ കർഷക കുടുംബത്തിലൂടെ താൻ കടന്നുപോയ കരുത്താണ് തന്റെ ഊർജമെന്ന് അദ്ദേഹം ഈയിടെയും ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

കെഎസ്ഇബിയിൽ ജോലി ഉണ്ടായിരുന്നു വിനയന് പക്ഷേ നാടകം ആയിരുന്നു പാഷൻ. രാത്രി നാടകത്തിൽ അഭിനയിക്കാൻ പോയതിന് സസ്പെൻഷൻ കിട്ടിയ കഥയൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അന്ന് കെഎസ്ഇബിയിൽ തുടർന്നിരുന്നെങ്കിൽ ഇന്ന് താൻ എക്സിക്യുട്ടീവ് എഞ്ചിനീയറായി വിരമിക്കുമായിരുന്നെന്നും, പക്ഷേ അതല്ല കാലാപ്രവർത്തനം തന്നെയാണ് താൻ ഇഷ്ടപ്പെടുന്നതെന്നും വിനയൻ പറയുന്നു.

സംവിധായകൻ ആയിട്ടില്ല നിർമ്മാതാവ് ആയിട്ടാണ് വിനയന്റെ സിനിമാ തുടക്കം.
1988ൽ ആലിലക്കുരുവികൾ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് സിനിമാരംഗത്ത് സജീവമാകുന്നത്. 1989ൽ ആയിരം ചിറകുള്ള മോഹം എന്ന സിനിമയിലൂടെ സംവിധായകനായി തുടക്കം കുറിച്ചു. 1990ൽ മോഹൻലാലിന്റെ ഛായയുള്ള മദൻലാൽ എന്ന നടനെ നായകനാക്കി സൂപ്പർസ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തു.

അത് വലിയ കോലഹലം ഉണ്ടാക്കി. മോഹൻലാലിന് സാമ്യമുള്ള ഒരു കഥാപാത്രത്തെ ഇറക്കിയത് ലാൽ ഫാൻസിലെ ഒരു വിഭാഗം എന്തോ വലിയ ഗൂഢാലോചന ആയിട്ടാണ് കണ്ടത്. വിനയണെ ഇവർ ശക്തമായി അധിക്ഷേപിച്ചു. ചിത്രം വലിയ വിജയവും ആയില്ല. മദൻലാലിനോട് തനിക്ക് പ്രശ്നം ഒന്നുമില്ലെന്നും തന്നെ അനുകരിക്കാതെ സ്വന്തമായി ഒരു വ്യക്തിത്വം കണ്ടെത്തണമെന്നുമാണ് മോഹൻലാൽ അന്ന് പറഞ്ഞിരുന്നത്. സത്യത്തിൽ അതിൽ ആരാധകർ ആരോപിക്കുന്നപോലെ ലാലിനെ ഔട്ടാക്കാനുള്ള ശ്രമം ഒന്നും ഇല്ലായിരുന്നു. സൂപ്പർ സ്റ്റാറിനോട് സാമ്യമുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടാവുന്ന സംഭവ വികാസങ്ങളിലെ കൗതുകം മാത്രമാണ് വിനയനെ ആകർഷിച്ചത്. പക്ഷേ എന്താണെന്ന് അറിയില്ല പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടും, വിനയനും ലാലും പിന്നീട് ഒന്നിച്ചിട്ടുമില്ല.

ആകാശഗംഗയിലൂടെ ഉയരങ്ങളിലേക്ക്

പിന്നീട് വിനയന്റെ സംവിധാനത്തിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. അവയിൽ ഇൻഡിപെൻഡൻസ്, ശിപായി ലഹള, ദിലീപ് നായകനായ രണ്ടാമത്തെ ചിത്രമായ കല്യാണസൗഗന്ധികം തുടങ്ങിയവ ലോ ബജറ്റിൽ ശ്രദ്ധേയമായ സിനിമകൾ ആയിരുന്നു. വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ എന്ന യക്ഷിച്ചിത്രം മലയാളത്തിലെ മികച്ച ഹൊറർ സിനിമകളിലൊന്നാണ്. അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഗ്രാഫിക്സ് ഒന്നും വേണ്ട രീതിയിൽ വികസിച്ചിട്ടില്ലാത്ത ഒരു കാലത്താണ് വിനയൻ അതുപോലെ ഒരു പടം, തന്റെ ബജറ്റിന്റെ പരിമിതിയിൽ എടുക്കുന്നത് എന്നോർക്കണം.

കൂടെയുള്ളവർ ഒരു സൂപ്പർതാര ചിത്രങ്ങളുടെ തീയതിക്കു വേണ്ടി ഓടിക്കൊണ്ടിരുന്ന കാലത്തു പുതുമുഖങ്ങളെ വെച്ചും, സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളെ വെച്ചും ജനപ്രിയ സിനിമകൾ അദ്ദേഹം എടുത്തു. കാലഭവൻ മണിയെ നായകപദവിയിലേക്ക് ഉയർത്തിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ. ജയസൂര്യയുടെ ആദ്യ ചിത്രമായ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, മമ്മൂട്ടി നായകനായ ചിത്രങ്ങളായ ദാദാ സാഹിബ്, രാക്ഷസരാജാവ്, പൃഥിരാജ് നായകനായ ഹൊറർ ചിത്രം വെള്ളിനക്ഷത്രം, ഉയരം കുറഞ്ഞ ആളുകളെ അഭിനയിപ്പിച്ച സിനിമ അത്ഭുതദ്വീപ്, എന്നിവയെല്ലാം വലിയ സാമ്പത്തികവിജയം നേടിയ ചിത്രങ്ങളാണ്. അത്ഭുത ദ്വീപ് സിനിമയിലഭിനയിച്ച അജയകുമാർ എന്ന ഗിന്നസ് പക്രുഒരു സിനിമയിൽ മുഴുനീള വേഷം ചെയ്ത ആദ്യത്തെ ഉയരം കുറഞ്ഞയാൾ എന്ന പേരിൽ ഗിന്നസ് ബുക്കിന്റെ ബഹുമതിക്ക് അർഹനായി.

മലയാള സിനിമകൾ കൂടാതെ ഒരു തമിഴ് സിനിമയും വിനയൻ സംവിധാനം ചെയ്തിട്ടുണ്ട്. നാളൈ നമതൈ ആയിരുന്നു ആ ചിത്രം. ധാരാളം അഭിനേതാക്കളെ തന്റെ സിനിമകളിലൂടെ വിനയൻ മലയാള ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. ജയസൂര്യ, ഇന്ദ്രജിത്ത്, അനൂപ് മേനോൻ, ഹണിറോസ്, പ്രിയാമണി, സുരേഷ്‌കൃഷ്ണ, മണിക്കുട്ടൻ, മേഘ്ന രാജ്, ലക്ഷ്മി മേനോൻ, രാജാമണി, ഗായകരായ സിതാര, സുധീപ്കുമാർ തുടങ്ങിയവർ എല്ലാം പ്രശസ്തരായി.
ഇപ്പോൾ വിനയന്റെ മകൻ വിഷ്ണു വിനയയനും അഭിനയ രംഗത്ത് സജീവമാണ്. ആകാശഗംഗ 2വിലെ നായകനായ ഈ നടൻ, ഇപ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിലെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധേയമാവുന്നത്.

ദിലീപിനോട് ഉടക്കി വിലക്കിലേക്ക്

പക്ഷേ താൻ ചെയ്ത സിനിമകളേക്കാൻ വിനയനെ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിപ്പിച്ചത്, ഫിലിം തൊഴിലാളികളുടെ സംഘടനയായ മാക്ടയുടെ പ്രസിഡന്റ് ആയിരുന്നന്ന സമയത്ത് എടുത്ത നടപടികളാണ്. ചിത്രങ്ങൾ ഫിലിം ചേംബറിൽ ഫീസ്‌കൊടുത്ത രജിസ്റ്റർ ചെയ്യണം എന്ന പരിപാടി ഒഴിവാക്കിയത് വിനയനാണ്. ലോ ബജറ്റിൽ ചിത്രം എടുക്കുന്ന പലർക്കും ഇത് സഹായകമായി. അതുപോലെ അതുവരെ മലയാള സിനിമ പ്രവർത്തിച്ചിരുന്നത് യാതൊരു എഗ്രിമെന്റും ഇല്ലായൊണ്. അഡ്വാൻസ് പണം വാങ്ങിയ താരങ്ങൾ, ഷൂട്ടിങ്ങിന് വന്നാൽ കാണാമെന്ന അവസ്ഥയാണ്. ഇതുമൂലം ലൊക്കേഷനിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ വിനയൻ അവിടെ ഒരു എഗ്രിമെന്റ് സമ്പ്രദായത്തിന് നേതൃത്വം കൊടുത്തു. പ്രൊഡ്യുസർമാർക്ക് അത് വലിയ സഹായകമായി. പക്ഷേ അങ്ങനെ താൻ സഹായിച്ചവർ ഒന്നും തിരിച്ച് സഹായിച്ചിട്ടില്ലെന്നു വിനയൻ പറയുന്നു.

എന്നും താരാധിപത്യത്തിന് എതിരായിരുന്നു വിനയൻ എന്ന തൻേറടി. ഡേറ്റിനുവേണ്ടി ഒരു താരത്തിന്റെയും വീട്ടുപടിക്കൽ അദ്ദേഹം കാവൽ നിൽക്കില്ല. താരങ്ങളെ ഉണ്ടാക്കുന്നത് സംവിധായകർ ആണെന്ന് മാക്ടയുടെ യോഗത്തിൽ വിനയൻ തുറന്ന് പറഞ്ഞത് പലർക്കും ഇഷട്പ്പെട്ടില്ല. ഈ രീതിയിലുള്ള നിരവധി ഉടക്കുകൾ നടക്കുന്നതിനിടെയാണ് നടൻ ദിലീപും സംവിധാകൻ തുളസീദാസും തമ്മിൽ പ്രശ്നം ഉണ്ടാകുന്നത്. ദിലീപ് ലക്ഷങ്ങൾ അഡ്വാൻസ് വാങ്ങിയിട്ടും തുളസിയുടെ പടം ചെത്തുകൊടുക്കാത്തതാണ് പ്രശ്നമായത്്. ഇതിൽ വിനയൻ യാതൊരു രീതിയിലും കക്ഷി ആയിരുന്നില്ല. പക്ഷേ സംഘടനയുടെ നേതാവ് എന്ന നിലയിൽ ഇടപെടുകയാണ് ഉണ്ടായത്. നിരവധി നിർമ്മാതാക്കളും സംവിധായകരും താങ്കൾക്ക് മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിയൂ എന്ന് വിനയനെ പിരികയറ്റുകയും ചെയ്തു. പക്ഷേ ഇവർ ആരും തന്നെ കാര്യങ്ങൾ വിനയന് എതിരെ തിരിഞ്ഞപ്പോൾ കൂടെ നിന്നതുമില്ല.

തുളസീദാസിന്റെ പടത്തിൽ അഭിനയിക്കണമെന്നുള്ള വിനയന്റെ അഭ്യർത്ഥനെ വലിയ ധിക്കാരമായാണ് ദിലീപ് കണ്ടത്. തന്നെ വളർത്തിക്കൊണ്ടുവന്ന ഗുരുവാണെന്നൊന്നും നോക്കാതെ ദിലീപ് വിനയനെതിരെ ഉപജാപങ്ങൾ തുടങ്ങി. വിനയൻ അഹങ്കാരിയാണെന്ന് തൊട്ട് അദ്ദേഹത്തിന് ഇല്ലാത്ത കുഴപ്പങ്ങൾ ഒന്നും അവരുടെ ഭാഷയിൽ ഉണ്ടായിരുന്നില്ല. ദിലീപ് വഴി മറ്റ് താരങ്ങും വിനയനോട് ഇടഞ്ഞു. വിനയന്റെ പ്രസ്താവനകൾ പലതും തങ്ങളെ ആക്ഷേപിക്കുന്നതാണെന്നായിരുന്നു താരങ്ങൾ വിശ്വസിച്ചിരുന്നത്.

എന്നാൽ വിനയൻ ആർക്കുവേണ്ടി നിന്നോ, ആ സംവിധായക കൂട്ടവും നിർമ്മാതാക്കളുമൊന്നും അദ്ദേഹത്തിന് ഒപ്പം നിന്നതുമില്ല. അങ്ങനെ മാക്ട പിളർന്നു. ഭൂരിഭാഗം അംഗങ്ങളും രാജിവെച്ചുപോയി ഫെഫ്കയുണ്ടാക്കി.

'പാലാരിവട്ടത്ത് തട്ടുകട നടത്തും '

വിനയനെ മലയാള സിനിമയിൽനിന്ന് ഉന്മൂലനം ചെയ്യാനായിരുന്നു ആനപ്പകയുള്ള ദിലീപിന്റെ നീക്കം. ഒപ്പം പൃഥ്വീരാജ്, തിലകൻ തുടങ്ങിയ പലരെയും അവർ നോട്ടമിട്ടിരുന്നു. പക്ഷേ വിനയൻ വിലക്ക് കാര്യമാക്കാതെ സ്വന്തം വീട് പണയം വെച്ചും, തമിഴ്‌നാട്ടിൽനിന്ന് ടെക്്നീഷ്യന്മാരെയുമൊക്കെ ഇറക്കിയും സിനിമ ചെയ്തു. അങ്ങനെ ആയപ്പോൾ ചിലർ ഒരു ഉപാധിവെച്ചു. വിനയൻ മാപ്പു പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അപ്പോഴാണ് വിയനന്റെ ഐതിഹാസികമായ മറുപടി വന്നത്. ''പണിയൊന്നുമില്ലാതെ പാലാരിവട്ടത്ത് തട്ടുകട നടത്തിയാലും'' ഇവരോടൊന്നും മാപ്പു പറയില്ലെന്ന്.

അതിനമുമ്പേ തന്നെ പല താരങ്ങളെയും വിലക്കിൽനിന്ന് രക്ഷിച്ചതും വിനയൻ തന്നെ ആയിരുന്നു. പ്രഥീരാജിന് വിലക്കുള്ള സമയത്താണ് അത്ഭുദ ദീപ് എടുക്കുന്നത്. അതേക്കുറിച്ച് ഒരു അഭിമുഖത്തിൽ വിനയൻ ഇങ്ങനെ പറയുന്നു. ''അത്ഭുതദ്വീപിൽ യഥാർത്ഥത്തിൽ പറ്റിക്കപ്പെട്ടത് സിനിമയിലെ ചില വിലക്കൽ സംഘടനകളാണ്. മല്ലിക കപൂർ ഇന്നും ആ സിനിമയെ ഓർക്കുന്നത് അത്ഭുതത്തോടെയാണ് എന്ന് പറയാറുണ്ട്. മല്ലിക കപൂറിനോട് പൃഥ്വിരാജാണ് നായകൻ എന്നല്ല പറഞ്ഞിരുന്നത്. പൊക്കം കുറഞ്ഞവരുടെ രാജ്യത്തെ രാജകുമാരൻ ഗജേന്ദ്രന് കല്യാണം ഉറപ്പിച്ചിരുന്ന രാജകുമാരി പൃഥ്വിരാജിന്റെ കഥാപാത്രവുമായി പ്രണയത്തിലാവുന്ന കഥ തന്നെയാണ് മല്ലികയോട് പറഞ്ഞത്. പക്ഷേ അഭിനയിക്കുന്നവരെ പറ്റി ഒരു വിവരവും വെളിയിൽ പറയരുതെന്ന് നിഷ്‌കർഷിച്ചിരുന്നു.

മലയാള സിനിമയിലെ അന്നത്തെ അറിയപ്പെടുന്ന നായികമാർ ആരെങ്കിലുമായിരിക്കും അത്ഭുതദ്വീപിലെ നായിക എന്നാണ് പലരും ധരിച്ചത്. പക്ഷേ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ കലാഭവൻ മണിയുടെ നായികായി അഭിനയിക്കാൻ അന്ന് ലൈംലൈറ്റിൽ നിന്നിരുന്ന നായികമാരോട് സംസാരിച്ചപ്പോൾ ചിരിച്ചുകൊണ്ട് സവിനയം ഒഴിഞ്ഞു മാറിയ കാര്യം എന്റെ മനസ്സിൽ ഉണ്ടായിരുന്നല്ലോ.. ആ നടിമാരിൽ ആരെങ്കിലും രണ്ടടി പൊക്കമുള്ള പക്രുവിന്റെ നായികയായി അഭിനയിക്കാൻ വരുമെന്ന് ചിന്തിക്കാൻ മാത്രം വിഡ്ഢിയല്ലല്ലോ ഞാൻ. അതുകൊണ്ട് ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ പഞ്ചാബി കുടുംബത്തിൽ ജനിച്ച സുന്ദരിയായ മല്ലികയെ നായികയായി കണ്ടുവച്ചിരുന്നു.

പൃഥ്വിരാജിന് ചില സിനിമാ സംഘടനകൾ ആ സമയത്ത് വിലക്കേർപ്പെടുത്തിയിരുന്നു. ആ വിലക്കിനെ മറികടന്ന് രാജുവിനെ എന്റെ ചിത്രത്തിൽ അഭിനയിപ്പിക്കും എന്ന തീരുമാനത്തിൽ ആയിരുന്നു ഞാൻ. ഒഴുക്കിനെതിരെ നീന്തുക എന്ന ഒരു കുഴപ്പം പിടിച്ച സ്വഭാവം അന്നും ഇന്നും എനിക്കുണ്ട്. എന്റെ പ്ലാൻ പറഞ്ഞപ്പോൾ രാജുവിന്റെ അമ്മ മല്ലിക ചേച്ചിക്കും വളരെ സന്തോഷമായി. മുന്നൂറിലധികം പൊക്കം കുറഞ്ഞവരെ വച്ചെടുക്കുന്ന സിനിമയിൽ പക്രുവാണ് നായകൻ എന്ന രീതിയിൽ പരസ്യം കൊടുത്ത ശേഷമാണ് ജഗതി ശ്രീകുമാറിനും, ജഗദീഷിനും, ഇന്ദ്രൻസിനും, കൽപനയ്ക്കും ഒക്കെ അഡ്വാൻസ് കൊടുത്ത് എഗ്രിമെന്റിട്ടത്. ആ കൂട്ടത്തിൽ കൽപനയ്ക്ക് മാത്രമാണന്ന് പൃഥ്വിരാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന നടൻ എന്ന വിവരം അറിയാമായിരുന്നത്. ഇത്തരം അന്യായമായ വിലക്കിനേയും ഒറ്റപ്പെടുത്തലിനെയും ഒക്കെ എതിർത്തു തോൽപ്പിക്കണം എന്ന ശക്തമായ അഭിപ്രായമുള്ള ആളായിരുന്നു കൽപന.

ഏതോ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് ജഗതിച്ചേട്ടനേയും കൽപനയേയും കാണുന്നത്. 'ഇതിൽ പൃഥ്വിരാജുണ്ടെന്നാണ് ആരോ പറഞ്ഞത് അയാളുണ്ടെങ്കിൽ അഭിനയിക്കാൻ പറ്റില്ല കേട്ടോ, സംഘടന ഭയങ്കര വാശിയിലാ' എന്നായി ജഗതി. എന്നാൽ 'വിനയേട്ടനല്ലേ പറഞ്ഞത് പക്രുവാണ് നായകൻ എന്ന് പിന്നെ നമുക്കെന്താ പ്രശ്നം' എന്നു പറഞ്ഞ് കണ്ണിറുക്കിക്കൊണ്ട് എന്നെ നോക്കി ചിരിച്ച കൽപനയുടെ മുഖം ഇന്നും ഞാനോർക്കുന്നുണ്ട്. അന്നാ എഗ്രിമെന്റ് ഒപ്പിടുമ്പോൾ ജഗതിച്ചേട്ടന്റെ ഉള്ളിലും പൃഥ്വിയുടെ കാര്യം അറിയാമായിരുന്നോ എന്നെനിക്ക് സംശയമാണ്. കാരണം, എഗ്രിമെന്റ് ഒക്കെ ഒപ്പിട്ട് വാങ്ങിയതിനു ശേഷം പൃഥ്വിരാജിന്റെ ദേഹത്ത് പത്തോളം കൊച്ചുമനുഷ്യർ കയറി ഇരിക്കുന്ന ഫോട്ടോയോടെ അത്ഭുതദ്വീപിന്റെ റൈറ്റപ്പ് പത്രത്തിൽ വന്നപ്പോൾ 'എഗ്രിമെന്റ് ഒപ്പിട്ടു പോയില്ലേ ഇനിയിപ്പോ അഭിനയിക്കാതിരിക്കാൻ പറ്റുമോ' എന്ന് സംഘടനയിൽ പറഞ്ഞ ജഗതിച്ചേട്ടനും ആ വിലക്കിനെ എതിർത്തിരുന്നു എന്നതാണ് സത്യം.

അങ്ങനെ അത്ഭുതദ്വീപിന്റെ റിലീസോടെ പൃഥ്വിരാജിനെതിരെയുള്ള വിലക്ക് ഒലിച്ചു പോയി. രാജു സജീവമായി സിനിമയിൽ തിരിച്ചു വന്നു. ''- വിയയൻ വ്യക്തമാക്കി.

വിലക്കിയവർക്ക് പിഴയിടീച്ച് പ്രതികാരം

അതുപോലെ അത്ഭുദ ദ്വീപ് നടക്കുന്ന സമയത്ത് തന്നെ താരങ്ങളുടെ മുഷ്‌ക്കിനെയും വിലക്കിനെയും മറികടക്കാനായി നിർമ്മാതാക്കളിൽ ചിലർ വന്ന് അഭ്യർത്ഥിച്ചതിനാലാണ്, താൻ സത്യം എന്ന പൃഥീരാജ് ചിത്രം എടുക്കുന്നത് എന്നു വിനയൻ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എഗ്രിമെന്റ് വിവാദം ഉണ്ടായപ്പോൾ, മലയാള സിനിമ നിർത്തിവെച്ചുകൊണ്ട് വിദേശത്തേക്ക് കലാപരിപാടിക്ക് പോകാൻ ആയിരുന്ന താരസംഘടനയുടെ തീരുമാനം. ഇതിന് എതിരെയാണ് സത്യം എന്ന സിനിമ ഉണ്ടായത്. വളരെ പെട്ടന്ന് ചെയ്യേണ്ട വന്നിട്ടും ആ പടം പ്രഥ്വീരാജിന്റെ കരിയറിൽ ദോഷം ചെയ്തില്ല. പക്ഷേ അന്ന് പടം എടുക്കാൻ വന്ന നിർമ്മാതക്കൾ തന്നെ പിൽക്കാലത്ത് കാലുമാറിയ കഥയും വിനയൻ പറയുന്നുണ്ട്. അന്ന് ഒന്നുമല്ലാതിരുന്ന പൃഥ്വിരാജ് ഇന്ന് തെന്നിന്ത്യൻ താരമാണ്. പക്ഷേ വിനയൻ തന്റെ ഏത് മോശം അവസ്ഥയിലും ഒരു സഹായത്തിനും ചെന്നിട്ടില്ല. അതാണ് വിനയൻ!

അതുപോലെ തന്നെ നടൻ തിലകനെ വിലക്കിയ കഥയും വിനയൻ ഏറെ വികാരത്തോടെയാണ് പറയാറുള്ളത്. ''സിനിമയിൽ നിന്ന് മാത്രമല്ല സീരിയലിൽ അഭിനയിക്കുന്നതിന പോലും തിലകനെ വിലക്കിയിരുന്നു. ഒരു ദിവസം എന്റെ വീട്ടിൽ തിലകൻ ചേട്ടൻ എത്തിയത് ഒരു സീരിയലിന്റെ അഡ്വാൻസ് വാങ്ങിക്കാനാണ്. പക്ഷേ സീരിയലിന്റെ സംഘടനയായ ആത്മയെ ഒക്കെ സ്വാധീനിച്ച് തിലകനെ അവർ അതിൽ നിന്നും ഒഴിവാക്കി. എന്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് ഇത് സബന്ധിച്ച് പ്രൊഡ്യൂസറുടെ കോൾ വന്നത്. അന്ന് തിലകൻെ ചേട്ടന്റെ കണ്ണുകൾ നിറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്.''- വിനയൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

പക്ഷേ ഒടുവിൽ കേസിൽ വിനയൻ തന്നെ ജയിച്ചു. താരങ്ങളും അമ്മ സംഘടനയും മുട്ടുകുത്തി. തന്നെ വിലക്കിയ സംഭവത്തിൽ വിനയന്റെ പരാതിയിന്മേൽ 2017ൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അമ്മക്കും ഫെഫ്ക്കക്കും പിഴ ചുമത്തി. അമ്മ നാല് ലക്ഷവും, ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കണം. നടൻ ഇന്നസെന്റ്, ഇടവേള ബാബു, ബി ഉണ്ണിക്കൃഷ്ണൻ, സിബിമലയിൽ കെ മോഹനൻ എന്നിവരും പിഴയൊടുക്കണം.ഇന്നസെന്റ് 51000 രൂപയും സബി മലയിൽ 61000 രൂപയും പിഴയൊടുക്കണം. രാജ്യത്തെ അസോസിയഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവർത്തന രീതി പരിശോധിക്കാൻ രൂപവത്കരിച്ച സംവിധാനമാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്നു തന്നെ മലയാളികൾ അറിയുന്നത് വിനയനിലൂടെയാണ്.പക്ഷേ പിഴയൊടുക്കാതെ അമ്മയും ഫെഫ്ക്കയും അപ്പീലിന് പോയി. പക്ഷേ നാഷ്ണൽ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണൽ പിഴ ശരിവച്ചു. അമ്മയും ഫെഫ്കയും അയച്ച അപ്പീൽ തള്ളുകയും ചെത്തു. പക്ഷേ താര സംഘടന സുപ്രീം കോടതയിൽ പോയി അവിടെയും തോൽവിയായിരുന്നു ഫലം.

ഈ സമയത്ത് വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പ്രസ്‌ക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. ''ഇന്ത്യൻ സിനിമാ ചരിത്രത്തിലും, നീതിന്യായ ചരിത്രത്തിലും ഒരു സുവർണ്ണ രേഖയായി മാറിയ ആ സുപ്രീം കോടതി വിധി നമ്മുടെ നാട്ടിൽ വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടില്ല എന്നത് ഒരു സത്യമാണ്. രു പക്ഷേ വിനയൻ എന്ന ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന പ്രശ്നമായതു കൊണ്ടാകാം ആ വിധിയുടെ പ്രാധാന്യം അത്യാവശ്യം തമസ്‌കരിക്കപ്പെട്ടത്..പക്ഷേ എതിർവശത്തുള്ളവർ ആരൊക്കെ ആയിരുന്നു? ഏതൊക്കെ സംഘടനകളായിരുന്നു..? എത്രവലിയ മഹാമേരുക്കളോടാണ് ഞാൻ ഒറ്റക്ക് ഏറ്റു മുട്ടിയത്, എന്ന് ചിന്തിച്ചാലേ അഞ്ചു വർഷം ഏകനായി നടത്തിയ ആ നിയമയുദ്ധത്തിന്റെ ആഴം മനസ്സിലാകൂ.

പത്തു നാൽപതു സിനിമ ചെയ്ത ഒരു സംവിധായകനെക്കൊണ്ട് ഇനി മേലിൽ സിനിമ ചെയ്യിക്കണ്ട എന്ന് മലയാളസിനിമയിലെ ഒരു ചെറിയ വിഭാഗം തമ്പുരാക്കന്മാർ കൂടിച്ചേർന്നു തീരുമാനിക്കുക എന്നതിൽപരം ഒരു സാംസ്‌കാരിക ഫാസിസം ഉണ്ടോ? ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇതിലും ക്രൂരമായി എങ്ങനെ കൊല ചെയ്യാൻ പറ്റും..?ആവിഷ്‌കാര സ്വാതന്ത്ര്യത്തേപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്ന നമ്മുടെ സാംസ്‌കാരിക നാകന്മാർ ആരും സുപ്രീം കോടതിയിൽ ജസ്റ്റീസ് നരിമാൻ അദ്ധ്യക്ഷനായ മൂന്നംഗബഞ്ചിന്റെ വിധി വന്നപ്പോൾ എന്തെങ്കിലും ശബ്ദിച്ചതായി കണ്ടില്ല.. കേരളത്തിലെ സാംസ്‌കാരിക വകുപ്പ് ആ വിധിയേപ്പറ്റി അറിഞ്ഞിട്ടുണ്ടോന്നു പോലും അറിയില്ല..

കാരണം പതിനായിരക്കണക്കിനു രുപ ഫൈനിലൂടെ ശിക്ഷ ഏറ്റു വാങ്ങിയ പലരും സുപ്രീം കോടതിയിലെ അപ്പീൽ തള്ളിക്കൊണ്ട് വിധി വന്ന ശേഷവും സർക്കാരിന്റെ സാംസ്‌കാരിക പദവികളിൽ ഇരുന്നിരുന്നു. ഇത്തരം ശിക്ഷ വാങ്ങുന്നത് ഒരു ക്രെഡിറ്റ് ആയി നമ്മുടെ സാംസ്‌കാരിക വകുപ്പ് കണ്ടിട്ടുണ്ടോ? എന്നെനിക്കറിയില്ല.ഏതായാലും ജീവിതത്തിലെ ഏറ്റവും മൂല്യവത്തായ പത്തു വർഷങ്ങൾക്കു ശേഷവും ഇന്നും എന്റെ സ്വപ്നഭൂമി ആയ സിനിമയിലേക്കു തന്നെ കടന്നു വരാൻ സഹായിച്ച നിയമ വിദഗ്ധനായ സുഹൃത്തിനെ അഭിനന്ദിച്ച അവസരത്തിൽ ഓർമ്മകൾ പിന്നോട്ടൊന്നു സഞ്ചരിച്ചു.. അതുകൊണ്ടിത്രയും എഴുതിയതാണ്''- വിയയൻ പറയുന്നു.

ഇപ്പോൾ മമ്മൂട്ടിയും ലാലും ചേർത്ത് പിടിക്കുന്നു

ഇപ്പോഴിതാ ഇരട്ടി മധുരം എന്നോണം പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലുടെ അതി ശക്തമായി വിനയൻ തിരിച്ചുവന്നിരിക്കുന്നു. ഈ 62ാം വയസ്സിലും തനിക്ക് ഹിറ്റ് ഉണ്ടാക്കാൻ കഴിയും എന്ന് അദ്ദേഹം തെളിയിക്കുന്നു. ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ശബ്ദം നൽകിയിട്ടുമുണ്ട്. തനിക്ക് ആരോടും പകയില്ലെന്നും, പരിഭവങ്ങളുമില്ലെന്നും അദ്ദേഹം, പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.

''വി ഹേറ്റ് വിനയൻ' എന്ന പേരിലുണ്ടാക്കിയ ഗ്രൂപ്പുകളുടെ ആക്രമണങ്ങളെ അതിജീവിച്ചയാളാണ് ഞാൻ. ശക്തമായ ആരോപണങ്ങളും വിമർശനങ്ങളും ചിരിച്ചു കൊണ്ട് നേരിട്ടാണ് സിനിമാ മേഖലയിൽ താൻ നിൽക്കുന്നത്. വലിയൊരു സംഘം ആളുകൾ ഇയാൾ ശരിയല്ലെന്ന് പറഞ്ഞപ്പോഴും ഒറ്റക്ക് നിന്ന് താൻ ശരിയാണെന്ന് തെളിയിക്കാൻ സുപ്രീം കോടതി വരെ പോയി വാദിച്ച് വിജയിച്ച് വന്നയാളാണ് ഞാൻ. ആ ഒരു സത്യത്തന്റെ ഗുണമായിരിക്കാം ഇപ്പോൾ മമ്മൂക്കയും ലാലും തന്നെ ചേർത്ത് പിടിക്കുന്നത്''- വിനയൻ പറയുന്നു.

ഇതുസംബന്ധിച്ച് നേരത്തെ ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ വിനയൻ ഇങ്ങനെ പറയുന്നു. ''ഏറെ സന്തോഷത്തോടെയാണ് ഇന്നു ഞാനീ പോസ്റ്റ് ഇടുന്നത്. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ ശ്രീ. മമ്മുട്ടിയും, ശ്രീ. മോഹൻ ലാലും എന്റെ പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിന് ശബ്ദം നൽകിക്കൊണ്ട് ഈ സിനിമയെ ധന്യമാക്കിയിരിക്കുന്നു. ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ മോഹൻലാൽ സംസാരിക്കുമ്പോൾ സംഘർഷാത്മകമായ ആ കാലഘട്ടത്തിന്റെ ജിജ്ഞാസാഭരിതമായ വിവരണം മമ്മുക്ക നൽകുന്നു. സിജു വിത്സൺ നായകനാകുന്ന ഈ ചിത്രത്തിന് കൂടുതൽ പ്രസക്തിയേകുന്നതാണ് ഇവരുടെ വാക്കുകൾ.

മലയാള സിനിമാ മേഖലയിലെ എന്റെ നിലപാടുകൾക്കോ, അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ എന്നോടും എന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പന്മാരായ ഈ മഹാരഥന്മാർ ഇപ്പോൾ കാണിച്ച സ്നേഹത്തിന് ഹൃദയത്തിൽ തൊട്ട നന്ദി സ്നേഹാദരങ്ങളോടെ ഞാൻ അർപ്പിക്കട്ടെ.. മമ്മുക്കയും ലാലും ഡബ്ബിങ് തീയറ്ററിൽ വന്ന ശേഷമാണ് നിർമ്മാതാവ് ഗോപാലേട്ടനോട് ഞാൻ വിവരം പറഞ്ഞത്. ഒത്തിരി സന്തോഷത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും ആണ് അദ്ദേഹം പ്രതികരിച്ചത്. ഇന്നും എന്നോടു വിദ്വേഷം വച്ചു പുലർത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകർ മലയാള സിനിമയിൽ ഉണ്ടെന്നെനിക്കറിയാം. ഞാനവരുടെ പേരു പറഞ്ഞ് വിഷമിപ്പിക്കുന്നില്ല.. ഇതു വായിക്കുമ്പോൾ അവർക്കു സ്വയം മനസ്സിലാകുമല്ലോ?

എനിക്കവരോട് ഒരു ശത്രുതയുമില്ല, സ്നേഹമേയുള്ളു. പത്തു വർഷത്തോളം നല്ലൊരു സിനിമ ചെയ്യാൻ അനുവദിക്കാതെ നിങ്ങൾ എന്നെയല്ലേ ദ്രോഹിച്ചത്. ഞാൻ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ? നിയമ പരമായി കോടതിയിൽ പോയല്ലേ ഉള്ളു. പിന്നെ നിങ്ങളുടെ വിലക്കു വകവയ്ക്കാതെ പഴയ നിലവാരത്തിലല്ലെങ്കിലുംചില സിനിമകൾ ചെയ്തു തീയറ്ററിൽ എത്തിച്ചു. അതൊരു വാശി ആയിരുന്നു.. അത്തരം വാശി ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ന വ്യക്തി ഇല്ല.. മാത്രമല്ല വിനയൻ എന്ന സംവിധായകൻ ഇന്നു സിനിമയിലേ കാണില്ലായിരുന്നു..

കാലം ഒത്തിരി മാറിയിരിക്കുന്നു സുഹൃത്തുക്കളെ.. ഈ പുത്തൻ തലമുറയുടെ കാലത്ത് അത്തരം വിദ്വേഷങ്ങൾ കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല.. അത് നിങ്ങളുടെ മസ്തിഷ്‌കത്തിൽ വെറുപ്പിന്റെയും അസൂയയുടെയും ഹോർമോണുകൾ കൂട്ടുമെന്നല്ലാതെ ഒരു ഗുണവും കിട്ടില്ല.നല്ല സിനിമകൾ ചെയ്യാൻ നമുക്കു ശ്രമിച്ചു നോക്കാം.. അതിൽ എന്നെക്കാൾ കൂടുതൽ വിജയിച്ചിട്ടുള്ളവരാണല്ലോ നിങ്ങളിൽ പലരും.''- ഇങ്ങനെ പ്രതികാരത്തിന്റെ ലാഞ്ചനപോലുമില്ലായെ പക്വമായാണ് വിനയൻ പ്രതികരിക്കുന്നത്.

വാൽക്കഷ്ണം: തൻേറടമുള്ള ഒരുത്തൻ വട്ടം പിടിച്ചാൽ ഏതുകൊലകൊമ്പനും വീഴും. വിലക്കിനെതിരെ ഒറ്റക്ക് പോരാടി ജയിച്ച വിനയന്റെ ജീവിതം അതാണ് ഓർമ്മിപ്പിക്കുന്നത്. ഇതുകണ്ട് തിലകന്റെ ആത്മാവ് ചിരിക്കുന്നുണ്ടാവും എന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP