Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ

20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ

എം മാധവദാസ്

 മോസ്‌ക്കോ: ആരാണ് റഷ്യൻ ജനതയ്ക്ക് പ്രസിഡന്റ് വ്ളാദിമിർ പുടിൻ? കമ്യുണിസ്റ്റ് ഇരമ്പുമറയിലും സ്റ്റാലിനിസ്റ്റ് സർവാധിപത്യത്തിലും എല്ലാം തകർന്നടിഞ്ഞ ഒരു രാജ്യത്തെ പുനുരദ്ധരിച്ച വ്യക്തിയെന്ന് ആരാധകർ. ശീതയുദ്ധം അവസാനിച്ചശേഷം റഷ്യയും പാശ്ചാത്യലോകവും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിൽ യുക്രെയ്‌നിലെ ക്രൈമിയ പ്രവിശ്യ പിടിച്ചെടുത്ത കരുത്തൻ, അമേരിക്കൻ സഖ്യസേനയെ വെല്ലുവിളിച്ച് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ പിന്തുണച്ച ധീരൻ, കരാട്ടെയും കുതിരസവാരിയും നായാട്ടുമായി നടക്കുന്ന വീരൻ, ഐഎസിനെ തുടച്ചുനീക്കിയ നേതാവ്, ആണവായുധങ്ങളും അതിദൂര മിസൈലുകളുമൊക്കെയായി റഷ്യയെ ആയുധ ശക്തിയാക്കിയ കരുത്തനായ ഭരണാധികാരി...സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് രാജ്യത്തിനുണ്ടായിരുന്ന മേൽക്കോയ്മ പുടിൻ തിരിച്ചുപിടിച്ചുതുടങ്ങിയെന്നാണ് ആരാധകർ വിലയിരുത്തപ്പെടുന്നത്.

എന്നാൽ വസ്തുതാപരമായ വിലയിരുത്തുമ്പോൾ ഇതൊക്കെ വെറും തള്ളൽമാത്രമാണ്. യഥാർഥത്തിൽ പുട്ടിൻ ശരിക്കും എകാധിപതിയായി മാറുകയാണ്. റഷ്യയുടെ ആജീവനാന്ത പ്രസിഡന്റ് എന്നരീതിയിലാണ് പുടിൻ ഇപ്പോൾ നീങ്ങുന്നത്. എതിർശബ്ദങ്ങൾ ഇല്ലാതെയാക്കി 20 കൊല്ലം ഭരിച്ചിട്ടും മതിയാകാതെ അടുത്ത 16 കൊല്ലം കൂടി പ്രസിഡന്റ് പദവിയിൽ ഇരിക്കാൻ ഭരണഘടന ഭേദഗതി ചെയ്തിരിക്കയാണ്് പുടിൻ. പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതോടെ ഒരാളൊഴികെ എല്ലാവരും കൈയടിച്ച് അംഗീക്കുമ്പോൾ സോവിയറ്റ് ഏകാധിപത്യത്തിൽ നിന്നും പുടിൻ എന്ന ഏകാധിപതിയിലേക്ക് റഷ്യ മാറുകയാണ്. മാത്രമല്ല, വലിയ അഴിമതിയും സ്വജനപക്ഷപാതിത്വവുമാണ്്, പുടിൻ ഭരണത്തിന്റെ മുഖമുദ്ര. മറ്റ് യൂറോപ്യൻ രാജ്യങ്ങളെ വെച്ചുനോക്കുമ്പോൾ കാര്യമായ വികസന പുരോഗതിയും റഷ്യക്ക് കൈവരിക്കാനായിട്ടില്ല. രാജ്യത്ത് അസമത്വം വർധിക്കുമ്പോഴും പ്രസിഡന്റിന്റെയും സംഘത്തിന്റെയും സ്വത്തുക്കൾ ശതകോടിയിലേക്കാണ് ഉയരുന്നത്. യുദ്ധക്കൊതിയനും അണ്വായുധ പ്രേമിയും കൂടിയാണ് ഇയാൾ. ലോക സമാധനത്തിന് ഇന്നത്തെ ഏറ്റവും വലിയ ഭീഷണി എന്നാണ് അരുന്ധതീറോയ് ഒരു തവണ പുടിനെകുറിച്ച് പറഞ്ഞത്.

പുടിൻ റഷ്യയെ 36 കൊല്ലം ഭരിക്കുമോ?

ഇങ്ങനെ പോയാൽ മൂന്ന് ദശാബ്ദക്കാലം റഷ്യയെ അടക്കിഭരിച്ച സ്റ്റാലിന്റെ റിക്കാർഡ്് പുടിൻ തകർക്കുമെന്ന് ഉറപ്പാണ്്. തുടർച്ചയായി രണ്ടു തവണ ഒരാൾ പ്രസിഡന്റാകുന്നത് അയോഗ്യപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ വ്യവസ്ഥയാണ് കഴിഞ്ഞ ദിവസം പാർലമെന്റ് ഭേദഗതി ചെയ്തത്. ഇതനുസരിച്ച് പുടിന് ഇനിയും രണ്ടുതവണകൂടി പ്രസിഡന്റാകുവാൻ സാധിക്കും. ഭരണഘടനാ ഭേദഗതി ഉണ്ടാകുമെന്ന് കഴിഞ്ഞ ജനുവരിയിൽ തന്നെ പുടിൻ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റിൽ, ലോകത്തിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി കൂടിയായ എം. പി വാലന്റിന ടെറഷ്‌കോവയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തവണകളുടെ നിബന്ധന ഒഴിവാക്കുന്ന ഭേദഗതി കൊണ്ടുവന്നത്. അത് വന്ന ഉടനെ ഒരാൾ ഒഴികെയുള്ള അംഗങ്ങളെല്ലാം കൈയടിച്ചു പാസ്സാക്കുകയായിരുന്നു. 44 പേർ വോട്ടിംഗിൽ നിന്നും വിട്ടുനിന്നു.

ഈ ഭേദഗതി പണ്ടേ നടപ്പാക്കേണ്ടതായിരുന്നു എന്നായിരുന്നു ഇതേക്കുറിച്ച് പുടിൻ പറഞ്ഞത്. വിപ്ലവങ്ങൾ ഒരുപാട് കണ്ട റഷ്യയ്ക്ക് ഇനി വിപ്ലവമല്ല, മാറ്റങ്ങളിലൂടെയുള്ള വികസനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 'ഉന്നതാധികാരം ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കാത്ത ഒരു സമയം വന്നേക്കും, പക്ഷെ നമ്മുടെ ചരിത്രം മറിച്ചാണ്, അത് നമ്മൾ മറന്നുകൂട' അദ്ദേഹം കൂട്ടിച്ചേർത്തു. പുട്ടിന്റെ ഏറ്റവും വലിയ വിമർശകനായ അലക്‌സി നവാൽനി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളെല്ലാം ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 29 ന്, പുടിൻ അധികാരമൊഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏകദേശം 20,000 പേർ പങ്കെടുത്ത റാലി നടക്കുകയുണ്ടായി. അത്തരം പ്രതിഷേധ പ്രകടനങ്ങൾക്ക് പ്രതിപക്ഷം വീണ്ടും തയ്യാറെടുക്കുകയാണ്.

പുടിന്റെ യാഥാസ്ഥിതികതയ്ക്ക് ഉത്തമോദാഹരണമായി ദൈവവിശ്വാസം റഷ്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയ ഈ ഭരണഘടനാ ഭേദഗതിയിൽ, ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഏറ്റവും വിചിത്രം ദൈവത്തെ അംഗീകരിക്കുന്ന ഭേദഗതിക്ക് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ വരെ പിൻബലം ഉണ്ട് ്എന്നതാണ്. കേവലം ഒരു വോട്ടിന്റെ മാത്രം എതിർപ്പോടെ മൂന്നു ദിവസങ്ങൾക്ക് മുൻപ് റഷ്യൻ പാർലമെന്റ് പാസ്സാക്കിയ ഭരണഘടനാ ഭേദഗതിയിൽ ഒപ്പ് വച്ചതോടെ ഇനി പതിനാറു വർഷങ്ങൾ കൂടി അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാനാകുമെന്ന് ഉറപ്പായി. ഇനി ഇതിനായി കടക്കുവാനുള്ളത് രണ്ട് കടമ്പകൾ കൂടി മാത്രമാണ്. രാജ്യത്തിലെ ഭരണഘടനാ കോടതിയുടെ അനുമതി ലഭിക്കണം. അതിനുശേഷം ഏപ്രിൽ 22ന് നിശ്ചയിച്ചിരിക്കുന്ന റഫറണ്ടം പാസ്സാകണം. നിലവിലെ സാഹചര്യത്തിൽ ഇത് നിസ്സാരമാണ്. കാരണം റഷ്യയുടെ വോട്ടെടുപ്പിൽ വരെ വ്യാപകമായ ക്രമക്കേടാണ് ഉണ്ടാവുന്നത്. പുടിൻ പറയുന്ന ആൾക്ക് ജയിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. റഷ്യ ഒരു പുടിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആവുകയാണെന്നാണ് ലോകമാധ്യമങ്ങൾ പറയുന്നത്.

തീവ്രദേശീയതയിലൂടെ വളർന്ന് ഏകാധിപതിയിലേക്ക്

ഇടത്തരം കുടുംബത്തിൽ ജനിച്ച് സ്വയം ലോകം വെട്ടിപ്പിടിച്ച കഥയാണ് വ്ളാദിമർ പുടിന്റെത്. 1952 ഒക്ടോബർ 7ന് സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ വ്ളാമിദർ സ്പിരഡണോവിച്ച് മരിയ ഷെലമോവ ദമ്പതികളുടെ മകനായാണ് ജനനം. പിതാവ് നാവികസേനയിൽ നാവികനും മാതാവ് ഫാക്ടറി തൊഴിലാളിയും ആയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് സ്പോർട്സിൽ താല്പര്യം പ്രകടിപ്പിച്ച ഇദ്ദേഹം ജൂഡോയിൽ വൈദഗ്ധ്യം നേടിയിരുന്നു. കോളജിൽ പഠിക്കുമ്പോൾ ഉന്മേഷവാനായ സംഗീതപ്രേമിയായിരുന്നു അദ്ദേഹമെന്ന് സുഹൃത്തുക്കൾ ഓർമ്മിക്കുന്നുണ്ട്. കുറ്റാന്വേഷകനാകണമെന്നായിരുന്നു അക്കാലത്തെ ആഗ്രഹം. പുട്ടിൻ 1975 ൽ ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സാർവ്വദേശീയ നിയമത്തിൽ ബിരുദം നേടി. ഇക്കാലത്ത് അദ്ദേഹം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുകയും 1991 ൽ പാർട്ടി പിരിച്ച് വിടുന്നതുവരെ അംഗത്വം തുടരുകയും ചെയ്തു.

1975 ൽ ബിരുദപഠനത്തിനുശേഷം റഷ്യൻ ചാരസംഘടനയായ കെ.ജി.ബി യിൽ ചേർന്നു. പരിശീലനത്തിനുശേഷം ലെനിൻ ഗ്രാഡിൽ വിദേശിക ളെയും, നയതന്ത്രപ്രതിനിധികളെയും നിരീക്ഷിക്കുന്ന വിഭാഗത്തിലാണു അദ്ദേഹം ജോലിചെയ്തത്. 1985 മുതൽ 1990 വരെ കിഴക്കൻ ജർമ്മനിയിലെ ഡ്രെസ്ഡനിലും സേവനം അനുഷ്ഠിച്ചു. കിഴക്കൻ ജർമ്മനിയുടെ പതനത്തിനുശേഷം പുട്ടിനെ സോവിയറ്റ് യൂണിയനിലേക്കു തിരിച്ചുവിളിച്ചു. രഹസ്യാന്വേഷണ രംഗത്തും ഗൂഢാലോചനകൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലും പുടിനുള്ള വൈഭവം പേരുകേട്ടതാണ്. ഇതാണ് ബോറിസ് യെൽസിന്റെ ശ്രദ്ധ പിടിച്ചു പറിയത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം പ്രസിഡന്റ് ബോറിസ് യെൽസിന്റെ ഭരണത്തിൽ റഷ്യ കലങ്ങിമറിഞ്ഞു കൊണ്ടിരിക്കേയായിരുന്നു 1999ൽ പ്രധാനമന്ത്രിയെന്ന നിലയിലുള്ള പുടിന്റെ രംഗപ്രവേശം.

യെൽസിന് പറ്റിയ ഒരു അബദ്ധമാണ് പുടിന്റെ വരവ് എന്ന് പലരും പിന്നീട് വിലയിരുത്തിയിട്ടുണ്ട്. യെൽസിനു കീഴിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുട്ടിന്റെ കടന്നുവരവ് നേതൃത്വത്തിലെ പലരെയും കടപുഴക്കിക്കൊണ്ടായിരുന്നു. മോസ്‌കോയിൽ നടന്ന തീവ്രവാദി ആക്രമണങ്ങൾക്ക് പിന്നിൽ ചെചൻ തീവ്രവാദികളാണെന്ന് പുടിൻ പറയുന്നുണ്ടെങ്കിലും, അധികാരത്തിലേക്ക് വരാൻ അദ്ദേഹം തന്നെ സ്വീകരിച്ച കുതന്ത്രമായിരുന്നോ ഇതെന്ന് സംശയിക്കുന്നവരും ഏറെയാണ്. ചെചൻവാസികൾക്കുനേരെ നടത്തിയ ആക്രമണങ്ങളിലൂടെയാണ് പുടിൻ വളർന്നുവന്നത്. ചെച്‌നിയയെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിക്കൊണ്ട് റഷ്യക്കാരുടെ മനസ്സിൽ ദേശീയതയെന്ന വികാരം കുത്തിവെക്കാനും പുടിനായി. ഈ ദേശീയ വികാരമാണ് ഇപ്പോഴും പുടിൻ തിരഞ്ഞെടുപ്പ് വേളകളിൽ ആളിക്കത്തിക്കുന്നത്. റഷ്യയില്ലെങ്കിൽ ലോകമുണ്ടാവില്ലെന്ന മുദ്രാവാക്യം ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കാൻ അദ്ദേഹം വിജയിച്ചത് ഈ തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നു.

യെൽസിൻ വിരമിച്ചതോടെ അടുത്ത വർഷം പ്രസിഡന്റായി. രണ്ടു തവണയായി എട്ടു വർഷം ആ സ്ഥാനത്തിരുന്നു. തുടർച്ചയായി മൂന്നാം തവണയും പ്രസിഡന്റാകുന്നതിനു ഭരണഘടന തടസ്സമായപ്പോഴാണ് 2008ൽ സ്ഥാനമൊഴിഞ്ഞു പ്രധാനമന്ത്രിയായത്. തന്റെ കീഴിൽ ഒന്നാം ഉപപ്രധാനമന്ത്രിയായിരുന്ന മെദ്വദേവിനെ പ്രസിഡന്റാക്കുകയും ചെയ്തു. പക്ഷേ, ഭരണത്തിന്റെ കടിഞ്ഞാൺ അപ്പോഴും പുടിന്റെ കൈകളിൽ തന്നെയായിരുന്നു. ഭരണഘടനയെ അങ്ങനെ മറികടന്നശേഷം 2012ൽ മൂന്നാം തവണയും പ്രസിഡന്റായി. മെദ്വദേവിനെ പ്രധാനമന്ത്രിയാക്കി. പക്ഷേ, ജനങ്ങൾ പ്രതിഷേധിച്ചു. തലേവർഷത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പേരിൽ മോസ്‌ക്കോയിലെ തെരുവുകൾ ഇളകി മറിയുകയായിരുന്നു അപ്പോൾ. പുടിൻ മൂന്നാമതും പ്രസിഡന്റാകുന്നതിനെതിരായ സമരവുമായി അതു മാറി. പുടിൻ ഗൗനിച്ചില്ല. അതിനുശേഷമാണ് പ്രസിഡന്റിന്റെ സേവന കാലാവധി നാലു വർഷത്തിൽനിന്ന് ആറു വർഷമാക്കി വർധിപ്പിക്കാൻ പാർലമെന്റ് തീരുമാനിച്ചത്. 2016ൽ നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് അങ്ങനെ 2018ലേക്കു നീണ്ടു. അതിലും മൽസരിച്ചു ജയിച്ചാണ് 2024 മാർച്ചുവരെ അധികാരത്തിലിരിക്കാൻ പുടിൻ അർഹത നേടിയത്. രണ്ടു തവണയും തിരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമം നടന്നുവെന്ന ആരോപണവും ഉയരുകയുണ്ടായി. ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിൽ 2024നു ശേഷം 71 വയസ്സുകഴിഞ്ഞു നിൽക്കുമ്പോഴും പുടിൻ തന്നെയായിരിക്കും അധികപക്ഷവും റഷ്യയുടെ നായകൻ. അതിനുള്ള കരുനീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

സ്വവർഗപ്രണയികളുടെ അവകാശങ്ങൾക്കായി വാദിക്കുന്നതും എഴുതുന്നതും കുറ്റകരമാക്കി തുടങ്ങിയ നിരവധി മനുഷ്യവകാശ ലംഘനങ്ങളും പുടിന്റെ പേരിലുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്ക് ഒരുലക്ഷം റൂബിൾ വരെയാണ പിഴ. ഇന്റർനെറ്റ് സൈറ്റുകളെയും ബ്ലോഗുകളെയും നിരീക്ഷിക്കാനും റഷ്യൻ സെക്യൂരിറ്റി സർവീസിന് കൂടുതൽ അധികാരം നൽകി. റാലികളിലും പ്രതിഷേധ പ്രകടനങ്ങളിലും അനുവാദമില്ലാതെ പങ്കെടുക്കുന്നതിലും വിലക്കേർപ്പെടുത്തി. യുക്രൈൻ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ ഉൾപ്പെടുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിനും പുടിൻ വിലക്കേർപ്പെടുത്തി.

ജനാധിപത്യ രീതിയിലാണ് അധികാരത്തിലേറുന്നതെങ്കിലും, ഏകാധിപത്യ പ്രവണതകളാണ് പുടിൻ പ്രകടിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രതിപക്ഷമില്ലാതെയാണ് റഷ്യയിൽ പുടിന്റെ ഭരണം. തീരുമാനങ്ങളെ ആരും ചോദ്യം ചെയ്യുന്നുമില്ല. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്നത് ഇപ്പോൾ ഏവരും അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ട്രംപിന്റെ രഹസ്യങ്ങൾ പലതും പുടിന്റെ പക്കലുണ്ടെന്നും തിരഞ്ഞെടുപ്പിനെ റഷ്യ നിയന്ത്രിച്ചിരുന്നുവെന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പുടിനെ ആരാധനയോടെയാണ് താൻ കാണുന്നതെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. റഷ്യക്കെതിരേ കടുത്ത പ്രയോഗങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഇപ്പോഴും മുതിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

എതിർക്കുന്നവരെല്ലാം ദുരൂഹമായി കൊല്ലപ്പെടുന്നു

എതിർക്കുന്നവരെ കൊന്നുതള്ളുകയെന്നതാണ് പുട്ടിന്റെ രീതി. ആദ്യം അധികാരത്തിലെത്തിയപ്പോൾ തന്നെ രാഷ്ട്രീയ എതിരാളിയാവുമെന്ന് പുടിൻ ഭയന്ന മിഖായിൽ കൊഡർക്കോവ്‌സ്‌കിയെ സാമ്പത്തിക തിരിമറികൾ ആരോപിച്ച് തടവിലാക്കിയത് 10 വർഷമാണ്. മുൻ ലോക ചെസ് ചാംപ്യനും പുടിന്റെ വിമർശകനുമായ ഗാരി കാസ്പറോവ് ഭരണകൂടത്തിന്റെ പീഡനം ഭയന്ന് റഷ്യയിൽ നിന്ന് പലായനം ചെയ്തു. മുൻ സുഹൃത്തും പിന്നീട് പുടിന്റെ മുഖ്യ ശത്രുവുമായി മാറിയ കോടീശ്വരൻ ബോറിസ് ബെറെസോവ്‌സ്‌കി ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടിയെങ്കിലും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 'സോവിയറ്റ് റഷ്യാനന്തര കാലത്തെ റാസ്പുട്ടിൻ' എന്നാണ് ബെറെസോവ്‌സ്‌കി വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വ്ളാദിമിർ പുട്ടിന്റെ കടുത്ത വിമർശകനായ മുൻ ഉപപ്രധാനമന്ത്രി ബോറിസ് നെംത്സോവ് 2015 ഫെബ്രുവരി 27നു ക്രെംലിൻ പാലത്തിലൂടെ വീട്ടിലേക്കു നടന്നുപോകുമ്പോൾ വെടിയേറ്റു മരിച്ചു.

2019 നവംബറിൽ ഒരു മരണം റഷ്യയെ പിടിച്ചുകുലുക്കിയിരുന്നു. ജയിംസ് ലേ മെസൂരിയർ എന്ന ബ്രിട്ടീഷ് ആർമി ഓഫിസർ മരിച്ചതോ അതോ റഷ്യൻ ചാരന്മാരാൽ കൊല്ലപ്പെട്ടതോ എന്നാണോ അന്ന് ഉയർന്ന പ്രധാനവിവാദം. പുടിന്റെ വിമർശകരെല്ലാം ബാൽക്കണിയിൽ നിന്നും വീണ് മരിക്കുന്നതാണ് ഇങ്ങനെ ഒരു സംശയത്തിന് കാരണം. ഇസ്താംബൂളിലെ മുൻ ബ്രിട്ടീഷ് ആർമി ഓഫിസറായ ജെയിംസ് ലേയുടെ മരണം ഉയർത്തുന്നത് മറ്റൊരു ഗൂഢാലോചനാ തിയറിയാണ്. കാരണം ജെയിംസ് ലേ അടക്കം നിരവധി റഷ്യൻ വിമർശകരാണ് ബാൽക്കണിയിൽ നിന്നും വീണ് മരിച്ചിട്ടുള്ളത്. ഇത് റഷ്യൻ ഗൂഢാലോചനയാണെന്നാണ് ഇപ്പോൾ വിമർശകർ ഉന്നയിക്കുന്നത്

ജയിംസ് ലേ ബ്രിട്ടീഷ് ചാരനാണെന്ന് ക്രെംലിൻ പരസ്യ പ്രസ്താവന നടത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് 48കാരനായ ജെയിംസിനെ ഇസ്താംബൂളിലെ ഒരു സ്ട്രീറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തുന്നത്. അർധരാത്രിയിൽ കെട്ടിടത്തിന്റെ മുകളിലെ ജനൽ വഴി താഴേക്ക് വീണതായാണ് കരുതുന്നത്. അദ്ദേഹം താഴേയ്ക്ക് ചാടിയതാണോ അതോ ആരെങ്കിലും തള്ളി താഴേയ്ക്ക് ഇട്ടതാണോ എന്നതാണ് ഇപ്പോഴത്തെ ചർച്ച. തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക പോയ നാട്ടുകാരണ് റോഡിൽ അദ്ദേഹം മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മരിക്കുമ്പോൾ വെള്ള ഷർട്ടും ചാര നിരത്തിലുള്ള ട്രൗസറും കയ്യിൽ വാച്ചും ധരിച്ചിരുന്നു അദ്ദേഹം. മൃതദേഹത്തിന്റെ തലയോട്ടിക്കും കാലിനും ഒടിവുകളും ചതവുകളും ഉണ്ട്. മുഖം കൂർത്ത എന്തോ ഒന്ന് കൊണ്ട് മുറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാകുമെന്നാണ് ടർക്കിഷ് പൊലീസ് കരുതുന്നത്.അതി സമ്മർദ്ദത്തെ അതിജീവിക്കാൻ അദ്ദേഹം മരുന്നുകൾ കഴിച്ചിരുന്നതായി ഭാര്യ എമ്മ വിൻബർഗ് പറയുന്നു. ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്.

എന്നാൽ റഷ്യയെ കുറിച്ച് അറിയാൻ ശ്രമിച്ച നിരവധി പേരുടെ കെട്ടിടത്തിൽ നിന്നും വീണുള്ള മരണമാണ് പാശ്ചാത്യ രാജ്യങ്ങളെ ഇങ്ങനെ ഒരു സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്. പത്രപ്രവർത്തകരും, നിയമജ്ഞരും എയ്ഡ് വർക്കർമാരും അടക്കം ക്രെംംലിൻ കടന്ന നിരവധി പേരാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചിട്ടുള്ളത്. അല്ലെങ്കിൽ താഴേക്ക് വലിച്ചെറിയപ്പെട്ടിട്ടുള്ളത്. റഷ്യൻ മിഷണറീസിനെ കുറിച്ചും റഷ്യയിലെ അഴിമതിയെ കുറിച്ചും വാർത്തകൾ പുറത്തുകൊണ്ടു വന്ന മാക്സിം ബോർഡിൻ എന്ന റഷ്യൻ പത്ര പ്രവർത്തകൻ കഴിഞ്ഞ വർഷമാണ് മരിച്ചത്. ബാൽക്കണിയിൽ നിന്നും താഴേക്ക് വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. 12 മാസങ്ങൾക്ക് മുമ്പ് നിയമജ്ഞനായ നികോൽ ഗോർഖോവും നാല് നിലക്കെട്ടിടത്തിന്റെ ജനലിൽ നിന്നും താഴേയ്ക്ക് വീണ് മരിച്ചിരുന്നു. ടാക്സ് വെട്ടിപ്പിന് റഷ്യൻ സർക്കാർ ജയിലിലടച്ചതിനെ തുടർന്ന് 2009ൽ കൊല്ലപ്പെട്ട സെർജി മാഗ്‌നറ്റ്സ്‌കിയുടെ വക്കീലായിരുന്നു അദ്ദേഹം.

റഷ്യയുടെ സിറിയയും ഇറാനുമായുള്ള ആയുധ കച്ചവടത്തെ കുറിച്ച് അന്വേഷണം നടത്തിയ ഇവാൻ സർഫ് നോവ് 2007ൽ അഞ്ച് നില കെട്ടിടത്തിന്റെ ജനലിലൂടെ താഴേക്ക് വീണും മരിച്ചിരുന്നു. അതിനും രണ്ട് വർഷങ്ങൾക്ക് ശേഷം സർക്കാരിനെതിരെ വാർത്ത നൽകിയ ബ്രോഡ് കാസ്റ്റർ ഒൾഗ കോട്ടോസ്‌ക്യ 14-ാം നിലയിൽ നിന്നാണ് വീണ് മരിച്ചത്. അതും ആത്മഹത്യയായി വിധി എഴുതി. ഒരു ബ്രിട്ടീഷ് പൗരനും ഇതേ വിധിയുണ്ടായി. പ്രോപ്പർട്ടി ഡവലപ്പറായ സ്‌കോട്ട് യങും റഷ്യൻ ചാരന്മാരാൽ 2014ൽ ബ്രിട്ടനിൽ വെച്ച് കൊല്ലപ്പെട്ടു. ഇതിനാൽ തന്നെ ജെയിംസ് ലേയുടെ മരണത്തിൽ സംശയിക്കത്തക്കതായി എന്തോ ഉണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ജെയിംസ് ലേയുടെ മരണത്തിൽ ആംനെസ്റ്റി ഇന്റർനാഷണൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹെൽമെറ്റ്സിന്റെ പബ്ലിക്ക് ഫേസ് എന്ന നിലയിൽ ജെയിംസ് ലേ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈറ്റ് ഹെൽമെറ്റ്സ് നിരവധി അപകരടകാരികളായ തീവ്രവാദി ഗ്രൂപ്പുകൾക്ക് സഹായം നൽകുന്നതായി റഷ്യയുടെ വിദേശ മന്ത്രാലയം ആരോപിച്ചിരുന്നു. ജെയിംസ് ലേ ബ്രിട്ടന്റെ എം 16ന്റെ മുൻ ഏജന്റാണെന്നും ആരോപിച്ചിരുന്നു. ഇതിന് മുന്ന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം.

2015ൽ പുടിന്റെ സ്ഥിരം വിമർശകനായ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്‌സോവ് തെരുവിൽ വെടിയേറ്റ് മരിച്ചിരുന്നു. തന്റെ അധികാരം നിലനിർത്താൻ ഹിറ്റ്‌ലർക്ക് സമാനമായ ചെയ്തികളാണ് പുട്ടിൻ കാട്ടിക്കൂട്ടുന്നത്. വൈകുന്നേരം ഒരു സ്ത്രീക്കൊപ്പം ഒരു പാലത്തിലൂടെ നടന്ന് പോകുന്നതിനിടെയാണ് മോസ്‌കോയിലെ തെരുവിൽ വച്ച് നെംറ്റ്‌സോവ് വെടിയേറ്റ് മരിച്ചിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് തിരിച്ചറിയപ്പെടാത്തയാണ് ഇദ്ദേഹത്തിനെതിരെ നാല് വട്ടം വെടിവച്ചത്. തുടർന്ന് മുൻ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന നെംറ്റ്‌സോവ് മരണമടയുകായിരുന്നു. ക്രെംലിന് തൊട്ടടുത്ത് നിന്നാണ് ഈ വെടിവയ്പ് നടന്നത്. എന്നാൽ കൂടെയുള്ള സ്ത്രീ ആക്രമിക്കപ്പെട്ടിട്ടില്ല. ഇവർ ഉക്രയിൻ കാരിയാണെന്നാണ് സൂചന.

സംഭവത്തെ പ്രസിഡന്റ് പുടിൻ അപലപിച്ചിട്ടുണ്ട്. ഇതിന് പുറകിൽ കോൺട്രാക്ട് കില്ലർമാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷം മോസ്‌കോയിൽ സംഘടിപ്പിക്കാനിരുന്ന വലിയ പ്രതിഷേധത്തിനെതിരെയുള്ള പ്രതികരണമാണീ വെടിവയ്‌പെന്നാണ് പുട്ടിന്റെ വക്താവായ ദിമിത്രി പെസ്‌കോവ് പറയുന്നത്.1990കളിലാണ് നെംറ്റ്‌സോവ് റഷ്യയിലെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. ഒരു വേള ഇദ്ദേഹം ബോറിസ് യെൽറ്റ്‌സിന്റെ പിന്തുടർച്ചാവകാശിയായി ഉയർന്ന് വരാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടന്ന ആശങ്ക അദ്ദേഹം ഈ മാസമാദ്യം പ്രകടിപ്പിച്ചിരുന്നു. പുട്ടിൻ സർക്കാരിന്റെ കഴിവ് കേടിനെ നെംറ്റ്‌സോവ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പുറമെ അഴിമതി, ഉക്രയിനിന്റെ കാര്യത്തിലുള്ള റഷ്യയുടെ നിലപാട് തുടങ്ങിയവയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അഴിമതിക്കെതിരെ തെരുവുകളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച നെറ്റ്‌സോവ് അഴിമതിയെ വിമർശിച്ച് ശക്തമായ ഭാഷയിൽ എഴുതുകയും ചെയ്തിരുന്നു. ഈ ഞായറാഴ്ച ഏററവും വലിയ പ്രതിഷേധം മോസ്‌കോയിൽ സംഘടിപ്പിക്കാനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഫിനാൻഷ്യൽ ടൈംസിൽ പുടിനെ വിമർശിച്ച് കൊണ്ട് എഴുതിയതിന് തൊട്ടുപിറകയൊണ് നെറ്റ്‌സോവ് കൊല്ലപ്പെട്ടിരിക്കുന്നത്.

20,000കോടി ഡോളറിന്റെ സ്വത്തുക്കൾ; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ

എല്ലാ ഏകാധിപതികളെയുംപോലെ കോടികളുടെ സമ്പാദ്യം പുടിനുമുണ്ട്. പക്ഷേ ഒരു വാഹനവും പ്രസിഡന്റ് പദവിയുടെ ശമ്പളവും അല്ലാതെ മറ്റൊന്നും താൻ സമ്പാദിച്ചിട്ടില്ലെന്നാണ് പറയുന്നത്. പക്ഷേ ഇത് ശുദ്ധ തട്ടിപ്പാണെന്ന് ഡെയ്ലിമെയിൽ, ബിബിസി തുടങ്ങിയ മാധ്യമങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20,000കോടി ഡോളറിന്റെ സ്വത്തുക്കൾ, 58 സ്വകാര്യ വിമാനങ്ങൾ, 20 ഇടങ്ങളിൽ ആഡംബര സൗധങ്ങൾ, അഞ്ച് ലക്ഷം ഡോളർ വിലയുള്ള വാച്ച്, തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ഫോർബ്സ് മാഗസിൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒി കണക്കാക്കിയിരിക്കുന്നത് മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സിനെയാണ്. 75 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ വച്ച് കണക്ക് കൂട്ടുമ്പോൾ പുട്ടിന്റെ മൊത്തം ആസ്തി 200ബില്യൺ ഡോളറാണ്.

പുടിന് 2007ൽ മൊത്തം ആസ്തി 40 ബില്യൺ ഡോളറുണ്ടായിരുന്നുവെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധനായ സ്റ്റാൻസ്ലേവ് ബെൽകോവ്സ്‌കി കണക്കാക്കിയിരുന്നത്. എന്നാൽ എഴുത്തുകാരനും റഷ്യയിലെ മുൻ ഫണ്ട് മാനേജരുമായ ബിൽ ബ്രൗഡർ നിരത്തുന്ന കണക്കുകൾ പ്രകാരം പുടിന്റെ മൊത്തം ആസ്തി 200 ബില്യൺ ഡോളറാണ്. ഇത്രയൊക്കെ സമ്പത്തുണ്ടായിട്ടും ഫോർബ്സ് തങ്ങളുടെ സമ്പന്നരുടെ പട്ടികയിൽ പുട്ടിനെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ പൊതു-സ്വകാര്യ കമ്പനികളിലുള്ള ഓഹരികൾ, റിയൽ എസ്റ്റേറ്റ്, യാട്ടുകൾ, പണം എന്നിവടയക്കമുള്ള വ്യക്തിപരമായ ആസ്തികളെ കണക്കാക്കിയാണ് തങ്ങൾ സമ്പന്നരുടെ പട്ടിക തയ്യാറാക്കാറുള്ളതെന്നും എന്നാൽ ലോകനേതാക്കളെ പ്രത്യേകിച്ച് സ്വേച്ഛാധിപതികളുടെ സമ്പത്തിനെ ഇതിൽ ഉൾപ്പെടുത്താറില്ലെന്നും അവർ അവ സമ്പാദിക്കുന്നത് തങ്ങളുടെ അധികാരമുപയോഗിച്ചാണെന്നും ഫോർബ്സ് വിശദീകരണം നൽകിയിട്ടുണ്ട്. ഇത് 2007ലെ കണക്കാണ്. ഇപ്പോൾ ഇത് എത്രകോടിയായി ഉയർന്നെന്ന് ആർക്കും അറിയില്ല. അതുകൊണ്ടുതന്നെ ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി പുടിൽ തന്നെയാണെന്ന് വ്യക്തമാണ്.

ബെൽകോവ്സ്‌കി നിരത്തുന്ന കണക്കുകൾ പ്രകാരം എണ്ണ വ്യവസായമാണ് പുടിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്. എണ്ണകമ്പനിയായ സർജുന്റ്നെഫ്ടെഗസ്സിന്റെ 37 ശതമാനവും പുട്ടിനാണ് നിയന്ത്രിക്കുന്നത്. പ്രകൃതിവാതക കമ്പനിയായ ഗാർസ്പ്രോമിന്റെ 4.5 ശതമാനവും കമ്മോദിറ്റീസ് ട്രേഡറായ ഗൺവോറിന്റെ നല്ലൊരു പങ്കും പുട്ടിന്റെ കൈയിലാണുള്ളത്. എന്നാൽ പുട്ടിന് ഇതിൽ ഉടമസ്ഥാവകാശം ഉണ്ടെന്ന വാർത്ത ഗൺവോർ നിഷേധിച്ചിട്ടുണ്ട്. 2012ൽ 93 ബില്യൺ ഡോളർ വരുമാനമുണ്ടാക്കിയ കമ്പനിയാണിത്. ആദ്യം പുട്ടിന്റെ ആസ്തി 40 ബില്യൺ എന്ന് കണക്കാക്കിയ ബെൽകോവ്സ്‌കി പിന്നീട് ഇത് 70 ബില്യൺ ഡോളറാക്കി ഉയർത്തിയിരുന്നു. കോർപറേഷനുകളിലെ നിഗൂഡ ഉറവിടങ്ങളിൽ നിന്നും തനിക്ക് പുട്ടിന്റെ സമ്പത്തിനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്നായിരുന്നു ബെൽകോവ്സ്‌കി ഇതിന് നൽകിയ ന്യായീകരണം.

പുടിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് 35 മില്യൺ ഡോളർ വില വരുന്ന ചെറുകപ്പലായ ഒളിമ്പിയ. ചെൽസിയ ഫുട്ബോൾ ക്ലബ് ഉടമയായ റോമൻ അബ്രമോവിച്ചാണിത് പുടിന് നൽകിയിരിക്കുന്നതെന്നാണ് സൂചന. പ്രസിഡന്റായതിനെ തുടർന്നുള്ള സമ്മാനമായിരുന്നു ഇത്. എന്നാൽ കരിങ്കടലിലെ ഒരു കൊട്ടാരമാണ് പുടിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ മൂർത്ത രൂപം. അതിന് ഒരു ബില്യൺ ഡോളർ വില വരും. പുട്ടിന് 58 വിമാനങ്ങളും ഹെലികോപ്റ്ററുകളുമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയ എതിരാളി വെളിപ്പെടുത്തുന്നത്. കൂടാതെ 20 കൊട്ടാരങ്ങളും കൺട്രി റിട്രീറ്റുകളും പുടിനുണ്ട്. പുടിൻ ഉപയോഗിക്കുന്ന പ്രൈവറ്റ് ജെറ്റിന്റെ വില 137 മില്യൺ ഡോളറാണ്. ഇതിന്റെ കാബിനിലെ ബാത്ത് റൂമിൽ സ്വർണം കൊണ്ട് പിടിപ്പിച്ച അലങ്കാരങ്ങൾ വരെയുണ്ട്.നോർത്ത് വെസ്റ്റ് റഷ്യയിലെ ലേക്ക് വാൽദായിൽ ഉള്ള 2300 ഏക്കർ സ്ഥലമാണ് മറ്റൊരു സ്വത്ത്. ഫോർബ്സ് മാഗസിന്റെ സമ്പന്നരുടെ ലിസ്റ്റിൽ പുടിൻ ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളുടെ ലിസ്റ്റിൽ പുടിൻ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് 119,000 ഡോളറും രണ്ട് അപാർട്ട് മെന്റുകളും ഒരു കാർ പാർക്കിങ് ഗാരേജിൽ ഓഹരിയും മാത്രമേയുള്ളുവെന്നായിരുന്നു 2015ൽ പുടിൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നത്.

പനാമ ഫയലുകളിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

2016ൽ പുറത്തുവിട്ട പനാമഫയലുകൾ പുട്ടിന്റെ അഴിമതിയുടെയും സ്വജനപക്ഷപാതത്തെക്കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ആയിരുന്നു. പുടിന്റെ ബിനാമി ഇടപാടുകളെ സംബന്ധിച്ച വിവരങ്ങളായിരുന്നു അതിൽ. ചെറുപ്രായത്തിലെ സുഹൃത്തുക്കളായവരാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനും സെർജി റോൾഡുഗിനും. ഇരുവരും തമ്മിലുള്ളത് സഹോദരതുല്യമായ ബന്ധമാണ്. ലെനിൻ ഗ്രാഡിലെ തെരുവുകളിലൂടെ പാട്ടുപാടിയും സൗഹൃദ മൽപ്പിടിത്തവും നടത്തി അവർ നടന്നു.പുടിൻ റഷ്യയുടെ പരമാധികാരിയായി ഉയർന്നപ്പോൾ റോൾഡുഗിൻ സംഗീതജ്ഞനായി വളർന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ റോൾഡുഗിൻ അതിഥികൾക്ക് മുന്നിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ സൗഹൃദത്തിന് ഒരു മറുവശമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പനാമ ഫയലുകളിലൂടെ പുറത്തു വന്നിരിക്കുന്നത്.

പുടിൻ നിയന്ത്രിക്കുന്ന ഒരു ഗൂഢ ശൃംഖലയിലെ പ്രധാന പങ്കാളിയാണ് റോൾഡുഗിൻ. ബാങ്കുകളിലൂടേയും വിദേശ കമ്പനികളിലൂടേയും കുറഞ്ഞത് രണ്ട് ബില്ല്യൺ ഡോളറിന്റെ ഇടപാടുകളാണ് ഈ ശൃംഖല നടത്തിയിട്ടുള്ളതെന്ന് അന്വേഷണാത്മക മാധ്യമ പ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ പുറത്തു വിട്ട രേഖകൾ പറയുന്നു.നിരവധി വിദേശ കമ്പനികളുടെ ഉടമയാണ് റോൾഡുഗിൻ എന്ന് രേഖകൾ തെളിയിക്കുന്നു. ഈ കമ്പനികളിലേക്ക് മറ്റു കമ്പനികളിൽ നിന്ന് കോടിക്കണക്കിന് ഡോളറുകളാണ് വന്നിട്ടുള്ളത്. റോൾഡുഗിനിന്റെ ഒരു കമ്പനിക്ക് റഷ്യയിലെ ഏറ്റവും വലിയ ട്രക്ക് നിർമ്മാതാക്കളുടെ മേൽ രഹസ്യ സ്വാധീനമുണ്ട്. റഷ്യയുടെ ടിവി പരസ്യ രംഗത്തെ വലിയൊരു വിഹിതം കൈയാളുന്നത് അദ്ദേഹത്തിന്റെ മറ്റൊരു കമ്പനിയും.

താനൊരു ബിസിനസ്സുകാരനാണെന്ന് പരസ്യമായി പറഞ്ഞിട്ടില്ലാത്ത റോൾഡുഗിനിയല്ല ഈ സമ്പത്തിന്റെ യഥാർത്ഥ ഗുണഭോക്താവ് എന്നത് വ്യക്തമാണ്. പുറത്തുവന്ന രേഖകളിലെ തെളിവുകൾ അനുസരിച്ച് പുടിന്റെ വിശ്വസ്തരുടെ ശൃംഖലയുടെ മുന്നിൽ നിൽക്കുന്നത് റോൾഡുഗിനാണ്.ഈ ശൃംഖല നടത്തിയ നൂറോളം പണമിടപാടുകളെ കുറിച്ച് രേഖകളിലുണ്ട്. അവ വളരെ സങ്കീർണമാണ്. വിവിധ പ്രച്ഛന്ന വഴികളിലൂടെയാണ് പണമിടപാടുകൾ നടന്നിരിക്കുന്നത്. ഈ ശൃംഖലയിലെ കമ്പനികളുടെ ഓഹരികൾ ഒരു ദിവസം തന്നെ വാങ്ങുകയും വിൽക്കുകയും ചെയ്തതായി രേഖകൾ പറയുന്നു. സംശയകരമായ പിഴയീടാക്കലുകളുമുണ്ട്. ദശലക്ഷകണക്കിന് കോടി ഡോളറിന്റെ വായ്പകളുടെ അവകാശം വിദേശ കമ്പനികൾ തമ്മിൽ കൈമാറിയിരിക്കുന്നത് കേവലം ഒരു ഡോളറിനാണ്. എല്ലാ ഇടപാടുകളിലും പണവും അധികാരവും നീങ്ങുന്നത് ഒരു ഭാഗത്തേക്ക് മാത്രം. പുടിനുമായി ബന്ധമുള്ള കമ്പനികളിലേക്കും ആളുകളിലേക്കും മാത്രം. റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു ബാങ്കിൽ നിന്നും വൻതുകകൾ വായ്പയായി ഈ കമ്പനികൾക്ക് ലഭിച്ചിട്ടുണ്ട്.ബ്രിട്ടീഷ് വെർജിൻ ദ്വീപുകളിലും മറ്റു വിദേശത്തെ കള്ളപ്പണ സ്വർഗ്ഗങ്ങളിലും റോൾഡുഗിനിന്റെ കമ്പനികളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പനാമയിലെ നിയമസ്ഥാപനമായ മൊസ്സാക് ഫോൻസെകയിൽ നിന്നാണ് രേഖകൾ ചോർന്നത്.

പുടിന്റെ രഹസ്യ സ്വത്തിനെ കുറിച്ച് അനവധി വർഷങ്ങളായി റിപ്പോർട്ടുകൾ വരുന്നുണ്ടായിരുന്നു. ചില വിദേശ കമ്പനികൾ, ഒരു കൊട്ടാരം, ആഡംബര നൗക എന്നിവയൊക്കെ അദ്ദേഹത്തിന്റേതായുണ്ട് എന്ന് വാർത്തകൾ വന്നിട്ടുണ്ട്. കൂടാതെ പുടിന് ചുറ്റിലുമുള്ള ആളുകൾ സമ്പന്നരായത് എങ്ങനെയെന്ന വാർത്തകളും ചില മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ കിംവദന്തികളായി മാത്രം പ്രചരിച്ചിരുന്നവയെ കുറിച്ചുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ രഹസ്യ സ്വത്തിനെ ഒളിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും എങ്ങനെയാണ് ആശ്രിതന്മാരേയും പകരക്കാരെയും സൃഷ്ടിച്ചിരുന്നതെന്ന് ഈ തെളിവുകൾ സംസാരിക്കുന്നുണ്ട്. ഇമെയിൽ സന്ദേശങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഓഹരി കൈമാറ്റങ്ങൾ തുടങ്ങിയ രേഖകളാണ് നിയമസ്ഥാപനത്തിൽ നിന്നും ചോർന്നത്.

വിശ്വസ്തതയും ദീർഘകാലമായുള്ള ബന്ധവുമാണ് ഈ ശൃംഖലയെ കെട്ടുറപ്പിച്ചു നിർത്തുന്നത്. പുടിന്റെ വിശ്വസ്തരുടെ സഹോദര സാമ്രാജ്യമാണിത്. ഈ സാമ്രാജ്യത്തിലെ പലരും പുടിന്റെ സുഹൃത്തുക്കളാണ്. അവർ തമ്മിലെ ബന്ധത്തിന്റെ ചരിത്രം സോവിയേറ്റ് യൂണിയന്റെ തകർച്ചയ്ക്കും മുമ്പ് വരെ നീളുന്നു.പുട്ടിന്റെ മകളുടെ തലതൊട്ടപ്പനായിരുന്നു റോൾഡുഗിൻ. പുടിൻ ഒരു മുനിസിപ്പൽ ഉദ്യോഗസ്ഥനായിരുന്ന സമയത്ത് ബന്ധം തുടങ്ങിയ ആളാണ് യൂറി കോവൽചുക്ക്, ആർകഡി റോട്ടെൻബെർഗാകട്ടെ പുട്ടിന്റെ കുട്ടിക്കാല സുഹൃത്തും. സർക്കാരിന്റെ നിർമ്മാണ പദ്ധതികൾ, എണ്ണ പൈപ്പ് ലൈനുകൾ മറ്റു പദ്ധതികൾ തുടങ്ങിയവയിലൂടെയാണ് അർകഡി കോടീശ്വരനായത്.ഈ ശൃംഖലയിലെ പുടിൻ അടക്കമുള്ളവർ തമ്മിൽ മറ്റൊന്നു കൂടി പൊതുവായുണ്ട്. സെന്റ് പീറ്റേഴ്‌സ് ബർഗിലെ റോസിയ ബാങ്ക്. ഇവരെല്ലാം ഈ ബാങ്കുമായി ബന്ധപ്പെട്ടിരിക്കുന്നു. യുഎസ് സർക്കാർ പറയുന്നത് ഈ ബാങ്ക് പുടിന്റെ സ്വകാര്യ പണപ്പെട്ടിയെന്നാണ്.ഈ ശൃംഖലയെ കെട്ടിപ്പെടുത്തത് റോസിയ ബാങ്കാണ്. ഇവിടത്തെ ഓരോ ജീവനക്കാരും ഈ ശൃംഖലയെ പരിപാലിക്കുന്നു. പുതിയ വിദേശ കമ്പനികൾ സ്ഥാപിക്കുന്നതിനും റോൾഡുഗിനും മറ്റും ഉടസ്ഥാവകാശം നൽകുന്നതിനും അവർ പ്രവർത്തിക്കുന്നു. കൂടാതെ റഷ്യ, സൈപ്രസ്, സ്വിറ്റ്‌സർലന്റ് എന്നിവിടങ്ങളിലെ ബാങ്കുകളിലൂടെയുള്ള പണമിടപാടുകളെ നോക്കി നടത്തുന്നതും ഈ ബാങ്കിലെ ജീവനക്കാരാണ്.

പുടിന്റെ സംഘത്തിലെ അംഗങ്ങൾ ഈ ശൃംഖലയിൽ നിന്നുള്ള ലാഭം പങ്കുവയ്ക്കുന്നതിലെ ധാരണയും 1990-കളിൽ സെന്റ് പീറ്റേഴ്‌സ് ബർഗിൽ തീരുമാനിച്ചതാണ്. പുടിനും റോസിയ ബാങ്ക് ഉടമകളും ചേർന്ന് ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്ക് പൊതുവായി ഒരു ബാങ്ക് അക്കൗണ്ടുമുണ്ട്. ഈ അക്കൗണ്ടിലേക്കാണ് എല്ലാവരും പണം നിക്ഷേപിക്കുന്നത്. ഇതിൽ നിന്നും ആർക്കും പണം എടുക്കുകയും ചെയ്യാം.ഈ സംഘത്തിലെ ആരും പുടിന്റെ പേര് അവരുടെ ചർച്ചകളിൽ പറയാറില്ല. വ്യാജപേരുകളോ ആംഗ്യങ്ങളോ ആകും പുടിനെ കുറിച്ച് പറയേണ്ടി വരുമ്പോൾ അവരുപയോഗിക്കുന്നത്. ഈ ശൃംഖല നിലനിൽക്കുന്നതും പ്രവർത്തിക്കുന്നതും പുടിന്റെ അറിവില്ലാതെയും പിന്തുണയില്ലാതെയുമാണ് എന്ന് കരുതാനാകില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. നിങ്ങൾ പ്രസിഡന്റായിരിക്കുമ്പോൾ നിങ്ങളാണ് നിയമം.

ഇപ്പോൾ പനാമ ഫയലുകളിലൂടെ പുറത്ത വന്നിട്ടുള്ളവയെ റഷ്യൻ സർക്കാർ വക്താവ് ദിമിത്രി പെസ്‌കോവ് നിഷേധിച്ചിട്ടുണ്ട്. യൂട്യൂബിലൊരു വീഡിയോയുണ്ട്. ഒരു കൂട്ടം ആളുകൾക്കിടയിൽ നിൽക്കുന്ന അർകാഡിയുടെ തലയിൽ തടവിയശേഷം നടന്നു പോകുന്ന പുടിന്റെ വീഡിയോ. അർക്കാഡിക്കും സഹോദരൻ ബോറിസ് റോട്ടൻബർഗിനും പുടിനെ 1960-കൾ മുതൽ അറിയാം. കുട്ടികളായിരിക്കേ ഇവർ മൂവരും മാർഷ്യൽ ആർട്‌സ് ക്ലബ്ബിൽ ഒരുമിച്ചുണ്ടായിരുന്നു. ബിസിനസ് വളർന്നതുപോലെ സൗഹൃദവും വളർന്നു.2014-ൽ റഷ്യ ഉക്രയ്‌നിൽ സായുധ കൈയേറ്റം നടത്തിയപ്പോൾ യുഎസ് സർക്കാർ അർക്കാഡിക്കും സഹോദരനും എതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പുടിന്റെ ഭരണത്തിൻ കീഴിൽ അവർ വൻതോതിൽ പണം സമ്പാദിച്ചുവെന്ന് യുഎസ് ട്രഷറി രേഖകളിൽ പറയുന്നുണ്ട്. സോച്ചി ഒളിപിംക്‌സിലെ കരാറുകളിൽ നിന്ന് മാത്രം ഏഴ് ബില്ല്യൺ ഡോളറാണ് അവർക്ക് ലഭിച്ചത്. റഷ്യൻ ഫെഡറേഷനിലെ ഒരു മുതിർന്ന ഭരണാധികാരിക്കുവേണ്ടിയാണിതെന്നും രേഖകളിൽ അമേരിക്ക സൂചിപ്പിക്കുന്നുണ്ട്.

ഉപരോധം ഏർപ്പെടുത്തുന്നതിന് ഒരു വർഷം മുമ്പ് 2013-ൽ അക്കാഡിയുടെ കമ്പനിക്ക് റഷ്യയ്ക്കും യൂറോപ്പിനും ഇടയിലെ പകൃതി വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള 40 ബില്ല്യൺ ഡോളറിന്റെ കരാർ ലഭിച്ചു. അതേ കാലത്തു തന്നെ പുടിന്റെ ശൃംഖലയിലേക്ക് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത മൂന്ന് കമ്പനികൾ വൻതുകകൾ നിക്ഷേപിച്ചുവെന്ന് രേഖകൾ പറയുന്നു. അവയെ നിയന്ത്രിക്കുന്നത് അർക്കാഡിയാണെന്ന് മൊസ്സാക് ഫോൻസെക ഫയലുകൾ പറയുന്നു.റോസിയ ബാങ്കിലെ ഒരു മാനേജർ സ്ഥാപിച്ച സൺബാൺ ലിമിറ്റഡിന് റോട്ടൻബർഗ് കമ്പനികൾ 231 മില്ല്യൺ ഡോളർ വായ്പ നൽകിയിരുന്നു. എന്നാൽ ബ്രിട്ടീഷ് വെർജിൻ ദ്വീപിലെ ഈ കമ്പനിക്ക് നൽകിയ വായ്പ തിരിച്ചടയ്‌ക്കേണ്ടതിനെ കുറിച്ച് പറയുന്നില്ല.

ഇമേജ് ബിൽഡിങ്ങിനായി കായികത്തട്ടിപ്പുകളും

സോച്ചിയിൽ 2014ൽ നടന്ന ഉത്തേജകമരുന്ന് ഗൂഢാലോചന പുട്ടിന്റെ ഇമേജ് ബിൽഡിങ്ങ് പ്രൊപഗൻഡയുടെ തികഞ്ഞ ഉദാഹരണാണ്. കായികരംഗത്തെ നേട്ടങ്ങൾ മാത്രം ലക്ഷ്യമിട്ട് റഷ്യ നടത്തിയതായിരുന്നില്ല.. റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിന്റെ നാൾക്ക് നാൾ ഇടിഞ്ഞു തുടങ്ങിയ ജനപിന്തുണ തിരിച്ചു പിടിക്കാനുള്ള തന്ത്രം കൂടിയായിരുന്നു ഇത് . ചിരവൈരികളായ അമേരിക്കയെ ഒളിമ്പിക്സ് മെഡൽ നേട്ടങ്ങളിൽ റഷ്യ മറി കടന്നാൽ അത് പുട്ടിൻ ഭരണകൂടത്തിന് ഏറെ കാലത്തേക്ക് പൊളിറ്റിക്കൽ മൈലേജ് നേടാൻ സഹായിക്കുമെന്ന് ഭരണകൂടത്തിലെ ഉന്നതർ തിരിച്ചറിഞ്ഞു. അവർ അതിനായി പദ്ധതി തയ്യാറാക്കി. എല്ലാറ്റിനും നേതൃത്വം നൽകിയത് പുട്ടിൻ തന്നെ ആയിരുന്നു. ഒളിമ്പിക്സ് മത്സര സമയത്ത് കായികതാരങ്ങളുടെ മൂത്രസാംപിളുകൾ ഓരോ മത്സരത്തിനും മുൻപ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. റഷ്യയിലുള്ള ദേശീയ ഉത്തേജക വിരുദ്ധ ലബോറട്ടറിയിൽ ഡയറക്ടർ ഗ്രിഗറി റോട്ചെൻകോവിന്റെയും, ലോക ഉത്തേജക വിരുദ്ധ ഏജൻസി പ്രതിനിധികളുടെയും, നേതൃത്വത്തിലായിരുന്നു ഈ പരിശോധനകൾ. എല്ലാ റഷ്യൻ കായികതാരങ്ങളുടെയും ഉത്തേജക മരുന്ന് കലരാത്ത മൂത്രസാംപിളുകൾ നേരത്തെ ശേഖരിച്ചു വെച്ചിരുന്നു. ഓരോ മത്സരത്തിനും മുൻപ് പരിശോധനക്ക് എടുക്കുന്ന സാംപിളുകൾ ആരുമറിയാതെ മാറ്റി നേരത്തെ ശേഖരിച്ച മരുന്ന് കലരാത്ത മൂത്രസാംപിളുകൾ പകരം വച്ചാണ് റഷ്യ അതിവിദഗ്ദ്ധമായി തങ്ങളുടെ രഹസ്യ പദ്ധതി നടപ്പാക്കിയത്. എല്ലാ കാര്യങ്ങളിലും കായിക മന്ത്രി വിറ്റാലി മുട്ട്കോ സഹമന്ത്രി യൂറി നാഗോർണ്യക് വഴി ഗ്രിഗറി റോട്ചെൻകോവിന് നിർദ്ദേശം നൽകിയിരുന്നു. ഒടുവിൽ റഷ്യ മെഡൽ നിലയിൽ അമേരിക്കയെ പിന്തള്ളി ഒന്നാമതെത്തിയതോടെ പുട്ടിൻ ഭരണകൂടത്തിന്റെ കുതന്ത്രം വിജയിച്ചു, കായികലോകം തോറ്റു.

ഗ്രിഗറി റോട്ചെൻകോവിന്റെ വെളിപ്പെടുത്തലുകൾ ഉണ്ടാക്കിയ വിവാദത്തിനിടെ റഷ്യൻ ഉത്തേജക വിരുദ്ധ സമിതിയിലെ രണ്ട് പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത് കൂടുതൽ സംശയമുളവാക്കുന്ന സംഭവമായി മാറി. പുട്ടിൻ ഭരണകൂടം കായിക സഹമന്ത്രി യൂറി നാഗോർണ്യകിനെ ഉത്തേജക വിവാദത്തിൽ ബലിയാടാക്കി രാജി വെയ്ക്കാൻ നിർബന്ധിതനാക്കി. വിവാദം രാഷ്ട്രീയപ്രേരിതമായി റഷ്യക്ക് എതിരെ നടക്കുന്ന നീക്കമാണെന്ന് ആരോപിച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പുട്ടിൻ ഭരണകൂടം കൈ കഴുകി.അന്താരാഷ്ട്ര കായിക കോടതി ഇടപെട്ട് റഷ്യയുടെ 13 ഒളിമ്പിക് മെഡലുകൾ തിരിച്ചെടുത്തതോടെ മെഡൽ നിലയിൽ ഉണ്ടായിരുന്ന ഒന്നാം സ്ഥാനം റഷ്യക്ക് നഷ്ട്ടപ്പെട്ടു. വിവാദ വെളിപ്പെടുത്തൽ നടത്തി റഷ്യയെ കുരുക്കിലാക്കിയ റോട്ചെൻകോവിനെതിരെ പുട്ടിൻ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. റോട്ചെൻകോവിന്റെയും, മക്കളുടെയും വീടുകൾ പൊലീസ് അരിച്ചു പെറുക്കി. ഭാര്യയെയും, മക്കളെയും ചോദ്യം ചെയ്ത് പാസ്‌പോർട്ടുകൾ കണ്ടുകെട്ടി. പുട്ടിൻ ഭരണകൂടത്തിന്റെ ഇത്തരം പ്രതികാരനടപടികൾ പ്രതീക്ഷിച്ചിരുന്ന റോട്ചെൻകോവ് ബ്രയാൻ ഫോഗെലിന്റെ സഹായത്തോടെ അമേരിക്കൻ നീതിന്യായ വകുപ്പിനെ സമീപിച്ച് വിറ്റ്സസ് പ്രൊട്ടക്ഷൻ പദ്ധതിയുടെ തണലിൽ തന്റെ ശിഷ്ടകാല ജീവിതം അമേരിക്കയിലെ അജ്ഞാതമായ ഒരു സ്ഥലത്ത് തുടരാൻ തീരുമാനിച്ചു.

ഗ്രൂ: പുട്ടിന്റെ കൊലപാതക സംഘം

സാലിസ്‌ബറിയിൽ സെർജി സ്‌ക്രിപാലിനെും മകൾ യൂലിയയെയും വധിക്കാൻ രാസായുധ പ്രയോഗം നടത്തിയ റഷ്യൻ മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ ഗ്രൂ ഏത് ക്രൂരകൃത്യവും സമർഥമായി നടപ്പാക്കാൻ പരിശീലനം സിദ്ധിച്ച വിഭാഗം. രാജ്യത്ത വഞ്ചിക്കുന്നവരെ പച്ചയ്ക്ക് കത്തിക്കുന്ന സംഭവങ്ങൾ കണ്ട് പരിശീലനം തുടങ്ങുന്ന ഇവർ ജീവൻപോലും പണയപ്പെടുത്തി ഓപ്പറേഷനുകൾ നടത്താൻ മടിയില്ലാത്ത വിഭാഗമാണ്. 1918-ൽ വിപ്ലവത്തിനുശേഷം ലെനിൽ രൂപം കൊടുത്ത ഗ്രൂവിന് റഷ്യയുടെ മറ്റ് രഹസ്യാന്വേഷണ ഏജൻസികളെക്കാൾ വ്യത്യസ്തമായ ദൗത്യമായിരുന്നു നിർവഹിക്കാനുണ്ടായിരുന്നത്. സാധാരണ രഹസ്യാന്വേഷണങ്ങൾ കെ.ജി.ബി.നിർവഹിക്കുമ്പോൾ കടുപ്പമേറിയ ഓപ്പറേഷനുകൾക്കായിരുന്നു ഗ്രൂ നിയോഗിക്കപ്പെട്ടിരുന്നത്.

സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ കെ.ജി.ബി പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് റഷ്യയിൽ എഫ്.എസ്.ബി. (ഫെഡറൽ സെക്യൂരിറ്റി സർവീസ്) നിലവിൽ വന്നു. കെ.ജി.ബി.യിൽ 16 വർഷത്തോളം പ്രവർത്തിച്ചയാളാണ് വ്‌ളാദിമിർ പുട്ടിൻ. എഫ്.എസ്.ബി. നിലവിൽവന്നപ്പോൾ അതിന്റെ തലവനുമായിരുന്നു. എന്നാൽ, സോവിയറ്റ് യൂണിയൻ തകർന്നെങ്കിലും ഗ്രൂ പിരിച്ചുവിട്ടിരുന്നില്ല. അതിതീവ്ര അന്വേഷണങ്ങൾക്കായി പുടിൻ ഈ സംഘടനയെ എഫ്.എസ്.ബിയുടെ ഭാഗമായി നിലനിർത്തുകയായിരുന്നു.രാജ്യത്തെ സർവകലാശാലകളിൽനിന്ന് മിടുക്കരായ വിദ്യാർത്ഥികളെയാണ് കെ.ജി.ബിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെങ്കിൽ, തെരുവിൽനിന്നും ചേരികളിൽനിന്നുമാണ് ഗ്രൂവിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. എന്തും ചെയ്യാൻ കെൽപുള്ള ക്രിമിനൽ സംഘമായാണ് ഇവരെ കണ്ടിരുന്നതും. വിദേശരാജ്യങ്ങളിലുള്ള എംബസികളിലും മറ്റും ചെന്ന് രഹസ്യമായി ആക്രമണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഗ്രൂവിനെ റഷ്യ ഉപയോഗിക്കുനനതെന്ന് ചരിത്രകാരനായ ജോൺ ബാരൺ പറയുന്നു.

എന്തിനും പോന്നവരായാണ് ഗ്രൂവിലെ അംഗങ്ങളെ പരിശീലിപ്പിക്കുന്നതെന്ന് ഗ്രൂവിൽനിന്ന് 1978-ൽ പിരിഞ്ഞ് ബ്രി്ട്ടനിൽ താമസമാക്കിയ വിക്ടർ സുവോരോവ് പറയുന്നു. ഇവർക്കുള്ള പരിശീലനം തുടങ്ങുന്നതുതന്നെ ഗ്രൂവിൽനിന്ന് വേർപെട്ട ഒരു ചാരനെ പച്ചയ്ക്ക് കത്തിക്കുന്ന ദൃശ്യം കാണിച്ചുകൊണ്ടാണ്. ഗ്രൂവിലെ അംഗങ്ങളെ മനക്കട്ടിയുള്ളവരാക്കുന്നതിനൊപ്പം അവർക്കുതന്നെയുള്ള താക്കീതായും ഈ ദൃശ്യം ഉപയോഗിക്കുന്നു.അന്താരാഷ്ട്ര തലത്തിൽ റഷ്യയെ പ്രതിസ്ഥാനത്തുനിർത്തിയ പല സംഭവങ്ങളിലും ഗ്രൂവിന്റെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്. 2016-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 12 ഗ്രൂ അംഗങ്ങൾ ഇടപെട്ടതായി യു.എസ് സ്‌പെഷ്യൽ കോൺസൽ റോബർട്ട് മ്യൂളർ കണ്ടെത്തിയിരുന്നു. 2014-ൽ യുക്രൈനിയൻ വിമാനം വെടിവെച്ചിട്ടതിനുപിന്നിലും ഗ്രൂവായിരുന്നു. 2016 ഒക്ടോബറിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് മോണ്ടനെഗ്രോ സർക്കാരിനെ അട്ടിമറിച്ചതിനുപിന്നിലും ഗ്രൂവിന്റെ പങ്ക് തെളിഞ്ഞിരുന്നു.

തികഞ്ഞ സ്ത്രീലമ്പടൻ; ബാലപീഡകനെന്നും ആക്ഷേപം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെപ്പോലെ തികഞ്ഞ സ്ത്രീലമ്പടനായിട്ടാണ് പുട്ടിനും അറിയപ്പെടുന്നത്. വിവാഹമോചനം നടന്നതിനുശേഷമുള്ള പുട്ടിന്റെ കാമുകിമാരെക്കുറിച്ച് റഷ്യൻ കുട്ടിപ്പത്രങ്ങൾ എഴുതി നിറക്കുകയാണ്. റുപർട്ട് മർഡോക്കിന്റെ മുൻ ഭാര്യയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ മുൻ കാമുകിയുമായ വെൻഡി ഡെൻഗ്, പുട്ടിന്റെ കാമുകിയാണെന്നാണ് പത്തുവർഷങ്ങൾക്കുമുമ്പേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്ലെയറിന് മുമ്പെ ഇത്തരത്തിൽ നിരവധി പ്രഗത്ഭരെ വീഴ്‌ത്തി അതിൽ തന്റെ കഴിവ് തെളിയിച്ച സ്ത്രീയാണ് വെൻഡി. ബ്ലെയറുമായുള്ള വെൻഡിയുടെ ബന്ധം പുറത്ത് വന്നതിനെ തുടർന്നാണ് മർഡോക്ക് ഇവരെ ഉപേക്ഷിച്ചതെന്നും തെളിഞ്ഞിരുന്നു.രണ്ട് മക്കളുടെ അമ്മയായ ഈ ചൈനീസുകാരിക്ക് 47 വയസുണ്ട്. ആരെയും ആകർഷിക്കുന്ന നീലക്കണ്ണുകളാണ് ഇവർക്കുള്ളത്. 2013ൽ ചോർന്ന ഇവരുടെ ഡയറിയിലെ വിവരങ്ങളിലൂടെയാണ് ടോണി ബ്ലെയറുമായുള്ള വെൻഡിയുടെ രഹസ്യബന്ധം ലോകമറിഞ്ഞിരുന്നത്. ബ്ലെയർ സ്മാർട്ടാണെന്നും അദ്ദേഹത്തിന്റെ ശരീരത്തെയും വസ്ത്രങ്ങളും മറ്റും താൻ ഇഷ്ടപ്പെടുന്നുവെന്നും വെൻഡി ഇതിൽ കുറിച്ചിട്ടിരുന്നു.യുഎസ് വീക്കിലിയാണ് ഇത്തരത്തിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ല്യൂഡ്മില പുട്ടിനുമായി വിവാഹമോചനം നേടിയശേഷം വൽദിമിർ പുട്ടിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം കഥകൾ കേട്ടിട്ടില്ല. . തന്റെ ജീവിതത്തിലേക്ക് പുതിയൊരു യുവതി കടന്നുവരില്ലെന്ന് പുട്ടിൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഒളിമ്പിക് ജിംനാസ്റ്റിക്‌സ സ്വർണമെഡൽ ജേതാവ് അലീന കബയേവയുമായി പുട്ടിൻ പ്രണയത്തിലാണെന്ന വാർത്തകളാണ് പിന്നീട് പ്രചരിച്ചത്. മുൻ ജിംനാസ്റ്റിക്‌സ് താരവും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ അലീന കബയേവവും അറിയപ്പെട്ടത് പുട്ടിന്റെ കാമുകിയെന്ന നിലയ്ക്കാണ്.

അലീന അടുത്തിടെ മോസ്‌കോയിലെ ഒരു വിഐപി ക്ലിനിക്കിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നതാണ് അഞ്ചുവർഷംമുമ്പ് കേട്ട വാർത്ത. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതേവരെ വന്നിട്ടില്ല. പുട്ടിന്റെ സ്വകാര്യജീവിതത്തിലേക്ക് തലയിടാൻ റഷ്യൻ മാധ്യമങ്ങളും തയ്യാറായിട്ടില്ല. മോസ്‌കോയിലെ കുലാക്കോവ് റിസർച്ച് സെന്റർ ഫോർ ഗൈനക്കോളജി ആൻഡ് പെരിനാറ്റോളജിയുടെ നാലാം നില പൂർണമായും അലീനയ്ക്കായി ഈ മാസമാദ്യം മുതൽ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. അവിടെയാണ് അലീനയും കുഞ്ഞുങ്ങളും ഇപ്പോഴുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.മോസ്‌കോ കൊസോമോലെറ്റ്‌സ് എന്ന പത്രമാണ് പുട്ടിന്റെ കാമുകിയുടെ പ്രസവ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാൽ, ഓൺലൈൻ എഡിഷനിൽ വന്ന വാർത്ത മിനിറ്റുകൾക്കകം ഡിലീറ്റ് ചെയ്യപ്പെട്ടു. വാർത്തയും അതേക്കുറിച്ചുവന്ന കമന്റുകളുമടക്കം പൂർണമായ വിവരങ്ങൾ അപ്രത്യക്ഷമായി. എന്നാൽ, മറ്റൊരു റഷ്യൻ ഓൺലൈൻ, കുബയേവ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി, പിന്നീട് കാണാതായി എന്ന രീതിയിൽ വാർത്ത തുടർന്നും നിലനിർത്തിയെന്നും റിപ്പോർട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെയും പിന്നീട് റഷ്യയുടെയും ചാരനായിരുന്ന അലക്‌സാണ്ടർ ലിത്വിനെങ്കോ 2016ൽ ലണ്ടനിൽ കൊല്ലപ്പെട്ടപ്പോഴും വൻ വിവദം ഉണ്ടായിരുന്നു. ലിത്വിനെങ്കോയെ പുട്ടിൻ വധിച്ചതുപോലും തന്നെ അപകീർത്തിപ്പെടുത്തുന്ന തെളിവുകൾ നശിപ്പിക്കാനാണെന്നും റിപ്പോർട്ടുണ്ട്.ലിത്വിനെങ്കോയുടെ മരണം അന്വേഷിച്ച റോബർട്ട് ഓവന്റെ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകൾ ഉള്ളത്. പുട്ടിൻ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തപ്പെട്ടിട്ടുണ്ടെന്നും ലിത്വിനെങ്കോ വെളിപ്പെടുത്തിയിരുന്നു. പുട്ടിൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് ചെറിയ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തലുകളിൽപ്പെടുന്നു.2006 ജൂണിൽ ക്രെംലിനിൽക്കൂടി നടക്കവെ, പുട്ടിൻ ഒരു അഞ്ചുവയസ്സുകാരന്റെ ഉടുപ്പ് പൊക്കി വയറ്റത്ത് ചുംബിക്കുന്ന ദൃശ്യം അന്വേഷോദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഫ്ളാറ്റിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ പുട്ടിൻ നശിപ്പിച്ചുകളഞ്ഞതായും ലിത്വിനെങ്കോയുടെ പഴയ ബ്ലോഗ് ലേഖനത്തിൽപറയുന്നതായി റോബർട്ട് ഓവൻ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസി എഫ്.എസ്.ബിയുടെ തലവനുമായിരുന്നു. പുട്ടിനുമായി തെറ്റി ബ്രിട്ടനിലേക്ക് കടന്ന ലിത്വിനെങ്കോയെ 2006-ൽ പ്ലൂട്ടോണിയം വിഷം നൽകി കൊലപ്പെടുത്തുകയാണെന്നാണ് ആരോപണം.

ട്രംപിനെയും സ്ത്രീ വിഷയത്തിൽ ബ്ലാക്ക് മെയിൽ ചെയ്യുന്നുവോ?

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പുട്ടിനും തമ്മിൽ അടുത്തകാലം വളരെ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി റഷ്യ ഇടപെട്ടുവെന്ന റിപ്പോർട്ടുകളും സജീവമായി രംഗത്തുണ്ട്. എന്തുകൊണ്ടാണ് പുട്ടിനോടിത്ര വിധേയത്വമെന്നത് അമേരിക്കക്കാരെപ്പോലും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതിന് പിന്നിൽ ചില രഹസ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.

ബ്ലാക്ക്‌മെയിൽ ഭയന്നാണ് ട്രംപ് പുട്ടിനെ ഇഷ്ടപ്പെടുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം തന്നെ അപകടത്തിലാക്കാൻ പോന്ന ചില രഹസ്യങ്ങൾ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ പക്കലുണ്ടെന്ന് അമേരിക്കൻ അധികൃതർ ട്രംപിനെ അറിയിച്ചെന്നും റിപ്പോർട്ടുണ്ട്.

മോസ്‌കോ സന്ദർശനത്തിനിടെ പ്രസിഡന്റ് ബരാക് ഒബാമ താമസിച്ച ഹോട്ടലിലെ പ്രസിഡന്റ് സ്യൂട്ടിൽ ട്രംപ് പിന്നീട് താമസിച്ചുവെന്നും ലൈംഗിക തൊഴിലാളികൾക്ക് ഒപ്പം കഴിഞ്ഞെന്നും അതിന്റെ തെളിവുകൾ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ പക്കലുണ്ടെന്നുമാണ് ട്രംപിന് കിട്ടിയിട്ടുള്ള മുന്നറിയിപ്പ്.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജയിംസ് ക്ലാപ്പറാണ് ഇക്കാര്യം ട്രംപിനെ അറിയിച്ചതെന്നും റിപ്പോർട്ട് തുടരുന്നു. അമേരിക്കൻ രാഷ്ട്രീയ നേതാക്കളുടെ രഹസ്യങ്ങൾ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ പക്കലുണ്ടെന്നും ഡമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്മാരുടെയും തെളിവുകളും ഇതിലുണ്ടെന്നുമാണ് സൂചന. എന്നാൽ, ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി ഡമോക്രാറ്റുകളെ മാത്രം താറടിക്കുന്നതിനാണ് റഷ്യക്കാർ ശ്രമിച്ചതെന്നും ആരോപണമുയർന്നിരുന്നു.

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ റഷ്യൻ ഇടപെടലുകളുണ്ടായിട്ടുണ്ടെന്ന വാദവും ശക്തമാണ്. തങ്ങൾക്ക് വിധേയനായി നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റിനെയാണ് പുട്ടിൻ ലക്ഷ്യമിടുന്നത്. അതിന് ട്രംപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള രഹസ്യങ്ങൾ റഷ്യ ശേഖരിച്ചതായാണ് സൂചന. പുട്ടിനോടുള്ള ആരാധന പലവട്ടം ട്രംപ് തുറന്നുപറഞ്ഞതും ഇതറിഞ്ഞിട്ടാവാമെന്നും വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP