തൃക്കരിപ്പൂരിലെ നേതാവ് മഞ്ചേശ്വരത്ത് കെട്ടിയിറക്കപ്പെട്ടത് കുഞ്ഞാലിക്കുട്ടിയുടെ ബലത്തിൽ; ലീഗിന്റെ മികച്ച ഫണ്ട് റെയ്സർ; ആറുകോടിയുടെ വഖഫ് ഭൂമി 30 ലക്ഷത്തിന് അടിച്ചുമാറ്റിയെന്ന് ആദ്യ ആരോപണം; കോളേജിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്നും പരാതി; ഹലാൽ വരുമാനം നൽകാമെന്ന പേരിൽ 150 കോടിയുടെ ജൂവലറി തട്ടിപ്പിൽ അറസ്റ്റിലായ ലീഗ് എംഎൽഎ എം.സി ഖമറുദ്ദീന്റെ കഥ

എം മാധവദാസ്
'പൊന്നുപീടികയുടെ സഞ്ചിയൊക്കെയായിട്ടാണല്ലോ വരവ്...!' വർഷങ്ങൾക്ക് മുമ്പ്, മുൻ മന്ത്രി ചെർക്കളം അബ്ദുല്ല മുസ്ലിംലീഗ് സംസ്ഥാന നേതാവിന്റെ മുഖത്ത് നോക്കി അന്ന് കാച്ചിയ ആ ഡയലോഗിനാണിപ്പോൾ 916 തിളക്കം. കാസർക്കോട് ഗസ്റ്റ്ഹൗസായിരുന്നു വേദി. പാർട്ടി കൈക്കൊള്ളേണ്ട സുപ്രധാന തീരുമാനങ്ങളുടെ ഭാഗമായി വിളിച്ചുചേർത്ത നേതൃ യോഗം അവിടെയാണ് ചേരുന്നത്. ചെർക്കളം മുസ്ലിം ലീഗ് കാസർക്കോട് ജില്ല പ്രസിഡണ്ടാണ്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ വേഗം കുറഞ്ഞുപോയ അശ്വം. ജില്ല പ്രസിഡണ്ട് ഇരിക്കുന്നിടത്തേക്ക് അന്നത്തെ ജില്ല ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദീന്റെ അകമ്പടിയോടെ സംസ്ഥാന നേതാവ് അടുത്തപ്പോഴായിരുന്നു ആ ഡയലോഗ്. ഫാഷൻ ഗോൾഡ് ഇന്റർനാഷനൽ ജൂവലറിയുടെ ബാഗായിരുന്നു നേതാവിന്റെ കക്ഷത്തുണ്ടായിരുന്നത്. യു.ഡി.എഫ് അധികാരത്തിലിരിക്കെ സംസ്ഥാന നേതാവിന്റെ സഞ്ചാരപഥം താൻ കൂടി മുൻകൂട്ടി അറിയണമെന്ന പാർട്ടി പ്രൊട്ടകോൾ ലംഘിച്ചതിനെതിരെ വ്യംഗ്യമായി പ്രതികരിക്കുകയായിരുന്നു ജില്ലാ പ്രസിഡണ്ട്.ഇന്ന് ജൂവലറി ചെയർമാൻ ഖമറുദ്ദീൻ അറസ്റ്റിലായി നിൽക്കവേ ചെർക്കളം പറഞ്ഞ ആ വാക്കുകൾ കാസർകോട്ടെ ലീഗുകാർ ഓർക്കുന്നുണ്ട്.
ചെറുവത്തൂരിലെ ഒരു പൊന്നുപീടിക ഒരു പ്രദേശത്തെ മൊത്തം തകർത്തിരിക്കയാണ്. ഒന്നും രണ്ടുമല്ല നൂറ്റമ്പത് കോടിയാണ് വെള്ളത്തിലായത്. ഒപ്പം എം സി ഖമറുദ്ദീൻ അടക്കമുള്ള ലീഗ് നേതാക്കൾക്കെതിരെ നൂറോളം കേസുകളും. സാമ്പത്തിക തട്ടിപ്പുകേസിൽ ഒരു എംഎൽഎ അറസ്റ്റിലാവുന്നതും കേരളത്തിൽ ആദ്യം. അലാവുദ്ദീന്റെ അത്ഭുദവിളക്ക് കിട്ടിയതെന്നപോലുള്ള അതിശയകരമായ വളർച്ച. അതുപോല തിരിച്ചടിയും. മഞ്ചേശ്വരം എംഎൽഎയുമായ എംസി ഖമറുദ്ദീന്റെ വളർച്ചയും വീഴചയും സമാനതകൾ ഇല്ലാത്തതാണ്.
തൃക്കരിപ്പൂരിലെ നേതാവിനെ എന്തിന് മഞ്ചേശ്വരത്ത് കെട്ടിയിറക്കി?
സത്യത്തിൽ മുസ്ലീലീഗിൽ അത്ര ജനപ്രിയനായ നേതാവ് ഒന്നുമായിരുന്നില്ല ഖമറുദ്ദീൻ. തൃക്കരിപ്പൂരിലെ എ.പി. മുഹമ്മദ് കുഞ്ഞിയുടെ മകൻ എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. 1978 ൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്ന് പ്രീഡിഗ്രി വിദ്യഭ്യാസം പൂർത്തിയാക്കിയ ഖമറുദ്ദീൻ യൂത്ത് ലീഗിലൂടെ വളർന്നു. പക്ഷേ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ പല കഴിവുള്ള നേതാക്കളെയും വെട്ടിയോതുക്കി എംഎൽഎ ആകാൻ എന്തായിരുന്നു പരിഗണ എന്നാണ് ഇപ്പോൾ ലീഗുകാർ പോലും ചോദിക്കുന്നത്.
മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിന്റെ സമയത്ത് പാണക്കാട് കൊടപ്പനക്കൽ തറവാട് മുറ്റത്ത് ഉയർന്ന മുദ്രാവാക്യം കാസർകോട്ടുകാരുടെ മനസ്സിലുണ്ട്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ എ.കെ.എം അഷറഫിന്റെ സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയായിരുന്നു നാട് ഒന്നടങ്കം നിന്നത്. അതിർത്തി മണ്ഡലത്തിലെ ദേശ, ഭാഷ, ദിശ, സംസ്കാരങ്ങളൊക്കെ ബോധ്യത്തോടെ അറിയുന്ന യുവജന നേതാവ് ഉണ്ടായിട്ടും, കാസർക്കോട് ജില്ലയുടെ തെക്കേ അറ്റത്ത് തൃക്കരിപ്പൂർ മണ്ഡലത്തിലെ പടന്നക്കാരനായ ഖമറുദ്ദീനെ എന്തിന് കെട്ടിയിറക്കണം എന്നായിരുന്നു പ്രതിഷേധക്കാർ ഉയർത്തിയ മണ്ണിന്റെ മണമുള്ള ചോദ്യം. പക്ഷേ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കൈയിലായിരുന്നു പിന്നീട് കടിഞ്ഞാൺ. ഖമറുദ്ദീനെ സ്ഥാനാർത്ഥിയാക്കുക എന്ന അജണ്ട മഞ്ചേശ്വരത്തെ പാർട്ടിക്കാരെ ജില്ലാ നേതൃത്വത്തിൽ ചിലരുടെ സഹായത്തോടെ മയക്കി അദ്ദേഹം നടപ്പാക്കി.
ഉപതെരഞ്ഞെടുപ്പ് പ്രചാരണച്ചുമതലയും വഹിച്ചു. ജൂവലറി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അപ്പോൾ മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ടായിരുന്ന സ്ഥാനാർത്ഥി ഖമറുദ്ദീനല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. എന്നും പാർട്ടിയുടെ ഫണ്ട് റെയ്സർ എന്ന പദവിയാണ് ഖമുറദ്ദീനെ തുണച്ചത്. കുഞ്ഞാലിക്കുട്ടിയുമായി അടുത്തതും അങ്ങനെതന്നെ. നാട്ടിലെ എല്ലാ ബിസിനസുകാർക്കും പ്രിയപ്പെട്ടവനായിരുന്നു ഖമറുദ്ദീൻ. പ്രാദേശികമായി വേരുകൾ ഇല്ലാഞ്ഞിട്ടും അദ്ദേഹത്തെ പിടിച്ചുയർത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. അതുകൊണ്ട് ഫലത്തിൽ ഖമറുദ്ദീന് എതിരായ നീക്കം കുഞ്ഞാലിക്കുട്ടിക്ക് എതിരായ നീക്കം കൂടിയാവുയാണ്.
ആറുകോടിയുടെ വഖഫ് ഭൂമി അടിച്ചു മാറ്റിയത് 30 ലക്ഷത്തിന്
മഞ്ചേശ്വരം എംഎൽഎയായിരുന്ന മുസ്ലിം ലീഗിലെ പിബി അബ്ദുൽ റസാഖ് മരണപ്പെട്ടതോടെ 2019 ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എംസി ഖമറുദ്ദീൻ എംഎൽഎ ആയി നിയമസഭയിലെത്തുന്നത്. എംഎൽഎ ആയി ഒരു വർഷം പൂർത്തിയാകുന്നതിന് മുന്നെ അദ്ദേഹത്തിനെതിരെ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിൽ ആരോപണം ഉയർന്നു. ട്രസ്റ്റ് ചെയർമാൻ കൂടിയായ ഖമറുദ്ദീൻ, മാനേജിങ് ഡയറക്ടറായ ടി.കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെ അന്ന് പൊലീസ് കേസടുത്തിരുന്നു.
ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി എം എൽഎയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജ് തട്ടിയെടുത്തു എന്നായിരുന്ന പരാതി. സംഭവം വിവാദമായതോടെ ഭൂമി തിരികെ നൽകി പ്രശ്നം ഒത്തുതീർന്നിരുന്നെങ്കിലും വഖഫ് ബോർഡ് അന്വേഷണം നടത്തുന്നുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കാസർകോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ്യ ഇസ്ലാമിയ എന്ന സംഘടന തൃക്കരിപ്പൂരിലെ സ്കൂൾ കെട്ടിടമടക്കം രണ്ട് ഏക്കറോളം ഭൂമി എം.സി കമറുദ്ദീൻ എംഎൽഎ ചെയർമാനും മുസ്ലിം ലീഗ് നേതാക്കൾ ഭാരവാഹികളുമായ ട്രസ്റ്റിന് വിറ്റിരുന്നു. ആറുകോടി വിലമതിക്കുന്ന ഭൂമി മുപ്പത് ലക്ഷത്തിനാണ് എംഎൽഎ യും സംഘവും കോവിഡിനെ മറയാക്കി രഹസ്യ രജിസ്ട്രേഷനിലൂടെ കൈക്കലാക്കിയത്.
ഭൂമി കൈമാറ്റത്തിനെതിരെ പരാതി നൽകിയത് സമസ്തയുടെ യുവജന സംഘടനയായ എസ്കെഎസ്എസ് എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറിയും സമസ്ത ജില്ലാ മുശാവറ അംഗവും ജാമിയ ഇസ്ലാമിയ വൈസ് പ്രസിഡന്റുമായ താജുദ്ദീൻ ദാരിമിയും അഡ്വ ഷൂക്കൂറുമാണ്. പ്രശ്നം സമുദായത്തെയാകെ നാണക്കേടിലാക്കിയെങ്കിലും ലീഗിന്റെ സമ്മർദത്തിന് വഴങ്ങി സമസ്തയും ആദ്യഘട്ടത്തിൽ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അതിനിടെ ഈ ഭൂമി വഖഫ് ഭൂമിയാണെന്നും ഫെബ്രുവരി 26 ന് നടന്ന കൈമാറ്റം നിയമവിരുദ്ധമാണെന്നും ബോർഡിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് കോഴിക്കോട് ചേളാരിയിൽ നടന്ന സമസ്ത മുശാവറ യോഗത്തിൽ ഭൂമി തിരിച്ചു നൽകുമെന്ന് എംഎൽഎ ചെയർമാനായ ട്രസ്റ്റ് സമസ്തയെ അറിയിച്ചു.എം സി ഖമറുദ്ദീൻ എംഎൽഎ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ ട്രഷറുമായ ആറ് മുസ്ലിംലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള കോളേജ് ട്രസ്റ്റിന്റെ പേരിലാണ് ചുളുവിലക്ക് ഈ ഭൂമി രജിസ്റ്റർ ചെയ്തെടുത്തത്. ഏഴ് വർഷമായി പ്രവർത്തിക്കുന്ന കോളേജ്ട്രസ്റ്റിന്റെ പേരിൽ മൂന്ന് കോടിയോളം ഓഹരി പിരിച്ചതായും പുറത്ത് വന്നിട്ടുണ്ട്. വൻതുക നൽകിയവർ പങ്കുവച്ച വിവരങ്ങളുടെ ശബ്ദരേഖ പരാതി നൽകിയവരുടെ കൈവശമുണ്ട്.
കോവിഡിന്റെ മറവിൽ ഫെബ്രുവരി 20ന് യോഗം ചേർന്നതായും ഭൂമി കൈമാറാൻ എംസി യുടെ സ്വർണക്കട പാട്ണറായ പൂക്കോയ തങ്ങൾക്ക് ചുമതല നൽകിയതായും രേഖയുണ്ടാക്കി. ജാമിയയുടെ ഒരു ഭാരവാഹിയായ ഒ ടി അഹമ്മദ് ഹാജിയുടെ തൃക്കരിപ്പൂർ എട്ടാം വാർഡിലെ വീട്ടിൽ വച്ചായിരുന്നു രഹസ്യമായി രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. ജനറൽ ബോഡി ചേരുകയോ മറ്റ് കമ്മിറ്റി ഭാരവാഹികളുടെ അറിവോ ഇല്ലാതെയായിരുന്നു കൈമാറ്റം.
കോളേജിന്റെ പേരിലും ആക്ഷേപം
എം.സി. കമറുദ്ദീനും മറ്റ് ചില ലീഗ് നേതാക്കളും ചേർന്ന് തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജിന് ആവശ്യമായ അനുമതി വാഗ്ദാനം ചെയ്ത് 85 പേരിൽ നിന്ന് 5 ലക്ഷം വീതം പിരിച്ചെടുത്ത പരാതിയും നിലനിൽക്കുന്നുണ്ട്. പക്ഷേ ഇന്നുവരെ കോളേജിന് കണ്ണൂർ സർവകലാശാലയിൽ നിന്ന് അഫിലിയേഷൻ ലഭിച്ചിട്ടില്ലെന്നാണ് പരാതി. 2013ൽ ആരംഭിച്ച തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനങ്ങളാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. കോളേജ് പ്രവർത്തിക്കുന്നത് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത വാടക കെട്ടിടത്തിലാണെന്ന് കണ്ടെത്തിയതോടെ അഫിലിയേഷൻ യൂണിവേഴ്സിറ്റി റദ്ദാക്കിയിരുന്നു. കോടതിയിൽ നിന്ന് ആറ് മാസം സമയം അനവദിക്കുകയും അതിനുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി പുതിയ കെട്ടിടത്തിലേക്ക് മാറണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി അനുവദിച്ച സമയം അവസാനിക്കാറായിട്ടും പുതിയ കെട്ടിടത്തിലേക്ക് കോളേജിന്റെ പ്രവർത്തനം മാറാത്തതും വിവാദമായിരുന്നു.
അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും നിലവിലെ തിരൂരങ്ങാടി എംഎൽഎയുമായ പികെ അബ്ദുറബ്ബ് നേരിട്ട് ഇടപെട്ടാണ് കോളേജിന്റെ അഫിലിയേഷനും മറ്റു അനുമതികളും നേടിക്കൊടുത്തത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കോളേജിന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ലഭിച്ചത് എന്ന് അന്നു തന്നെ ആക്ഷേപം ഉയർന്നിരുന്നു. വ്യാപാര ആവശ്യങ്ങൾക്കായി തൃക്കരിപ്പൂർ വാൾവക്കാട് നിർമ്മിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കഴിഞ്ഞ ഏഴ് വർഷമായി കോളേജ് പ്രവർത്തിക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് കോളേജിന്റെ പ്രവർത്തനം. സർവ്വകലാശാലയെ കബളിപ്പിച്ചുകൊണ്ടാണ് കോളേജ് കഴിഞ്ഞ വർഷം അഫിലിയേഷൻ പുതുക്കിയത്.
ഇതിനായി കാസർകോട് ആയിറ്റിയിലെ ഒരു സ്വകാര്യ സ്കൂളിന്റെ കെട്ടിടത്തിന്റെ രേഖകളാണ് കോളേജ് യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചത്. ഈ വർഷം വഖഫ് ഭൂമിയുടെ രേഖകൾ കാണിച്ച് അഫിലിയേഷൻ നേടിയെടുക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് വഖഫ് ഭൂമി തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നത്. ഇതോടെ നേരത്തെ കോളേജിന് നൽകിയ അംഗീകാരം യൂണിവേഴ്സിറ്റി റദ്ദാക്കുകയായിരുന്നു. തുടർന്ന് കോളേജ് ഹൈക്കോടതിയെ സമീപിക്കുകയും പുതിയ കെട്ടിടത്തിലേക്ക് മാറാൻ ആറ് മാസം സമയം അുവദിക്കുകയും അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാൻ അനുമതി നൽകുകയുമായിരുന്നു.എന്നാൽ കോടതി അനുവദിച്ച സമയം കഴിഞ്ഞെങ്കിലും ഇതുവരെ പുതിയ കെട്ടിടത്തിലേക്ക് കോളേജിന്റെ പ്രവർത്തനം മാറിയിട്ടില്ല. ഇതോടെ നിലവിൽ ഇവിടെ പഠിക്കുന്ന നാനൂറിലധികം വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലായിരിക്കുകയാണ്. ലക്ഷങ്ങൾ ഡൊണേഷൻ നൽകിയാണ് വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുള്ളത്. വിദ്യാർത്ഥികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും നിലവിൽ കോളേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇല്ല. മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീനാണ് കോളേജിന്റെ ചെയർമാൻ. ഇതിന് പിന്നാലെയാണ് നാടിനെ പിടിച്ചു കുലുക്കിയ ജൂവലറി തട്ടിപ്പ് വരുന്നത്.
പ്രതിയാവുന്നത് 109 വഞ്ചനാകേസുകളിൽ
ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് ഖമറുദ്ദീൻ. എന്നാൽ ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ മാത്രമാണ് ഇപ്പോൾ ഖമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പ്രധാന പരാതിക്കാരെല്ലാം ലീഗ് പ്രവർത്തകരും അനുഭാവികളുമാണ്. കേസിൽ പ്രതിയായ പൂക്കോയ തങ്ങൾ ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവാണ്. ഖമറുദ്ദീനേയും പൂക്കോയ തങ്ങളേയും മുന്നിൽ കണ്ടും ഇവരുടെ വാക്കുകൾ വിശ്വസിച്ചുമാണ് നിരവധി സാധാരണക്കാർ ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ചത്. പ്രശ്നം ഒത്തുതീർപ്പാക്കാൻ ലീഗ് നേരിട്ട് നടത്തിയ മധ്യസ്ഥത ശ്രമങ്ങൾ പരാജയപ്പെട്ടിട്ടു പോലും നിരവധി പേർ ഇതുവരെ പരാതി നൽകാതെ മാറി നിന്നിരുന്നു. ഖമറുദ്ദീന്റെ അറസ്റ്റോടെ ഇവരും ഇനി പരാതിയുമായി പൊലീസിൽ എത്താനാണ് സാധ്യത. പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകി കേസുകൾ ഒത്തുതീർപ്പാക്കുും എന്നായിരുന്നു എംഎൽയുടെ നിലപാട്. ഈ വാക്ക് വിശ്വസിച്ച് ലീഗ് നേതൃത്വവും പ്രശ്നത്തിൽ തണുത്ത സമീപനമാണ് സ്വീകരിച്ചത്. എന്നാൽ കൂടുതൽ പേർ പരാതികളുമായി രംഗത്തു വരികയും ഇപ്പോൾ അറസ്റ്റിലാവുകയും ചെയ്തോതോടെ ലീഗ് നേതാക്കൾ വെട്ടിലായിരിക്കുകയാണ്.
ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിലെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ ലീഗ് നിയോഗിച്ച മധ്യസ്ഥൻ കല്ലട്ര മാഹിൻ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജൂവലറി എംഡി പൂക്കോയ തങ്ങളേയും ഒൻപതു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജൂവലറിയുടെ നിലവിലെ ആസ്തികൾ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. എണ്ണൂറോളം പേരിൽനിന്നായി 150 കോടി രൂപയാണ് കാസർകോട് ജില്ലയിലെ ലീഗ് നേതാക്കൾ ജൂവലറിയുടെ മറവിൽ തട്ടിയെടുത്തത്. 96 കോടി രൂപ നിക്ഷേപമായും 50 കോടിയിലധികം രൂപ സ്വർണ സ്കീമുകളിലൂടെയും വാങ്ങി. ജൂവലറി പൂട്ടിയപ്പോൾതന്നെ ഖമറുദ്ദീൻ ആസ്തികൾ വിറ്റു. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തതിനാൽ ബാക്കി ആസ്തികൾ ഡയറക്ടർമാർക്കോ മധ്യസ്ഥനോ വിൽക്കാനാവില്ല. കമ്പനി രേഖയിലെവിടെയും പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചതായും കാണിച്ചിട്ടില്ല. എന്നിട്ടും നിക്ഷേപകരുടെ കണ്ണിൽ പൊടിയിടാനാണ് ഖമറുദ്ദീനും ലീഗ് നേതൃത്വവും ഇതുവരെ ശ്രമിച്ചത്. അത് അറിയാതെ നേതൃത്വത്തെ വിശ്വസിച്ച് പൊലീസിൽ പരാതിപ്പെടാതെ കാത്തിരിക്കുകയായിരുന്നു ഭൂരിപക്ഷം നിക്ഷേപകരും. പിന്നീടാണ് അവർ പരാതിയുമായെത്തിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം തിരികെ നൽകിയിരുന്നിമില്ല. നിക്ഷേപകർ നേരത്തെ തന്നെ ജില്ല പൊലീസ് മേധാവിക്ക് പരാതിയ നൽകിയിരുന്നെങ്കിലും അന്വേഷണം നടക്കുകയോ കേസെടുക്കാൻ ഉത്തരവിടുകയോ ചെയ്തിരുന്നില്ല. പിന്നീട് കൂടുതൽ പേർ പരാതികളുമായി വന്നതോടെയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളതും ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയതും. എണ്ണൂറിലധികം നിക്ഷേപകരാണ് ഫാഷൻഗോൾഡിൽ പണം നിക്ഷേപിച്ചിരുന്നത്. ഇവരെല്ലാം ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. 78 ലക്ഷം രൂപ മുതൽ 1 ലക്ഷം രൂപയും 15 പവൻ സ്വർണ്ണവും വരെ നിക്ഷേപിച്ചവരുണ്ട്. ജൂവലറി പ്രവർത്തിച്ചിരുന്ന കാസർക്കോട്ടേയും പയ്യന്നൂരിലേയും ഭൂമിയും കെട്ടിടവും ബംഗളുരുവിലെ ആസ്തിയും ചെയർമാനും സംഘവും നേരത്തെ വിൽപന നടത്തിയിരുന്നു. ഇത് നിക്ഷേപകരെ അറിയിച്ചിരുന്നില്ല എന്നും ആക്ഷേപമുണ്ട്. കാടങ്കോട്ടെ അബ്ദുൾ ഷുക്കൂർ(30 ലക്ഷം) എംടിപി സുഹറ (15 പവനും, ഒരു ലക്ഷവും), വലിയപറമ്പിലെ ഇ.കെ ആരിഫ (മൂന്ന് ലക്ഷം) എന്നിവരുടെ പരാതികളിലാണ് ഇപ്പോൾ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ കാഞ്ഞങ്ങാട്ടെ സി ഖാലിദ്(78 ലക്ഷം), മദ്രസ അദ്ധ്യാപകനായ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ (35 ലക്ഷം), തളിപ്പറമ്പിലെ എം ടി പി അബ്ദുൾ ബാഷിർ (അഞ്ച് ലക്ഷം),പടന്ന വടക്കെപ്പുറം വാടക വീട്ടിൽ താമസിക്കുന്ന തളിപ്പറമ്പിലെ എൻ പി നസീമ (എട്ട് ലക്ഷം) ആയിറ്റിയിലെ കെ കെ സൈനുദ്ദീൻ( 15 ലക്ഷം) എന്നിവരും പരാതികൾ നൽകിയിട്ടുണ്ട്.
ഇത് ഒരു ഹലാൽ തട്ടിപ്പ്
.എംസി ഖമറുദ്ദീന്റെ ജൂവലറി നിക്ഷേപ തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും സാധാരണക്കാർരാണ്. ഹലാലായ മാർഗ്ഗത്തിലൂടെയുള്ള വരുമാനമെന്ന് പറഞ്ഞും നിക്ഷേപകരെ പറ്റിച്ചു. മലബാറിലെ ഇസ്ലാമത വിശ്വാസികളെ പെട്ടെന്ന് കുഴിൽ ചാടിക്കാനുള്ള ഒരു അടവാണ് ഹലാൽ ബിസിനസ് എന്നത്്. പലിശയോടും മറ്റും മതപരമായ വിലക്കുള്ളതിനാൽ അവർ ഈ ചൂണ്ടയിൽ എളുപ്പം കൊത്തും. അതുകൊണ്ടുതന്നെ സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളുടെയും മുഖം കാണിച്ചാണ് തട്ടിപ്പുകാർ മുതലെടുക്കുക. ഇവിടെയു സംഭവിച്ചത് അതാണ്.
തട്ടിപ്പിന് ഇരയായവരിൽ മഹാഭൂരിഭാഗവും പ്രവാസികളും സാധാരണക്കാരായ വീട്ടമ്മമാരുമാണ്. എല്ലാവരും പണം നിക്ഷേപിച്ചതാകട്ടെ എംഎൽഎയും പൂക്കോയ തങ്ങളുമാണ് കമ്പനിയുടെ നേതാക്കൾ എന്ന് വിശ്വസിച്ചാണ്. ഹലാലയ മാർഗ്ഗത്തിലൂടെയുള്ള വരുമാനമാണ് ലഭിക്കുന്നത് എന്ന് പറഞ്ഞാണ് മദ്രസ അദ്ധ്യാപകരായ നിക്ഷേപകരെ പോലും ഇവർ വലവീശിപ്പിടിച്ചത്. വിവാഹമോചന സമയത്ത് ജീവനാംശം ലഭിച്ച തുകയും മകന്റെ മരണശേഷം ലഭിച്ച ഇൻഷൂറൻസ് തുകയും നിക്ഷേപിച്ചവരുമുണ്ട്.
നീലേശ്വരം കരുവാച്ചേരി സ്വദേശിനി എൻപി നസീമ ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ എന്ന എംസി ഖമറുദ്ദീൻ എംഎൽഎ ചെയർമാനായ കമ്പനിയിൽ നിക്ഷേപിച്ചത് 8 ലക്ഷം രൂപയാണ്. വിവാഹമോചന സമയത്ത് ഭർത്താവിൽ നിന്ന് ജീവനാംശമായി കോടതി വാങ്ങി നൽകിയ തുകയാണ് ഇവർ നിക്ഷേപം നടത്തിയത്. വർഷങ്ങളായി വാടക വീട്ടിൽ രണ്ട് മക്കളുമായി ജീവിക്കുന്ന ഇവർ ഒരു സ്ഥിരം വരുമാനമാകുമല്ലോ എന്ന് കരുതിയാണ് ഈ പണം നിക്ഷേപിച്ചത്. വരുമാനം നിലച്ചതോടെ മക്കളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. വാടക കുടിശ്ശികയായതിനാൽ വീടൊഴിഞ്ഞുകൊടുക്കാൻ കെട്ടിടം ഉടമ നിർബന്ധിക്കുന്നുണ്ട്. പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ പലപ്പോഴും കൊണ്ടുവരുന്ന പലചരക്ക് സാധനങ്ങൾ മാത്രമാണ് ഇപ്പോഴുള്ള ഏക ആശ്രയം. ഏഴിലും ഒമ്പതിലും പഠിക്കുന്ന രണ്ട് പെൺമക്കളുമായി തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഖമറുദ്ദീൻ എംഎൽഎയെയും പൂക്കോയ തങ്ങളെയും പല തവണ പണത്തിന് വേണ്ടി സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. മക്കളുടെ വിദ്യാഭ്യാസത്തിനും മുന്നോട്ടുള്ള ജീവിതത്തിനും സഹായകമാകുമെന്ന് കരുതിയാണ് ആകെയുണ്ടായിരുന്ന പണം നിക്ഷേപം നടത്തിയത്. അത് നഷ്ടമായതോടെ ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നുള്ള സംശയത്തിലാണ് പടന്ന വടക്കേപ്പുറത്ത് വാടക വീട്ടിൽ താമസിക്കുന്ന എൻപി നസീമ.
2015ലാണ് കാഞ്ഞങ്ങാട് ഇട്ടമ്മലിൽ ഫിറോസ്ഖാന്റെ മകൻ മുഹമ്മദ് ഫമീസ് വാഹനാപകടത്തിൽ മരണപ്പെടുന്നത്. മകന്റെ മരണത്തിന് ശേഷം ഇൻഷൂറൻസ് കമ്പനിയിൽ നിന്ന് ലഭിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ച തുകയുമാണ് ഫിറോസ്ഖാൻ എംസി ഖമറുദ്ദീന്റെ വാക്ക് വിശ്വസിച്ച് ഫാഷൻഗോൾഡ് ഇന്റർ നാഷണിൽ നിക്ഷേപിച്ചത്. മകന്റെ പേരിൽ ലഭിച്ച പണം അന്യാധീനപ്പെട്ടു പോകരുതല്ലോ എന്ന് കരുതിയാണ് നിക്ഷേപിച്ചത്. മാത്രവുമല്ല വാർധക്യത്തിൽ മകന്റെ പേരിൽ ചെറിയ വരുമാനവും ലഭിക്കുമല്ലോ എന്ന് ഫിറോസ് ഖാൻ ആശിച്ചു. പൂക്കോയ തങ്ങളും എംസി ഖമറുദ്ദീനുമാണ് നിക്ഷേപത്തിനായി ഫിറോസ്ഖാനെ സമീപിച്ചിരുന്നത്. മകന്റെ പരിൽ ഒരു മാസവരുമാനം നല്ലതല്ലേ എന്ന് അവർ പറഞ്ഞതുകൊണ്ടാണ് നിക്ഷേപം നടത്തിയത്. പെയിന്റിങ് തൊഴിലാളിയാണ് ഫിറോസ്ഖാൻ. ജോലിക്കിടയിൽ സംഭവിച്ച വിഴ്ച കാരണം ഇപ്പോൾ നടുവേദനയുണ്ട്. അതു കൊണ്ട് തന്നെ പഴയപോലെ പണിയെടുക്കാൻ ഫിറോസ്ഖാന്റെ ആരോഗ്യം അനുവദിക്കുന്നില്ല. ഇതെല്ലാം മുന്നിൽ കണ്ടാണ് മകന്റെ പേരിൽ ലഭിച്ച പണം നിക്ഷേപിച്ചത്. മകൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇത്തരം ഘട്ടങ്ങളിൽ അവൻ തങ്ങൾക്ക് ആശ്രയമാകുമായിരുന്നെന്നും ഫിറോസ് ഖാൻ കണ്ണീരോടെ പറയുന്നു. പണത്തിന് വേണ്ടി പല തവണ എംസി ഖമഖറുദ്ദീൻ എംഎൽഎയെയും പൂക്കോയ തങ്ങളെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഫിറോസ്ഖാൻ പറയുന്നു.
പൂക്കോയ തങ്ങളുടെ നിർബന്ധപ്രകാരമാണ് പ്രവാസിയായ ജമാൽ എന്ന മുസ്ലിംലീഗ് പ്രവർത്തകൻ 2008ൽ 10 ലക്ഷം രൂപ നിക്ഷേപിച്ചത്. അബൂദാബിയിൽ ജോലി ചെയ്യുന്ന ജമാൽ നാല് ലക്ഷം രൂപ സുഹൃത്തിൽ നിന്ന് കടം വാങ്ങിയാണ് നിക്ഷേപം നടത്തിയത്. പൂക്കോയ തങ്ങൾ നേരിട്ട് വീട്ടിൽ വന്നാണ് നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടത്. നാട്ടിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവായ പൂക്കോയ തങ്ങൾ നേരിട്ട് വന്ന് പറഞ്ഞപ്പോൾ എങ്ങനെയാണ് തള്ളിക്കളയുക എന്ന് കരുതിയാണ് ജമാൽ നിക്ഷേപം നടത്തിയത്. എല്ലാവർക്കും സ്വീകാര്യനായിരുന്ന പൂക്കോയ തങ്ങളുടെ വാക്ക് വിശ്വസിക്കുകയും ചെയ്തു. എന്നാൽ ജൂവലറികൾ പൂട്ടിയ സമയത്ത് പണം തിരികെ ചോദിച്ചപ്പോൾ പൂക്കോയതങ്ങളുടെ അനുയായികൾ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. മാത്രവുമല്ല കേസിന് പോയാൽ പണം ലഭിക്കാൻ കുടുതൽ സമയമെടുക്കുമെന്നും പണം തങ്ങൾ തിരികെ വാങ്ങി നൽകാമെന്നും അവർ വാഗ്ദാനം നൽകി. അതു കൊണ്ടാണ് നേരത്തെ പരാതി നൽകാതിരുന്നതെന്നും ജമാൽ പറയുന്നു.
മദ്രസ അദ്ധ്യാപകനായ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ 35 ലക്ഷം രൂപയാണ് ഫാഷൻഗോൾഡ് ഇന്റർനാഷണിൽ നിക്ഷേപിച്ചത്. ഹലാലായ മാർഗ്ഗത്തിലൂടെയുള്ള വരുമാനം വാഗ്ദാനം ചെയ്താണ് മദ്രസ അദ്ധ്യാപകനായ ഇദ്ദേഹത്തിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്. മദ്രസയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവിലാണ് ആകെയുണ്ടായിരുന്ന പണവും മറ്റുപലയിടത്തു നിന്നെല്ലാം സമാഹരിച്ചതുമെല്ലാമായി ഇത്രയും തുക നിക്ഷേപിച്ചത്. ദൈവത്തിന് നിരക്കാത്ത രീതിയിൽ ഒന്നും സമ്പാദിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അതു കൊണ്ടാണ് തുച്ഛമായ വരുമാനത്തിലും മദ്രസയിൽ തന്നെ ജോലി തുടർന്നത്. അതിനിടയിലാണ് പൂക്കോയ തങ്ങളും എംസി ഖമറുദ്ദീനും ഹലാലായ മാർഗ്ഗത്തിലൂടെയുള്ള വരുമാനം വാഗ്ദാനം ചെയ്തത്. നാട്ടിലെ മതപരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നവരും മുസ്ലിം ലീഗിന്റെ ഉന്നത നേതാക്കളുമായതിനാൽ തന്നെ ദൈവത്തിന് നിരക്കാത്തതായിട്ടൊന്നും അവർ ചെയ്യുകയില്ലെന്ന് വിശ്വസിച്ചുപോയി. വരുമാനം പൂർണ്ണമായും ഹലാലായിരിക്കുമെന്ന് അവർ ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് നിക്ഷേപം നടത്തിയതെന്നും മദ്രസ അദ്ധ്യാപകനായ ജമാലുദ്ദീൻ പറയുന്നു.
ഇത്തരത്തിൽ എംസി ഖമറുദ്ദീൻ എംഎൽഎയുടെയും പൂക്കോയ തങ്ങളുടെയും വാക്കുകൾ കേട്ട് നിക്ഷേപം നടത്തിയവരിൽ മഹാഭൂരിഭാഗവും ജീവിതത്തിൽ ആദ്യമായി ഒരു സംരഭത്തിൽ നിക്ഷേപം നടത്തിയവരാണ്. നേരത്തെ ഏതെങ്കിലും ബിസിനസ് ചെയ്തോ ഇത്തരം സംരഭങ്ങളിൽ പരിചയമുള്ളവരോ ആയിരുന്നില്ല. പലരെയും ഇവർ നിക്ഷേപത്തിനായി സമീപിച്ചത് മതപരമായ ചില വാഗ്ദാനങ്ങൾ നൽകിയാണ്. വരുമാനം പൂർണ്ണമായും ഹലാൽ മാർഗത്തിലായിരിക്കുമെന്നും പലിശയുടെ ഒരംശം പോലും ഉണ്ടായിരിക്കില്ലെന്നും എംസി ഖമറുദ്ദീനും പൂക്കോയ തങ്ങളും വാഗ്ദാനം നൽകി. നിക്ഷേപം നടത്തിയ വലിയ പണക്കാർക്ക് മറ്റിടങ്ങളിൽ നിന്ന് വരുമാനം ലഭിക്കുമ്പോഴും ആകെയുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ നിക്ഷേപിച്ച് വെട്ടിലായിരിക്കുന്നത് ഇത്തരം സാധാരണക്കാരാണ്.
എല്ലാവർക്കും വേണ്ടത് തന്റെ രക്തമെന്ന് ഖമറുദ്ദീൻ
ഇത് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിഞ്ഞുപോയതാണെന്നുമായിരുന്നു ഖമറുദ്ദീൻ പാർട്ടി നേതൃത്വത്തിന് നൽകിയ വിശദീകരണം. ഫാഷൻ ഗോൾഡ് നിക്ഷേപകേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുയർന്ന ആരോപണങ്ങളിൽ മറുപടിയുമായി എം സി കമറുദ്ദീൻ എംഎൽഎ നേരത്തെ രംഗത്ത് എത്തിയിരുന്നു. സമൂഹത്തിന്റെ മുമ്പിലുള്ളത് താനാണ്, അതുകൊണ്ട് എല്ലാവർക്കും വേണ്ടത് തന്റെ ചോരയാണെന്നായിരുന്നു എം സി കമറുദ്ദീന്റെ പ്രതികരണം.
സജീവരായിരുന്ന പല ഡയറക്ടർമാരും കമ്പനി നഷ്ടത്തിലായതോടെ രാജിവെച്ച് ഒഴിഞ്ഞതായി എം. സി കമറുദ്ദീൻ എംഎൽഎ പറഞ്ഞു. ഫാഷൻ ഗോൾഡ് സ്ഥാപനം ആരംഭിക്കുന്നത് സംബന്ധിച്ചുള്ളു പ്രഥമിക ചർച്ചകളിൽ താൻ പങ്കെടുത്തിട്ടില്ല. പൂക്കോയ തങ്ങൾ ഉൾപ്പടെയുള്ളവരാണ് സ്ഥാപനം ആരംഭിച്ചത്. അവരാണ് തന്നെ സമീപിച്ചത്. ചെയർമാൻ ആവാനില്ലെന്ന് ആവർത്തിച്ചതായിരുന്നു. അവരുടെ നിർബന്ധപ്രകാരം ചുമതല ഏറ്റെടുത്തതുപോലും പക്ഷേ, സ്ഥാപനം ആരംഭിക്കാൻ മുൻകൈയെടുത്ത പലരും ഇപ്പോൾ രംഗത്ത് ഇല്ലെന്നും എം സി കമറുദ്ദീൻ പറഞ്ഞു.സ്ഥാപനം നഷ്ടത്തിലായപ്പോഴും ഡിവിഡന്റ് നൽകികൊണ്ടിരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. സ്ഥാപനം പൂട്ടാതിരിക്കാൻ ശ്രമം നടത്തിയെങ്കിലും അത് പരിഹരിച്ചില്ല. സ്ഥാപനത്തിനായി ഒരു ഘട്ടത്തിൽ പോലും താൻ തന്റെ രാഷ്ട്രീയ സ്വധീനം ഉപയോഗപ്പെടുത്തിയിട്ടേയില്ലെന്നും അദ്ദേഹം പറയുന്നു.
ആസ്തികൾ വിൽപ്പന നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. വിഷയം ശ്രദ്ധയിൽപ്പെടുത്താൻ തങ്ങളെയും കുഞ്ഞാലിക്കുട്ടി എം പിയെയും കാണുമെന്നും എംഎൽഎ എന്നത് തന്നെ ഭാരിച്ച ഉത്തരവാദിത്വമാണെന്നും അതിനാൽ, മറ്റ് പദവികൾ ഒഴിവാക്കി തരണമെന്ന് പാർട്ടിയോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ മുസ്ലീലീഗ് ഖമറുദ്ദീനെ സംരക്ഷിക്കാൻ നിന്നില്ല എന്നതും ശ്രദ്ധേയമാണ്.തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ലീഗ് നേതൃത്വത്തിന് കിട്ടിയ ഒരു അടിതെന്നയാണ് അറസ്റ്റ്. ഇടതുമുന്നണിക്കാകട്ടെ വീണുകിട്ടിയ ഒരു അവസരവും.
Stories you may Like
- ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പും സമാനതകളില്ലാത്തത്
- ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപ തട്ടിപ്പിനിരയായവർ പ്രത്യക്ഷ സമരത്തിന്
- പൂക്കോയ തങ്ങളെ മൂന്നാഴ്ച ആയിട്ടും പിടികൂടാൻ ആവാതെ പൊലീസ്
- എം.സി.കമറുദ്ദീൻ എംഎൽഎ എങ്ങനെ തട്ടിപ്പുകാരനായി?
- ജൂവലറി തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎക്ക് പിന്തുണയുമായി മുസ്ലിം ലീഗ്;
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- ലോറിയിൽ വരെ എസി എത്തി; എങ്കിലും ഉപയോഗത്തിന്റെ കാര്യം എത്രപേർക്കറിയും; വാഹനങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ ചെയ്തുകൂടാത്ത കാര്യങ്ങൾ ഇങ്ങനെ
- ആന്റണി പെരുമ്പാവൂരിനോടുള്ള കലിപ്പ് തീരുന്നില്ല; റിലീസ് പട്ടികയിൽ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഇല്ലാത്തതിന് കാരണം ദൃശ്യത്തെ ആമസോണിന് കൊടുത്തതിലുള്ള പ്രതിഷേധം; എന്തു വന്നാലും പ്രഖ്യാപിച്ച തീയതിയിൽ റീലീസിന് ആശിർവാദും; 'വെള്ളം'വുമായി ജയസൂര്യ എത്തുമ്പോൾ മരയ്ക്കാർ വിവാദവും
- പ്രശാന്തിനെ തകർക്കാൻ സുധീരനെ ഇറക്കാൻ യുഡിഎഫിൽ സജീവ ആലോചന; ജിജി തോംസന്റെ പേര് ഉയർന്നെങ്കിലും ബ്ലാക്മെയിൽ കേസ് വിനയാകും; മത്സരിക്കാൻ ചാമക്കാലയും സന്നദ്ധൻ; പാട്ടുകാരൻ വേണുഗോപാലും സാധ്യതാ പട്ടികയിൽ; ബിജെപിയുടെ മുമ്പിൽ സുരേഷ് ഗോപിയും വിവി രാജേഷും; വട്ടിയൂർക്കാവിൽ തീരുമാനം എടുക്കാനാവാതെ യുഡിഎഫും ബിജെപിയും
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
- ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം
- ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്