Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഇത് തുർക്കിയിലെ അയോധ്യ; ക്രിസ്ത്യൻ പള്ളിയെ ഓട്ടോമാൻകാർ ആക്രമിച്ച് മുസ്ലിം പള്ളിയാക്കി; നൂറ്റാണ്ടുകൾ കഴിഞ്ഞുവന്ന ഭരണാധികാരി മോസ്‌ക്കിനെ മ്യൂസിയമാക്കി; ഇപ്പോൾ കോടതിവിധിയുടെ മറവിൽ വീണ്ടും മുസ്ലിം പള്ളിയാക്കി; ഹാഗിയ സോഫിയ എന്ന ലോക പ്രശസ്ത മ്യൂസിയത്തെയും അവർ 'മതം മാറ്റിച്ചു'; പിന്നിൽ ലോകമുസ്ലീങ്ങളുടെ 'ഖലീഫ'യാകാൻ കൊതിക്കുന്ന ഇസ്ലാമിക സ്വേച്ഛാധിപതി

ഇത് തുർക്കിയിലെ അയോധ്യ; ക്രിസ്ത്യൻ പള്ളിയെ ഓട്ടോമാൻകാർ ആക്രമിച്ച് മുസ്ലിം പള്ളിയാക്കി; നൂറ്റാണ്ടുകൾ കഴിഞ്ഞുവന്ന ഭരണാധികാരി മോസ്‌ക്കിനെ മ്യൂസിയമാക്കി; ഇപ്പോൾ കോടതിവിധിയുടെ മറവിൽ വീണ്ടും മുസ്ലിം പള്ളിയാക്കി; ഹാഗിയ സോഫിയ എന്ന ലോക പ്രശസ്ത മ്യൂസിയത്തെയും അവർ 'മതം മാറ്റിച്ചു'; പിന്നിൽ ലോകമുസ്ലീങ്ങളുടെ 'ഖലീഫ'യാകാൻ കൊതിക്കുന്ന ഇസ്ലാമിക സ്വേച്ഛാധിപതി

എം മാധവദാസ്

ഖലീഫ ഉമറിനെ കുറിച്ച് കേട്ട ഒരു പഴയ കഥ ഓർക്കുന്നില്ലേ!

ക്രിസ്തുവർഷം 638 ൽ യെരുശലേം മുസ്ലിം സേന പിടിച്ചടക്കുന്ന ഘട്ടമെത്തിയപ്പോൾ ബൈസാന്റിയൻ പ്രതിനിധിയും ജെറൂസലേം പാത്രിയാർക്കീസുമായിരുന്ന സൊഫോറിയൂസ് ഒരു നിബന്ധനവെച്ചു. ഖലീഫ ഉമർ നേരിട്ട് വരികയാണെങ്കിൽ നഗരം കൈമാറാൻ തയ്യാറാണ്. ഉമർ ജെറൂസലേമിലെത്തി, പാത്രിയാർക്കീസുമൊത്ത് ചർച്ചിന്റെ അകം കാണുന്ന നേരത്താണ് നമസ്‌കാരത്തിന്റെ സമയം വന്നത്. തനിക്ക് പ്രാർത്ഥിക്കാനൊരിടം അന്വേഷിച്ച ഖലീഫയോട് ചർച്ചിനുള്ളിൽ തന്നെയാകാമല്ലോ എന്ന് പാത്രിയാർക്കീസ് നിർദ്ദേശിച്ചു.

ഉമർ ഓഫർ സ്നേഹപൂർവ്വം നിരസിച്ചു. പറഞ്ഞ കാരണം തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. 'ഞാൻ ഈ ദേവാലയത്തിനുള്ളിൽ വെച്ച് നമസ്‌കരിച്ചാൽ, നാളെ മുസ്ലിംകൾ വന്ന്, ഇത് തങ്ങളുടെ ഖലീഫ നമസ്‌കരിച്ച പള്ളിയാണ് എന്ന് പറഞ്ഞ് പള്ളിക്ക് അവകാശവാദമുന്നയിക്കും, അതിനാൽ അത് വേണ്ട' തൊട്ടടുത്ത് മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ നമസ്‌കരിച്ചു.

ചരിത്രം പ്രഹസനമായി ആവർത്തിക്കുമെന്ന് മാർക്സ് പറഞ്ഞത് ഒരിക്കൽകൂടി ലോകം ശരിവെക്കുകയാണ്. യൂറോപ്പിലെ രോഗിയെന്ന് അറിയപ്പെട്ടിരുന്ന തുർക്കി, ഇപ്പോൾ മതം പൊട്ടിയൊലിച്ച് ശരിക്കും രോഗിയായി മാറിയിരിക്കയാണ്. ആഗോളവ്യാപകമായി ഉയർന്ന എതിർപ്പിനിടയിലും ഇസ്താംബൂളിലെ ഹാഗിയ സോഫിയ മ്യൂസിയം, സാഫിയ മസ്ജിദ് എന്ന മുസ്ലീ പള്ളിയാക്കി മാറ്റിയത് അതാണ് തെളിയിക്കുന്നത്. പണ്ട് ഇതിൽ ആരാധന നടത്തിയിരുന്നു എന്നും മുസ്ലിം പള്ളിയാണ് എന്നുമാണ് ആഗോളമുസ്ലീങ്ങളുടെ ആധുനിക ഖലീഫയാവാൻ ശ്രമിക്കുന്ന തുർക്കി പ്രസിഡന്റ് റെജപ് തയ്യിബ് എർദൊഗാൻ പറയുന്നത്. ഖലീഫ ഉമറിൽനിന്ന് ആധുനിക ഖലീഫയിലേക്കുള്ള ദൂരം, പ്രകാശവർഷങ്ങൾ തന്നെയാണ്. നമ്മുടെ അയോധ്യാ പ്രശ്നമൊന്നും ഹാഗിയ സോഫിയക്ക് മുന്നിൽ ഒന്നുമല്ല.

തുർക്കിയിലെ അയോധ്യ

ലോകത്ത് എവിടെയും അധികാരം കിട്ടിയാൽ മതമൗലകിവാദികൾ ഒരുപോലൊയണ് പെരുമാറുന്നതെന്ന് ഹാഗിയ സോഫിയയുടെ അനുഭവം തെളിയിക്കുന്നു. തുർക്കിയിലെ ഇസ്താംബൂളിലെ ഓർത്തഡോക്‌സ് ക്രിസ്ത്യൻ കത്രീഡൽ ആയിരുന്ന ഹഗിയ സോഫിയ 1453ലെ ഓട്ടോമൻ ഭരണകാലത്താണ് മുസ്ലിം പള്ളിയാക്കിയത്. ആക്രമണ ഭീഷണിയായിരുന്നു ഇതിന് പിന്നിൽ.( ഈ ഓട്ടോമാൻ സാമ്രാജ്യം പുനഃസ്ഥാപിക്കാനും ഖലീഫയുടെ പദവി തിരിച്ചുകിട്ടാനുമാണ് ഇന്ന് വാരിയൻകുന്നൻ സിനിമ വഴിയൊക്കെ നാം ചർച്ചചെയ്യുന്ന ഖിലാഫത്ത് ഉണ്ടായതെന്ന് ഓർക്കണം. അയായത് ലോകത്ത് ഒരിടത്ത് സംഭവിക്കുന്ന കാര്യങ്ങൾ അവിടെ മാത്രം ഒതുങ്ങുകയില്ലെന്ന് ചരിത്രം.) ഇത് ശരിയല്ല എന്ന് തോന്നിയതുകൊണ്ടാണ് ആധുനികനായ എകാധിപതി എന്ന് പേരുകേട്ട കെമാൽ അതാതുർക്ക് അത് 1934ൽ മ്യൂസിയമാക്കി മാറ്റിയത്. തിരിച്ച് ക്രിസ്ത്യൻ പള്ളിയാക്കിയാൽ ഉള്ള പ്രത്യാഘാതങ്ങൾ ഓർത്താണ് അദ്ദേഹം ഇത് മ്യൂസിയം ആക്കിയത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സംരക്ഷിത മ്യുസിയം ആയിരുന്നു ഹാഗിയ സോഫിയ. ആയിരക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ഒരിടം. അതാണ് ഇപ്പോൾ മുസ്ലിം പള്ളിയായിരിക്കുന്നത്.

സേച്ഛാധിപതിയായിരുന്നെങ്കിലും മതേതരവാദിയായിരുന്ന അതാതുർക്കിൽ നിന്ന് കടുത്ത ഇസ്ലാമിസ്റ്റായ എർദോഗാന്റെ കൈയിൽ ഭരണം എത്തിയതോടെ കാര്യങ്ങൾ ആകെ മാറിമറഞ്ഞു. അയോധ്യ കേസിലെന്ന പോലെ ഇവിടെയും കോടതിയും ഒരുകാര്യത്തിലും വ്യക്തത കൊടുത്തില്ല. രാമജന്മഭൂമിയാണോ, ബാബറി മസ്ജിദ് ആണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ, മുസ്ലിം പള്ളി പണിയാൻ വേറെ സ്ഥലം കൊടുത്തും മറ്റു നാട്ടു പഞ്ചായത്തുപോലെ അയോധ്യാ വിധി വന്നത് ഓർക്കുക. സമാനമായി തുർക്കിയിലും കേസ് എത്തിയപ്പോൾ, 1500 വർഷം പഴക്കമുള്ള ഹാഗിയ സോഫിയ മ്യൂസിയമല്ലെന്ന് കോടതി വിധി വന്നത്. 1934ൽ പള്ളി മ്യൂസിയമാക്കാനുള്ള ക്യാബിനറ്റ് തീരുമാനം നിയമപ്രകാരമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മ്യൂസിയം അല്ലെങ്കിൽ ഇത് ക്രിസ്ത്യൻ പള്ളിയാണോ മുസ്ലിം പള്ളിയാണോ എന്ന് കോടതി പറഞ്ഞില്ല. ഇതിന് തൊാട്ടുപിന്നാലെയാണ് മുസ്ലിം പള്ളിയാക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗാൻ പ്രഖ്യാപിച്ചത്.ചരിത്ര പ്രസിദ്ധമായ മ്യൂസിയത്തെ പള്ളിയാക്കുന്നതിനെതിരെ എതിർപ്പുയർന്നെങ്കിലും എർദോഗൻ ഭരണകൂടം തീരുമാനവുമായി മുന്നോട്ട് പോയി. പള്ളിയാക്കി മാറ്റിയെങ്കിലും സഞ്ചാരികൾക്ക് സന്ദർശിക്കുന്നതിൽ വിലക്കുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തൊട്ടടുത്തുതന്നെ ഒരു വലിയ മുസ്ലിം പള്ളിയുള്ളപ്പോൾ ആണ് ഈ നടപടിയെന്നോർക്കണം. എന്തായാലും മതം ഇറക്കിയുള്ള കളിയിൽ എർദോഗാൻ വിജയിച്ചു. പള്ളിയാക്കിയതിന് ശേഷമുള്ള ആദ്യത്തെ പ്രാർത്ഥന തുർക്കിയിലെ വാർത്താചാനലുകൾ തത്സമയം സംപ്രേഷണം ചെയ്തു. ആയിരങ്ങളാണ് തക്‌ബീർ വിളികളുമായി ഹാഗിയ സോഫിയയിൽ തടിച്ചുകൂടിയത്. അതായത് മോശം ഭരണവും സാമ്പത്തിക തകർച്ചയുമൊക്കെയായി തുർക്കിയിൽ കടുത്ത പ്രതിഷേധം എല്ലാം ജനം മറന്നുകൊണ്ട് എർദോഗാന് പിന്നിൽ അണിനിരന്നു. വർഗീയത കൊണ്ട് കളിക്കുന്നതിന്റെ ഗുണം അതുതന്നെ. അയോധ്യയിൽ നോക്കുക. ഇന്ത്യയിലെ ഹിന്ദുത്വവാദികളുടെ രാഷ്ട്രീയ വളർച്ചയുടെ പ്രധാന കാരണമായി രാമക്ഷേത്ര നിർമ്മാണം മാറി. മതേതര രാഷ്ട്രമായിരുന്ന തുർക്കിയെ തീവ്രമായി ഇസ്ലാമികവത്ക്കരിക്കാൻ എർദോഗാന് വളരെ എളുപ്പം കഴിഞ്ഞു.

ശില്പവിദ്യയിലെ ചരിത്രം തിരുത്തിയ നിർമ്മിതി

ശില്പവിദ്യയിലെ ചരിത്രം തിരുത്തിയ നിർമ്മിതി! തുർക്കിയിലെ ഇസ്താംബൂളിലുള്ള ഹാഗിയ സോഫിയ എന്ന ലോകപ്രശസ്ത മ്യൂസിയത്തെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളുള്ള കെട്ടിടങ്ങളിൽ ഒന്നാണ് ഹാഗിയ സോഫിയ. ഒരു കൂറ്റൻ താഴികക്കുടവും അതിന് ഇരുവശങ്ങളിലുമായി രണ്ട് ചെറിയ താഴികക്കുടങ്ങളുമാണ് ഇതിന്റെ പ്രത്യേകത. മൊസൈക്കുകൊണ്ട് ചിത്രപ്പണിചെയ്ത ചുവരുകളാണ് മറ്റൊരു ആകർഷണം.

ആറാം നൂറ്റാണ്ടിൽ (എ.ഡി 537 ) നിർമ്മിച്ച ഈ കെട്ടിടം കോൺസ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയൻ നിർമ്മിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഇത് നിർമ്മിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രലായിരുന്നു ഹാഗിയ സോഫിയ. 'ചർച്ച് ഓഫ് ദ് ഹോളി വിസ്ഡം' എന്ന് ഇതറിയപ്പെട്ടു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. പിൽക്കാലത്ത് ഈ കെട്ടിടം ഒരു മ്യൂസിയമായി മാറി. 1985 ൽ ഇസ്താംബൂളിലെ ചരിത്രസ്മാരകങ്ങളോടൊപ്പം ഹാഗിയ സോഫിയയെയും യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തി. അങ്ങനെ ചരിത്രപ്രധാന്യമുള്ള കെട്ടിടമാണ് ഇപ്പോൾ പള്ളിയായത്.

രാമായണം സീരിയൽ പോലെ ദിലിറീഷ് എർതൂറൂ

അയോധ്യയും ഹിന്ദുത്വരാഷ്ട്രീയവും തമ്മിലുള്ള അഭേദ്യമായ ബന്ധംപോലെ തന്നെ നിരവധി തവണ പഠനവിഷയമായതാണ് രാമാനന്ദ് സാഗറിന്റെ രാമായണം സീരിയൽ എങ്ങനെ വലതുപക്ഷ രാഷ്ട്രീയത്തിന് വളം ചെയ്യുവെന്നതും. ആശിഷ് നന്ദിയും രാമചന്ദ്രഗുഹയുമൊക്കെ ഇതേക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ദൂരദർശൻ മാത്രമുള്ള ഒരു കാലത്ത് ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ ചെന്നെത്തിയ രാമായണം സീരിയലുകൾ, എങ്ങനെയാണ് ജനങ്ങളുടെ മനസ്സിൽ രാമക്ഷേത്രം എന്ന ചിന്ത അറിയാതെ ഉയർത്തിയതെന്ന് ഈ പഠനങ്ങൾ പറയുന്നുണ്ട്.

സമാനമായ ഒരു ഹിറ്റ് ടെലവിഷൻ പരമ്പരയുടെ ഗുണം എർദോഗാനും കിട്ടി. ദിലിറീഷ് എർതൂറൂൽ എന്ന സീരിയൽ പൊടുന്നനെ രാജ്യത്ത് വൈറൽ ആവുകയായിരുന്നു. ഓട്ടോമാൻ ഖലീഫകളുടെ യുദ്ധങ്ങളെ പ്രകീർത്തിക്കുകയും അമുസ്ലീങ്ങളെ മോശക്കാരായി ചിത്രീകരിക്കുകകയുമാണ് ഈ സീരിയലുകളുടെ കാതൽ. ഇതിന്റെ പേരിൽ ലോകത്ത് പല രാജ്യങ്ങളും ദിലിറീഷ് എർതൂറൂൽ നിരോധിച്ചിട്ടുണ്ട്. പള്ളി ആക്രമിച്ച് കീഴടക്കാൻ ജീവൻ വെടിഞ്ഞവരെയാക്കെ നിരന്തരം കാണിക്കുന്നതും, മറ്റ് മതസ്ഥരെ രാജ്യത്തിന്റെ ഒറ്റുകാരായി ചിത്രീകരിക്കുന്നതും, ജനങ്ങളിൽ ഹാഗിയ പള്ളിയാക്കുന്നത് അനുകൂലമായ മാനസിക തരംഗം സംഷ്ടിച്ചു.

കഴിഞ്ഞ വർഷം മാർച്ചിൽ നടത്തിയ ഒരു പ്രസംഗത്തിൽ എർദോഗാൻ പറഞ്ഞിരുന്നത് ഹാഗിയ സോഫിയ പള്ളിയാക്കുന്നത് അന്താരാഷ്ട്ര തലത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിച്ച് നീങ്ങേണ്ടതുണ്ട് എന്നായിരുന്നു. ഒരു പക്ഷേ ഇതായിരിക്കും എർദോഗാന്റെ ലക്ഷ്യവും. വലിയ തോതിൽ അരക്ഷിത ബോധം നേരിടുന്ന മുസ്ലിം ലോകത്തെ 'സുൽത്താൻ' ആയി മാറൽ.

ഇസ്ലാമോഫോബിയ വർധിപ്പിക്കുന്ന നടപടി

സ്വന്തം നാട്ടിൽ തീവ്രമതവികാരം വളർത്തി ഹീറോ ആയെങ്കിലും ഫലത്തിൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് നാണക്കേടാണ് ഈ തീരുമാനം മൂലം ഉണ്ടായത്. ഇസ്ലാം എന്നത് ഒരു അപകടകരമായ ചിന്താപദ്ധതിയാണെന്നും, അധികാരം കിട്ടിയാൽ പിന്നെ ന്യുനപക്ഷങ്ങളുടെ കാര്യം അവതാളത്തിലാണെന്നുമുള്ള പ്രചാരണത്തിന് ഇതോടെ ബലം കിട്ടും. യൂറോപ്പിലും അമേരിക്കയിലും അടക്കം ശക്തമായി നിലനിൽക്കുന്ന ഇസ്ലാമോഫോബിയക്കും ഇത് ആക്കം കൂട്ടം. പക്ഷേ ഇന്ത്യയിൽ അടക്കം നോക്കുക. ഇസ്ലാമിക മതമൗലിക വാദികൾ ഇതിനെ ന്യായീകരിക്കയാണ്. ബാബറി മസ്ജിദിന്റെ പേരിൽ വലിയ വായിൽ കരയുന്ന കേരളത്തിലെ ഇസ്ാലമിക ഗ്രൂപ്പുകളിൽ ചിലർ പോലും നവമാധ്യമങ്ങളിൽ എർദോഗാനെ ന്യായീകരിക്കയാണ്. വഖഫ് ചെയ്ത് കിട്ടിയതാണ് പള്ളിയെന്നാണ് അവർ പറയുന്നത്. അടിസ്ഥാനപരമായി ക്രിസ്ത്യൻ ദേവാലയമായി തുടങ്ങിയ ഒന്നിനെ യുദ്ധം എന്ന ഏറെ ഗുരുതരവും അസാധാരണവുമായ സാഹചര്യം കൊണ്ട് മാത്രം കൈക്കലാക്കി പള്ളിയാക്കി മാറ്റിയതിനെ 'വഖഫ് ' എന്ന് വിളിക്കുന്നത് വികലമായ വായനയാണ്.

തുർക്കി സർക്കാറിന്റെ നടപടിയിൽ യുനെസ്‌കോ ഖേദം പ്രകടിപ്പിച്ചു. യാതൊരു ചർച്ചയും നടത്താതെയാണ് മ്യൂസിയത്തിന്റെ പദവി എടുത്തുകളഞ്ഞതെന്ന് യുനെസ്‌കോ വ്യക്തമാക്കി. എതിർപ്പുമായി ഗ്രീസും രംഗത്തെത്തി. എർദോഗാൻ തുർക്കിയെ ആറ് നൂറ്റാണ്ട് പിന്നിലേക്ക് നടത്തുകയാണെന്നും പരിഷ്‌കൃത ലോകത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ഗ്രീസ് സാംസ്‌കാരിക മന്ത്രി ലിന മെൻഡോനി പ്രതികരിച്ചു. റഷ്യയും തുർക്കിയുടെ നടപടിയെ വിമർശിച്ചു. തുർക്കിയുടെ നീക്കം വേദനിപ്പിക്കുന്നതാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പയും പ്രതികരിച്ചു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ ഞായറാഴ്ച പ്രസംഗത്തിനിടെയാണ് മാർപ്പാപ്പയുടെ പ്രതികരണം. ജൂലൈ 12 കടലിന്റെ ദിവസമായാണ് ആചരിച്ചത്. സെന്റ് സോഫിയയേക്കുറിച്ചാണ് താൻ ചിന്തിക്കുന്നത്. അതീവ ദുഃഖിതനാണ് താനെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.

ഹാഗിയ സോഫിയയേക്കുറിച്ച് മറ്റൊന്നും പറഞ്ഞില്ലെങ്കിലും തുർക്കി പ്രസിഡന്റ് റെജപ് തയ്യിബ് എർദൊഗാന്റെ തീരുമാനത്തിനോടുള്ള എതിർപ്പ് വ്യക്തമാക്കുന്നതായിരുന്നു പ്രഭാഷണത്തിനിടയിലുള്ള ഈ പരാമർശം. അങ്ങനെ ലോകത്തുനിന്ന് എമ്പാടും വിമർശനവും വരുമ്പോഴും എർദോഗാൻ എന്ന ക്രൂരനായ ഇസ്ലാമിക ഏകാധിപതിക്ക് കുലുക്കമില്ല. കാരണം അയാളുടെ ലക്ഷ്യങ്ങൾ, ലോക മുസ്ലീങ്ങളുടെ ഖലീഫയെന്ന പദവിയാണ്.

ചരിത്രത്തിലെ തെറ്റുതിരുത്തൽ

600ൽപ്പരം വർഷം ഓട്ടോമൻ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു തുർക്കി. മധ്യയൂറോപ്പ് മുതൽ അറേബ്യൻ ഉപദ്വീപുവരെ വ്യാപിച്ചിരുന്ന ഓട്ടോമൻ സാമ്രാജ്യത്തിൽ ഉത്തരാഫ്രിക്കയുടെ വലിയൊരു ഭാഗവും ഉൾപ്പെട്ടിരുന്നു.എന്നാൽ 1923-ൽ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം മുസ്തഫ കമാൽ അതാത്തുർക്കിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ആധുനിക തുർക്കി പഴയ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഒരു ചെറിയ ഭാഗത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. അതിനു ശേഷം കൗൺസിൽ ഓഫ് യൂറോപ്പ്, നാറ്റോ, ഒ.ഇ.സി.ഡി. ഒ.എസ്.സി.ഇ. ജി-20 രാഷ്ട്രങ്ങൾ തുടങ്ങിയ സംഘടനകളിൽ തുർക്കി അതിന്റെ സാന്നിദ്ധ്യമറിയിച്ചു.ഒരു മതാധിഷ്ഠിത രാഷ്ട്രമല്ലെങ്കിലും ഇസ്ലാം മതത്തിനാണ് തുർക്കിയിൽ കൂടുതൽ പ്രചാരം. ജനസംഖ്യയുടെ 8% വരുന്ന കുർദുകൾ പ്രധാന വംശീയ ന്യൂനപക്ഷമാണ്. കടുത്ത കുർദ് വിരോധയായ എർദോഗാൻ പാവപ്പെട്ട പതിനായിരക്കണക്കിന് കുർദുകളെയാണ് കൊന്നൊടുക്കിയത്.

കെമാൽ പാഷയായിരുന്നു ഏകകക്ഷി ജനാധിപത്യത്തിലധിഷ്ടിതമായിരുന്ന തുർക്കി റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. തുർക്കിയുടെ ഇസ്ലാമിക പാരമ്പര്യത്തെ തുടച്ചുമാറ്റിക്കൊണ്ട് ഇദ്ദേഹം നടപ്പിലാക്കിയ ജനാധിപത്യവൽക്കരണം, ദേശീയത, ജനപ്രിയ നയം, പരിവർത്തനവാദം, മതനിരപേക്ഷത, രാഷ്ട്രവാദം തുടങ്ങിയ തത്ത്വങ്ങളായിരുന്നു റിപ്പബ്ലിക്കിന്റെ മൗലികമായ വ്യവസ്ഥിതിക്ക് അടിത്തറയായത്. ഈ തത്ത്വസംഹിത അതാടർക്കിസം (കെമാലിസം) എന്ന പേരിൽ അറിയപ്പെട്ടു. ഈ കെമാൽ തന്നെയാണ് 34ൽ ചരിത്രത്തിന്റെ തെറ്റുതിരുത്തൽ എന്ന് പറഞ്ഞ് ഹാഗിയ സോഫിയയെ മ്യൂസിയമാക്കിയത്.

രാജ്യത്തിനകത്തും പുറത്തും സൗഹൃദം എന്നതായിരുന്നു കെമാലിന്റെ വിദേശനയം പിന്തുടർന്ന് വിദേശരാജ്യങ്ങളുമായി സൗഹൃദത്തിലെത്തിയ തുർക്കി, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടം വരെ നിഷ്പക്ഷമായി തുടർന്നെങ്കിൽ 1945-ൽ സഖ്യകക്ഷികൾക്കൊപ്പം ചേർന്നിരുന്നു. യുദ്ധത്തിനുശേഷം അതിർത്തിപ്രദേശത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സോവിയറ്റ് യൂനിയനുമായുള്ള ബന്ധം വഷളാവുകയും അമേരിക്കൻ ചേരിയിൽ എത്തുകയും ചെയ്തു. ഇതോടെ ജനാധിപത്യസംവിധാനം ഉദാരമാക്കുകയും പ്രതിപക്ഷപാർട്ടികൾക്കുള്ള നിരോധനം നീക്കുകയും ചെയ്തു.

1950 മുതലുള്ള കാലത്ത് കമാലിന്റെ കക്ഷിയായിരുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയെ അധികാരത്തിൽ നിന്നും പുറത്താക്കി, വിവിധ പ്രതിപക്ഷകക്ഷികൾ രാജ്യത്ത് അധികാരത്തിലെത്തി. അമേരിക്കൻ സാമ്പത്തിക സഹായത്തോടെ ത്വരിതഗതിയിലുള്ള സാമ്പത്തികവികസനവും രാജ്യത്ത് നടപ്പിലായി. എന്നാൽ കമാലിസത്തിൽ നിന്നും വ്യതിചലിച്ച് മതസംവിധാനം ഇക്കാലത്ത് ശക്തിപ്പെട്ടു. ഭരണഘടനക്ക് വിരുദ്ധമായ പ്രവണതയാണെന്നാരോപിച്ച് 1960 മുതൽ 1995 വരെയുള്ള കാലത്ത് നാലുവട്ടം പട്ടാളം അധികാരം ഏറ്റെടുത്തു. 1970-കളുടെ അവസാനം തുർക്കിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു. സാമ്പത്തികമാന്ദ്യവും, തൊഴിലില്ലായ്മയും ഉയർന്നതിനൊപ്പം ഇസ്ലാമിക മതമൗലികവാദവും രാഷ്ട്രീയ-വംശീയസംഘടനങ്ങളും മൂലം അരാജകത്വം നടമാടിയ വേളയിലാണ് 1980-ൽ പട്ടാളം മൂന്നാം വട്ടം അധികാരമേറ്റെടുത്തത്. ഇതിനു ശേഷം രാജ്യത്ത് രാഷ്ട്രീയസ്ഥിരത കൈവന്നു. 2002-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് ജസ്റ്റിസ് ആൻഡ് ഡെവലപ്പ്മെന്റ് പാർട്ടി തുർക്കിയിൽ അധികാരത്തിൽ വന്നു. വളരെ വർഷങ്ങൾക്കു ശേഷമുള്ള ഏകകക്ഷിഭരണമായിരുന്നു അത്. അതിന്റെ അധ്യക്ഷനായിരുന്നു എർദോഗാൻ. കലുഷിതമായ സാഹചര്യത്തിൽ ജനം ഏറെ പ്രതീക്ഷയോടെയാണ് എർദോഗാനെ കണ്ടിരുന്നത്. പക്ഷേ സംഭവിച്ചത് മറ്റൊന്നും.

മതേതര രാജ്യത്തിൽനന്ന് ഇസ്ലാമിക രാജ്യത്തിലേക്ക്

പേരിനെങ്കിലും മതേതരത്വം നിലനിൽക്കുന്ന രാജ്യമാണ് തുർക്കി. അവിടെ ഇസ്ലാമിക ദേശീയത കത്തിച്ച് പിടിമുറക്കാനാണ് എർദോഗാന്റെ നീക്കം.

അടിച്ചമർത്തപ്പെട്ട ഈ ഇസ്ലാമിസ്റ്റ് പരീക്ഷണങ്ങളുടെ തുടർച്ചയായിട്ടാണ് എർദോഗാനും അദ്ദേഹത്തിന്റെ ജസ്റ്റിസ് ആൻഡ് ഡവലപ്‌മെന്റ് അഥവാ എ കെ പാർട്ടിയും കടന്നു വരുന്നത്. ആദ്യ ഘട്ടത്തിൽ പ്രതീക്ഷകൾ നൽകുന്നതായിരുന്നു എർദോഗാന്റെ പല നടപടികളും. വ്യക്തിസ്വാതന്ത്രത്തെയും മനുഷ്യാവകാശങ്ങളേയും പറ്റി വാചാലനായി, കുർദ് വിഷയത്തിൽ തന്റെ മുൻഗാമികളെ അപേക്ഷിച്ച് ഭേദപ്പെട്ട നിലപാടെടുത്തു, അത് വരെ അവഗണിക്കപ്പെട്ടവരെ കൂടി പരിഗണിക്കുന്ന ഭരണം കാഴ്ച വെച്ചു. ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തോട് വിമുഖത കാണിച്ചവർ പോലും ഭരണത്തോട് മതിപ്പ് കാണിച്ചു. 2002 ൽ 35 ശതമാനം വോട്ട് കിട്ടിയിരുന്ന പാർട്ടിക്ക് 2007 ൽ 47 ശതമാനവും 2011 ൽ 50 ശതമാനവും വോട്ട് കിട്ടി.

തുടർച്ചയായ ഭരണം എർദോഗാനെ ശരിക്കും എകാധിപതിയാക്കി. സമസ്ത മേഖലകളിലും സ്വന്തക്കാരെ തിരുകിക്കയറ്റി. സമരങ്ങളേയും വിമർശനങ്ങളേയും ധാർഷ്ട്യത്തോടെ പുച്ചിച്ചു തള്ളി. പത്ര സ്വാതന്ത്രത്തിന് കൂച്ചു വിലങ്ങിടാൻ തുടങ്ങി, നിയോ ലിബറൽ നയങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ മൽസരിച്ചു. പരിസ്ഥിതിയെ തകർത്തുള്ള 'മാൾ വികസനം'' ഹിംസാത്മകമായി അടിച്ചേൽപിച്ചു ജനങ്ങളെ ഒന്നടങ്കം ശത്രുപക്ഷത്ത് നിർത്തിയുള്ള ഈ വികസനത്തിനെതിരായ ജന രോഷം അണ പൊട്ടി ഒഴുകി. 2015 ലെ തിരഞ്ഞെടുപ്പിൽ വെറും 40 ശതമാനം വോട്ട് മാത്രം കിട്ടി ഭരണം നില നിർത്തി. അപകടം മണത്തറിഞ്ഞ എർദോഗാൻ സ്വയം തിരുത്തുന്നതിന് പകരം തന്ത്രപരമായ നീക്കങ്ങളിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് നോക്കിയത്.

അർദ്ധ ഫാഷിസ്റ്റ്, തീവ്ര ദേശീയ കക്ഷിയായ ലിസ്റ്റ് പാർട്ടി(MHP) യെ കൂട്ടു പിടിച്ച് തീവ്ര തുർക്കി ദേശീയ കാർഡ് കളത്തിലിറക്കി. കുർദുകൾക്കെതിരായ സൈനിക, രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി, പത്ര മാധ്യമങ്ങളെ വരിഞ്ഞു കെട്ടി. നൂറു കണക്കിന് മാധ്യമ പ്രവർത്തകരെ തടവിലാക്കി, ഡസൻ കണക്കിന് മാധ്യമങ്ങൾക്ക് പൂട്ടിട്ടു, സോഷ്യൽ മീഡിയയെയും ഇന്റർനെറ്റിനെയും കർശനമായി നേരിട്ടു, രാഷ്ട്രീയ എതിരാളികളെയും മനുഷ്യാവകാശ പ്രവർത്തകരേയും ക്രൂരമായി അടിച്ചമർത്തി, 2016 ലെ സൈനിക അട്ടിമറി പിടിവള്ളിയാക്കി സർക്കാർ സംവിധാനം മുഴുവൻ വരുതിയിലാക്കി, ആയിരക്കണക്കിനാളുകളെ പിരിച്ചു വിടുകയോ തടവിലാക്കുകയോ ചെയ്തു.

ഇന്ന് പത്ര സ്വാതന്ത്രത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മോശം ഏകാധിപത്യ നാടുകളുടെ കൂട്ടത്തിലാണ് എർദോഗാന്റെ തുർക്കി. റിപ്പോർട്ടേഴ്സ് ബിയോണ്ട് ബോർഡേഴസിന്റെ കണക്കുപ്രകാരം 180 രാജ്യങ്ങളിൽ 149 ആണ് തുർക്കിയുടെ സ്ഥാനം. ലോകത്താകമാനം തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകരിൽ മൂന്നിലൊന്നും തുർക്കിയിലാണ്.ജുഡീഷ്യറി, സൈന്യം, ബ്യൂറോക്രസി, മാധ്യമരംഗം, എല്ലാം വർഷങ്ങൾ നീണ്ട ശുദ്ധികലശങ്ങൾ വഴി മെരുക്കിയെടുത്തിയിട്ടുണ്ട്.

എല്ലാവിധ എതിർ ശബ്ദങ്ങളേയും അടിച്ചൊതുക്കി മുന്നോട്ട് പോവുന്ന എർദോഗാനിൽ തെളിഞ്ഞ് വരുന്നത് ലക്ഷണമൊത്ത ഒരു ഏകാധിപതിയാണ്. ആയിരക്കണക്കിന് കുർദുകളെയാണ് അയാൾ കൊന്നെടുക്കിയത്. ഐസിസിനെ സിറിയയിൽ നിന്ന് സഖ്യസേന ഓടിക്കുമ്പോഴും എർദോഗാന് താൽപ്പര്യം അവിടുത്തെ കുർദുകളെ കൊന്നെടുക്കാനായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് എർദോഗാൻ 2018ൽ സിറിയയിൽ കയറി കുർദ്ദുകളെ ആക്രമിച്ചത്. ഫലത്തിൽ ഇത് സഹായം ചെയ്തത് ഐസിസിനാണ്. രഹസ്യമായി ഐഎസ് അനുകൂലിയാണെന്നും എർദോഗാനെതിരെ പ്രചാരണം ഉണ്ട്.

ഇന്ത്യയിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് വിലാപം

സ്വന്തം രാജ്യത്ത് കാര്യങ്ങൾ ഇങ്ങനെയാക്കെ ആണെങ്കിലും തരം കിട്ടുമ്പോഴൊക്കെ ലോക മുസ്ലീങ്ങൾക്ക് വേണ്ടി വാദിക്കാനും ഇന്ത്യയെ വരെ അപമാനിക്കാനും എർദോഗാന് മടിയില്ല. ഡൽഹി കലാപ കാലത്ത് മുസ്ലിങ്ങളെ ഡൽഹിയിൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞത്. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെയാണ് ലോകസമാധാനം കൊണ്ടു വരുകയെന്നും എർദോഗാൻ ചോദിച്ചു.

ഇന്ത്യയിൽ മുസ്ലിം കൂട്ടക്കൊല സാധാരണ പോലെയായി. ഡൽഹിയിൽ മുസ്ലിങ്ങളെ അക്രമിച്ച ആൾക്കൂട്ടം സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിക്കാൻ പോയ കുട്ടികളെ പോലും ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തല്ലിച്ചതച്ചെന്നും എർദോഗാൻ പറഞ്ഞു. ഇങ്ങനെയുള്ള ഒരു രാജ്യമാണോ ലോകസമാധാനം കൊണ്ടു വരാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.ജനസംഖ്യ കൂടിയതു കൊണ്ടു മാത്രം ഒരു രാജ്യവും ശക്തമാകില്ല. അതല്ല ഒരു രാജ്യത്തിന്റെ ശക്തിയെ നിർണയിക്കുന്നതെന്നും എർദോഗാൻ പറഞ്ഞു.

എർദോഗന്റെ ലക്ഷ്യം ലോക മുസ്ലിം നേതൃത്വം

ഇസ്ലാമിന്റെ ആഗോള പേരാളിയായി ചിത്രീകരിക്കപ്പെട്ട് ആഗോളതലത്തിലെ ഖലീഫയെന്ന അനൗദ്യോഗിക പദവി നേടിയെടുക്കാനാണ് എർദോഗാന്റെ ശ്രമം എന്നാണ് രാജ്യന്തര മാധ്യമങ്ങൾ വിമർശിക്കുന്നത്. നേരത്തെ സൗദിക്കായിരുന്നു മുസ്ലിം ലോകത്തിന്റെ' നേതൃസ്ഥാനം. എന്നാൽ ഇന്ന് ആ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണ്. സൗദിയുടെ വഹാബിസം ഇസ്ലാമിക ലോകത്ത് എടുക്കാച്ചരക്കായി മാറി. മുഹമ്മദ് ബിൻ സൽമാനാണെങ്കിൽ പരമ്പരാഗത അധികാര സമവാക്യം പൊളിച്ചെറിഞ്ഞു. വഹാബിസം മാത്രമല്ല, അൽ സഊദ് രാജ കുടുംബം തന്നെ ഇന്ന് അപ്രസക്തമാണ്. പ്രമുഖർ പലരും ജയിലിലോ പൂർണമായും ഒതുക്കപ്പെട്ട അവസ്ഥയിലോ ആണ്. സൗദിയുടെ വിദേശ കടം കഴിഞ്ഞ 5 വർഷത്തിനിടക്ക് 15 ഇരട്ടി കൂടിയപ്പോൾ ഇതേ കാലയളവിൽ കരുതൽ നാണ്യ ശേഖരത്തിൽ മൂന്നിലൊരു ഭാഗം കുറഞ്ഞു.ഈ സാഹചര്യത്തിൽ മക്ക, മദീന സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം 'ആഗോള മുസ്ലിം നേതൃ' സ്ഥാനത്ത് തുടരാനാവില്ല. മരുഭൂമിയിൽ യൂറോപ്പിനെ സ്വപ്നം കാണുന്ന മുഹമ്മദ് ബിൻ സൽമാന് അതിൽ വലിയ താൽപര്യവുമില്ല.

ഈ അവസ്ഥയിൽ ലോക മുസ്ലീങ്ങളുടെ നേതാവ് ആരായിരിക്കണം. അതിനുള്ള കളികളാണ് എർദോഗാൻ നടത്തുന്നതെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പറയുന്നത്. അതോടെ ലോകമെമ്പാടുമുള്ള ഇസ്ലാമിക സംഘടനകളുടെ ഫണ്ടിങ്ങും അങ്ങോട്ടാവും. മാത്രമല്ല അതോടെ തീവ്രവാദ സംഘടനകൾ പുനർജ്ജനിക്കാനും ഇടയുണ്ടെന്നും ലോകം കരുതുന്നു.

പക്ഷേ ഒന്നോർക്കണം, തുർക്കിയിലും ഒരു പുതിയ തലമുറ വളർന്നുവരുന്നുണ്ട്. ഹാഗിയ സോഫിയ മ്യൂസിയം പള്ളി ആക്കി മാറ്റാനുള്ള തീരുമാനം വരുന്നതിന് തൊട്ട് മുമ്പ് 'മെട്രോ പോൾ' തുർക്കിയിൽ നടത്തിയ അഭിപ്രായ സർവേ വ്യാപകമായി ഉദ്ധരിക്കപ്പെട്ടിരുന്നു. ഇതിൽ 44 % പേരും അഭിപ്രായപ്പെട്ടത് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള നീക്കമാണെന്നായിരുന്നു. 12% പേർ ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമായും വിലയിരുത്തി. വെറും 29. 5 % പേർ മാത്രമാണ് പള്ളി തിരിച്ച് പിടിക്കാനുള്ള മതപരമായ നീക്കമായി ഇതിനെ കണ്ടത്. അതായത് എർദോഗാന്റെ രാഷ്ട്രീയ തന്ത്രം തിരിച്ചറിയപ്പെടുന്നുണ്ടെന്നതാണ്. അതുമാത്രമാണ് ലോകത്തിന്റെ ആശ്വാസവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP