Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രംപ് ബോൺ ക്രിമിനൽ, സ്ത്രീലമ്പടൻ, വംശീയ വിദ്വേഷി; 'എങ്ങനെ എന്റെ കുടുംബം ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനെ സൃഷ്ടിച്ചു'; അമേരിക്കൻ പ്രസിഡന്റിനെ തുറന്നുകാട്ടുന്ന പുസ്തകം ബെസ്റ്റ് സെല്ലർ; ആദ്യ ദിനം തന്നെ വിറ്റുപോയത് 10ലക്ഷം കോപ്പികൾ; ചാനൽ അഭിമുഖങ്ങളും മറ്റുമായി ട്രൻഡിങ്ങായി മേരി ട്രംപ്; കോവിഡും ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകവും ഇമേജ് ഇടിച്ച ട്രംപിന്ഒരു ആഘാതം കൂടി; മരുമകൾ ട്രംപിന്റെ അന്തകയാവുമോ?

ട്രംപ് ബോൺ ക്രിമിനൽ, സ്ത്രീലമ്പടൻ, വംശീയ വിദ്വേഷി; 'എങ്ങനെ എന്റെ കുടുംബം ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനെ സൃഷ്ടിച്ചു'; അമേരിക്കൻ പ്രസിഡന്റിനെ തുറന്നുകാട്ടുന്ന പുസ്തകം ബെസ്റ്റ് സെല്ലർ; ആദ്യ ദിനം തന്നെ വിറ്റുപോയത് 10ലക്ഷം കോപ്പികൾ; ചാനൽ അഭിമുഖങ്ങളും മറ്റുമായി ട്രൻഡിങ്ങായി മേരി ട്രംപ്; കോവിഡും ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകവും ഇമേജ് ഇടിച്ച ട്രംപിന്ഒരു ആഘാതം കൂടി; മരുമകൾ ട്രംപിന്റെ അന്തകയാവുമോ?

എം മാധവദാസ്

രുമകനാൽ നിഗ്രഹിക്കപ്പെട്ട കംസനെ ഓർമ്മിപ്പിക്കയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇപ്പോഴത്തെ അവസ്ഥ. ആസന്നമായ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമോ, കോവിഡ് ഉയർത്തുന്ന വെല്ലുവിളികളോ, ജോർജ് ഫ്ളോയിഡ് എന്ന കുറത്ത വർഗക്കാരന്റെ മരണം ഉയർത്തിയ പ്രതിഷേധമോ ഒന്നുമല്ല ട്രംപിനെ ഇപ്പോൾ കൂടുതൽ പേടിപ്പെടുത്തുന്നത്. അത് സ്വന്തം മരുമകൾ മേരി ട്രംപ് തന്നെയാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൂടിയായ മേരി എൽ ട്രംപ് എഴുതിയ 'ടൂ മച്ച് ആൻഡ് നെവർ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ വേൾഡ്സ് മോസ്റ്റ് ഡേഞ്ചറസ് മാൻ' എന്ന പുസ്തകം പത്തുലക്ഷം കോപ്പിയാണ് ആദ്യ ദിനത്തിൽ തന്നെ വിറ്റപോയത്. ട്രംപ് ഒരു ബോൺ ക്രിമിനലും സ്ത്രീലമ്പടും തട്ടിപ്പുകാരനുമാണെന്നാണ് പുസ്തകം അക്കമിട്ട് നിരത്തുന്നത്. സോഷ്യൽ മീഡിയിലും പുസ്തകത്തിന്റെ വാർത്തകൾ ട്രൻഡിങ്ങ് ആവുമ്പോഴും ട്രംപിന് ഇതിലെ ആരോപണങ്ങളെ ഖണ്ഡിക്കാൻ ആവുന്നില്ല.

ആസന്നമായ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് പുതിയൊരു എതിരാളി' എന്നാണ് മേരി ട്രംപ് എന്ന 55കാരിയെ വാഷിങ്്ടൺ പോസ്റ്റ് വിമർശിക്കുന്നത്. ചാനൽ അഭിമുഖങ്ങളും സമൂഹമാധ്യമങ്ങളിലെ പ്രതികരണവുമായി ട്രൻഡിങ്ങായി മേരി വളരെ പെട്ടന്നാണ് ഒരു സാമാന്തര പ്രസ്ഥാനമായി മാറുന്നത്. കോവിഡും കുറത്തവർഗക്കാരന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും ഇമേജ് ഇടിച്ച ട്രംപിന് ഒരു ആഘാതം കൂടിയാണ് ഇതന്നെും, മരുമകൾ ട്രംപിന്റെ അന്തകനാവുമെന്നുമാണ് വാഷിങ്്ടൺ പോസ്റ്റ് കൂട്ടിച്ചേർക്കുന്നത്. ട്രംപ് എപ്പോഴൊക്കെ പ്രതിസന്ധിയിലാവുന്നോ അപ്പോഴോക്കെ പ്രതിരോധമുയർത്തി മുന്നോട്ടുവരുന്ന ഫോക്സ് ടെലിവിഷനുപോലും ഇത്തവണ ട്രംപിനെ വെളിപ്പിച്ചെടുക്കാൻ ആവുന്നില്ല. ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞിരിക്കുന്ന സമയത്തുതന്നെയാണ്, അദ്ദേഹത്തിന്റെ ശവപ്പെട്ടിയിൽ ആണിയടിയെന്നോണം ഈ പുസ്തകവും പുറത്തിറങ്ങുന്നത്.

ആരാണ് മേരിട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹോദരൻ ഫ്രെഡ് ട്രംപ് ജൂനിയറിന്റെ മകളാണ് മേരി എൽ ട്രംപ്. ഫ്രെഡ് ട്രംപ് ഈ കോടീശ്വര കുടുംബത്തിലെ വിമതനായാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ മേരി പുസ്തകം എഴുതിയപ്പോൾ തന്നെ വലിയ വിവാദം കുടുംബം പ്രതീക്ഷിച്ചിരുന്നു. പുസ്‌കത്തിന്റെ പ്രസിദ്ധീകരണം തടയാൻ ട്രംപ് കുടുംബം ആവുന്നത് ശ്രമിച്ചിരുന്നു. ഇതിനായി ഡൊണാൾഡ് ട്രംപിന്റെ സഹോദരൻ റോബർട്ട് നേരത്തെ ഒരു കോടതി ഉത്തരവ് നേടിയിരുന്നു. എന്നാൽ, ഈ വിലക്ക് പിന്നീട് കോടതി റദ്ദാക്കി. ഇതിന് തൊട്ടുപിന്നാലെയാണ് പുസ്തകം ഇറങ്ങിയത്. പ്രസാധകരായ സൈമൺ ആൻഡ് ഷൂസ്റ്റർ സംബന്ധിച്ച് റെക്കോർഡ് വിൽപനയാണ് പുസ്തകത്തിന്റെ കാര്യത്തിലുണ്ടായിരിക്കുന്നത്.

പിതാവ് ഫ്രെഡ് ട്രംപ് സീനിയറിന്റെ സ്വത്തുക്കൾ ഭാഗം വെച്ച, 2001 ലെ കരാറിന്റെ ഭാഗമായ നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് മേരി ലംഘിക്കുന്നു എന്ന് കാണിച്ചാണ് റോബർട്ട് കോടതിയെ സമീപിച്ചിരിരുന്നത്. എന്നാൽ പൊതുതാത്പര്യം ഏറെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാലാണ് ട്രംപും കുടുംബവും ഈ പുസ്തകം നിരോധിക്കുവാൻ ആവശ്യപ്പെടുന്നത് എന്നാണ് മേരിയുടെ അഭിഭാഷകൻ വാദിച്ചത്.

എന്നാൽ സാമ്പത്തിക നേട്ടത്തിനായി കുടുംബകാര്യങ്ങൾ പരസ്യപ്പെടുത്തുന്നതും കച്ചവടവത്ക്കരിക്കുന്നതും അനുവദിക്കാൻ ആകില്ലെന്ന നിലപാടിലാണ് റോബർട്ട് ട്രംപ്. ഇത് മരണമടഞ്ഞ മൂത്ത സഹോദരൻ ഫ്രെഡ് ജൂനിയറിനോടുള്ള അവഹേളനം കൂടിയാണെന്നും അദ്ദേഹം പറയുന്നു. പ്രസിഡണ്ടിന്റെ മറ്റൊരു സഹോദരനാണ് റോബർട്ട് ട്രംപ്. മേരിയും അവരുടെ സഹോദരൻ ഫ്രെഡ് മൂന്നാമനും ട്രംപിനും , റോബർട്ടിനും അവരുടെ സഹോദരി മേരിയാനിനും എതിരെ മെഡിക്കൽ ആനുകൂല്യങ്ങളും കവറേജും നിർത്തലാക്കിയതിന് 2000-ൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. പതിറ്റാണ്ടുകളോളം മെഡിക്കൽ ആനുകൂല്യങ്ങൾ നല്കിയതിനു ശേഷം, ട്രംപ് കുടുംബം കാരണമില്ലാതെ അത് നിർത്തലാക്കി എന്നായിരുന്നു അതിൽ ആരോപിച്ചിരുന്നത്. 1999-ൽ മരണമടഞ്ഞ ഫ്രെഡ് ട്രംപിന്റെ വിൽപ്പത്രത്തിനെതിരെ കേസുമായി പോയതാണ് ഇത്തരം പ്രതികാര നടപടികൾക്ക് കാരണം എന്നും അവർ ആരോപിച്ചിരുന്നു.

അവസാന കാലത്ത് ഫ്രെഡ് സീനിയർ ചില മാനസിക അസ്വസ്ഥതകൾ കാണീച്ചിരുന്നു എന്നും ഡൊണാൾഡ് ട്രംപും സഹോദരങ്ങളും അത് മുതലെടുത്ത് തന്റെയും സഹോദരന്റെയും പേരുകൾ വിൽപ്പത്രത്തിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു എന്നും മേരി ട്രംപ് ആരോപിക്കുന്നു. പുതിയ വിൽപ്പത്രത്തിൽ സ്വത്തുക്കൾ, ജീവിച്ചിരിക്കുന്ന സഹോദരങ്ങളുടെ പേരിൽ വീതിക്കുകയായിരുന്നു. പിതാവ് മരിച്ചതിനാൽ മേരിക്കും സഹോദരനും ലഭിച്ചത് വെറും 2 ലക്ഷം ഡോളർ വീതവും. ഏതായാലും പിന്നീട് ഈ കേസ് പിന്നീട് ഒത്തുതീർപ്പായി. തങ്ങളുടെ മുത്തച്ഛന്റെ മാനസിക പ്രശ്നങ്ങളും മറവി രോഗവും എല്ലാം എടുത്തുകാട്ടിയായിരുന്നു മേരിയും സഹോദരനും കോടതിയെ സമീപിച്ചത്. വിൽപ്പത്രത്തിൽ ഒപ്പ് വച്ചത് മുത്തച്ഛനായിരുന്നോ എന്നു കൂടി അവർ സംശയം പ്രകടിപ്പിച്ചിരുന്നു.

ഫ്രെഡ് ട്രംപ് ഒരു വലിയ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്തിരന്നു. അദ്ദേഹത്തിന്റെ മൂത്ത മകനായ ഫ്രെഡ് ജൂനിയർ പക്ഷെ മദ്യത്തിന് അടിമയായി നാല്പത്തി രണ്ടാം വയസ്സിൽ 1982-ൽ മരണമടഞ്ഞു. ഇതുമുതലെടുത്ത് മറ്റ് സഹോദരങ്ങൾ സ്വത്ത് തട്ടിയെടുത്തുവെന്നാണ് മേരി ട്രംപ് പുസ്‌കത്തിൽ പറയുന്നത്.

അംഗീകാരമുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് മേരി ട്രംപ്. താൻ ഹിലാരി ക്ലിന്റണാണ് വോട്ട് ചെയ്തതെന്നും 2016ലെ തെരഞ്ഞെടുപ്പ് രാത്രിയിൽ ട്രംപിന്റെ പാർട്ടിയിൽ താൻ പങ്കെടുത്തില്ലെന്നും മേരി ട്രംപ് പുസ്തകത്തിൽ വ്യക്തമാക്കുന്നു. എന്നാൽ തന്റെ സഹോദരൻ ഫ്രെഡ് ട്രംപിനനെ സഹായിക്കാൻ താൻ ഒന്നും ചെയ്തിരുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ് ഈയിടെ കുറ്റസമ്മതം നടത്തിയിരുന്നു.

ക്രിമിനൽ, സ്ത്രീലമ്പടൻ, വംശീയ വിദ്വേഷി

ട്രംപ് ഒരു തികഞ്ഞ ക്രിമിനൽ ആണെന്നാണ് മൂന്നുവയസ്സുള്ളപ്പോൾ മുതലുള്ള അയാളുടെ സ്വഭാവം ഉദ്ധരിച്ച് മേരി പറയുന്നത്. കോളേജ് പ്രവേശനത്തിന്റെ യോഗ്യതാപരീക്ഷയായ സാറ്റ് എഴുതിയെടുക്കാൻ ഡൊണാൾഡ് ട്രംപ് പണം നൽകി ഒരാളെ നിയമിച്ചു. അയാൾ ട്രംപിന് പകരം പോയി പരീക്ഷയെഴുതി. അങ്ങനെ നേടിയെടുത്ത ഉയർന്ന സ്‌കോർ വച്ചാണ് പെൻസിൽവാനിയ സർവകലാശാലയിലെ പ്രശസ്തമായ വാർട്ടൺ ബിസിനസ്സ് സ്‌കൂളിലേക്ക് അദ്ദേഹം പ്രവേശനം നേടിയെടുത്തത് എന്നും മേരി ആരോപിക്കുന്നു. തന്റെ അച്ഛൻ ഫ്രെഡ് കുടുംബത്തിൽ എന്നും ഒറ്റപ്പെട്ടവനായിരുന്നുവെന്നും അവർ പറഞ്ഞു.

ഫ്രെഡ് ട്രംപ് സുന്ദരനും ധീരനും എന്നാൽ ഒരു കടുത്ത മദ്യപാനിയുമായിരുന്നു. കുറച്ചുകാലം അച്ഛന്റെ ബിസിനസ് നോക്കിനടത്തിയശേഷം, അദ്ദേഹം റിയൽ എസ്റ്റേറ്റ് ജോലി ഉപേക്ഷിച്ച് പൈലറ്റായി മാറി. എന്നാൽ, ഈ അവസരം മുതലാക്കി ട്രംപ് കുടുംബ ബിസിനസ്സ് ഏറ്റെടുത്തെന്നും അവർ അഭിപ്രായപ്പെട്ടു. പിതാവിനെ പ്രീതിപ്പെടുത്തുന്നതിനും സമാധാനിപ്പിക്കുന്നതിനുമായി നുണ പറയുന്നത് ഒരു ജീവിതരീതിയാക്കി ഡൊണാൾഡ് ട്രംപ് മാറ്റിയെന്നും, മൂത്ത സഹോദരൻ ഫ്രെഡിന്റെ കുറവുകൾ ഉയർത്തിക്കാട്ടി, പിതാവിന്റെ പ്രിയപ്പെട്ട മകനാകാനുമുള്ള ശ്രമങ്ങൾ ഡൊണാൾഡ് നടത്തിയിരുന്നുവെന്നും മേരി എഴുതുന്നു. ഒരു തികഞ്ഞ മദ്യപാനിയായിത്തീർന്ന മേരിയുടെ അച്ഛൻ മരിച്ച സമയത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആരുമുണ്ടായിരുന്നില്ലെന്നും, പകരം സഹോദരൻ മരിക്കുന്ന വേളയിൽ ഡൊണാൾഡ് ട്രംപ് സിനിമ കാണാൻ പോയെന്നും മേരി എഴുതുന്നു.

ട്രംപിന്റെ സഹോദരി, മുൻ ഫെഡറൽ ജഡ്ജിയായ മരിയാൻ ട്രംപ് ബാരി അദ്ദേഹത്തെ യാതൊരു ആദർശങ്ങളുമില്ലാത്ത ഒരു കോമാളിയായിട്ടാണ് കണക്കാക്കുന്നതെന്നും മേരി ആരോപിച്ചു. ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾക്കിടയിൽ തന്റെ സഹോദരനുള്ള പിന്തുണ കണ്ടിട്ട് മരിയാൻ ട്രംപിന് വല്ലാത്ത അത്ഭുതം തോന്നിയെന്നും പുസ്തകത്തിൽ പറയുന്നു. ''ക്യാമറകൾ ഉള്ളപ്പോൾ മാത്രമാണ് ഡൊണാൾഡ് പള്ളിയിൽ പോകുന്നത്. എന്നാൽ, ആളുകൾ ഇതൊന്നുമറിയാതെ അദ്ദേഹത്തെ പിന്തുണക്കുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നുന്നു. അദ്ദേഹത്തിന് ആദർശങ്ങളില്ല. ഒട്ടുമില്ല! ' സഹോദരി പറഞ്ഞതായി പുസ്തകത്തിൽ ഉദ്ധരിക്കുന്നു. അദ്ദേഹം സ്വയം ഉയർന്നുവന്ന ഒരു വലിയ വ്യവസായിയാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ, വാസ്തവം അതല്ല എന്നവർ പുസ്തകത്തിൽ പറയുന്നു. മേരിയും മരിയാനുയുള്ള ഒരു സ്വകാര്യസംഭാഷണത്തെക്കുറിച്ച് പുസ്തകത്തിൽ പറയുന്നുണ്ട്. 'അദ്ദേഹം സ്വയം ഉയർന്നുവന്ന വ്യക്തിയാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? അദ്ദേഹം സ്വന്തമായി എന്താണ് നേടിയത്?'മേരി ചോദിച്ചു. അദ്ദേഹത്തിന്റെ വിജയത്തിന്റെ പ്രധാന കാരണം പിതാവിന്റെ സാമ്പത്തികപിന്തുണയും, മാർഗനിർദ്ദേശങ്ങളുമാണ് എന്നവർ പുസ്തകത്തിൽ പറയുന്നു. ഡൊണാൾഡിന്റെ കുറവുകളെ നികത്താൻ അച്ഛന്റെ പിന്തുണയ്ക്ക് കഴിഞ്ഞുവെന്നും അവർ അതിൽ പറയുന്നു.

ഡൊണാൾഡ് ട്രംപിന്റെ വംശീയവിവേചനവും അവർ അതിൽ തുറന്നുകാട്ടുന്നുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലുള്ള കുപ്രസിദ്ധമായ പ്രസംഗത്തിൽ 'നഗ്നമായ വംശീയത' അദ്ദേഹം പ്രകടിപ്പിച്ചിരുന്നതായി മരിയാനും മേരിയും സമ്മതിക്കുന്നു. 2015 -ൽ, ട്രംപ് മെക്സിക്കൻ കുടിയേറ്റക്കാരെ 'റേപ്പിസ്റ്റുകൾ' എന്ന് പരാമർശിച്ചിരുന്നു. ഇതിൽ വംശീയതയുടെ ധ്വനി പ്രകടമായിരുന്നു. എന്നിട്ടും അദ്ദേഹം ജയിച്ചു. രാജ്യത്തിന് വന്ന ദുർഗതിയോർത്ത് അന്നുരാത്രി താൻ ഒരുപാടു വിഷമിച്ചെന്ന് മാരിയാൻ പറയുന്നതായും പുസ്തകത്തിൽ പരാമർശമുണ്ട്.

'നീന്തൽ വസ്ത്രങ്ങൾ അണിഞ്ഞ എന്നെ ശൃംഗാര ഭാവത്തിൽ നോക്കി'

മറ്റൊരു അദ്ധ്യായത്തിൽ അവർ പറയുന്നത് തനിക്ക് 29 വയസ്സുള്ളപ്പോൾ, താൻ നീന്തൽ വസ്ത്രങ്ങൾ അണിഞ്ഞ് നിൽക്കുന്ന സമയത്ത് ട്രംപ് തന്നെ ശൃംഗാരഭാവത്തോടെ നോക്കി എന്നാണ്. മാത്രമല്ല ദ്വയാർത്ഥത്തിൽ സംസാരിക്കുകയും ചെയ്തുവത്രെ. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന് പറഞ്ഞപ്പോൾ റിട്ടയേർഡ് ജഡ്ജ് കൂടിയായ മൂത്ത സഹോദരി പറഞ്ഞത് ട്രംപ് ഒരു കോമാളിയാണെന്നായിരുന്നു എന്നും അവർ വേറൊരിടത്ത് എഴുതിയിട്ടുണ്ട്.കുട്ടിക്കാലം മുതൽ തന്നെ ട്രംപ് ക്രൂരനായിരുന്നുവെന്നും സഹോദരനെയടക്കം അപമാനിച്ചിരുന്നുവെന്നും മേരി ട്രംപ് പറയുന്നുണ്ട്. 'നമുക്കറിയാം ഡൊണാൾഡ് ട്രംപിന് ഈ കഥകളൊന്നും ഇഷ്ടമാകില്ല എന്ന്. എന്നാൽ, ഈ കഥകളെല്ലാം ആളുകളറിയേണ്ടതുണ്ടെന്നും' മേരി ട്രംപ് വ്യക്തമാക്കുന്നു. ന്യൂയോർക്ക് ടൈംസിന് പുലിറ്റ്സർ അവാർഡ് നേടിക്കൊടുത്ത പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പിന്നിൽ താനായിരുന്നുവെന്ന് മേരി ട്രംപ് തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തയിട്ടുണ്ട്.

'കോമാളിത്തരവും മനഃപൂർവമായ അജ്ഞതയും' എന്നാണ് പുസ്തകത്തിൽ മേരി ട്രംപ്
ഡോണാൾഡ് ട്രംപിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തെ അദ്ദേഹത്തിന്റെ ഭരണം വെച്ച് നോക്കുമ്പോൾ ഇനിയും മിണ്ടാതിരിക്കാൻ കഴിയില്ലെന്നാണ് മേരി ട്രംപ് പറയുന്നത്.'മുത്തച്ഛനെ പിന്തുടർന്ന് ഡോണാൾഡ് സഹോദരങ്ങളുടെ നിശ്ശബ്ദതയും നിഷ്‌ക്രിയത്വവും മൂലം എന്റെ പിതാവിനെ നശിപ്പിച്ചു. എന്റെ രാജ്യത്തെ കൂടി നശിപ്പിക്കാൻ അയാളെ അനുവദിക്കാൻ കഴിയില്ല' - തന്റെ പുസ്തകത്തിൽ മേരി ട്രംപ് എഴുതി.

തന്റെ സ്വന്തം ഓർമകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുസ്തകത്തിലെ ചില ഭാഗങ്ങളെന്ന് മേരി ട്രംപ് പറയുന്നു. കൂടാതെ, ചില കുടുംബാംഗങ്ങളും മറ്റുള്ളവരും പറഞ്ഞ വിവരങ്ങൾ അനുസരിച്ച് ചിലതൊക്കെ പുനഃസൃഷ്ടിച്ചു. നിയമപരമായ രേഖകൾ, ബാങ്ക് രേഖകൾ, നികുതി അടച്ചത്, മറ്റ് രേഖകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ഇത്. തന്റെ അങ്കിൾ യു എസ് പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിക്കുന്നത് താനൊരിക്കലും കാര്യമായി പരിഗണിച്ചിരുന്നില്ലെന്നും മേരി ട്രംപ് പറയുന്നു. 'ഡോണാൾഡ് ഇതൊരിക്കലും കാര്യമായി എടുക്കുമെന്ന് ഞാൻ കരുതിയില്ല' - മേരി ട്രംപ് പുസ്തകത്തിൽ എഴുതി. 'തന്റെ ബ്രാൻഡിന് ഒരു സൗജന്യ പരസ്യം ചെയ്യൽ ആണ് അയാൾ ആഗ്രഹിച്ചത്'.

തരംഗമായി മേരി ട്രംപ്

പുസ്തകം പുറത്തുവന്നയേതാടെ മേരി ട്രംപ് അമേരിക്കയിൽ തരംഗമായിരിക്കയാണ്. നിരവധി അഭിമുഖങ്ങൾ ഈയാഴ്ച മേരി ട്രംപ് നൽകിയിരുന്നു. വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ, പ്രസിഡണ്ട് ട്രംപ് ഒരു തികഞ്ഞ വംശീയവാദിയാണ് എന്ന് മേരി ട്രംപ് പറയുകയുണ്ടായി. വ്യാഴാഴ്ച വൈകുന്നേരം റേച്ചൽ മാഡോവിന് നൽകിയ അഭിമുഖത്തിൽ ട്രംപിന്റെ വംശീയ പരാമർശങ്ങൾ നേരിട്ട് കേട്ടിട്ടുണ്ട് എന്നും മേരി ട്രംപ് വെളിപ്പെടുത്തി. 'ട്രംപ് ഒരു വംശീയവാദിയാണ് എന്ന കാര്യം ആരെയും അത്ഭുതപ്പെടുത്തുമെന്ന് കരുതുന്നില്ല, കാരണം എല്ലാവർക്കും തന്നെ അറിയാം അയാൾ എത്രമാത്രം വംശീയവാദിയാണ് എന്നത്' എന്നും മേരി ട്രംപ് പറയുകയുണ്ടായി.

എബിസിയുടെ ഗുഡ് മോർണിങ് അമേരിക്കയിൽ മേരി ട്രംപ് പറഞ്ഞത് ട്രംപ് പ്രസിഡണ്ട് സ്ഥാനത്തിരിക്കാൻ യോഗ്യനായ ഒരാളേയല്ല, അതിനാൽ എത്രയും പെട്ടെന്ന് രാജിവെച്ചൊഴിയുന്നതാണ് നല്ലത് എന്നാണ്. തന്റെ പിതാവും പ്രസിഡണ്ട് ട്രംപ് തമ്മിൽ അത്ര അടുപ്പമുണ്ടായിരുന്നില്ലായെന്നും തന്റെ പിതാവിനെ പല പെരുമാറ്റങ്ങളിലൂടെയും അയാൾ അപമാനിച്ചിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഈ രാജ്യത്തെ നയിക്കാൻ രാഷ്ട്രപതിക്ക് തീർത്തും കഴിവില്ല, അദ്ദേഹത്തെ അനുവദിക്കുന്നത് അപകടകരമാണ്.
മേരി ട്രംപ് പറഞ്ഞു, ''

പിതാവിൽനിന്ന് വൈകാരിക പീഡനത്തിന് ഇരയായി

ക്ലനിക്കൽ സൈക്കോളജിസ്റ്റ് കൂടിയായ മേരി, ഡൊണാൾഡ് ട്രംപിന്റെ വിചിത്രമായ സ്വഭാവത്തിന് കാരണമായി കുറ്റപ്പെടുത്തുന്നത് ട്രംപിന്റെ പിതാവിനെ തന്നെയാണ്. ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വഭാവ രൂപീകരണത്തിന് കാരണം അദ്ദേഹത്തിന്റെ പിതാവാണെന്നും, പിതാവിൽ നിന്ന് അദ്ദേഹം വൈകാരിക പീഡനത്തിന് ഇരയായെന്നും മേരി പറയുന്നു. ഫ്രെഡ് ട്രംപും അദ്ദേഹത്തിന്റെ മൂത്തമക്കളായ ഫ്രെഡ് ജൂനിയറും ഡൊണാൾഡും തമ്മിലുള്ള 'വിചിത്രവും ദോഷകരവുമായ ബന്ധം ഉൾപ്പെടെ, അവഗണനയുടെയും ദുരുപയോഗത്തിന്റെയും ദാരുണവും വിനാശകരവുമായ കഥയാണ് പുസ്തകം പറയുന്നതെന്ന' ഒരു നിരൂപകൻ എഴുതുന്നു.

പിതാവിന്റെ പ്രീതി പിടിച്ചുപറ്റുന്നതിനായിട്ടാണ് മറ്റ് സഹോദരങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന പ്രവണത ട്രംപ് തുടങ്ങിയതെന്നും മേരി പറയുന്നു. മൂന്നാം വയസുമുതൽ അസുഖം ബാധിച്ച ഒരു അമ്മയും സ്നേഹം ഒന്നുമല്ലെന്നും ആകെ വേണ്ടത് ബഹുമാനം മാത്രമാണെന്നും വിശ്വസിച്ച്, തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ച അച്ഛനും ചേർന്നാണ് ട്രംപിനെ വളർത്തിയത്. അതിനാൽ ഡൊണാൾഡിന് വളരാനോ പഠിക്കാനോ മാറാനോ കഴിഞ്ഞില്ല. ഇന്നും വികാരങ്ങളെ നിയന്ത്രിക്കാനാകുന്നില്ല. പ്രതികരണങ്ങളിൽ മിതത്വം പാലിക്കാനോ വിവരങ്ങൾ സമന്വയിപ്പിക്കാനോ കഴിയുന്നില്ല.'ഡൊണാൾഡ് ട്രംപും നാല് സഹോദരങ്ങളും വളർന്ന ക്വീൻസിന്റെ ഹൃദയഭാഗത്തുള്ള മുത്തശ്ശിയുടെ വീട്ടിലാണ് മേരിയും വളർന്നത്.

ഫസ്റ്റ് ലേഡി സ്ഥാനത്ത് മകളെ കാണുന്ന ട്രംപ്

ഡൊണാൾഡ് ട്രംപിനക്കുറിച്ച് നേരത്തെയും പല പുസ്‌കങ്ങൾ ഇറങ്ങിയിട്ടുണ്ട്. അവയും ഇപ്പോൾ എതിരാളികൾ പ്രചരിപ്പിക്കുന്നത്. ട്രംപിന്റെ ജീവിതത്തിലെ അറിയാ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന മൈക്കൽ വോൾഫ് എഴുതിയ ' ഫയർ ആൻഡ് ഫുറി; ഇൻസൈഡ് ദി ട്രംപ് വൈറ്റ് ഹൗസ്' എന്ന പുസ്തകത്തിലെ വിവരങ്ങളാണ് പ്രചരിക്കുന്നത്.

മുൻ വൈറ്റ് ഹൗസ് സ്ട്രാറ്റജിക് ആയ സ്റ്റീവ് ബാനനുമൊത്ത് എല്ലാ വൈകുന്നേരങ്ങളിലും ട്രംപ് ഭക്ഷണം കഴിക്കാനിരിക്കാറുണ്ടെന്നും പുസ്തകം വെളിപ്പെടുത്തുന്നു. ഈ പുസ്തകത്തിലെ നിർണായകയകമായ മിക്ക വിവരങ്ങളുടെയും ഉറവിടമായി വർത്തിച്ച വ്യക്തിയാണ് ബാനൻ. ഇവർ ഒരുമിച്ചുള്ള ഭക്ഷണം കഴിക്കലിന് ശേഷം ട്രംപ് വീട്ടിലേക്ക് പോയി കിടക്കുകയും കിടക്കയിൽ വച്ച് വൈകീട്ട് ആറരക്ക് ചീസ് ബർഗർ കഴിച്ച് ഉറക്കത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഇടയ്ക്ക് ടെലിവിഷൻ ചാനലുകൾ കാണുന്ന ട്രംപ് തുടർന്ന് മീഡിയകളെ കുറിച്ചുള്ള കുറ്റം സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്യും. തന്റെ ഷർട്ട് നിലത്ത് വീണ് കിടക്കുന്നത് കണ്ട് ഏതെങ്കിലും ജോലിക്കാർ അത് എടുത്ത് യഥാസ്ഥാനത്ത് വച്ചാൽ പോലും ട്രംപ് അവരെ അനാവശ്യമായി തെറി വിളിക്കുമന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഷർട്ട് നിലത്ത് കിടക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നായിരിക്കും ട്രംപ് അതിന് പറയുന്ന ന്യായീകരണം.

ഇവാൻ ട്രംപിന്റെ മകളാണെങ്കിലും അദ്ദേഹം അവരെ ഭാര്യയുടെ സ്ഥാനത്താണ് കാണുന്നതെന്ന് വൈറ്റ് ഹൗസ് ജീവനക്കാർ ആരോപിക്കുന്നു. യഥാർത്ഥ ഭാര്യ മെലാനിയയെ ഫസ്റ്റ് ലേഡി എന്ന പദവികളിൽ നിന്നെല്ലാം അകറ്റി നിർത്തുന്ന തന്റെ സ്വഭാവം ട്രംപ് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ഈ പുസ്തകം വ്യക്തമാക്കിയിരിക്കുന്നത്. മെലാനിയയേക്കാൾ ഇവാൻകയ്ക്കും കമ്മ്യണിക്കേഷൻ ഡയറക്ടർ ഹോപ് ഹിക്സിനുമാണ് ട്രംപിന് മേൽ കൂടുതൽ സ്വാധീനമുള്ളതെന്നും വെളിപ്പെട്ടിട്ടുണ്ട്. ട്രംപ് അധികാരമേറ്റെടുത്ത ആദ്യ വർഷം നിരവധി പേർ വൈറ്റ് ഹൗസിൽനിന്നും രാജി വച്ചിരുന്നു. അപ്പോഴെല്ലാം ട്രംപിന് ധൈര്യം പകർന്ന് നൽകി പ്രധാന അഡൈ്വസറായി വർത്തിച്ചത് ഹിക്സാണ്. ഇതിന് പുറമെ ട്രംപ് വിദേശയാത്രകൾ നടത്തിയപ്പോഴും ഇവാൻക മെലാനിയയേക്കാൾ നിർണായകമായ പങ്ക് വഹിച്ചിരുന്നു. ഇന്ത്യയിൽ വ്ച്ച് നടന്ന ഒരു ബിസിനസ് കോൺഫറൻസിൽ പങ്കെടുക്കാൻ ട്രംപിനെ പ്രതിനിധീകരിച്ച് ഇവാൻകയായിരുന്നു എത്തിയിരുന്നത്.

വൈറ്റ് ഹൗസിലെ ഉന്നതരായ നിരവധി ഒഫീഷ്യലുകൾക്കും റുപർട്ട് മർഡോർക്ക് അടക്കമുള്ള ബില്യണയർമാർക്കും ട്രംപിനെ പറ്റി നല്ല മതിപ്പില്ലെന്നും ഇവരിൽപലരും അദ്ദേഹത്തെ തെറി വിളിക്കാറുണ്ടെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്നുചിൻ ട്രംപിനെ ഇഡിയറ്റ് എന്ന് സംബോധന ചെയ്തുവെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. ട്രംപിന് പല കാര്യങ്ങളിലും ധാരണക്കുറവുണ്ടെന്ന് മർഡോക്ക് പ്രതികരിച്ചുവെന്നും പുസ്തകത്തിൽ പരാമർശമുണ്ട്. ഇതും ചേർത്താണ് ട്രംപ് വിരോധികൾ ആഞ്ഞടിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽ ആരാണ്

കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ അമേരിക്കൻ പൊലീസ് ശ്വാസംമുട്ടിച്ച് കൊന്നതിന്റെ ഭാഗാമായി, മനുഷ്യാവകാശ പ്രവർത്തകൾ ഉയർത്തിയ ഒരു കാമ്പയിൽ ആണ് 'ലോകത്തിലെ ഏറ്റവും വലിയ ക്രമിനൽ ആരാണ് എന്ന ചോദ്യം.' അതിപ്പോൾ ട്രംപിനുനേരെയാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ഇവർ വിരൽചൂണ്ടുന്നത്. ഇതോടൊപ്പം എക്കാലവും അമേരിക്കൻ ഭരണകൂടത്തിന്റെ കടുത്ത വിമർശകനായ നോം ചോസ്‌ക്കിയുടെ ഒരു ലേഖനവും പ്രചിക്കുന്നുണ്ട്.

അമേരിക്കൻ ഭരണകൂടത്തിന്റെ പിടിപ്പുകേടിനെ കുറിച്ച് ലോകപ്രശസ്ത രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമായ നോം ചോംസ്‌കിയുടെ വാക്കുകൾ വൈറലാകുകയാണ്. ഡെമോക്രസി നൗവിൽ പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തക അമി ഗുഡ്മാനുമായി നടത്തിയ അഭിമുഖത്തിലാണ് നോം ചോംസ്‌കി അമേരിക്കൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.

അമേരിക്കൻ പ്രസിഡന്റിന്റെ കയ്യിൽ ചോര പുരണ്ടിരിക്കുന്നു എന്ന് തോന്നുന്നുണ്ടോ? എന്ന ചോദ്യത്തിത്തന് ചോംസ്്ക്കി നൽകിയ മുറപടി ഇങ്ങനെയാണ്. 'അതിൽ സംശയമേയില്ല. ട്രംപ് ഒരു വിഡ്ഢിത്തം പറയും. ഉടൻ ഫോക്‌സ് ന്യൂസ് ബ്രേക്കിങ് ന്യൂസ് ആകും. തൊട്ടടുത്ത ദിവസം നേരെ വിപരീതം പറയും, അതും ഫോക്‌സ് ന്യൂസിൽ ഗംഭീര വാർത്ത. ആ റിപ്പോർട്ടർ മാരുടെ അവതരണ രീതി തന്നെ ശ്രദ്ധിക്കണം. ഒരു കൺഫ്യൂഷനും ഇല്ല, തികഞ്ഞ ആത്മവിശ്വാസത്തിൽ. പ്രിയ നേതാവ് എന്ത് പറയുന്നോ, അത് ഞങ്ങൾക്ക് ആഘോഷം. സിയാൻ ഹന്നിറ്റി ടിവിയിൽ വന്നു പറയും, 'ലോക ചരിത്രത്തിലെ തന്നെ ഉദാത്തമായ ചുവടുവെപ്പാണ് ഇത്' എന്നൊക്കെ. പിറ്റേന്ന് രാവിലെ ഫോക്‌സ് ന്യൂസ് വെച്ച് ട്രംപ് ഇതൊക്കെ കാണും. അന്നത്തേക്കുള്ള വകയായി. അമേരിക്കയെ മാത്രമല്ല ലോകം ഒട്ടാകെ നശിപ്പിക്കാനാണ് ട്രംപ്-മർഡോക് കൂട്ടുകെട്ട് ശ്രമിക്കുന്നത്.

ട്രംപ് ഒറ്റക്കല്ല. ഉന്മാദം ബാധിച്ച മറ്റൊരാൾ ദക്ഷിണാർത്ഥ ഗോളത്തിലുണ്ട്. ജൈർ ബോൾസൊനാരോ. ഭൂമിയിലെ ഏറ്റവും വലിയ ക്രിമിനൽ ആരെന്ന മത്സരത്തിലാണ് ഇരുവരും. 'ഇത് നിസാരമായ ജലദോഷമാണ്. ബ്രസീലുകാർക്ക് വൈറസ് പിടിപെടില്ല. നമ്മൾ പ്രതിരോധ ശേഷിയുള്ളവരാണ്,' എന്നൊക്കെയാണ് സ്വന്തം ജനതയോട് അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ബ്രസീലിന്റെ തന്നെ ആരോഗ്യ മന്ത്രിയും മറ്റു ഉദ്യോഗസ്ഥരും സംഗതിയുടെ ഗൗരവം ബോധ്യപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

ആശ്വാസകരമെന്നത്, ഗവർണർമാരിൽ പലരും ബോൾസൊനാറോയുടെ വാക്കുകൾക്കു ചെവികൊടുക്കുന്നില്ല എന്നുള്ളതാണ്. എന്നാലും അതിഗുരുതരമായ പ്രതിസന്ധിയാണ് ബ്രസീൽ അഭിമുഖീകരിക്കുന്നത്. ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ബ്രസീലിന്റെ ചേരികളിൽ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊന്നും യാതൊരു സർക്കാർ സംവിധാനവുമില്ല. ഇപ്പോൾ അവിടെ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് ബ്രസീലിന്റെ ഗുണ്ടാ സംഘങ്ങൾ ആണ്. ജനതയെ പീഡിപ്പിച്ചും മുൾമുനയിൽ നിർത്തിയും അരങ്ങു വാഴുന്ന ക്രിമിനൽ കൂട്ടങ്ങൾ ആണ് പൊതുജനാരോഗ്യം സംരക്ഷിക്കുന്നത്.'- ചോംസ്‌ക്കി ചൂണ്ടിക്കാട്ടുന്നു. ട്രംപിനെതിരെ ചോംസ്‌ക്കി ഉന്നയിക്കുന്ന വിഷയങ്ങളും, മേരി ട്രംപിന്റെ പുസ്തകവും ചൂണ്ടിക്കാട്ടായാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമാവുന്നത്.

എന്തായാലും ട്രംപിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നാണ് അമേരിക്കയിലുള്ള പൊതു വികാരം. അതിന് അവസാനത്തെ ആണിയടിച്ചതാവട്ടെ സ്വന്തം മരുമകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP