Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ന്യൂയോർക്കിലടക്കം ജനം മരിച്ചുവീഴുന്നതോടെ ലോക പൊലീസായ അമേരിക്ക മാസ്‌ക്ക് 'കൊള്ള ചെയ്യുന്നു'; ജർമ്മനി ഓർഡർ ചെയ്ത രണ്ടു ലക്ഷം മാസ്‌ക്കുകൾ അമേരിക്ക തട്ടിയെടുത്ത് വലിയ വാർത്തയാക്കി ലോക മാധ്യമങ്ങൾ; ട്രംപിന്റെ തലതരിഞ്ഞ നയങ്ങൾ വില കുത്തനെ ഉയർത്തുന്നു; തക്കം മുതലാക്കി 'കോവിഡ് ആക്സസറീസ്' വിറ്റ് കോടികൾ കൊയ്യാൻ ചൈനയും; മിക്ക ചൈനീസ് ഫാക്ടറികളിലും മാസ്‌ക്ക് നിർമ്മാണം പൊടിപൊടിക്കുന്നു; മാസ്‌ക്കിനു വേണ്ടി ലോകയുദ്ധമോ?

ന്യൂയോർക്കിലടക്കം ജനം മരിച്ചുവീഴുന്നതോടെ ലോക പൊലീസായ അമേരിക്ക മാസ്‌ക്ക് 'കൊള്ള ചെയ്യുന്നു'; ജർമ്മനി ഓർഡർ ചെയ്ത രണ്ടു ലക്ഷം മാസ്‌ക്കുകൾ അമേരിക്ക തട്ടിയെടുത്ത് വലിയ വാർത്തയാക്കി ലോക മാധ്യമങ്ങൾ; ട്രംപിന്റെ തലതരിഞ്ഞ നയങ്ങൾ വില കുത്തനെ ഉയർത്തുന്നു; തക്കം മുതലാക്കി 'കോവിഡ് ആക്സസറീസ്' വിറ്റ് കോടികൾ കൊയ്യാൻ ചൈനയും; മിക്ക ചൈനീസ് ഫാക്ടറികളിലും മാസ്‌ക്ക് നിർമ്മാണം പൊടിപൊടിക്കുന്നു; മാസ്‌ക്കിനു വേണ്ടി ലോകയുദ്ധമോ?

എം മാധവദാസ്

മാർഷൽ മക്ലൂഹനെപ്പോലുള്ള സാമൂഹിക നിരീക്ഷകരും എഴുത്തുകാരും 'ജലയുദ്ധ'ങ്ങളെക്കുറിച്ചാണ് പ്രവചിച്ചിട്ടുള്ളത്. മൂന്നാംലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ജലത്തിന്റെ പേരിൽ ആയിരിക്കുമെന്നാണ് ആധുനികോത്തര സാമൂഹിക ശാസ്ത്രജ്ഞന്മ്മാരുടെയൊക്കെ പ്രചവനം. എന്നാൽ കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയതിരിക്കുന്നത് ഇപ്പോൾ മാസ്‌ക്കിനുവേണ്ടിയാണ് 'യുദ്ധ'ങ്ങളും കൊള്ളകളും നടക്കുന്നതെന്നാണ്! ജർമ്മനി ഓർഡർ ചെയ്ത രണ്ടു ലക്ഷം മാസ്‌ക്കുകൾ അമേരിക്ക തട്ടിയെടുത്തെന്ന ആരോപണം മുൻ നിർത്തിയായിരുന്നു ഈ വിശകലം.

ഗ്ലൗസ,് മാസ്‌ക്ക്, വെന്റിലേറ്റുകൾ സർജിക്കൽ ഉപകരണങ്ങൾ എന്നിവയാവും ഇനി പ്രാണവായുപോലെ വിലപിടിപ്പുള്ളവയെന്നും പൊതുനിരീക്ഷണമുണ്ട്. പ്രശസ്ത ശാസ്ത്രകാരനായ യുവാൽ നോഹ ഹരാരി ചൂണ്ടിക്കാട്ടിയപോലെ കോവിഡ് മഹാമാരി നമ്മുടെ അത്യാവശ്യങ്ങളയും മുൻഗണനാക്രമങ്ങളെയും മാറ്റിമറിച്ചിരിക്കയാണ്. കോവിഡാനന്തര ലോകത്ത് മെഡിക്കൽ ഉപകരണങ്ങളുടെ വിൽപ്പന തന്നെയായിരിക്കും ഏറ്റവും വലിയ വ്യവസായമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അത് കണ്ടറിഞ്ഞ് കൊണ്ടുതന്നെയാവണം ചൈന ഇപ്പോൾ തങ്ങളുടെ വ്യവസായമേഖലയെ തിരിച്ചുവിട്ടിരിക്കുന്നത് മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണ മേഖലയിലേക്കാണ്. കോവിഡ് ബാധയെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം, ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് മാസ്‌ക്കും ഗ്ലൗസും സർജിക്കൽ ഉപകരണങ്ങളും കയറ്റുമതിചെയ്ത് പരിഹരിക്കാമെന്നുമാണ് ചൈന കരുതുന്നത്. റെഡ് മെഡിക്കൽ കാപ്പിറ്റലിസം എന്ന ഒരു ടേംതന്നെ ഇതോടെ ഉരുത്തിരിഞ്ഞിട്ടുണ്ട്.

മാസ്‌ക്കുകൾ കിട്ടാനുള്ള മത്സരം ഒരു 'നിധി വേട്ട'

കൊറോണ വൈറസിന്റെ ആക്രമണത്തിൽ ന്യൂയോർക്ക് സിറ്റിയിലടക്കം നൂറുകണക്കിന് ആളുകൾ പിടഞ്ഞു മരിക്കെ അടിയന്തരമായി മാസ്‌ക്കും വെന്റിലേറ്ററും എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് അമേരിക്ക. ഇതിന്റെ ഭാഗമായാണ് മോഡേൺ പൈറസിയെന്ന് ഗാർഡിയർ പത്രം വിശേഷിപ്പിച്ച മാസ്‌ക്ക് കൊള്ളാ വാർത്തയെത്തുന്നത്. ജർമ്മൻ പൊലീസിനായി ഓർഡർ ചെയ്ത എൻ 95 മാസ്‌ക് അമേരിക്ക 'കൊള്ള'യടിച്ചതായി ആരോപണം. ബെർലിൻ അധികൃതരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തായ്ലൻഡിൽ നിന്നും കപ്പൽ വഴി കൊണ്ടുവരികയായിരുന്ന 2,00,000 ലക്ഷം മാസ്‌ക്കുകളാണ് അമേരിക്ക തട്ടിയെടുത്തതെന്ന് ജർമ്മനി ആരോപിക്കുന്നു. ഇത് 'ആധുനിക കൊള്ള'യാണ് എന്നാണ് ബെർലിൻ സംസ്ഥാന ആഭ്യന്തര മന്ത്രി അൻഡ്രിയാസ് ഗെയ്സൽ പറഞ്ഞത്. വിലകൂടുതൽ കൊടുത്താണ് അമേരിക്ക ജർമ്മനിക്ക് കിട്ടേണ്ട മാസ്‌ക്കുകൾ മറിച്ചതെന്നാണ് അറിയുന്നത്.

കൊറോണ വൈറസ് സുരക്ഷാ വസ്തുക്കൾ വാങ്ങിക്കാൻ ആഗോള മാർക്കറ്റിൽ രാജ്യങ്ങൾ തമ്മിൽ വലിയ മത്സരം നടക്കുമ്പോഴാണ് അമേരിക്കയുടെ ഈ നടപടി. അന്താരാഷ്ട്ര വാണിജ്യ നിയമങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ 'വൈൽഡ് വെസ്റ്റ്' രീതികൾ ഉപയോഗിക്കുന്നത് ശരിയല്ല എന്നും ബെർലിൻ പറഞ്ഞു. ഈ സംഭവത്തിൽ ഇടപെടാൻ ജർമ്മൻ ഗവൺമെന്റിനോട് ബെർലിൻ ആവശ്യപ്പെട്ടു.അമേരിക്കൻ കമ്പനിയായ 3എമ്മിന് വേണ്ടി ചൈനീസ് നിർമ്മാതാക്കളാണ് മാസ്‌ക് നിർമ്മിച്ചതെന്ന് ജർമ്മനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ മാസ്‌ക്കുകൾ തട്ടിപ്പറിക്കപ്പെട്ടതായി തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്നാണ് കമ്പനി വെള്ളിയാഴ്ച രാത്രി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. തങ്ങളുടെ ചൈനീസ് നിർമ്മാതാക്കൽക്ക് ബെർലിൻ പൊലീസിൽ നിന്നും ഓർഡർ കിട്ടിയതിന് രേഖകൾ ഇല്ലെന്നും 3എം പറഞ്ഞു.

അതേസമയം ജർമ്മനിയുടെ ആരോപണത്തിന് ചുവടുപിടിച്ചുകൊണ്ട് നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ദൗർലഭ്യം നിലനിൽക്കെ ആഗോള മാർക്കറ്റിൽ തങ്ങളുടെ സ്വാധീനം ട്രംപ് ഭരണകൂടം ഉപയോഗിക്കുകയാണ് എന്നാണ് ഉയർന്നുവന്ന ആരോപണം. മാസ്‌ക്കുകൾ കിട്ടാനുള്ള മത്സരം ഒരു 'നിധി വേട്ട' പോലെയാണ് എന്നാണ് ഒരു പാരീസ് പ്രതിനിധി പറഞ്ഞത്. അമേരിക്ക മൂന്നു മടങ്ങ് വില കൂട്ടി മെഡിക്കൽ സാധനങ്ങൾ വാങ്ങിക്കുകയാണെന്നും ഫ്രെഞ്ച് പ്രതിനിധി വലേരി പെക്രീസെ പറഞ്ഞു. വിപണി വിലയുടെ മൂന്നിരട്ടി വാഗ്ധാനം ചെയതാണ് അമേരിക്ക മാസ്‌ക്കുകൾ വാങ്ങിക്കൂട്ടുന്നത്. ഇതോടെ വിലയും കുത്തനെ ഉയരുകയാണ്.

വിലക്കയറ്റത്തിന് കാരണം ട്രംപിന്റെ തലതിരിഞ്ഞ നയങ്ങൾ

അമേരിക്കയിലെ കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ തുടക്കംമുതലേ ആരോപണ വിധയേനായ വ്യക്തിയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രോഗത്തെ നിസ്സാരവത്ക്കരിച്ച് കാണുകയും തടയാൻ സമയം കിട്ടിയിട്ടും ഫലപ്രദമായി ഒന്നും ചെയ്തില്ലയെന്നും ട്രംപിന് നേർക്കുയരുന്ന വിമർശനങ്ങളാണ്. ഇപ്പോൾ മാസ്്്ക് സംസ്ഥാനങ്ങളോട്് വാങ്ങാൻ ആവശ്യപ്പെടുന്ന ട്രംപിന്റെ തെറ്റായ നയമാണ്വിലക്കയറ്റത്തിന് ഇടയാക്കിയതെന്ന് യുഎസ് മാധ്യമങ്ങൾ രോഷം കൊള്ളുന്നു. കൂടാതെ മാസ്‌കിന്റെ പ്രാധാന്യം കുറച്ചുകാണുന്ന രീതിയിൽ ട്രംപ് പ്രസ്താവന നടത്തിയെന്നും ന്യയോർക്ക് ടൈംസ് വിമർശ്്ിക്കുന്നു.

വൈറസ് വ്യാപനം കുറയ്ക്കാൻ മാസ്‌ക് ധരിക്കണമെന്ന് യുഎസിലെ ജനങ്ങളോട് ആവശ്യപ്പെട്ട ട്രംപ്, മാസ്‌ക് ധരിക്കാൻ ആരേയും നിർബന്ധിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. മാസ്‌ക് ധരിക്കണോ വേണ്ടയോ എന്നുള്ളത് ജനങ്ങൾക്ക് സ്വയം തീരുമാനിക്കാമെന്നും താനത് ഉപയോഗിക്കുമോ എന്ന കാര്യം ഉറപ്പില്ലെന്നും ട്രംപ് വ്യക്തമാക്കി. ദിനംപ്രതിയുള്ള കോവിഡ്-19 അവലോകന വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വിശദമാക്കിയത്. സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കാനിരിക്കുന്ന രോഗനിയന്ത്രണ മാർഗനിർദേശങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ട്രംപ്. തുണി കൊണ്ടുള്ള മാസ്‌ക് ആണ് കൂടുതൽ നല്ലതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇതും അശാസത്രീയമാണ്. തുണികൊണ്ടുള്ള മാസ്‌കിന് പ്രത്യേകിച്ച് ഫലം ഒന്നും ഇല്ലെന്നാണ് യാഥാർഥ്യം.

മാസ്‌ക്കുകൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളും സംസ്ഥാനങ്ങൾ തന്നെ വാങ്ങണമെന്നാണ് ട്രംപ് നിർദ്ദേശിക്കുന്നത്. ട്രംപിന്റെ ഈ തല തിരിഞ്ഞ തീരുമാനം സംസ്ഥാനങ്ങൾ തമ്മിലുള്ള മത്സരത്തിനു കാരണമായി. ഇതോടെ ആശുപത്രികളിലെ അവശ്യ സാധനങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ ഓരോ സംസ്ഥാനങ്ങളുടെയും ആവശ്യം കൂടുന്നതനുസരിച്ചു താങ്ങാൻ പറ്റാത്തത്ര വിലയും കൂട്ടി.കഴിഞ്ഞ ദിവസം ന്യൂയോർക്ക് ഗവർണർ ഈ നിലപാടിനെ പരസ്യമായി വിമർശിച്ചിരുന്നു. 99 സെന്റ് മാത്രം വിലയുണ്ടായിരുന്ന എൻ. 95 മാസ്‌ക്കിന്റെ വില 11 ഡോളർ വരെ ഉയരാൻ കാരണം സംസ്ഥാനങ്ങൾ തമ്മിലുള്ള മൽസരമാണെന്ന് ഗവർണ്ണർ ചൂണ്ടിക്കാട്ടി. ആശുപത്രികൾക്ക് ആവശ്യമായ മാസ്‌ക്കുകൾ ഫെഡറൽ ഗവർമെന്റ് ഒരുമിച്ചു വാങ്ങി സംസ്ഥാങ്ങൾക്കു ആവശ്യാനുസരണം വിതരണം ചെയ്താൽ വിലക്കയറ്റം തടയാമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാംലോക രാജ്യമോ അതോ ന്യയോർക്കോ?

അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാത്ത ന്യയോർക്കിലെ ഒരു ഐസിയു കണ്ട് ഒരു ബ്രിട്ടീഷ് ഡോക്ടർ എഴുതിയ വാക്കുകൾ ഇങ്ങനെയായിരുന്നു. 'ഇത് മൂന്നാംലോക രാജ്യമോ അതോ ന്യയോർക്കോ?' വെന്റിലേറ്റർ പകുത്തു നൽകേണ്ട ഗതികേടിലാണ് ഡോക്ടർമാർ. ഇനിയും രോഗികൾ വർധിച്ചാൽ ഇറ്റലിക്ക് സമാനമായി രോഗികളെ മരണത്തിലേക്ക് വിട്ട് കൈയും കെട്ടി നിൽക്കേണ്ട അവസഥ വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ന്യയോർക്കിലെ ആശുപത്രികളിൽ ഐ സി യു. സൗകര്യങ്ങളും പരിമിതമാണ്. രോഗികളുടെ എണ്ണം ദിനം പ്രതി പെരുകുന്നതോടെ രോഗത്തിന്റെ തീവ്രത കണക്കിലെടുത്താണ് അഡ്‌മിറ്റ് ചെയ്യുന്നത്. എല്ലാവരെയും കിടത്താൻ ആശുപത്രി കിടക്കകൾ കുറവായതിനാൽ മറ്റു രോഗികളെ വീട്ടിൽ പറഞ്ഞയക്കുന്ന സ്ഥിതി വരെയെത്തി. ഐ.സി.യുകളിലെ വെന്റിലേറ്ററുകൾകൾക്കു പുറമെ ഓപ്പറേഷൻ തീയറ്ററുകളിലെ അനസ്‌തേഷ്യ വെന്റ്റിലേറ്ററുകളും താൽക്കാലികമായി ഉപയോഗിക്കാൻ തുടങ്ങി.

ന്യൂയോർക്ക് നഗരത്തിൽ മാത്രം അടിയന്തിരമായി 40,000 വെന്റിലേറ്ററുകൾ ആവശ്യമെന്നാണ് ന്യൂയോർക്ക് മേയർ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. 40,000 ആവശ്യപ്പെട്ടപ്പോൾ വെറും 4,000 മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. നിലവിൽ ന്യൂയോർക്ക് സ്റ്റേറ്റിൽ എല്ലാ ആശുപത്രികളിലും കൂടി മൊത്തം 55,000 ബഡ്ഡുകൾ മാത്രമാണുള്ളത്. മൂന്നാഴ്ചയ്ക്കകംകുറഞ്ഞത് 140,000 ബെഡ്ഡുകളെങ്കിലും ലഭ്യമാക്കേണ്ടി വരുമെന്നാണ് ഗവർണ്ണർ ആൻഡ്രൂ കുവോമൊ പറയുന്നത്. ഇത് നിലവിലുള്ള ബെഡ്ഡുകളുടെ മൂന്ന് ഇരട്ടിയോളം വരും.എട്ടു മില്യണിൽപ്പരം ആളുകൾ തിങ്ങിപ്പാർക്കുന്ന ന്യൂയോർക്ക് സിറ്റിയിലെ ഹോസ്പിറ്റലുകളിൽ ബെഡുകളുടെ എണ്ണം കൂട്ടാനും കൂടുതൽ ആശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കാനും അധികൃതർ നെട്ടോട്ടമോടുകയാണ്.ആശുപത്രികളുടെ പാർക്കിങ്ങ് ലോട്ടുകൾ മുതൽ കോറിഡോറുകൾ വരെയും ബഡ്ഡുകൾ കൊറോണ രോഗികൾക്കായി ഒരുക്കിക്കഴിഞ്ഞു, വിവിധ ഹോട്ടലുകൾ താൽക്കാലിക ആശുപത്രിയാക്കാനും നിർദ്ദേശമുണ്ട്. കൂടാതെ മിലിട്ടറിയുടെ ഹോസ്പിറ്റൽ ഷിപ്പുകൾ കൊറോണ ഭീഷണി നേരിടുന്ന സംസ്ഥാങ്ങളിലേക്കു അയക്കുമെന്നും ട്രമ്പ് പ്രഖ്യാപിച്ചിരുന്നു.

ന്യയോർക്കിനെപോലെ കാലിഫോർണിയിലും രോഗവ്യാപനം ശക്തമാണ്. ഈ നിലയിൽ പോയാൽ കാലിഫോർണിയയിലെ 25 മില്യൺ വരുന്ന ജനസംഖ്യയിൽ 50 ശതമാനം പേർക്കും രണ്ടു മാസത്തിനകം രോഗം പകരുമെന്നാണ് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പറയുന്നത്. കാലിഫോർണിയയിലും മാസ്‌ക്കുകളുടെയും വെന്റിലേറ്ററുകളുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണ്. ടെസ്ല കോ ഫൗണ്ടർഎലോൺ മസ്‌ക്ക് 1000 വെന്റിലേറ്ററുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും അതിനു പുറമെ 3000 വെന്റ്റിലേറ്ററുകൾ കൂടി ഓൺലൈൻ ആയി ഓർഡർ നൽകിയിട്ടുണ്ടെന്നും ഗവർണർ ന്യൂസം പറഞ്ഞു. അതുകൊണ്ടുതന്നെ മാസ്‌കിനും മരുന്നിനുമൊക്കെയായി നെട്ടോട്ടം ഓടുകയാണ് അമേരിക്ക. സാമ്പത്തിക ശക്തിയായതിനാൽ എത്ര വിലകൊടുത്തും അവർക്ക് അത് വാങ്ങാൻ കഴിയും. ഈ സാഹചര്യം മുതലെടുത്ത് കാറ്റുള്ളപ്പോൾ തൂറ്റുകയാണ് ചൈനയും ചെയ്യുന്നത്.

കോടികൾ കൊയ്യുന്ന ചൈന

ലോകത്തെ ഡിമാൻഡിനുസരിച്ച് രാജ്യത്തിന്റെ വ്യവസായത്തെ വഴിതിരിച്ചുവിടുന്ന അമേരിക്കയുടെ അതേ തന്ത്രം ഇപ്പോൾ ചൈന പയറ്റുകയാണ്. മൊബൈൽ ടെക്്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയൊക്കെ വിട്ട് മാസ്‌ക്ക്, മരുന്ന് എന്നിങ്ങനെ 'കോവിഡ് ആക്സ്സസറീസിന്റെ' നിർമ്മാണത്തിലൂടെ ചൈനയിപ്പോൾ കോടികൾ കൊയ്യുകയാണ്. ലോക രാജ്യങ്ങളെ വിഴുങ്ങിയ കൊറോണ വൈറസ് സൃഷ്ടിച്ച ചൈനയിൽ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങി ദിവസങ്ങൾക്കകം തന്നെ ്ചൈന വൻകിട വ്യവസായങ്ങൾ അടക്കം പുനഃരാരംഭിച്ചു കഴിഞ്ഞു. ചൈനയിലെ പ്രമുഖ ഫാക്ടറികളിൽ 98 ശതമാനവും പ്രവർത്തിച്ചു തുടങ്ങിയെന്നും 90 ശതമാനത്തോളം തൊഴിലാളികൾ ജോലി ചെയ്തു തുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ 95 ശതമാനം കമ്പനികളും പ്രവർത്തനം തുടങ്ങിയെന്ന് ചൈനീസ് വാർത്താ ഏജൻസായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. വുഹാനിൽ തീവണ്ടി സർവീസ് അടക്കം വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ വാഹന നിർമ്മാണ കമ്പികൾ അടക്കമുള്ളവയുടെ ഗോഡൗൺ പിടിച്ചെടുത്താണ് ചൈന മാസ്‌ക്ക് നിർമ്മാണം തുടങ്ങിയത്. മരുന്നുനിർമ്മാണ കമ്പനികളും കോവിഡ് കയറ്റുമതി ലക്ഷ്യമിട്ട് ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. വൈറ്റമിനുകൾ ആന്റിബയോട്ടിക്കുകൾ, ആന്റി പൈററ്റിക്, ആന്റി അനാൾജസിക് തുടങ്ങിയവയുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ഈ വർഷത്തെ ആദ്യ രണ്ടു മാസത്തിനുള്ളിൽ തന്നെ 9000 പുതിയ കമ്പനികൾ ചൈനയിൽ മാസ്‌ക്ക് ഉണ്ടാക്കുന്ന വ്യവസായത്തിലേക്ക് കടന്നിരുന്നു. ചൈനയുടെ ദൈനം ദിന മാസ്‌ക്ക് ഉൽപ്പാദനം ഇപ്പോൾ 116 ദശലക്ഷമാണ്. രാജ്യത്തെ പോളിമർ വ്യവസായത്തിന്റെ 40 ശതമാനം കൈകാര്യം ചെയ്യുന്ന ഡോൺ പോളിമർ എന്ന കമ്പനിയുടെ ആസ്തി ഈ വർഷം ജനുവരിക്കു ശേഷം 417 ശതമാനം കണ്ടാണ് വളർന്നത്. ഡോൺ പോളിമറിന്റെ ഓഹരി ഉടമകളുടെ ആകെ ആസ്തി ഇപ്പോൾ 1900 കോടി അമേരിക്കൻ ഡോളറാണ്.

ലാഭം കൊയ്യാൻ ചൈനീസ് ഡ്യൂപ്ലിക്കേറ്റും

അതേസമയം ചൈനയുടെ പേരിൽ ആക്ഷേപിക്കപ്പെടുന്ന ഡ്യൂപ്പിക്കേറ്റ് തട്ടിപ്പും കോവിഡ് വിപണിയിലും നടക്കുന്നുണ്ട്. നേരത്തെ, കോവിഡ് പരിശോധനയ്ക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ ചൈനയിൽ നിന്നും സ്പെയിൻ വാങ്ങിയിരുന്നു. ഇവ പരിശോധനയ്ക്കായി ഉപയോഗിച്ചു തുടങ്ങിയപ്പോഴാണ് ഉപകരണങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കാത്തതാണെന്ന് തിരിച്ചറിയുന്നത്. കോറോണ പരിശോധനയ്ക്കായി ചൈന നൽകിയ സാധനങ്ങളിൽ 30 ശതമാനത്തിൽ താഴെ ഉപകരണങ്ങൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ബാക്കിയൊന്നും ഉപയോഗിക്കാനാവില്ല. ഇതോടെ ഉപകരണങ്ങളെല്ലാം തിരിച്ചയയ്ക്കാനാണ് സ്പെയിനിന്റെ തീരുമാനം. ഉപകരണങ്ങളുടെ ആദ്യ ബാച്ച് തിരിച്ചയച്ചു കഴിഞ്ഞു. ചൈന- സ്പെയിൻ പുതിയ വ്യാപര ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് 5.5 മില്യൺ കോവിഡ് പരിശോധന കിറ്റുകൾ കയറ്റി അയയ്ക്കാനാണ് തീരുമാനിച്ചത്.

എന്നാൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് സ്പെയിനിലെ ചൈനീസ് എംബസ്സിയിൽ പരാതി അറിയിച്ചതോടെ കരാർ പ്രകാരമുള്ള ഉപകരണങ്ങളല്ല ഇവയെന്നാണ് ചൈന വിശദീകരണം നൽകിയത്. ലൈസൻസില്ലാത്ത സംരംഭകരിൽ ആരുടേയോ ഉൽപ്പന്നങ്ങളാണിതെന്നും കരാർ പ്രകാരമുള്ളവ ഉടൻ തന്നെ വിതരണം ചെയ്യുന്നതാണെന്ന് ചൈന വിശദീകരണം നൽകി. സ്പെയിനിലെ കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് പരിശോധനാകിറ്റുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. അതേസമയം രോഗബാധിതർക്കു പോലും പോസിറ്റിവായി ചൈനീസ് ഉപകരണങ്ങളിൽ കാണിക്കുന്നില്ലന്ന് മാഡ്രിഡിലെ മൈക്രോബയോളജി ലാബ് അധികൃതർ വ്യക്തമാക്കുന്നത്. ഇതോടെ ചൈനക്കെതിരെ വൻ പ്രതിഷേധമാണ് സ്‌പെയിനിൽ ഉയരുന്നത്. എന്നാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും തങ്ങൾ നിർമ്മിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ അന്താരാഷ്ട്ര നിലവാരം ഉള്ളവയാണെന്നുമാണ് ചൈന പറയുന്നത്.



അമേരിക്കയെ വെട്ടി, ലോകത്തിലെ നമ്പർ വൺ സാമ്പത്തിക അടുത്ത ദശകത്തിൽ ചൈന മാറുന്ന വിലയിരുത്തൽ പൊതുവെ ഉണ്ടായിരുന്ന കാലത്താണ് പൊടുന്നനെ ഒരു സൂക്ഷ്മ ജീവി ചൈനയുടെ സാമ്പത്തിക ജാതകം മാറ്റി എഴുതുന്നത്. കോവിഡിനെ തുടർന്ന് ശതകോടികളുടെ സാമ്പത്തിക നഷ്ടമാണ് ചൈനക്ക് ഉണ്ടായിരിക്കുന്നത്. അതിന്റെ നല്ലൊരുഭാഗം കോവിഡ് ആക്സസറീസിന്റെ വിൽപ്പനയിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് ചൈന കരുതുന്നതെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ച്ൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP