Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ബ്രിട്ടീഷുകാരുമായുള്ള ഒറ്റ ഏറ്റുമുട്ടലിലും വാരിയൻകുന്നൻ പങ്കെടുത്തിട്ടില്ല; മലയാള നാട് അല്ല 'വിശുദ്ധ രാഷ്ട്രം' എന്ന് അർഥം വരുന്ന 'അൽ ദൗള' എന്നായിരുന്നു ആ രാജ്യത്തിന്റെ പേര്; പരുന്ത് പറക്കുന്ന കരിങ്കൊടിയായിരുന്നു പതാക; തുർക്കിയിലെ ഖലീഫയെ പ്രതിനിധീകരിക്കുന്ന 'ഫെസ്' എന്ന ചുവന്ന തൊപ്പിയായിരുന്നു കിരീടം; ഇന്ത്യക്ക് വേണ്ടിയല്ല തുർക്കിക്ക് വേണ്ടിയായിരുന്നു ആ സമരം; മലയാള സിനിമയെയും പടിച്ചു കുലുക്കുന്ന ചരിത്ര വിവാദത്തിന്റെ മറുപുറം

ബ്രിട്ടീഷുകാരുമായുള്ള ഒറ്റ ഏറ്റുമുട്ടലിലും വാരിയൻകുന്നൻ പങ്കെടുത്തിട്ടില്ല; മലയാള നാട് അല്ല 'വിശുദ്ധ രാഷ്ട്രം' എന്ന് അർഥം വരുന്ന 'അൽ ദൗള' എന്നായിരുന്നു ആ രാജ്യത്തിന്റെ പേര്; പരുന്ത് പറക്കുന്ന കരിങ്കൊടിയായിരുന്നു പതാക; തുർക്കിയിലെ ഖലീഫയെ പ്രതിനിധീകരിക്കുന്ന 'ഫെസ്' എന്ന ചുവന്ന തൊപ്പിയായിരുന്നു കിരീടം; ഇന്ത്യക്ക് വേണ്ടിയല്ല തുർക്കിക്ക് വേണ്ടിയായിരുന്നു ആ സമരം; മലയാള സിനിമയെയും പടിച്ചു കുലുക്കുന്ന ചരിത്ര വിവാദത്തിന്റെ മറുപുറം

എം റിജു

ലയാള ചലച്ചിത്രലോകത്തും സോഷ്യൽ മീഡിയയിലും ഇന്നു തരംഗം വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഒരു  വ്യക്തിയാണ്.ഇന്നലെ ഒറ്റ ദിവസം നാലു സിനിമകൾ ആണ് വാരിയൻ കുന്നന്റെ പേരിൽ പ്രഖ്യാപിക്കപ്പെട്ടത്. ആഷിക്ക് അബു- പൃഥ്വിരാജ് ടീമിന്റെ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ, സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദും ഇതേ പ്രമേയവുമായി രംഗത്തെത്തി. തൊട്ടുപിന്നാലെയായിരുന്നു നാടകകൃത്ത് ഇബ്രാഹിം വെങ്ങരയുടെ പ്രഖ്യാപനം. വാരിയൻ കുന്നനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നാടകമാണ് സിനിമയാക്കുന്നത്. ഇതിനുപിന്നാലെ സംവിധായകൻ അലിഅക്‌ബറും രംഗത്തെത്തി. മലബാർ കലാപത്തിന്റെ യഥാർഥ വസ്തുതകൾവെച്ച് സിനിമയെടുക്കുമെന്നാണ്    അലി  അക്‌ബർ പറയുന്നത്

അതിനിടെ ഹിന്ദുകൂട്ടക്കൊല നടത്തിയ വാരിയൻ കുന്നനെ വെള്ളപൂശുന്നുവെന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജിനുനേരെ ഇതിനിടെ സംഘപരിവാർ പ്രവർത്തകരുടെ ഭാഗത്തുനിന്ന് സൈബർ ആക്രമണവും ഉണ്ടായി. എന്നാൽ എന്ത് സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്  പൃഥ്വിരാജ് തന്നെയാണെന്നും സംഘപരിവാറിന്റെ ഭീഷണിക്ക് വഴങ്ങി ഒരിക്കലും സിനിമയിൽ നിന്ന് മാറരുതെന്നും ആവശ്യപ്പെട്ട് നിരവധിപേർ ആണ് പിന്തുണയുമായി രംഗത്ത് എത്തിയത്. വിവാദം കൊഴുക്കുന്നതിനിടെ നിഷ്പക്ഷമതികൾ ചോദിക്കുന്ന ചോദ്യമുണ്ട്. ആരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹം ഒരുകൂട്ടർ പറയുന്നതുപോലെ സ്വതന്ത്ര്യ സമര സേനാനി ആയിരുന്നോ, അതോ ഹിന്ദുകൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നോ? ചരിത്രകാരന്മാരിലും സാംസ്കാരിക നായകരിൽപ്പോലും കടുത്ത ഭിന്നതയാണ് ഈ വിഷയത്തിൽ നിലനിൽക്കുന്നത്.

ഇഎംഎസ് തൊട്ട് ഡോ കെ എൻ പണിക്കറും ഡോ കെ കെ എൻ കുറുപ്പും അടക്കമുള്ള ഇടതു ചരിത്രകാരന്മാർ മലബാർ കലാപത്തെ കർഷക സമരമായുംസ്വാതന്ത്ര്യ
സമരമായും വ്യാഖാനിക്കുന്നു. എന്നാൽ ഡോ എംജിഎസ് നാരയാണനെയുപോലുള്ളവർ ഒരുപാട് ആക്രമങ്ങൾ നടന്ന വർഗീയമായ ചേരിതിരിവ് പലപ്പോഴും ഉണ്ടായിരുന്ന കലാപമായും ഇതിനെ വിലയിരുത്തി. പക്ഷേ പൊതുവെ ഇടതുപക്ഷ ചരിത്രകാരന്മാരുടെ നിലപാടിനാണ് അടുത്തകാലംവരെ മുൻതൂക്കം കിട്ടിയത്. പക്ഷേ ഇതിന് മാറ്റംവന്നത് സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ഡോ മനോജ് ബ്രൈറ്റ് മലബാർ കലാപം സീരീസ് എന്ന ലേഖന പരമ്പരയുമായി രംഗത്ത് വന്നതോടെയാണ്. ദിവാൻ ബഹാദൂർ സി. ഗോപാലൻ നായർ (റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ) 1923ൽ പ്രസിദ്ധീകരിച്ച ദ മാപ്പിള റെബല്ല്യൻ 1921 എന്നഇംഗ്ലീഷ് പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള തർജജമായാണ് ഡോ ബ്രൈറ്റ് നടത്തുന്നത്. പുസ്തകം തർജ്ജചെയ്യുക എന്നല്ലാതെ ഒരു മകന്റും ഡോ ബ്രൈറ്റ് നടത്തിയിട്ടില്ല. അന്നത്തെ പത്രങ്ങളിൽവന്ന റിപ്പോർട്ടുകളും മറ്റും തർജ്ജമചെയ്യുമ്പോൾ കൃത്യമായ വർഗീയ അജണ്ടയും, ഇസ്ലാമിലേക്കുള്ള മത പരിവർത്തനവും തന്നെയാണ് മലബാർ കലാബത്തിന്റെ അന്തർധാരയായി പ്രവർത്തിച്ചത് എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.

'മാപ്പിള കലാപത്തെക്കുറിച്ച് ഏറ്റവും അധികാരികവും സമകാലികവും എന്നു പറയാവുന്നത് മലബാറിലെ പൊലീസ് സൂപ്രണ്ടായിരുന്ന ആർ.എച്ച്. ഹിച്ച്കോക്ക് ഔദ്യോഗിക രേഖകളെ അടിസ്ഥാനപ്പെടുത്തി എഴുതി മദ്രാസ് ഗവർമെന്റ് 1924 ൽ പ്രസിദ്ധീകരിച്ച അ ഹിസ്റ്ററി ഓഫ് മലബാർ റെബല്ല്യൻ 1921 എന്ന പുസ്തകമാണ്. മതഭ്രാന്തന്മാരുടെ തേർവാഴ്ചയായിരുന്നു അന്ന് നടന്നത് എന്ന് വ്യക്തമായും പറയുന്ന ഈ പുസ്തകം ഇപ്പോൾ പെസന്റ് റിവോൾട്ട് ഇൻ മലബാർ അഥവാ മലബാറിലെ കർഷക സമരം എന്ന പേരിലാണ് അറിയപ്പെടുന്നത്. പേര് കേൾപ്പിക്കുമ്പോൾ തന്നെ കാർഷിക വിപ്ലവമാണ് നടന്നത് എന്ന് ബ്രിട്ടീഷുകാർ പോലും പറയുന്നുണ്ടല്ലോ എന്ന് തോന്നില്ലേ. അതിലാണ് കാര്യം.- ഡോ ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.

അക്കാലത്ത് ജീവിച്ചിരുന്ന ആനിബസന്റും, കുമാരനാശാനും, ഡോ ബി ആർ അംബേദ്ക്കറും എഴുതിയതാണോ ശരി, അതോ പിൻക്കാലത്ത് ചരിത്രകാരന്മാർ ഉണ്ടാക്കിയ വ്യാഖ്യാനമോണോ ശരിയെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

ഇന്ത്യക്ക് വേണ്ടിയായിരുന്നില്ല തുടക്കം തുർക്കിക്ക് വേണ്ടിയായിരുന്നു

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല തുർക്കിക്ക് വേണ്ടിയാണ് ഖിലാഫത്ത് ഉണ്ടായതെന്ന് ആർക്കും അറിയാവുന്ന ചരിത്രം തന്നെയാണ്. ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനോട് തോറ്റ് സ്ഥാനഭ്രഷ്ടൻ ആക്കപ്പെട്ട തുർക്കിയിലെ ഖലീഫയെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധിപനായി പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ബ്രിട്ടനെതിരെ ഇന്ത്യയിൽ നടന്ന ഇസ്ലാമിക മുന്നേറ്റമാണ് ഖിലാഫത്.

കാരണം തുർക്കിയിലെ സുൽത്താൻ എന്നാൽ ലോകത്തിലെ സുന്നി മുസ്ലിങ്ങളുടെ മുഴുവൻ ആധ്യാത്മിക നേതാവായ ഓട്ടോമൻ കാലിഫേറ്റിന്റെ ഖലീഫ കൂടിയാണ്. ഇസ്ലാമിക വിശ്വാസി സമൂഹം എന്നർത്ഥം വരുന്ന ഉമ്മത്തിന്റെ തലവനും പ്രവാചകൻ മുഹമ്മദിന്റെ നേരിട്ടുള്ള പിന്തുടർച്ചക്കാരനുമായ ആത്മീയ/രാഷ്ട്രീയ നേതാവിന്റെ സ്ഥാനപ്പേരാണ് ഖലീഫ. ആ ഖലീഫയെ ഒന്നാം ലോക മഹായുദ്ധത്തിൽ പരാജയപ്പെടുത്തിയ ശേഷം ട്രീറ്റി ഓഫ് സേവ്‌റെസ് എന്ന ഉടമ്പടി ഒപ്പീടിച്ചു നിഷ്പ്രഭനാക്കിയ ബ്രിട്ടനോടുള്ള ഇന്ത്യയിലെ മുസ്ലിങ്ങളുടെ അമർഷമാണ് ഖിലാഫത്ത് പ്രസ്ഥാനമായത്. അല്ലാതെ ഇന്ത്യയുമായോ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായോ ഇതിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇത് ഡോ ആനിബസന്റും അംംബ്ദ്ക്കറും മാത്രമല്ല ഗാന്ധിജിയും സമ്മതിച്ച കാര്യമാണ്.

ആലി സഹോദരങ്ങൾ എന്നറിയപ്പെടുന്ന മൗലാന മുഹമ്മദ് അലിയും മൗലാന ഷൗക്കത് അലിയുമാണ് ഇന്ത്യയിൽ ഖിലാഫത്തിന്റെ തീ ആളി കത്തിക്കുന്നത്.തുർക്കിയിലെ സഹോദര മുസ്ലിങ്ങൾക്കുള്ള ഐക്യദാർഢ്യമായി തുടങ്ങിയ ആ പ്രസ്ഥാനത്തെ വൈകാരിക പ്രസംഗങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ ബ്രിട്ടീഷ് വിരുദ്ധ മുസ്ലിം മുന്നേറ്റമാക്കി മാറ്റാൻ അവർക്ക് സാധിച്ചു.തുർക്കി സ്‌നേഹികളായ മറ്റു ഖലീഫാ അനുകൂലികളെ സംഘടിപ്പിച്ചു അവർ ആൾ ഇന്ത്യാ ഖിലാഫത് കമ്മിറ്റി സ്ഥാപിച്ചു.1920 ആയപ്പൊളേക്കും ഖലീഫയുടെ സ്ഥാനം അടിയന്തിരമായി പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യൻ മുസ്ലിങ്ങളുടെ പ്രതിഷേധം നിയന്ത്രണാതീതമാകും എന്ന് മുന്നറിയിപ്പ് കൊടുത്തു കൊണ്ടുള്ള ഖിലാഫത് മാനിഫെസ്റ്റോ അവർ പ്രസിദ്ധീകരിച്ചു.ലക്ഷ്യം രണ്ടാണെങ്കിലും പൊതു ശത്രു ഒന്നായതുകൊണ്ട് ഖിലാഫത് പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി യോജിപ്പിക്കാൻ ഗാന്ധിജി തീരുമാനിച്ചു.സ്വാതന്ത്ര്യ മുന്നേറ്റത്തിൽ മുസ്ലിങ്ങളുടെ വലിയ അളവിലുള്ള പങ്കാളിത്തം കൂടി ചേരുന്നതോടെ ബ്രിട്ടൻ കൂടുതൽ പ്രതിരോധത്തിൽ ആവുമെന്നും, അങ്ങനെ അവരെ തുരത്തി സ്വാതന്ത്ര്യം നേടുക എളുപ്പമാവും എന്നും ഗാന്ധി കണക്ക് കൂട്ടി.

അങ്ങനെ ഖിലാഫത് നേതാക്കളെ കോൺഗ്രസ്സ് സമ്മേളനത്തിലേക്ക് ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനത്തിൽ അവരുടെ സഹകരണം ഉറപ്പാക്കുകയും പകരം ഖിലാഫത്തിന് കോൺഗ്രസിന്റെ പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.ബ്രിട്ടനെതിരായ ഖിലാഫത്-സ്വരാജ് സംയുക്ത മുന്നേറ്റമായിരുന്നു കോൺഗ്രസ്സിന്റെ പദ്ധതി. ആ ഖിലാഫത്താണ് കേരളത്തിലേക്ക് അടക്കം പടർന്നത്.

കുഞ്ഞഹമ്മദ് ഹാജി ആരായിരുന്നു?

കൊണ്ടാടപ്പെട്ട കഥയെല്ലാം വ്യാജമാണെന്നും നേരത്തെതന്നെ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്ന ക്രിമിനലായിരുന്നു വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയെന്ന്, അന്നത്തെ രേഖകൾ ഉദ്ധരിച്ച് ഡോ മനോജ് ബ്രൈറ്റ് വ്യക്തമാക്കുന്നു.ആർ.എച്ച്. ഹിച്ച് കോക്ക് 1924 ൽ പ്രസിദ്ധീകരിച്ച എ ഹിസ്റ്ററി ഓഫ് മലബാർ റെബല്യൻ എന്ന പുസ്തകവും, വാരിയൻകുന്നത് കോടതിയിൽ നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന നിരീക്ഷണം അദ്ദേഹം മുന്നോട്ടുവെക്കുന്നത്. 'ക്രിമനൽ പശ്ചാത്തലമുള്ള  കുഞ്ഞഹമ്മദ് ഹാജിക്ക് സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ ഖിലാഫത്തിനെക്കുറിച്ചോ കാര്യമായ യാതൊരു അറിവും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തിലൊന്നും ഒരു താൽപര്യവും ഇല്ലായിരുന്ന ഇയാളെ മഞ്ചേരി ചന്തയിൽ വച്ച് യാദൃശ്ചികമായി ഇയാളുടെ പൂർവ്വ ചരിത്രമൊന്നും അറിയാതെയാണ് കോൺഗ്രസ് നേതാവ് മാധവൻ നായരും കൂട്ടരും സമീപിക്കുന്നത്.

ഇതറിഞ്ഞ പൊലീസ് കർശനമായ താക്കീതു കൊടുക്കുകയും ഇയാൾ അതിൽനിന്നു പിന്മാറി നല്ലനടപ്പ് തുടരുകയും ചെയ്തു. പിന്നീട് തിരൂരങ്ങാടിയിൽ വച്ച് പൊലീസ് സൂപ്രണ്ടും, മജിസ്‌ട്രേറ്റും കൊല്ലപ്പെട്ടു എന്ന് കേട്ടപ്പോൾ ഇനി ആരെയും പേടിക്കാനില്ല എന്നു തോന്നി അവസരവാദിയായ ഏതൊരു ക്രിമിനലിനേയും പോലെ മതിമറന്ന് ഇതിലേക്ക് ചാടുകയായിരുന്നു. അവരൊന്നും മരിച്ചിട്ടില്ല എന്ന സത്യം മനസ്സിലായപ്പോൾ തിരിച്ചു കയറാൻ പറ്റിയുമില്ല. കൊള്ളമുതലും കൊണ്ട് ഓടിയാലൊന്നും എവിടെയും എത്തില്ല എന്നറിയാമായിരുന്ന ഇയാൾ ആളുകളെ സംഘടിപ്പിച്ചാൽ രക്ഷകിട്ടുമായിരിക്കും എന്നു കരുതി. അങ്ങനെ എല്ലായിടത്തും ഓടി നടന്ന് ആളുകളെ ഇളക്കിവിടുന്നതല്ലാതെ ഇയാൾ ഒരിക്കൽ പോലും പട്ടാളവുമായി ഏറ്റു മുട്ടിയിട്ടില്ല. കലാപകാരികൾ രണ്ടു തവണയാണ് പട്ടാളവുമായി കാര്യമായി ഏറ്റുമുട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 26 ലെ പൂക്കോട്ടൂർ യുദ്ധവും, നവംബർ 15 ലെ പാണ്ടിക്കാട് പട്ടാള ക്യാമ്പ് ആക്രമണവും. സ്ഥലത്തുണ്ടായിരുന്നിട്ടു പോലും ഇയാൾ ഇതിൽ രണ്ടിലും പങ്കെടുത്തിട്ടില്ല. നേരെ എതിർ ദിശയിലേക്കു ഓടുകയായിരുന്നു.'- ഡോ ബ്രൈറ്റ് എഴുയുന്നു.

ആരാധകർ എന്തൊക്കെ പറഞ്ഞാലും ബ്രിട്ടീഷ് രേഖകളും കോടതി രേഖകളും ദിവാൻ ബഹാദൂർ സി. ഗോപാലൻ നായരുടെ മാപ്പിള റെബല്ല്യൻ എന്ന പുസ്‌കവും ഒക്കെ വായിക്കുമ്പോൾ മറ്റൊരു ചിത്രമാണ് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ലഭിക്കുക.

പാണ്ടിക്കാട് ചന്തയിൽ കൊള്ളയും പിടിച്ചുപറിയും മോഷണവുമായി നടന്നിരുന്ന ഒരു കവല ചട്ടമ്പി ആയിരുന്നയാൾ. 1909ൽ പാണ്ടിക്കാട് ചന്തയിൽ വന്നു പെട്ട പാലക്കാട് മൂത്തന്മാരുടെ സ്വർണം കൊള്ളയടിച്ച പ്രമാദമായ കേസിലൂടെയാണ് വാരിയൻകുന്നിന്റെ രംഗം പ്രവേശം. ഇതേ കാലത്ത് തന്നെ മഞ്ചേരിക്കും പാണ്ടിക്കാടിനും ഇടയ്ക്ക് തപാൽ വണ്ടി കൊള്ളയടിച്ച കേസിലും അയാൾ ഉൾപ്പെട്ടിരുന്നു. 1894ലെ മണ്ണാർക്കാട് ലഹളയിൽ പങ്കെടുത്തതിന് വെടി വെച്ചു കൊല്ലുകയോ നാട് കടത്തപ്പെടുകയോ ചെയ്തവർ ആണ് അയാളുടെ കുടുംബക്കാർ മുഴുവനും.അയാളുടെ അച്ഛൻ ജീവപര്യന്തം നാട് കടത്തപ്പെട്ട കുറ്റവാളിയായിരുന്നു. പതിനൊന്നോ പന്ത്രണ്ടോ വയസ്സുണ്ടായിരുന്ന അയാൾ മാത്രമാണ് കുടുംബത്തിൽ ശിക്ഷിക്കപ്പെടാതെ ആകെ അവശേഷിച്ചത്.അയാളുടെ സഹോദര സ്ഥാനീയനായ വാരിയംകുന്നത് കുന്നൻകുട്ടി ആകട്ടെ തപാൽ വണ്ടി മോഷണത്തിൽ തന്റെ പിതാവിന് കിട്ടേണ്ട വഹകൾ അമ്മാവനായ തൊണ്ടിയിൽ ഐദ്രു ഹാജി തട്ടിയെടുത്തതായി ആരോപിച്ചു അയാളെ കൊലപ്പെടുത്തുക വരെ ചെയ്തിട്ടുണ്ട്.

1909ൽ തന്റെ 26ാമതെത്ത വയസ്സിൽ  പ്രമാദമായ വണ്ടി കൊള്ളക്ക് ശേഷം
അയാൾ മക്കയിലേക്ക് നാട് വിട്ടു പോയി.ആറു വർഷങ്ങൾക്ക് ശേഷം 1914ൽ ആണ് അയാൾ മലബാറിലേക്ക് മടങ്ങി വരുന്നത്.1914ൽ മലബാറിൽ മടങ്ങിയെത്തിയ ശേഷം അയാൾ മാതാവിന്റെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട സിവിൽ കേസുകൾ നടത്തി കഴിഞ്ഞു വരികയായിരുന്നു.അക്കാര്യത്തിൽ കുടുംബാംഗങ്ങളുമായി വിരോധത്തിൽ ആയ അയാളുടെ പേരിൽ മാപ്പിള ആക്ട് പ്രകാരമുള്ള കേസുകൾ ചുമത്തപ്പെടുകയും തുടർന്ന് 1915ൽ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരിപ്പിലേക്ക് താമസം മാറുകയും അവിടെ നിന്ന് വിവാഹം കഴിക്കുകയും ചെയ്തു. നിരവധി കേസുകളിൽ പേര് വരികയാലും നിരന്തരമായി പൊലീസ് നിരീക്ഷണത്തിൽ ആയിരുന്ന ഇയാൾ 1919ൽ നല്ല നടപ്പിൽ കഴിഞ്ഞോളാം എന്ന് ബ്രിടീഷ് സർക്കാരിന് ഉറപ്പ് കൊടുത്തു അവരുടെ സമ്മതത്തോടെ ആണ് തുവ്വൂരിലേക്ക് മടങ്ങി വരുന്നത്.

കിണറുകളിൽ ശവശരീരങ്ങൾ അടിഞ്ഞുകൂടിയ കാലം

പക്ഷേ ഗാന്ധിജി പറഞ്ഞ മതേരത്വവും ജനാധിപത്യബോധവും അഹിംസയും ഒന്നും ഉൾക്കൊള്ളാൻ ഖിലാഫത്ത് സമരക്കാർക്ക് കഴിഞ്ഞില്ല. ഫലത്തിൽ അത് സാമുദായിക കലാപമായി മാറുകയാണ്. കേസിന്റെ വിചാരണയുടെ രേഖകൾ വായിച്ചാൽ അറിയാം, മതം മാറാൻ സമ്മതിച്ചപലരെയും വെട്ടിക്കൊല്ലതെ വെറുതെ വിട്ടിട്ടുണ്ട്. മതം മറാൻ വിസമ്മതിച്ചവർ നിർദാക്ഷിണ്യം ആക്രമിക്കപ്പെട്ടു. ദിവാൻ ബഹാദൂർ സി. ഗോപാലൻ നായരുടെ പുസ്തകത്തിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ഏത് സ്വതന്ത്ര്യ സമരത്തിലാണ് മതം മാറ്റം ഒരു അജണ്ടായായി വരിക. 1921 ഓഗസ്റ്റ് 28 മുതൽ 1922 ജനുവരി 5 വരെയുള്ള 130 ദിവസങ്ങളിൽ ഭരണകൂടം കയ്യൊഴിഞ്ഞ മലബാറിലാകെ മാപ്പിള കലാപകാരികൾ അഴിഞ്ഞാടുകയായിരുന്നു.

'ഭള്ളാർന്ന ദുഷ്ട മുഹമ്മദന്മാർ കേറി-
ക്കൊള്ളയിട്ടാർത്ത ഹോ തീ കൊളുത്തി
വെന്തു പോയോരു വമ്പിച്ച മനയ്ക്കലെ
സന്താന വല്ലിയാണിക്കുമാരി.
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും
'അള്ളാ' മതത്തിൽ പിടിച്ചു ചേർത്തും
ഉള്ളിൽ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നോൾ
അല്ലല്ല യെന്തെല്ലാം ചെയ്യുന്നു കശ്മലർ
നല്ലാർ, ജനങ്ങളെ കാൺക വയ്യേ
അമ്മമാരില്ലേ സഹോദരിമാരില്ലേ-
യീ മൂർഖർക്കീശ്വര ചിന്തയില്ലേ!'

എന്ന് 'ദുരവസ്ഥ'യിൽ മഹാകവി കുമാരനാശാൻ എഴുതിയത് അക്കാലത്തെ അവസ്ഥയാണ്. 'കിണറുകളിൽ എല്ലാം അഴിഞ്ഞ ശവശരീരങ്ങൾ കുന്നു കൂടിയിരിക്കുന്നു' എന്ന് നിലമ്പൂർ രാജ്ഞി വൈസ്രോയി ആയിരുന്ന ലോർഡ് റീഡിങ്ങിന്റെ പത്‌നി ലേഡി റീഡിങ്ങിന് എഴുതിയ കത്തിൽ ഭയത്തോടെ വിലപിക്കുന്നത് അവരുടെ ചെയ്തികളെ കുറിച്ചാണ്.

1921 ഓഗസ്റ്റ് 26ലെ പൂക്കോട്ടൂർ യുദ്ധത്തിന് ശേഷം പൊലീസിനെ തുരത്തി ഏറനാടും വള്ളുവനാടും പൂർണ്ണമായി തങ്ങളുടെ കീഴിലാക്കിയ ശേഷം കലാപകാരികൾ ആ പ്രദേശം ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചു.ഓഗസ്റ്റ് 22ന് തന്നെ തിരൂരങ്ങാടി പള്ളിയിലെ ഖത്തീബ് ആയിരുന്ന ആലി മുസ്ലിയാരെ അവർ മലബാറിലെ സുൽത്താൻ ആലി രാജയായി വാഴിച്ചിരുന്നു.ഓഗസ്റ്റ് 24ന് ആലി മുസ്ലിയാരിൽ നിന്ന് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി മലബാറിന്റെ ഭരണം ഏറ്റെടുത്തു.ഓഗസ്റ്റ് 28 മുതൽ സൈനിക തലവൻ കൂടിയായ അയാളുടെ നേതൃത്വത്തിൽ മാപ്പിള സൈന്യം തിരൂരങ്ങാടിയിൽ നിന്ന് മാർച്ച് ആരംഭിച്ചു.

അവർ കടന്ന് പോയ വഴിയിലെ ഹിന്ദു ഭവനങ്ങൾ എല്ലാം ആക്രമിക്കപ്പെട്ടു. ഇല്ലങ്ങളും കോവിലകങ്ങളും കൊള്ളയടിക്കപ്പെടുകയും, ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും, പുരുഷന്മാർ കൊല്ലപ്പെടുകയോ മതം മാറ്റപ്പെടുകയോ ചെയ്യുകയും ചെയ്തു. ചങ്കുവെട്ടിയും വെട്ടന്നൂരുമൊക്കെ ആ മാർച്ചിന്റെ ഓർമ നിലനിർത്തുന്ന മലപ്പുറത്തെ സ്ഥലനാമങ്ങളാണ്. നാല്പത് പേരെ അരിഞ്ഞു തള്ളി തൂർത്ത തുവ്വൂർ കിണർ മറവികളോട് കലഹിക്കുന്ന ആ സ്മരണകളുടെ അടയാളവുമാണ്.

അത് മലയാള നാട് അല്ല 'വിശുദ്ധ രാഷ്ട്ര'മാണ്

1921 ഓഗസ്റ്റ് 26ലെ പൂക്കോട്ടൂർ യുദ്ധത്തിന് ശേഷം പൊലീസിനെ തുരത്തി ഏറനാടും വള്ളുവനാടും പൂർണ്ണമായി തങ്ങളുടെ കീഴിലാക്കാൻ ഖിലാഫത്തുകാർക്ക് കഴിഞ്ഞു.ഓഗസ്റ്റ് 22ന് തന്നെ തിരൂരങ്ങാടി പള്ളിയിലെ ഖത്തീബ് ആയിരുന്ന ആലി മുസ്ലിയാരെ അവർ മലബാറിലെ സുൽത്താൻ ആലി രാജയായി വാഴിച്ചിരുന്നു. ഏത് മതരാഷ്ട്ര വാദികളും അങ്ങനെയാണ് ചെയ്യുന്നത്. ഓഗസ്റ്റ് 24ന് ആലി മുസ്ലിയാരിൽ നിന്ന് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി മലബാറിന്റെ ഭരണം ഏറ്റെടുത്തു.ഓഗസ്റ്റ് 28 മുതൽ സൈനിക തലവൻ കൂടിയായ അയാളുടെ നേതൃത്വത്തിൽ മാപ്പിള സൈന്യം തിരൂരങ്ങാടിയിൽ നിന്ന് മാർച്ച് ആരംഭിച്ചു.

അവർ കടന്ന് പോയ വഴിയിലെ ഹിന്ദു ഭവനങ്ങൾ എല്ലാം ആക്രമിക്കപ്പെട്ടു.ഇല്ലങ്ങളും കോവിലകങ്ങളും കൊള്ളയടിക്കപ്പെടുകയും, ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും, പുരുഷന്മാർ കൊല്ലപ്പെടുകയോ മതം മാറ്റപ്പെടുകയോ ചെയ്യുകയും ചെയ്തു.ചങ്കുവെട്ടിയും വെട്ടന്നൂരുമൊക്കെ ആ മാർച്ചിന്റെ ഓർമ നിലനിർത്തുന്ന മലപ്പുറത്തെ സ്ഥലനാമങ്ങളാണ്.നാല്പത് പേരെ അരിഞ്ഞു തള്ളി തൂർത്ത തുവ്വൂർ കിണർ മറവികളോട് കലഹിക്കുന്ന ആ സ്മരണകളുടെ അടയാളവുമാണ്.

വാരിയംകുന്നൻ സ്ഥാപിച്ച രാജ്യത്തിന്റെ പേര് മലയാളനാട് എന്നായിരുന്നെന്നൊക്കെ ചലച്ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റിൽ നടൻ പൃഥ്വീരാജ്പോലും പറയുന്നുണ്ട്. മലയാളത്തിൽ വിപുലമായി പ്രചരിച്ച ഒരു കെട്ടു കഥമാത്രമായിരുന്നു അത്. മലയാള നാടെന്നല്ല 'അൽ ദൗള' എന്നായിരുന്നു വാരിയൻ കുന്നിന്റെ രാജ്യത്തിന്റെപേര് ദൗള എന്നാൽ സ്റ്റേറ്റ് (രാഷ്ട്രം) എന്നർത്ഥം വരുന്ന അറബി വാക്കാണ്.അൽ ദൗള എന്നാൽ 'വിശുദ്ധ രാഷ്ട്രം' എന്നാണ്. വാരിയൻ കുന്നന് കീഴിൽ അമ്പതിനായിരത്തിൽ കുറയാത്ത അംഗസംഖ്യയുള്ള ഒരു മാപ്പിള സൈന്യവും ഉണ്ടായിരുന്നു.'അള്ളാഹു അല്ലാതൊരു ദൈവവുമില്ല' എന്ന ഷഹാദത് കലിമ അറബിയിൽ രേഖപ്പെടുത്തിയ 'അൽ റയാത് അൽ ഉക്വാബ്' എന്ന പരുന്തിന്റെ കരിങ്കൊടി തന്നെയായിരുന്നു അയാളുടെ പതാകയും.തുർക്കിയിലെ ഖലീഫയെ പ്രതിനിധീകരിക്കുന്ന 'ഫെസ്' എന്ന ചുവന്ന തൊപ്പിയായിരുന്നു അയാളുടെ കിരീടം. ഇതെല്ലാം വിലയിരുത്തുമ്പോൾ സ്വാതന്ത്ര്യ സമരവുമായുള്ള യാതൊരു ബന്ധവും ഖിലാഫത്തിന് കിട്ടുന്നില്ല. ഒരു മതരാഷ്ട്രത്തിന്റെ സ്ഥാപനം മാത്രമാണ് അവിടെ കണ്ടത്.

ആറുമാസം നടന്നത് തേർ വാഴ്‌ച്ച

പിന്നെ ആറു മാസം സുൽത്താൻ വാരിയംകുന്നന്റെയും അയാളുടെ മാപ്പിള സൈന്യത്തിന്റെയും തേർവാഴ്ചയാണ്.അവരുടെ മാർച്ചിൽ തിരൂരങ്ങാടി മുതൽ നിലമ്പൂർ വരെയുള്ള ഇല്ലങ്ങളും മനകളും തറവാടുകളും കോവിലകങ്ങളും എല്ലാം തകർന്നടിഞ്ഞു തരിപ്പണമായി.നമ്പൂതിരിമാരും നായന്മാരുമെല്ലാം ജന്മികൾ എന്ന പേരിൽ കൊല ചെയ്യപ്പെട്ടു. തീയരും പുലയരുമെല്ലാം ജന്മികളുടെ ചാരന്മാരും സഹായികളും എന്ന പേരിലും കൊല ചെയ്യപ്പെട്ടു. മതമാറാൻ കൂട്ടാക്കാത്ത തീയർമ്മാരും കൊല്ലപ്പെട്ടുവെന്ന് കോടതി രേഖകളിൽ കാണുന്നു. അതായത് സവർണ്ണ ജന്മിമാർക്ക് എതിരായ കർഷകലാപം മാത്രമല്ല അവിടെ നടത്ത്. സ്ത്രീകൾ ജാതി ഭേദമന്യേ മാനഭംഗത്തിന് ഇരകളായി.മതം മാറാൻ കൂട്ടാക്കാത്ത മനുഷ്യരെല്ലാം മരിക്കുകയോ പലായനം ചെയ്യുകയോ ചെയ്തു.അങ്ങാടികളെല്ലാം ശവപ്പറമ്പുകളായി.കിണറുകൾ തോറും ജഡങ്ങൾ ചീഞ്ഞഴുകി.

ബ്രിട്ടീഷുകാർ തിരിച്ചടിക്കുന്നത് 1921 ഡിസംബറോടു കൂടിയാണ്.അപ്പോഴേക്കും രാജ്യത്താകെ ഉള്ള ഖിലാഫത് പ്രസ്ഥാനം ദുർബലമായി കഴിഞ്ഞിരുന്നു.1919 മുതൽ 1923 വരെ തുർക്കിയിൽ ടർക്കിഷ് വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന സ്വാതന്ത്ര്യ യുദ്ധം അരങ്ങേറി.1923ൽ മുസ്തഫാ കമാൽ അട്ടാതുർക്കിന്റെ നേതൃത്വത്തിലുള്ള വിമത സൈന്യം തുർക്കിയുടെ ഭരണം പിടിച്ചെടുത്തു.അവർ ഓട്ടോമൻ കാലിഫേറ്റ് നിരോധിച്ച് റിപ്പബ്ലിക് ഓഫ് തുർക്കി സ്ഥാപിച്ചു.ഖലീഫ എന്ന പദവി തന്നെ ഇല്ലാതാവുകയും അത്താതുർക് തുർക്കിയുടെ ആദ്യ പ്രസിഡന്റ് ആവുകയും ചെയ്തുതുർക്കിയിലെ ഭരണ സംവിധാനം മാറ്റി ഖാലിഫേറ്റിന് പകരം പ്രെസിഡെൻഷ്യൽ റിപ്പബ്ലിക് സ്ഥാപിക്കും മുൻപ് തുർക്കിയിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചു ഖലീഫയെ പുനഃസ്ഥാപിക്കാൻ സമരം ചെയ്ത ഇന്ത്യയിലെ ഉമ്മത്തിനോട് അവരൊന്നും ചോദിക്കാൻ നിന്നില്ല.അതോടെ ഇന്ത്യയിലെ ഖിലാഫത് പ്രസ്ഥാനവും ഛിന്നഭിന്നമായി.

അതിനിടെ ഓഗസ്റ്റിൽ മലബാറിൽ നിന്ന് പിൻവാങ്ങിയ ബ്രിട്ടീഷുകാർ വർദ്ധിത ശക്തിയോടെ മടങ്ങി വന്നിരുന്നു.ജൂലൈ മുതൽ തന്നെ അവർ ആർമി കണ്ടിജെന്റുകളും ഗൂർഖാ റെജിമെന്റുകളും മലബാറിലേക്ക് എത്തിച്ചു തുടങ്ങിയിരുന്നു.ഇതിന് പുറമെ 1921 അവസാനത്തോടെ ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് സൈനിക പരിശീലനം സിദ്ധിച്ച ഹിന്ദുക്കൾ മാത്രം അംഗങ്ങളായ അർദ്ധ സൈനിക സ്വഭാവമുള്ള ഒരു പ്രത്യേക പൊലീസ് സേനയെ തന്നെ അവർ സൃഷ്ടിച്ചിരുന്നു.'മലബാർ സ്‌പെഷ്യൽ പൊലീസ്' എന്നായിരുന്നു ആ അർദ്ധ സൈനിക പൊലീസ് വിഭാഗത്തിന്റെ പേര്.എം.എസ്‌പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആ സേന ഇപ്പോഴും കേരളാ പൊലീസിന്റെ ഭാഗമാണ്.ആ സേനയാണ് 1921 ഡിസംബർ അവസാനം മുതൽ 1922 ജനുവരി ആദ്യം വരെയുള്ള ദിവസങ്ങളുടെ സമയം കൊണ്ട് മാപ്പിള കലാപത്തെ അടിച്ചമർത്തിയത്.

അപ്പോഴേക്കും മതം മാറാനും ഓടി പോവാനും വിസമ്മതിച്ച പതിനായിരത്തോളം ഹിന്ദുക്കൾ കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു. 1922 ജനുവരി 5നാണ് വാരിയംകുന്നത് ഹാജിയെ സുബേദാർ ഗോപാല മേനോന്റെയും ഇൻസ്പെക്ടർ രാമനാഥ അയ്യരുടെയും നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്.അതിനകം തന്നെ ആലി മുസ്ലിയാർ അടക്കമുള്ള പ്രധാന ലഹളക്കാർ ഒക്കെ അറസ്റ്റിൽ ആയി കഴിഞ്ഞിരുന്നു. കൊന്നാറ തങ്ങളുടെയും മൊയ്ദീൻ കുട്ടി ഹാജിയുടെയും നേതൃത്വത്തിൽ ആയിരുന്ന അവശേഷിച്ച രണ്ട് വിഭാഗം ലഹളക്കാർ ദിവസങ്ങൾക്കകം പിടിയിലായി.ജനുവരി 10ഓട് കൂടി മലബാർ മാപ്പിള കലാപം പൂർണ്ണമായി കെട്ടടങ്ങി.ലഹളക്കാരിൽ 2266 പേർ കൊല്ലപ്പെടുകയും 1615 പേർ പരിക്കുകളോടെയും 5688 പേർ പരിക്കുകൾ ഇല്ലാതെയും പിടിയിലാവുകയും 38256 പേർ കീഴടങ്ങുകയും ആണുണ്ടായത്.

വിചാരണ നടത്തി കലാപവും കൊലയും കൊള്ളയും കൊള്ളിവെപ്പും ഉൾപ്പെടെ ചാർത്തിയ കൊടും കുറ്റങ്ങൾ എല്ലാം ശരിയെന്നു കണ്ട് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ ജനുവരി 20ന് മലപ്പുറത്തെ കോട്ടക്കുന്നിൽ കൊണ്ട് പോയി വെടി വെച്ചു കൊന്നു. ആലി മുസ്ലിയാരെ 1922 ഫെബ്രുവരി 17ന് കോയമ്പത്തൂർ സെൻട്രൽ ജയിനുള്ളിൽ തൂക്കി കൊന്നു. അമ്പതിനായിരത്തോളം വരുന്ന മാപ്പിള സൈന്യത്തിൽ 38256 പേരും കീഴടങ്ങി ആണ് ലഹള നിർത്തിയത് എന്ന് മറക്കരുത്.ശതമാന കണക്കിൽ ആകെ സേനയുടെ 76%വും ബ്രിട്ടനോട് അടിയറവ് പറഞ്ഞു അവസാനിപ്പിച്ച കലാപം ആയിരുന്നത്.

അവരുടെ നേതാവായ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി തന്നെ 1922 ജനുവരി പത്തിന് മലപ്പുറം പൊലീസ് സൂപ്രണ്ടിന് മുൻപാകെ കൊടുത്ത മൊഴിയിൽ പറയുന്നത് തനിക്ക് കലാപവുമായി യാതൊരു ബന്ധവുമില്ല, ഖിലാഫത്തിനോട് യോജിപ്പുമില്ല, അകാരണമായി തനിക്കെതിരെ പുറപ്പെടുവിച്ച 144 ഉത്തരവ് പിൻവലിക്കണം എന്നപേക്ഷിക്കാൻ സാഹിബിനെ കാണാൻ താൻ നടക്കുകയായിരുന്നു, അതിനിടെ അബദ്ധവശാൽ കലാപകാരികളുടെ കൂടെ പെട്ടു പോയതാണ്, ബ്രിട്ടീഷ് സർക്കാരിനെതിരായ യാതൊരു പ്രവർത്തിയും തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നൊക്കെയാണ് പറഞ്ഞത്. നോക്കുക മാപ്പ് എഴുതിയത് ചിരിത്രത്തിൽ സവർക്കർ മാത്രമല്ല.

ജീവനോടെ തൊലയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി

സമാനകളില്ലാത്ത ക്രൂരതമാണ് മലബാർ കലാപത്തിൽ നടന്നത്. വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും ബലാത്സഗവും, ഗർഭിണികളുടെ വയറുകീറി കുട്ടികളെ പുറത്തെറിയലും, ശവക്കുഴി കുഴിച്ചുകൊണ്ട് വെട്ടിക്കൊല്ലലും എല്ലാം വ്യാപകമായി നടമാടി.

1921 സിനിമയിൽ ഹീറോകളായി ചിത്രീകരിക്കുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ചെമ്പ്രശ്ശേരി തങ്ങളും അടക്കമുള്ളവർ കലാപകാരികളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ വസിക്കുന്നവരിൽ ഇസ്ലാം മതം സ്വീകരിക്കാത്ത എല്ലാ ഹിന്ദുക്കളേയും കൊല്ലണം എന്ന് തീരുമാനിച്ചവരിൽ ഉണ്ടായിരുന്നു. ഹിന്ദുക്കൾ അവരുടെ സ്വന്തം ശവക്കുഴി കുഴിക്കാൻ നിർബന്ധിക്കപ്പെട്ട സംഭവങ്ങളും, പട്ടാളത്തിനു പാൽ നൽകിയ ഒരു ഹിന്ദുവിനെ ജീവനോടെ തൊലിയുരിച്ചതുമെല്ലാം രേഖകൾ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിക്കുന്നു. അരക്കു കീഴ്പ്പോട്ട് തൊലിയുരിച്ചു കളഞ്ഞും, രണ്ടു കാലുകളും മുറിച്ചു കളഞ്ഞുമൊക്കെ പലരെയും കൊന്നുകളഞ്ഞതായും പത്ര റിപ്പോർട്ടുകളും രേഖകളും ഉദ്ധരിച്ച് ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു.

ഗുജറാത്ത് കലാപത്തിൽ സംഭവിച്ചപോലെ ഒരു കലാപകാരി ഏഴു മാസം ഗർഭിണിയായ ഒരു സ്ത്രീയുടെ വയർ കീറിപൊളിക്കുകയും, ഗർഭപാത്രത്തിൽ നിന്ന് ചത്ത കുഞ്ഞ് പുറത്തേക്കു നിൽക്കുന്ന തരത്തിൽ ആ സ്ത്രീ മരിച്ചു കിടക്കുന്നതും കണ്ടുവെന്നും മാപ്പിള കലാപത്തിന്റെ റിപ്പോർട്ടിലുമുണ്ട്. 'കലാപകാരികൾ മേലത്തൂരിൽ നിന്നുള്ള മാന്യയായ ഒരു നായർ സ്ത്രീയെ അവരുടെ ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് വിവസ്ത്രയാക്കി.അവരുടെ കൈകൾ പുറകിൽ പിടിച്ചു കെട്ടിയിരുന്നു. ആ ക്രൂരന്മാർ ബലാൽസംഗം ചെയ്യുന്നത് കണ്ട് അസഹ്യതയോടെ അവർ കണ്ണുകൾ അടച്ചപ്പോൾ വാൾ ചൂണ്ടി കണ്ണ് തുറപ്പിച്ച് അത് കാണാൻ നിർബന്ധിച്ചു.- കലപാം സബന്ധിച്ച ദേവധാറിന്റെ റിപ്പോർട്ട് ഡോ ബ്രൈറ്റ് ഉദ്ധരിക്കുന്നു.

1923ൽ പ്രസിദ്ധീകരിച്ച The Moplah Rebellion, 1921 എന്ന പുസ്തകത്തിൽ അതിക്രമങ്ങളെ ഇങ്ങനെയാണ് തരം തരിച്ചിരിക്കുന്നത്.

(1) സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തുക.

(2) ആളുകളെ ജീവനോടെ തൊലിയുരിക്കുക

(3) പുരുഷന്മാരെയും,സ്ത്രീകളെയും,കുട്ടികളെയും കൂട്ടമായി വധിക്കുക

(4) ആയിരക്കണക്കിന് ആളുകളെ കൂട്ടമായി ബലമായി മതം മാറ്റുക. മതം മാറാൻ കൂട്ടാക്കാത്തവരെ കൊലപ്പെടുത്തുക.

(5) അർദ്ധ പ്രാണനായ ആളുകളെ കിണറ്റിലെറിയുക. മാറണമെത്തി പീഡനത്തിൽ നിന്ന് രക്ഷിക്കുന്നതുവരെ മണിക്കൂറുകളോളം വേദനയനുഭവിക്കാനായി വിടുക.

(6) കലാപപ്രദേശത്തെ ഏതാണ്ട് എല്ലാ ഹിന്ദു,ക്രിസ്ത്യൻ വീടുകളും അഗ്നിക്കിരയാക്കുക. ഇതിൽ മാപ്പിള സ്ത്രീകളും,കുട്ടികളും വരെ പങ്കെടുക്കും. സ്ത്രീകളുടെ ദേഹത്തുള്ള വസ്ത്രങ്ങൾ പോലും കൊള്ളയടിക്കുക. ചുരുക്കിപ്പറഞ്ഞാൽ അമുസ്ലിം ജനങ്ങളെ മുഴുവൻ തികച്ചും ദരിദ്രരാക്കുക.

(7) കലാപ പ്രദേശങ്ങളിലെ അമ്പലങ്ങൾ നശിപ്പിച്ചും, അശുദ്ധമാക്കിയും ഹിന്ദുക്കളുടെ മത വികാരങ്ങളെ അപമാനിക്കുക. ക്ഷേത്ര പരിസരത്തു വച്ച് പശുവിനെ കൊല്ലുക,അവശിഷ്ടങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തുക, തലയോട്ടികൾ ചുവരിലും, മേൽക്കൂരയിലും തൂക്കുക.

വാരിയംകുന്നത്ത് ഹിന്ദുവിരുദ്ധനല്ലെന്ന് ഡോ. എം എൻ കാരശ്ശേരി

പക്ഷേ ഈ വാദങ്ങൾക്ക് ശക്തമായ എതിർവാദവും ഉന്നയിക്കപ്പെടുന്നുണ്ട്. വാരിയംകുന്നത്തിനെ ഒരു ഹിന്ദുവിരുദ്ധനായി കണക്കാക്കാൻ കഴിയില്ലെന്നാണ് ഡോ എംഎൻ കാരശ്ശേരിയൊക്കെ ചൂണ്ടിക്കാട്ടുന്നത്. ' മലബാർ കലാപത്തിന്റെ നായകനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹം ഒരിക്കലും അഹിംസാ വാദിയായിരുന്നില്ല. വാളെടുത്ത വ്യക്തി തന്നെയാണ്. എന്നാൽ അദ്ദേഹം കൊന്നത് ഹിന്ദുക്കളെ മാത്രമായിരുന്നില്ല. ബ്രിട്ടീഷുകാർക്ക് അനുകൂലമായി പ്രവർത്തിച്ച ഹിന്ദുമുസ്ലിം ജന്മിമാരെ അദ്ദേഹം കൊന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാപ്പ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയിട്ട് നാടു കടത്തപ്പെട്ട വ്യക്തിയാണ്. ' - കാരശ്ശേരി ചൂണ്ടിക്കാട്ടി.

'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അഞ്ചുവയസുവരെ മക്കയിലാണ് താമസിച്ചത്. പിന്നീടാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. ബ്രിട്ടീഷുകാരെ അദ്ദേഹം കൊന്നിട്ടുണ്ട്. അവർക്ക് ഒപ്പം നിന്നിരുന്ന നാട്ടിലെ പ്രമാണിമാരും ജന്മിമാരുമായ ഹിന്ദുമുസ്ലിം വിഭാഗത്തിലെ ആളുകളെയും അദ്ദേഹം കൊന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ മഞ്ചേരി ഭാഗത്തുള്ള ചേക്കുട്ടി അധികാരി എന്ന മുസ്ലിം ഇക്കൂട്ടത്തിൽപ്പെടുന്നതാണ്. അധികാരി എന്നാൽ അന്ന് വലിയ സ്ഥാനമാണ്. അദ്ദേഹത്തെയാണ് ഇവർ കൊന്നത്. അത് പിന്നീട് ഒരു സിനിമാപാട്ടുമായി. '1921ൽ മാപ്പിളമാർ..' എന്നൊരു പാട്ടുണ്ട്. പി.എ ഖാസിം എഴുതി ചിന്ത രവി സംവിധാനം ചെയ്ത 'ഒരേ തൂവൽ പക്ഷി' എന്ന സിനിമയലുണ്ട് ആ ഗാനം.

അതിലൊരു വരി ഇങ്ങനെയാണ്. 'അധികാരി ചേക്കുട്ടീന്റെ തല അവർ മുറിച്ചു, അതുമൊരു കുന്തത്തിന്മേൽ അവർ കുത്തിപ്പിടിച്ചു..' ഇതാണ് ആ വരികൾ. അതുകൊണ്ട് ഹിന്ദുക്കളെ മാത്രം കൊന്നൊടുക്കിയ ആളാണ് എന്നു പറയാൻ പറ്റില്ല. ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്ന മുസ്ലിംകളെയും െകൊന്നിട്ടുണ്ട്. അന്ന് കൊണ്ടോട്ടി തങ്ങൾ ഇവർ കൊല്ലുമെന്ന് പേടിച്ച് സംരക്ഷണം ആവശ്യപ്പെട്ട് ബ്രിട്ടീഷുകാർക്ക് കത്തെഴുതിയിരുന്നു. അതിപ്പോഴും ഉണ്ട്. അതിൽ നിന്നും ഹിന്ദുക്കളെ മാത്രം കൊന്നൊടുക്കി എന്ന വാദം തെറ്റാണെന്ന് തെളിയും.

എവിടെയായിരുന്നു ഈ 'മാപ്പിള ലഹള'..?

സത്യത്തിൽ അങ്ങനെ പറയുന്നത് തെറ്റാണെന്നാണ് എന്റെ പക്ഷം. ഏറനാട്- വള്ളുവനാട് താലൂക്കുകളിലാണ് കലാപം നടന്നത്. പിന്നെ പൊന്നാനി താലൂക്കിന്റേയും കോഴിക്കോട് താലൂക്കിന്റേയും ചില ഭാഗങ്ങളിലും കലാപം ഉണ്ടായി. മാപ്പിള ലഹള എന്നു പേരുവിളിക്കരുത് എന്ന് പറയാൻ കാരണം മാപ്പിളമാർ മാത്രം പങ്കെടുത്ത കലാപം ആയിരുന്നില്ല എന്നുതുകൊണ്ടാണ്. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്ട് എന്ന ആക്ടിവിസ്റ്റ് ഇതിൽ പങ്കെടുത്തിരുന്നു. അദ്ദേഹം പിന്നീട് ഖിലാഫത്ത് സ്മരണൾ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. സത്യത്തിൽ ഏറനാട് കലാപം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. മലബാർ കലാപം എന്നു വിളിച്ചാലും മാപ്പിള ലഹള എന്നു വിളിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.

അന്ന് കെ.പി കേശവമേനോൻ , കെ കേളപ്പൻ മുഹമ്മദ് അബുദുറഹിമാൻ, മാധവൻ നായർ എന്നിങ്ങനെ പ്രമുഖരായ നേതാക്കൾ കലാപത്തിന് എതിരായിരുന്നു എന്നും ചരിത്രമുണ്ട്. പൊന്നാനിയിൽ കലാപം എത്തിയപ്പോൾ എന്റെ ശവത്തിൽ ചവിട്ടിയിട്ടേ ഇവിടെ കയറാനാകൂ എന്നു പറഞ്ഞ വ്യക്തിയാണ് കേളപ്പൻ. ഇതൊരു ഹിന്ദുവിരുദ്ധ കലാപമാണെന്ന് അന്ന് തന്നെ ശ്രുതി ഉണ്ടായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അന്ന് മാധ്യമങ്ങൾക്ക് കത്തെഴുതിയിരുന്നു. ഇതൊരു ഹിന്ദു വിരുദ്ധ കലാപമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. എന്നാൽ അങ്ങനയല്ല എന്ന് പറഞ്ഞായിരുന്നു ആ കത്ത്.' - എം എൻ കാരശ്ശേരി ചൂണ്ടിക്കാട്ടി.

കെ മാധവൻ നായർ 'മലബാർ കലാപ'ത്തിൽ പറയുന്നത് ഇങ്ങനെ:

'കല്ലാമൂല എന്ന സ്ഥലം മലബാറിന്റെയും കോയമ്പത്തൂരിന്റെയും അതിർത്തിയായ പശ്ചിമഘട്ടത്തിന്റെ മലബാറിലെ ഉയർന്ന കൊടുമുടിയാണ്. ഹാജിയാർ കല്ലാമൂലയിലുണ്ടെന്ന വിവരം കിട്ടിയ ഉടനെ ഇൻസ്‌പെക്ടർ രാമനാഥയ്യരും സൈന്യങ്ങളും ആ സ്ഥലത്തേക്ക് പുറപ്പെട്ടു. സ്ഥലം വളഞ്ഞു. കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെ ഇരുപതോളം അനുചരന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെല്ലാം കീഴൊതുങ്ങി. പതിനേഴു തോക്കും കുറേ വാളും ആയിരത്തോളം തിരകളും അവിടെ നിന്നു കിട്ടി. കുഞ്ഞഹമ്മദ് ഹാജിയേയും അനുചരന്മാരെയും മഞ്ചേരിയിലേക്കു കൊണ്ടു വന്നു.'

'കുഞ്ഞഹമ്മദ് ഹാജിയെ കൊണ്ടുവരുന്നത് കാണാനായി വണ്ടൂരിൽ നിന്ന് മഞ്ചേരി വരെയും നാനാജാതിമതസ്ഥരായ ജനങ്ങൾ ആബാലവൃദ്ധം നിരത്തുവഴികളിൽ കൂട്ടം കൂട്ടമായി നിന്നിരുന്നു. സുബേദാർ മിസ്റ്റർ കൃഷ്ണപ്പണിക്കരും മിസ്റ്റർ ഗോപാലമേനോനും ഇൻസ്‌പെക്ടർ മിസ്റ്റർ രാമനാഥയ്യരും തെളുതെളെ മിന്നിക്കൊണ്ടിരുന്ന ഖഡ്ഗങ്ങൾ ധരിച്ചുകൊണ്ടു മുന്നിൽ നടന്നു. പിന്നാലെ കുഞ്ഞഹമ്മദ് ഹാജിയേയും അയാളുടെ ഒടുവിലത്തെ മന്ത്രിയായ ചേക്കുട്ടിയേയും അവരുടെ പിന്നിലായി ശേഷം ലഹളക്കാരെയും നടത്തി.

പലവിധ ഗാനങ്ങളോടും ജനങ്ങളുടെ കോലാഹലശബ്ദത്തോടും കൂടിയാണ് മഞ്ചേരിയിലേക്ക് കൊണ്ടു വന്നിരുന്നത്. ഹാജിയാരെ ഇതിനുശേഷം മഞ്ചേരിയിൽ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോയി. തുക്ടിക്കച്ചേരിയിൽ വച്ച് അയാളെ മാർഷ്യൽ ലോ കോടതി സമ്മറിയായി വിചാരണ ചെയ്യുകയും വെടിവെച്ചുകൊല്ലുവാൻ വിധിക്കുകയും ചെയ്തു. ജനുവരി മാസം 20ന് രാവിലെ മലപ്പുറത്തു നിന്ന് മഞ്ചേരിക്കു വരുന്ന നിരത്തിൽ ഒന്നാം മൈലിന്നടുത്തു കോട്ടക്കുന്നിന്റെ വടക്കെ ചെരിവിൽ വച്ച് അയാളെ വെടിവെച്ച് കൊല്ലുകയും ചെയ്തു.' തക്‌ബീർ മുഴക്കിക്കൊണ്ട് വിദേശശക്തിയോടു സമരം ചെയ്ത ആയിരമായിരം മാപ്പിള ദേശാഭിമാനികളെ നയിച്ചുകൊണ്ടിരുന്ന ആ വീരനായകൻ തക്‌ബീർ മുഴക്കിക്കൊണ്ടു തന്നെ വെടിയുണ്ടയ്ക്ക് മാറു കാണിച്ചുകൊടുത്തു.'

മലബാർ കലാപത്തിന്റെ ചരിത്രം സങ്കീർണമെന്ന് എംജിഎസ്

മലബാർ ലഹളയുടെ നായകസ്ഥാനം വാരിയൻ കുന്നത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്നാണ് ചരിത്രകാരൻ എംജിഎസ് നാരായണൻ പറയുന്നത്. വാരിയൻകുന്നത്ത് മലബാർ കലാപത്തിന്റെ പ്രധാനപ്പെട്ട നേതാവായിരുന്നു. എന്നുകരുതി അതിന്റെ നേതൃസ്ഥാനം അദ്ദേഹത്തിന് നൽകാനാവില്ല. ബ്രിട്ടീഷ് വിരുദ്ധ നിലപാടുകൾ കൊണ്ട് മാത്രം അദ്ദേഹമായിരുന്നു മലബാർ കലാപത്തിന്റെ നായകനെന്ന് പറയാനാവില്ല. ആ ബ്രിട്ടീഷ് വിരുദ്ധതയെ മാത്രം വേർതിരിച്ചെടുത്ത് അദ്ദേഹത്തെ നായകസ്ഥാനത്ത് നിർത്തുകയെന്നത് സിനിമയുടെ സ്വഭാവമാണ്. അത് ചരിത്രത്തിന് ചേർന്നതല്ല. ചരിത്രമെന്നത് വളരെ സങ്കീർണമാണ്. ആ സങ്കീർണ്ണതയെ ഇല്ലാതാക്കി ഒരാളെ മാത്രം ഒരു പ്രത്യേക നായകസ്ഥാനത്ത് നിർത്തി ചിത്രീകരിക്കുന്നത് ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം.

ബ്രിട്ടീഷ് വിരുദ്ധതയും ജന്മികുടിയാൻ പ്രശ്നവും വർഗ്ഗീയതയുമെല്ലാം ഉൾചേർന്നതായിരുന്നു മലബാർ കലാപം. ഇതെല്ലാം ഉൾചേർന്ന മലബാർ കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അതേപോലെ സിനിമയാക്കുക എന്നത് പ്രയാസമാണ്. അത്രയും സങ്കീർണമാണ് മലബാർ കലാപത്തിന്റെ ചരിത്രം. ഒരു സംഭവവത്തിന് പലവശങ്ങളുമുണ്ടായിരിക്കും. പലരും പല രീതിയിലായിരിക്കും അതിനെ നോക്കിക്കാണുന്നത്. അതിന്റെ പശ്ചാതലങ്ങളും വ്യത്യസ്തമായിരിക്കും. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തീർത്ത് പറയാനാവില്ലെന്നും എംജിഎസ് നാരാണയൻ കോഴിക്കോട് പറഞ്ഞു.

ചിത്രത്തിൽ നിന്ന് പൃഥ്വി പിന്മാറണോ?

ഒപ്പം ഉയരുന്ന മറ്റൊരു ചോദ്യം ഈ ഈ രീതിയിൽ വളച്ചൊടിച്ച് ഇരവാദമിട്ട് ചരിത്രം അവതരിപ്പിക്കുന്നത് ഫലത്തിൽ സംഘപരിവാറിന് തന്നെ ഗുണം ചെയ്യും എന്നതാണ്. എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ കെ പി സുകുമാരൻ ഇങ്ങനെ വിലയിരുത്തുന്നു. 'വാരിയംകുന്നൻ വീണ്ടും ചർച്ച ആകുന്നുണ്ടോ? ഫേസ്‌ബുക്കിൽ അങ്ങിങ്ങ് കാണുന്നു. ഒന്ന് ഞാൻ പറഞ്ഞേക്കാം. 1988 അല്ല 2020. അന്ന് ഒരു സിൽമ വന്നു 1921 എന്ന പേരിൽ. സംവിധാനം ഐവി .ശശി. നായകൻ മമ്മൂട്ടി. ആ സിനിമയോടെ വാരിയൻകുന്നത്ത് ഹാജി ഹീറോ ആയി, സ്വാതന്ത്ര്യസമര സേനാനിയായി. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയുടെ കാലത്ത് എന്താണ് മലബാർ കലാപം എന്നും ആരാണ് വാരിയൻകുന്നൻ എന്നും ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ മൊയ്തീനെ ജനം നെഞ്ചേറ്റിയിരുന്നു. എന്നാൽ അതേ പൃഥ്വിരാജ് വാരിയൻകുന്നനായി വന്ന് മലബാർ കലാപം എന്ന ഹിന്ദു കൂട്ടക്കൊലയെ വെള്ള പൂശുകയാണെങ്കിൽ ഒന്നോർത്തോ 88 അല്ല 2020-21. ഹിന്ദുക്കളിൽ വർഗീയത വളർത്താനേ അത് ഉപകരിക്കൂ. ബിജെപി ക്ക് ലോട്ടറി ആയിരിക്കും. '- കെ പി സുകുമാരൻ ഇങ്ങനെയാണ് ഫേസ്‌ബുക്കിൽ കുറിച്ചത്.

എന്നാൽ എഴുത്തുകാരൻ എം എൻ കാരശ്ശേരിയെപ്പോലുള്ളവർ നേർ വിപരീതമായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. 'പൃഥ്വി പിന്മാറണം എന്ന ആവശ്യം എനിക്ക് അംഗീകരിക്കാൻ കഴിയില്ല.. ആഷിഖ് അബുവിനെയോ പൃഥ്വിരാജിനെയോ ഒന്നും മതത്തിന്റെയോ ജാതിയുടെയോ പേരിലല്ല നമ്മൾ കാണുന്നത്. മികച്ച കലാകാരന്മാർ എന്ന നിലയിലാണ്. അതു അങ്ങനെ തന്നയാണ്. അതുപോലെ ഈ സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്നും വ്യക്തമാക്കിയിട്ടില്ല. അതിന് മുൻപുള്ള ഈ വിവാദങ്ങൾ അനാവശ്യമാണ്.'- എം.എൻ. കാരശ്ശേരി ചൂണ്ടിക്കാട്ടുന്നു. എന്തായാലും ചിത്രം തടയുന്നതിനോടും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൽ ഇടപെടന്നതിനോടും ആർക്കും യോജിപ്പില്ല. ചർച്ചകളും സംവാദങ്ങളും അതിന്റെ വഴിക്കു നടക്കട്ടെ. സിനിമാ ഒരു കലാസൃഷ്ടിയായി വേറെ മുന്നോട്ട് പോകട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP