Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലക്ഷങ്ങൾ ഡിപ്പോസിറ്റ് ഉണ്ടായിട്ടും അവർ പിച്ചക്കാർ! പിടുങ്ങിയത് 300 കോടി, പാപ്പരായത് 11,000ത്തോളം പേർ; ബാങ്കിന്റെ തിണ്ണയിൽ നിന്നവന്റെ പേരിൽ പോലും വ്യാജ ലോൺ; ഇത് കേരളത്തിലെ ശാരദാ ചിട്ടി; ചെങ്കൊടിത്തണലിൽ കോടികൾ തട്ടിയ കരുവന്നൂർ ബാങ്കിന്റെ കഥ

ലക്ഷങ്ങൾ ഡിപ്പോസിറ്റ് ഉണ്ടായിട്ടും അവർ പിച്ചക്കാർ! പിടുങ്ങിയത് 300 കോടി, പാപ്പരായത് 11,000ത്തോളം പേർ; ബാങ്കിന്റെ തിണ്ണയിൽ നിന്നവന്റെ പേരിൽ പോലും വ്യാജ ലോൺ; ഇത് കേരളത്തിലെ ശാരദാ ചിട്ടി; ചെങ്കൊടിത്തണലിൽ കോടികൾ തട്ടിയ കരുവന്നൂർ ബാങ്കിന്റെ കഥ

എം റിജു

 സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്നാണ്, ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ശാരദാ ചിട്ടി തട്ടിപ്പ് വിലയിരുത്തപ്പെടുന്നത്. ഒന്നും രണ്ടുമല്ല, 46,000 കോടി തട്ടിയാണ് ഇവർ തട്ടിയത്. ബംഗാൾ, അസം, ത്രിപുര മൂന്നുസംസ്ഥാനങ്ങിലെ 18000 കുടുംബങ്ങൾ ഈ സാമ്പത്തിക സൂനാമിയിൽ പെട്ട് വഴിയാധാരമായി. 1,481 പേർ ആത്മഹത്യ ചെയ്തു. നൂറുകണക്കിന് പേർ നാടുവിട്ടു. പല ബംഗാൾ ഗ്രാമങ്ങളും പാപ്പരായി. ഈ ശാരദാ ചിട്ടി തട്ടിപ്പിനെക്കുറിച്ച് ഏറെ വാചാലർ ആയവർ ആണ് നമ്മൾ മലയാളികൾ. കാരണം, ഇത് മമതാബാനർജിയും തൃണമൂലും ഒപ്പിച്ച പണിയാണ്. അതിനാൽ തന്നെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കൊടിയ പ്രചാരണത്തിലുടെ കേരളത്തിലെ ഓരോ മുക്കിലും മൂലയിലും വരെ ശാരദാ ചിട്ടി തട്ടിപ്പ് ചർച്ചയായി.

പക്ഷേ ഈ കൊച്ചുകേരളവും ശാരദയുടെ ചെറു പതിപ്പിന് സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. അതാണ് ചെങ്കൊടിത്തണലിൽ പാവങ്ങളുടെ ചോര ഊറ്റിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ്. ഒന്നും രണ്ടുമല്ല, 300 കോടിയുടെ തട്ടിപ്പാണ് ഇവിടെ നടന്നത്. പക്ഷേ അന്ന് മമതയെ പരിഹസിച്ചിരുന്നവർക്ക് ഈ തട്ടിപ്പിൽ ഒന്നും പറയാനില്ല. മോഡസ് ഓപ്പന്റഡി വെച്ചനോക്കുമ്പോൾ ഏറെ സമാനതകൾ ഉണ്ട് ഇരു തട്ടിപ്പുകൾക്കും.

രണ്ടും രാഷ്ട്രീയക്കാർ സ്പോൺസർ ചെയ്ത അഴിമതികൾ ആയിരുന്നു. മമതയും തൃണമൂലുമായിരുന്നു, ശാരദാ ചിട്ടിയുടെ ഉറപ്പെങ്കിൽ, സിപിഎം ആയിരുന്നു കരുവന്നൂരിന്റെ ബലം. രണ്ടിലും നടത്തിപ്പുകാർ വ്യാജവായ്്പ്പയെടുത്തും, തുക വകമാറ്റി ധൂർത്തിടിച്ചുമാണ് ബാങ്കിനെ തകർത്തത്. രണ്ടിലും കമ്യൂണിസ്റ്റ് സാധിധ്യം ഉണ്ട്. നക്സൽബാരി പ്രസ്ഥാനത്തിൽ ഒരു കാലത്ത് പ്രവർത്തിച്ച 'ശങ്കരാദിത്യ സെൻ' ആയിരുന്നു ശാരദാ ചിട്ട് ഫണ്ടിന്റെ ഉടമ. 1990 കളിലെപ്പഴോ, നക്സൽ മുഖം മാറ്റി, സുമുഖനായി. ഒപ്പം, സുദീപ്തോ സെൻ എന്ന പേരും ഇയാൾ സ്വീകരിച്ചു.

തുടർന്ന് പുതിയ വേഷത്തിൽ ജനങ്ങളുടെ ഇടയിലേക്ക്. വായ്പ, നിക്ഷേപം, ചിട്ടി തുടങ്ങിയ വിവിധ പദ്ധതികളുമായി ഇറങ്ങി ചെന്നു. അതായത് ശരാദ മുൻ നക്സലുകൾ നടത്തിയ തട്ടിപ്പാണെങ്കിൽ കരുവന്നുർ കമ്യൂണിസ്റ്റുകാർ നടത്തിയ തട്ടിപ്പും.

പക്ഷേ പേടിപ്പെടുത്തുന്ന കാര്യം അതല്ല. നമ്മുടെ സഹകരണബാങ്കുകളിൽ യാതൊരു വ്യവസ്ഥയും ഇല്ല എന്നതാണ്. ആർക്കും എങ്ങനെ വേണമെങ്കിലും പണം തിരിമറി നടത്താം. ഇപ്പോൾ കരുവന്നൂരിന് സമാനമായി ഒരുപാട് സഹകരണ ബാങ്കുകളിലെ തട്ടിപ്പിന്റെ കഥ പുറത്തുവരികയാണ്. കേരളത്തിലെ 164 ബാങ്കുകൾ നിക്ഷേപങ്ങൾ മച്യൂരിറ്റി എത്തിയിട്ടും തുക കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ തന്നെ നിയമസഭയിൽ പറയുന്നു. കരുവന്നൂർ ഒരു സൂചന മാത്രമാണോ. ശാരദ ചിട്ടി പോലെ കേരളത്തെ കുത്തുപാളയെടുപ്പിക്കുന്ന, സാമ്പത്തിക കുംഭകോണമായി നമ്മുടെ സഹകരണ ബാങ്കുകൾ മാറുമോ?

പൊലിഞ്ഞത് നാല് ജീവനുകൾ

കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് വിഴുങ്ങിയത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ട് ഒരു വർഷം കഴിയുന്നു. പക്ഷേ ഇനിയും കുറ്റപത്രം നൽകാനായില്ല. കേസിലെ സങ്കീർണതകളാണ് കാരണം. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. കോടികൾ കവർന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്ന കാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി. ഇതിൽ ഭൂരിഭാഗം പേരും ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്പെൻഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. ബഹുഭൂരിപക്ഷവും പെൻഷൻ പണം നിക്ഷേപിച്ചവരാണ്. പലർക്കും ചികിത്സയ്ക്കുപോലും വഴിയില്ല. കൺസോർഷ്യമുൾപ്പടെയുള്ള സർക്കാർ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അതെല്ലാം പാഴായി.

ഒരാൾക്കും ഒരുപൈസ പോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും ആവശ്യത്തിന് പണം കിട്ടുന്നില്ല. 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകർക്ക് നൽകിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത്. ആർക്കാണ് നൽകിയതെന്ന് വെളിപ്പെടുത്തുന്നില്ല. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്കിൽ നിക്ഷേപം തിരികെ നൽകുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം.

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് വായ്പാതട്ടിപ്പ് നടന്നതിന് ശേഷം, ഉദ്യോഗസ്ഥരുടെ ഭീഷണി കാരണം രണ്ട് പേർ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിരുന്നു. ആലപ്പാടൻ ജോസ്, ഇരിഞ്ഞാലക്കുട സ്വദേശി മുകുന്ദൻ എന്നിവരാണ് ജീവനൊടുക്കിയത്. ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതോടെയാണ് ആത്മഹത്യകളുണ്ടായത്. രണ്ടുപേർ ചികിത്സ കിട്ടാതെയും മരിച്ചു. ഇനി എത്രപേർ മരിച്ചാലാണ് സർക്കാർ കണ്ണുതുറക്കുക.

ബാങ്കിന്റെ തിണ്ണയിൽ നിന്നവനും ലോൺ

ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ് സമാനം തന്നെ ആയിരുന്നു കരുവന്നൂർ തട്ടിപ്പും. നിക്ഷേപകരുടെ പണം വെച്ച് ധൂർത്തടിക്കുന്ന എന്നായിരുന്നു രീതി. 2021 ജൂലൈ 14നാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്. വ്യാജ രേഖകളുണ്ടാക്കിയും ആവശ്യമായ സെക്യുരിറ്റിയില്ലാതെയുമെല്ലാം 2011 മുതൽ ബാങ്ക് അധികൃതർ അനധികൃത ലോണുകൾ നൽകിയത്. ഇടതുഭരണസമിതിയിലെ അംഗങ്ങളും, അവരുടെ ബിനാമികളും ബന്ധുക്കളുമെല്ലാമായിരുന്നു വായ്പയായി പണം തട്ടിച്ചത്. തട്ടിപ്പ് നടത്തിയ പ്രതികൾക്ക് പെസോ ഇൻഫ്രാ സ്ട്രക്‌ചേഴ്‌സ്, സിസിഎം ട്രേഡേഴ്‌സ്, മൂന്നാർ ലക്‌സ്വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് തുടങ്ങിയ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ പ്രതികൾക്ക് പങ്കാളിത്തമുണ്ട് എന്ന വിവരവും പുറത്ത് വന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ 18 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി അഞ്ച് പേർ മാത്രമാണ് ജയിലിൽ കഴിയുന്നത്. മുൻ സെക്രട്ടറി ടി ആർ സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് സികെ ജിൽസ്, ഇടനിലക്കാരനും ബാങ്ക് അംഗവുമായ അരുൺ, കമ്മീഷൻ ഏജന്റ് എ കെ ബിജോയ്, ബാങ്കിന്റെ സൂപ്പർമാർക്കറ്റ് അക്കൗണ്ടന്റ് റജി അനിൽ എന്നിവരാണ് അറസ്റ്റിലായത്.

നെല്ലായി സ്വദേശി സുജോയിയുടെ പരാതിയിൽ പറയുന്നത് സുജോയി ബാങ്കിൽ അംഗത്വം എടുക്കുന്നതിനായി നൽകിയ ഫോട്ടോയും തിരിച്ചറിയൽ രേഖയും ഉപയോഗിച്ച് കൃത്രിമ രേഖകൾ ഉണ്ടാക്കി മാനേജർ എംകെ ബിജുവും സംഘവും 25 ലക്ഷം രൂപ വായ്പയെടുത്തു എന്നതായിരുന്നു. ബിജു കരീം, ജിൽസ്, ബിജോയ് എന്നിവരെ പ്രതികളാക്കി ഇതിൽ കേസെടുത്തിരുന്നു. 2016 മാർച്ചിൽ ഈ വായ്പ തിരിച്ചടച്ച് ഇതേ ഉദ്യോഗസ്ഥർ, അതേ ദിവസം തന്നെ 50 ലക്ഷം രൂപ ഇതേ രേഖകൾ ഉപയോഗിച്ച് വായ്പയെടുത്തു എന്നും സിജോയിയുടെ പരാതിയിൽ പറയുന്നു. ഇങ്ങനെ ഒരുപാട് പേർ. മഴ നനയാതിരിക്കാൻ ബാങ്കിന്റെ പരിസരത്ത് കയറി നിന്നവന്റെ പേരിൽ പോലും ലോൺ ഉണ്ടെന്നാണ് കരുവന്നൂരിലെ തമാശ. പലരും ബാങ്കിൽനിന്ന് നോട്ടീസ് വന്നപ്പോഴാണ് തങ്ങൾക്ക് ലോൺ ഉണ്ടെന്ന വിവരം പോലും അറിയുന്നത്.

വലിയ അബ്ക്കാരികളെയൊക്കെ വഴിവിട്ട് സഹായിക്കാനും ബാങ്ക് കൂട്ടുനിന്നു. സുഭാഷ് എന്ന അബ്ക്കാരിക്ക് 10 ലക്ഷത്തിന്റെ നൂറ് കുറിയൊക്കെയാണ് അനധികൃതമായി എടുത്തത്. ഒരേ ആധാരം വെച്ച് 25 ലക്ഷം നാലും അഞ്ചുതവണ എടുത്തു. ഇല്ലാത്ത ഭൂമിയുടെ പേരിൽ വ്യാജ രേഖ ചമച്ചും പണം തട്ടി. എന്നിട്ട് നോക്കുക, ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും, രണ്ടു പ്രതികൾ ഒഴികെ മിക്കവരും ജാമ്യത്തിലറിങ്ങി. തട്ടിപ്പിലെ മുഖ്യപ്രതിയായ കിരൺ ഇപ്പോൾ ഒരു ടൊയോട്ടാ കാറിൽ വിലസുകയാണെന്ന് വാർഡ് കൗൺസിലറും ആക്ഷൻ കമ്മറ്റി നേതാവുമായി ടി.കെ ഷാജൂട്ടൻ പറയുന്നു.

ലക്ഷങ്ങൾ കൈയിലുണ്ടായിട്ടും പിച്ചക്കാർ!

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്ക് അടുത്തെ കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിന് സൂര്യനെല്ലി പോലെ, വിതുര പോലെ കുപ്രസിദ്ധിയാണ് കുറേ സഖാക്കൾ സമ്മാനിച്ചത്. ലക്ഷങ്ങൾ ബാങ്കിലിട്ടിട്ടും പിച്ചക്കാരെപ്പോലെ ജീവിക്കേണ്ട ഗതികേടാണ് ഈ നാട്ടിലെ സഹകാരികൾക്ക് വന്ന് ചേർന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയയി പണം കിട്ടാതെ ഫിലോമിന എന്ന എഴുപതുകാരി മരിച്ചതോടെ ബാങ്കിനെതിരെ ജനരോഷം അണപൊട്ടി. ഫിലോമിനയുടെ മൃതദേഹവും കൊണ്ട് ബാങ്കിനുമുന്നിൽ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം നടത്തി. അപ്പോൾ അവരെ അപമാനിക്കുന്ന രീതിയിലാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്. ഫിലോമിനയുടെ ചികിത്സക്കുള്ള പണം കൊടുത്തിട്ടുണ്ടെന്ന പച്ചക്കള്ളം പറയുകയാണ് അവർ ചെയ്തത്.

ഫിലോമിനയുടെ ഭർത്താവ് ദേവസി പറയുന്നു. 'ഞാൻ ബാങ്കിലിട്ട എന്റെ പണം ചെന്ന് ചോദിക്കുമ്പോൾ പട്ടിയോട് പോലെയാണ് പെരുമാറുന്നത്. കുറേ നടന്നു. എന്റെ ഭാര്യ മരിച്ചുവെന്ന് ഞാൻ ബസിൽ വച്ചാണ് അറിയുന്നത്. ഇവർക്ക് മനഃസാക്ഷിയുണ്ടോ, എന്റെ ഭാര്യയെ അവർക്ക് തിരിച്ചുതരാൻ പറ്റുമോ''. മാപ്രാണം സ്വദേശിയായ ഫിലോമിന തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ ഇട്ടിരുന്നത്.

'പണം ചെന്ന് ചോദിക്കുമ്പോൾ ഇവിടെ പണമില്ല, ഉണ്ടാകുമ്പോൾ തരുമെന്ന് പറഞ്ഞ് മർക്കടമുഷ്ടിയോടെയാണ് അധികൃതർ സംസാരിച്ചിരുന്നത്. മകന്റെ കാലിന്റെ ഓപ്പറേഷന് പിന്നാലെ നടന്നു നടന്ന് ഒന്നര ലക്ഷം രൂപ മൂന്ന് തവണകളായി കിട്ടി. അതിൽ നിന്നുള്ള ബാക്കി പണം കൊണ്ടാണ് ഭാര്യയുടെ ചികിത്സ നടത്തിയിരുന്നത്. 80വയസ്സുള്ള മനുഷ്യനാണ് ഞാൻ. മാപ്രാണത്ത് പെട്ടി ഓട്ടോ ഓടിച്ചാണ് കഴിയുന്നത്. ആരോഗ്യം ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. പല ഓഫീസുകളിലും കയറി ഇറങ്ങി. ഞാൻ ആരോടാണ് പറയേണ്ടത്...എല്ലാവരും കൈമലർത്തുന്നു. കൈയിൽ പണമുണ്ടായിട്ടും എന്റെ ഭാര്യ ഈ നിലയിലാണ് മരിച്ച് കിടക്കുന്നത്. കൈയിലുള്ള പണം എന്തിനാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൊസൈറ്റി എന്ന് പറഞ്ഞിട്ട് നിക്ഷേപിച്ചതാണ് ഞാൻ. ആർക്ക് അതിന്റെ ഉപയോഗം. ആരെയാണ് ഞങ്ങൾ വിശ്വസിച്ചത്''- ദേവസി ചോദിക്കുന്നു.നോക്കുക 80 വയസ്സുള്ള ഈ മനുഷ്യൻ ലക്ഷങ്ങൾ ബാങ്കിൽ ഉണ്ടായിട്ടും പെട്ടി ഓട്ടോ ഓടിച്ച് ഓടിക്കേണ്ട ഗതികേടിലാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവല്ല.

പണം കിട്ടാതെയുള്ള മരണം നേരത്തെയും

ഇപ്പോൾ ഫിലോമിന സംഭവത്തിന് പിന്നാലെ എടച്ചാലി രാമൻ എന്നയാളുടെ മരണവും വിവാദം ആവുകയാണ്. 'എടച്ചാലി രാമൻ എന്റെ അമ്മയുടെ അമ്മാവനായിരുന്നു, കല്യാണം കഴിക്കാത്തതിനാൽ ഞങ്ങളുടെ കൂടെയാണ് താമസിച്ചിരുന്നത്, ചാച്ചന്റെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റ രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്, ചാച്ചന്റെ മരുന്ന് വാങ്ങാനും മറ്റ് ചെലവിനുമൊക്കയായിട്ട്, പൊറത്തിശ്ശേരി ശാഖയിലായിരുന്നു നിക്ഷേപം, കുറച്ചുനാൾ പലിശ കിട്ടി, പിന്നെ ഒന്നും കിട്ടാതായി, അതിനിടയ്ക്കാണ് ചാച്ചന് അസുഖം വരുന്നത്, തലച്ചോറുമായി ബന്ധപ്പെട്ടായിരുന്നു അസുഖം, ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു, തൃശ്ശൂര് ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി സർജറി ചെയ്യാനും അവർ നിർദ്ദേശിച്ചു. അത്രയും അത്യാവശ്യം വന്നപ്പോഴാണ് ബാങ്കിലേക്ക് ചെന്നത്, മൂന്ന് ലക്ഷം രൂപയ്ക്കായിട്ടാണ് അപേക്ഷ നൽകിയത്. അപേക്ഷ നൽകിയിട്ട് ഒരു മാസത്തിന് ശേഷമാണ് 50000 രൂപ തരാൻ ബാങ്ക് തയ്യാറായത്, അത് കിട്ടി മൂന്നാമത്തെ ദിവസം ചാച്ചൻ മരിച്ചു.''-കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പത്ത് ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന എടച്ചേലിൽ രാമന്റെ ബന്ധു മനോജ് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്.

മകന്റെ കല്യാണത്തിനായി 15 ലക്ഷം രൂപയാണ് മാപ്രാണം സ്വദേശിനി ഷൈലജ ബാങ്കിലിട്ടത്. കുറച്ച് പലിശയുണ്ടെന്നായിരുന്നു സമാധാനം. എന്നാൽ കല്യാണ സമയത്ത് കാശ് ചോദിച്ചപ്പോൾ കിട്ടിയില്ല. ആകെ കിട്ടിയത് ഒന്നരലക്ഷം രൂപ. അതുകൊണ്ട് എന്താകാനാണെന്ന് ഷൈലജ ചോദിക്കുന്നു. അറുപത് കഴിഞ്ഞ ഷൈലജയ്ക്ക് മരുന്നിന് തന്നെ മാസം നല്ല ചെലവ് വരും, വലിയ സാമ്പത്തിക ശേഷിയില്ല, ആ പൈസ കൊണ്ട് ജീവിക്കാനായിരുന്നു ഉള്ള സമ്പാദ്യം ബാങ്കിലിട്ടിരുന്നത്. പക്ഷേ എല്ലാം പോയി. ഇപ്പോൾ നാലുമാസം കൂടമ്പോൾ അയ്യായിരം രൂപ കിട്ടിയാൽ ആയി. ഇങ്ങനെ എത്രയെത്രപേർ.

മുൻ മന്ത്രി എ സി മൊയ്തീനും പങ്ക്?

എന്നാൽ ഇത് ഏതാനും വ്യക്തികൾ ചെയ്ത അഴിമതി മാത്രമാണെന്നും പാർട്ടിക്ക് ഒരു പങ്കുമില്ലെന്നുമാണ്, സിപിഎം പറയുന്നത്. പക്ഷേ ഇത് ശരിയല്ല. വലിയ ലോണുകൾ മൊത്തം കൊടുത്തത് പാർട്ടിയുടെ അനുമതിയോയൊണ്. തട്ടിപ്പിൽ സിപിഎം മുൻ ഏരിയ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ.ചന്ദ്രന്റെയും എ.സി.മൊയ്തീൻ എംഎൽഎയുടെയും പങ്ക് അന്വേഷിക്കണമെന്ന് ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ ആവശ്യപ്പെട്ടു. പരമ്പരാഗത സിപിഎം കുടുംബത്തിലെ അംഗമായ സുനിൽകുമാർ കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു. പാർട്ടി അറിഞ്ഞാണ് എല്ലാം നടന്നതെന്നാണ് രാമകൃഷ്ണൻ പറയുന്നത്.

'ഭരണസമിതി തീരുമാനമെടുത്തു വരുന്ന ഫയലുകളിൽ ഒപ്പിടുക മാത്രമേ മകൻ ചെയ്തിട്ടുള്ളൂ. പൊറത്തിശ്ശേരി, മാപ്രാണം ലോക്കൽ കമ്മിറ്റികളും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും തീരുമാനിച്ചിട്ടാണു വായ്പകൾ കൊടുക്കുക. രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളിൽ പാർട്ടി ബന്ധം മാത്രം നോക്കി വായ്പ കൊടുക്കാൻ തീരുമാനമെടുത്തത് ഈ നേതാക്കളുടെ അറിവോടെയാണ്. മൊത്തം ജപ്തി ചെയ്താലും ബാങ്കിന്റെ ബാധ്യത തീരില്ല. ബാങ്ക് സൂപ്പർമാർക്കറ്റ് നടത്തുമ്പോൾത്തന്നെ ബാങ്ക് മാനേജർ ബിജു കരീം വേറെ സൂപ്പർ മാർക്കറ്റ് തുറന്നു. ഇത് ഉദ്ഘാടനം ചെയ്തത് അദ്ദേഹത്തിന്റെ ബന്ധു കൂടിയായ എ സി മൊയ്തീനാണ്.'-ഇതാണ് വെളിപ്പെടുത്തൽ.

'സി.കെ.ചന്ദ്രനോടു ചോദിച്ചിട്ടാണു മകൻ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. ജയിലിൽ ആയപ്പോൾ തള്ളിപ്പറയുന്നു. ഒന്നാം പ്രതിയായ മകന് ബാങ്കിൽ ആകെയുള്ള നിക്ഷേപം 1.2 ലക്ഷം രൂപയാണ്. ഇത്രയും കാലം കുടുംബം പാർട്ടിയെന്നു കരുതി നടന്ന ഞങ്ങളെ ചവച്ചുതുപ്പി. മൊയ്തീൻ പറഞ്ഞതു കേട്ടില്ലേ, ഞാൻ തട്ടിപ്പുകാരന്റെ അച്ഛൻ ആയി'' വേദനയോടെ രാമകൃഷ്ണൻ പറഞ്ഞു.

അതിനിടെ ആരോപണങ്ങൾ ചന്ദ്രൻ നിഷേധിക്കുകയാണ്. 'കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പങ്കില്ല. സെക്രട്ടറിയും ഡയറക്ടർ ബോർഡുമാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. ഒന്നാം പ്രതിയുടെ അച്ഛൻ അങ്ങനെ ആരോപിച്ചാൽ ഞാൻ എന്തു പറയാനാണ്. ബോർഡിനെ എങ്ങനെയാണു പുറത്തുനിന്നു നിയന്ത്രിക്കാനാകുക.' എന്ന ചോദ്യമാണ് സി.കെ.ചന്ദ്രൻ ഉയർത്തുന്നത്. എന്നാൽ പാർട്ടിയുടെ ബാങ്കുകളിൽ ഏരിയാ കമ്മറ്റിയും ലോക്കൽ കമ്മറ്റിയുമാണ് തീരുമാനം എടുക്കുന്നതെന്ന് ഏവർക്കും അറിയാം.

ആരോപണം മുൻ മന്ത്രി എസി മൊയ്തീനും നിഷേധിക്കുന്നു. 'തട്ടിപ്പുകാരന്റെ അച്ഛൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. പൊലീസ് അന്വേഷണം നടക്കുകയല്ലേ. 2016ൽ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയതാണ്. പൊലീസ് അന്വേഷിച്ചു നടപടിയെടുക്കട്ടെ.' - എന്നാണ് എ.സി.മൊയ്തീൻ എംഎൽഎ പ്രതികരിക്കുന്നത്. പക്ഷേ ഇതുപോലെ ഒരു തട്ടിപ്പ് പാർട്ടി അറിയാതെ നടക്കില്ലെന്ന് അന്നം തിന്നുന്ന ആർക്കും അറിയാം.

സഹകരണ ബാങ്കുകൾ പൊട്ടുമോ?

ഇപ്പോൾ ഏറ്റവും വലിയ പ്രശ്നം കരുവന്നൂർ മോഡൽ മറ്റ് മേഖലകളിലേക്ക് വ്യാപിക്കയാണെന്നാണ്. മാപ്രാണം, കണ്ടല, പേരാവുർ തുടങ്ങി ഒരു ഡസനോളം ബാങ്കുകളിൽ ലക്ഷങ്ങളുടെ തിരിമറികളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ തിരുവനന്തപുരം കാട്ടാക്കടക്ക് അടുത്ത കണ്ടലയിൽ നൂറുകോടിയുടെ തട്ടിപ്പാണ് ഉണ്ടായത്. ഇത് കേരളത്തിൽ സഹകരണ ബാങ്കുകൾക്ക് എതിരെ വലിയൊരു കാമ്പയിനും ഭീതിയും ഉണ്ടാക്കിയിരിക്കയാണ്. ബാങ്കുകളിലെ സുരക്ഷിതത്വം സംബദ്ധിച്ചും വലിയ ആശങ്ക വന്നിരിക്കയാണ്. കരുവന്നൂരിലെ അനുഭവം പേടിച്ച് സഹകരണ ബാങ്കുകളിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിച്ച് അത് ദേശസാത്കൃത ബാങ്കുകളിലേക്ക് മാറുന്ന അവസ്ഥ വന്നിട്ടുണ്ട്. പലരും തങ്ങളുടെ ലോക്കറുകളിലെ സ്വർണ്ണവും മറ്റ് ബാങ്കുകളിലേക്ക് മാറ്റുകയാണ്. ഇത്രയും തട്ടിപ്പ് നടത്തിയവർ നാളെ തങ്ങളുടെ ലോക്കർ തുറന്ന് സ്വർണം എടുക്കില്ല എന്നതിനും എന്താണ് ഉറപ്പ്. അത്തരത്തിലുള്ള പല സംഭവങ്ങളും പലയിടത്തുനിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ സർക്കാർ സഹകരണ ബാങ്കുകൾ സുരക്ഷിതമാണെന്നാണ് അവർത്തിച്ച് പറയുന്നത്.

എന്നാൽ സാമ്പത്തിക വിദഗ്ധനായ ബൈജു സ്വാമിയപ്പൊലുള്ളവർ പറയുന്നത് അടിമുടി ഉഡായിപ്പാണ് സഹകരണ ബാങ്കുകളകിൽ നടക്കുന്നത് എന്നാണ്. അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് ഇങ്ങനെയാണ്. 'കരുവന്നൂർ സഹകരണ ബാങ്ക് തകർത്തിട്ടും സിപിഎം സ്വാധീനം മൂലം ലക്ഷ്വറി കാറുകളിൽ പ്രതികൾ വിലസുന്ന കാര്യം ചാനൽ ചർച്ചയിൽ കണ്ടു. അതിൽ എനിക്ക് അത്ഭുതം ഒന്നുമില്ല. കാരണം സഹകരണ ബാങ്കുകൾ എന്നാൽ ലക്ഷണമൊത്ത പോൺസി സ്‌കീമുകൾ ആണ്. അൽപ്പം സാങ്കേതികമായി പറഞ്ഞാൽ ബാങ്കിങ്ങിന്റെ അടിസ്ഥാന ശീലയായ ക്യാപിറ്റൽ അഡിക്വസി, റിസ്‌ക് മാനേജ്മെന്റ്, ലോൺ എടുക്കുന്നവരുടെ ക്രെഡിറ്റ് സ്‌കോർ, അവരുടെ ഗ്രോസ് ഇൻകം, ലോണിസ് പ്രൊഫൈലിങ് ഒന്നും ഇത്തരം കറക്ക് സ്ഥാപനത്തിൽ ഡയരക്ടർ മുതൽ സെക്രട്ടറി വരെയും കേട്ടിട്ട് പോലും ഉണ്ടാകില്ല.

ഓട്ടോ ഓടിക്കുന്ന ഒരാൾക്ക് അൻപത് ലക്ഷം ലോൺ കൊടുക്കണമെങ്കിൽ അയാളുടെ ഭൂമി പണയം കിട്ടിയാൽ മാത്രം പോരാ, അയാളുടെ വരുമാനം കൊണ്ട് ലോൺ സർവീസ് ചെയ്യാൻ സാധിക്കുമോ എന്ന് കൂടി നോക്കണം. അല്ലെങ്കിൽ അയാളുടെ ഭൂമി നിക്ഷേപകരുടെ തിരിച്ചു കൊടുക്കേണ്ട പണം കൊണ്ട് ബാങ്ക് വാങ്ങുന്നതിന് തുല്യമാണ്. ബാങ്കിങ് എന്നാൽ സത്യത്തിൽ ഒരു ലിക്വിഡിറ്റി മാനേജ്മെന്റ് കൂടിയാണ്. അത് മൂലം ടൈം ലയബിലിറ്റി മാനേജ്മെന്റ് അതീവ പ്രാധാന്യം ഉള്ളതാണ്. നിക്ഷേപം തിരികെ കൊടുക്കേണ്ട സമയത്ത് ബാങ്കിന്റെ കൈയിൽ ലോൺ ഡീഫോൾട്ടറൂടെ ഭൂമി അറ്റാച്ച് ചെയ്തു, കേസ് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? ഒരു പ്രവചനം നടത്തട്ടെ..അഞ്ച് കൊല്ലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ സിപിഎം ഭരണം പോയാൽ ഈ 'ബാങ്കുകളുടെ ' മുന്നിൽ ശവങ്ങൾ ലോഡ് കണക്കിന് വീഴും. 90 ശതമാനം പ്രൈമറി സഹകരണ ബാങ്കുകളും പൊട്ടും.''- ഇങ്ങനെയാണ് ബൈജു സ്വാമിയുടെ നിരീക്ഷണം.

സഹകരണ ബാങ്കിൽ നിന്ന് അടിച്ചു മാറ്റുന്നവരും സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുംബ സമേതം ജയിലിലായ പോപ്പുലർ ഫിനാൻസ് ഉടമയും തമ്മിൽ എന്താണ് വ്യത്യാസമെന്ന് ബൈജു സ്വാമി ചോദിക്കുന്നു. 'പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേൽ ഒരു ഊള ആണെന്ന് പറയാതെ വയ്യ. പോപ്പുലർ ഫിനാൻസ് എന്നതിന് പകരം പോപ്പുലർ കോപ്പറേറ്റീവ് ബാങ്ക് ക്ലിപ്തം എന്ന് പേരിട്ട് ഇടത് പക്ഷം ഹൃദയ പക്ഷം എന്നും കേപ്റ്റൻ എന്റെ നായകൻ എന്നൊരു പരസ്യം കൂടി ഇട്ട് ഒരു പേയ്മെന്റ്റ് സീറ്റ് ഒപ്പിച്ചിരുന്നുവെങ്കിൽ 'ഇങ്ങൾക്ക് ഈ ഗതി വരുമായിരുന്നോ'' എന്നാണ് ബൈജു സ്വാമി പരിഹസിക്കുന്നത്. വളരെ പ്രസ്‌ക്തമായ ചോദ്യങ്ങൾ തന്നെയാണിവ.

സിപിഎമ്മിന്റെ സാമ്പത്തിക നാഡി തകരുമോ?

സത്യത്തിൽ സഹകരണ മേഖലക്കെതിരൊയ കാമ്പയിനെ സിപിഎം വല്ലാതെ ഭയക്കുന്നത്. കാരണം ആ പാർട്ടിയുടെ സാമ്പത്തിക നാഡിയാണ് സഹകരണ ബാങ്കുകൾ. ഇന്ന് കേരളത്തിൽ മാതാ അമൃതാനന്ദമയീ മഠം കഴിഞ്ഞാൽ, എറ്റവും വലിയ സാമ്പത്തിക ശക്തി സിപിഎം തന്നെയാണ്. പിഎസ്‌സി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവും സിപിഎം തന്നെ. ആശുപത്രികളും, സഹകരണ ബാങ്കുകളും, ചാനലും, പത്രവും, കണ്ണായ സ്ഥലങ്ങളിലെ ഓഫീസുകളും, പാർട്ടി ഫ്ളാറ്റുകളുമൊക്കെയായി പതിനയ്യായിരം കോടി രൂപയുടെ മുകളിൽ സ്വത്ത് കേരളത്തിൽ സിപിഎമ്മിന് ഉണ്ടെന്നാണ് കണക്ക്. 34 വർഷം തുടർച്ചയായി ഭരിച്ച ബംഗാളിലൊന്നും അവർക്ക് ഈ സെറ്റപ്പ് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാമ്പത്തിക സാമ്രാജ്യത്തിന്റെ അടിത്തറയാണ് സഹകരണ ബാങ്കുകൾ. അതുകൊണ്ടുതന്നെയാണ് കരുവന്നൂർ പ്രശ്നം അടക്കം ഒതുക്കാൻ അവർ പരമാവധി ശ്രമിക്കുന്നത്.

എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാമേനോൻ ഇങ്ങനെ നിരീക്ഷിക്കുന്നു. 'സഹകരണ സംരംഭങ്ങൾ പിടിച്ചടക്കിയതിലൂടെയാണ് ബിജെപി ഗുജറാത്ത് പിടിച്ചടക്കിയത്. 90 കളിൽ ഇതുപോലെ പല സഹകരണ ബാങ്കുകൾ പല പ്രതിസന്ധിയിലായപ്പോൾ അതിൽ നിക്ഷേപം ഇട്ടും നിയന്ത്രിച്ചുകൊണ്ടും ആണ് ബിജെപി ഗുജറാത്ത് പിടിച്ചടക്കിയത്. നിരവധി സഹകരണ ബാങ്കുകളുണ്ട് കേരളത്തിൽ. കരുവന്നൂർ പോലുള്ള വിഷയങ്ങളിലൂടെ കേന്ദ്രത്തിന് ഇടപെടൽ നടത്താനും, അവർക്ക് ദുർവിനിയോഗം ചെയ്യാനും സാഹചര്യം നമ്മൾ തന്നെ ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.''- സുധാ മേനോൻ ചൂണ്ടിക്കാട്ടുന്നു. ഇത് ബിജെപിക്കും നന്നായി അറിയാം. അതുകൊണ്ടാണ് അവർ സഹകരണമേഖലയിൽ കാര്യമായി ഇടപെടുന്നതും.

അതായത് ഗുജറാത്ത് മോഡലിൽ കേരളം പിടിക്കാനുള്ള ഒരു സാമ്പത്തിക യുദ്ധം കുടിയാണ് കരുവന്നൂരിന്റെ മറവിൽ നടക്കുന്നത്. അത് എന്തെങ്കിലും ആയിക്കൊള്ളട്ടെ സിപിഎമ്മിനെ സമ്മതിച്ച് അവരുടെ അഴിമതി വിരുദ്ധത വെറും ഒരു മറ മാത്രമാണെന്ന് ഇതിലൂടെ തെളിയുന്നു. ഇത്രയും പാവങ്ങളുടെ കോടികൾ കൊള്ളയടിച്ചത് ചെങ്കൊടിയുടെ തണലിലാണ്. ഒരു പ്രദേശത്തെ 11,000ത്തോളം പേരെ, ലക്ഷങ്ങൾ കൈയിലുള്ള പിച്ചക്കാർ ആക്കിയിട്ടും മന്ത്രി ബിന്ദുവിനെപ്പോലുള്ളവരുടെ അഹങ്കാരത്തിന് യതൊരു കുറവുമില്ല. ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയുടെ വീട് സന്ദർശിക്കാനോ രണ്ട് വാക്ക് ആശ്വസിപ്പിക്കാനോ അവർ തയ്യാറല്ല. പകരം കുത്തുവാക്കുകൾ പറയുന്നു. ഇത്തരം മന്ത്രിമാരെ നിലക്കുനിർത്തിയില്ലെങ്കിൽ അത് പിണറായി സർക്കാറിനും തീരാത്ത നാണക്കേട് ആയിരിക്കും ബാക്കിയാവുക.

വാൽക്കഷ്ണം: നടി നൈല ഉഷയുടെ ഒരു അഭിമുഖത്തിൽ ഈയിടെ ഇങ്ങനെ പറഞ്ഞിരുന്നു. "ഞാൻ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലൻസ് സീറോ ആയിരിക്കണം'. ഇത് വാർത്തയായപ്പോൾ വന്ന ഒരു കമന്റ് ഇങ്ങനെ-'' അതിന് കരുവന്നൂർ ബാങ്കിൽ ഇട്ടാൽ മതി''. അതുപോലെ ശതകോടീശ്വന്മാരുടെ പട്ടികയിൽനിന്ന് എത്രയും പെട്ടെന്ന് പുറത്തുകടക്കണം എന്ന വാർത്തവന്നപ്പോൾ, അതിനിടയിലും വന്നു കരുവന്നൂർ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP