Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാമന്റെയും കൃഷ്ണന്റെയും ഫോട്ടോകൾ എടുത്ത് കുളത്തിൽ എറിയുന്നു; പകരം സ്ഥാപിക്കുന്നത് അംബേദ്ക്കറുടെ ചിത്രം; എങ്ങും ഉയരുന്നത് ജയ് ഭീം എന്ന മുദ്രാവാക്യം മാത്രം; ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ജാതിയും മതവും ഉപേക്ഷിക്കാനൊരുങ്ങി ദലിതർ; മത പരിവർത്തനം കാത്തുനിന്ന ഇസ്ലാമിസ്റ്റുകൾക്കും തിരിച്ചടി; ഒരു മതവും തങ്ങളെ രക്ഷിക്കില്ലെന്ന് ഭീം ആർമി പ്രവർത്തകർ; ഹത്രാസ് സംഭവത്തിനുശേഷം യുപിയിലെ ദലിതർ ഹിന്ദു ദൈവങ്ങളെ കൂട്ടത്തോടെ ഉപേക്ഷിക്കുന്നു

രാമന്റെയും കൃഷ്ണന്റെയും ഫോട്ടോകൾ എടുത്ത് കുളത്തിൽ എറിയുന്നു; പകരം സ്ഥാപിക്കുന്നത് അംബേദ്ക്കറുടെ ചിത്രം; എങ്ങും ഉയരുന്നത് ജയ് ഭീം എന്ന മുദ്രാവാക്യം മാത്രം; ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ജാതിയും മതവും ഉപേക്ഷിക്കാനൊരുങ്ങി ദലിതർ; മത പരിവർത്തനം കാത്തുനിന്ന ഇസ്ലാമിസ്റ്റുകൾക്കും തിരിച്ചടി; ഒരു മതവും തങ്ങളെ രക്ഷിക്കില്ലെന്ന് ഭീം ആർമി പ്രവർത്തകർ; ഹത്രാസ് സംഭവത്തിനുശേഷം യുപിയിലെ ദലിതർ ഹിന്ദു ദൈവങ്ങളെ കൂട്ടത്തോടെ ഉപേക്ഷിക്കുന്നു

എം മാധവദാസ്

ണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയൊക്കെ കണ്ട് ശീലിച്ച നമുക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു വീഡിയോ ആണ്, ഇപ്പോൾ യുപിയിൽനിന്ന് പുറത്തുവരുത്തത്. തങ്ങളുടെ വീട്ടിലെ എല്ലാ ഹിന്ദു ദൈവങ്ങളുടെയും ചിത്രങ്ങൾ എടുത്ത് കുളത്തിൽ കളയുകയാണ് യുപിയിലെ ദലിതർ. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ശക്തമായ പിന്തുണയിലാണ് ഈ ബദൽ നീക്കം നടക്കുന്നത്. ശരിക്കും ഗണേശോൽസവ നിമ്ഞ്ജനം പോലെ ഘോഷയാത്രയായി 'ജയ് ഭീം' എന്ന് മുദ്രാവാക്യം വിളിച്ച് വലിയൊരു ജനവിഭാഗത്തോടടൊപ്പം നടന്നാണ്  വിഗ്രഹങ്ങൾ കളയുന്നത്. തങ്ങളെ രക്ഷിക്കാൻ കഴിയാത്ത കടലാസ് ദൈവങ്ങൾകൊണ്ട് എന്തുകാര്യം എന്നാണ് അവർ ചോദിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ഉത്തർപ്രദേശിൽ ഭീം ആർമിക്ക് സ്വാധീനം ഉള്ളിടത്തൊക്കെ ഈ പ്രവണത ഉണ്ടായിരുന്നെങ്കിലും ഹത്രാസിൽ വാത്മീകി സമുദായത്തിൽപെട്ട പെൺകുട്ടിയെ നാവ് കടിച്ചെടുത്ത് ക്രൂരമായി ബലാൽസംഗം ചെയ്തുകൊല്ലുകയും, ഭരണകൂടത്തിന്റെ സഹായത്തോടെ മൃതദേഹം ബന്ധുക്കളെ കാണിക്കപോലും ചെയ്യാതെ കത്തിച്ച് കളയുകയും ചെയ്തതോടെയാണ്, ഈ  കാമ്പയിൻ ശക്തമായത്.

ദളിത്- ബ്രാഹ്മണ ഐക്യത്തിലൂടെ അധികാരത്തിലേറിയ ബിജെപിക്ക് മാത്രമല്ല ദളിതരുടെ,
കൂട്ട മതംമാറ്റം പ്രതീക്ഷിച്ചിരുന്ന ഇസ്ലാമിസ്റ്റുകൾക്കും ഒരുപോലെ തിരിച്ചടിയാണ് ഭീം ആർമിയുടെ പുതിയ നിലപാട്. ജാതിയും മതവും ഉപേക്ഷിച്ചുകൊണ്ട് മനുഷ്യരായി ജീവിക്കണമെന്നാണ് ഭീ ആർമി പ്രവർത്തകർ  അവരെ ഉദ്ബോധിപ്പിക്കുന്നത്. അതുപോലെ സവർണ്ണരോടുള്ള മാനസിക വിധേയത്വം അവസാനിപ്പിക്കണമെന്നും, വിദ്യകൊണ്ട് ശക്തരാവണമെന്നും, പട്ടിണിക്കിടെ പഠിച്ച് ഉയർന്ന് അഭിഭാഷകനായ ചന്ദ്രശേഖർ ആസാദ് തന്റെ ജനതയെ ഓർമ്മിപ്പിക്കുന്നു.

ബിജെപിയുമായി വരെ സഖ്യത്തിലെത്തുകയും അടിമുടി അഴിമതിയിൽ മുങ്ങിക്കുളിക്കുകയും ചെയ്ത ബിഎസ്‌പിക്ക് പകരം യഥാർഥത്തിലുള്ള ദലിത് ശാക്തീകരണം ലക്ഷ്യമിടുന്നത് ഭീം ആർമി തന്നെയാണെന്നാണ് ചരിത്രകാരൻ രാം പുരിയാനി അടക്കമുള്ളവർ നിരീക്ഷിക്കുന്നത്. അതുപോലെ അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞ് സായുധമായി ഭീം ആർമി കച്ചകെട്ടുന്നതായും സൂചനകൾ ഉണ്ട്. എന്നാൽ ഇത് തങ്ങളെ ത്രീവാദികളായി ചിത്രീകരിക്കാനുള്ള സവർണ്ണരുടെയും പൊലീസിന്റെയും തന്ത്രമാണെന്നാണ് ഭീം ആർമി നേതാക്കൾ പറയുന്നത്. ദലിതർ സംഘടിച്ചാൽ ഫൂലൻദേവിക്കാലം തിരിച്ചുവരുമെന്ന് പറയുന്ന് തങ്ങളെ കലാപകാരികൾ ആക്കി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും ചന്ദ്രശേഖർ ആസാദ് അടക്കമുള്ളവർ ആരോപിക്കുന്നു.


മുമ്പ് മാറ്റം ബുദ്ധമതത്തിലേക്കും ഇസ്ലാമിലേക്കും 

ഇന്ത്യയിൽ ജാതി എന്നാൽ ദൈവദത്തമാണ് എന്ന ചിന്തയുള്ളതുകൊണ്ടാണ് ആ ദൈവങ്ങളെ ഉപേക്ഷിക്കുന്നത് എന്നാണ് ഭീം ആർമിക്കാർ പറയുന്നത്. ചാതുർവർണ്യം എന്നത് കൃത്യമായ ഹിന്ദുമതത്തിൽ പറയുന്നത് തന്നെയാണ്. അത്തരം ഒരു മതത്തിൽ നിൽക്കയും ദൈവങ്ങളെ ആരാധിക്കയും ചെയ്തിട്ട് തങ്ങൾക്ക് എന്ത് കിട്ടാനാണ് എന്നാണ് അവർ ചോദിക്കുന്നത്.ഭാരതീയ ധർമ്മ ശാസ്ത്രങ്ങൾ ഗുണം, കർമ്മം ഇവയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ തരംതിരിക്കുന്ന രീതിക്കാണ് ചാതുർവർണ്ണ്യം എന്നു പറയുന്നത്. ശൂദ്രർ, വൈശ്യർ, ക്ഷത്രിയർ, ബ്രാഹ്മണർ എന്നിവയാണ് ഈ നാല് വിഭാഗങ്ങൾ.

ബ്രഹ്മാവിന്റെ  പാദധൂളികളിൽനിന്ന് ഉണ്ടായവർ ആണെന്ന് വാദം നിലനിൽക്കുന്നതും മറ്റും ദലിതരെ പീഡിപ്പിക്കാനുള്ള ലൈസൻസായി സവർണ്ണർ എടുക്കയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഹിന്ദുമതം ഉപേക്ഷിക്കുക എന്ന ധാര സജീവമാവുന്നത്. ഉത്തരേന്ത്യയിലെ ജാതി പീഡനം മൂലം ബുദ്ധമതത്തിലേക്കും ഇസ്ലാമിലേക്കുമുള്ള മതം മാറ്റം അംബേദ്ക്കാറുടെ കാലത്തുതൊട്ട് തുടങ്ങിയതാണ്. പക്ഷേ അതുകൊണ്ട് പ്രത്യേകിച്ച് ഗുണം സമുദായത്തിന് ഉണ്ടായിട്ടില്ലെന്നാണ് ഭീം ആർമിയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെയാണ് ദൈവങ്ങളെ ഉപേക്ഷിച്ചുകൊണ്ടുള്ള പുതിയ കാമ്പയിന് അവർ തുടക്കം കുറിച്ചത്.

ആദിത്യനാഥ് യോഗി അധികാരത്തിലെത്തിയ ശേഷം തങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചതിൽ പ്രതിഷേധിച്ച് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മൂന്ന് ഗ്രാമങ്ങളിൽ നിന്നുള്ള 180 ഓളം ദലിത് കുടുംബങ്ങൾ ബുദ്ധ മതത്തിൽ ചേർന്നെന്ന് 2018ൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാനും ഗ്രാമങ്ങളിൽ താക്കൂർമാർ ദലിതർക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ ബീഭത്സമായ തലത്തിലെത്തിയിട്ടുണ്ട്. അംബേദ്കർ പ്രതിമ സ്ഥാപിക്കുന്നതിനെ താക്കൂർമാർ തടയുകയും രജപുത്ര രാജാവ് റാണാ പ്രതാപിന് ആദരവ് നൽകാനുള്ള നീക്കത്തെ പിന്നീട് ദലിതർ എതിർക്കുകയും ചെയ്തിരുന്നു. താക്കൂർമാർക്കൊപ്പം മാത്രമേ മുഖ്യമന്ത്രി ആദിത്യനാഥ് നിൽക്കുന്നുള്ളുവെന്നാണ് ദലിതുകൾ ആരോപിച്ചത്.

കാവി ഭീകരരുടെ അക്രമങ്ങൾക്ക് മുഖ്യമന്ത്രി ആദിത്യനാഥ് അറുതിവരുത്തുന്നില്ലെങ്കിൽ തങ്ങൾ ഹിന്ദുമതം ഉപേക്ഷിച്ചുപോകുമെന്ന് രണ്ടുവർഷം മുമ്പുതന്നെ ദലിതർ ഭീഷണി മുഴക്കിയിട്ടുണ്ട്. മെറാദാബാദിനടുത്ത സഹറൻപൂരിൽ 50 ഓളം ദലിത് കുടുംബങ്ങൾ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. സമാനമായി അലിഗറിലും 2000 ദലിതുകൾ ഇസ്ലാം മതത്തിൽ ചേരുമെന്ന് ഭീഷണിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ 2018 ൽറി പ്പോർട്ട് ചെയ്തിരുന്നു. 'ആർ.എസ്.എസുമായി അഫിലിയേറ്റ് ചെയ്ത യോഗി സർക്കാർ അവരുടെ യഥാർത്ഥ നിറം കാണിക്കുകയാണ്. അതിനാൽ ഹിന്ദുമതമെന്ന ആലയത്തിൽ നിന്ന് പുറത്തുകടക്കുകയല്ലാതെ തങ്ങൾക്ക് വേറെ വഴിയില്ല. ബ്രാഹ്മണ മാനദണ്ഡങ്ങൾക്കാണ് ഇപ്പോൾ ആധിപത്യം. ആർഎസ്എസ് പരിവാരത്തിന്റെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയ അടിസ്ഥാനവും ഇതുതന്നെയാണ്. '- ഭീം ആർമി നേതാക്കൾ പറയുന്നു. അങ്ങനെ തുടർച്ചയായി ഉണ്ടാവുന്ന അതിക്രമങ്ങൾ ആണ് അവരെ ഇപ്പോൾ ഹിന്ദു ദൈവങ്ങളെ ഉപേക്ഷിക്കുന്നതിൽ ചെന്നത് എത്തിച്ചത്.

കൃഷിയടത്തിൽ മൂത്രമൊഴിച്ചാൽ പോലും ദളിതന് മരണം

ഒരു ദളിത് വിദ്യാർത്ഥിയുടെ കാൽ ഒരു ഹോട്ടലിൽവെച്ച് അറിയാതെ ഉന്നത ജാതിക്കാരന്റെ മേൽ തട്ടിയെന്നു പറഞ്ഞ് കുട്ടിയ തല്ലിക്കെന്ന സംഭവം പോലും യുപിയിൽ ഉണ്ടായിട്ടുണ്ട്. കൃഷിയിടത്തിൽ മൂത്രമൊഴിച്ചതിതിന്റെ പേരിലും, ബാർബർഷോപ്പിൽനിന്ന് മുടിവെട്ടാൻ ശ്രമിച്ചതിന്റെപേരിലും ഇവിടെ ദലിതർ തല്ലിക്കൊല്ലപ്പെട്ടിട്ടുണ്ട്. എ പ്ലസ് കിട്ടിയ ദളിത് വിദ്യാർത്ഥികളുടെ വീടുകളിൽ കല്ലേറ് നടത്തുന്ന ഒരു 'ആചാരം' തന്നെ ഇവിടെയുണ്ട്. ദലിതനായ ബിജെപി എം പിപോലം ഇവിടെ കൈയിൽ ഒരു ഗ്ലാസ് കരുതിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളിൽ കയറുക. ഠാക്കുർമാർക്ക് ദലിതന് ചായ തരാൻ തോന്നിയാൽ ഗ്ലാസ് പ്രശ്നമാകരുതല്ലേ. ഇതിനെല്ലാം പുറമെ മേൽജാതിക്കാർക്ക് സ്വന്തമായി സേനയും ഗുണ്ടാ സംഘങ്ങളുമുണ്ട്. കീഴ്ജാതിപെൺകുട്ടികളെ ബലാൽസഗം ചെയ്ത് കെട്ടിത്തൂക്കിയ എത്രയെത്ര സംഭവങ്ങൾ.മുഖ്യമന്ത്രിയുശട സന്ദർശനത്തിന് ദളിത് മേഖലകളിൽ ജില്ലാ ഭരണകൂടം സോപ്പും ഷാമ്പുവും കൊടുക്കുകയും റെഡ് കാർപ്പറ്റ് വിരിച്ച് ഒരുക്കുകയും ചെയ്യുന്ന നാട്. അതാണ് ഉത്തർ പ്രദേശ്.

ഇപ്പോൾ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായ ഹാത്രസ് ഒരു പട്ടികജാതി സംവരണ ലോക്‌സഭാ മണ്ഡലം കൂടിയാണ്. അലിഗഢിന്റെയും മധുരയുടെയും ഭാഗങ്ങൾ കൂടിച്ചേർന്നുണ്ടായ ജില്ല. ഠാക്കൂറുകളും ജാട്ടുകളും ഇവിടെ ശക്തരാണ്. മുമ്പ് കോൺഗ്രസിനും ആർ.എൽ.ഡിക്കും സ്വാധീനമുണ്ടായിരുന്നു. 2009ൽ ജാട്ടു പാർട്ടി ജയിച്ചു. അതിനിടെ ബിജെപി പിന്നെയും ശക്തിപ്പെട്ടു. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷവും മുമ്പും ബിജെപിയുടെ കയ്യിലാണ് ഈ മേഖല.

ഹത്രാസ് സംഭവം നടന്നപ്പോൾ തന്നെ നവമാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രം ഉണ്ടായിരുന്നു. ഹത്രാസിലെ ബിജെപി എംപി, രാജ് വീർ ദിലേർ നിലത്തിരിക്കയും തൊട്ടടുത്ത് കസേരയിൽ അവിടുത്തെ ഉയർന്ന ജാതിക്കാരനായ ഠാക്കൂർ ഇരിക്കുന്നതും. ഇനി ചായ ഗ്ലാസ്സിലും ഉണ്ട് വ്യതാസം. സവർണ്ണനായ ഠാക്കൂറിന് സിറാമിക് കപ്പ് . ദലിതനായ എംപിക്ക് വെറും കുപ്പി ഗ്ളാസ്സ്. നമ്മുടെ നാട്ടിൽ തൊട്ടതിനും പിടിച്ചതിനും പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തുന്നവർ യുപിയിലെ ഈ ജാതി പ്രോട്ടോക്കോൾ കണ്ടാൽ അമ്പരന്നുപോകും. . കൗതുകരവും ഒപ്പം ഖേദകരവുമായ കാര്യം ഇത് ദളിത് ഭൂരിപക്ഷ മേഖലയാണ് എന്നതാണ്. 24 ശതമാനത്തോളം ദളിത് വോട്ടർമാരുള്ള ലോക്‌സഭാ മണ്ഡത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് ബൂൽഗഢി. അത്രയും ദളിത് വോട്ടുള്ള മേഖലയിൽ തന്നെയാണ് ഠാക്കൂർ- ബ്രാഹ്മണ വിഭാഗങ്ങളുടെ ദളിതർക്കെതിരായ നിരന്തര അതിക്രമമുണ്ടാകുന്നതും. ഈ അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് ഭീം ആർമിയുടെ വരവ്.

ദലിതരെ മർദിക്കുന്നത് തടയാൻ തുടങ്ങിയ സംഘടന

ഉത്തർപ്രദേശിലെ വടക്കൻ ജില്ലകളിലൊന്നായ സഹരാൻപൂരിൽനിന്നുള്ള ദളിത് വിഭാഗത്തിൽനിന്നുള്ള നിയമബിരുദധാരി. 1986ലാണ് ജനനം. നാല് കൊല്ലം മുമ്പുവരെ ചന്ദ്രശേഖർ ആസാദ് മുഖ്യധാരയുടെ ശ്രദ്ധേയിലേ ഉണ്ടായിരുന്നില്ല. 2015ൽ ഭീം ആർമി എന്ന രാഷ്ട്രീയ മുന്നേറ്റം രൂപീകരിച്ചു. സഹരാൻപൂരിലെ കോളെജിൽ ദളിത് വിഭാഗത്തിൽപെട്ടവരെ നിരന്തരം മർദിക്കുന്നത് ചെറുക്കാനായിരുന്നു ഈ സംഘടിക്കൽ. കുടിവെള്ളമെടുത്തതിന്റെ പേരിലും ക്ലാസ് റൂമുകൾ വൃത്തിയാക്കാത്തതിന്റെ പേരിലുമായിരുന്നു ദളിത് വിദ്യാർത്ഥികൾക്ക് മർദനം. കോളെജിൽനിന്നുള്ള ഈ ചെറുത്തുനിൽപ്പ് താമസിയാതെ പുറത്തേക്ക് എത്തി. രണ്ട് വർഷം പിന്നിട്ടപ്പോൾ സവർണജാതിക്കാരായ താക്കൂറുകൾ സംഘടിതമായി ഭീം ആർമിയെ നേരിട്ടു. സഹരാൻപൂരിൽ അത് സംഘർഷമായി.

ചന്ദ്രശേഖർ ആസാദിനെ ദേശസുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു. 16 മാസം ജയിലിൽ കിടത്തി. ജയിൽവാസം ചന്ദ്രശേഖരിന്റെ ജനപ്രിതി കുറച്ചില്ല. പുറത്തിറങ്ങിയത് കൂടുതൽ അനുയായി വൃന്ദത്തോടെ. 'രാവൺ' എന്ന വിശേഷണത്തിലൂടെ ചന്ദ്രശേഖർ ദളിത് മുന്നേറ്റത്തിന്റെ പുതിയ ശക്തിയായി ഉയർന്നു. 'ഞങ്ങൾ സമാധാനത്തിൽ വിശ്വസിക്കുന്നു. ഞങ്ങൾക്ക് ഷൂസ് എങ്ങനെ ഉണ്ടാക്കാം എന്നറിയാം. ഞങ്ങളെ അധിക്ഷേപിക്കുന്നവരെഅത് ഉപയോഗിച്ച് എങ്ങനെ അടിക്കാമെന്നും അറിയാം.'- ഒരിക്കൽ അദ്ദേഹം ബിബിസിയോട് രാഷ്ട്രീയ നിലപാട് ഇങ്ങനെ വിവരിച്ചു.

'ഗ്രേറ്റ് ചമാർ' എന്ന സൈൻബോഡിന് ഒപ്പമുള്ള ചിത്രത്തിലൂടെ ചന്ദ്രശേഖർ പുതിയ മുന്നേറ്റത്തിന് കൂടുതൽ ശക്തി നൽകി. ഉത്തർപ്രദേശ്, മധ്യമപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലുള്ള ദളിത് വിഭാഗമാണ് ചമാർ. അഞ്ച്‌കോടിയിലേറെ വരും അവരുടെ ജനസംഖ്യ. പക്ഷെ, ജീവിതം മൃഗക്കൂടുകൾക്ക് തുല്യമായ കുടിലുകളിലും. ജാതിപ്പേരിലുള്ള അധിക്ഷേപത്തെ അഭിമാനമാക്കി ഉയർത്തിക്കാട്ടുകയായിരുന്നു ചന്ദ്രശേഖർ ആസാദ് ആ ഒരു ചിത്രത്തിലൂടെ. അത് ഏറ്റെടുത്ത് കൂടുതൽ ചെറുപ്പക്കാരെത്തി. സൺഗ്ലാസും നീല ഷാളും, മോട്ടോർ ബൈക്കും അണിഞ്ഞ് ദളിത് ചെറുപ്പക്കാർ ജാതിമേൽക്കോയ്മയോട് മീശചുരുട്ടാൻ ധൈര്യം കാണിച്ചു. ഭീം ആർമി സംഘടിത രാഷ്ട്രീയ രൂപമായി വികസിച്ചുി. ഭീം റാവു അബ്ദേകറുടെ രാഷ്ട്രീയ ദർശനമാണ് ചന്ദ്രശേഖർ മുന്നോട്ടുവെക്കുന്നത്. രാജ്യത്തെ 20 കോടിയിലേറെ വരുന്ന ദളിതർ ജാതിമേൽക്കോയ്മയെ ചോദ്യം ചെയ്യുന്ന നാൾ വരുമെന്ന് ചന്ദ്രശേഖർ പ്രതീക്ഷയർപ്പിക്കുന്നു.

പൗരത്വനിയമ ഭേദഗതിക്കെതിരെ ഡൽഹി ജുമാ മസ്ജിദിൽ 2019 ഡിസംബർ 20ന് നടന്ന അസാധാരണ പ്രതിഷേധത്തിലേക്ക് ആ 33കാരൻ എത്തിയപ്പോൾ രാജ്യം വീണ്ടും ആ പേര് ചർച്ച ചെയ്തു. അതൊരു പൂച്ചയും എലിയും കളിയായിരുന്നില്ല. ഡൽഹി-യുപി പൊലീസിന്റെ എല്ലാ നിരീക്ഷണ കണ്ണുകളെയും വെട്ടിച്ച് ജുമാ മസ്ജിദിന് മുന്നിൽ രോഷത്തിളച്ചയിൽ നിന്ന 25,000 ഓളം ആളുകൾക്കിടയിലേക്ക് ചന്ദ്രശേഖർ ആസാദ് തലയുയർത്തി എത്തിയത് ഒരു ജേതാവായി തന്നെയായിരുന്നു. ഡോ. ബി ആർ അംബേദ്കറുടെ ചിത്രം പതിച്ച ഭരണഘടന ഉയർത്തിപ്പിടിച്ച്, ആമുഖം ഉറക്കെ വായിച്ച്, ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചു: 'കരിനിയമം പിൻവലിക്കും വരെ ഈ സമരം തുടരും.' അതൊരു രാഷ്ട്രീയ പ്രഖ്യാപനമാണ്. ജുമാ മസ്ജിദിൽ തിങ്ങിക്കൂടിയവരോട് മാത്രമായിരുന്നില്ല ആ പ്രഖ്യാപനം. പൊലീസ് അറസ്റ്് ചെയ്തെങ്കിലും വലിയ പേരാണ് ആ സമരത്തോടെ അദ്ദേഹത്തിന് കിട്ടിയത്.

സവർണ്ണരെ വിറപ്പിക്കുന്ന ഭീം ആർമി

ഇന്ന് ഏഴു സംസ്ഥാനങ്ങളിലായി നാൽപതിനായിരത്തോളം ആളുകൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്. ആർഎസ്എസും ഹിന്ദുത്വ സംഘടനകളും ചേർന്ന് ദലിതുകളെ നൂറ്റാണ്ടുകളായി അടിമകളാക്കി വെച്ചിരിക്കുകയാണെന്ന് ചന്ദ്രശേഖർ പറയുന്നു. എന്നാൽ ആൾബലം കൊണ്ട് തങ്ങളെ ചെറുതാക്കാൻ സവർണർക്ക് കഴിയില്ലെന്നും ആനക്ക് ആനയുടെ ബലമറിയില്ലാത്തതു പോലെയാണ് ദലിതുകളുടെ അവസ്ഥയെന്നുമാണ് ചന്ദ്രശേഖർ പറയുന്നത്. അതുകൊണ്ട് തന്നെ ദലിതുകളുടെ ബലമെന്താണെന്ന് കാട്ടിക്കൊടുക്കാനായിരുന്നു ഡൽഹിയിലെ ജന്ദർമന്ദിറിൽ 2018ൽ ആർ നടത്തിയ വൻ റാലി.

മായാവതിയിൽ വിശ്വാസം നഷ്ടപ്പെടുന്ന ഉത്തർപ്രദേശിലെ ദളിത് വിഭാഗങ്ങൾ പുതിയൊരു നേതാവിനെ കണ്ടെത്തുകയാണ് ചന്ദ്രശേഖർ ആസാദിലൂടെ.ചന്ദ്രശേഖർ ആസാദ് 15മാസത്തോളം ജയിലിൽ കിടന്നപ്പോഴും അയാൾ അതിനുശേഷം ജയിലിൽ ആയപ്പോഴും മായാവതി പ്രത്യേകിച്ചൊരു പ്രസ്താവനയും നടത്തിയില്ല. കാരണം ചന്ദ്രശേഖർ ആസാദ് ഭീം ആർമിയുണ്ടാക്കുന്നത് മായാവതിക്ക് ദോഷം ചെയ്യുമെന്നാണ് അവർ കരുതുന്നത്. 'ആർഎസ്എസിന്റെ ചാരനാണ് ആയാൾ' എന്ന് മായാവതിക്ക് ഒരിക്കൽ അദ്ദേഹത്തിനെതിരെ വിമർശനം ഉന്നയിക്കേണ്ടിവന്നു. സ്വന്തമെന്ന് ബിഎസ്‌പി കരുതിയ മണ്ണിൽ ചന്ദ്രശേഖർ ആസാദ് കാലെടുത്തുവെച്ചപ്പോഴായിരുന്നു അത്.പടിഞ്ഞാറൻ യു.പിയിലും സഹരൺപൂരിലും ഭീം ആർമി ശക്തമാണ്. പടിഞ്ഞാറൻ യു.പിയിൽ മാത്രം അൻപതിനായിരത്തോളം ആക്ടീവ് വർക്കേഴ്‌സുള്ള ഒരു ഗ്രൂപ്പാണ് ഭീം ആർമി.

എഴുപതുകൾക്കുശേഷം ഉണ്ടായിട്ടുള്ള സെൽഫ് റൈറ്റ് മൂവ്‌മെന്റുകൾ, അംബേദ്കറൈറ്റ് മൂവ്‌മെന്റുകൾ ലെഫ്റ്റിനോട് അസോസിയേറ്റ് ചെയ്യണോ അല്ലെങ്കിൽ ഇൻഡിപ്പെന്റന്റ് ആയിട്ട് ബാർഗൈനിങ് ചെയ്യാവുന്ന ഫോഴ്‌സായി നിലനിൽക്കണമോ എന്ന കാര്യത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾ ആ കാലത്ത് ഉണ്ടായിട്ടുണ്ട്. കൂടുതലായിട്ട് ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ ഭാഗമായി അല്ലെങ്കിൽ അതുമാത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയധാരയുടെ കൂടെനിൽക്കുകയെന്ന രാഷ്ട്രീയ ലൈനിലേക്ക് അവർ പോയിട്ടുണ്ട്. പിന്നീട് കാൻഷിറാമിന്റെ മൂവ്‌മെന്റ് വരികയും ബി.എസ്‌പി വളരെ ശക്തിപ്പെടുകയും ചെയ്തതിന്റെ ഭാഗമായിട്ട് അവരൊരു രാഷ്ട്രീയ ശക്തിയായി മാറുകയായിരുന്നു. പക്ഷേ അതിനപ്പുറം എന്താണെന്നുള്ളതാണ് ഐഡന്റിറ്റി പൊളിറ്റിക്‌സ് മുന്നോട്ടുവെയ്ക്കുമ്പോൾ ഉയർത്തേണ്ട ഒരു ചോദ്യം. അതിനപ്പുറം ഒന്നുമില്ല. കാരണം ബി.എസ്‌പിയിൽ നിന്ന് എങ്ങോട്ടാണെന്ന് ചോദിച്ചാൽ ബി.എസ്‌പിയിൽ നിന്ന് ബിജെപിയിലേക്ക്. ഇതാണ് ഏറ്റവും വലിയ അപകടവും.

2018ലെ ഐതിഹാസികമായ ജന്ദർമന്ദിർ മാർച്ചോടെയാണ് ഭീം ആർമി മുഖ്യധാരയിൽ എത്തുന്നത്. ദലിതർക്കെതിരായി വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ രാജ്യതലസ്ഥനായ ഡൽഹിയിൽ അവർ ഒത്തുകൂടിയത് ചരിത്രമായി. പൊലീസ് അനുമതി നിഷേധിച്ചിട്ടും ജന്തർ മന്ദറിലേക്ക് കൂട്ടംകൂട്ടമായി പതിനായിരങ്ങൾ ഒഴുകിയെത്തി. ആർക്കും അവരെ തടയാനായില്ല. ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി, കനയ്യകുമാർ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. നവമാധ്യമങ്ങളിലൂടെ നൽകിയ ആഹ്വാനത്തിലൂടെ മാത്രം നീല തൊപ്പിയും പ്ലക്കാർഡുകളുമായി പതിനായിരക്കണക്കിന് ദലിതരാണ് ഒത്തുകൂടിയത്. അക്ഷരാർഥത്തിൽ തലസ്ഥാനം വിറച്ചുവെന്ന് തന്നെ പറയാം. ഇവരെ തടയാൻ തങ്ങൾക്കായില്ലെന്ന് പൊലീസും പറയുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി ദലിതർ ഹിന്ദുമതം ഉപേക്ഷിക്കുന്ന ചടങ്ങുകളും ഈ ഒത്തുകൂടലിനിടെ നടന്നു. നിരവധി പേർ ഹിന്ദു ആചാരപ്രകാരം കെട്ടിയ ചരടുകൾ മുറിച്ച് ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. തങ്ങൾക്കെതിരായ അതിക്രമത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുകയാണ് ഭീം ആർമി പ്രവർത്തകരുടെ ലക്ഷ്യം.

ഉരുത്തിയിരുന്നത് പുത്തൻ രാഷ്ട്രീയം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടുമെന്ന് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. മായാവതിയെ അത് അസ്വസ്ഥയാക്കി. ഉത്തർപ്രദേശിൽ 25 വർഷത്തെ രാഷ്ട്രീയ വൈരം മറന്ന് സമാജ് വാദി പാർട്ടിയും ബിഎസ്‌പിയും സഖ്യമുണ്ടാക്കി ബിജെപി നേരിടുമ്പോഴായിരുന്നു ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. മായാവതിയെ ഇത് ചൊടിപ്പിച്ചു. ആർഎസ്എസിന്റെ ചാരൻ എന്നായിരുന്നു അപ്പോഴുള്ള മായാവതിയുടെ വിമർശനം. ചന്ദ്രശേഖർ അത് നിഷേധിച്ചു. മായാവതിയുടെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങളെ വിമർശിച്ചു. ചന്ദ്രശേഖറിന്റെ രാഷ്ട്രീയ വളർച്ച അവഗണിക്കാൻ മറ്റുള്ളവർക്കാകില്ലെന്നതിന്റെ തെളിവായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ സമീപനം. ചന്ദ്രശേഖറുമായി പ്രിയങ്ക ഗാന്ധി ചർച്ച നടത്തി. രാഷ്ട്രീയ ധാരണകൾ രൂപപ്പെട്ടില്ലെങ്കിലും ചർച്ചകളുടെ വാതിൽ തുറന്നിട്ടു. 2024ൽ പൊതുതിരഞ്ഞെടുപ്പിൽ ദളിത് മുന്നേറ്റം ജാതിമേൽക്കോയ്മയെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ ശക്തിയമായി മാറുമെന്നാണ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. മായാവതിയിൽ വിശ്വാസം നഷ്ടപ്പെടുന്ന ഉത്തർപ്രദേശിലെ ദളിത് വിഭാഗങ്ങൾ പുതിയൊരു നേതാവിനെ കണ്ടെത്തുകയാണ് ചന്ദ്രശേഖർ ആസാദിലൂടെ.

ഭീം ആർമി അക്രമത്തിന് കോപ്പുകൂട്ടുന്നുവെന്ന് ഭരണാധികാരികൾ ആരോപിക്കുമ്പോൾ തങ്ങളുടെ രക്ഷകരെന്ന നിലയിലാണ് ആർമി രംഗത്തെത്തിയതെന്നാണ് ദലിതുകൾ വിശദമാക്കുന്നത്. ഉയർന്ന ജാതിക്കാരോട് ചായ്വ് കാണിക്കുന്ന ഭരണകൂടം കുറ്റവാളികളെ പിടികൂടുന്നതിനു പകരം ഈ സംഘടനയെ ലക്ഷ്യം വെക്കുകയാണ്. ഹിന്ദു ജാഗ്രതാ ഗ്രൂപ്പുകൾ ഇപ്പോൾ വൻതോതിൽ വർധിച്ചിട്ടുണ്ട്. വന്നുവന്ന് ഇത് യുപിയിലെ പഴയ ഫൂലൻദേവി- ഠാക്കൂർ
സേന കാലത്തേക്ക് എത്തുമോ എന്നാണ് ഭീതിയുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP