Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

ഇറാന്റെ കരുത്ത് ജിഹാദി ഡ്രോണിലെങ്കിൽ അമേരിക്കയുടെ കരുത്ത് സുലൈമാനിയെ കൊന്ന റീപ്പർ ഡ്രോണിൽ; കൃത്യതയ്യാർന്ന ആക്രമണങ്ങൾക്ക് പേരുകേട്ട ഈ സംവിധാനത്തിന് ഒന്നിന്റെ ഏകദേശവില 460.70 കോടി രൂപ; മലമടക്കുകൾ തുരന്ന് ഭൂഗർഭ നഗരങ്ങളിൽ മിസൈൽ ഒളിപ്പിച്ച് ഇറാൻ; വജ്രായുധമായി കത്യൂഷ; സ്‌കഡും പേട്രിയറ്റും പോർവിമാനങ്ങളുമൊന്നുമല്ല ഇവയാണ് ആധുനിക യുദ്ധങ്ങളിലെ താരങ്ങൾ; ലോകം വീണ്ടും ഒരു യുദ്ധ ഭീഷണിയിൽനിൽക്കുമ്പോൾ മാരകായുധങ്ങളെ പരിചയപ്പെടാം

എം മാധവദാസ്

വാഷിങ്ങ്ടൺ: 'മോഹൻലാലിന്റെ രാജാവിന്റെ മകൻ സിനിമയിലൂടെയാണ് ഒരു മലയാളി ആദ്യമായി മെഷീൻഗണ്ണ് കാണുന്നതെന്ന് പറഞ്ഞപോലെ ഗൾഫ്യുദ്ധമായിരുന്നു മിസൈലുകളെ കുറിച്ച് നമ്മളെ പഠിപ്പിച്ചത്.

ദൂരദർശന്മാത്രമുള്ള അക്കാലത്ത് സദ്ദാം ഹുസൈൻ അയക്കുന്ന സ്‌കഡ് മിസൈലുകളുടെ നിറം പിടിപ്പിച്ച കഥകളും, അവയെ തകർക്കുന്ന പാട്രിയറ്റ് മിസൈലുകളുടെ കഥയുമായിരുന്നു കേരളക്കരയിൽ എങ്ങും. സ്‌കഡ് എന്ന വാക്ക് അങ്ങനെ മലയാളിയുടെ സാധാരണ ഭാഷയുടെ ഭാഗവുമായി.'- ഒരു യുദ്ധകാലം എന്ന ലേഖനത്തിൽ പ്രശസ്ത സാഹിത്യകാരൻ എൻ എസ് മാധവൻ ഇങ്ങനെ എഴുതുന്നു.

പശ്ചിമേഷ്യൻ പ്രദേശത്ത് യുഎസ് സൈനിക ലക്ഷ്യങ്ങൾക്കെതിരെ ഇതിനു മുൻപു മധ്യദൂര ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചത് ഇറാഖ് നേതാവ് സദ്ദാം ഹുസൈൻ ആയിരുന്നു. 1991ലെ കുവൈത്ത് യുദ്ധകാലത്ത് സ്‌കഡ് ഭീതിവിതച്ചു.

പക്ഷേ സ്‌കഡിൽ സദ്ദാം വരുത്തിയ ഒരു നവീകരണം പുർണ്ണമായും പാളി. കാര്യമായ ദൂരപരിധി ഇല്ലാതിരുന്ന സ്‌കഡ് മിസൈലുകളുടെ ദൂരപരിധി വർധിപ്പിച്ചതോടെ അവയുടെ പ്രഹരശേഷിയിലും കൃത്യതും കുറഞ്ഞു. 'ചീറ്റിപ്പോയ ഭീകരായുധം' എന്നാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് അവയെ വിശേഷിപ്പിച്ചത്. അങ്ങനെ പതുക്കെ സ്‌കഡ് ഓർമ്മയായി.

പക്ഷേ അഫ്ഗാൻ യുദ്ധമായതോടെ മിസൈലുകളുടെ കാലം മാറി. അത് പോർ വിമാനങ്ങളായി. എന്നാൽ വീണ്ടും ലോകം ഒരു യുദ്ധ ഭീതിയിൽ നിൽക്കേ മാരക നശീകരണ ആയുധങ്ങളുടെ മൂൻഗണനാക്രമവവും മാറുകയാണ്.

ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ലോകത്തിന്റെ യുദ്ധമുഖത്തെ നിയന്ത്രിക്കുന്നത്. ആളില്ലാ വിമാനങ്ങളും, ഡ്രോണുകളും തൊട്ട് കമ്പ്യൂട്ടർ നിയന്ത്രിത മിസൈൽ ടെക്ക്നോളജി വരെ. ഇറാൻ-യുഎസ് പ്രശ്നങ്ങൾ വഴി ലോകം വീണ്ടും ഒരു യുദ്ധത്തെ അഭിമുഖീകരിക്കുമ്പോൾ ചർച്ചയാവുന്ന മാരകായുധങ്ങളെ പരിചയപ്പെടാം.

അമേരിക്ക ഭയക്കുന്ന ജിഹാദി ഡ്രോണുകൾ

ഇനി ഒരു ലോക മഹായുദ്ധം ഉണ്ടായാൽ, എന്തായിരിക്കും വിജയ സാധ്യത നിർണ്ണയിക്കുക? ന്യയോർക്ക് ടൈംസ് ലേഖകനും യു എസ് യുദ്ധകാര്യ വിദഗ്ധനുമായ ജോ മാർട്ടിന്റെ അഭിപ്രായത്തിൽ അത് ബോംബുകളോ, മിസൈലുകളോ അല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. ആർ ഐ വഴി നിയന്ത്രിക്കപ്പെടുന്ന ഡ്രോണുകൾ ആയിരിക്കും, ഇനി ലോകത്തിന്റെ യുദ്ധഭൂമി നിയന്ത്രിക്കുക. ആ മേഖലയിൽ മുന്നിൽ നിൽക്കുന്നത് ചൈനയാണ്.

അതുകൊണ്ടുതന്നെ ചൈനയാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആയുധ ശക്തിയെന്നുമാണ് മാർട്ടിന്റെ നിരീക്ഷണം. അമേരിക്ക- ഇറാൻ സംഘർഷത്തിന്റെ ഭാഗമായി ലോകം മറ്റൊരു യുദ്ധത്തിന്റെ ഭീതിയിൽ നിൽക്കുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസും സജീവ ചർച്ചയാവുകയാണ്.

കാരണം, വരുമാനത്തിന്റെ 70 ശതമാനവും സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇറാൻ ചൈനയിൽ നിന്ന് ഈ മേഖലയിൽ ശക്തമായ പരിശീലനം നേടിയിട്ടുണ്ട്. ആളുകളില്ലാത്ത ആയിരക്കണക്കിന് ആത്മഹത്യ ഡ്രോണുകളാണ് ഇറാൻ വികസിപ്പിച്ചത്. മനുഷ്യന്റെ കൈവെള്ളയിൽ വെച്ച് നിയന്ത്രിക്കാൻ കഴിയുന്നു ഒരു കൊച്ചു പക്ഷിയെപ്പോലുള്ള ഒരു ഡ്രോൺ.

ഒരു നഗരത്തെതന്നെ ്ഇല്ലാതാക്കാൻ കഴിയുന്ന മാരകശേഷി അതിനുണ്ടാവും. ലക്ഷ്യം തീർത്തശേഷം തിരിച്ചുവരുന്ന ഡ്രോണുകളുമുണ്ട്. പക്ഷേ ഇറാൻ വികസിപ്പിച്ചത് സ്വയം പൊട്ടിത്തെറിച്ച്, ഇല്ലാതാവുന്ന 'ജിഹാദി ഡ്രോണുകളാണ്'.

ഒരു വിമാനത്തിന്റെ അതേ വേഗതയിൽ തന്നെയാണിവ സഞ്ചരിക്കുക. വലിപ്പം തീരെ ചെറുതായതിനാൽ വെടിവെച്ചിടാനും പ്രയാസം. നിരീക്ഷണ സംവിധാനങ്ങളുടെയും കണ്ണുവെട്ടിക്കാൻ എളുപ്പമാണ്. വലിയ വിമാനങ്ങളിൽ ഒന്നിച്ച് നിറച്ച് യുദ്ധമുഖത്തിൽ ടാർജറ്റ് ഫിക്‌സ് ചെയ്ത് ആയിരക്കണക്കിന് ഡ്രോണുകളെ ഒന്നിച്ച് വിതറാനും കഴിയും. ഈ മൾട്ടിപ്പിൾ സ്പ്രഡിങ്ങ് ഡ്രോൺ സംവിധാനവും ഇറാനുണ്ട്. അതായത്് ഒരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ അമേരിക്കയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന് ചുരുക്കം. ആധുനികം എന്നല്ല അത്യന്താധുനികം എന്നു തന്നെ പറയാൻ പറ്റുന്നവയാണ് ഇറാന്റെ സൈന്യവും ആയുധ സംവിധാനവും. ഡ്രോൺ കഴിഞ്ഞാൽ മിസൈൽ സംവിധാനത്തിലാണ് ഇറാന്റെ കരുത്ത്.

സുലൈമാനിയെ കൊന്നത് മാരകമായ റീപ്പർ ഡ്രോൺ

എന്നാൽ ജിഹാദി ഡ്രോണുകളെ കടത്തിവെട്ടുന്ന മാരകമായ റീപ്പർ ഡ്രോണാണ് അമേരിക്കയുടെ കൈയിലുണ്ട്. ശരിക്കും പുരാണങ്ങളിലെ സുദർശനചക്രംപോലെ, ശത്രുവിനെ കൊന്ന് അതിന്റെ ഫോട്ടോയും എടുത്ത് ലക്ഷ്യത്തിൽ തിരിച്ചെത്തുന്നവയും ഉണ്ട്. പിന്നീട് ലക്ഷ്യത്തിലേക്ക് തിരിച്ച് പറക്കുന്ന രീതി ഒഴിവാക്കി അവിടെ തന്നെ ഇല്ലാതാവുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചത്. ഇറാൻ റവല്യൂഷനറി ഗാർഡ്സ് (ഐആർജിസി) കമാൻഡർ ഖാസിം സുലൈമാനിയെ കൊല്ലപ്പെടുത്താൻ യുഎസിനെ സഹായിച്ചത് എംക്യു9 റീപ്പർ ഡ്രോൺ ആണ്. റീപ്പറും ഹെൽഫയറും ചേർന്നതാണ് ജനുവരി 3ന് ഇറാനിയൻ ജനറൽ കാസിം സുലൈമാനിയെ വധിച്ചത്. അർദ്ധരാത്രിക്ക് ശേഷം നടന്ന ഓപ്പറേഷനിൽ ആളില്ലാ വിമാനമായ എംക്യു -9 അദ്ദേഹത്തിന്റെ കാറിലേക്കും കോൺവോയിയിലും രണ്ട് ഹെൽഫയർ മിസൈലുകളാണ് വിക്ഷേപിച്ചത്. എല്ലാം കമ്പ്യൂട്ടർ നിയന്ത്രിത സംവിധധാനങ്ങൾ.

ടാർഗെറ്റുചെയ്ത കൊലപാതക ദൗത്യങ്ങൾക്ക് റീപ്പർ പേരുകേട്ട ഡ്രോണാണ്. 2015 നവംബറിൽ സിറിയയിലെ റാക്കയിൽ ഒരു വാഹനത്തിൽ യാത്രചെയ്യുമ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് അംഗം മുഹമ്മദ് ഇംവാസി എന്ന 'ജിഹാദി ജോൺ' കൊല്ലപ്പെട്ടത് എംക്യു9 റീപ്പർ ആക്രമണത്തിലായിരുന്നു.യുദ്ധ രംഗത്തെ കഴിവുകൾ കണക്കിലെടുത്ത് ഇന്ത്യ ഇത് സ്വന്തമാക്കുന്നതിനായി വർഷങ്ങളായി യുഎസുമായി ചർച്ച നടത്തുന്നുണ്ട്.

ഇന്ത്യൻ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങൾക്കും എംക്യു9 റീപ്പർ ഡ്രോൺ ഉപയോഗപ്പെടുത്താൻ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി ഓഗസ്റ്റിൽ റിപ്പോർട്ട് വന്നിരുന്നു. അതേസമയം, എഎച്ച് -64 അപ്പാച്ചെ ഹെലികോപ്റ്ററുകൾ വന്നതിനു ശേഷം എംക്യു9 റീപ്പറിൽ ഉപയോഗിക്കുന്ന ഹെൽഫയർ മിസൈലുകൾ ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഈ മിസൈലാണ് എംക്യു9 റീപ്പറിന്റെ പ്രാഥമിക ആയുധം.ഏകദേശം 52,000 കോടി രൂപയുടെ എംക്യു9 റീപ്പർ ഡ്രോണുകൾ ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകുന്ന കാര്യം ഇന്ത്യയും അമേരിക്കയും ൈവകാതെ തന്നെ ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണ് കരുതുന്നത്.

ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് എംക്യു9 റീപ്പർ എന്ന പേരിലുള്ള പ്രെഡേറ്റർ ഡ്രോണുകൾ. ആളില്ലാത്ത ഈ വിമാനം ഉപയോഗിച്ച് അതിർത്തി രാജ്യങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ബോംബിടാൻ സാധിക്കും. ന്യൂഡൽഹിയിൽ ഇരുന്ന് പാക്കിസ്ഥാൻ നഗരങ്ങളിൽ എവിടെ ആക്രമിക്കണമെന്ന് വരെ നിയന്ത്രിക്കാൻ കഴിയുന്നതാണ് എംക്യു9 റീപ്പർ ഡ്രോണുകൾ. താലിബാനെതിരെയും പാക്കിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിലും ആക്രമണം നടത്താൻ അമേരിക്ക ഇത്തരം ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. എംക്യു9 റീപ്പർ ഡ്രോണുകൾക്ക് ഏകദേശം 27 മണിക്കൂറോളം തുടർച്ചയായി പറക്കാനാകും.

 

50,000 അടി ഉയരത്തിൽ വരെ പറക്കാനാകുന്ന എംക്യു9 റീപ്പർ ഡ്രോണുകളിൽ 1,746 കിലോഗ്രാം യുദ്ധസാമഗ്രികൾ വരെ വഹിക്കാനാകും. അമേരിക്കൻ സേനയ്ക്ക് വേണ്ടി ജനറൽ ആറ്റോമിക്സ് ഏറോനോട്ടിക്കൽ സിസ്റ്റംസാണ് ഇത് നിർമ്മിച്ചത്. ഇറ്റലി, ഫ്രഞ്ച്, സ്പാനിഷ് എയർഫോഴ്സുകൾ എംക്യു9 റീപ്പർ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറെ യുഎസ് എയർഫോഴ്സും നാസയും ഇത്തരം ഡ്രോണുകൾ ഉപയോഗിക്കുന്നു. 2019 ജൂൺ ആറിന് യെമനിലെ ഹൂതി പോരാളികൾ അമേരിക്കയുടെ എംക്യു9 റീപ്പർ ഡ്രോൺ തകർത്തത് വാർത്തയായിരുന്നു. കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന എസ്എ6 ഇറാനിയൻ മിസൈലാണ് അന്ന് ഡ്രോണിനെ തകർത്തതെന്ന് പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

എംക്യു 9 എന്നതിലെ 'എം' വിവിധോദ്ദേശം (മൾട്ടി റോൾ) എന്നതും 'ക്യു' എന്നത് വിദൂരനിയന്ത്രിതമെന്നതും 9 എന്നത് വിദൂരനിയന്ത്രിത വിമാനങ്ങളിലെ ഒൻപതാം പതിപ്പെന്നതുമാണ്. ക്യാമറകളും മിസൈലുകളും ഉൾപ്പെടുന്ന സംവിധാനമാണ് ഇത്തരം ഡ്രോണുകളിലേത്. 2015 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം യുഎസ് വ്യോമസേനയ്ക്കു കീഴിൽ 93 എംക്യു9 റീപ്പർ ഡ്രോണുകളാണുള്ളത്. ആകാശത്തു നിന്ന് കരയിലേക്ക് തൊടുക്കാവുന്ന നാലു ലേസർ നിയന്ത്രിത എജിഎം114 ഹെൽഫയർ മിസൈലുകളാണ് ഇവയിൽ ഘടിപ്പിക്കുക. കൃത്യതയ്യാർന്ന ആക്രമണങ്ങൾക്ക് ഇത് പര്യാപ്തമാണ്. ഒരു പൈലറ്റും സെൻസർ ഓപറേറ്ററും അടങ്ങുന്ന രണ്ടംഗ സംഘമാണ് ഡ്രോൺ നിയന്ത്രിക്കാനുണ്ടാകുക. നാലു ഡ്രോണുകളും സെൻസറുകളും ഉൾപ്പെടുന്ന ഒരു എംക്യു9 യൂണിറ്റിന്റെ വില 64.2 ദശലക്ഷം ഡോളറാണ് (ഏകദേശം 460.70 കോടി രൂപ).

ഇറാന്റെ ഭൂഗർഭ 'മിസൈൽ നഗരങ്ങൾ'

ഭൂമിക്കടിയിലുള്ള മിസൈൽ നഗരങ്ങൾ. ഇറാൻ തങ്ങളുടെ മിസൈൽ ശേഖരം വലിയ കോൺക്രീറ്റ് പാളികൾ ഉപയോഗിച്ച് ഭൂമിക്കടിയിൽ മറച്ചിരിക്കുകയാണെന്നത് അവർ തന്നെ സമ്മതിച്ചിരുന്നു. ആയുധങ്ങളുടെ വലിയൊരു ശേഖരം മിഡിൽ ഈസ്റ്റേൺ സ്റ്റേറ്റായ ഇറാനിന്റെ മണ്ണിൽ ചിതറിക്കിടക്കുകയാണ്. ശത്രുക്കൾ ആക്രമിച്ചാൽ പ്രത്യാക്രമണം നടത്താൻ സജ്ജമായിട്ടാണ് ഇതെല്ലാം വിന്യസിച്ചിരിക്കുന്നത്.ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ റെവല്യൂഷണറി ഗാർഡ്സ് എയ്‌റോസ്‌പേസ് ഡിവിഷന്റെ കമാൻഡറായിരുന്ന ബ്രിഗേഡിയർ ജനറൽ അമീർ അലി ഹാജിസാദെ നേരത്തെ തന്നെ ഇറാനിയൻ ഭൂഗർഭ ആയുധ ശേഖരത്തിന്റെ വീഡിയോ പ്രക്ഷേപണം ചെയ്തിരുന്നു.

കോഡ് 7500 എന്ന പേരിൽ അറിയപ്പെടുന്ന ഇറാന്റെ ആയുധപ്പുര ടെഹ്‌റാനിലെ ഖോജിറിലാണ് സ്ഥിതിചെയ്യുന്നത്. ശത്രുക്കൾ തെറ്റ് ചെയ്താൽ ഭൂമിയുടെ ആഴത്തിൽ നിന്ന് അഗ്നിപർവതം പോലെ മിസൈൽ താവളങ്ങൾ പൊട്ടിത്തെറിക്കുമെന്നാണ് ആഴ്ചകൾക്ക് മുൻപ് ഹാജിസാദെ പറഞ്ഞത്.ഉറപ്പുള്ള കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ചതും മിസൈലുകൾ നിറച്ചതുമായ ഭൂഗർഭ സൈനിക താവളങ്ങളുടെ ചിത്രങ്ങൾ ഇടക്കിടെ ഇറാൻ സൈന്യം തന്നെ പുറത്തുവിടാറുണ്ട്. ബങ്കറുകൾ തകർക്കും ബോംബുകളെ നേരിടാൻ രൂപകൽപന ചെയ്തിട്ടുള്ളതാണ് കോഡ് 7500. ഇറാനിയൻ ടിവിയിൽ പ്രക്ഷേപണം ചെയ്ത വിഡിയോയിൽ 400 മൈൽ ദൂരപരിധിയുള്ള ക്വിയാം -1 ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടുന്ന നിരവധി മിസൈലുകൾ കോഡ് 7500 ൽ കാണാം. ഇറാന്റെ പുതിയ മിസൈലുകളുടെ നിർമ്മാണവും ഇവിടെയാണ് നടക്കുന്നത്.

ഇറാന്റെ പ്രശസ്തമായ ഷഹാബ് 3 ഇടത്തരം മിസൈലുകളുടെ നിർമ്മാണത്തിനുള്ള സ്ഥലമാണ് കോഡ് 7500. 'ഷൂട്ടിങ് സ്റ്റാർ' എന്നറിയപ്പെടുന്ന ഷഹാബിന് 186 മൈൽ വരെ രാസായുധ പോർമുനകൾ വഹിച്ച് കുതിക്കാൻ കഴിയും. ഉത്തര കൊറിയയിൽ നിന്നാണ് ഈ മിസൈലുകൾ വാങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്.

പടിഞ്ഞാറൻ ഇറാനിലാണ് ലാർ ഗാരിസൺ ബേസ് സ്ഥിതിചെയ്യുന്നത്. പർവതനിരകളിലാണ് ഇതിന്റെ കവാടം. ഇത് വിശാലമായ തുരങ്ക സമുച്ചയമാണ്. ഈ സ്ഥലം വളരെ പരിരക്ഷിതവും സുരക്ഷിതവുമാണെന്നാണ് എൻസിആർഐ വൃത്തങ്ങൾ പറഞ്ഞത്. കർശനമായ സുരക്ഷ നിലനിർത്തുന്നതിനായി മൊബൈൽ ഫോൺ സിഗ്നലുകൾ, ഇന്റർനെറ്റ് എന്നിവ വിലക്കിയ പ്രദേശങ്ങളാണ് ഇറാന്റെ രഹസ്യ കേന്ദ്രങ്ങൾ.

2000 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഖുറം ഷഹർ

നേരിട്ടുള്ള ഒരു യുദ്ധത്തിന് പലപ്പോഴും അമേരിക്കയെ വിലക്കുന്നത് ഇറാന്റെ മിസൈൽ ശേഖരമാണ്. തങ്ങളുടെ മിസൈലുകൾ കുറിക്കുകൊള്ളുന്നവയാണെന്ന് ഇറാൻ വീണ്ടും വീണ്ടും തെളിയിക്കയാണ്. 15 മിസൈലുകളാണു തൊടുത്തതെന്നും അതിൽ പത്തെണ്ണം അൽ അസദ് താവളത്തിലും ഒരെണ്ണം ഇർബിൽ താവളത്തിലും പതിച്ചെന്നുമാണ് അറിയുന്നത്.

ഇറാഖിലെയോ പശ്ചിമേഷ്യയിലെ മറ്റു പ്രദേശങ്ങളിലെയോ ഏത് യുഎസ് താവളത്തിനു നേർക്കും തൊടുക്കാവുന്ന മിസൈലുകൾ ഇറാന്റെ ആയുധപ്പുരയിലുണ്ട്. ഷഹാബ് 1 (300 കിലോമീറ്റർ ദൂരപരിധി), ഷഹാബ് 2 (500 കി.മീ), ഖലീജ് ഫർസ് (500 കി.മീ.), ഖിയാം 1 (800 കി.മീ) ഷഹാബ് 3 (1500 കി.മീ), ഖാദർ 110 (2000 കി.മീ), ഖുറം ഷഹർ (2000 കി.മീ), സിജ്ജിൽ (2000 കി.മീ) എന്നിവയാണ് ഇറാന്റെ പ്രധാന മധ്യ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ.

അമേരിക്കയുടെ സെന്റർ ഫോർ സ്റ്റാറ്റർജിക്ക് അന്റ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ട് പ്രകാരം മിഡിൽ ഈസ്റ്റിൽ ഏറ്റവും വൈവിധ്യവും ശേഷിയും ഉള്ള മിസൈലുകൾ കൈവശമുള്ള രാജ്യമാണ് ഇറാൻ. യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഡയറക്ടർ വിൻസന്റ് ആർ സ്റ്റുവർട്ടിന്റെ അഭിപ്രായ പ്രകാരം അമേരിക്ക നേരിടുന്ന പ്രധാന അഞ്ച് സൈനിക വെല്ലുവിളികളിൽ പ്രധാനപ്പെട്ടതാണ് ഇറാൻന്റെ മിസൈൽ ശേഷി.

ഇറാന്റെ കയ്യിലുള്ള ബാലസ്റ്റിക്ക് ക്രൂയിസ് മിസൈലുകൾ 2,000 കിലോമീറ്ററിൽ കൂടുതൽ ദൂരത്തുള്ള ലക്ഷ്യം തകർക്കാൻ ശേഷിയുള്ളവയാണ്. ഇതിനാൽ തന്നെ ദക്ഷിണ കിഴക്കൻ യൂറോപ്പ്, ഇസ്രയേൽ എന്നിവയ്‌ക്കൊക്കെ ഇറാൻ മിസൈലുകൾ ഭീഷണിയായേക്കും. കഴിഞ്ഞ സമീപ വർഷങ്ങളിൽ ഐഎസ് അടക്കമുള്ളവർക്കെതിരെ നീക്കത്തിന്റെ ഭാഗമായി ഇറാൻ ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്ക് മിസൈൽ വിക്ഷേപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ പേർഷ്യൻ കടലിടുക്കിൽ എണ്ണടാങ്കറുകൾ തകർത്തതും വാർത്തകളിൽ വന്നിരുന്നു.

ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തിയപ്പോൾ ഞെട്ടിയത് യുഎസ് പ്രതിരോധ ഏജൻസികളും കൂടിയായിരുന്നു. അഞ്ചൂറ് മൈലിലധികം സഞ്ചരിച്ച് കൃത്യമായി ലക്ഷ്യത്തിലെത്താൻ കഴിയുന്ന മിസൈൽ സംവിധാനം ഇറാന് ഉണ്ടെന്നതിന്റെ തെളിവ് കൂടിയായിരുന്നു ഇത്. ഫത്തേ-110, ഖിയീം-1, എന്നീ ഉഗ്രരൂപത്തിലുള്ള രണ്ടു ബാലിസ്റ്റിക്ക് മിസൈലുകൾ ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്നും, ഇതിലും വലിയ മിസൈലുകൾ ഇറാന്റെ കൈയിലുണ്ടെന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

സൗദി അടക്കമുള്ള രാജ്യങ്ങളെ പേടിപ്പിക്കുന്നതും ഇതുതന്നെയാണ്. ഇത്രയും വലിയ മിസൈൽ സംവിധാനം ഉള്ളതുകൊണ്ട്, ഹൂതി വിമതർ വഴി നിഷ്പ്രയാസം സൗദിയെ ആക്രമിക്കാൻ ഇറാന് കഴിയും. ഇറാഖിലെ അൽ അസദ് വ്യോമതാവളം, പടിഞ്ഞാറൻ ഇറാഖിലെ ഇർബിലിനു സമീപത്തുള്ള വ്യോമതാവളം എന്നിവടങ്ങളിലേക്ക് കൃത്യമായി മിസൈൽ അയക്കാൻ ഇറാന് കഴിഞ്ഞത് യുദ്ധ ഭീതി ഉയർത്തിയിട്ടുണ്ട്. 80ലധികം പേർ മരിച്ചുവെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ ആരും മരിച്ചിട്ടില്ല എന്നാണ് അമേരിക്ക പറയുന്നത്. മരണസംഖ്യയെക്കുറിച്ച് എന്ത് തർക്കം ഉണ്ടായാലും ഇറാൻ മിസൈലുകൾ ലക്ഷ്യഭേദിയാണെന്നത് വ്യക്തമാണ്.

അമേരിക്കയുടെ എല്ലാവിധ ഉപരോധങ്ങളും മറികടന്നാണ് ഇറാൻ തങ്ങളുടെ മിസൈൽ പദ്ധതികൾ വിജയിപ്പിച്ച് എടുത്തത്. 180 മുതൽ 300 മൈലിലധികം ദൂരത്തിൽ കൃത്യതയോടെ എത്തുന്നവയാണ് ഫത്തേ-110 മിസൈലുകൾ. 225 കിലോവരെ വെടിക്കോപ്പുകൾ വഹിക്കാൻ ഇവക്ക് കഴിയും. ഇതിനേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്നവയാണ് ഖിയാം -1 മിസൈലുകൾ. ഇവർക്ക് 500 മൈൽ സഞ്ചരിക്കാൻ കഴിയും. 340 കിലോയാണ് വാഹകശേഷി. ഈ രണ്ടു മിസൈലുകളുമാണ് സത്യത്തിൽ ഇറാന്റെ തുറപ്പുചീട്ട്.

ഹസ്വ-ദൂര, സർഫസ് ടു സർഫസ് ബാലിസ്റ്റിക് മിസൈലായ ഫത്തേ പൂർണമായും ഇറാനിൽ രൂപകൽപ്പന ചെയ്യപ്പെട്ടതാണ്. ഏത് സ്ഥലത്തുനിന്നും വിക്ഷേപിക്കാൻ കഴിയും. അതേസമയം ഖിയാം -1 മിഡിൽ ഈസ്റ്റിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടാണ് പ്രത്യേകമായി നിർമ്മിച്ചത്. എത് നിമിഷവും ഇതുപോലെ ഒരു സാഹചര്യം വരുമെന്ന് ഇറാന് വ്യക്തമായിരുന്നു.വ്യോമതാവളങ്ങൾ ഇറാനെ വളഞ്ഞിരിക്കുന്നതിനാൽ നമുക്ക് കൂടുതൽ സുരക്ഷ വേണമെന്നാണ് ഇറാൻ പ്രസിഡന്റ് റൂഹാനി എടുത്തിരിക്കുന്ന നിലപാട്.

കഴിഞ്ഞ വർഷം ഇറാൻ പുതിയ മിസൈൽ പ്രതിരോധ സംവിധാനം രൂപവത്ക്കരിച്ചത് വലിയ വാർത്തയായിരുന്നു. തദ്ദേശീയമായി നിർമ്മിച്ച ബവാർ-373 മിസൈൽ പ്രസിഡന്റ് ഹസൻ റുഹാനി അവതരിപ്പിച്ചു. യുഎസ് അടക്കമുള്ള രാജ്യങ്ങളും ഇറാനും തമ്മിൽ ഒപ്പുവച്ച ആണവ കരാറിൽ നിന്ന് അമേരിക്ക കഴിഞ്ഞ വർഷം ഏകപക്ഷീയമായി പിന്മാറുകയും ഇറാന് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷവും അമേരിക്കയുമായി രൂക്ഷമായ സംഘർഷങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ പുതിയ മിസൈൽ സംവിധാനം ഇറാൻ അവതരിപ്പിക്കുന്നത്. ഏറെ നാളായി ഈ ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പണിപ്പുരയിലായിരുന്നു ഇറാൻ.

റഷ്യയുടെ എസ്-300 നെ ആയിരുന്നു അതുവരെ ഇറാൻ ആശ്രയിച്ചിരുന്നത്. എന്നാൽ അന്താരാഷ്ട്ര ഉപരോധത്തെത്തുടർന്ന് 2010-മുതൽ കൂടുതൽ മിസൈലുകൾ വാങ്ങാൻ കഴിയാതെയായി. അതോടെയാണ് ബാവറിന്റെ നിർമ്മാണത്തിലേക്ക് ഇറാൻ കടക്കുന്നത്. ബവാർ-373 എസ്-300 നേക്കാൾ മികച്ചതും എസ്-400 നോട് കിട പിടിക്കുന്നതുമാണെന്ന് ഹസൻ റുഹാനി പറയുന്നു. 200 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ മിസൈൽ രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ വിലയിരുത്തിയത്.

കത്യൂഷ ഇറാന്റെ സ്‌ക്ഡ്

സദ്ദാംഹുസൈന് സ്‌കഡ് മിസൈൽ എന്നപോലെ ഇറാഖിന്റെ തുറപ്പുചീട്ടാണ് കത്യൂഷ റോക്കറ്റുകൾ.രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് കവി മിഖായേൽ ഇസക്കോവിസ്‌ക്കി രചിച്ച കത്യൂഷ എന്ന ഗാനത്തിൽനിന്നാണ് ഈ പേരുണ്ടായത്. യുദ്ധരംഗത്തേക്ക്പോയ പ്രിയതമനെ കാത്തിരിക്കുന്ന കത്യൂഷ എന്ന പ്രണയിനിയുടെ ഓർമ്മകൾ അക്കാലത്ത് സൈനികർ ഏറ്റുപാടി. പിന്നീട് തങ്ങൾക്ക് പ്രിയപ്പെട്ട റോക്കറ്റിനും അവർ ആ പേരുതന്നെ ഇട്ടു. കത്യൂഷ. ഇന്ന് ഇറാന്റെ എറ്റവും വിലിയ സ്വത്താണ് ഈ റോക്കറ്റ്. ഇപ്പോൾ ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് സമീപത്തേക്ക് ഇറാൻ തൊടുത്ത്വിട്ട് യുഎസിനെ ഞെട്ടിച്ചതും ഇതേ കത്യൂഷ റോക്കറ്റ് തന്നെ.

രൂപകൽപ്പന താരതമ്യേന ലളിതമായി രൂപകൽപ്പനയാണ് കത്യൂഷയുടെ ഏറ്റവും വലിയ പ്രത്യേകത. പക്ഷേ ആദ്യകാലത്ത് കൃത്യത കുറവാണെന്ന് പ്രശ്നം ഇതിനുണ്ടായിരുന്നു. പക്ഷേ പെട്ടെന്നുണ്ടാവുന്ന ആക്രമണങ്ങളിൽ ഇത് ഫലപ്രദമായിരുന്നു. പ്രത്യേകിച്ചും ജർമ്മൻ പട്ടാളക്കാർ ഇത് ഭയപ്പെട്ടിരുന്നു. രണ്ടാംലോക മഹായുദ്ധം കഴിഞ്ഞതോടെ സോവിയറ്റ് യൂണിയൻ വ്യാപകമായി ഈ റോക്കറ്റുകൾ നിർമ്മിക്കാൻ തുടങ്ങി. ജോസഫ് സ്റ്റാലിന്റെ പ്രിയപ്പെട്ട ആയുധമായും ഇത് വിലയിരുത്തപ്പെട്ടു.

 

താരതമ്യേന ചെലവ് കുറഞ്ഞതാണെന്നതും കത്യൂഷക്ക് ഗുണം ചെയ്തു. ട്രക്കുകളിലും കവചിതവാഹനങ്ങളിലും എന്നുവേണ്ട എവിടെനിന്നും ഈ റോക്കറ്റിനെ വളരെ എളുപ്പത്തിൽ വിക്ഷേപിക്കുവാനും കഴിയും. രണ്ടാംലോക മഹായുദ്ധത്തിനുശേഷം, നിരവധി ഗവേഷണങ്ങളാണ് ഈ റോക്കറ്റുകളിൽ നടന്നത്. ഇന്ന് ഉപയോഗിക്കുന്നത് ഇതിന്റെ അങ്ങേയറ്റം വികസിതമായ രൂപമാണ്.

സോവിയറ്റ് യൂണിയന്റെ വിഘടനത്തോടെ, റഷ്യയ്ക്ക് സൈനിക ആയുധശേഖരത്തിന്റെ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ചു. സ്വാഭാവികമായും കത്യൂഷ റോക്കറ്റ് ലോഞ്ചർ സംവിധാനവുമൊക്കെ റഷ്യയുടെ ഭാഗമായി. പക്ഷേ അവിടെയാണ് അപകടം തുടങ്ങിയതും. റഷ്യയിൽനിന്ന് ഇത് എളുപ്പത്തിൽ തീവ്രാവാദ സംഘടനകളിൽ എത്തി. താരതമ്യേന എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുന്നതും, ഉപയോഗിക്കാനും എളുപ്പമായതുകൊണ്ട് ഇത് ലോകമെമ്പാടുമുള്ള തീവ്രാവാദ സംഘടനകളുടെ ഇഷ്ട ആയുധമാണ്. യെമനിലെ ഹൂതി വിമതരും, ലെബനിനിലെ ഹിസ്ബുല്ലയും തൊട്ട് ഫലസ്തീൻ പോരാളികൾവരെ ഇന്ന് ഈ റോക്കറ്റ് ഇപയോഗിക്കുന്നുണ്ട്.

സോവിയറ്റ് യൂണിയനിലെ താരതമ്യേന ദുർബലരായ പല രാജ്യങ്ങളും, വിഘടനാനന്തരം പിടിച്ചുനിന്നത് ഇത്തരം ആയുധ വിൽപ്പനയിലൂടെയാണ്. ഒന്നും രണ്ടും ചെചെൻ യുദ്ധങ്ങളിൽ റഷ്യൻ സേനയും നാഗൊർനോ-കറാബക്ക് യുദ്ധത്തിൽ അർമേനിയൻ , അസർബൈജാനി സേനകളും ഈ ആയുധം വ്യാപകമായി ഉപയോഗിച്ചിരുന്നു. 2008 ലെ സൗത്ത് ഒസ്സെഷ്യ യുദ്ധത്തിൽ ജോർജിയൻ സർക്കാർ സേന ബിഎം -21 ഗ്രേഡ് അല്ലെങ്കിൽ സമാനമായ റോക്കറ്റ് പീരങ്കികൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.

കത്യുഷ പോലുള്ള ലോഞ്ചറുകൾ അഫ്ഗാനിസ്ഥാൻ , അംഗോള , ചെക്കോസ്ലോവാക്യ , ഈജിപ്ത്, കിഴക്കൻ ജർമ്മനി , ഹംഗറി , ഇറാൻ , ഇറാഖ് ,മംഗോളിയ, ഉത്തര കൊറിയ, പോളണ്ട്, സിറിയ , യെമൻ , വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തു. ചെക്കോസ്ലോവാക്യ , ചൈന , ഉത്തര കൊറിയ , ഇറാൻ എന്നിവിടങ്ങളിലും അവ നിർമ്മിക്കപ്പെട്ടു. തുടർന്നങ്ങോട്ട് നടന്ന ചെറുതും വലുതുമായ യുദ്ധത്തിലൊക്കെയും കത്യൂഷയുണ്ട്. ഇപ്പോൾ ഇതിന്റെ വികസിത രൂപമാണ് അമേരിക്കയുടെ കൈയിലുള്ളത്.

അമേരിക്കയുടേത് കരുത്തുറ്റ വ്യോമസേന

പക്ഷേ ഇറാനുമായി തട്ടിച്ചനോക്കുമ്പോൾ അമേരിക്കയുടെ ഏറ്റവും വലിയ കരുത്ത് അവരുടെ വ്യോമസേനയാണ്. എവിടെയും എങ്ങനെയും ആക്രമിക്കാൻ കഴിയുന്നപോർ വിമാനങ്ങൾ ലോകത്ത് ഒരു രാജ്യത്തിനുമില്ല. സൈനിക ശക്തികളെ റാങ്ക് ചെയ്യുന്ന ഗ്ലോബൽ ഫയർ പവർ ഇന്റക്‌സ് പ്രകാരം ലോകത്ത് സൈനിക ശേഷിയുള്ള 137 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് യുഎസ്എയുടെ സ്ഥാനം. 14ാം സ്ഥാനത്താണ് ഇറാൻ. അമേരിക്കയുടേതുപോലുള്ള സുശക്തമായ നാവിക സേനയും പടക്കപ്പലും മറ്റാർക്കുമില്ല. കരസേനയുടെ ശക്തിയും താരതമ്യം ചെയ്താൽ ബഹുദൂരം മുന്നിലാണ് അമേരിക്ക. അതുപോലെ ചാരശൃഖല കമ്പ്യൂട്ടർ നിയന്ത്രിത ആയുധങ്ങൾ എന്നിവയൊക്കെ കൂടുതൽ ഉള്ളതും അമേരിക്കയ്ക്ക് തന്നെ.

ആണവ ആയുധ ശേഷി ഇറാൻ ഇപ്പോഴും കൈവരിച്ചിട്ടില്ല എന്നത് തന്നെയാണ് ലോകത്തിന്റെ അനുമാനം. അത്തരത്തിൽ ഒരു അവകാശവാദം ഇന്നുവരെ ഇറാൻ ഉന്നയിച്ചിട്ടുമില്ല. 2010ൽ അമേരിക്കൻ ഇസ്രയേൽ കമ്പ്യൂട്ടർ വൈറസ് സ്റ്റുക്‌സ് നെറ്റിന്റെ ആക്രമണത്തിൽ ഇറാന്റെ രാജ്യത്തെ 1000 ത്തോളം ന്യൂക്ലിയർ സെൻട്രഫ്യൂഗലുകൾ നിശ്ചലമായിരുന്നു. ഇതിൽ നിന്നെല്ലാം ഇറാൻ അമേരിക്കയുമായി നേരിട്ട് ഒരു ഏറ്റുമുട്ടലിന് തയ്യാറാകുമോ എന്ന കാര്യം സംശയത്തിലാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP