Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സ്വയം പൊട്ടിത്തെറിച്ച് കനത്തനാശം വിതയ്ക്കാൻ കഴിയുന്ന ആയിരക്കണക്കിന് 'ജിഹാദി ഡ്രോണുകൾ'; 2000 കിലോമീറ്റർ അപ്പുറത്ത് എത്താൻ കഴിയുന്ന മിസൈലുകൾ; 6 ലക്ഷം സജീവ അംഗങ്ങൾ ഉള്ള സൈന്യം; ഒപ്പം 5 ലക്ഷം മുതൽ 10 ലക്ഷം വരെ റിസർവ് സൈന്യവും; ഷിയാ ഐസിസ് എന്ന് വിളിക്കുന്ന ഹൂതികളെയും ഹിസ്ബുല്ലയുടെയും സിറിയൻ വിമതരുടെയും ശക്തമായ പിന്തുണ; ലോകത്ത് സൈനിക ശേഷിയുള്ള 137 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയെ 14ാം സ്ഥാനത്തുള്ള ഇറാൻ വിറപ്പിക്കുന്നത് ഇങ്ങനെ

സ്വയം പൊട്ടിത്തെറിച്ച് കനത്തനാശം വിതയ്ക്കാൻ കഴിയുന്ന ആയിരക്കണക്കിന് 'ജിഹാദി ഡ്രോണുകൾ'; 2000 കിലോമീറ്റർ അപ്പുറത്ത് എത്താൻ കഴിയുന്ന മിസൈലുകൾ; 6 ലക്ഷം സജീവ അംഗങ്ങൾ ഉള്ള സൈന്യം; ഒപ്പം 5 ലക്ഷം മുതൽ 10 ലക്ഷം വരെ റിസർവ് സൈന്യവും; ഷിയാ ഐസിസ് എന്ന് വിളിക്കുന്ന ഹൂതികളെയും ഹിസ്ബുല്ലയുടെയും സിറിയൻ വിമതരുടെയും ശക്തമായ പിന്തുണ; ലോകത്ത് സൈനിക ശേഷിയുള്ള 137 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയെ 14ാം സ്ഥാനത്തുള്ള ഇറാൻ വിറപ്പിക്കുന്നത് ഇങ്ങനെ

എം മാധവദാസ്

ടെഹ്റാൻ: ഇനി ഒരു ലോക മഹായുദ്ധം ഉണ്ടായാൽ, എന്തായിരിക്കും വിജയ സാധ്യത നിർണ്ണയിക്കുക? ന്യയോർക്ക് ടൈംസ് ലേഖകനും യു എസ് യുദ്ധകാര്യ വിദഗ്ധനുമായ ജോ മാർട്ടിന്റെ അഭിപ്രായത്തിൽ അത് ബോംബുകളോ, മിസൈലുകളോ അല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. ആർ ഐ വഴി നിയന്ത്രിക്കപ്പെടുന്ന ഡ്രോണുകൾ ആയിരിക്കും, ഇനി ലോകത്തിന്റെ യുദ്ധ ഭൂമി നിയന്ത്രിക്കുക. ആ മേഖലയിൽ മുന്നിൽ നിൽക്കുന്നത് ചൈനയാണ്. അതുകൊണ്ടുതന്നെ ചൈനയാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആയുധ ശക്തിയെന്നുമാണ് മാർട്ടിന്റെ നിരീക്ഷണം.

അമേരിക്ക- ഇറാൻ സംഘർഷത്തിന്റെ ഭാഗമായി ലോകം മറ്റൊരു യുദ്ധത്തിന്റെ ഭീതിയിൽ നിൽക്കുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസും സജീവ ചർച്ചയാവുകയാണ്. കാരണം, വരുമാനത്തിന്റെ 70 ശതമാനവും സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇറാൻ ചൈനയിൽ നിന്ന് ഈ മേഖലയിൽ ശക്തമായ പരിശീലനം നേടിയിട്ടുണ്ട്. ആളുകളില്ലാത്ത ആയിരക്കണക്കിന് ആത്മഹത്യ ഡ്രോണുകളാണ് ഇറാൻ വികസിപ്പിച്ചത്. മനുഷ്യന്റെ കൈവെള്ളയിൽ വെച്ച് നിയന്ത്രിക്കാൻ കഴിയുന്നു ഒരു കൊച്ചു പക്ഷിയെപ്പോലുള്ള ഒരു ഡ്രോൺ. ഒരു നഗരത്തെതന്നെ ഇല്ലാതാക്കാൻ കഴിയുന്ന മാരകശേഷി അതിനുണ്ടാവും. ലക്ഷ്യം തീർത്തശേഷം തിരിച്ചുവരുന്ന ഡ്രോണുകളുമുണ്ട്. പക്ഷേ ഇറാൻ വികസിപ്പിച്ചത് സ്വയം പൊട്ടിത്തെറിച്ച്, ഇല്ലാതാവുന്ന 'ജിഹാദി ഡ്രോണുകളാണ്'.

ഒരു വിമാനത്തിന്റെ അതേ വേഗതയിൽ തന്നെയാണിവ സഞ്ചരിക്കുക. വലിപ്പം തീരെ ചെറുതായതിനാൽ വെടിവെച്ചിടാനും പ്രയാസം. നിരീക്ഷണ സംവിധാനങ്ങളുടെയും കണ്ണുവെട്ടിക്കാൻ എളുപ്പമാണ്. വലിയ വിമാനങ്ങളിൽ ഒന്നിച്ച് നിറച്ച് യുദ്ധമുഖത്തിൽ ടാർജറ്റ് ഫിക്സ് ചെയ്ത് ആയിരക്കണക്കിന് ഡ്രോണുകളെ ഒന്നിച്ച് വിതറാനും കഴിയും. ഈ മൾട്ടിപ്പിൾ സ്പ്രഡിങ്ങ് ഡ്രോൺ സംവിധാനവും ഇറാനുണ്ട്. അതായത് ഒരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ അമേരിക്കയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന് ചുരുക്കം. ആധുനികം എന്നല്ല അത്യന്താധുനികം എന്നു തന്നെ പറയാൻ പറ്റുന്നവയാണ് ഇറാന്റെ സൈന്യവും ആയുധ സംവിധാനവും. ഡ്രോൺ കഴിഞ്ഞാൽ മിസൈൽ സംവിധാനത്തിലാണ് ഇറാന്റെ കരുത്ത്.

2000 കിലോമീറ്റർ അപ്പുറത്ത് എത്താൻ കഴിയുന്ന മിസൈലുകൾ

അമേരിക്കയുടെ സെന്റർ ഫോർ സ്ട്രാറ്റജിക്ക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ട് പ്രകാരം മിഡിൽ ഈസ്റ്റിൽ ഏറ്റവും വൈവിധ്യവും ശേഷിയും ഉള്ള മിസൈലുകൾ കൈവശമുള്ള രാജ്യമാണ് ഇറാൻ. യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഡയറക്ടർ വിൻസന്റ് ആർ സ്റ്റുവർട്ടിന്റെ അഭിപ്രായ പ്രകാരം അമേരിക്ക നേരിടുന്ന പ്രധാന അഞ്ച് സൈനിക വെല്ലുവിളികളിൽ പ്രധാനപ്പെട്ടതാണ് ഇറാന്റെ മിസൈൽ ശേഷി. ഇറാന്റെ കയ്യിലുള്ള ബാലിസ്റ്റിക്ക് ക്രൂയിസ് മിസൈലുകൾ 2,000 കിലോമീറ്ററിൽ കൂടുതൽ ദൂരത്തുള്ള ലക്ഷ്യം തകർക്കാൻ ശേഷിയുള്ളവയാണ്. ഇതിനാൽ തന്നെ ദക്ഷിണ കിഴക്കൻ യൂറോപ്പ്, ഇസ്രയേൽ എന്നിവയ്ക്കൊക്കെ ഇറാൻ മിസൈലുകൾ ഭീഷണിയായേക്കും. കഴിഞ്ഞ സമീപ വർഷങ്ങളിൽ ഐഎസ് അടക്കമുള്ളവർക്കെതിരെ നീക്കത്തിന്റെ ഭാഗമായി ഇറാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്ക് മിസൈൽ വിക്ഷേപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ പേർഷ്യൻ കടലിടുക്കിൽ എണ്ണ ടാങ്കറുകൾ തകർത്തതും വാർത്തകളിൽ വന്നിരുന്നു.

ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തിയപ്പോൾ ഞെട്ടിയത് യുഎസ് പ്രതിരോധ ഏജൻസികളും കൂടിയായിരുന്നു. അഞ്ഞൂറ് മൈലിലധികം സഞ്ചരിച്ച് കൃത്യമായി ലക്ഷ്യത്തിലെത്താൻ കഴിയുന്ന മിസൈൽ സംവിധാനം ഇറാന് ഉണ്ടെന്നതിന്റെ തെളിവ് കൂടിയായിരുന്നു ഇത്. ഫത്തേ-110, ഖിയീം-1, എന്നീ ഉഗ്രരൂപത്തിലുള്ള രണ്ടു ബാലിസ്റ്റിക്ക് മിസൈലുകൾ ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്നും, ഇതിലും വലിയ മിസൈലുകൾ ഇറാന്റെ കൈയിലുണ്ടെന്നും ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. സൗദി അടക്കമുള്ള രാജ്യങ്ങളെ പേടിപ്പിക്കുന്നതും ഇതുതന്നെയാണ്. ഇത്രയും വലിയ മിസൈൽ സംവിധാനം ഉള്ളതുകൊണ്ട്, ഹൂതി വിമതർ വഴി നിഷ്പ്രയാസം സൗദിയെ ആക്രമിക്കാൻ ഇറാന് കഴിയും. ഇറാഖിലെ അൽ അസദ് വ്യോമതാവളം, പടിഞ്ഞാറൻ ഇറാഖിലെ ഇർബിലിനു സമീപത്തുള്ള വ്യോമതാവളം എന്നിവടങ്ങളിലേക്ക് കൃത്യമായി മിസൈൽ അയക്കാൻ ഇറാന് കഴിഞ്ഞത് യുദ്ധ ഭീതി ഉയർത്തിയിട്ടുണ്ട്. 80ലധികം പേർ മരിച്ചുവെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ ആരും മരിച്ചിട്ടില്ല എന്നാണ് അമേരിക്ക പറയുന്നത്. മരണസംഖ്യയെക്കുറിച്ച് എന്ത് തർക്കം ഉണ്ടായാലും ഇറാൻ മിസൈലുകൾ ലക്ഷ്യഭേദിയാണെന്നത് വ്യക്തമാണ്.

അമേരിക്കയുടെ എല്ലാവിധ ഉപരോധങ്ങളും മറികടന്നാണ് ഇറാൻ തങ്ങളുടെ മിസൈൽ പദ്ധതികൾ വിജയിപ്പിച്ച് എടുത്തത്. 180 മുതൽ 300 മൈലിലധികം ദൂരത്തിൽ കൃത്യതയോടെ എത്തുന്നവയാണ് ഫത്തേ-110 മിസൈലുകൾ. 225 കിലോ വരെ വെടിക്കോപ്പുകൾ വഹിക്കാൻ ഇവക്ക് കഴിയും. ഇതിനേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്നവയാണ് ഖിയാം -1 മിസൈലുകൾ. ഇവർക്ക് 500 മൈൽ സഞ്ചരിക്കാൻ കഴിയും. 340 കിലോയാണ് വാഹകശേഷി. ഈ രണ്ടു മിസൈലുകളുമാണ് സത്യത്തിൽ ഇറാന്റെ തുറപ്പുചീട്ട്.

ഹ്രസ്വ-ദൂര, സർഫസ് ടു സർഫസ് ബാലിസ്റ്റിക് മിസൈലായ ഫത്തേ പൂർണമായും ഇറാനിൽ രൂപകൽപ്പന ചെയ്യപ്പെട്ടതാണ്. ഏത് സ്ഥലത്തുനിന്നും വിക്ഷേപിക്കാൻ കഴിയും. അതേസമയം ഖിയാം -1 മിഡിൽ ഈസ്റ്റിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടാണ് പ്രത്യേകമായി നിർമ്മിച്ചത്. എത് നിമിഷവും ഇതുപോലെ ഒരു സാഹചര്യം വരുമെന്ന് ഇറാന് വ്യക്തമായിരുന്നു. വ്യോമതാവളങ്ങൾ ഇറാനെ വളഞ്ഞിരിക്കുന്നതിനാൽ നമുക്ക് കൂടുതൽ സുരക്ഷ വേണമെന്നാണ് ഇറാൻ പ്രസിഡന്റ് റൂഹാനി എടുത്തിരിക്കുന്ന നിലപാട്. കഴിഞ്ഞ വർഷം ഇറാൻ പുതിയ മിസൈൽ പ്രതിരോധ സംവിധാനം രൂപവത്ക്കരിച്ചത് വലിയ വാർത്തയായിരുന്നു. തദ്ദേശീയമായി നിർമ്മിച്ച ബവാർ-373 മിസൈൽ പ്രസിഡന്റ് ഹസൻ റുഹാനി അവതരിപ്പിച്ചു.

യുഎസ് അടക്കമുള്ള രാജ്യങ്ങളും ഇറാനും തമ്മിൽ ഒപ്പുവച്ച ആണവ കരാറിൽ നിന്ന് അമേരിക്ക കഴിഞ്ഞ വർഷം ഏകപക്ഷീയമായി പിന്മാറുകയും ഇറാന് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷവും അമേരിക്കയുമായി രൂക്ഷമായ സംഘർഷങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ പുതിയ മിസൈൽ സംവിധാനം ഇറാൻ അവതരിപ്പിക്കുന്നത്. ഏറെ നാളായി ഈ ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പണിപ്പുരയിലായിരുന്നു ഇറാൻ.

റഷ്യയുടെ എസ്-300 നെ ആയിരുന്നു അതുവരെ ഇറാൻ ആശ്രയിച്ചിരുന്നത്. എന്നാൽ അന്താരാഷ്ട്ര ഉപരോധത്തെത്തുടർന്ന് 2010-മുതൽ കൂടുതൽ മിസൈലുകൾ വാങ്ങാൻ കഴിയാതെയായി. അതോടെയാണ് ബാവറിന്റെ നിർമ്മാണത്തിലേക്ക് ഇറാൻ കടക്കുന്നത്. ബവാർ-373 എസ്-300 നേക്കാൾ മികച്ചതും എസ്-400 നോട് കിട പിടിക്കുന്നതുമാണെന്ന് ഹസൻ റുഹാനി പറയുന്നു.

200 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ മിസൈൽ രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ വിലയിരുത്തിയത്.

സൈനിക ശക്തിയിൽ അമേരിക്ക ഒന്നാമത്; ഇറാൻ 14ാമത്

സൈനിക ശക്തികളെ റാങ്ക് ചെയ്യുന്ന ഗ്ലോബൽ ഫയർ പവർ ഇൻഡക്സ് പ്രകാരം ലോകത്ത് സൈനിക ശേഷിയുള്ള 137 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് യുഎസ്എയുടെ സ്ഥാനം. രണ്ടാം സ്ഥാനത്ത് റഷ്യയും പിന്നെ ചൈനയുമാണ്. ഇന്ത്യ ഈ ലിസ്റ്റിൽ നാലാം സ്ഥാനത്താണ്.
14 ാത്തെ സ്ഥാനത്താണ് ഇറാൻ. പാക്കിസ്ഥാൻ 15ാം സ്ഥാനത്തും. 2018 ലെ കണക്ക് പ്രകാരം ഇറാൻ തങ്ങളുടെ സൈനിക ശക്തിക്കായി ആ വർഷം ചിലവഴിച്ച തുക 18.9 ശതകോടി അമേരിക്കൻ ഡോളറാണ്. അതേ സമയം അമേരിക്ക ചെലവാക്കിയ തുക 648.8 ശതകോടി അമേരിക്കൻ ഡോളറാണ്. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റ്യൂട്ടിനെ ഉദ്ധരിച്ചാണ് ഈ കണക്ക്.

6 ലക്ഷം സജീവ അംഗങ്ങൾ ഉള്ള സൈന്യമാണ് ഇറാന് ഉള്ളത് എന്നാണ് അമേരിക്കൻ രഹസ്യന്വേഷണ വിവരങ്ങൾ പറയുന്നത്. ഒപ്പം 5 ലക്ഷം മുതൽ 10 ലക്ഷം വരെ റിസർവ് സൈന്യത്തെയും അമേരിക്ക പ്രതീക്ഷിക്കുന്നു. എന്നാൽ അമേരിക്കൻ സൈന്യത്തിൽ 1.3 ദശലക്ഷം സജീവ അംഗങ്ങളും. 8ലക്ഷം റിസർവ് അംഗങ്ങളുമാണ് ഉള്ളത്. ഇറാനിൽ 18 വയസുള്ള അണുങ്ങൾക്ക് സൈനിക സേവനം നിർബന്ധമാണ്. അതിനാൽ തന്നെ ഇറാനിൽ മികച്ച റിസർവ് സൈനികർ ഉണ്ടെന്നാണ് റിപ്പോർട്ട്.ഇറാനിയൻ സൈന്യം പൊതുവായി രണ്ട് വിഭാഗങ്ങളാണ്. സാധാരണ സൈന്യം - ആർട്ടിഷ് എന്ന് ഇവർ അറിയപ്പെടും. രണ്ടാം വിഭാഗം ഇസ്ലാമിക്ക് റവല്യൂഷണറി ഗാർഡ്. ഇറാന്റെ 1979 ലെ ഭരണഘടന പറയുന്നത് പ്രകാരം ഇറാനിയൻ സൈന്യം 'പ്രത്യയശാസ്ത്ര സേന' എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് രാജ്യത്തിന്റെ അതിർത്തികൾ കാക്കുവാൻ മാത്രമല്ല. 'ദൈവത്തിന്റെ നിയമം' ലോകത്തെമ്പാടും നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം ഈ സൈന്യത്തിനുണ്ട്. ഇത് ഇസ്ലാമിക ജിഹാദ് അല്ലാതെ മറ്റൊന്നുമല്ല. ഇവിടെയാണ് ലോക രാഷ്ട്രങ്ങൾ സത്യത്തിൽ ഇറാനെ ഭയക്കേണ്ടതും. പുറമെ എന്തെല്ലാം പറയുന്നുണ്ടെങ്കിലും ഇസ്ലാമിന്റെ വ്യാപനത്തിനുവേണ്ടിയാണ് ഈ രാഷ്ട്രം നിലനിൽക്കുന്നത്.

ഇതിനാൽ തന്നെ ഇസ്ലാമിക്ക് റവല്യൂഷണറി ഗാർഡിന് പ്രത്യേക അധികാരങ്ങളും സ്വാധീനവും ഉണ്ട്. ഇറാനിലെ സിവിലിയൻ ജീവിതത്തിലും, ഇറാന് പുറത്ത് ഇറാന്റെ സ്വാധീനം വർദ്ധിപ്പിക്കാനും ഇസ്ലാമിക്ക് റവല്യൂഷണറി ഗാർഡിന് ശേഷിയുണ്ട്. ഇതിന്റെ രഹസ്യന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്നു അമേരിക്ക കൊലപ്പെടുത്തിയ ജനറൽ കാസ്സിം സൊലൈമാനി. എന്നാൽ, അമേരിക്കൻ സൈനിക ശക്തിയോട് നേരിട്ട് ഏറ്റുമുട്ടാൻ ഇറാന് ഈ ശേഷി പോരെന്നാണ് പ്രതിരോധ വിദഗ്ധരുടെ പക്ഷം. ഇതിനായുള്ള സാമ്പത്തിക സൈനിക ശേഷി ഇറാന് ഇപ്പോഴില്ലെന്ന് ഇവർ വിശ്വസിക്കുന്നു.

അമേരിക്കയുടെ കരുത്ത് സഖ്യ ശക്തികളിൽ

അതേ സമയം ഇറാനെതിരെ ഒരു നടപടി ആലോചിക്കുമ്പോൾ അമേരിക്കയ്ക്ക് കരുത്താകുന്നത് ഇറാന് ചുറ്റും ഉള്ള അവരുടെ സഖ്യശക്തികളെയാണ്. അതിൽ പ്രധാനപ്പെട്ടത് ഇസ്രയേലാണ്. ഏതാണ്ട് 80-90 ആണവ പോർമുനകൾ കയ്യിലുള്ള രാജ്യമാണ് ഇസ്രയേൽ. അതിനൊപ്പം തന്നെ മേഖലയിൽ യുഎഇ, സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പിന്തുണയും അവിടെ നിന്ന് എപ്പോൾ വേണമെങ്കിലും പോർ വിമാനങ്ങൾ അയക്കാനുള്ള ശേഷിയും അമേരിക്കയ്ക്ക് ഉണ്ട്. അതിനാൽ തന്നെ കൃത്യമായ സൈനിക മേൽക്കൈ ഇത് അമേരിക്കയ്ക്ക് നൽകുന്നു. അതേ സമയം അമേരിക്കൻ ആകാശ ആക്രമണത്തെ നേരിടാൻ കഴിയുന്ന രീതിയിൽ അധുനിക വിമാനങ്ങൾ വളരെക്കാലം നീണ്ട നിരോധനങ്ങളാൽ ഫ്രാൻസിൽ നിന്നോ റഷ്യയിൽ നിന്നോ വാങ്ങുവാൻ ഇറാന് സാധിച്ചില്ല എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചുറ്റുമുള്ള പല രാജ്യങ്ങളും ശത്രുക്കളാകുമ്പോഴും ഇറാന്റെ ഇപ്പോഴത്തെ ഏക ഉറച്ച പങ്കാളി സിറിയയിലെ ബാഷർ ഭരണകൂടം മാത്രമാണ്. മിസൈൽ സുരക്ഷ ഒരു പരിധിവരെ അമേരിക്കൻ വ്യോമക്രമണങ്ങളെ തടുക്കാൻ ചിലപ്പോൾ ഇറാന് തുണയായേക്കാം. എന്നാൽ അമേരിക്കൻ ആധുനിക വിമാനങ്ങളോട് പൊരുതി നിൽക്കാൻ പോന്ന പോർവിമാനങ്ങൾ ഇറാനില്ലെന്നത് യാഥാർത്ഥ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആണവ ആയുധ ശേഷി ഇറാൻ ഇപ്പോഴും കൈവരിച്ചിട്ടില്ല എന്നത് തന്നെയാണ് ലോകത്തിന്റെ അനുമാനം. അത്തരത്തിൽ ഒരു അവകാശവാദം ഇന്നുവരെ ഇറാൻ ഉന്നയിച്ചിട്ടുമില്ല. 2010ൽ അമേരിക്കൻ ഇസ്രയേൽ കമ്പ്യൂട്ടർ വൈറസ് സ്റ്റുക്സ് നെറ്റിന്റെ ആക്രമണത്തിൽ ഇറാന്റെ രാജ്യത്തെ 1000 ത്തോളം ന്യൂക്ലിയർ സെൻട്രഫ്യൂഗലുകൾ നിശ്ചലമായിരുന്നു. ഇതിൽ നിന്നെല്ലാം ഇറാൻ അമേരിക്കയുമായി നേരിട്ട് ഒരു ഏറ്റുമുട്ടലിന് തയ്യാറാകുമോ എന്ന കാര്യം സംശയത്തിലാക്കുന്നു. 1990 ൽ ഇറാന്റെ അയൽ രാജ്യമായ ഇറാഖ് കുവൈത്ത് ആക്രമിക്കുന്ന സമയത്ത് ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനിക ശക്തിയായിരുന്നു. അതിന് ശേഷം ഇറാഖിന് സംഭവിച്ചത് എന്താണെന്ന് ലോകത്തിന് മുന്നിലുള്ള ഉദാഹരണമാണ്. എന്നാൽ അമേരിക്കൻ സൈനിക ക്യാമ്പുകളെ ആക്രമിച്ചതോടെ ചിത്രം മാറ്റിയിരിക്കുകയാണ് ഇറാൻ.

ആഗോള ഭീകരവാദം ശക്തിപ്പെടും

ആഗോള തീവ്രവാദം ശക്തിപ്പെടും എന്നതാണ് യുഎസ്- ഇറാൻ സംഘർഷങ്ങൾ കൊണ്ടുള്ള ഏറ്റവും വലിയ ദോഷമായി വിലയിരുത്തപ്പെടുന്നത്. ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി വിമതർ, സിറിയയിലെ ബാഷർ അൽ അസാദിന്റെ അനുകൂലികൾ തുടങ്ങിയവരെല്ലാം സഹായിക്കുന്നത് ഇറാൻ ആണെന്നത് പരസ്യമായ രഹസ്യമാണ്. അമേരിക്ക, ഇസ്രയേൽ, സൗദി അടക്കമുള്ള രാജ്യങ്ങൾക്ക് എതിരായ മേഖലയിലെ വിമതരെയും ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നത് ഇറാനാണ്. ഇതിന്റെ തലച്ചോറായിരുന്നു കൊല്ലപ്പെട്ട ജനറൽ കാസ്സിം സുലൈമാനി. സുലൈമാനിയുടെ മരണം ഭീകരത കുറക്കുകയല്ല വർധിപ്പിക്കയാണ് ചെയ്യുക. ഇനി യുദ്ധം ഉണ്ടാകുകയും ചെയ്യുന്നതോടെ ഈ ഗ്രൂപ്പുകളെല്ലാം ഇറാനുവേണ്ടി പ്രവർത്തിക്കും എന്നതിൽ തർക്കമില്ല. ആഗോള വ്യാപകമായ സുന്നി-ഷിയാ പ്രശ്നങ്ങളുടെ തുടർച്ചയിൽ മയങ്ങിക്കിടന്ന പാൻ ഇസ്ലാമിസത്തെയും ഇത് തുറന്നു വിടാൻ ഇടയുണ്ട്. ഉദാഹരണമായി ഐസിസ് അൽഖ്വേദ തുടങ്ങിയ പൊതുവെ സുന്നി ഭീകരസംഘടനകളായാണ് അറിയപ്പെടുന്നത്. പക്ഷേ യുദ്ധം ഇവരുടെ ഏകോപനത്തിനും, ലോക വ്യാപകമായ ഭീകരാക്രമണത്തിന് തിരികൊളുത്താനും ഇടയുണ്ട്.

ലബനൻ എന്ന ക്രിസ്ത്യൻ രാഷ്ട്രത്തെ പതുക്കെ ഇസ്ലാമിലേക്ക് കൊണ്ടുവരാനും, ഇസ്രയേലിനെ ആക്രമിക്കാനുമൊക്കെ ഇപ്പോഴും മുൻകൈ എടുക്കുന്ന ലബനിലെ ഹിസ്ബുള്ളയുടെ ഊർജം ഇറാൻ ആണ്. ലോകത്തിലെ ഏറ്റവും വലിയ സായുധ ഭീകരവാദസംഘങ്ങളിൽ ഒന്നാണ് ഇന്ന് ഹിസ്ബുല്ല. ഇപ്പോഴും ഇസ്രയേലനെതിരെ ആക്രമണങ്ങൾ നടത്താറുണ്ട്. എഴ് വർഷത്തോളം നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ മെയിൽ ആക്രമണ പ്രത്യാക്രമണവുമായി ഹിസബുല്ലയും ഇസ്രയേലും നേർക്കുനേർ എത്തി. ലെബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇറാൻ അനുകൂല ഷിയാ തീവ്രവാദ സംഘമായ ഹിസ്ബുള്ള തെക്കൻ ലെബനിൽ നിന്നും ഇസ്രയേൽ സൈനിക താവളങ്ങളിലേക്ക് ടാങ്ക് വേധ മിസൈലുകൾ പ്രയോഗിച്ചു. പിന്നാലെ ഹെലികോപ്റ്ററുകളും പീരങ്കികളും ഉപയോഗിച്ച് ഇസ്രയേൽ തിരിച്ചടിച്ചു.ം ഷെല്ലിങ് നടത്തിയ മേഖലയിൽ ഇസ്രയേലിന്റെ ടാങ്ക് തകർത്തതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ടാങ്കിനുള്ളിലുണ്ടായിരുന്ന ഇസ്രയേലി സൈനികരെ വധിച്ചതായും സംഘടന അവകാശപ്പെട്ടിരുന്നു. സിറിയയെയും ലബനനെയും പതുക്കെ ഇറാഖിനെയും സ്വാധീനിച്ച് പുതിയ ഒരു അച്ചുതണ്ട് ഉണ്ടാക്കാനാണ് ഇറാൻ ശ്രമിച്ചിരുന്നുത്. അതുകൊണ്ടുതന്നെ അമേരിക്കക്കപ്പഒ ഒപ്പം നിൽക്കുന്ന യുഎഇ, സൗദി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും ഭീകരാക്രമണത്തിന് സാധ്യതയുണ്ട്.

2017ലെ അറബ് -ഇസ്ളാമിക് അമേരിക്കൻ ഉച്ചകോടിയിൽ വച്ചാണ് സൽമാൻ രാജാവ് ഇറാനെതിരെ ആഞ്ഞടിച്ചത് വലിയ വിവാദം ആയിരുന്നു.ഭീകരവാദത്തിന്റെ കുന്തമുന ഇറാനാണെന്ന സൗദി അറേബ്യയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായാണ് ഇറാനും പ്രതികരിച്ചത്. ആഗോള ഭീകരവാദത്തിന്റെ പ്രായോജകർ സൗദിയാണെന്ന് ഇറാൻ തിരിച്ചടിച്ചു. സെപ്റ്റംബർ 11 ആവർത്തിക്കാതിരിക്കാൻ സൗദിയിലെ തീവ്ര ഇസ്ളാമിസ്റ്റുകളോട് ആവശ്യപ്പെടുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നും ഇറാൻ ചൂണ്ടിക്കാട്ടി. 1979 ലെ ഇസ്ളാമിക് വിപ്ളവത്തിനു ശേഷമാണ് ഭീകരവാദം വളർന്നതെന്ന് സൽമാൻ രാജാവ് ചൂണ്ടിക്കാട്ടി . ഇറാനാണ് ആഗോള ഭീകരതയുടെ കുന്തമുന.

ഹിസ്ബുള്ള , അൽ ഖായ്ദ , ഹൂതി വിമതർ ഐസിസ് എന്നിവയ്ക്ക് ഇറാൻ പിന്തുണ നൽകുന്നു. എന്നാൽ ഇറാനിയൻ ജനങ്ങളോട് തങ്ങൾക്ക് അനുഭാവമുണ്ടെന്നും രാജാവ് കൂട്ടിച്ചേർത്തു. ഖൊമേനി നേതൃത്വത്തിന്റെ ചെയ്തികൾക്ക് ജനങ്ങളെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സൗദിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാൻ രംഗത്തെത്തി. ഇനിയൊരു സെപ്റ്റംബർ സൗദി പിന്തുണയോടെ ആവർത്തിക്കാതെ നോക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്ന് ഇറാൻ തിരിച്ചടിച്ചു. ആഗോള ഭീകരവാദത്തിന് സ്പോൺസർ ചെയ്യുന്ന സുന്നി തീവ്രവാദം അവസാനിപ്പിക്കാനാണ് നോക്കേണ്ടത്. വേൾഡ് ട്രേഡ് സെന്റർ തകർത്തത് ആരാണെന്നുള്ള രഹസ്യ വിവരങ്ങൾ സൗദിക്കറിയാം .അത് അന്വേഷിച്ച് കണ്ടെത്താൻ ട്രംപ് ശ്രമിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

സൗദിയെ ഹൂതി വിമതർ തകർക്കുമോ?

ഇറാൻ- അമേരിക്ക സംഘർഷത്തിൽ മലയാളികൾ അടക്കം പേടിക്കേണ്ടത് സൗദിയിലെ കുഴപ്പങ്ങളാണ്. സൗദിയിലെ പ്രമുഖ എണ്ണക്കമ്പനിയായ ആരാകോയെ അടക്കം നിരന്തരം ആക്രമിക്കുന്ന ഹുതി വിമതർക്ക് എല്ലാ പിന്തുണയും കൊടുക്കുന്നത് ഇറാൻ ആണെന്ന് യാതൊരു തർക്കവുമില്ല. അൽഖ്വായിദയും ഐസിസും പൊതുവേ സുന്നി ഭീകര സംഘടനകളായി അറിയപ്പെടുമ്പോൾ ഹൂതി വിമതർ ഷിയകളാണ്. ഷിയാ രാഷ്ട്രമായ ഇറാൻ പിന്തുണക്കുന്നത് ഇവരെയാണ്. ക്രൂരതക്ക് പേരുകേട്ട ഇവർ ഷിയാ ഐസിസ് എന്നാണ് അറിയപ്പെട്ടിരുന്നത്. സൗദിയുടെ ആരാംകോ എണ്ണക്കമ്പനിയുടെ സംസ്‌കരണകേന്ദ്രവും എണ്ണപ്പാടവും ലക്ഷ്യമിട്ട് ഹൂതിവിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വൻ തീപ്പിടിത്തവും സ്ഫോടനവുമാണ് ഇടക്കിടെ ഉണ്ടാകുന്നത്. ലോകത്തിലെ ഏറ്റവുംവലിയ എണ്ണ ഉത്പാദന, ശുദ്ധീകരണ, സംസ്‌കരണ സംവിധാനമുള്ള സ്ഥാപനമാണ് സൗദി ആരാംകോ.

സൗദിയിൽ ഒരു ആക്രമണമുണ്ടായാൽ അത് സ്വന്തം നാട്ടിൽ ഉണ്ടായ പോലെയുള്ള ആശങ്കയാണ് കേരളത്തിലുമുണ്ടാവുക. കാരണം അത്രയേറെ മലയാളികൾ ഉണ്ട് ആ രാജ്യത്ത്. ഇന്ന് സൗദിയിലെ അബ്ഹ വിമാനത്താവളത്തിനുനേരെ ആക്രമണം ഉണ്ടായെന്ന വാർത്തയും ഞെട്ടലോടെയാണ് ലോകം കേട്ടത്. മുമ്പ് മക്കയും മദീനയും ആക്രമിക്കാൻ ശ്രമിച്ചപ്പോഴും, സൗദിയുടെ ഏണ്ണ പെപ്പ്ലൈനിനുനേരെ ആക്രമണമുണ്ടായപ്പോഴും ഉയർന്നുകേട്ട പേരാണ് ഹൂതി വിമതരുടേത്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ശൈലിയിൽ തിരിച്ചടിക്കുന്ന ഹൂതികളെ ലോകം ഭയക്കുന്നുണ്ട്. അതെകാണ്ടുതന്നെ ഷിയാ ഐസിസ് എന്ന ഇരട്ടപ്പേരും ഇവർക്കുണ്ട്. ആരാണ് ഹൂതി വിമതർ, എന്തിനാണ് ഇവർ മക്കയെയും മദീനയെയും പോലും ലക്ഷ്യമിടുന്നത് എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേയുള്ളൂ. വംശീയത തന്നെ.

ലോകമെമ്പാടുമുള്ള സുന്നി-ഷിയാ സംഘർഷങ്ങളുടെ തുടർച്ച തന്നെയാണ് ഇന്ന് ഹൂതികൾക്ക് ഭാഗികമായി രാജ്യനിയന്ത്രണമുള്ള യെമനിലും സംഭവിച്ചത്. ഷിയാക്കൾക്ക് ഭൂരിപക്ഷമുള്ള ഇറാനാണ് ആയുധവും ധനവും കൊടുത്ത് ഹൂതികളെ സംരക്ഷിക്കുന്നത്. യെമന്റെ ഭരണം പിടിക്കുന്ന രീതിയിൽ സായുധ ശക്തിയായി ഹൂതികളെ വളർത്തിയതും ഇറാൻ തന്നെ. അതുകൊണ്ടുതന്നെ ഹൂതികളുടെ മുഖ്യശത്രു ഇറാനെ എതിർക്കുന്ന, അമേരിക്കയുമായി നല്ല ബന്ധത്തിലുള്ള സൗദി തന്നെയാണ്. സൗദിയുമായി അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് യെമൻ. മാത്രവുമല്ല ഇവിടുത്തെ ഹൂതി ഭരണത്തിനെതിരെ അമേരിക്കൻ പിന്തുണയോടെ സംയുക്ത സേന പട നയിക്കുകയുമാണ്. അതുകൊണ്ടുതന്നെ സുന്നി ഭൂരിപക്ഷമുള്ള സൗദിയെ എത് രീതിയിലും നശിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് ഹൂതികൾ.

ശത്രുരാജ്യത്തായിപ്പോയതുകൊണ്ട് മക്കയെയും മദീനയെപ്പോലും അവർ അംഗീകരിക്കുന്നില്ല. തലനാരിഴയ്ക്കാണ് ഹൂതികളുടെ മിസൈലാക്രമണത്തിൽനിന്ന് ഈ നഗരങ്ങൾ രക്ഷപ്പെട്ടത്. ആരാംകോയുടെ എണ്ണ പൈപ്പ്‌ലൈനുകൾ ഒക്കെ അവർ ആക്രമിക്കുന്നതും സൗദിയെ സാമ്പത്തികമായി തകർക്കാൻ കൂടിയാണ്. സൗദിയാവട്ടെ യെമനിൽ പടനീക്കം നടത്തി ഹൂതികളെ തുരത്താനും ശ്രമിക്കുന്നു. ഇതിനിടയിൽ തകർന്നുപോകുന്നത് യെമനിലെ കോടിക്കണക്കിന് പാവങ്ങളാണ്. ഇന്ന് ലോകത്തിൽ ഏറ്റവും വലിയ പട്ടിണിയുള്ള രാജ്യങ്ങളിൽ ഒന്നാണിത്. അഴിമതിയും അരാജകത്വവും സർവ സാധാരണം. ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന കോളറ പോലുള്ള പകർച്ചവ്യാധികൾ നൂറുകണക്കിന് ജീവനാണ് അപഹരിക്കാറുള്ളത്. 2011ലെ മുല്ലപ്പൂ വിപ്ലവക്കാലത്ത് തുടങ്ങിയ നിലയ്ക്കാത്ത യുദ്ധംമൂലം, കെട്ടിടങ്ങൾ തകർന്നും, പരിസ്ഥിതി മലിനമായും ഈ രാജ്യം സമ്പൂർണ്ണമായ നാശത്തിലേക്കാണ് നീങ്ങുന്നത്.യെമനിലെ ഷിയ ഗോത്ര വർഗ്ഗമാണ് ഹൂതികൾ. അടിസ്ഥാനമായി യമനിലെ പ്രശ്‌നം വംശീയമാണ്. യെമനിലെ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്ലാമിക ശാഖയാണ് ഹൂതികൾ. സുന്നി ഭൂരിപക്ഷ യെമനിൽ സയിദികൾ ന്യൂനപക്ഷമാണ്. സയിദികളെ അടിച്ചമർത്തുന്നതിനോടുള്ള ചെറുത്തുനിൽപ്പായാണ് ഹൂതി മുന്നേറ്റം തുടങ്ങിയത്.

ഹുസൈൻ അൽ-ഹൂതി എന്ന നേതാവിന്റെ പേരിൽ നിന്നാണ് ഹൂതികൾ ആ പേര് സ്വീകരിക്കുന്നത്. ഇയാൾ സ്ഥാപിച്ച സംഘമാണ് പിന്നീട് ഹൂതികളായി രൂപാന്തരം പ്രാപിച്ചത്. 1990 കളിൽ ആണ് ഹൂതികൾ ശക്തി പ്രാപിക്കുന്നത്. പ്രസിഡന്റ് അലി അബ്ദുള്ള സലേയുടെ കടുത്ത അടിച്ചമർത്തലുകലാണ് ഈ സംഘടനക്ക് നേരിടേണ്ടി വന്നത്. 2004 ൽ ഹുസൈൻ അൽഹൂതിയുടെ മരണത്തിന് ഇടയാക്കിയ സർക്കാരിന്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിച്ചത്. ഇതോടെ ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായി ഹൂതികൾ മാറി. ഇറാന്റെ പിന്തുണതോടെ വളരെപെട്ടെന്ന് ലബനനിലെ ഹിസ്ബുല്ലയെപ്പോലെയും, ലങ്കയിലെ തമിഴ്പുലികളെപ്പോലെയും എല്ലാവിധ ആധുനികോത്തര ആയുധങ്ങളുമുള്ള സൈനിക സ്വഭാവമുള്ള സംഘടനയായി മാറി.ഇതോടെ ഹൂതികൾ സ്വന്തം സൈന്യം തന്നെ രൂപീകരിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. യെമനിലെ പ്രധാന കേന്ദ്രങ്ങൾ മുഴുവൻ ഹൂതികൾ പിടിച്ചടക്കി. സർക്കാരും സൈന്യവും പ്രതിരോധത്തിലായി. ഇപ്പോഴും അവിടെ ചോരപ്പുഴ അവസാനിച്ചിട്ടില്ല. അമേരിക്ക- ഇറാൻ യുദ്ധമുണ്ടായാൽ ഹൂതികൾ സൗദിയെ വെറുതെ വിടില്ലെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP